‘ഗേസൂ’, ഒരു കൂട്ടക്കൊലയുടെ തീരാവേദന;
തലമുറകളിലേക്ക് പടരുന്ന ഭോപ്പാൽ ദുരന്തം

ഭോപ്പാൽ വാതക ദുരന്തത്തിന് 40 വർഷം തികഞ്ഞ കഴിഞ്ഞ ഡിസംബർ 3-ന് മധ്യപ്രദേശ് ഹൈക്കോടതി യൂണിയൻ കാർബൈഡിന്റെ ഫാക്ടറി സ്ഥലത്തുള്ള രാസവിഷമാലിന്യം നീക്കം ചെയ്യാത്തതിന് സംസ്ഥാന, കേന്ദ്ര സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു. എണ്ണായിരം മെട്രിക് ടൺ രാസമാലിന്യമാണ് കാർബൈഡ് ഫാക്‌ടറിക്കുള്ളിൽ അട്ടിയിട്ടിരിക്കുന്നത്. പതിനായിരം മെട്രിക് ടണ്ണോളം രാസമാലിന്യം കമ്പനിക്കു പുറത്ത്, കുറച്ചകലെയായി നിക്ഷേപിച്ചിരിക്കുകയാണ്- 1984-ൽ ഭോപ്പാലിൽ നടന്ന കൂട്ടക്കൊലയുടെ തീരാത്ത പ്രത്യാഘാതങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും എ​ഴുതുന്നു, ​​പ്രമോദ് പുഴങ്കര.

ചില ഫലിതങ്ങൾ കറുപ്പോ വെളുപ്പോ എന്നറിയാതെ കാലക്രമേണ സാധാരണ സംഭവമായി മാറും; ചില ദുരന്തങ്ങളും. ചന്ദ്രശേഖറിന്റെ ജീവിതവും ഭോപ്പാൽ ദുരന്തവും സമാനതകൾ പേറുന്നതങ്ങനെയാണ്. രണ്ടും അതിന്റെ യാഥാർത്ഥ്യങ്ങളിൽനിന്ന് തെറ്റിയും തെന്നിയും ഏറെ മാറിപ്പോയി.

1984 ഡിസംബർ 3-ന്, ഒരു പിറവിയുടെ എല്ലാ വേദനയും പേറി പാതിമിഴിച്ച കണ്ണുകളും നേരിയ കരച്ചിലുമായി ഭോപ്പാൽ നഗരത്തിലെ ഇബ്രാഹിം ഗഞ്ജിൽ ഒരു കുഞ്ഞ് പിറന്നുവീണപ്പോൾ അവന്റെ കുഞ്ഞുശ്വാസപേടകങ്ങളിലേക്ക്, കിരാതമായ വാത്സല്യത്തോടെ, മീഥൈൽ ഐസോസൈനേറ്റിന്റെ വിഷക്കാറ്റ് പടരുകയായിരുന്നു. ചുട്ടെരിയുന്ന കണ്ണുകളിൽനിന്ന് നിറഞ്ഞൊഴുകുന്ന പുഴകളുടെ മങ്ങിയ ജലപാളികളിലൂടെ തന്റെ കുഞ്ഞിനെ നോക്കിയ കിരൺബായിക്ക് കരയണോ സന്തോഷിക്കണോ എന്നറിയില്ലായിരുന്നു.

‘പ്രത്യക്ഷത്തിൽ അവന് കുഴപ്പമൊന്നും ഉണ്ടായില്ല. എന്നാൽ സമപ്രായക്കാരെപ്പോലെയുള്ള ബുദ്ധിവളർച്ച ഉണ്ടായില്ല. എന്നാലും പണിക്കൊക്കെ പോകും. അകലത്തു വിടാൻ എനിക്കു പേടിയാണ്’. ‘ആ വിഷപ്പുക പരന്ന ദിവസം ജനിച്ചതുകൊണ്ട് എല്ലാവരും അവനെ ഗേസൂ, ഗേസൂ എന്നാണ് വിളിക്കുന്നത്. പക്ഷേ, അവന്റെ പേര് ചന്ദ്രശേഖർ എന്നാണ്’.
‘ചന്ദ്രശേഖറിനെ കാണാൻ ഞാൻ ഇന്നലെ വന്നിരുന്നു’- ഞാൻ ആ പേരു വിളിച്ചതുകേട്ട് അയാളാകെ അമ്പരന്നു.

ഗേസൂ എന്ന് വിളിക്കപ്പെടുന്ന ചന്ദ്രശേഖർ
ഗേസൂ എന്ന് വിളിക്കപ്പെടുന്ന ചന്ദ്രശേഖർ

‘എന്നെ ആരും അങ്ങനെ വിളിക്കാറില്ല. ഗേസൂ എന്നു മാത്രമേ വിളിക്കൂ. അമ്മ മാത്രമേ ചന്ദ്രശേഖർ എന്നു വിളിക്കാറുള്ളൂ. അമ്മ എന്നെ ഒരിക്കലും ഗേസൂ എന്നു വിളിച്ചിട്ടില്ല’ - ഇതു പറഞ്ഞപ്പോൾ ചന്ദ്രശേഖർ നിഷ്കളങ്കമായി ഉറക്കെ ചിരിച്ചു. പക്ഷേ, കിരൺബായി ശബ്ദമില്ലാതെ കരയുകയായിരുന്നു.

‘‘1984 ഡിസംബർ രണ്ടിന് രാത്രി ഭോപ്പാൽ നഗരം ശൈത്യകാലത്തിന്റെ ചെറിയ തണുപ്പിൽ ഉറങ്ങാൻ കിടക്കുമ്പോൾ നഗരത്തിന്റെ ആകാശത്തിൽ പതുക്കെ മരണത്തിന്റെ കരിമ്പടം പുതപ്പിടാൻ തുടങ്ങിയിരുന്നു. ആ രാത്രി, യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറിയിലെ എം.ഐ.സി പ്ലാന്റിലെ 610-ാം ടാങ്കിൽനിന്ന് മീഥൈൽ ഐസോസൈനേറ്റ് (Methyl Isocyanate- MIC) എന്ന കൊലയാളി വാതകം അന്തരീക്ഷത്തിലേക്ക് പരക്കാൻ തുടങ്ങി. അർദ്ധരാത്രി കഴിഞ്ഞതോടെ ഫാക്ടറിക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ എരിഞ്ഞുനീറുന്ന കണ്ണുകളും ശ്വാസം മുട്ടിക്കുന്ന ചുമയുമായി പരിഭ്രാന്തരായി വീടുകൾക്കു പുറത്തേ‌യ്ക്കോടി. ആദ്യമൊക്കെ എന്താണു സംഭവിക്കുന്നതെന്നുതന്നെ ആളുകൾക്കു മനസ്സിലായില്ല. യൂണിയൻ കാർബൈഡിന്റെ എം.ഐ.സി പ്ലാൻ്റിൽനിന്ന് വാതകം ചോരുന്നെന്ന വാർത്തയും അപായമണിയുമെല്ലാം വളരെ വൈകിയാണ് എത്തിയത്. ജെ.പി നഗറിലെ വീട്ടിൽനിന്ന് ഞങ്ങൾ ജീവനും കൊണ്ടാണ് ഓടിയത്. സത്യത്തിൽ എങ്ങോട്ടാണ് ഓടുന്നതെ ന്നുതന്നെ ഞങ്ങളാലോചിച്ചിരുന്നില്ല’’- കാർബൈഡ് ഫാക്‌ടറിയുടെ അടഞ്ഞ വലിയ ഇരുമ്പുകവാടത്തിനരികിലെ കുടിലിനു മുന്നിലിരുന്ന് ബക്കീഭായി പറഞ്ഞു; “സത്യത്തിൽ ഒന്നും കാണാൻ തന്നെ ഉണ്ടായിരുന്നില്ല. കണ്ണുകൾ ഉരുളക്കിഴങ്ങു വേവിച്ചതുപോലെ ചുവന്ന് വീർത്തിരുന്നു’’.

