1975-ലെ മണിയൂർ

കേരളത്തിലെ മിക്ക ക്യാമ്പസുകളിലും സ്​കൂളുകളിലും അടിയന്തരാവസ്​ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പഠിപ്പുമുടക്കിയിരുന്നു. ജൂൺ 26–ാം തിയ്യതി മുതൽ ഞങ്ങളുടെ സ്​കൂളിലും നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരരംഗത്തിറങ്ങി. സബ് ഇൻസ്​പെക്ടർ ഞങ്ങൾ രണ്ടുപേരെ പിടിച്ചുകൊണ്ടുപോയി സ്​കൂളിൽ തന്നെ ഒരു പ്രത്യേക മുറിയിലിട്ട് ചൂരൽപ്രയോഗം നടത്തുകയും ഉപദേശിക്കുകയും ഭീഷണിപ്പെടുത്തുകയുമെല്ലാം ചെയ്തു- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ടിയന്തരാവസ്​ഥ ഇന്ത്യയിലെ അന്നത്തെ 68 കോടി ജനങ്ങളും ഒരുപോലെ അനുഭവിച്ചുതീർത്ത അഭിപ്രായ സ്വാതന്ത്ര്യനിഷേധത്തിന്റെയും മനുഷ്യാവകാശ ധ്വംസനങ്ങളുടേതുമായ ഒരു ദുർവ്വിധിയായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അന്ധകാരപൂർണമായ 21 മാസങ്ങളായിരുന്നു അടിയന്തരാവസ്​ഥ എന്നത്. ഇന്ദിരാഗാന്ധിയുടെ സമഗ്രാധിപത്യപരമായ വ്യകതിനേതൃത്വത്തിനു മുമ്പിൽ ഭരണഘടനയുടെ സംരക്ഷകനായി നിലകൊള്ളേണ്ട അന്നത്തെ രാഷ്ട്രപതിപോലും വിനീതവിധേയനായി അടിയന്തരാവസ്​ഥാ പ്രഖ്യാപനത്തിൽ ഒപ്പിട്ടുകൊടുക്കുകയായിരുന്നു.

1975 ഡിസംബർ 10–ന് ഇന്ത്യൻ എക്സ്​പ്രസ്​ പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ പ്രസിദ്ധ കാർട്ടൂണിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു; ‘‘ഇനിയും ഒപ്പിടാൻ ഓർഡിനൻസുകളുണ്ടെങ്കിൽ അൽപസമയം കാത്തുനിൽക്കാൻ പറയൂ’’. ബാത്ത്ടാബിൽ കിടന്ന് വാതിൽപ്പഴുതിലൂടെ നീട്ടിക്കൊടുക്കുന്ന അടിയന്തരാവസ്​ഥാ ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പിടുന്നതായിരുന്നു ആ കാർട്ടൂണിലൂടെ ആവിഷ്ക്കരിക്കപ്പെട്ടത്.

1975 ഡിസംബർ 10–ന് ഇന്ത്യൻ എക്സ്​പ്രസ്​ പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാർട്ടൂൺ
1975 ഡിസംബർ 10–ന് ഇന്ത്യൻ എക്സ്​പ്രസ്​ പ്രസിദ്ധീകരിച്ച അബു എബ്രഹാമിന്റെ കാർട്ടൂൺ

ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും നിശ്ചലമാക്കപ്പെട്ട, രാജ്യമാകെ തടവറയാക്കപ്പെട്ട, പ്രതിഷേധിച്ചവരെയും വിമർശിച്ചവരെയും കോൺസൺട്രേഷൻ ക്യാമ്പുകളിൽ മൂന്നാംമുറകൾക്ക് വിധേയമാക്കിയ ഭരണകൂടഭീകരതയുടെ തേർവാഴ്ചയുടെ കാലമായിരുന്നു അടിയന്തരാവസ്​ഥ. ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് ഈയൊരു ഫാഷിസ്റ്റ് അവസ്​ഥയോട് സന്ധി ചെയ്യാൻ കഴിയുമായിരുന്നില്ല. ചാരവലയങ്ങളും കവചിതവാഹനങ്ങളും പ്രതിഷേധിക്കുന്നവരെയും വിമർശിക്കുന്നവരെയും തെരഞ്ഞുനടക്കുന്ന ആ ഇരുണ്ടകാലത്തും തങ്ങളെ കാത്തിരിക്കുന്ന ഭവിഷ്യത്തുകളെ തൃണവൽഗണിച്ച് സ്വാതന്ത്ര്യത്തിനായി പൊരുതിനിന്നവരാണ് ഇന്ത്യൻ ജനാധിപത്യത്തെ കാത്തത്. അവർ, അമേരിക്കൻ നീഗ്രോ കവി മാർഗരറ്റ് വാൾക്കർ എഴുതിയതുപോലെ; ‘‘ഞങ്ങളിപ്പോൾ സന്നദ്ധരാണ് ഒരു തീക്കല്ലിന്റെ സ്​പർശത്തിന്, കാച്ചിയെടുത്ത സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്, അന്ധന് കാണാവുന്ന, ബധിരന് കേൾക്കാവുന്ന, ജനതയുടെ നാവിൽ തീയാളിക്കുന്ന, സത്യത്തിന്റെ വിശുദ്ധനിശ്വാസത്തിന്’’ വേണ്ടി പൊരുതിനിന്നവരായിരുന്നു.

50 വർഷങ്ങൾക്കുമുമ്പ് രാജ്യം അടിയന്തരാവസ്​ഥയിലേക്ക് പതിക്കപ്പെട്ട കാലത്തെ സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

അടിയന്തരാവസ്​ഥയെക്കുറിച്ചുള്ള എന്റെ അനുഭവങ്ങളും ഓർമ്മകളും എന്റേതുമാത്രമല്ല, ഒരു തലമുറയുടെ രാഷ്ട്രീയ ആശയങ്ങളെയും വ്യക്തിത്വത്തെയുമൊക്കെ രൂപപ്പെടുത്തിയ പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചരിത്രാനുഭവങ്ങളാണ്. 50 വർഷങ്ങൾക്കുമുമ്പ് രാജ്യം അടിയന്തരാവസ്​ഥയിലേക്ക് പതിക്കപ്പെട്ട കാലത്തെ സാമ്പത്തികപ്രതിസന്ധിയും രാഷ്ട്രീയ കുഴപ്പങ്ങളും ആഴത്തിൽ വിശകലനം ആവശ്യപ്പെടുന്നുണ്ട്.

സോവിയറ്റ് അനുകൂലമായതും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും ലക്ഷ്യം വെക്കുന്നതുമായ നെഹ്റുവിയൻ നയങ്ങളിൽനിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യൻ ഭരണകൂടത്തിന്റെയും വ്യതിചലനഘട്ടം കൂടിയായിട്ടാണ് അടിയന്തരാവസ്​ഥയെ കാണേണ്ടത്. ഐ.എം.എഫും ലോകബാങ്കും മുന്നോട്ടുവെച്ച ഘടനാപരിഷ്കാരങ്ങളിലേക്ക് ഇന്ത്യൻ സമ്പദ്ഘടനയെ തിരിച്ചുവിടുകയും സ്വതന്ത്ര വിദേശനയം ഉപേക്ഷിച്ച് അമേരിക്കൻ അനുകൂല നിലപാടുകളിലേക്ക് ഇന്ത്യയെ വഴിതിരിച്ചുവിടുകയും ചെയ്ത ചരിത്രസന്ധിയെന്ന നിലയ്ക്കും അടിയന്തരാവസ്​ഥയെ വിശകലന വിധേയമാക്കേണ്ടതുണ്ട്.

1975 ജൂൺ 25 ന് ജയപ്രകാശ് നാരായൺ രാംലീല മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്​തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഒരു അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു.
1975 ജൂൺ 25 ന് ജയപ്രകാശ് നാരായൺ രാംലീല മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്​തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഒരു അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു.

