സഖ്യങ്ങൾ പൊളിഞ്ഞ, കർഷക സമരത്തിൽ വേവുന്ന പഞ്ചാബ്

കാനഡയിൽ വെടിയേറ്റുമരിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വീഡിയോ ദൃശ്യങ്ങൾ കാനഡ പുറത്തുവിട്ടതാണ് ഇപ്പോൾ പഞ്ചാബിലെ കാമ്പയിനെ വഴിതിരിച്ചുവിടുന്നത്. സിഖ് വോട്ടുകളുടെ ധ്രുവീകരണമാണ് ലക്ഷ്യമെന്നാണ് ആരോപണം.

Election Desk

ഞ്ചാബ്; ദേശീയ രാഷ്ട്രീയത്തിലെ പല പ്രധാന പ്രവണതകളുടെയും സംസ്ഥാനം, ലോക്സഭാ തെരഞ്ഞെടുപ്പും അതേ. ‘ഇന്ത്യ’ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ആം ആദ്മി പാർട്ടി കോൺഗ്രസുമായി ഏറ്റുമുട്ടുന്നു. ശിരോമണി അകാലിദളുമായി പിരിഞ്ഞ ബി.ജെ.പിയും കൂടിയാകുമ്പോൾ പഞ്ചാബ് ശക്തമായ ചതുഷ്കോണ മത്സരത്തിന് വേദിയൊരുക്കുന്നു. രാജ്യമാകെ പിടിച്ചുകുലുക്കുന്ന ‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭം എങ്ങനെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തെ സ്വാധീനിക്കും എന്ന ചോദ്യവും ഒപ്പം.

ഏറ്റവും കൂടുതൽ ലോകസ്ഭാ സീറ്റുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ 16-ാം സ്ഥാനമുള്ള പഞ്ചാബിൽ പതിമൂന്ന് മണ്ഡലങ്ങളാണുള്ളത്. അമൃത്സർ, ഗുരുദാസ്പൂർ, ഖദൂർ സാഹിബ്, ഹോഷിയാർപൂർ, ജലന്ധർ, ആനന്ദ്പൂർ സാഹിബ്, ലുധിയാന, ഫത്തേഗഡ് സാഹിബ്, ഫരീദ്‌കോട്ട്, ഫിറോസ്പൂർ, ബതിന്ദ, സംഗ്രൂർ, പട്യാല എന്നിവയാണ് മണ്ഡലങ്ങൾ. ജലന്ധർ, ഹോഷിയാർപൂർ, ഫത്തേഗഡ് സാഹിബ്, ഫരീദ് കോട്ട് എന്നിവ സംവരണ മണ്ഡലങ്ങളാണ്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾ നേടിയ സീറ്റും വോട്ടുശതമാനവും.

2019- ൽ എട്ട് സീറ്റുമായി കോൺഗ്രസിനായിരുന്നു ആധിപത്യം. ബി.ജെ.പിക്കും ശിരോമണി അകാലിദളിനും രണ്ട് സീറ്റ് വീതവുമാണ് ലഭിച്ചത്. ഒരു സീറ്റ് നേടി ആംആദ്മി പാർട്ടി അരങ്ങേറ്റം നടത്തി. കോൺഗ്രസ് (40.1%), എസ്.എ.ഡി (27.4%), ബി.ജെ.പി (9.6), എ.എ.പി (7.4%) എന്നിങ്ങനെയായിരുന്നു വോട്ടുവിഹിതം.

സംസ്ഥാനത്തെ പ്രധാന പാർട്ടികളെല്ലാം സഖ്യമില്ലാതെ, ഒറ്റയ്ക്ക് മത്സരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന സംസ്ഥാനങ്ങളിൽ ആംആദ്മിയും കോൺഗ്രസും ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. പഞ്ചാബിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നു.

2021-2022ലെ കർഷകസമരവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് 2023-ൽ ബി.ജെ.പിയും ശിരോമണി അകാലിദളുമായുള്ള സഖ്യം തകർന്നതോടെ ഇരുപാർട്ടികളും ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നു. ബഹുജൻ സമാജ് പാർട്ടിയും മത്സരത്തിനിറങ്ങുന്നുണ്ട്.

2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം കോൺഗ്രസിനുണ്ടായിരുന്നു. എങ്കിലും കഴിഞ്ഞ അഞ്ചുവർഷമായി പഞ്ചാബിൽ കോൺഗ്രസിന് ജനപ്രീതി കുറഞ്ഞുവരികയാണ്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന തിരിച്ചടി, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാതിരിക്കാനുള്ള പ്രചാരണ പരിപാടികൾക്കാണ് പാർട്ടി ആസൂത്രണം ചെയ്യുന്നത്. കതാർപൂരിൽ നടന്ന കന്നി പ്രചാരണ റാലി ഇതിനു തെളിവാണ്. കർഷക സമരം തന്നെയാണ് ഇപ്രാവശ്യത്തെ പ്രചാരണ വിഷയം.

