ആർ.എസ്.എസിനും മോദിക്കും
ഒരു ചെക്ക്പോസ്റ്റ് ഉയരുന്നു

ആർ.എസ്. എസിന്റെയും ബി.ജെ.പിയുടെയും ഫാഷിസ്റ്റ് രീതികളെ, എതിർക്കുന്നത് ഇന്ന് പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, മറ്റു ബഹുജന സംഘടനകളും പൗരസമൂഹത്തിലെ അസംഖ്യം അംഗങ്ങളുമാണ്. അതിനാൽ, ഈ ദിവസം എത്ര പേർ ബി. ജെ.പിയിൽ ചേർന്നു എന്നല്ല, ആർ.എസ്. എസിന്റെ കോളനിയാവാൻ ഈ ദിവസവും വരും ദിവസങ്ങളിലും പൗരർ എന്ന നിലയിൽ നിങ്ങൾ വിസമ്മതിക്കുന്നു എന്നതാണ് കൂടുതൽ വാർത്താ പ്രാധാന്യമുള്ള വാർത്ത- കരുണാകരൻ എഴുതുന്നു.

പാർലമെന്ററി ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പലപ്പോഴും അതിനുള്ളിൽനിന്നുതന്നെയുണ്ടാവുന്നു എന്നതാണ് സമീപകാലത്ത് ലോകമെങ്ങും നമ്മൾ കണ്ടത്: വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും കഴിഞ്ഞകാല സംഭവങ്ങളും ഭരണകൂടങ്ങളും ഭരണത്തലവന്മാരും ഇതിനുദാഹരണങ്ങളുമായിരുന്നു.

അതായത്, തെരഞ്ഞെടുപ്പിലൂടെ വന്ന് ഭരണാധിപത്യമുറപ്പിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ നീർവീര്യമാക്കിയോ കീഴടക്കുകയോ ചെയ്യുക എന്നാണ് അതിന്റെ ഒരു രീതി.
മറ്റൊന്ന്, ജനാധിപത്യത്തിൽ തന്നെ അവിശ്വാസം നൽകുന്ന രീതിയിൽ ഒരു നറേറ്റീവ് പൊതുസമൂഹത്തിൽ തന്നെ ഉണ്ടാക്കുക എന്നതും.

ജനാധിപത്യത്തിൽ വിശ്വസിക്കാതെ തന്നെ ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുകയും തെരഞ്ഞെടുപ്പിലൂടെ വിജയിക്കുകയും അധികാരം ഉറപ്പിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്യുക എന്ന രീതിയാണ്, മറ്റെല്ലാ ഫാഷിസ്റ്റ് സംഘടനകളെയും പോലെ, ആർ.എസ്. എസും നടപ്പാക്കിയത്.

മുതലാളിത്തത്തിന്റെ സ്വന്തം രാഷ്ട്രീയവ്യവസ്ഥയായി പാർലമെൻറ്റി ജനാധിപത്യത്തെ എക്കാലത്തേയ്ക്കുമായി നിലനിർത്തിക്കൊണ്ടും നിയന്ത്രിച്ചുമാണ് ഇതിനെ മുതലാളിത്തം തന്നെ കണ്ടതെങ്കിൽ, സോഷ്യലിസ്റ്റ്‌- കമ്യൂണിസ്റ്റ് ഭരണക്രമങ്ങളിൽ ജനാധിപത്യം ഒരൊറ്റ രാഷ്ട്രീയകക്ഷിയുടെ സമ്പൂർണമായ ആധിപത്യമായാണ് ഈ നറേറ്റീവ് പ്രവർത്തിക്കുന്നത്. എന്നാൽ, ഇതിനു സമാന്തരമായി തെരഞ്ഞെടുപ്പുകളിലൂടെയും രാഷ്ട്രീയ പങ്കാളിത്തത്തിലൂടെയും രൂപം കൊള്ളുന്ന ജനാധിപത്യബോധവും ക്രമവും സമൂഹത്തിൽ രൂപപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ജനാധിപത്യത്തെ ഇപ്പോഴും മെച്ചപ്പെട്ട അധികാരവ്യവസ്ഥയാക്കുന്നതും ഇതാണ്.

