464 വർഷത്തോളം അയോധ്യയിലെ മുസ്‍ലിംകൾ നിസ്‌കരിച്ചുപോന്ന ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടിട്ട് (Babri Masjid demolition) 32 വർഷം പിന്നിടുകയാണ്. 1980-കൾ മുതൽ ഈ ലേഖകൻ ഉൾപ്പെടെയുള്ളവർ ബാബ്‌റി മസ്ജിദിന്റെയും സംഘപരിവാറിന്റെ അയോധ്യ രാഷ്ട്രീയത്തെയും കുറിച്ച് സംസാരിക്കാനും എഴുതാനും തുടങ്ങിയതാണ്. ഇന്നിപ്പോൾ, ബാബ്‌റി മസ്ജിദ് തകർച്ചയുടെ മൂന്ന് ദശകം പിന്നിടുമ്പോൾ മസ്ജിദ് ധ്വംസനത്തിന്റെ ഉന്മാദം പിടിപെട്ടവർ രാജ്യമെമ്പാടും അഴിഞ്ഞാടുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
നീതിപീഠവും സർക്കാർ സംവിധാനങ്ങളും നിയമപാലകരും അപരമത വിദ്വേഷത്തിന്റെ ഉന്മാദം പിടിപെട്ട കാവിപ്പടക്കൊപ്പം ചേർന്ന് പ്രതിഷേധിക്കുന്നവർക്കെതിരെ വെടിയുണ്ടകളുതിർക്കുന്ന ദാരുണ സ്ഥിതിവിശേഷമാണുള്ളത്.
നവംബർ 24-ാം തിയ്യതി ഉത്തർപ്രദേശിലെ സംഭലിൽ (Sambhal Shahi Jama Masjid) പ്രതിഷേധിച്ചവരെ വെടിവെച്ചുകൊന്നുകൊണ്ടാണ് പോലീസ് സർവ്വേ നടപടികൾക്ക് സംരക്ഷണം കൊടുത്തത്. അജ്മീർ ദർഗയിലും ഡൽഹി ജുമാമസ്ജിദിലും തർക്കവും അവകാശവാദവും ഉന്നയിച്ച് ന്യൂനപക്ഷ ആരാധനാലയങ്ങളുടെ തകർക്കലുകൾക്ക് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് സംഘപരിവാർ. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നതിനുമുമ്പ് ഇന്ത്യയിൽ ആരാധനാലയ തർക്കങ്ങളിലൂടെ ഹൈന്ദവധ്രുവീകരണത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയ അജണ്ട രൂപപ്പെട്ടുവന്ന പശ്ചാത്തലത്തെ സൂചിപ്പിച്ചുപോകേണ്ടതുണ്ട്.
നെഹ്റുവിന്റേതല്ലാതായ ഇന്ത്യ
1981-ലെ ഐ.എം.എഫ് വായ്പയെത്തുടർന്നാണ് ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ചത്. വിഖ്യാതമായ നെഹ്‌റുവിയൻ വികസനപാത കയ്യൊഴിച്ചുകൊണ്ടുള്ള കമ്പോളോന്മുഖവും എല്ലാവിധ ക്ഷേമപദ്ധതികളെയും സേവനമേഖലകളെയും കയ്യൊഴിക്കുന്നതുമായ ഘടനാപരമായ ക്രമീകരണങ്ങൾക്കാണ് ഇന്ദിരാഗാന്ധി സർക്കാർ മുതിർന്നത്. അതിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെയും ബഹുജന മുന്നേറ്റങ്ങളെയും വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടുകൂടിയാണ് ആരാധനാലയ തർക്കത്തെ മുൻനിർത്തിയുള്ള കടുത്ത വർഗീയവൽക്കരണ നീക്കങ്ങൾ ഇന്ത്യൻ സമൂഹത്തിൽ തീവ്രഗതിയാർജ്ജിക്കുന്നത്.
