ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിലാണ്, ആമുഖത്തിലെ രണ്ട് പ്രയോഗങ്ങൾക്ക്- സോഷ്യലിസ്റ്റ്, സെക്യുലർ- സുപ്രീംകോടതി ഒരുതരം സന്ദേഹങ്ങൾക്കും ഇടയാക്കാത്ത പിന്തുണ നൽകിയത്.
ഈ രണ്ട് പ്രയോഗങ്ങൾ എന്തുകൊണ്ട് വീണ്ടും ഉറപ്പിക്കപ്പെടണം എന്നും എന്തുകൊണ്ട് ബി.ജെ.പിയെ പോലൊരു പാർട്ടിയെ അത് എന്തുകൊണ്ട് അസ്വസ്ഥപ്പെടുത്തുന്നു എന്നതും 75-ാം ഭരണഘടനാദിനത്തെ സംബന്ധിച്ച് അത്യന്തം പ്രസക്തമാണ്.
1976-ൽ 42-ാം ഭേദഗതിയിലൂടെയാണ്, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ, ജനാധിപത്യവും ഭരണഘടനയും തന്നെ ‘സസ്‌പെന്റ്' ചെയ്യപ്പെട്ട അടിയന്തരാവസ്ഥയുടെ ദിനങ്ങളിൽ, ഭരണഘടനയുടെ ആമുഖത്തിൽ സോഷ്യലിസറ്റ്, സെക്യുലർ എന്നീ പ്രയോഗങ്ങൾ ചേർത്തത്: 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാൻ ദൃഢനിശ്ചയമെടുത്തിരിക്കുന്നു' എന്ന വാക്യമാണ് 'ഞങ്ങൾ, ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, സെക്യുലർ, ജനാധിപത്യ റിപ്പബ്ലിക്കായി രൂപീകരിക്കാൻ ദൃഢനിശ്ചമെടുത്തിരിക്കുന്നു' എന്നാക്കി ഭേദഗതി ചെയ്തത്.
ഭേദഗതിക്കുപുറകിലെ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾ എന്തുതന്നെയായിരുന്നാലും സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ പ്രയോഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്കോ, അതിൽ പറയുന്ന മൗലികാവകാശങ്ങൾക്കോ ഒരുതരത്തിലും എതിരല്ല.
യഥാർഥത്തിൽ തുല്യതയ്ക്കുള്ള അവകാശത്തിന്റെ മറ്റൊരു തലമാണ് മതനിരപേക്ഷത എന്നത്. മാത്രമല്ല, സെക്യുലറിസം എന്ന പ്രയോഗത്തെ ഇന്ത്യ എന്ന രാജ്യത്തിന്റെയും പൗരരുടെയും അവർ പ്രതിനിധീകരിക്കുന്ന സാമൂഹിക സവിശേഷതികളുടെയും അടിസ്ഥാനത്തിൽ സ്വന്തമായൊരു വ്യാഖ്യാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബഞ്ച് വ്യക്തമാക്കുന്നു.
അതായത്, അത് മതനിഷേധമല്ല, മറിച്ച്, ഭരണകൂടം ഏതെങ്കിലും മതത്തെ പിന്തുണയ്ക്കുകയോ ഏതെങ്കിലും വിശ്വാസം പിന്തുടരുന്നത് കുറ്റകരമാക്കുകയോ ചെയ്യുന്നില്ല എന്ന് സുപ്രീംകോടതി പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനത്തെ എതിർക്കുന്നതിനൊപ്പം അത് എല്ലാ പൗരർക്കും തുല്യ അവസരം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആർട്ടിക്കൾ 14-ലെ തുല്യതയ്ക്കുള്ള അവകാശത്തിൽ, മതത്തിന്റെ പേരിൽ ഭരണകൂടം പൗരർക്കെതിരെ നടത്തുന്ന വിവേചനത്തെ ശക്തമായി തടയുന്നുണ്ട്. മാത്രമല്ല, ആർട്ടിക്കിൾ 25-ലെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, എല്ലാ പൗരർക്കും തന്റെ മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശവും നൽകുന്നു.
