2023 എന്ന ഞെട്ടൽ, 2024 എന്ന കടമ്പ,
കോൺഗ്രസിന് ഒരു ഛത്തീസ്ഗഢ് പരീക്ഷ

ഛത്തീസ്ഗഢ് സംസ്ഥാനം രൂപീകരിച്ചശേഷം നടന്ന നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ആകെ 11 ല്‍ പത്തു സീറ്റും ജയിച്ചത് ബി.ജെ.പിയാണ്. 2019-ല്‍ മാത്രമാണ് കോണ്‍ഗ്രസിന് 2 സീറ്റ് നേടാനായത്. ആ വിജയം ഇത്തവണയും ബി.ജെ.പിക്ക് ആവർത്തിക്കാനാകുമോ?

Election Desk

2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ഞെട്ടൽ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് ഛത്തീസ്ഗഡിൽ കോൺഗ്രസ്. ബി.ജെ.പിയുടെ മുഴുവൻ ശ്രദ്ധയും, കഴിഞ്ഞ തവണ കോൺഗ്രസ് സ്വന്തമാക്കിയ കോര്‍ബ, ബസ്തര്‍ മണ്ഡലങ്ങളിലാണ്. ബാക്കി ഒമ്പതു സീറ്റുകൾ ഇത്തവണയും നിലനിർത്താനാകുമെന്നാണ് ബി.ജെ.പി പ്രതീക്ഷ.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇപ്പോഴും സ്വാധീനമേഖലകളുണ്ട്. 2023-ല്‍ 90 അംഗ നിയമസഭയില്‍ 54 സീറ്റും 46.27 ശതമാനം വോട്ടുമായി ബി.ജെ.പി മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും കോണ്‍ഗ്രസിന് 35 സീറ്റും 42.23 ശതമാനം വോട്ടും നേടാനായി.

11 സീറ്റിൽ ബി.ജെ.പി മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് ആറിടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് സിറ്റിങ് എം.പിമാരെ മാറ്റിനിര്‍ത്തി മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികൾ അടങ്ങുന്ന സ്ഥാനാർഥിപ്പട്ടിക ബി.ജെ.പിയാണ് ആദ്യം പുറത്തുവിട്ടത്. പുതുതായി രൂപീകരിച്ച വിഷ്ണു ദേവ് സായി സര്‍ക്കാരിലെ വിദ്യഭ്യാസ മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ബി.ജെ.പി ശക്തികേന്ദ്രമായ രാജ്‌നന്ദഗോണിലാണ്മത്സരത്തിനിറങ്ങുന്നത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ ബി.ജെ.പി ശക്തികേന്ദ്രമായ രാജ്‌നന്ദഗോണിലാണ്മത്സരത്തിനിറങ്ങുന്നത്.

മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും ഒരു സിറ്റിങ് എം.പിയും രണ്ട് മുന്‍ മന്ത്രിമാരുമടങ്ങുന്നതാണ് കോണ്‍ഗ്രസിന്റെ ആദ്യ പട്ടിക. ബി.ജെ.പി ശക്തികേന്ദ്രമായ രാജ്‌നന്ദഗോണിലാണ് ഭൂപേഷ് ബാഗേല്‍ മത്സരത്തിനിറങ്ങുന്നത്. 2014 മുതല്‍ ബി.ജെപിയുടെ സന്തോഷ് പാണ്ഡെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

2000-ത്തില്‍ സംസ്ഥാനം രൂപീകരിച്ചശേഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കായിരുന്നു ജയം. 2004 മുതല്‍ നടന്ന നാല് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ആകെയുള്ള 11 ല്‍ പത്തു സീറ്റും ജയിച്ചത് ബി.ജെ.പിയാണ്. 2019-ല്‍ മാത്രമാണ് കോണ്‍ഗ്രസിന് 2 സീറ്റ് നേടാനായത്.