ഇതോടൊപ്പം, സാമൂഹ്യനീതിയുടേതായ രാഷ്ട്രീയ നിലപാടുകൾ ദേശീയ രാഷ്ട്രീയത്തിൽ ശക്തമായി രൂപപ്പെട്ട സാഹചര്യവും ഇന്ത്യൻ ഭരണവർഗങ്ങളെ കടുത്ത ഹിന്ദുത്വവൽക്കരണ നീക്കങ്ങൾക്ക് പ്രേരകമായി. ഈയൊരു സാഹചര്യത്തിലാണ് വിശ്വഹിന്ദുപരിഷത്തിന്റെ (Vishva Hindu Parishad- VHP) ലോകസമ്മേളനം വാഷിംഗ്ടണിൽ നടക്കുന്നത്. സോവിയറ്റ് യൂണിയന്റെയും സോഷ്യലിസ്റ്റ് ബ്ലോക്കിന്റെയും അതോട് ചേർന്നുനിൽക്കുന്ന സ്വതന്ത്ര വിദേശനയത്തെ മുറുകെപ്പിടിക്കുന്ന രാഷ്ട്രങ്ങളുടെയും ദേശീയ വിമോചനശക്തികളുടെയും പക്ഷം ചേർന്ന നെഹ്‌റുവിന്റെ ഇന്ത്യയെ വർഗീയവൽക്കരിച്ച് ശിഥിലീകരിക്കുകയെന്ന യു.എസ് സാമ്രാജ്യത്വ താൽപര്യങ്ങളും ചേർന്നാണ് ബാബ്‌റി മസ്ജിദ് തർക്കം ഉയർത്തിക്കൊണ്ടുവന്നത്.
വി.എച്ച്.പിയുടെ വാഷിങ്ടൺ സമ്മേളനം
വി.എച്ച്.പിയുടെ വാഷിംഗ്ടൺ സമ്മേളനത്തിൽവെച്ചാണ്, ഇന്ത്യയിൽ 3000 ഹൈന്ദവ ആരാധനാലയങ്ങൾ മുസ്‍ലിംകൾ ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി കയ്യടക്കിയിട്ടുണ്ടെന്നും അത് തിരിച്ചുപിടിക്കണമെന്നുമുള്ള അജണ്ട തയ്യാറാക്കപ്പെടുന്നത്. മധ്യകാലഘട്ടത്തെ രക്തപങ്കിലമാക്കിയ കുരിശുയുദ്ധങ്ങൾക്ക് സമാനമായ ആരാധനാലയ തർക്കങ്ങളുടെ ഉന്മാദങ്ങളിലേക്ക് ഇന്ത്യൻ സമൂഹത്തെ തള്ളിവിടാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇത്. സി.ഐ.എ വിദഗ്ധന്മാരും പെന്റഗണിന്റെയും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെയും ഉന്നതരും ഉൾക്കൊള്ളുന്ന ‘കാർണഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസ്’ (The Carnegie Endowment for International Peace- CEIP) എന്ന അമേരിക്കൻ കോർപ്പറേറ്റ് ഫൗണ്ടേഷനാണ് തർക്കപ്രശ്‌നമാക്കി ഉയർത്താനുള്ള മൂവായിരത്തോളം ആരാധനാലയങ്ങളുടെ പട്ടിക തയ്യാറാക്കിയത്.
വി.എച്ച്.പിയുടെ വാഷിംഗ്ടൺ സമ്മേളനത്തിലെ മുഖ്യപ്രമേയമായി വന്നത് ബാബ്‌റി മസ്ജിദ് തൊട്ടുള്ള ആരാധനാലയതർക്കങ്ങളിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ സെക്യുലർ ഘടനയെ തകർക്കണമെന്നും ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന നിലയിലുള്ള അതിന്റെ അസ്ഥിത്വത്തെ അസ്ഥിരീകരിക്കണമെന്നുമായിരുന്നു. അതുവഴിയേ ഹിന്ദുരാഷ്ട്ര സാക്ഷാത്കാരത്തിന്റെ വഴിയിലേക്ക് തിരിയാൻ കഴിയൂവെന്നാണ് സംഘപരിവാർ ചിന്തിച്ചത്. അതിന് കഴിയുന്ന രീതിയിൽ മിലിറ്റന്റ് ഹിന്ദുയിസത്തെ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും വളർത്തിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് മുൻ സൈനികോദ്യോഗസ്ഥരെ വിശ്വഹിന്ദുപരിഷത്തിന്റെ ഭാരവാഹികളാക്കാനുള്ള തീരുമാനമുണ്ടായത്. ഈയൊരു സാഹചര്യത്തിലാണ് വാഷിംഗ്ടൺ സമ്മേളനം അശോക് സിംഘാളിനെ വി.എച്ച്.പി തലവനാക്കിയത്.
നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ ഐക്യത്തിന്റെയും ഇന്ത്യൻ രാഷ്ട്രഘടനയുടെ ശക്തിസ്വഭാവമായ മതനിരപേക്ഷതയുടെയും ശവക്കുഴി തീർക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ് ഹിന്ദുത്വവാദികൾ ആരാധനാലയതർക്കങ്ങൾ ഉയർത്തിക്കൊണ്ടുവന്നത്. ഇത് ഇന്ത്യൻ ഭരണവർഗങ്ങളുടെ സവർണഹൈന്ദവ താൽപര്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയ അജണ്ടയായിരുന്നുവെന്ന് കാണാതെ പോകരുത്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂടുപടമണിഞ്ഞ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഹിന്ദുത്വപക്ഷപാതിത്വവും ആഗോള ഫൈനാൻസ് മൂലധനത്തിന്റെ അധിനിവേശ മോഹങ്ങളും ചേർന്നാണ് ബാബ്‌റി മസ്ജിദ് തർക്കമാക്കി തകർക്കുന്നതും രാജ്യത്തെ വർഗീയ ധ്രുവീകരണത്തിന്റെ തീരങ്ങളിലേക്ക് തള്ളുന്നതും.
ബാബ്‌റി മസ്ജിദ് തകർത്തതിന് സമാനമായി മറ്റൊരു സംഭവവും ഒരുപക്ഷെ ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും കാണാൻ കഴിയില്ല. ഭരണകൂട സംവിധാനങ്ങളാകെ കർസേവകർക്കൊപ്പം നിൽക്കുകയായിരുന്നു. 1992 ഡിസംബർ 6-ന് അയോധ്യയിൽ കാവിഭീകരത അഴിഞ്ഞാടിയപ്പോൾ നമ്മുടെ നീതിന്യായ സംവിധാനവും ഭരണനിർവ്വഹണോപാധികളും നിയമനിർമ്മാണ സഭകളും അതിന്റെ പ്രഖ്യാപിതമായ എല്ലാ മൂല്യങ്ങളെയും ഉല്ലംഘിച്ചുകൊണ്ട് നിസ്സംഗമായി നോക്കിനിൽക്കുകയായിരുന്നു. സമകാലീന ചരിത്രത്തിലെ ഏറ്റവും അപരാധപൂർണമായ നിസ്സംഗതയും ഒത്തുകളിയുമാണ് ബാബ്‌റി മസ്ജിദിന്റെ കാര്യത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായത്.
ബി.ജെ.പി നേതാവ് അദ്വാനി 1991 ജനുവരിയിൽ അമേരിക്ക സന്ദർശിച്ചപ്പോൾ കാർണഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ ഉന്നതരുമായി നാല് മണിക്കൂറാണ് ‘അടഞ്ഞ വാതിൽ ചർച്ച’ നടത്തിയത്. അമേരിക്കയിലെ പ്രമുഖ സൈനിക വിദഗ്ധർ, നയരൂപവത്കരണ വിദഗ്ധർ, പത്രപ്രവർത്തകർ, ബഹുരാഷ്ട്രകുത്തകകളുടെ ഡയറക്ടർമാർ, വൈറ്റ്ഹൗസിലെ പ്രമുഖ ഉദ്യോഗസ്ഥർ തുടങ്ങിയവരും സി.ഐ.എയുടെ ചിന്താസംഭരണികളുമാണ് അദ്വാനിയുമായി ചർച്ച നടത്തിയത്. റാവുവിന്റെ പരിഷ്‌കാരങ്ങളെ അമേരിക്ക അഭിലഷിക്കുന്ന രീതിയിൽ നടപ്പാക്കാൻ പ്രതിബദ്ധതയും ഇച്ഛാശക്തിയും തങ്ങൾക്കുണ്ടെന്നാണ് അദ്വാനി ഈ അമേരിക്കൻ വിദഗ്ദധരുമായുള്ള ചർച്ചകൾക്കുശേഷം വ്യക്തമാക്കിയത്.
ബാബറി മസ്ജിദ് തകർക്കുന്നതിന്റെ ഓരോ ഘട്ടവും തീരുമാനിച്ചത് സി.ഐ.എ വിദഗ്ധന്മാരും കാർണഗിയിലെ ഉദ്യോസ്ഥരുമായിരുന്നു. 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് തകർക്കുന്നതിനും മാസങ്ങൾക്കുമുമ്പുതന്നെ കാർണഗിയിലെ ഇന്ത്യൻ കാര്യങ്ങൾക്ക് വേണ്ടിയുള്ള വിദഗ്ധൻ ഡോ. ക്രിസ്ബർഗ് ഇന്ത്യയിലെത്തി. ഒരു റിസർച്ച് സ്‌കോളറുടെ വിസയിലെത്തിയ അദ്ദേഹം സംഘപരിവാർ സംഘടനകളുടെ ഒറ്റക്കും സംയുക്തവുമായുള്ള നിരവധി യോഗങ്ങളിൽ പങ്കെടുത്തതായി ദേശീയ രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തിയിട്ടുണ്ട്. ബാബറി മസ്ജിദ് തകർച്ചയെതുടർന്നുണ്ടായ വിക്ഷുബ്ധ രാഷ്ട്രീയ സാഹചര്യം സംഘപരിവാറിനകത്തും പടലപ്പിണക്കം സൃഷ്ടിച്ചു. യു.പി മുഖ്യമന്ത്രിയായിരുന്ന കല്ല്യാൺസിംഗിന്റെ പ്രൈവറ്റ് സെക്രട്ടറി നൃപേന്ദ്രമിശ്ര സി.ഐ.എ ഏജന്റാണെന്ന ആരോപണം സംഘപരിവാർ കേന്ദ്രങ്ങളിൽ തന്നെ വിഭ്രാന്തി സൃഷ്ടിച്ചു.