ഇത് പ്രധാനപ്പെട്ട ഒരു സംഗതിയാണ്.

ഇങ്ങനെയൊരു വിചാരപരിസരത്തിൽ നിന്നുകൊണ്ടാണ് തൊട്ടുമുമ്പേ കഴിഞ്ഞ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ് ഒരാൾ പരിശോധിക്കുന്നതെങ്കിൽ ജനാധിപത്യത്തെ കുറിച്ചുള്ള നമ്മുടെ പല ധാരണകളെയും അത് പുതുക്കുന്നുണ്ട്.

ആർ.എസ്. എസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ന് പഴയൊരു പ്രത്യയശാസ്ത്ര സങ്കൽപ്പമല്ല; മറിച്ച്, ഇന്ത്യയുടെ പൊതു രാഷ്ട്രീയശരീരത്തിൽ ഇടപെടാനും ഒരു വലിയ പരിധിവരെ നിയന്ത്രിക്കാനും ശേഷിയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ ക്രമമാണ്.

അതിൽ പ്രധാനപ്പെട്ട ഒരു കാര്യം, ഇന്ത്യയിൽത്തന്നെ ജനാധിപത്യം പ്രവർത്തിക്കുന്നത് ഏകസ്വരത്തിലല്ല എന്നാണ്. ഈ യാഥാർത്ഥ്യത്തെയാണ് ആർ.എസ്. എസ് / ബി.ജെ.പി നറേറ്റീവ് മാറ്റാൻ ശ്രമിക്കുന്നതും. ഇന്ത്യയിലെ ഓരോ ദേശീയ സമൂഹവും വ്യത്യസ്ത രീതിയിലാണ് ഇന്ന് ഇന്ത്യ എന്ന രാഷ്ട്രത്തിൽ നിൽക്കുന്നതും രാഷ്ട്രസങ്കൽപ്പത്തിൽ ഇടപെടുന്നതും. ആർ.എസ്. എസ് ഈ ക്രമത്തെയാണ്‌, അല്ലെങ്കിൽ സ്വാത്മപ്രചോദിതമായ ഈ രാഷ്ട്രീയ പ്രക്രിയയെയാണ്, തടയിടാൻ ശ്രമിച്ചതും ശ്രമിക്കുന്നതും. ജനാധിപത്യത്തിൽ വിശ്വസിക്കാതെ തന്നെ ജനാധിപത്യ പ്രക്രിയയിൽ ഏർപ്പെടുകയും തെരഞ്ഞെടുപ്പിലൂടെ വിജയിക്കുകയും അധികാരം ഉറപ്പിച്ച് ജനാധിപത്യ സ്ഥാപനങ്ങളെ കീഴ്പ്പെടുത്തുകയും ചെയ്യുക എന്ന രീതിയാണ്, മറ്റെല്ലാ ഫാഷിസ്റ്റ് സംഘടനകളെയും പോലെ, ആർ.എസ്. എസും നടപ്പാക്കിയത്. ഇത് ഏറെക്കുറെ അവർക്ക് കഴിഞ്ഞ പത്തുവർഷത്തിൽ സാധിക്കുകയും ചെയ്തിരുന്നു. അത് ഇന്ത്യയിലെ പ്രതിപക്ഷത്തിനും സിവിൽസമൂഹത്തിനും ഉയർത്തിയ വെല്ലുവിളി ചെറുതല്ല.

ആർ.എസ്. എസിന്റെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ന് പഴയൊരു പ്രത്യയശാസ്ത്ര സങ്കൽപ്പമല്ല; മറിച്ച്, ഇന്ത്യയുടെ പൊതു രാഷ്ട്രീയശരീരത്തിൽ ഇടപെടാനും ഒരു വലിയ പരിധിവരെ നിയന്ത്രിക്കാനും ശേഷിയുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ ക്രമമാണ്. അതായത്, ഹിന്ദുക്കളുടെ ഭൂരിപക്ഷഭരണം മാത്രമല്ല ഇന്നതിന്റെ രാഷ്ട്രീയലക്ഷ്യം; മറിച്ച്, ഇന്ത്യയിലെ വിവിധ ദേശീയസമൂഹങ്ങളുടെ മേലുള്ള സമ്പൂർണ സാമ്പത്തിക നിയന്ത്രണം കൂടിയാണ്. അഥവാ, ഓരോ ഭാഷാ ദേശീയ സമൂഹത്തെയും ആർ.എസ്. എസ് ഇന്ന് കാണുന്നത് തങ്ങൾക്ക് ഭരിക്കാൻ അവകാശമുള്ള കോളനിയായാണ്‌. തങ്ങളുടെ ആ അവകാശത്തെയാണ് ആർ.എസ്. എസ് ഹിന്ദുത്വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്റെ ഭരണക്രമമാകട്ടെ വികൃതവൽക്കരിക്കപ്പെട്ട പാർലമെന്ററി ജനാധിപത്യവും.

