ഒക്ടോബർ 14-ന് കേന്ദ്ര മന്ത്രിസഭ ലഡാക്ക് ഹിൽ കൗൺസിൽ നിയമത്തിൽ ഭേദഗതി റെഗുലേഷൻ അംഗീകരിച്ചു. 15-ന് ലേയിൽ ആഭ്യന്തര മന്ത്രാലയം 32 പേജുള്ള ഭരണഘടനാ കരട് ലേ അപെക്സ് ബോഡിക്കും (L.A.B) കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനും (K.D.A) കൈമാറി, അഭിപ്രായം തേടി. 16-ന് പ്രസിഡന്റ് ആ റെഗുലേഷൻ പ്രഖ്യാപിച്ചു. അതേദിവസം കാർഗിലിൽ നിന്ന് മുറിച്ചെടുത്ത് സാങ്കൂ എട്ടാമത്തെ ജില്ലയായി. 21-ന് കാർഗിൽ ഹിൽ കൗൺസിൽ പിരിച്ചുവിട്ടു. 22-ന് ദൽഹിയിൽ നിശ്ചയിച്ച ചർച്ച കാരണം പറയാതെ റദ്ദാക്കി. ഒരു കരടിന് മറുപടി ചോദിച്ച അതേ ആഴ്ചയിൽ കേന്ദ്രം ലഡാക്കിന്റെ രാഷ്ട്രീയ ഭൂപടം നാല് തവണ മാറ്റിവരച്ചു.
ആറു വർഷമായി ലഡാക്കിലെ ചർച്ചകൾ ചുറ്റിത്തിരിയുന്നത് ഭരണപദവികളെക്കുറിച്ചാണ്. സംസ്ഥാനപദവി, ആറാം ഷെഡ്യൂളിലെ സംരക്ഷണം, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശം, ആർട്ടിക്കിൾ 371-K, എട്ട് ഹിൽ കൗൺസിലുകൾ. എന്നാൽ ഒരു പ്രദേശത്തിന്റെ യഥാർഥ ഭരണാധികാരം നിർണയിക്കുന്നത് അതിന് നൽകുന്ന പേരല്ല, അധികാരം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതാണ്.
ചീഫ് സെക്രട്ടറിയുടെ പ്രവർത്തനത്തെ വിലയിരുത്തുന്നത് ആര്, ബജറ്റ് വിഹിതം നിശ്ചയിക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നത് ആര്, നിയമങ്ങൾ മാറ്റാനുള്ള അധികാരം ആർക്കാണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് നിർണായകം. നിലവിലെ സംവിധാനത്തിൽ ഈ അധികാരങ്ങളിൽ നിർണായകമായ നിയന്ത്രണം കേന്ദ്ര സർക്കാരിനാണ്. അവ പങ്കുവെക്കാൻ കേന്ദ്രം തയ്യാറാകുന്നില്ല. അതേസമയം, സോനം വാങ്ചുക്കിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ആവശ്യപ്പെടുന്ന ഭരണഘടനാപരമായ മാറ്റങ്ങൾക്ക് വ്യക്തമായ സ്ഥാപനപരമായ രൂപരേഖ അവതരിപ്പിക്കുന്നതിലും പരിമിതികൾ കാണാം. ഈ തർക്കത്തിൽ കേന്ദ്രത്തിന്റെ അധികാരകേന്ദ്രീകരണവും പ്രക്ഷോഭപക്ഷത്തിന്റെ അപര്യാപ്തമായ ഭരണരൂപരേഖയും ഒരുപോലെ വിമർശനവിധേയമാകണം.
ആർട്ടിക്കിൾ 240:
നിയമസഭയ്ക്കുപകരം
ഒരു ഒപ്പ്
2019 മുതൽ ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാണ്. ആർട്ടിക്കിൾ 239 പ്രകാരം ലഫ്റ്റനന്റ് ഗവർണർ ഭരിക്കുന്നു. നിയമങ്ങൾ ആർട്ടിക്കിൾ 240 പ്രകാരം പ്രസിഡന്റ് റെഗുലേഷനായി ഇറക്കുന്നു. ലഡാക്കിന്റെ പേര് ആർട്ടിക്കിൾ 240-ൽ ഇല്ല. ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിലെ സെക്ഷൻ 58(2) വഴിയാണ് ആ അധികാരം നീട്ടിയത്. 2025 ജൂണിലെ ഡൊമിസൈൽ നിയമവും 85% സംവരണ പരിധിയും ഔദ്യോഗിക ഭാഷകളും 2026-ലെ കൗൺസിൽ പുനഃസംഘടനയും എല്ലാം ഈ ഒരൊറ്റ ഉപകരണത്തിലൂടെയാണ് വന്നത്. റെഗുലേഷൻ വഴി നൽകിയ സംരക്ഷണം റെഗുലേഷൻ വഴി തിരിച്ചെടുക്കാം.