അടിയന്തരാവസ്​ഥയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ തീഷ്ണവും എന്റെ രാഷ്ട്രീയ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായകവുമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തെ ഇളക്കിമറിച്ച തൊഴിലാളിപണിമുടക്കുകളുടെയും കർഷകസമരങ്ങളുടേതുമായ നിരവധി സംഭവങ്ങളുടെ തുടർച്ചയിലാണ് 1975 ജൂൺ 25 ന് അർദ്ധരാത്രി രാഷ്ട്രപതി അടിയന്തരാവസ്​ഥാ പ്രഖ്യാപനം നടത്തുന്നത്. ഞാനന്ന് മണിയൂർ ഹൈസ്​കൂളിലെ 9–ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. പൊതുവെ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾക്ക് മണിയൂർ ഹൈസ്​കൂളിൽ കാര്യമായ സ്വാധീനമൊന്നുമുണ്ടായിരുന്നില്ല. എസ്​.എഫ്.ഐയും സോഷ്യലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥിസംഘടനയായ സ്വതന്ത്ര വിദ്യാർത്ഥി സംഘടനയും ഒന്നിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. 1970–കളെ പ്രക്ഷുബ്ധമാക്കിയ നിരവധി പണിമുടക്കുകളുടെ അനുരണനങ്ങളും അതിന്റെ ഭാഗമായ വിദ്യാർത്ഥിസമരങ്ങളും സ്​കൂളിൽ സജീവമായിരുന്നു. എൻ.ജി.ഒ അധ്യാപക സമരവും ഭക്ഷ്യക്ഷാമത്തിനും റേഷൻ വെട്ടിക്കുറയ്ക്കുന്നതിനുമെതിരായ സമരങ്ങളിലും വിദ്യാർത്ഥികൾ പഠിപ്പുമുടക്കിതന്നെ പങ്കെടുത്തിരുന്നു.

അത്യന്തം പ്രക്ഷുബ്ധമായ രാഷ്ട്രീയസാഹചര്യത്തിലാണ് കൗമാരക്കാരായ ഞങ്ങളെപോലുള്ള വിദ്യാർത്ഥികൾ അടിയന്തരാവസ്​ഥക്കെതിരായ പ്രക്ഷോഭസമരങ്ങളിലേക്ക് എടുത്തുചാടുന്നത്.

1975 ജൂൺ 25 ന് ജയപ്രകാശ് നാരായൺ രാംലീല മൈതാനിയിൽ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിൽ, ഇന്ദിരാഗാന്ധിയുടെ അഴിമതിഗ്രസ്​തവും ഏകാധിപത്യപരവുമായ ഭരണത്തിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് ഒരു അന്തിമസമരത്തിന് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതയായ ഇന്ദിരാഗാന്ധി ജെ.പി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റു ചെയ്യുകയും അർദ്ധരാത്രി തന്നെ അടിയന്തരാവസ്​ഥാ പ്രഖ്യാപനത്തിലേക്ക് നീങ്ങുകയുമായിരുന്നു.

പ്രതിപക്ഷ പാർട്ടികളൊന്നാകെ അടിയന്തരാവസ്​ഥ ഉടൻ പിൻവലിക്കണമെന്ന് ആവശ്യമുയർത്തി എല്ലാ വിഭാഗം ജനങ്ങളോടും ഇന്ദിരാ സർക്കാരിനെതിരെ സമരരംഗത്തിറങ്ങാൻ ആഹ്വാനം ചെയ്തു. അത്യന്തം പ്രക്ഷുബ്ധമായ ഈയൊരു രാഷ്ട്രീയസാഹചര്യത്തിലാണ് കൗമാരക്കാരായ ഞങ്ങളെപോലുള്ള വിദ്യാർത്ഥികൾ അടിയന്തരാവസ്​ഥക്കെതിരായ പ്രക്ഷോഭസമരങ്ങളിലേക്ക് എടുത്തുചാടുന്നത്.