കർഷക സമരത്തിൽ നിന്ന്

കർഷക സമരത്തിന്റെ ക്രെഡിറ്റ് കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ആം ആദ്മി പാർട്ടിയും കോൺഗ്രസും. കേന്ദ്രവും കർഷക സംഘടനകളും തമ്മിലുള്ള ചർച്ചകളിൽ മുഖ്യമന്ത്രി ഭഗവന്ത് മാനായിരുന്നു മധ്യസ്ഥൻ. മാത്രമല്ല, കൊല്ലപ്പെട്ട യുവ കർഷകന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചും മറ്റും സംസ്ഥാന ഭരണകൂടം കർഷകർക്ക് ഒപ്പമാണ് എന്ന പ്രതീതി സൃഷ്ടിക്കാനും മുഖ്യമന്ത്രിക്കായി.

കോൺഗ്രസാകട്ടെ, കർഷകർ ഉന്നയിക്കുന്ന മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ എന്നതടക്കമുള്ള പ്രധാന ആവശ്യങ്ങൾ പ്രകടനപത്രികയിൽ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനം നടത്തിയും രാഹുൽ ഗാന്ധി കർഷക സമരത്തിന് നൽകിയ പിന്തുണ ഉയർത്തിപ്പിടിക്കും കർഷകർക്കൊപ്പം നിൽക്കാൻ ശ്രമിക്കുന്നു. കർഷക സമരത്തെ അവഗണിച്ച ബി.ജെ.പിയ്ക്കും കർഷകസംഘടനകളും കേന്ദ്രസർക്കാരുമായും ചർച്ച നടത്തുന്നതിൽ പരാജയപ്പെട്ട ആംആദ്മി സർക്കാരിനും വോട്ട് ചെയ്യുന്നത് നിരർത്ഥകമാണെന്നാണ് കോൺഗ്രസ് വാദം.

ബി.ജെ.പിയാകട്ടെ, കർഷക സംഘടനകളുടെ രൂക്ഷമായ വിമർശനം നേരിടുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാനത്തെ ബി.ജെ.പി ജനപ്രതിനിധികൾക്കും എതിരെയാണ് കർഷക സംഘടനകളുടെ പ്രതിഷേധം എന്നിരിക്കേ, പാർട്ടി തീർത്തും പ്രതിരോധത്തിലുമാണ്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളും

2014 മുതൽ പഞ്ചാബിൽ ആംആദ്മിക്ക് അപ്രതീക്ഷിതമായ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ 92 സീറ്റും കിട്ടിയ ആത്മവിശ്വാസത്തിൽ, ലോക്‌സഭാസീറ്റ് നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് ഭരണകക്ഷിയായ ആംആദ്മി ശ്രമിക്കുന്നത്. 2024- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 13 സീറ്റുകളിലും വിജയം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കാണ് ആംആദ്മി തുടക്കമിടുന്നത്. പഞ്ചാബിന് അവകാശപ്പെട്ട 8000 കോടി രൂപ കേന്ദ്രസർക്കാർ തടഞ്ഞുവെച്ചതും റിപ്പബ്ലിക് ദിന പരേഡിൽ പഞ്ചാബിന്റെ ടാബ്ലോ നിരസിച്ചെതുമെല്ലാം പ്രചാരണവേളയിൽ ആംആദ്മി പാർട്ടി ഉയർത്തുന്നുണ്ട്.

പഞ്ചാബ് നിലവിൽ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ ആംആദ്മിയിൽ പതിമൂന്ന് എംപിമാർ വിജയിക്കേണ്ടത് അനിവാര്യമാണെന്നാണ് ആംആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ പറയുന്നത്. കഴിഞ്ഞദിവസം കോൺഗ്രസിന്റെ മുൻ എം.എൽ.എയായ ഗുർപ്രീത് സിങ് ജെ.പി, ആംആദ്മി പാർട്ടി അംഗത്വം നേടിയിരുന്നു. പഞ്ചാബ് സർക്കാരിന്റെ ജനകീയതയിൽ ആകൃഷ്ടനായാണ് കോൺഗ്രസ് വിടുന്നതെന്നാണ് ഗുർപ്രീത് സിങ് വിശദീകരിച്ചിരുന്നത്.