2026 മെയ് 22-ന് ദൽഹിയിൽ ഒരു തത്വാധിഷ്ഠിത ധാരണ ഉണ്ടായിരുന്നു. നിയമനിർമാണ, എക്സിക്യൂട്ടീവ്, സാമ്പത്തിക അധികാരങ്ങളുള്ള തിരഞ്ഞെടുക്കപ്പെട്ട സഭ, ആർട്ടിക്കിൾ 371A, 371G മാതൃകയിലുള്ള സംരക്ഷണങ്ങൾ, തിരഞ്ഞെടുക്കപ്പെട്ട തലവന് കീഴിൽ ചീഫ് സെക്രട്ടറി.
ഒക്ടോബർ 15-ലെ കരട് ഇതിനെ രണ്ടായി മുറിക്കുന്നു. ഭൂമി, സംസ്കാരം, പ്രകൃതിവിഭവങ്ങൾ എന്നിവയുടെ സംരക്ഷണം പുതിയ ആർട്ടിക്കിൾ 371-K വഴി ഭരണഘടനയിൽ. അവ പ്രയോഗിക്കേണ്ട സഭയുടെ ഘടനയും അധികാരങ്ങളും ആർട്ടിക്കിൾ 240 റെഗുലേഷനിൽ, പാർലമെന്റിൽ പോകാതെ പ്രസിഡന്റിന് തിരുത്താവുന്ന നിയമത്തിൽ. ചീഫ് സെക്രട്ടറിയുടെ വിലയിരുത്തൽ തിരഞ്ഞെടുക്കപ്പെട്ട തലവന് ലഭിക്കില്ല. പകരം അദ്ദേഹത്തിന് കീഴിൽ ഒരു “ചീഫ് എക്സിക്യൂട്ടീവ് സെക്രട്ടറി” തസ്തിക. ഒരു പ്രദേശത്ത് രണ്ട് ഉദ്യോഗസ്ഥ ശ്രേണികൾ. പഴയ ഹിൽ കൗൺസിൽ സംവിധാനത്തേക്കാൾ ദുർബലമാണ് ഇതെന്ന് എൽ.എ.ബി-യുടെയും കെ.ഡി.എ-യുടെയും ഉപദേഷ്ടാവായ അഡ്വക്കേറ്റ് വിക്രം ഹെഗ്ഡെ പറയുന്നു.
ഒരു റെഗുലേഷൻ വഴി സൃഷ്ടിച്ച സഭയുടെ അധികാരം മറ്റൊരു റെഗുലേഷൻ വഴി വെട്ടിക്കുറച്ചാൽ ആര് ചോദ്യം ചെയ്യും? ദൽഹിയുടെ അനുഭവം ഉത്തരം നൽകുന്നു. ആർട്ടിക്കിൾ 239AA വഴി ഭരണഘടനയിൽ ഉറപ്പിച്ച ദൽഹി നിയമസഭയ്ക്ക് സർവീസുകളുടെ നിയന്ത്രണം ഗവൺമെന്റ് ഓഫ് എൻ.സി.ടി. ഓഫ് ഡൽഹി വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ (2023) ഭരണഘടനാ ബെഞ്ച് അംഗീകരിച്ചു. ഒമ്പത് ദിവസത്തിനകം കേന്ദ്രം ഓർഡിനൻസിലൂടെ അത് മറികടന്നു. ഭരണഘടനാ പിന്തുണയുള്ള സഭയ്ക്ക് ഇതാണ് സംഭവിച്ചതെങ്കിൽ, റെഗുലേഷനിൽ നിൽക്കുന്ന സഭയുടെ സ്ഥിതി എന്തായിരിക്കും? ജമ്മു കശ്മീരിന് 2019-ലെ അതേ നിയമത്തിന്റെ സെക്ഷൻ 13 വഴി, ഭരണഘടനാ ഭേദഗതി പോലുമില്ലാതെ, നിയമസഭ നൽകി. ലഡാക്കിന് അത് നിഷേധിക്കുന്നത് നിയമപരമായ തടസ്സം കൊണ്ടല്ല, നയപരമായ തിരഞ്ഞെടുപ്പ് കൊണ്ടാണ്.