ഈ ദിവസം എത്ര പേർ ബി. ജെ.പിയിൽ ചേർന്നു എന്നല്ല, ആർ.എസ്. എസിന്റെ കോളനിയാവാൻ ഈ ദിവസവും വരും ദിവസങ്ങളിലും പൗരർ എന്ന നിലയിൽ നിങ്ങൾ വിസമ്മതിക്കുന്നു എന്നതാണ് കൂടുതൽ വാർത്താ പ്രാധാന്യമുള്ള വാർത്ത.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ നാളുകളിൽത്തന്നെ രൂപപ്പെടാൻ തുടങ്ങിയ ഇന്ത്യൻ ജനാധിപത്യവൽക്കരണം ഇന്ന്, രാഷ്ട്രീയ പാർട്ടികളുടെയും ഭരണകൂടങ്ങളുടെയും പൊതു ഇച്ഛയിൽനിന്ന് വേർപെട്ടും ഇടപെട്ടും സ്വയം ശക്തി നേടുകയും ചെയ്യുന്ന ആന്തരിക ഊർജ്ജമായി മാറിയിരിക്കുന്നു എന്നത് കാണാതിരുന്നൂടാ. ഇത് കൃത്യമായി മനസിലാക്കി എന്നതാണ് രാഹുൽ ഗാന്ധിയുടെ നേതൃത്തിൽ ഈ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് കാണിച്ച രാഷ്ട്രീയ വിവേകം. ‘ഇന്ത്യ’ മുന്നണിയുടെ രൂപപ്പെടലിനെയും അങ്ങനെ കാണണം.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ബ്രീട്ടീഷ് രാജിന്റെ കോളനി എന്ന നിലയിൽ നിന്നുള്ള ഇന്ത്യയുടെ മോചനത്തിനു വേണ്ടിയായിരുന്നു, ഇന്ത്യ ആർ.എസ്. എസിന്റെ കോളനി ആവാതിരിക്കാനുമായിരുന്നു - രാഹുൽ ഗാന്ധിയുടെ ഈ നിരീക്ഷണമായിരിക്കും, ഒരു പക്ഷേ, ഈ പൊതുതിരഞ്ഞെടുപ്പു വേളയിൽ കേട്ട ഏറ്റവും ചൊടിയുള്ള രാഷ്ട്രീയ മുദ്രാവാക്യം.

ആർ.എസ്. എസിന്റെയും ബി.ജെ.പിയുടെയും ഏക കക്ഷി ആധിപത്യ രാഷ്ട്രീയത്തെ, അവരുടെ ഫാഷിസ്റ്റ് രീതികളെ, എതിർക്കുന്നത് ഇന്ന് പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, മറ്റു ബഹുജന സംഘടനകളും പൗരസമൂഹത്തിലെ അസംഖ്യം അംഗങ്ങളുമാണ്.