തുലതയ്ക്ക് വിഘാതമായ മതപരമായ കാര്യങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കാൻ ഭരണകൂടം ബാധ്യസ്ഥവുമാണ് എന്ന കോടതി വ്യാഖ്യാനവും സമകാലികമായി ഏറെ പ്രധാനമുള്ള ഒന്നാണ്.
അതായത്, ഇന്ത്യയുടെ ബഹുസ്വരമായ സാംസ്‌കാരിക വൈവിധ്യത്തെയും അത് പ്രതിനിധീകരിക്കുന്ന പലതരം മനുഷ്യരുരെയും ഒരുതരം വിവേചനവുമില്ലാതെ പൂർണമായി ഉൾക്കൊള്ളുന്ന തത്വമെന്ന നിലയ്ക്കാണ്, സെക്യുലറിസം പ്രായോഗികമായി ഇന്ത്യയിൽ വികസിച്ചുവന്നിട്ടുള്ളത്. ഇന്ത്യൻ സെക്യുലറിസത്തിന്റെ ഈയൊരു പ്രായോഗികതയാണ് ബി.ജെ.പിയെ ഉൽക്കണ്ഠപ്പെടുത്തുന്നതും.
സെക്യുലറിസം അടിസ്ഥാനഘടനയുമായി ഉൾച്ചേർന്നിരിക്കുന്നു എന്നതാണ്, ഇന്ത്യൻ ഭരണഘടനയെ ദുർബലമാക്കാനുള്ള ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ലക്ഷ്യങ്ങളുടെ പിന്നിൽ പ്രവർത്തിക്കുന്നത്. ഹിന്ദുത്വ എന്ന ഐഡിയോളജിക്ക് നേരെ എതിർപക്ഷത്താണ് സെക്യുലറിസത്തിന്റെ നിൽപ്പ്. ഇന്ത്യൻ ജനതയെ സമഗ്രമായി ഉൾക്കൊള്ളാത്ത ഒന്നാണ് ഹിന്ദുത്വ എന്ന തീവ്ര മതദേശീയത. ‘വിശാല ഹിന്ദു' എന്ന പ്രയോഗത്തിൽ ആർ.എസ്.എസ് പലപ്പോഴും ഊന്നാറുണ്ടെങ്കിലും അത്, ഹിന്ദുത്വയുടെ തന്ത്രപരമായ അടവുമാത്രമാണ്.
ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയെ റദ്ദാക്കി, ഭൂരിപക്ഷ മതത്തെ മുൻനിർത്തി ‘ഒരു സംസ്‌കാരം ഒരു ദേശീയത’ എന്ന ആശയമാണ് ആർ.എസ്.എസും ബി.ജെ.പിയും മുന്നോട്ടുവക്കുന്നത്. ഹിന്ദുത്വയ്ക്ക് കേന്ദ്രത്തിൽ ഒരു ഭരണകൂടം സാധ്യമാകുകയും അതിന് തുടർച്ചകളുണ്ടാകുകയും ചെയ്ത സന്ദർഭത്തിലാണ് സെക്യുലറിസം ഏറ്റവും രൂക്ഷമായി വെല്ലുവിളിക്കപ്പെടുന്നത് എന്നും ഓർക്കണം. ഹിന്ദുത്വയെ സംബന്ധിച്ച് ഏറ്റവും വിനാശകാരിയായ ഒരു തത്വത്തെ, അതും ഭരണഘടനാപരമായി അവകാശമാക്കപ്പെട്ട ഒരു തത്വത്തെ ദുർബലമാക്കേണ്ടത്, അടുത്ത വർഷം നൂറാം വാർഷികം ആഘോഷിക്കുന്ന ആർ.എസ്.എസിന്റെ ഭാവി ലക്ഷ്യത്തിന് അനിവാര്യമാണ് എന്നതും ഓർക്കേണ്ടതാണ്.