 1978-ൽ ഇന്ദിരാ ഗാന്ധി ജവഹർലാൽ നെഹ്‌റു സർവകലാശാല ചാൻസലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന ജെ. എൻ. യുവിലെ വിദ്യാർഥികൾ
1978-ൽ ഇന്ദിരാ ഗാന്ധി ജവഹർലാൽ നെഹ്‌റു സർവകലാശാല ചാൻസലർ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്ന ജെ. എൻ. യുവിലെ വിദ്യാർഥികൾ

കേരളത്തിലെ മിക്ക ക്യാമ്പസുകളിലും സ്​കൂളുകളിലും അടിയന്തരാവസ്​ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ പഠിപ്പുമുടക്കിയിരുന്നു. ജൂൺ 26–ാം തിയ്യതി മുതൽ ഞങ്ങളുടെ സ്​കൂളിലും നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിപ്പുമുടക്കി സമരരംഗത്തിറങ്ങി. സമരത്തെ കോൺഗ്രസുകാരും സി.പി.ഐക്കാരുമായ അധ്യാപകരും കെ.എസ്​.യു വിദ്യാർത്ഥികളും മർദ്ദനവും ഭീഷണിയും മുഴക്കി നേരിടാൻ ശ്രമിച്ചു. പുറത്തുനിന്നുവന്ന യൂത്ത് കോൺഗ്രസുകാരും സമരക്കാരായ ഞങ്ങളെ കയ്യേറ്റം ചെയ്യുകയും വിദ്യാർത്ഥിപ്രകടനത്തിനുനേരെ കല്ലെറിയുകയും ചെയ്തു. എല്ലാവിധ എതിർപ്പുകളെയും നേരിട്ട് മൂന്നു ദിവസം പഠിപ്പുമുടക്ക് തുടർന്നു. ജൂൺ 29–ാം തിയ്യതി പോലീസെത്തി പഠിപ്പുമുടക്കി മുദ്രാവാക്യം വിളിക്കുന്ന വിദ്യാർത്ഥികളെ ഒരു മുന്നറിയിപ്പുമില്ലാതെ ലാത്തിച്ചാർജ്ജ് ചെയ്തു. പോലീസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ വിദ്യാർത്ഥികൾ ചിന്നിച്ചിതറി ഓടി. ഓഫീസ്​റൂമിനുമുമ്പിൽ ഞാനും സഖാവ് മധുവും പോലീസ് മർദ്ദനത്തെ നേരിട്ടുകൊണ്ട് മുദ്രാവാക്യം വിളിച്ചുനിന്നു. മധു പിന്നീട് ദേശാഭിമാനിയുടെ ലേഖകനായിരുന്നു. ഈയിടെ മരിച്ചു.

അന്നത്തെ സബ് ഇൻസ്​പെക്ടർ (പേര് കേശവൻ എന്നായിരുന്നു എന്നാണ് ഓർമ്മ) ഞങ്ങൾ രണ്ടുപേരെയും പിടിച്ചുകൊണ്ടുപോയി സ്​കൂളിൽ തന്നെ ഒരു പ്രത്യേക മുറിയിലിട്ട് ചൂരൽപ്രയോഗം നടത്തുകയും ഉപദേശിക്കുകയും ഭീഷണിപ്പെടുത്തുകയുമെല്ലാം ചെയ്തു. രാജ്യത്ത് നടക്കുന്ന സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കാതെ സമരം ചെയ്ത് ഭാവി നശിപ്പിക്കേണ്ടെന്നും ഭവിഷത്തുകൾ വലുതായിരിക്കുമെന്നും അദ്ദേഹം ഞങ്ങളെ താക്കീത് ചെയ്തു.

സ്​കൂളിൽ തുടർച്ചയായി അടിയന്തരാവസ്​ഥക്കെതിരെ പ്രചാരണം നടത്തിയതിന് എന്റെ റിസൾട്ട് തടഞ്ഞുവെക്കുകയും രക്ഷിതാവ് വന്ന് സ്​കൂളിൽ കുഴപ്പങ്ങളുണ്ടാക്കില്ലെന്ന് എഴുതി ഉറപ്പുനൽകിയാലേ പാസ്സാക്കൂ എന്നും ഹെഡ്മാസ്റ്റർ പറഞ്ഞു.