കേന്ദ്രത്തിന്റെ സുരക്ഷാപരമായ താൽപ്പര്യങ്ങളും ലഡാക്കിന്റെ ജനാധിപത്യപരമായ അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടണം, പ്രദേശത്തിനകത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അധികാരം എങ്ങനെ പങ്കുവെക്കണം എന്നിവയാണ് അടിസ്ഥാനപരമായി പരിഹരിക്കേണ്ടത്.
ചർച്ചകൾ തുടരുമ്പോൾ,
ഭരണയാഥാർഥ്യം മാറുന്നു
ആരും ശ്രദ്ധിക്കാത്ത നയപ്രശ്നം പ്രവൃത്തികളുടെ ക്രമമാണ്. 2023-ൽ ഹൈ പവേർഡ് കമ്മിറ്റി രൂപീകരിച്ചപ്പോൾ തന്നെ സംസ്ഥാന പദവിയും ആറാം ഷെഡ്യൂളും ടേംസ് ഓഫ് റഫറൻസിൽ നിന്ന് ഒഴിവാക്കി. മെയ് 22-ലെ ധാരണയുടെ മിനിറ്റ്സ് പുറത്തുവിടാത്തതിനെതിരെ ജൂൺ 23-ന് ലേയിലും കാർഗിലിലും ബന്ദ് നടന്നു. ജൂലൈ 3-നാണ് ഒപ്പുവെച്ചത്. 2026-ലെ ഒരു റൗണ്ടിനും ഔദ്യോഗിക റീഡൗട്ട് ലഭ്യമല്ല. ഒരു ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യപ്പെടുന്നു, അതിന്റെ പൊതുരേഖ പത്രവാർത്തകൾ മാത്രം. പിന്നെ, ലഡാക്ക് സംഘടനകൾ മറുപടി നൽകുന്നതിനുമുമ്പ് ഹിൽ കൗൺസിൽ ഘടന ഗസറ്റിൽ ഉറപ്പിച്ചു. മേശയിൽ ഇനി എന്താണ് ചർച്ച ചെയ്യാൻ ബാക്കി?

ഏപ്രിൽ 30-ന് അഞ്ച് പുതിയ ജില്ലകൾ വന്നു, ഒക്ടോബറിൽ സാങ്കൂ. രണ്ട് ജില്ലകൾ എട്ടായി. കൗൺസിൽ സീറ്റുകൾ 52-ൽ നിന്ന് 100 ആയി, ഓരോ കൗൺസിലിനും 7 മുതൽ 24 വരെ. കടലാസിൽ വികേന്ദ്രീകരണം. പ്രായോഗികമായി ഓരോ ജില്ലയും ലഫ്റ്റനന്റ് ഗവർണർക്ക് ഉത്തരം നൽകുന്ന പുതിയൊരു ഡെപ്യൂട്ടി കമ്മീഷണറെ സൃഷ്ടിക്കുന്നു. പ്രദേശത്തിന് മുഴുവൻ വേണ്ടി സംസാരിക്കാൻ ഒരു തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനവും ഇല്ലാതാകുന്നു. ലേ കൗൺസിലിന്റെ കാലാവധി 2025 ഒക്ടോബറിൽ തിരഞ്ഞെടുപ്പില്ലാതെ അവസാനിച്ചു. 2028 വരെ കാലാവധിയുണ്ടായിരുന്ന കാർഗിൽ കൗൺസിൽ, തലവനും കൗൺസിലർമാരും രാജിവെച്ചതിന് പിന്നാലെ പിരിച്ചുവിട്ടു. കൗൺസിൽ തിരഞ്ഞെടുപ്പ് 2027 വസന്തത്തിന് മുമ്പ് നടക്കില്ല. പക്ഷേ നവംബർ 21-ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കും. ഗ്രാമതലത്തിൽ ജനാധിപത്യം അനുവദനീയം. പ്രദേശതലത്തിൽ അത് “ചർച്ചയിലാണ്”.
കൗൺസിലുകൾ ഇല്ലാതായതോടെ ചർച്ചയ്ക്കടുത്തുള്ള ഏക തിരഞ്ഞെടുക്കപ്പെട്ട ലഡാക്കി സ്വതന്ത്ര എം.പി. മുഹമ്മദ് ഹനീഫയാണ്. എന്നിട്ടും ചർച്ചയുടെ മുഖം ഒരു തിരഞ്ഞെടുക്കപ്പെട്ട പദവിയും വഹിക്കാത്ത വാങ്ചുക്കാണ്.