സോഷ്യലിസം എന്ന പ്രയോഗത്തോടുള്ള എതിർപ്പും, തുല്യതയെയും സാമൂഹിക നീതിയെയും കുറിച്ചുള്ള ഹിന്ദുത്വ ഐഡിയോളജിയുടെ അടിസ്ഥാനധാരണകളെ വെളിപ്പെടുത്തുന്നു. ഏതെങ്കിലുമൊരു സാമ്പത്തിക നയത്തെയല്ല, സോഷ്യലിസം എന്നതുകൊണ്ട് പ്രതിനിധീകരിക്കുന്നത് എന്നും അത് അവസരസമത്വത്തിലൂന്നിയ ക്ഷേമരാഷ്ട്ര സങ്കൽപ്പത്തെയാണെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു. കേവലം ഇടത്, വലത് എന്ന മട്ടിലുള്ള ഐഡിയോളജിക്കൽ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലല്ല സോഷ്യലിസത്തെ വ്യാഖ്യാനിക്കേണ്ടത് എന്ന കാഴ്ചപ്പാടാണ് സുപ്രീംകോടതി അവതരിപ്പിക്കുന്നത്. സാമ്പത്തിക വളർച്ചക്കൊപ്പമുള്ള സാമൂഹിക പുരോഗതി കൂടി ഇത് ലക്ഷ്യമിടുന്നു. അതായത്, പൗരരെ സാമൂഹികമായും സാമ്പത്തികമായും ഉന്നതിയിലേക്കുനയിക്കുന്ന സമീപനമാണ് ഇന്ത്യനവസ്ഥയിൽ സോഷ്യലിസം എന്നത് എന്നാണ് സുപ്രീംകോടതി പറഞ്ഞത്.
അത്, സ്വകാര്യസംരംഭങ്ങൾക്ക് എതിരോ സമ്പത്തിന്റെ ദേശസാൽക്കരണമോ ലക്ഷ്യമിടുന്നില്ല. അവസര സമത്വം എന്നതും തുല്യനീതി എന്നതും എല്ലാ പൗരരുടെയും അവകാശമായി മാറുകയാണ്, സോഷ്യലിസത്തിന്റെ ഇന്ത്യൻ പ്രയോഗത്തിലൂടെ. മാത്രമല്ല, ക്ഷേമരാഷ്ട്ര സങ്കൽപം എന്നതിനെ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാക്കുകയും ചെയ്യുന്നു. എന്നാൽ, സോഷ്യലിസം എന്നത് ഐഡിയോളജിക്കലായ ഒരു സാമ്പത്തിക ശാസ്ത്രം മാത്രമാണ് എന്ന വാദമാണ് ബി.ജെ.പി ഉയർത്തുന്നത്. അത്, തങ്ങൾ പ്രതിനിധീകരിക്കുന്ന വലതുപക്ഷ സാമ്പത്തിക നയങ്ങൾക്ക് എതിരാണ് എന്നും അവർ സ്വയം വ്യാഖ്യാനിക്കുന്നു.
ജവഹർലാൽ നെഹ്‌റുവിന്റെ കാലം മുതൽ പിന്തുടർന്നുവന്ന ക്ഷേമരാഷ്ട്ര സങ്കൽപ്പവും ബി.ജെ.പിയുടെ പ്രധാന ടാർഗറ്റുകളിൽ ഒന്നാണ്. മാർക്കറ്റ് ഇക്കോണമിയുടെയും ക്രോണി കാപ്പിറ്റലിസത്തിന്റെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന നിലയ്ക്ക്, വികസനവും സാമ്പത്തിക നയങ്ങളും സമ്പന്നവർഗത്തിനുവേണ്ടി എന്ന ഒറ്റ ലക്ഷ്യമാണ് ബി.ജെ.പി സർക്കാറിൻേറത്.