ഭോപാലിലെ  യൂണിയൻ കാർബൈഡ് കമ്പനി
ഭോപാലിലെ യൂണിയൻ കാർബൈഡ് കമ്പനി

ബക്കീഭായി മാത്രമല്ല, പഴയ ഭോപ്പാൽ നഗരത്തിലെ പതിനായിരക്കണക്കിനാളുകൾ ജീവനും വാരിപ്പിടിച്ച് വിഷപ്പുകയിൽനിന്ന് ഓടിമാറാൻ ശ്രമിക്കുകയായിരുന്നു. എല്ലാവരും ബക്കീഭായിയെപ്പോലെ ഓട്ടം പൂർത്തിയാക്കിയില്ല.

അയ്യായിരത്തിലേറെപ്പേർ (ഔദ്യോഗിക കണക്കുകളനുസരിച്ചുതന്നെ 5479 മനുഷ്യർ) അന്നൊരൊറ്റ രാത്രി നഗരത്തിലെ തെരുവുകളിലും വീടുകളിലും ഉറുമ്പുകളെപ്പോലെ മരിച്ചു കിടന്നു. എണ്ണമില്ലാത്ത കന്നുകാലികൾ വീർത്തുപൊട്ടിയ വയറുമായി മാനം നോക്കിക്കിടന്നു.

ലാഭത്തിന്റെ കണക്കുകൾ മാത്രം നോക്കി മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരെ കൊലയ്ക്കു കൊടുക്കുമ്പോൾ ഒരു കാലത്തും ഒരു ബഹുരാഷ്ട്ര കുത്തകക്കമ്പനിക്കും കുറ്റബോധമുണ്ടായിട്ടില്ല.

ജെ.പി നഗറിലെ ഒന്നാം നമ്പർ തെരുവിലെ 51-ാം നമ്പർ മുറിയിൽ നിന്നും മക്കളെയും വാരിയെടുത്ത് പുറത്തേക്കുപാഞ്ഞ ഷബ്ബീർഖാൻ തന്റെ അടുത്ത വീട്ടിലേക്ക് ഒന്നു പാളിനോക്കി. അയൽക്കാരൻ ഗഫാർഖാനും മക്കളും പോയോ എന്നയാൾക്ക് തീർച്ചയില്ല. ആലോചിച്ചു നിൽക്കാൻ സമയമില്ലാത്തതുകൊണ്ട് ഷബ്ബീർഖാൻ തിരിഞ്ഞുനടന്നില്ല. അടുത്ത ദിവസം ഒരു ക്ഷേത്രഗണിത സമസ്യപോലെ കിടന്ന ശവശരീരങ്ങൾക്കിടെ ഗഫാർഖാന്റെ വീട്ടിലെത്തിയ ഷബ്ബീർഖാനെ കാത്ത് ഗഫാർഖാനും നാല് ആൺ മക്കളും ഒരു മകളും മീഥൈൽ ഐസോസൈനേറ്റിന്റെ ‘ചെറിയ അസ്വാസ്ഥ്യം മാത്രമുണ്ടാക്കുന്ന’ വാതകത്തിന്റെ ശല്യം സഹിക്കാതെ മരിച്ചുകിടന്നിരുന്നു. ദുരന്തത്തിനുശേഷം ഈ രാസസംയുക്തത്തിന്റെ മറുമരുന്നിനും ശാസ്ത്രീയ വസ്തുതകൾക്കുമായി അന്വേഷിച്ച ഡോക്‌ടർമാരോട്, യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ ഔദ്യോഗിക ഡോക്‌ടർ, ഡോ. ലോയ നൽകിയ മറുപടി ഇതായിരുന്നു: ‘അതൊരു വിനാശകാരിയായ വാതകമൊന്നുമല്ല; ചെറിയ അസ്വസ്ഥതയുണ്ടാക്കുന്ന ഒരുതരം കണ്ണീർവാതകം’.

ലാഭത്തിന്റെ കണക്കുകൾ മാത്രം നോക്കി മൂന്നാം ലോകരാജ്യങ്ങളിലെ ദരിദ്രരെ കൊലയ്ക്കു കൊടുക്കുമ്പോൾ ഒരു കാലത്തും ഒരു ബഹുരാഷ്ട്ര കുത്തകക്കമ്പനിക്കും കുറ്റബോധമുണ്ടായിട്ടില്ല. തെരുവുവിളക്കുകൾക്കും കാറിന്റെ ഹെഡ് ലാംപുകൾക്കും വേണ്ട ബാറ്ററികളും ആർക്ക് ലാംപുകളും ഉണ്ടാക്കുന്ന നാല് അമേരിക്കൻ കമ്പനികൾ ലയിച്ച് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രൂപവത്കരിച്ച യൂണിയൻ കാർബൈഡിന്റെ അവസ്ഥയും ഇതുതന്നെയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയായപ്പോഴേക്കും യൂണിയൻ കാർബൈഡ് കമ്പനിക്ക് നാല്പത് രാജ്യങ്ങളിലായി 130 സബ്‌സിഡിയറികളും അഞ്ഞൂറോളം ഉല്പാദനകേന്ദ്രങ്ങളും 1,20,000 തൊഴിലാളികളുമുണ്ടായിരുന്നു. വ്യാവസായികാവശ്യങ്ങൾക്കു വേണ്ട നൈട്രജൻ, ഓക്സിജൻ, മീഥൈൻ, എഥിലിൻ, പ്രൊപ്പൈൻ എന്നിവയായിരുന്നു പ്രധാന ഉല്പന്നങ്ങൾ.

1950-കളിൽ വിളനാശിനികളായ കീടങ്ങളെ നശിപ്പിക്കാനെന്ന പേരിൽ ലോകത്തെ രാസക്കമ്പനികൾ പുതിയ വിപണി തേടുന്ന കാലത്ത് യു.സി.സിയും പിറകിലായില്ല. അങ്ങനെയാണ് യു.സി. സിയുടെ സെവിൻ ബ്രാൻഡ് കീടനാശിനി ഉണ്ടാക്കുന്നത്. കീടങ്ങളുടെ നാഡീവ്യവസ്ഥയെ നിശ്ചലമാക്കിക്കൊണ്ടാണ് സെവിൻ അവയെ കൊന്നിരുന്നത്. മൃഗങ്ങളിൽ എം.ഐ.സി പരീക്ഷിച്ചപ്പോഴുണ്ടായ പ്രത്യാഘാതങ്ങൾ ഭീകരമായിരുന്നു. അതുകൊണ്ടുതന്നെ കമ്പനി ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടില്ല.

യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ എം.ഐ.സി പ്ലാന്റിലെ E 610 ടാങ്കിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്.
യൂണിയൻ കാർബൈഡ് ഫാക്ടറിയിലെ എം.ഐ.സി പ്ലാന്റിലെ E 610 ടാങ്കിൽ നിന്നാണ് വാതക ചോർച്ചയുണ്ടായത്.