ഉന്നത സി.ഐ.എ ഉദ്യോഗസ്ഥരുമായി നൃപേന്ദ്ര മിശ്ര നടത്തിയ കൂടിക്കാഴ്ചകളെ സംബന്ധിച്ച റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ കൃത്യമായ തെളിവുകളോടെ പുറത്തുകൊണ്ടുവന്നു. ഇയാൾ രഹസ്യകേന്ദ്രങ്ങളിൽവെച്ച് സി.ഐ.എയുമായി നടത്തിയ ഗൂഢാലോചനകളും ഡിസംബർ 6-ന് മുമ്പ് തന്നെ ഭരണസംവിധാനം ഉപയോഗിച്ച് പള്ളി പൊളിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തിയതും പുറത്തുവന്നു. ഇതോടെ മുഖം രക്ഷിക്കാനായി പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നൃപേന്ദ്ര മിശ്രയെ കല്ല്യാൺസിംഗിന് ഒഴിവാക്കേണ്ടിവന്നു. ഇതെല്ലാം സംഘപരിവാറിനു പിറകിൽനിന്ന് സി.ഐ.എയും അമേരിക്കൻ ഏജൻസികളും ഇന്ത്യയെ അസ്ഥിരീകരിക്കാൻ നടത്തിയ നികൃഷ്ടമായ ഗൂഢാലോചനകളെയാണ് അനാവരണം ചെയ്തത്.
ഇന്ത്യൻ മതേതരത്വത്തിന്റെ കുംഭഗോപുരങ്ങളെ തകർത്ത് വർഗീയ കലാപങ്ങളുടെ അഗാധതകളിലേക്ക് രാജ്യത്തെ തള്ളിവിടാനുള്ള കുടില പദ്ധതികളാണ് ബാബ്‌റി മസ്ജിദ് തകർക്കുന്നതിലൂടെ കാവിഭീകരർ വഴി അമേരിക്കൻ സാമ്രാജ്യത്വ കേന്ദ്രങ്ങൾ പ്രയോഗിച്ചുനോക്കിയത്. ഇന്ത്യയെ ശിഥിലീകരിക്കുന്ന സാമ്രാജ്യത്വ അജണ്ടയുടെ വിധ്വംസകമായ പ്രയോഗവഴികളിലാണ് ചരിത്രപ്രസിദ്ധമായ ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടതെന്ന് വർത്തമാന ഭീകരതയുടെ അടിവേരുകൾ തേടുന്ന എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.
എല്ലാവിധ ഭീകരവാദങ്ങളും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ലോകമേധാവിത്വവും അതിജീവനവും ലക്ഷ്യംവെക്കുന്ന മനുഷ്യത്വവിരുദ്ധമായ മൂലധന താൽപര്യങ്ങളെ അതിന്റെ ഗർഭത്തിലൊളിപ്പിച്ചിട്ടുണ്ടെന്ന കാര്യം ലളിതയുക്തികളിൽ അഭിരമിക്കുന്ന മാധ്യമപ്രഭുക്കന്മാരും ഉത്തരാധുനിക പണ്ഡിതന്മാരും മറച്ചുപിടിക്കുകയാണ്. ഭീകരതക്കും വർഗീയ ഫാഷിസത്തിനുമെതിരായ പ്രതിരോധങ്ങൾ സാമ്രാജ്യത്വ മൂലധനാധിപത്യത്തെ നിരാകരിക്കുന്ന സമീപനങ്ങളിൽ നിന്ന് ഒരിക്കലും ഫലപ്രദമാകില്ലെന്നതാണ് മതേതര ജനാധിപത്യ ശക്തികൾ തിരിച്ചറിയേണ്ടത്.