ഹർദീപ് സിങ് നിജ്ജര്‍

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും എസ്.എ.ഡിയും ഉൾപ്പെട്ട എൻ.ഡി.എ യ്ക്ക് നാല് സീറ്റുകളാണുണ്ടായിരുന്നത്. ശിരോമണി അകാലിദളുമായുള്ള സഖ്യതകർച്ചയും കർഷക സമരത്തെ തുടർന്നുള്ള കേന്ദ്രഭരണവിരുദ്ധ വികാരവും മറികടക്കാനുള്ള പ്രചാരണമാണ് ബി.ജെ.പി നടത്തുന്നത്. 2024-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നില ഉയർത്തുന്നതുമായി ബന്ധപ്പെട്ട രണ്ട് തിരഞ്ഞെടുപ്പ് യോഗങ്ങൾ സംസ്ഥാനത്ത് ബി.ജെ.പി നേതൃത്വത്തിൽ നടന്നിട്ടുണ്ട്. സംസ്ഥാനത്തെ ഓരോ ബൂത്തും കേന്ദ്രീകരിച്ച്, ഗ്രൗണ്ട് ലെവലിൽ വലിയ പ്രചാരണ പരിപാടികൾക്കാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. സാധ്യതാ പട്ടികയിൽ നിരവധി മുൻ കോൺഗ്രസ് എം എൽ എമാരുണ്ടെന്നാണ് പറയപ്പെടുന്നത്. ഭഗവന്ത് മന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റുമെന്നാണ് ബി.ജെ.പി പറയുന്നത്. ഇന്ത്യ മുന്നണിയുടെ ഭാഗമായ ആംആദ്മിയും കോൺഗ്രസും വേറിട്ടു മത്സരിക്കുന്നതും പ്രചാരണ ആയുധമാക്കുന്നുണ്ട്.

പഞ്ചാബിലെ ബി.ജെ.പി തിരഞ്ഞെടുപ്പ് യോഗത്തിൽ നിന്ന്

ഈ മൂന്ന് പാർട്ടികളെ കൂടാതെ ശിരോമണി അകാലിദൾ, ബഹുജൻ സമാജ് , തുടങ്ങിയ പാർട്ടികളും രംഗത്തുണ്ട്. പഞ്ചാബിൽ വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന സുഖ്ബിർ ബാദലിന്റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദളിന് 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ ഒതുങ്ങേണ്ടി വന്നിരുന്നു. ബി.ജെ.പി സഖ്യം തകർന്നെങ്കിലും ഈ പരാജയത്തെ മറികടക്കാനുള്ള പ്രചാരണങ്ങൾക്കാണ് എസ്.എ.ഡി ഊന്നൽ കൊടുക്കുന്നത്. കർഷക സമരം കണക്കിലെടുത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയും എസ്.എ.ഡിയും പുനർസഖ്യംമുണ്ടാകാൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്

കോൺഗ്രസിന് ഏഴു സീറ്റ് കിട്ടുമെന്നാണ് ന്യൂസ് 18 നടത്തിയ പ്രീ പോൾ സർവേ ഫലം. ആം ആദ്മി ഒരു സീറ്റിൽ ഒതുങ്ങും. എൻ.ഡി.എക്ക് മൂന്നു സീറ്റ് ലഭിക്കുമെന്നും സർവേ പറയുന്നു.

കാനഡയിൽ വെടിയേറ്റുമരിച്ച ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ വീഡിയോ ദൃശ്യങ്ങൾ കാനഡ പുറത്തുവിട്ടതാണ് ഇപ്പോൾ സംസ്ഥാനത്തെ കാമ്പയിനെ വഴിതിരിച്ചുവിടുന്നത്. നിജ്ജറിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള വീഡിയോ കനേഡിയൻ ബ്രോഡ് കാസ്റ്റിങ് കോർപറേഷനാണ് (സി.ബി.സി), കൊല നടന്ന് ഒമ്പതുമാസങ്ങൾക്കുശേഷം പുറത്തുവിട്ടിരിക്കുന്നത്. കൊല ആസൂത്രിതമാണ് എന്ന് തെളിയിക്കുന്ന ദൃശ്യമാണിതെന്നാണ് സി.ബി.സിയുടെ അവകാശവാദം. സിഖ് വോട്ടുകളുടെ ധ്രുവീകരണത്തിനുള്ള ശ്രമമാണ് ഇപ്പോൾ വീഡിയോ പുറത്തുവിട്ടതിനുപുറകിലെന്നാണ് ആരോപണം. കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം, ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു.

Comments