2000-നുശേഷം ഇന്ത്യയിൽ സമ്പത്തിന്റെ അസന്തുലിത വിതരണവും തൽഫലമായുണ്ടായ അസമത്വവും രൂക്ഷമായി വരികയാണ്. 2014- 2023 കാലത്ത് വരുമാനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണം ശക്തമായതായി 'Income and Wealth Inequality in India, 1922-2023: The Rise of the Billionaire Raj' എന്ന പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ വരുമാനത്തിന്റെ 22.6 ശതമാനവും സമ്പത്തിന്റെ 40.1 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കൈയിലാണ്. 10 ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലാണ് ദേശീയ സമ്പത്തിന്റെ 63 ശതമാനവും. ഇത്, ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ കേന്ദ്രീകരണങ്ങളിൽ ഒന്നുമാണ്.
ഇന്ത്യയിലെ പത്ത് അതിസമ്പന്നർക്ക് അഞ്ചു ശതമാനം നികുതി ചുമത്തിയാൽ രാജ്യത്ത് പഠനം മുടങ്ങിയ എല്ലാ കുട്ടികളെയും സ്‌കൂളിൽ തിരിച്ചെത്തിക്കാനാവശ്യമായ തുക ലഭിക്കുമെന്ന് 2023-ലെ ഒക്‌സ്ഫാം റിപ്പോർട്ട് പറയുന്നു.
2014-ൽ ബി.ജെ.പി അധികാരത്തിലെത്തിയശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പാവപ്പെട്ടവരും ധനികരും തമ്മിലുള്ള അന്തരത്തിൽ 8.4 ശതമാനത്തിന്റെ വർധനയുണ്ടായി. 2023-ൽ ഈ വേഗം വർധിക്കുകയും ചെയ്തു. അദാനിയെപ്പോലൊരു കോർപറേറ്റുമായുള്ള മോദി സർക്കാറിന്റെ 'ചങ്ങാത്തം' ഇത്തരം യാഥാർഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു. അടിസ്ഥാനപരമായി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യമുള്ളതും എല്ലാവർക്കും അവകാശപ്പെട്ട സാമ്പത്തിക നീതിയും അവസരങ്ങളും എന്ന ഉറപ്പ് മുന്നോട്ടുവക്കുന്നതുമായ സോഷ്യലിസം എന്ന വാക്ക് അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണകൂടത്തെ സംബന്ധിച്ച് ചീത്ത വാക്കായി മാറിയിരിക്കുന്നു.
75-ാം വാർഷികത്തിലും, ഭരണഘടന എന്നത് ഒരു വിവാദ വിഷയം മാത്രമാണ് ബി.ജെ.പിക്ക്. കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് കാമ്പയിനിൽ, രാഹുൽ ഗാന്ധി ചുവന്ന കവറുള്ള പുസ്തകം ഭരണഘടനയെന്ന പേരിൽ കൈയിൽ പിടിച്ചിരിക്കുന്നുവെന്നും അതിനുള്ളിൽ ശൂന്യമാണ് എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചിരുന്നു. എന്നാൽ, ഭരണഘടന ഒരിക്കലും വായിച്ചിട്ടില്ലാത്തതുകൊണ്ടാണ് അത് ശൂന്യമാണെന്ന് മോദിക്ക് തോന്നുന്നത് എന്നായിരുന്നു രാഹുലിന്റെ മറുപടി.
പുതിയ സ്റ്റാമ്പും നാണയവും ഇറക്കി, ‘നമ്മുടെ ഭരണഘടന നമ്മുടെ അഭിമാനം’ എന്ന സന്ദേശവുമായി ഒരു വർഷം നീളുന്ന ഭരണഘടനാദിനാചരണം നടത്തുന്ന മോദി സർക്കാർ, രാഹുൽ ഗാന്ധി പറഞ്ഞതുപോലെ, ഒരിക്കലെങ്കിലും ആ പുസ്തകമൊന്ന് തുറന്നുനോക്കിയിരുന്നെങ്കിലെന്ന് ഇന്ത്യൻ പൗരർ പ്രത്യാശിച്ചുപോകും.