സംഭലിൽ സംഭവിച്ചത്
ബാബ്‌റി മസ്ജിദിനു പിറകെ കാശിയിലെ ജ്ഞാൻവ്യാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദുമെല്ലാം വിവാദപ്രശ്നങ്ങളാക്കി മാറ്റി തകർക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇപ്പോൾ സംഭലിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഷാഹി ജുമാമസ്ജിദ്, ക്ഷേത്രം തകർത്ത് സ്ഥാപിച്ചതാണെന്ന വാദവുമായിട്ടാണ് കാവിപ്പടയും അവരുടെ യു.പി സർക്കാരും കടന്നാക്രമണം ആരംഭിച്ചിരിക്കുന്നത്. സംരക്ഷിത സ്മാരകമായ മസ്ജിദ് മുമ്പ് ക്ഷേത്രമായിരുന്നുവെന്നും സംഘപരിവാറുകാരുടെ ഹരജി പരിഗണിച്ച് സംഭലിലെ സിവിൽ കോടതിയാണ് അവിടെ സർവ്വേക്ക് ഉത്തരവിട്ടത്.
വിചിത്രമായ കാര്യം, കോടതി ഈ കാര്യത്തിൽ കാണിച്ച അത്ഭുതപ്പെടുത്തുന്ന തിടുക്കമാണ്. ഹരജി ഫയൽ ചെയ്ത അന്നുതന്നെ അഭിഭാഷകൻ രമേഷ് രാഘവനെ അഡ്വക്കറ്റ് കമീഷനായി നിയമിച്ചു. 29-നകം റിപ്പോർട്ട് നൽകാനും നിർദ്ദേശിച്ചു. അതുകഴിഞ്ഞ് മണിക്കൂറുകൾക്കകം സർവ്വേ ആരംഭിച്ചു. നവംബർ 24 ഞായറാഴ്ച വൻപോലീസ് സന്നാഹത്തോടെ വീണ്ടും സർവ്വേ നടത്താൻ എത്തിയപ്പോഴായിരുന്നു പ്രദേശത്തെ ന്യൂനപക്ഷ മതവിശ്വാസികളുടെ പ്രതിഷേധം ഉയർന്നത്. പോലീസ് പള്ളിക്കകത്തേക്ക് കയറുന്നത് വിശ്വാസികൾ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ഉണ്ടാകുന്നത്. സർവ്വേസംഘത്തോടൊപ്പം അവിടെയെത്തിയ കാവിപ്പടയാണ് വിശ്വാസികളെ തടയാനും സംഘർഷമുണ്ടാക്കാനും ശ്രമിച്ചത്. പ്രതിഷേധം അവഗണിച്ച് സർവ്വേ നടത്തുന്നത് തടയാൻ ശ്രമിച്ച വിശ്വാസികൾക്കുനേരെ പോലീസ് വെടിവെക്കുകയായിരുന്നു. അതിലാണ് അഞ്ചു പേർ കൊല്ലപ്പെട്ടത്. രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങൾ ഭരണകൂടത്തിന്റെയും ആൾക്കൂട്ട ഭീകരതയുടെയും കടന്നാക്രമണങ്ങളിൽ സുരക്ഷിതമായിരിക്കില്ല എന്നാണ് സംഭൽ നൽകുന്ന സൂചന.
1958-ലെ നിയമപ്രകാരം പുരാതന സ്മാരകമായി സംരക്ഷിക്കപ്പെട്ട പള്ളിയാണ് ഷാഹി ജുമാമസ്ജിദ്. എന്നാൽ ആർ.എസ്.എസുകാരുടെ വാദം കൽക്കി പ്രതിഷ്ഠയുള്ള ശ്രീ ഹരിഹർ ക്ഷേത്രം തകർത്ത് മുഗൾ ചക്രവർത്തി ബാബർ എ.ഡി 1527-28 കാലത്ത് നിർമ്മിച്ചതാണ് ഷാഹി ജുമാമസ്ജിദ് എന്നാണ്. ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത ആരോപണം ഉന്നയിച്ച് കോടതിയെപ്പോലും കൂട്ടുപിടിച്ച് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കുകയെന്ന സംഘപരിവാറിന്റെ കുടിലബുദ്ധിയാണ് ഷാഹി ജുമാമസ്ജിദ് തർക്കം. ബാബ്‌റിമസ്ജിദ് എന്ന പോലെ രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളെയെല്ലാം തർക്കപ്രശ്‌നമാക്കാനും തകർക്കാനുമുള്ള ആസൂത്രിത നീക്കമാണിത്.