ഗുജറാത്ത് വംശഹത്യ ; ഇനിയും ചർച്ച ചെയ്യേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരോട് ?

ഡോ. ശശി തരൂർ ചോദിച്ചത്, "ഇനിയും ഇത് ചർച്ചചെയ്ത് സമയം കളയേണ്ടതുണ്ടോ' എന്നാണ്. "ആ വിഷയം കോടതി തീർപ്പാക്കിയതാണ്, സമകാലികമായ എത്രയോ വിഷയങ്ങളുണ്ട്. നമുക്ക് ഇനിയും മുന്നോട്ടു പോകേണ്ടതല്ലേ' എന്നാണ് ചോദ്യം. ഇംഗ്ലണ്ടിൽ പോയി 200 വർഷം മുൻപുള്ള കാര്യങ്ങൾക്ക് ബ്രിട്ടീഷുകാർ സമാധാനം പറയണം എന്നു പറഞ്ഞയാൾക്ക് കേവലം 20 വർഷം മുമ്പ് നടന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കേണ്ടതേയില്ല എന്ന് തോന്നിയത് എന്തുകൊണ്ടാണ് ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നപ്പോൾ, സമൂഹത്തിന് ചേരാത്ത വിധികൾ കോടതികളിൽ നിന്നുണ്ടാകരുത് എന്നു പറഞ്ഞ് പ്രതിലോമതയ്ക്ക് കുടപിടിച്ചവർക്ക് ഇപ്പോൾ സുപ്രീംകോടതി വിശുദ്ധ പശു ആയതെങ്ങനെയാണ് ആർക്കാണ് ഗുജറാത്ത് കലാപം ഓർമിക്കേണ്ട ഒരു അടഞ്ഞ അധ്യായമായത് ഇമ്രാൻ ദാവൂദിനോ സഖിയാ ജാഫ്റിക്കോ അതുപോലെയുള്ള മറ്റ് അനേകം നിസ്സഹായരായ മനുഷ്യർക്കോ ഈ അദ്ധ്യായം അടക്കാൻ കഴിയില്ല. "പണ്ട് പണ്ട് ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു' എന്ന കഥ പോലെ മറന്നു കളയാനും നിർവികാരമായി ഓർത്തെടുക്കാനും കഴിയുന്ന ഒന്നല്ല ഇത്. വർത്തമാനകാല ഇന്ത്യയുമായി, അതിനെ നയിക്കുന്ന രാഷ്ട്രീയവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു 2002.

കഴിഞ്ഞ ഗുജറാത്ത് ഇലക്ഷനിൽ പോലും, കൃത്യമായി പറഞ്ഞാൽ 2022 നവംബർ 26ന്, മഹുധയിൽ നടത്തിയ പ്രസംഗത്തിൽ, രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി അമിത് ഷാ 2002 ഓർമപ്പെടുത്തിയിരുന്നു: "2002-ൽ കലാപകാരികളെ ഒരു പാഠം പഠിപ്പിച്ച്, ഗുജറാത്തിൽ നിത്യമായ ശാന്തി സ്ഥാപിക്കുവാൻ നമുക്ക് കഴിഞ്ഞു' എന്നാണ് അദ്ദേഹം പ്രസംഗിച്ചത്. "കലാപകാരികൾ' ആരാണെന്നും, എങ്ങനെയാണ് "പാഠം പഠിപ്പിച്ചതെ'ന്നും, അവിടെ കൂടിയിരുന്ന എല്ലാവർക്കും മനസ്സിലായിട്ടുണ്ടാകും. ഇനിയും നമ്മൾ ഇതെല്ലാം മറക്കണമെന്ന് ആവർത്തിക്കുന്ന മനുഷ്യരുടെ നീതിബോധം നമ്മെ ഭയപ്പെടുത്തേണ്ടതാണ്

നീതി ഒരു വിദൂരസ്വപ്നം പോലും ആയി അവശേഷിക്കുന്നില്ലാത്ത ഒരു വിഭാഗം മനുഷ്യർക്കുമുന്നിൽ, സത്യം ഓർമിപ്പിക്കുക പോലും ചെയ്യരുത് എന്ന് പറയുന്നവർ നീതിക്കെതിരെ നിൽക്കുന്നവരാണ്. കൊളോണിയൽ ബ്രിട്ടന് വിടുപണി ചെയ്തവർ ഇന്ന് ബി.ബി.സിയുടെ കൊളോണിയൽ ചിന്താഗതിയെ കുറിച്ച് സംസാരിക്കുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം. നിങ്ങളുടെ രാഷ്ട്രീയ പദ്ധതിയെ അംഗീകരിക്കാത്ത മനുഷ്യർ ഇവിടെ ഇനിയും ബാക്കിയുണ്ട് എന്നവരെ അറിയിക്കുക എങ്കിലും വേണം. 2002- ലെ കലാപത്തിന്റെ ഇരകൾ മുതൽ പൗരത്വ നിയമഭേദഗതി വിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്ന, പിന്നീട് ഡൽഹി കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സഫൂറ സർഗാർ വരെയുള്ളവർ, അവരനുഭവിച്ച ദുരിതങ്ങളെ ഓർത്തെടുത്ത് പറയുവാൻ തയ്യാറാകുമ്പോൾ, ഓർമിക്കാനുള്ള അവകാശമെങ്കിലും അവർക്ക് വിട്ടുകൊടുക്കുവാൻ നമ്മൾ തയ്യാറാകണം. ഡോക്യുമെന്ററിയിൽ അരുന്ധതി റോയ് പറയുന്നതുപോലെ, 'ഇതൊരു സഹായാഭ്യർത്ഥനയല്ല കാരണം ഒരു സഹായവും ലഭിക്കാൻ പോകുന്നില്ലെന്ന് ഞങ്ങൾക്കറിയാം.'

എന്നിരുന്നാലും, ചുരുങ്ങിയ പക്ഷം 2002-ലെ ഗുജറാത്തിനെ, അതിന്റെ പിന്തുടർച്ചയായ മുസ്‌ലിം അപരവത്കരണത്തിന്റെ സമകാലിക സാഹചര്യങ്ങളെ, ചരിത്രത്തിൽ അടയാളപ്പെടുത്തുകയെങ്കിലും ചെയ്യുന്നുണ്ട് ബി.ബി.സി 'ദ മോദി ക്വസ്റ്റ്യനിലൂടെ.

ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം


പി.ബി. ജിജീഷ്​

പ്രൈവസിയുമായി ബന്ധപ്പെട്ട നിയമ- ധാർമിക വിഷയങ്ങൾ, ടെക്‌നോളജി, ഭരണഘടനാ ജനാധിപത്യം തുടങ്ങിയ മേഖലകളിൽ അന്വേഷണം നടത്തുന്നു. Aadhaar: How a Nation is Deceived, ജനാധിപത്യം നീതി തേടുന്നു തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments