പാർലമെൻറും അൺപാർലമെൻററിയാകുമോ?

1989 നുമുമ്പ് പാർലമെൻറിലെ ചർച്ചകൾ ഇന്ത്യയിൽ ടെലിവിഷൻ വഴി പ്രക്ഷേപണം ചെയ്തിരുന്നില്ല. അക്കാലത്ത് പ്രസംഗങ്ങളിൽ നിന്ന് ‘കള്ളം’ എന്ന പദം അൺപാർലമെൻററി എന്ന കാരണത്താൽ അച്ചടിരേഖകളിൽനിന്ന് നീക്കം ചെയ്യുമായിരുന്നു. അങ്ങനെയാണ് ‘സത്യവിരുദ്ധം’ എന്ന പദം ‘രംഗപ്രവേശം' ചെയ്യുന്നത്. പക്ഷേ, സഭാനടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്തു പോകുന്ന ഒരു കാലത്ത് എങ്ങനെയാണ് ‘എയറി'ൽ പോയ വാക്കുകളും പുറംലോക കണ്ട ആംഗ്യവിക്ഷേപങ്ങളും നീക്കം ചെയ്യുക?

ജൂലൈ 18ന് ആരംഭിക്കുന്ന പാർലമെൻറ്​ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായി ലോക്​സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ ലഘുലേഖയിലാണ് നൂറോളം വാക്കുകളെ ‘അൺപാർലമെൻററി' ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പ്രതിപക്ഷ കക്ഷികളിലോ എം.പി.മാരിലോ മാത്രമല്ല പൊതുസമൂഹത്തിനിടയിലും വിമർശനവിധേയമായി കഴിഞ്ഞു.

1952 മുതൽ ഈ പ്രക്രിയ നിലവിലുണ്ടെന്ന് ന്യായീകരിക്കാനായി ലോക്​സഭാ സ്പീക്കർ ശ്രമിക്കുകയുണ്ടായി. രാജ്യസഭയിലും ലോക്​സഭയിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലായെന്നും 1100 പേജ് വരുന്ന ആ നിഘണ്ടു വായിച്ചാൽ ഇത്തരമൊരു തെറ്റിധാരണ ഉണ്ടാകില്ലായെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഇന്ത്യൻ പാർലമെൻറിലും സംസ്ഥാന നിയമസഭകളിലും പലപ്പോഴായി ‘അൺപാർലമെൻററി' എന്ന് സഭാദ്ധ്യക്ഷന്മാർ റൂളിംഗ് നല്കിയ വാക്കുകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് എന്നാണ് ഔദ്യോഗിക ഭാഷ്യം.

അഴിമതി, രക്തച്ചൊരിച്ചിൽ, വഞ്ചിക്കപ്പെട്ടു, മുതലക്കണ്ണീർ, അപമാനം, ഗുണ്ടായിസം, അരാജകവാദി, ഖാലിസ്ഥാനി, സ്വേച്ഛാധിപതി, കാപട്യം, ചതിയൻ, കരിദിനം, നാണംകെടുത്തി, നാടകം, നുണ, തെറ്റുധരിപ്പിക്കൽ, അസത്യം, കുറ്റവാളി, ലോലിപോപ്പ് (അഗ്നിപഥ് പദ്ധതിക്കെതിരെ ഉപയോഗിച്ച പദം), ഇരട്ട സ്വഭാവം, കഴിവില്ലാത്തവൻ, മുതലക്കണ്ണീർ, രക്തദാഹി, കുരങ്ങൻ, കഴുത, ശകുനി... ഇങ്ങനെ തുടരുന്നു ആ ‘അൺപാർലമെൻററി' വാക്കുകളുടെ നിര.

ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 105 പാർലമെൻറിൻറെ സഭകളുടേയും അവയിലെ അംഗങ്ങളുടെയും സമിതികളിലെയും അധികാരങ്ങൾ, വിശേഷ അവകാശങ്ങൾ മുതലായവ സംബന്ധിച്ച് വിവക്ഷിക്കുന്നു. അനുച്ഛേദം 105 (1) ഇങ്ങനെ പറയുന്നു. ‘‘ഈ ഭരണഘടനയിലെ വ്യവസ്ഥകൾക്കും പാർലമെൻറിൻറെ നടപടി ക്രമം നിർണയിക്കുന്ന ചട്ടങ്ങൾക്കും നിലവിലുള്ള ഉത്തരവുകൾക്കും വിധേയമായി പാർലമെൻറിൽ സംസാരസ്വാതന്ത്ര്യം ഉണ്ടായിരിക്കുന്നതാണ്. അനുച്ഛേദം 105 (2) അനുസരിച്ച് പാർലമെൻറ് അംഗം നടത്തിയ പ്രസംഗത്തിൻറെയോ ചെയ്ത വോട്ടിൻറെയോ പേരിൽ ഒരു കോടതിയിലും നടപടികൾക്ക് വിധേയമാക്കാൻ പാടില്ല. ലോക്​സഭാ ചട്ടം 380, 381 തുടങ്ങിയവ അപകീർത്തികരമോ സഭ്യേതരമോ മാന്യതയില്ലാത്തതോ അൺപാർലമെൻററിയോ ആയ വാക്കുകളെ പാർലമെൻററി രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കർക്ക് /സഭാ അദ്ധ്യക്ഷന് അധികാരമുണ്ട്.
‘അൺപാർലമെൻററി എക്സ്പ്രഷൻസ്' എന്ന തടിച്ച ഗ്രന്ഥം; പതിനാലാം എഡിഷൻ 2010 ലാണ് ലോക്​സഭാ സെക്രട്ടേറിയേറ്റ് അവസാനമായി പ്രസിദ്ധീകരിച്ചത്.

നിയമനിർമ്മാണ സഭകളിലെ പ്രസംഗങ്ങളിലും ചർച്ചകളിലും ഉപയോഗിക്കുന്ന വാക്കുകളുടെ അർത്ഥവും സാംഗത്യവും അതിൻറെ സന്ദർഭവും (Context and Manner) കണക്കിലെടുത്തുവേണം വിലയിരുത്തേണ്ടത്. ജനപ്രതിനിധികൾ സഭയിൽ ഉന്നയിക്കുന്ന വിഷയങ്ങൾ പലപ്പോഴും സങ്കീർണവും വൈകാരികവും ജീവൽസ്​പർശിയുമായ ജനങ്ങളുടെ വിഷയങ്ങളാണ്. മനുഷ്യന്റെ നന്മതിന്മകളെ വാക്കുകളുടെ അളവുകോൽ വെച്ചും വാചകഘടനകളുടെ വ്യാകരണക്രമം വെച്ചും മാത്രം അളന്നാൽ ജനാധിപത്യ സംവിധാനത്തിന്റെ ആത്മാവ് തന്നെ നഷ്ടപ്പെടും.

1989 നുമുമ്പ് പാർലമെൻറിലെ ചർച്ചകൾ ഇന്ത്യയിൽ ടെലിവിഷൻ വഴി പ്രക്ഷേപണം ചെയ്തിരുന്നില്ല. അക്കാലത്ത് പ്രസംഗങ്ങളിൽ നിന്ന് ‘കള്ളം’ എന്ന പദം അൺപാർലമെൻററി എന്ന കാരണത്താൽ അച്ചടിരേഖകളിൽനിന്ന് നീക്കം ചെയ്യുമായിരുന്നു. അങ്ങനെയാണ് ‘സത്യവിരുദ്ധം’ എന്ന പദം ‘രംഗപ്രവേശം' ചെയ്യുന്നത്. പക്ഷേ, സഭാനടപടികൾ ലൈവായി സംപ്രേക്ഷണം ചെയ്തു പോകുന്ന ഒരു കാലത്ത് എങ്ങനെയാണ് ‘എയറി'ൽ പോയ വാക്കുകളും പുറംലോക കണ്ട ആംഗ്യവിക്ഷേപങ്ങളും നീക്കം ചെയ്യുക?

2020 ഫെബ്രുവരി 23, 26 തീയതികളിലെ ഡൽഹിയിലെ കലാപങ്ങളുമായി ബന്ധപ്പെട്ട് യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനോട് ഡൽഹി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ച ചില ചോദ്യങ്ങൾ ഇത്തരുണത്തിൽ കൂട്ടി വായിക്കുന്നത് നന്നായിരിക്കും: ‘‘ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെ ജുംല (വാചകമടി) എന്ന പദം ഉപയോഗിക്കുന്നോ?'' ‘‘വിമർശനത്തിന് ലക്ഷ്മണ രേഖ വേണം''.

തുടർച്ചയായി 583 ദിവസമായി ജയിലിൽ കഴിയുന്ന ഒരു പ്രതിയുടെ ജാമ്യാപേക്ഷയിലാണ് കഴിഞ്ഞ ഏപ്രിൽ 27 ന് ഈ പരാമർശങ്ങളുണ്ടായത്. ‘‘ഒട്ടകം മലമുകളിൽ നിന്ന് താഴെ വന്നു...'' എന്ന് തന്റെ പ്രസംഗത്തിൽ പറയുന്ന ഒട്ടകം ആരെയുദ്ദേശിച്ചാണ് എന്നും കോടതി. ‘വിപ്ലവം', ‘വിപ്ലവകാരി' എന്നീ രണ്ടു പദങ്ങൾ അമരാവതിയിലെ പ്രസംഗത്തിൽ ഉപയോഗിച്ചത് എന്തിനാണ് എന്നും ഡൽഹി ഹൈക്കോടതി ചോദിക്കുകയുണ്ടായി. ഇന്ത്യൻ ഭരണഘടന ഉറപ്പുനല്കുന്ന മൗലികാവകാശങ്ങളുടെ സംരക്ഷരായി നിലനില്ക്കേണ്ടുന്ന ജുഡീഷ്യറി, ഭരണകൂട കരങ്ങളേയും നടപടികളേയും നയങ്ങളേയും തങ്ങളിൽ നിക്ഷിപ്തമായ ഭരണഘടനാദത്തമായ അധികാരാവകാശങ്ങൾ ഉപയോഗിച്ച് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വകവുമായി വിലയിരുത്തുന്നുണ്ടോ എന്ന സംശയം പുതിയതല്ല. 1975-77 ലെ ആഭ്യന്തര അടിയന്തരാവസ്ഥയുടെ നാളുകളെ ഓർമിപ്പിക്കും വിധം HMV (His Master's Voice) ഗ്രാമഫോൺ റിക്കാർഡുകൾക്ക് സ്തുതി!

ഉമർ ഖാലിദ്

ഇന്ത്യൻ പാർലമെൻറിൽ പ്രതിപക്ഷ എം.പി.മാരുടെ പ്രസംഗങ്ങൾ തടസ്സപ്പെടുത്തുകയും മൈക്ക് ഓഫാക്കുകയും ഡിവിഷൻ ആവശ്യപ്പെട്ടാൽ നിഷേധിക്കുകയും പ്രതിഷേധിച്ചാൽ പുറത്താക്കുകയും ചെയ്യുന്ന പ്രവണത കുറച്ചു വർഷങ്ങളായി ബി.ജെ.പി സർക്കാർ സ്വീകരിച്ചുവരുകയാണ് എന്ന് സി.പി.ഐ- എമ്മിന്റെ രാജ്യസഭയിലെ നേതാവ് എളമരം കരീം ചൂണ്ടിക്കാട്ടുന്നു. ‘‘നൂറിൽപരം വാക്കുകൾക്ക് സഭയിൽ വിലക്കേർപ്പെടുത്തിയ നടപടി ജനാധിപത്യ വ്യവസ്ഥയോടും ജനപ്രതിനിധികളോടുമുള്ള വെല്ലുവിളിയാണ്. രാജ്യത്തെ ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്നതിൽ നിന്ന്​എം.പിമാരെ വിലക്കുന്ന ഈ നടപടി പരിഹാസ്യവും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനവുമാണ്. വിമർശനങ്ങളെ എന്നും ഭയപ്പെടുന്ന ബി.ജെ.പി തങ്ങൾക്കെതിരായി ഒരു വാക്കുപോലും സഭയിൽ വരരുത് എന്ന ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിച്ച് ജനങ്ങൾക്കുമുന്നിൽ വീണ്ടും പരിഹാസ്യരാവുകയാണ്...''

കെ.കെ.രാഗേഷ് ഉൾപ്പെടെയുള്ള എട്ട്​ രാജ്യസഭാ പ്രതിപക്ഷ എം.പി.മാരെ 2020 സെപ്തംബർ 21 ന് സെഷൻ തീരുന്നതുവരെ സസ്പെൻഡ് ചെയ്ത നടപടി കാർഷിക ബില്ലുകളും ലേബർ കോഡും പാസാക്കാനുള്ള സർക്കാരിന്റെ വെപ്രാളത്തിന്റെ ബഹിർസ്ഫുരണമായിരുന്നു എന്നതും ശരിയല്ലേ?

കെ.കെ.രാഗേഷ്

(ഇന്നത്തെ നിയമസഭാ സ്പീക്കർ) എം.ബി.രാജേഷ് ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ആർ.എസ്​.എസിന്റെ വർണാശ്രമ പ്രേമത്തെക്കുറിച്ചും വർഗീയ കലാപങ്ങളിലെ പങ്കിനെക്കുറിച്ചും പരാമർശിക്കുന്ന ലോക്​സഭാ പ്രസംഗത്തിൽ നിന്ന് സ്പീക്കറുടെ റൂളിംഗ് പോലുമില്ലാതെ ചില പാർലമെൻറ് റിപ്പോർട്ടർമാർ പ്രസക്ത ഭാഗങ്ങൾ ഒഴിവാക്കിയത് എന്തുകൊണ്ടായിരുന്നുവെന്ന് അഞ്ചു വർഷത്തിനു ശേഷം ലോക്​സഭാ സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ കൃതിയിൽ പറയാതെ പറയുന്നല്ലോ? പാർലമെൻറ് തന്നെ അൺപാർലമെൻററിയാണ് എന്ന് പ്രഖ്യാപിക്കാതെ പ്രഖ്യാപിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ തിരശ്ശീല ഉയരുകയാണോ?

Comments