ജനാധിപത്യ ഉത്തരവാദിത്തമില്ലാത്ത അധികാരം
കേന്ദ്രത്തിന്റെ ആശങ്കകൾ പൂർണമായും സാങ്കൽപ്പികമല്ല. 2011-ലെ സെൻസസ് പ്രകാരം ജനസംഖ്യ 2,74,289. 2026-27-ൽ ₹4,869.31 കോടിയാണ് കേന്ദ്ര വിഹിതം. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖ ഈ മണ്ണിലൂടെയാണ്. പക്ഷേ ജനസംഖ്യ ഭരണഘടനാ തടസ്സമല്ല. 1975-ൽ സംസ്ഥാനമാകുന്നതിന് മുമ്പ്, 1971-ൽ സിക്കിമിലെ ജനസംഖ്യ 2.10 ലക്ഷമായിരുന്നു. അതിർത്തി പ്രദേശമായ അരുണാചൽ 1987-ൽ സംസ്ഥാനമായി.
ലഭ്യമായ രേഖകളിൽ കേന്ദ്രം ഉന്നയിക്കുന്നത് പ്രധാനമായും സാമ്പത്തിക വാദമാണ്. പൂർണമായും കേന്ദ്ര ഫണ്ടിലായതിനാൽ നിയമസഭ പ്രായോഗികമല്ലെന്ന് ചീഫ് സെക്രട്ടറി ആശിഷ് കുന്ദ്ര പറയുന്നു. പക്ഷേ 2024 നവംബറിൽ ഓരോ ഹിൽ കൗൺസിലിന്റെയും മൂലധന ബജറ്റ് ₹344 കോടിയിൽ നിന്ന് ₹234 കോടിയായി വെട്ടിക്കുറച്ചതും പ്രതിഷേധത്തിന് ശേഷം പുനഃസ്ഥാപിച്ചതും ഇതേ ഭരണകൂടമാണ്. കൗൺസിലുകൾ കൈകാര്യം ചെയ്തത് പ്രദേശത്തിന്റെ ആകെ ചെലവിന്റെ ഏകദേശം പത്തിലൊന്ന് മാത്രം. ആശ്രിതത്വം സൃഷ്ടിക്കുന്നതും അതിനെ വാദമാക്കുന്നതും ഒരേ കൈ. ആ വാദം സംസ്ഥാന പദവിക്കെതിരെ നിലനിൽക്കാം. തിരഞ്ഞെടുക്കപ്പെട്ട ഒരു സഭയ്ക്കെതിരെ നിലനിൽക്കില്ല.
ആരും തിരഞ്ഞെടുക്കാത്തവർ
തീരുമാനിക്കുന്നത്
ഈ സംവിധാനം എന്ത് തീരുമാനിക്കുന്നു എന്നതിന് ഒരു ഉദാഹരണം. 2026 ജൂണിൽ ലഫ്റ്റനന്റ് ഗവർണർ ഉദാരവൽക്കരിച്ച എക്സൈസ് നയം അംഗീകരിച്ചു, പുതിയ മദ്യശാലകൾക്ക് വഴി തുറന്നു. ഒക്ടോബറിൽ നൂറുകണക്കിന് സ്ത്രീകൾ ലേയിൽ പ്രതിഷേധിച്ചു. ആ തീരുമാനമെടുത്തത് 2026 മാർച്ച് 13-ന് ചുമതലയേറ്റ വി.കെ. സക്സേനയാണ്. ദൽഹിയിൽ ലഫ്റ്റനന്റ് ഗവർണറായിരിക്കെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുമായി ആവർത്തിച്ച് ഏറ്റുമുട്ടിയ ഉദ്യോഗസ്ഥൻ.