ആർ.എസ്. എസ് ജനാധിപത്യത്തിൽ വിശ്വസിക്കാത്ത, പകരം ബ്രാഹ്മണിക്ക് ഹിന്ദുയിസത്തിന്റെ രാഷ്ട്രീയാധിപത്യം ആഗ്രഹിക്കുന്ന ഒരു സംഘടനയാണ്. അതിന്റെ രാഷ്ട്രീയ പാർട്ടിയാണ് ബി.ജെ.പി. ഇത്രയും കാര്യങ്ങൾ കഴിഞ്ഞ 100 വർഷത്തെ ഇന്ത്യയുടെ രാഷ്ട്രീയചരിത്രമറിയുന്ന ആർക്കും മനസിലാവും. അതുകൊണ്ടുതന്നെ, ഇന്ന് ഡൽഹിയിൽ അധികാരത്തിലുള്ള ബി.ജെ.പിയിലുള്ള നേതാക്കളും ആ പാർട്ടിയിലേക്ക് മറ്റു രാഷ്ട്രീയ പാർട്ടികളിൽനിന്നും പോകുന്നവരും ജനാധിപത്യത്തിൽ വിശ്വസിക്കാത്ത, പകരം ബ്രാഹ്മണിക്ക് ഹിന്ദുയിസത്തിന്റെ രാഷ്ട്രീയാധിപത്യം ആഗ്രഹിക്കുന്ന ആളുകളാണ്. അവരെ രാഷ്ട്രീയമായും ജനാധിപത്യത്തിനൊപ്പം നിന്നും എതിർക്കുകയും വിമർശിക്കുകയും വേണം. അടുത്ത ആയിരം വർഷം ഇന്ത്യ ബി.ജെ.പിയുടെ ഭരണത്തിലാണെങ്കിലും ഈ എതിർപ്പ് നിലനിൽക്കുക തന്നെ ചെയ്യും, അങ്ങനെ രാഷ്ട്രീയപരമായി തന്നെ ഒരു പ്രതിപക്ഷജീവിതം ഇന്ത്യയിൽ ഉണ്ടാവുകയും ചെയ്യും. കാരണം, ആത്യന്തികമായി മനുഷ്യർ ആധിപത്യത്തിനു വേണ്ടിയല്ല, സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് രാഷ്ട്രീയത്തെ തങ്ങളുടെ സമരജീവിതത്തിലേക്ക് സ്വീകരിക്കുന്നത് എന്നതിനാൽ.

ആർ.എസ്. എസിനും മോദിയ്ക്കും ഒരു ചെക്ക്പോസ്റ്റ് ഈ രാഷ്ട്രീയ ഇടപെടൽ ഉയർത്തിയിരിക്കുന്നു എന്നതായിരിക്കും ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഒരു ഫലപ്രഖ്യാപനം.

ആർ.എസ്. എസിന്റെയും ബി.ജെ.പിയുടെയും ഏക കക്ഷി ആധിപത്യ രാഷ്ട്രീയത്തെ, അവരുടെ ഫാഷിസ്റ്റ് രീതികളെ, എതിർക്കുന്നത് ഇന്ന് പ്രതിപക്ഷത്തെ രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, മറ്റു ബഹുജന സംഘടനകളും പൗരസമൂഹത്തിലെ അസംഖ്യം അംഗങ്ങളുമാണ്. ഫാഷിസത്തിനെതിരേ ലോകമെങ്ങും ഇങ്ങനെയൊരു വിമതജീവിതം കാണാം. അതിനാൽ, ഈ ദിവസം എത്ര പേർ ബി. ജെ.പിയിൽ ചേർന്നു എന്നല്ല, ആർ.എസ്. എസിന്റെ കോളനിയാവാൻ ഈ ദിവസവും വരും ദിവസങ്ങളിലും പൗരർ എന്ന നിലയിൽ നിങ്ങൾ വിസമ്മതിക്കുന്നു എന്നതാണ് കൂടുതൽ വാർത്താ പ്രാധാന്യമുള്ള വാർത്ത - ആർ.എസ്. എസ് / ബി.ജെ. പി നേതാക്കളും അതിന്റെ മാധ്യമങ്ങളും അങ്ങനെയല്ല എന്ന നറേറ്റീവ് ഉണ്ടാക്കുമ്പോഴും.

ആർ.എസ്. എസിനും മോദിയ്ക്കും ഒരു ചെക്ക്പോസ്റ്റ് ഈ രാഷ്ട്രീയ ഇടപെടൽ ഉയർത്തിയിരിക്കുന്നു എന്നതായിരിക്കും ഈ പൊതുതെരഞ്ഞെടുപ്പിന്റെ ഒരു ഫലപ്രഖ്യാപനം. അത് ജീവിതത്തിനും ആലോചനകൾക്കും ഉന്മേഷം പകരുന്നുമുണ്ട്.

Comments