ഇന്ത്യൻ സർക്കാർ ചുവന്ന പരവതാനി വിരിച്ച് കാർബൈഡിനെ ഇന്ത്യയിലേക്ക് ആനയിച്ചു. ഹരിതവിപ്ലവത്തിന്റെ പ്രത്യാശാഗോപുരങ്ങൾ കീടനാശിനികളുടെ ചാക്കുകൾക്കു പുറത്ത് കെട്ടിപ്പൊക്കുകയായിരുന്നു സർക്കാർ. അമേരിക്കയിലെ യൂണിയൻ കാർബൈഡിൽനിന്നും 1200 ടൺ സെവിൻ യു.സി.ഐ.എൽ ഇറക്കുമതി ചെയ്യാനുള്ള ഒരു കരാറിൽ കേന്ദ്ര സർക്കാർ ഒപ്പുവച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ യു.സി.സി സെവിൻ ഉല്പാദിപ്പിക്കാൻ ഇന്ത്യയിൽ ഒരു ഫാക്‌ടറി തുടങ്ങുമെന്നായിരുന്നു കരാറിലെ വാഗ്ദാനം. ഭോപ്പാലിലെ കാളി മൈതാനത്ത് ഫാക്ട‌റിക്കുള്ള സ്ഥലം കണ്ടെത്തി. പ്രതിവർഷം 5000 ടൺ സെവിൻ ഉല്പാദിപ്പിക്കാനായിരുന്നു കരാർ. യു. സി.ഐ.എൽ. യു.സി.സിയുടെ ഓഹരി പങ്കാളിത്തം 50.9 ശതമാനമായിരുന്നു. യു.സി.സി എൻജിനീയർ, അർജൻ്റീനക്കാരനായ എഡ്വാർഡോ മുനേസയെ പദ്ധതിയുടെ ചുമതല ഏല്പിച്ചു. ഇത്രയും ജനവാസമുള്ള ഒരു പ്രദേശത്ത് ഫാക്ട‌റി നിർമ്മിക്കുന്നതിനും അയ്യായിരം ടണ്ണോളം എം.ഐ.സി സംഭരിക്കുന്നതിനും എഡ്വാർഡോ മുനോസോ എതിരായിരുന്നു.

എന്നാൽ, മനുഷ്യരുടെ ചോരയിൽ മുങ്ങിവളർന്ന മുതലാളിത്തത്തിനും അതിന്റെ അവസാനിക്കാത്ത ലാഭാർത്തിക്കും അതൊന്നും ഒരു പ്രശ്ന്മേ ആയിരുന്നില്ല. ഒരു മൂന്നാം ലോക രാജ്യത്തിലെ ദരിദ്രരായ മനുഷ്യരുടെ ആരോഗ്യവും ജീവനും വളമായിട്ടിട്ടല്ലാതെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഒരു പദ്ധതിയും ചരിത്രത്തിൽ വളർന്നിട്ടില്ല എന്നതുകൊണ്ട് അതൊരു അനിവാര്യത കൂടിയായിരുന്നു. ഒപ്പം, ദല്ലാളുകളുടെ രൂപത്തിലുള്ള ഇന്ത്യൻ ഭരണകൂടം കൂട്ടിച്ചേർന്നപ്പോൾ പതിനായിരക്കണക്കിന് മനുഷ്യർക്കിടയിൽ ഫാക്ടറി കെട്ടിപ്പൊക്കാൻ തുടങ്ങി.

ഇന്ത്യൻ സർക്കാർ ചുവന്ന പരവതാനി വിരിച്ചാണ് യൂണിയൻ കാർബൈഡിനെ ഇന്ത്യയിലേക്ക് ആനയിച്ചത്.
ഇന്ത്യൻ സർക്കാർ ചുവന്ന പരവതാനി വിരിച്ചാണ് യൂണിയൻ കാർബൈഡിനെ ഇന്ത്യയിലേക്ക് ആനയിച്ചത്.

1980-ൽ ഭോപ്പാലിലെ പ്ലാൻ്റിൽനിന്നും നിർമ്മാണം ആരംഭിച്ചു. എന്നാൽ ലാഭം വർദ്ധിപ്പിക്കാനുള്ള ത്വരയിൽ യു.സി.ഐ.എൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അവഗണിച്ചു. സർക്കാർ ഇതിനു നേരെ സൗകര്യപൂർവ്വം കണ്ണടച്ചു. 1982 ഡിസംബറിൽ ഫാക്‌ടറിയുടെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുയർന്ന ഒരു ചോദ്യത്തിന് മധ്യപ്രദേശിലെ അന്നത്തെ അർജുൻ സിങ് സർക്കാരിന്റെ മന്ത്രിസഭയിലെ തൊഴിൽമന്ത്രി ടി. എസ്. വിയോഗി പറഞ്ഞ മറുപടി ഇങ്ങനെ: “ഈ യൂണിറ്റിനായി 250 ദശലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇളക്കിക്കൊണ്ടുപോയി എവിടെയെങ്കിലും മാറ്റിവയ്ക്കാവുന്ന ഒരു കല്ലല്ല ഫാക്ടറി. ഭോപ്പാലിന് ഒരാപത്തുമില്ല. ഒരിക്കലുമുണ്ടാവുകയുമില്ല’’.

ഇതിനിടയ്ക്ക് ഫാക്ടറി സെവിൻ ഉല്പാദനം കുറച്ചിരുന്നു. എന്നാൽ ടൺകണക്കിന് എം.ഐ.സി ശേഖരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി നിരവധി വിദഗ്ദ്ധ തൊഴിലാളികളെ പറഞ്ഞുവിട്ടു. എം.ഐ.സി പ്ലാൻ്റിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കപ്പെട്ടിരുന്നില്ല. 1984-ൽ യു.സി.ഐ.എല്ലിന്റെ നഷ്‌ടം 50 ദശലക്ഷം രൂപയായി. ഇതോടെ കമ്പനി മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റാൻ യു.സി.സി ആലോചിച്ചു തുടങ്ങി.

എം.ഐ.സി പ്ലാൻ്റിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും അപകടസമയത്ത് പാലിക്കപ്പെടുകയോ പ്രവർത്തനക്ഷമമാവുകയോ ചെയ്തിരുന്നില്ല.
എം.ഐ.സി പ്ലാൻ്റിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും അപകടസമയത്ത് പാലിക്കപ്പെടുകയോ പ്രവർത്തനക്ഷമമാവുകയോ ചെയ്തിരുന്നില്ല.

എം.ഐ.സി പ്ലാൻ്റിനു വേണ്ട സുരക്ഷാ മാനദണ്ഡങ്ങളൊന്നും അപകടസമയത്ത് പാലിക്കപ്പെടുകയോ പ്രവർത്തനക്ഷമമാവുകയോ ചെയ്തിരുന്നില്ല. പ്രധാനമായും നാലു സുരക്ഷാസംവിധാനങ്ങളാണ് വേണ്ടിയിരുന്നത്.

  • ഒന്ന്, ബഹിർഗമനവും പ്രതിപ്രവർത്തനവും തടയുന്നതിന് സംഭരിച്ച എം.ഐ.സി തണുപ്പിക്കുന്നതിന് 30 ടൺ ശേഷിയുള്ള ശീതീകരണി.

  • രണ്ട്, ഏതെങ്കിലും തരത്തിൽ വാതകച്ചോർച്ച ഉണ്ടായാൽ കാസ്റ്റിക് സോഡ ഉപയോഗിച്ച് നിർവീര്യമാക്കുന്നതിന് ഒരു വെൻ്റ് ഗ്യാസ് സ്ക്രബ്ബർ.

  • മൂന്ന്, എം. ഐ.സി സംഭരണികളിൽനിന്നും മറ്റും വാതകച്ചോർച്ചയുണ്ടായാൽ കത്തിച്ചുകളയുന്നതിന് ഒരു ഫ്ളെയിം ടവർ.

  • നാല്, വാതകചോർച്ചയുണ്ടായാൽ ശക്തി കുറയ്ക്കുന്നതിന് വെള്ളം ചീറ്റിക്കാനുള്ള സംവിധാനം.

എന്നാൽ, അപകടമുണ്ടായ E -610, E-611, E-619 നമ്പർ ടാങ്കുകളിൽ ഈ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ചെലവു കുറയ്ക്കലിന്റെ ഭാഗമായി കമ്പനി ഇതെല്ലാം നിർത്തലാക്കിയിരുന്നു. E-610, E-611 ടാങ്കുകളിലാണ് എം. ഐ.സി സംഭരിക്കാറുണ്ടായിരുന്നത്. E-619 അത്യാവശ്യം വന്നാൽ എം.ഐ.സി മറ്റു ടാങ്കുകളിൽനിന്നും മാറ്റുന്നതിന് ഉപയോഗിക്കാൻ കരുതുന്നതാണ്. എന്നാൽ, അപകടസമയത്ത് മൂന്നു ടാങ്കുകളിലും എൺപതു ശതമാനത്തോളം എം.ഐ.സി ഉണ്ടായിരുന്നു. 1984 ഡിസംബർ രണ്ടിനു നടന്ന, കുഴലുകൾ വെള്ളം കൊണ്ട് വൃത്തിയാക്കുന്ന പരിപാടി കുഴലുകളിലെ ഖര രാസസംയുക്തങ്ങളുടെ ആധിക്യം മൂലം തകരാറിലായി. തുടർന്ന് ഇരുമ്പുതുരുമ്പും ക്ളോറൈഡും സോഡിയം സംയുക്തങ്ങളും കലർന്ന ഉത്തേജകങ്ങൾ കലർന്ന വെള്ളം എം.ഐ.സി സംഭരണിയിലേക്ക് പ്രവേശിച്ചു. വിദഗ്ദ്ധ തൊഴിലാളികളുടെ അഭാവം കൂടിയായപ്പോൾ സംഭരണികൾ പൊട്ടി വിഷപ്പുക പരക്കുകയായിരുന്നു.

ദുരന്തത്തിന്റെ ഉത്തരവാദിത്തം യൂണിയൻ കാർബൈഡിൽ മാത്രമായി ഒതുങ്ങുന്നില്ല. എല്ലാവിധ മാനദണ്ഡങ്ങളും മറികടന്ന് കാർബൈഡിന്റെ കൊള്ളയ്ക്ക് കൂട്ടുനിന്ന രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും കൂടി കുറ്റവാളിപ്പട്ടികയിൽ പെടേണ്ടതുണ്ട്. എന്നാൽ ഇവരെപ്പോയിട്ട് യു.സി.സി സി.ഇ.ഒ വാറൻ ആൻഡേഴ്‌സണെ പോലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി വിചാരണ ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു.

ഷബീർ ഖാൻ
ഷബീർ ഖാൻ

ദുരന്തത്തിന്റെ അന്നുതൊട്ടേ യൂണിയൻ കാർബൈഡിനെ രക്ഷപ്പെടുത്തുന്നതിനുള്ള ഒരുക്കം ഭരണകൂടം ആരംഭിച്ചു. എം.ഐ.സി പ്ലാൻ്റിന്റെ ചോർച്ചയെക്കുറിച്ചറിഞ്ഞ നിമിഷം ഭോപ്പാലിലെ ഉന്നത രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വം നഗരം വിട്ടോടി. എന്തു ശ്രമം നടത്തിയും ശവശരീരങ്ങളുടെ എണ്ണം കുറച്ചു കാണിക്കാൻ മുഖ്യമന്ത്രി അർജുൻ സിങ് ഭോപ്പാലിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉറുമ്പുകളെപ്പോലെ മരിച്ചുകിടന്നിരുന്ന മനുഷ്യരെ കിട്ടാവുന്നത്ര കൂട്ടിയെടുത്തു കുഴിച്ചിട്ടു, ചിതകളിലിട്ടു, നദിയിലെറിഞ്ഞു. അതിൽ മരിക്കാത്തവരും ജീവന്റെ തുടിപ്പുകളുമുള്ള മനുഷ്യരുമുണ്ടായിരുന്നു. ഭോപ്പാലിലെരിഞ്ഞ നൂറുകണക്കിന് ചിതകൾക്ക് മതവും ജാതിയും ഇല്ലായിരുന്നു.

വിഷപ്പുക ദുരന്തത്തിൽപ്പെട്ട ഏതാണ്ടെല്ലാവരും തന്നെ ദരിദ്രന്മാരാണ്. അവർ ജീവിച്ചാലും മരിച്ചാലും ഭരണകൂടത്തിനൊന്നുമില്ല.

“പുക പരക്കുമ്പോൾ ഞാൻ വീട്ടിനകത്ത് ഉറക്കമായിരുന്നു. പുറത്തുപോകാൻ പോലു മാകാതെ, കണ്ണിലാകെ ചുട്ടെരിയാൻ തുടങ്ങി. ചുമച്ചു, ചുമച്ച് ശ്വാസം മുട്ടി. എന്റെ ബോധം പോയി. ദേഹത്ത് പെട്രോളിന്റെ നനവു തട്ടിയപ്പോഴാണ് പിന്നെ ഞാൻ ഞെട്ടിയുണർന്നത്. കത്താൻ തുടങ്ങിയ ചിതയിൽ നിന്ന് മൃതദേഹങ്ങൾക്കിടയിൽനിന്നും ഞാനെങ്ങനെയോ പുറത്തു കടന്നു’’- ലീലാബായി പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഞാനവരുടെ കണ്ണുകളിലേക്കു നോക്കി. ലോകചരിത്രത്തിലെ ഏറ്റവും വലിയ രാസദുരന്തത്തിന്റെ ചിതാഗ്നിയിൽനിന്നും വെപ്രാളത്തോടെ ഇറങ്ങിയോടിയ ഒരു പ്രാണൻ തളർച്ചയോടെ അവിടെ മിന്നുന്നുണ്ടായിരുന്നു. പിന്നെ

എം.ഐ.സി പ്ലാൻ്റിന്റെ ചോർച്ചയെക്കുറിച്ചറിഞ്ഞ നിമിഷം തന്നെ ഭോപ്പാലിലെ ഉന്നതരാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം നഗരം വിട്ടോടി. മുഖ്യമന്ത്രി അർജ്ജുൻസിങ്, എന്തു ശ്രമം നടത്തിയും ശവശരീരങ്ങളുടെ എണ്ണം കുറച്ചു കാണിക്കാൻ ഭോപ്പാലിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
എം.ഐ.സി പ്ലാൻ്റിന്റെ ചോർച്ചയെക്കുറിച്ചറിഞ്ഞ നിമിഷം തന്നെ ഭോപ്പാലിലെ ഉന്നതരാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വം നഗരം വിട്ടോടി. മുഖ്യമന്ത്രി അർജ്ജുൻസിങ്, എന്തു ശ്രമം നടത്തിയും ശവശരീരങ്ങളുടെ എണ്ണം കുറച്ചു കാണിക്കാൻ ഭോപ്പാലിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പതുക്കെ എന്റെ ചെവിടിനരികത്തേക്ക് ഏന്തിയിരുന്ന് ശബ്ദം താഴ്ത്തി അവർ പറഞ്ഞു, “മോനേ, ആറുമാസം പ്രായമുള്ള ഒരു കുട്ടി വയറ്റിലുണ്ടായിരുന്നു. അതും പോയി’’.

ലീലാബായിയുടെ ഭർത്താവ് കി ഷോർലാൽ അകത്തെമുറിയിൽ നിന്നും വേച്ചുവേച്ചു വന്നു. ‘‘അന്നു തുടങ്ങിയ ചുമയും ശ്വാസം മുട്ടലുമാണ്. ഒരു ജോലിയും ചെയ്യാൻ പറ്റിയിട്ടില്ല’’.

ഇങ്ങനെ എത്രയോ കുടുംബങ്ങൾ. വിഷപ്പുക ദുരന്തത്തിൽപ്പെട്ട ഏതാണ്ടെല്ലാവരും തന്നെ ദരിദ്രന്മാരാണ്. അവർ ജീവിച്ചാലും മരിച്ചാലും ഭരണകൂടത്തിനൊന്നുമില്ല. കാർബൈഡ് ദുരന്തത്തിന്റെ രൂക്ഷത മുഴുവനേറ്റ ജയപ്രകാശ്‌നഗർ, കാജികാംപ്, ടീലാ ജമാൽപുര, ഷാജഹാനാബാദ്, മണ്ഡൽ ഗ്രൗണ്ട് സ്‌റ്റോപ്പ്, ഛേലാറോഡ്, കാംചിച്ചോലാ, റെയിൽവേ കോളനി, സ്‌റ്റേഷൻ ബമരിയാ, ചാന്ദ് ബഡ, നൂർ മഹൽ, ഹവാമഹൽ, ഫതേഗഢ് എന്നീ പ്രദേശങ്ങളെല്ലാം പാവപ്പെട്ട മനുഷ്യർ ഇടതിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളായിരുന്നു. ഒരുനേരത്തെ അഷ്ടിക്ക് പകലന്തിയോളം പണിയെടുക്കേണ്ട നിർഭാഗ്യവാന്മാർ. ഇത്തരം മനുഷ്യർക്ക് പ്രത്യേക അവകാശാധികാരങ്ങളൊന്നും നൽകിയില്ലെങ്കിലും തരക്കേടില്ലെന്നു തോന്നിയതുകൊണ്ട് 1985-ൽ Bhopal Gas Leak Disaster (Processing of Claims) Act ഉണ്ടാക്കിയ സർക്കാർ ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലെയും സ്വയം പ്രഖ്യാപിതവാദിയായി.

ലീല ഭായ്
ലീല ഭായ്

അതു വെറുതെയായിരുന്നില്ല. ഉദാരനും ക്ഷമാശീലനും എല്ലാം പൊറുക്കുന്നവനുമായ സർക്കാർ യൂണിയൻ കാർബൈഡിന് കാര്യങ്ങൾ സുഗമമാക്കിക്കൊടുത്തു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ നാണംകെട്ട ഒരിടപാടിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ നരകതുല്യമാക്കി മാറ്റിയ ഒരു ദുരന്തത്തിന് രാജ്യത്തെ പരമ്മോന്നത നീതിപീഠം 470 ദശലക്ഷം ഡോളർ എന്ന തുച്ഛമായ വിലയിട്ടു. അന്നത്തെ നിലയ്ക്ക് ഏതാണ്ട് 713 കോടി രൂപയാണ് യു.സി.സി നൽകിയത്. ശരാശരി എടുത്തുനോക്കിയാൽ കൊല്ലപ്പെട്ടവരുടെ ഉറ്റവർക്ക് ഏതാണ്ട് ഒരു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 20,000 രൂപയും. (ഇതുവരെയായി ദുരന്തത്തിന്റെ നേരിട്ടുള്ള കാരണങ്ങളാൽ 25,000 പേർ കൊല്ലപ്പെട്ടു. അഞ്ചുലക്ഷത്തിലേറെപ്പേർ രോഗികളും)

എന്നുമാത്രമല്ല. ഒരിടത്തും അന്നു മുതൽ ഈ വിഷയത്തിൽ ഇനി യു.സി. സിക്കെതിരെ കേസുകളുണ്ടാവില്ലെന്നും കോടതി അനുരഞ്ജനവിധിയിൽ വ്യക്തമാക്കി. വർഗഭേദങ്ങളുടെ കണ്ണട കോടതി ഒരുളുപ്പും കൂടാതെ ഉപയോഗിക്കുകയായിരുന്നു.

ഇതേ കോടതിതന്നെ 1997-ലെ ഡൽഹി ഉപഹാർ സിനിമാ തീപിടുത്തക്കേസിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് (59 പേർ കൊല്ലപ്പെട്ടു, 104 പേർക്ക് പരിക്ക്) 15 മുതൽ 18 ലക്ഷം വരെയും പരിക്കേറ്റവർക്ക് ഒരുലക്ഷം 61 രൂപയും കൊടുത്തു. മാത്രമല്ല. 1997-ൽ കേസ് സമർപ്പിച്ച മുതൽക്കുള്ള 9 ശതമാനം പലിശയും.

ബഷീര്‍ ഭായ്
ബഷീര്‍ ഭായ്

2004-ൽ ഭോപ്പാൽ ദുരന്തത്തിലകപ്പെട്ടവർക്ക് 100 ശതമാനം നഷ്ടപരിഹാരത്തുക വർദ്ധിപ്പിച്ച കോടതി അന്യായമായി നീണ്ട കേസിൽ പലിശ നൽകാൻ വിധിയായില്ല. യൂണിയൻ കാർബൈഡിനാകട്ടെ നഷ്ടപരിഹാരത്തുക നൽകേണ്ടിവന്നതുകൊണ്ട് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല താനും. അതിനുവേണ്ട മിക്കവാറും തുക അവരുടെ ഇൻഷുറൻസ് കമ്പനിയിൽ നിന്നും തുടർന്ന് അതിന്റെ പലിശയിൽ നിന്നും ലഭിച്ചിരുന്നു.

യു.സി.സി, സി.ഇ.ഒ വാറൻ ആൻഡേഴ്സ‌ണെതിരെ കേസെടുക്കുന്ന കാര്യത്തിലും അയാളെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നതിലും ഇതേ ഇരട്ടത്താപ്പാണ് സർക്കാരും കോടതിയും കാണിച്ചത്. ഒത്തുതീർപ്പു വ്യവസ്ഥകൾ പ്രകാരം കാർബൈഡിനെതിരായ ക്രിമിനൽ കേസുകൾ വരെ ഇല്ലാതാക്കി സാമാന്യനീതിക്കുനേരെ പല്ലിളിച്ച നീതി പീഠം നടപ്പാക്കാത്ത വാറണ്ടുകളുമായി ഇപ്പോഴും ഉറക്കം തൂങ്ങി.

യു.സി.സി സി.ഇ.ഒ വാറൻ ആൻഡേഴ്സ‌ണെതിരെ കേസെടുക്കുന്ന കാര്യത്തിലും അയാളെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നതിലും ഇതേ ഇരട്ടത്താപ്പാണ് സർക്കാരും കോടതിയും കാണിച്ചത്.
യു.സി.സി സി.ഇ.ഒ വാറൻ ആൻഡേഴ്സ‌ണെതിരെ കേസെടുക്കുന്ന കാര്യത്തിലും അയാളെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യുന്നതിലും ഇതേ ഇരട്ടത്താപ്പാണ് സർക്കാരും കോടതിയും കാണിച്ചത്.

സർക്കാരിന്റെ ഒളിച്ചുകളിയും യു. സി.സിയെ രക്ഷപ്പെടുത്താനുള്ള തന്ത്രങ്ങളും ഒരു വഴിക്ക് നിർബാധം നടന്നു. 2009 സെപ്തംബർ 12-ന് ഭോപ്പാലിലെ കാർബൈഡ് ഫാക്‌ടറിയുടെ അടച്ചിട്ട ഫാക്ടറി സ്ഥലം സന്ദർശിച്ച അന്നത്തെ കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേഷ് പ്രദേശം വിഷമുക്തമാണെന്ന് പ്രഖ്യാപിച്ചു. അന്നത്തെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാൽ ഗൗർ സ്ഥലത്തെത്തി, ഇത് വെറും മാലിന്യം മാത്രമാണെന്നും വിഷാംശമില്ലെന്നും പ്രസ്താവന നടത്തി.

“സത്യാവസ്ഥ മറിച്ചാണെന്ന് പകൽപോലെ വ്യക്തമായിരിക്കെ എന്താണിതൊക്കെ കാണിക്കുന്നത്? ഭോപ്പാൽ ദുരന്തം യഥാർത്ഥ ബാധിതർക്ക് ശാപവും വ്യവസ്ഥയ്ക്ക് വരദാനവുമായിരുന്നു’’- ഭോപ്പാൽ വാതകദുരന്തത്തിലകപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ ഭോപ്പാൽ ഗാസ് പീഡിത് മഹിളാ ഉദ്യോഗ് സംഘടനയുടെ അമരക്കാരനായിരുന്ന ജബ്ബാർ ഭായി എന്ന അബ്ദുൽ ജബ്ബാർ ഖാൻ അന്നിത് പറഞ്ഞതിൽ നിന്നും ദുരന്തമുണ്ടാക്കിയ വിഷമാലിന്യത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ പരത്തുന്നതിൽ നിന്നും ഭരണകൂടം ഇപ്പോഴും മാറിയിട്ടില്ല.

ജബ്ബാർ ഭായ്
ജബ്ബാർ ഭായ്

ഭോപ്പാൽ വാതക ദുരന്തത്തിന് 40 വർഷം തികഞ്ഞ കഴിഞ്ഞ ഡിസംബർ 3-ന് മധ്യപ്രദേശ് ഹൈക്കോടതി യൂണിയൻ കാർബൈഡിന്റെ ഫാക്ടറി സ്ഥലത്തുള്ള രാസവിഷമാലിന്യം നീക്കം ചെയ്യാത്തതിന് സംസ്ഥാന, കേന്ദ്ര സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു. നാലാഴ്ചക്കുള്ളിൽ വിഷമാലിന്യം നീക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ നാല് പതിറ്റാണ്ടായി ഇതും ഇതിലേറെയും കണ്ട ഭരണകൂടത്തിന് ഇതുകൊണ്ടൊന്നും പ്രത്യേകിച്ചൊരു കുലുക്കവുമില്ല.

2024 മാർച്ച് 4-നു തയ്യാറാക്കിയ പദ്ധതി പ്രകാരം 180 ദിവസത്തിനുള്ളിൽ രാസമാലിന്യ നിർമ്മാർജ്ജന പരിപാടി പൂർത്തിയാക്കണമായിരുന്നു. അതാണിപ്പോൾ ഡിസംബറിൽ ഒന്നുമാകാതെ കോടതിയുടെ മറ്റൊരു അന്ത്യശാസനത്തിനു മുന്നിൽ നിൽക്കുന്നത്.

2012-ൽ വിഷമാലിന്യം ജർമ്മനിയിൽ കൊണ്ടുപോയി സംസ്കരിക്കാനുള്ള പദ്ധതി ജർമ്മൻ കമ്പനിയായ Deutsche Gesellschaft für Internationale Zusammenarbeit GmbH (GIZ) മുന്നോട്ട് വെച്ചു. 24.56 കോടി രൂപയായിരുന്നു കണക്കാക്കിയ മതിപ്പ് ചെലവ്. ജർമ്മൻകാരുടെ ജീവൻ ഇന്ത്യക്കാരേക്കാൾ അന്നാട്ടുകാർക്ക് പ്രിയപ്പെട്ടതായതുകൊണ്ട് അത് നടന്നില്ല. 2024 ആകുമ്പോൾ 126 കോടി രൂപ കേന്ദ്ര സർക്കാർ ഭോപ്പാലിലെ രാസമാലിന്യ നിർമ്മാജ്ജനത്തിന് വകയിരുത്തി. 2024 മാർച്ച് 4-നു തയ്യാറാക്കിയ പദ്ധതി പ്രകാരം 180 ദിവസത്തിനുള്ളിൽ രാസമാലിന്യ നിർമ്മാർജ്ജന പരിപാടി പൂർത്തിയാക്കണമായിരുന്നു. അതാണിപ്പോൾ ഡിസംബറിൽ ഒന്നുമാകാതെ കോടതിയുടെ മറ്റൊരു അന്ത്യശാസനത്തിനു മുന്നിൽ നിൽക്കുന്നത്.

2009 സെപ്ത‌ംബർ 12-ന് ഭോപ്പാലിലെ കാർബൈഡ് ഫാക്‌ടറിയുടെ അടച്ചിട്ട ഫാക്ടറി സ്ഥലം സന്ദർശിച്ച അന്നത്തെ കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേഷ് പ്രദേശം വിഷമുക്തമാണെന്ന് പ്രഖ്യാപിച്ചു.
2009 സെപ്ത‌ംബർ 12-ന് ഭോപ്പാലിലെ കാർബൈഡ് ഫാക്‌ടറിയുടെ അടച്ചിട്ട ഫാക്ടറി സ്ഥലം സന്ദർശിച്ച അന്നത്തെ കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേഷ് പ്രദേശം വിഷമുക്തമാണെന്ന് പ്രഖ്യാപിച്ചു.

വാതകദുരന്തത്തിന്റെ എല്ലാ കണക്കെടുപ്പും അന്വേഷണവും പഠനവും സർക്കാർ അവസാനിപ്പിച്ചിരിക്കുന്നു. 1994-ൽ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ICMR) അതിന്റെ വൈദ്യപഠനങ്ങൾ നിർത്തി. ഭോപ്പാലിലെ ഇടുങ്ങിയ ഗലികളിൽ വളർച്ചയില്ലാത്ത, ശാരീരിക വൈകല്യമുള്ള കുട്ടികൾ സാധാരണ അനുപാതത്തിൽ നിന്നും കൂടുതലായി പിറന്നുവീണു. എം.ഐ.സി ആക്രമണത്തിന്റെ പ്രത്യാഘാതത്തിന് പക്ഷേ, സർക്കാർ ഒരു സഹായവും ചെയ്യാൻ തയ്യാറല്ലിപ്പോൾ. ഇതുവരെ നടത്തിയ എല്ലാ വൈദ്യപഠനങ്ങളും കാണിക്കുന്നത് ഭോപ്പാൽ ദുരന്തം സൃഷ്ടിച്ച ആരോഗ്യപ്രശ്‌നങ്ങൾ അതീവ ഗുരുതരമാണെന്നാണ്.

ശ്വാസകോശരോഗങ്ങൾ, ശ്വാസതടസ്സം, ചുമ, നെഞ്ചുവേദന, തളർച്ച, ശരീരവേദന, അടിവയറ്റിലെ വേദന, വിരലുകളിലെ മരവിപ്പ്, കാഴ്‌ചക്കുറവ്, കണ്ണിൽ നിന്നും വെള്ളം വരൽ തുടങ്ങിയ പ്രത്യക്ഷമായ ശാരീരിക പ്രശ്‌നങ്ങൾ വളരെ വ്യാപകമാണ്. അതോടൊപ്പം, മാനസിക പ്രശ്‌നങ്ങളും. ഭീതി, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, അസ്വസ്ഥത, തലവേദന, മറ്റു മാനസിക പ്രശ്‌നങ്ങൾ എന്നിവയും ദുരിതബാധിതരിൽ കണ്ടുവരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ഏറ്റവും അനുഭവിക്കുന്നത് സ്ത്രീകളാണ്. ആർത്തവപ്രശ്‌നങ്ങൾ, ഉല്പാദനശേഷി വൈകല്യങ്ങൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ സ്ത്രീകളെ നിരന്തരം അലട്ടുന്നു. കുട്ടികളിലെ ബുദ്ധി മാന്ദ്യം, വളർച്ചക്കുറവ് എന്നിവയും പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളാണ്.

വഞ്ചനയുടെ 25 വർഷങ്ങൾ - ഭോപ്പാലിലെ ചുവരെഴുത്ത്
വഞ്ചനയുടെ 25 വർഷങ്ങൾ - ഭോപ്പാലിലെ ചുവരെഴുത്ത്

വാതക ദുരന്തത്തിനുശേഷം ജനിച്ച, ശാരീരിക വളർച്ചാവൈകല്യവും ബുദ്ധിമാന്ദ്യവുമുള്ള ഭോപ്പാലിലെ നിരവധി കുട്ടികൾ ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു. എന്നാൽ ഇവരൊന്നും സർക്കാരിന്റെ ദുരന്തബാധിത പട്ടികയിൽ പെടുകയില്ല.

‘‘അവനിപ്പോൾ 21 വയസ്സായി. പഠിക്കാൻ കുഴപ്പമില്ലായിരുന്നു. എന്നാൽ പിന്നെപ്പിന്നെ ക്ഷീണവും അസുഖവുമെല്ലാം കൂടി അവന് പഠിപ്പിൽ താല്പര്യമില്ലാതായി. കൂട്ടുകാരൊക്കെ അവനെ കളിയാക്കാൻ തുടങ്ങി. അവനിപ്പോൾ അങ്ങനെ പുറത്തു പോകാറില്ല. മരുന്നിനും മറ്റും ആരെന്തു സഹായം നൽകാൻ. വീട്ടിലിരുന്നിരുന്ന് അവനിപ്പോൾ ദേഷ്യമാണ്’’- ജഗദീശിന്റെ ചിത്രത്തിനു മുന്നിൽനിന്ന് അവന്റെ അമ്മ ലീലാബായി (2009-ൽ) ഇതു പറഞ്ഞപ്പോൾ ഞാൻ ആശ്ചര്യത്തോടെ ആ ഇരുപത്തൊന്നുകാരനെ നോക്കി. ഒരു എട്ടുവയസ്സുകാരന്റെ ശാരീരികവളർച്ചയും, ചിരിയോ കരച്ചിലോ എന്നറിയാത്ത മുഖഭാവവുമായിരുന്നു ജഗദീശിന്.

വാതക ദുരന്തത്തിന് ശേഷം ജനിച്ച, ശാരീരിക വളർച്ചാവൈകല്യവും ബുദ്ധിമാന്ദ്യവുമുള്ള ഭോപ്പാലിലെ നിരവധി കുട്ടികൾ ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു. എന്നാൽ ഇവരൊന്നും സർക്കാരിന്റെ ദുരന്തബാധിത പട്ടികയിൽ ഇല്ല. Photo:  Rohit Jain
വാതക ദുരന്തത്തിന് ശേഷം ജനിച്ച, ശാരീരിക വളർച്ചാവൈകല്യവും ബുദ്ധിമാന്ദ്യവുമുള്ള ഭോപ്പാലിലെ നിരവധി കുട്ടികൾ ഈ ദുരന്തത്തിന്റെ ഇരകളായിരുന്നു. എന്നാൽ ഇവരൊന്നും സർക്കാരിന്റെ ദുരന്തബാധിത പട്ടികയിൽ ഇല്ല. Photo: Rohit Jain

ജനതയോട് യാതൊരു ഉത്തരവാദിത്തവുമില്ലാതെ സർക്കാർ വരുംതലമുറകളെക്കൂടി കൊലയ്ക്കു കൊടുക്കാൻ സന്നദ്ധരാവുകയാണ്. എണ്ണായിരം മെട്രിക് ടൺ രാസമാലിന്യമാണ് കാർബൈഡ് ഫാക്‌ടറിക്കുള്ളിൽ അട്ടിയിട്ടിരിക്കുന്നത്. പതിനായിരം മെട്രിക് ടണ്ണോളം രാസമാലിന്യം കമ്പനിക്കു പുറത്ത്, കുറച്ചകലെയായി നിക്ഷേപിച്ചിരിക്കുകയാണ്. ഛേല ദസറാ മൈതാനിൽനിന്നും ഇരുപതു കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. സഹ്‌രീലാ തലാബ് (വിഷതടാകം) എന്നാണ് അതിന്റെ പേരുതന്നെ. യൂണിയൻ കാർബൈഡിന് മാലിന്യം നിക്ഷേപിക്കാൻ സർക്കാർ, കർഷകരിൽനിന്ന് ഏറ്റെടുത്തുകൊടുത്തതാണ് ഈ ഭൂമി. കാലം കഴിഞ്ഞ് പ്രശ്‌നങ്ങളേറിയപ്പോൾ കാർബൈഡ് ഭൂമി ഉപേക്ഷിച്ചു. കർഷകർക്കാണെങ്കിൽ ഭൂമി ഏറ്റെടുത്തതിന് വേണ്ടത്ര നഷ്ടപരിഹാരവും കിട്ടിയിരുന്നില്ല. ഇപ്പോഴും പരിസരപ്രദേശങ്ങളെ വിഷമാലിന്യഭീതിയിലാഴ്ത്തുകയാണ് ഈ രാസവിഷക്കുമ്പാരം. 2024-ലെ കണക്കനുസരിച്ച് ഇപ്പോഴും 326 മെട്രിക് ടൺ രാസവിഷമാലിന്യമാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.

മാലിന്യം നീക്കാനും ഭോപ്പാലിനെ ദുരന്തബാധയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തമാക്കാനും യൂണിയൻ കാർബൈഡ് തയ്യാറായിരുന്നില്ല. യു.സി.സിയെ വിലയ്ക്കു വാങ്ങിയ ഡോവ് കെമിക്കൽസും ഇതേ നിലപാടിൽത്തന്നെയാണ്. ഭരണനേതൃത്വവുമായുള്ള അവരുടെ രഹസ്യബാന്ധവം ഇതിന് കുട പിടിക്കുന്നു. ബി ജെ പി നേതാവും കേന്ദ്രമന്ത്രിയും ഉപരാഷ്ട്രപതിയുമൊക്കെയായിരുന്ന വെങ്കയ്യ നായിഡുവിന്റെ മരുമകന്റെ കമ്പനിയാണ് യു.സി.സി രാസമാലിന്യം പാക്ക് (Pack) ചെയ്തത് എന്നു വരുമ്പോൾ കാര്യം വ്യക്തമാകും.

യൂണിയൻ കാർബൈഡിനുവേണ്ടി നീതിബോധത്തെ ഗളച്‌ഛേദം ചെയ്തവർ തന്നെയാണ് ഖനന കമ്പനികൾക്കുവേണ്ടി ഛത്തീസ്ഗഢിലും ജാർഖണ്ഡിലും ആദിവാസികളെ കൊല്ലുന്നത്.

ലാഭദുര മൂത്ത മുതലാളിത്ത വികസനം ഇനി നാളെയെന്നൊന്നില്ല എന്ന മട്ടിൽ ചൂഷണത്തിന്റെ പാരമ്യത്തിലാണ്. വികസനത്തിന്റെ പേരു പറഞ്ഞ് രാജ്യത്തെ കൊള്ളയടിക്കുന്നത് മാന്യമായ ഒരു തൊഴിലായി മാറിയ കാലമാണിത്. ഡോവ് മെഡിക്കൽസ് രാജ്യത്ത് നൂറുകോടി ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറാണെന്നും അതുകൊണ്ട് അവർക്കെതിരായ ഭോപ്പാൽ ദുരന്തവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് അന്നത്തെ വാണിജ്യ മന്ത്രി കമൽനാഥായിരുന്നു. ഇതുതന്നെയാണ് ഡോവിന്റെ ഇന്ത്യൻ പങ്കാളി ടാറ്റാ കെമിക്കൽസും പറഞ്ഞത്ത്.

സിംഗൂരിലും നന്ദിഗ്രാമിലും ഒഡിഷയിലും ഛത്തിസ്‌ഗഢിലും വിഴിഞ്ഞത്തും തൂത്തുക്കുടിയിലും ഇതുതന്നെയാണ് നടക്കുന്നത്. ബഹുരാഷ്ട്ര കുത്തകകൾക്കും തദ്ദേശീയ കുത്തകകൾക്കും കൊള്ളയടിക്കുന്നതിന് ഭരണകൂടം രാജ്യത്തെ അടിച്ചമർത്തി, തളികയിൽ വച്ചുകൊടുക്കുകയാണ്. യൂണിയൻ കാർബൈഡിനുവേണ്ടി നീതിബോധത്തെ ഗളച്‌ഛേദം ചെയ്തവർ തന്നെയാണ് ഖനന കമ്പനികൾക്കുവേണ്ടി ഛത്തീസ്ഗഢിലും ജാർഖണ്ഡിലും ആദിവാസികളെ കൊല്ലുന്നത്. 542-ൽ 300-ലേറെപ്പേരും കോടീശ്വരന്മാരായ പാർലമെന്റുള്ള ഒരു ജനാധിപത്യത്തിൽ നിന്നും എന്താണ് പിന്നെ പ്രതീക്ഷിക്കേണ്ടത്?

യൂണിയൻ കാർബൈഡിനുവേണ്ടി നീതിബോധത്തെ ഗളച്‌ഛേദം ചെയ്തവർ തന്നെയാണ് ഖനന കമ്പനികൾക്കുവേണ്ടി ഛത്തീസ്ഗഢിലും ജാർഖണ്ഡിലും ആദിവാസികളെ കൊല്ലുന്നത്.
യൂണിയൻ കാർബൈഡിനുവേണ്ടി നീതിബോധത്തെ ഗളച്‌ഛേദം ചെയ്തവർ തന്നെയാണ് ഖനന കമ്പനികൾക്കുവേണ്ടി ഛത്തീസ്ഗഢിലും ജാർഖണ്ഡിലും ആദിവാസികളെ കൊല്ലുന്നത്.

പൗരസമൂഹത്തിന്റെയും സംഘടനാശക്തിയില്ലാത്ത ജനതയുടെയും നിസ്സംഗതയും നിസ്സഹായാവസ്ഥയും ഒരു പ്രശ്ന‌ത്തെ എങ്ങനെ മറന്നുപോകാൻ അനുവദിക്കുന്നു എന്നതിന്റെ തെളി വാണ് ഭോപ്പാൽ ദുരന്തം. ഭോപ്പാലിനെ ആളുകൾ പതുക്കെ മറക്കുകയാണ്.

വേദനാജനകമാണെങ്കിലും ഭോപ്പാലുകാർ തന്നെ അതു ചെയ്യുന്നു.
‘‘ഇതൊരു മരിച്ചുകൊണ്ടിരിക്കുന്ന വിഷയമാണ്. ഒരു മരിക്കുന്ന നഗരവും. സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഷ നമ്മൾ മറന്നിരിക്കുന്നു’’- 2009-ൽ ദുരന്തത്തിന്റെ കാൽ നൂറ്റാണ്ട് തികയുന്ന ഡിസംബറിലെ തണുത്ത ഭോപ്പാലിലിരുന്ന് സംസാരിക്കവെ, ഭോപ്പാൽ ഗ്യാസ് പീഡിത് സംഘടനയുടെ സ്ഥാപകൻ ജബ്ബാർഭായി പറഞ്ഞു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിന്റെ കയ്പ്പും ചവർപ്പും ആ മുഖത്തുണ്ടായിരുന്നു. വാതക ദുരന്തത്തിൽ ജബ്ബാറിന്റെ അമ്മയും സഹോദരനും മരിച്ചു. ഗുരുതരമായ ശ്വാസരോഗ രോഗങ്ങൾ ജബ്ബാറിനെയും പിടികൂടി. മരണം ദുരന്ത ബാധിതർക്കായി നിരന്തരമായി നടത്തിയ പോരാട്ടങ്ങൾക്കൊടുവിൽ 2029 നവംബറിൽ ജബ്ബാർ ഭായ് മരിച്ചു.

ഡിസംബർ മൂന്ന് ഒരു ചടങ്ങായി മാത്രം മാറുകയാണ്. നവ മുതലാളിത്തത്തിന്റെയും മുതലാളിത്ത വികസന സങ്കല്പത്തിന്റെയും വിഷപ്പുക നിറഞ്ഞ മേഘങ്ങൾ അന്ന് പടരുകയായിരുന്നെങ്കിൽ ഇന്നവ പേമാരിയായി പെയ്യുകയാണ്. ഏതു മഹാദുരന്തത്തിനു കൂട്ടുനിന്നിട്ടായാലും രാജ്യത്തെ വിറ്റിട്ടായാലും സിംഹാസനങ്ങളും പണക്കിഴികളും സ്വന്തമാക്കുന്ന മിർ ജാഫിർമാർ തിരിച്ചറിയാനാവാത്തവിധം പെരുകുകയാണ്. കോർപ്പറേറ്റുകളും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള ധാരണയെന്നതിനേക്കാൾ, രാജ്യം ഭരിക്കുന്നത് ഫാഷിസ്റ്റ്-കോർപ്പറേറ്റ് സഖ്യമായി മാറിയിരിക്കുന്നു.

ഡിസംബർ മൂന്ന് ഒരു ചടങ്ങായി മാത്രം മാറുകയാണ്. നവ മുതലാളിത്തത്തിന്റെയും മുതലാളിത്ത വികസന സങ്കല്പത്തിന്റെയും വിഷപ്പുക നിറഞ്ഞ മേഘങ്ങൾ അന്ന് പടരുകയായിരുന്നെങ്കിൽ ഇന്നവ പേമാരിയായി പെയ്യുകയാണ്.
ഡിസംബർ മൂന്ന് ഒരു ചടങ്ങായി മാത്രം മാറുകയാണ്. നവ മുതലാളിത്തത്തിന്റെയും മുതലാളിത്ത വികസന സങ്കല്പത്തിന്റെയും വിഷപ്പുക നിറഞ്ഞ മേഘങ്ങൾ അന്ന് പടരുകയായിരുന്നെങ്കിൽ ഇന്നവ പേമാരിയായി പെയ്യുകയാണ്.

മുതലാളിത്തം ഒരു സ്വാഭാവിക വ്യവസ്ഥതിയാണെന്നും അതൊരു സ്വാഭാവിക നീതിയാണെന്നും പൊതുബോധമായി മാറിയിരിക്കുന്നു. വിഭവ സ്രോതസ്സുകളുടെയും വിഭവങ്ങളുടെയും മുകളിൽ പൊതുസമൂഹത്തിനുള്ള അവകാശവും അവയുടെ നീതിയുക്തമായ വിനിയോഗത്തിനും സംരക്ഷണത്തിനുമുള്ള ഉത്തരവാദിത്തവും പൂർണമായും കൊള്ളയടിക്കപ്പെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വികസനമെന്ന മന്ത്രവാദപ്രക്രിയയിൽ എന്ത് വികസനം, ആരുടെ വികസനം, എന്തിനുള്ള വികസനമെന്ന ചോദ്യങ്ങളൊക്കെ നിരോധിക്കപ്പെട്ടിരിക്കുന്നു.

പാരിസ്ഥിതിക പ്രശ്നങ്ങളെന്നാൽ കേവലം ലാവണ്യബോധത്തിന്റെ കാല്പനിക വിലാപങ്ങളാണെന്ന അശാസ്ത്രീയ പുച്ഛത്തിന് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ കൂടിയാകുമ്പോൾ മുതലാളിത്ത വികസനത്തിന്റെ മൂലധന വാഴ്ച മനുഷ്യർക്കും ഭൂമിക്കും മുകളിൽ സർവ്വാധികാരിയായി വാഴിക്കപ്പെടുകയാണ്. കാലാവസ്ഥാ മാറ്റമടക്കമുള്ള, ഭൂമിക്കുമേലുള്ള മുതലാളിത്ത ചൂഷണത്തിന്റെ അതിഭീകരമായ പ്രത്യാഘാതങ്ങൾ മറ്റെന്തിലുമെന്നപോലെ ആദ്യം തകർക്കുന്നത് ദരിദ്രരായ ജനസമൂഹങ്ങളെയാണ്. ലാഭത്തിനുവേണ്ടിയുള്ള, മനുഷ്യരെയും പരിസ്ഥിതിയേയും ആവാസവ്യവസ്ഥിതിയുടെ സന്തുലിത ഘടനാക്രമങ്ങളേയും കണക്കിലെടുക്കാത്ത മുതലാളിത്ത ചൂഷണം എങ്ങനെയാണ് പതിറ്റാണ്ടുകൾ നീളുന്ന ദുരന്തനൈരന്തര്യമുണ്ടാക്കുക എന്നതിന് ഭോപ്പാൽ വാതക ദുരന്തം കണ്ണെരിയിക്കുന്ന ചരിത്രപാഠമായി നമുക്ക് മുന്നിലുണ്ട്. അതിൽനിന്നും നമ്മളൊന്നും പഠിച്ചിട്ടില്ലെന്ന ദുരന്തവും.

(വാതക ദുരന്തബാധിതരുടെ വിവരങ്ങളും അഭിമുഖങ്ങളും ഭോപ്പാൽ ദുരന്തത്തിന് കാൽ നൂറ്റാണ്ട് തികഞ്ഞ 2009-ൽ ലേഖകൻ നടത്തിയ പഠനത്തിൽ ശേഖരിച്ചതാണ്).

Comments