ഉത്തരവാദിത്തം ഒഴിവാക്കുന്ന രീതി കോടതിയിലും കണ്ടു. 2025 സെപ്റ്റംബർ 24-ലെ ലേ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതിന് പിന്നാലെ വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമപ്രകാരം തടങ്കലിലാക്കി. ഗീതാഞ്ജലി ജെ. ആങ്മോ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ ഹർജിയിൽ 24 സിറ്റിങ്ങുകൾക്ക് ശേഷം വിധി പറയുമെന്ന് ബെഞ്ച് സൂചിപ്പിച്ചതിന് നാല് ദിവസത്തിന് ശേഷം, 2026 മാർച്ച് 14-ന്, മന്ത്രാലയം തടങ്കൽ പിൻവലിച്ചു. ഹർജി അപ്രസക്തമായി. സ്വയംഭരണ പ്രക്ഷോഭത്തിനെതിരെ കരുതൽ തടങ്കൽ പ്രയോഗിക്കാമോ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. സമയം നോക്കി ഒരു വിധി ഒഴിവാക്കുന്നതും ഒരു നയോപകരണമാണ്.
ആർട്ടിക്കിൾ 370-ന്റെ നിഴൽ
എന്ന തെറ്റായ താരതമ്യം
നിശ്ചിത വിഷയങ്ങളിൽ ലഡാക്ക് സഭയുടെ സമ്മതമില്ലാതെ പാർലമെന്റ് നിയമം ബാധകമാകരുത് എന്ന എൽ.എ.ബി- കെ.ഡി.എ ആവശ്യത്തെ റദ്ദാക്കിയ ആർട്ടിക്കിൾ 370-നോടാണ് ചീഫ് സെക്രട്ടറി ഉപമിച്ചത്. ഇത് അതിശയോക്തിയാണ്. നാഗാ ആചാരങ്ങൾ, കസ്റ്റമറി നിയമം, ഭൂമിയുടെ ഉടമസ്ഥത എന്നിവയിൽ നിയമസഭ പ്രമേയം പാസാക്കാതെ പാർലമെന്റ് നിയമം ബാധകമാകില്ലെന്ന് 1963 മുതൽ ആർട്ടിക്കിൾ 371A നാഗാലാൻഡിന് ഉറപ്പ് നൽകുന്നു. 1987 മുതൽ മിസോറാമിന് 371G വഴി ഇതേ സംരക്ഷണമുണ്ട്. In Re: Article 370 (2023) വിധി ലഡാക്കിന്റെ കേന്ദ്രഭരണ പദവി ശരിവെച്ചു, പക്ഷേ ഭരണരൂപം നിർദ്ദേശിച്ചില്ല. വിഷയപ്പട്ടിക എത്ര വിശാലമാകണം എന്നതാണ് ചർച്ച ചെയ്യേണ്ടത്, സംവിധാനത്തിന്റെ സാധുതയല്ല.
ലേയുടെ പിഴവ്: ഡിസൈനില്ലാത്ത മുദ്രാവാക്യം
മറുപക്ഷത്തിന്റെ പിഴവ് മാൻഡേറ്റിൽ തുടങ്ങുന്നു. എൽ.എ.ബി-യും കെ.ഡി.എ-യും മത, രാഷ്ട്രീയ സംഘടനകളുടെ സഖ്യങ്ങളാണ്, തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളല്ല. കൗൺസിലുകൾ ഇല്ലാതായതോടെ ചർച്ചയ്ക്കടുത്തുള്ള ഏക തിരഞ്ഞെടുക്കപ്പെട്ട ലഡാക്കി സ്വതന്ത്ര എം.പി. മുഹമ്മദ് ഹനീഫയാണ്. എന്നിട്ടും ചർച്ചയുടെ മുഖം ഒരു തിരഞ്ഞെടുക്കപ്പെട്ട പദവിയും വഹിക്കാത്ത വാങ്ചുക്കാണ്. സംഭാഷണം “ഒരു വ്യക്തിയുടെ ആധിപത്യത്തിലാണ്” എന്ന സിവിൽ സൊസൈറ്റി ഫോറത്തിന്റെ ആരോപണം സർക്കാർ അനുകൂല ഗ്രൂപ്പിൽ നിന്നായിരിക്കാം. എൽ.എ.ബി ചെയർമാൻ അങ്ങനെ ആരോപിക്കുന്നുണ്ട്, തെളിവില്ല. പക്ഷേ ചോദ്യം ബാക്കിയാണ്. ആരുടെ മാൻഡേറ്റിലാണ് ഒരു ഭരണഘടനാ ഭേദഗതിയുടെ ഉള്ളടക്കം ലഡാക്കിന് വേണ്ടി സമ്മതിക്കുന്നത്?