2019ല്‍ 9 സീറ്റ് നേടിയ ബിജെ.പിയുടെ വോട്ട് വിഹിതം 51.4 ശതമാനവും 2 സീറ്റ് നേടിയ കോണ്‍ഗ്രസിന് 41.5 ശതമാനവുമായിരുന്നു. ബി.എസ്.പി (2.3%), ഗോണ്ഡവാന ഗണതന്ത്ര പാര്‍ട്ടി (0.06%) എന്നിങ്ങനെയുമായിരുന്നു വോട്ട് വിഹിതം.

മധ്യപ്രദേശിന്റെ ഭാഗമായിരുന്നു ഛത്തീസ്ഗഢ്. മധ്യപ്രദേശ് റെക്കഗനൈസേഷന്‍ ആക്ട്- 2000 പ്രകാരം, 2000 നവംബര്‍ ഒന്നിനാണ് സംസ്ഥാനം രൂപീകൃതമായത്. 16 ജില്ലകളിലായി 11 ലോക്‌സഭാ സീറ്റും 90 നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. ജനസംഖ്യയിൽ മൂന്നിലൊന്നും ആദിവാസികളാണ്. അസംബ്ലി മണ്ഡലങ്ങളില്‍ 29 എണ്ണം എസ്.ടി റിസര്‍ലോക്‌സഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണം എസ്.ടി സംവരണവും ഒരെണ്ണം എസ്.സി സംവരണവുമാണ്.

അജിത് ജോഗി
അജിത് ജോഗി

2003- ല്‍ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ അജിത് ജോഗിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ബി.ജെ.പിക്കുമുന്നിൽ മുട്ടുകുത്തി. അജിത് ജോഗിയോട് യോജിക്കാന്‍ കഴിയാതിരുന്ന വിദ്യാചരണ്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള വിഭാഗം ശരദ്പവാറിന്റെ എന്‍.സി.പിയുമായി ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രാണ് എന്‍.സി.പിയ്ക്ക് നേടാനായതെങ്കിലും 7.02 ശതമാനം വോട്ട് നേടി. കോണ്‍ഗ്രസിന് 37 സീറ്റ് മാത്രം ലഭിച്ചപ്പോള്‍ 50 സീറ്റ് നേടിയ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചു.

2003 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം 15 വര്‍ഷം അധികാരത്തിന് പുറത്തായിരുന്ന കോണ്‍ഗ്രസ് 2018-ലാണ് ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തില്‍ തിരിച്ചെത്തിയത്. 2023-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങളടക്കം പ്രവചിച്ചെങ്കിലും 54 സീറ്റുകളുടെ കേവലഭൂരിപക്ഷത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കുശേഷം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നിർണായകമാണ്. ബി.ജെ.പിക്ക് മുൻതൂക്കമുണ്ടെന്നാണ് പ്രീ പോൾ സർവേകൾ പ്രവചിക്കുന്നത്. ABP News-CVoter 9 - 11 സീറ്റ് എന്‍.ഡി.എ നേടുമെന്ന് പ്രവചിച്ചപ്പോള്‍ Times Now-ETG 10-11 സീറ്റുകളാണ് പ്രവചിക്കുന്നത്. സെപ്റ്റംബറില്‍India TV-CNX നടത്തിയ സർവേ മാത്രമാണ് എന്‍.ഡി.എ.യ്ക്ക് ഏഴും ഇന്ത്യ മുന്നണിയ്ക്ക് നാലും സീറ്റ് പ്രവചിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ സാധിക്കാതെ പോയ ബാഗേലിനെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ് നേതൃത്വം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍പാര്‍ട്ടിയെ നയിക്കാന്‍ ഇറക്കിയിരിക്കുന്നത്. സ്വന്തം ജില്ലായയ ദുര്‍ഗില്‍ മത്സരിപ്പിക്കാതെ രാജ്‌നന്ദഗോണില്‍ ഭൂപേഷ് ബാഗേലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ 8 നിയമസഭാ സീറ്റുകളില്‍ 5 ഇടങ്ങളിലും കോണ്‍ഗ്രസ് ജയിച്ചതുകൊണ്ടാണ്. ഗ്രാമീണ വോട്ടര്‍മാര്‍ക്കിടയില്‍ പോസിറ്റീവ് മുഖമുള്ള ബാഗേലിനെ റൂറല്‍ സീറ്റായ രാജ്‌നന്ദഗോണില്‍ മത്സരിപ്പിക്കുന്നത് പാര്‍ട്ടിയ്ക്ക് ഉണര്‍വേകുമെന്നും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നു.