അടിയന്തരാവസ്​ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ അതിനെതിരായി കേരള സമൂഹത്തിൽ വിപുലമായ തലങ്ങളിൽ പ്രതിഷേധം ഉയർന്നുവന്നിരുന്നു. എല്ലാ മർദ്ദനനടപടികളെയും നേരിട്ട് ചാരപോലീസുകാരുടെ കണ്ണുവെട്ടിച്ച് ഗ്രാമാന്തരങ്ങളിൽപോലും അടിയന്തരാവസ്​ഥക്കെതിരെ പ്രതിഷേധമുയർന്നു. ഓരോ നഗരമൂലയിലും നാട്ടിൻപുറങ്ങളിലും അടിയന്തരാവസ്​ഥക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ എല്ലൊടിഞ്ഞവരും നെഞ്ചിൻകൂട് തകർന്നവരുമായ സ്വാതന്ത്ര്യദാഹികൾ എത്രയോ ആണ്. എന്റെ ഗ്രാമമായ മണിയൂർ അടിയന്തരാവസ്​ഥക്കെതിരായ പ്രതിരോധപ്രവർത്തനങ്ങളുടെ പ്രധാന താവളമായിരുന്നു. നിരവധിപേർ പോലീസ് കസ്റ്റഡിയിൽ മർദ്ദനങ്ങൾക്ക് വിധേയരായി, മിസ തടവുകാരായി ജയിലിൽ കിടന്നിട്ടുണ്ട്. കോൺഗ്രസുകാർ കൊടുത്ത കള്ളക്കേസുകളിൽ പീഢിപ്പിക്കപ്പെട്ടവർ നിരവധിയാണ്. സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്​ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വടകരയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സഖാവ് ഒ.പി. ദാമോദരൻ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് പ്രവർത്തകർക്ക് ഭീകര മർദ്ദനങ്ങളാണ് നേരിടേണ്ടിവന്നത്. അടിയന്തരാവസ്​ഥക്കെതിരെ മുദ്രാവാക്യം വിളിച്ച കുറ്റത്തിന് വി.കെ. രാമൻ ഉൾപ്പെടെ എത്രയോ സി.പി.എം പ്രവർത്തകർ പോലീസ് വേട്ടയ്ക്കിരയായി.

കായണ്ണപോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടിയിരുന്നു. ഈ കാലത്ത് സ്​കൂളിൽ തുടർച്ചയായി അടിയന്തരാവസ്​ഥക്കെതിരെ പ്രചാരണം നടത്തിയതിന് എന്റെ റിസൾട്ട് തടഞ്ഞുവെക്കുകയും രക്ഷിതാവ് വന്ന് സ്​കൂളിൽ കുഴപ്പങ്ങളുണ്ടാക്കില്ലെന്ന് എഴുതി ഉറപ്പുനൽകിയാലേ പാസ്സാക്കൂ എന്നും ഹെഡ്മാസ്റ്റർ പറഞ്ഞു. സോഷ്യലിസ്റ്റ് പാർട്ടി പശ്ചാത്തലമുള്ള അച്ഛനും വീട്ടുകാരും അങ്ങനെയൊരു ഉറപ്പ് എഴുതികൊടുക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. അതുകൊണ്ട് അടിയന്തരാവസ്​ഥയ്ക്കുശേഷം പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയാണ് എനിക്ക് എസ്​.എസ്​.എൽ.സി പരീക്ഷ എഴുതേണ്ടിവന്നത്.

കായണ്ണപോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടിയിരുന്നു.
കായണ്ണപോലീസ് സ്റ്റേഷൻ ആക്രമണത്തോടെ പലരെയും നക്സലൈറ്റുകളായി മുദ്രകുത്തി ക്രൈംബ്രാഞ്ചുകാർ വേട്ടയാടിയിരുന്നു.