 വിജയ് ബാഗേല്‍
വിജയ് ബാഗേല്‍

ഭൂപേഷ് ബാഗേലിനെ കൂടാതെ വികാസ് ഉപാധ്യായ് (റായ്പൂര്‍), തമ്രാധ്വജ് സാഹു ( മഹാസമുന്ദ്), ശിവ്കുമാര്‍ ദഹാരിയ (ജന്‍ജ്ഗിര്‍-ചമ്പ), ജ്യോത്സന മഹന്ത് ( കോര്‍ബ), രാജേന്ദ്ര സാഹു (ദുര്‍ഗ്) എന്നിവരാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള 5 സ്ഥാനാര്‍ത്ഥികള്‍.

തമ്രാധ്വജ് സാഹു, ശിവ്കുമാര്‍ ദഹാരിയ എന്നിവര്‍ കഴിഞ്ഞ ബാഗേല്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും ഇരുവരും പരാജയപ്പെടുകയായിരുന്നു. ജ്യോത്സന മഹന്ത് കോര്‍ബയില്‍ നിന്നുള്ള സിറ്റിങ് എം.പിയാണ്.

ചിന്താമണി മഹാരാജ് (സര്‍ഗുജ), രാധേശാം റാത്തിയ (രാജ്ഗഢ്), കമലേഷ് ജാഗ്‌ഡേ (ജന്‍ജ്ഗിര്‍-ചമ്പ), സരോജ് പാണ്ഡെ (കോര്‍ബ), തോഖന്‍ സാഹു (ബിലാസ്പൂര്‍), സന്തോഷ് പാണ്ഡെ (രാജ്‌നന്ദഗോണ്‍), വിജയ് ബാഗേല്‍ (ദുര്‍ഗ്), ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ (റായ്പൂര്), രൂപ് കുമാരി ചൗധരി (മഹാസമുന്ദ്), മഹേഷ് കശ്യപ് (ബസ്തര്‍), ഭോജ്‌രാജ് നാഗ് (കാന്‍കര്‍) എന്നിവരാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍.

ഭൂപേഷ് ബാഗേലിന്‍റെ ബന്ധുകൂടെയായ വിജയ് ബാഗേല്‍ 2023-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പടാന്‍ മണ്ഡലത്തില്‍ ഭൂപേഷ് ബാഗേലിനോട് പരാജയപ്പെട്ടിരുന്നു.

2019-ല്‍ കോണ്‍ഗ്രസ് ജയിച്ച കോര്‍ബ, ബസ്തര്‍ മണ്ഡലങ്ങളിലാണ് ബി.ജെ.പി കൂടുതലും ശ്രദ്ധ നല്‍കുന്നത്. ജന്‍ജ്ഗിര്‍-ചമ്പയാണ് മറ്റൊരു ശ്രദ്ധേയമായ മണ്ഡലം. 2019-ല്‍ നല്ല ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഇവിടെ ജയിച്ചിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവിടെയുള്ള 8 നിയമസഭാ സീറ്റുകളില്‍ ഒന്നിലും ജയിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിരുന്നില്ല.

കോണ്‍ഗ്രസും ബി.ജെ.പിയും മുഖ്യകക്ഷികളായ സംസ്ഥാനത്ത് ബി.എസ്.പി, പ്രാദേശിക കക്ഷികളായ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്, ഗോണ്ഡവാന ഗണതന്ത്ര പാര്‍ട്ടി എന്നിവയൊന്നും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്തായശേഷം അജിത് ജോഗി രൂപീകരിച്ച പാര്‍ട്ടിയാണ് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ്. 2020-ല്‍ അദ്ദേഹം മരിച്ചശേഷം മകന്‍ അമിത് ജോഗിയാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത്.

Comments