സുഹൃത്തുക്കളും മാർഗ്ഗദർശികളുമായിരുന്ന നാട്ടിലെ പല മുതിർന്നവരും കെ.എസ്​.വൈ.എഫ്, സോഷ്യലിസ്റ്റ് പാർട്ടി ബന്ധമുള്ളവരായിരുന്നു. പക്ഷെ അവരിൽ പലർക്കും രഹസ്യമായി സി.പി.ഐ- എം.എൽ ബന്ധവുമുണ്ടായിരുന്നു. അക്കാലത്ത് മൈനർമാരായിരുന്ന ഞങ്ങൾക്കിതൊന്നും അറിയില്ലായിരുന്നു. സോഷ്യലിസ്റ്റ് പാർട്ടിക്കാരായ പലരും അടിയന്തരാവസ്​ഥക്കെതിരെ രഹസ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സി.പി.എമ്മും സോഷ്യലിസ്റ്റുകാരും പരിവർത്തനവാദി കോൺഗ്രസുകാരും ചേർന്ന് രൂപീകരിച്ച പൗരാവകാശ സമിതിയുടെ പ്രവർത്തനം ഈ പ്രദേശത്ത് രഹസ്യവും പരസ്യവുമായ തലങ്ങളിൽ നടന്നിരുന്നു. ജനസംഘക്കാർ ഇത്തരം കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തയ്യാറായിരുന്നില്ല. പലരും ഭീരുത്വം മൂലം പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഒതുങ്ങിയിരുന്നു. ആർ.എസ്​.എസിന്റെ ഭാഗമായിരുന്ന കെ.കെ. ബാലൻ മാത്രമാണ് അടിയന്തരാവസ്​ഥക്കെതിരെ ആർ.എസ്​.എസിന്റെ നേതൃത്വത്തിൽ വടകരയിൽ നടത്തിയ പ്രകടനത്തിന് അറസ്റ്റുചെയ്യപ്പെട്ടതും ആറ് മാസം ജയിൽവാസം അനുഭവിച്ചതും. എന്റെ നാട്ടിലെ ആർ.എസ്​.എസ് ശാഖകൾക്ക് അവധി കൊടുക്കുകയും നാട്ടിലെ ആർ.എസ്​.എസ് കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന ദണ്ഡകളെല്ലാമെടുത്തവർ കിണറ്റിലിട്ട് മൂടുകയുമായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് ജനസംഘക്കാർ കൂട്ടായ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ തയ്യാറായിരുന്നില്ല. പലരും ഭീരുത്വം മൂലം പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഒതുങ്ങിയിരുന്നു.

കൗതുകകരമായ ഒരു അനുഭവമുണ്ടായി. ആ കാലഘട്ടത്തിലാണ് എന്റെ കയ്യിൽ ഗോൾവാൾക്കറുടെ വിചാരധാര വന്നുപെടുന്നത്. അത് യാദൃച്ഛിക സംഭവമായിരുന്നു. ഞങ്ങളുടെ നാട്ടിലെ ആർ.എസ്​.എസ്- ജനസംഘത്തിന്റെ പ്രധാന നേതാവായിരുന്ന പി. ശ്രീധരനടിയോടി മാഷ് മണിയൂർ ജനതാ ലൈബ്രറിയിൽ ആ പുസ്​തകം എത്തിച്ചുകൊടുക്കാൻ എന്നെ ഏൽപിച്ചതായിരുന്നു. ലൈബ്രറിയിൽ സ്​ഥിരമായി പോകുന്ന ഒരാളെന്ന നിലയ്ക്ക് തന്റെ കയ്യിലുള്ള വിചാരധാര ആർ.എസ്​.എസ് നിരോധനത്തെത്തുടർന്ന് ഭയചകിതനായ മാഷ് എന്നെ ഏൽപിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്ടെ ജയഭാരതം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വിചാരധാരയുടെ മൂല കോപ്പിയായിരുന്നു അത്. പിന്നീട് വിവാദപരമായ പലഭാഗങ്ങളും ഒഴിവാക്കിയാണ് കുരുക്ഷേത്രം പബ്ലിക്കേഷൻസ് വിചാരധാര പ്രസിദ്ധീകരിച്ചത്.

ആ കാലത്ത് ഞാനും ചില സുഹൃത്തുക്കളും ചേർന്ന് ഋതുസന്ധി എന്നപേരിൽ ഒരു കൈയെഴുത്ത് മാസിക പ്രസിദ്ധീകരിച്ചിരുന്നു. കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തോടെ ക്രൈംബ്രാഞ്ച് പോലീസ് മണിയൂരിന്റെ മുക്കിലും മൂലയിലും ഒളിവിൽ കഴിയുന്ന നക്സലൈറ്റുകളെ മണത്തുനടന്നു. നക്സലൈറ്റ് എന്ന് സംശയിക്കപ്പെടുന്ന, ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന പലരുടെയും കഥകളും കവിതകളും ലേഖനങ്ങളും ഋതുസന്ധിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിലെ ലേഖനങ്ങളും കവിതകളും കഥകളുമെല്ലാം തെളിവായെടുത്ത് പോലീസ് എഴുത്തുകാരായ പലരെയും അറസ്റ്റുചെയ്യാൻ സാധ്യതയുണ്ടെന്ന് വന്നതോടെ മാസിക ഒളിപ്പിക്കണമെന്ന ആവശ്യമുയർന്നു.

കോഴിക്കോട് ഐ.ടി.ഐയിലെ എസ്​.എഫ്.ഐയുടെ യൂണിയൻ ചെയർമാനായിരുന്ന മുതുവന രാമചന്ദ്രൻ ഈ മാസിക കൊണ്ടുപോയി നശിപ്പിച്ചുകളയുകയാണുണ്ടായത്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത്, സ്വാതന്ത്ര്യദാഹികളായ വ്യക്തികളും ഗ്രൂപ്പുകളുമെല്ലാം അടിയന്തരാവസ്​ഥയുടെ അന്ധകാരത്തിലും പ്രതിരോധത്തിന്റെയും പ്രകാശനത്തിന്റെയും വഴികൾ തേടിയിരുന്നുവെന്നാണ്.

അടിയന്തരാവസ്​ഥാ കാലമെന്നത് കെ.കരുണാകരെൻ്റ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നരമേധങ്ങളുടെ കാലം കൂടിയായിരുന്നു.
അടിയന്തരാവസ്​ഥാ കാലമെന്നത് കെ.കരുണാകരെൻ്റ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നരമേധങ്ങളുടെ കാലം കൂടിയായിരുന്നു.

അടിയന്തരാവസ്​ഥാ കാലമെന്നത് കെ.കരുണാകരെൻ്റ നേതൃത്വത്തിലുള്ള പോലീസ് സേനയുടെ നരമേധങ്ങളുടെ കാലം കൂടിയായിരുന്നു. അടിയന്തരാവസ്​ഥയ്ക്കുശേഷം പുറത്തുവന്ന കക്കയത്തെയും മാലൂർകുന്നിലെയും തിരുവനന്തപുരത്തെ ശാസ്​തമംഗലത്തെയുമൊക്കെ കോൺസെൻേട്രഷൻ ക്യാമ്പുകളിലെ മനുഷ്യത്വത്തെ മരവിപ്പിക്കുന്ന പീഢനകഥകൾ കേരളത്തെയാകെ ഇളക്കിമറിച്ചതാണ്. ഭരണകൂടഭീകരതയിൽ സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന ഒരു ജനതയുടെ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ചോര വാർന്നൊഴുകുന്ന അനുഭവങ്ങളിൽനിന്നാണ് ഞങ്ങളെപോലുള്ളവരുടെ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും കരുപ്പിടിച്ചെടുത്തിട്ടുള്ളത്.

Comments