നാലിന ആവശ്യത്തിൽനിന്ന് നിയമസഭയും 371-K-യും എന്നതിലേക്ക് നീങ്ങിയത് യുക്തിസഹമായ വിട്ടുവീഴ്ചയാണ്. പക്ഷേ വാങ്ചുക്ക് അത് അവതരിപ്പിക്കുന്നത് “ഇതിൽ കുറഞ്ഞതൊന്നുമില്ല” എന്ന ഭാഷയിലാണ്. ഐക്യരാഷ്ട്രസഭയിലേക്ക് പോകുമെന്ന ഭീഷണിയും, “ചൈനയ്ക്ക് മറുപടി നൽകാൻ” ലഡാക്കിനെ സംസ്ഥാനമാക്കണമെന്ന വാദവും സ്വന്തം ആവശ്യത്തെ സുരക്ഷാ ചോദ്യമാക്കുന്നു. ദൽഹിക്കുവേണ്ട ഫ്രെയിം ലേയിൽ നിന്ന് തന്നെ ലഭിക്കുന്നു. ഗോത്ര ജനസംഖ്യ ഏകദേശം 90% എന്ന് അദ്ദേഹം പറയുമ്പോൾ 2011 സെൻസസ് രേഖപ്പെടുത്തുന്നത് 79.6% ആണ്. നിയമസഭ എങ്ങനെ പ്രവർത്തിക്കും, ഉദ്യോഗസ്ഥരെ ആര് നിയന്ത്രിക്കും, പണം എങ്ങനെ വരും എന്നതിന് പൊതുസമക്ഷം ഒരു പൂർണ ഡിസൈൻ ഇതുവരെ വന്നിട്ടില്ല.
ആരും ചോദിക്കാത്ത ചോദ്യം:
ലഡാക്കിലെ ന്യൂനപക്ഷം ആര്?
2011 സെൻസസ് പ്രകാരം കാർഗിലിൽ 1,40,802 പേരും ലേയിൽ 1,33,487 പേരുമുണ്ട്. ലഡാക്കിൽ 46.4% മുസ്ലീങ്ങളും 39.65% ബുദ്ധമതക്കാരും. ജില്ലാതിർത്തികൾ സമുദായങ്ങളുമായി പൂർണമായി ഒത്തുപോകുന്നില്ലെങ്കിലും, ഏകദേശം തുല്യമായ രണ്ട് മേഖലകളും രണ്ട് സമൂഹങ്ങളുമാണ് ലഡാക്ക്. കെ.ഡി.എ-യുടെ ആധിപത്യം ലേയുടെയും ബുദ്ധ സമൂഹത്തിന്റെയും താൽപ്പര്യങ്ങൾ ബലികഴിക്കുന്നു എന്ന് ഫോറം ആരോപിക്കുന്നു. പുതിയ ജില്ലകൾ ബുദ്ധ- മുസ്ലീം ഐക്യം തകർക്കാനാണെന്ന് കെ.ഡി.എ ആരോപിക്കുന്നു. പുറത്തുനിന്നുള്ള നിയമങ്ങളിൽ നിന്ന് സംരക്ഷണം എല്ലാവരും ചോദിക്കുന്നു. പക്ഷേ ഒരൊറ്റ നിയമസഭ വന്നാൽ അതിനുള്ളിൽ ഒരു സമൂഹം മറ്റൊന്നിനെ മറികടക്കാതിരിക്കാൻ എന്ത് സംവിധാനം എന്ന് ആരും ചോദിക്കുന്നില്ല. കേന്ദ്രം ഈ ഭയത്തെ ജില്ലാ വിഭജനത്തിലൂടെ ഉപയോഗിക്കുന്നു. ഫോറം അതിനെ എട്ട് കൗൺസിലുകൾ എന്ന ആവശ്യമാക്കുന്നു.
ലഡാക്കിനായി പുതിയ
ഭരണഘടനാകരാർ
ലഡാക്കിന്റെ പ്രശ്നം ഏത് ഭരണപദവി നൽകണം എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. അധികാരവിന്യാസം എങ്ങനെയായിരിക്കണം, കേന്ദ്രത്തിന്റെ സുരക്ഷാപരമായ താൽപ്പര്യങ്ങളും ലഡാക്കിന്റെ ജനാധിപത്യപരമായ അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടണം, പ്രദേശത്തിനകത്തെ വിവിധ സമുദായങ്ങൾക്കിടയിൽ അധികാരം എങ്ങനെ പങ്കുവെക്കണം എന്നിവയാണ് അടിസ്ഥാനപരമായി പരിഹരിക്കേണ്ടത്. അതിന് ഭരണഘടനാപരമായി ഉറപ്പുനൽകിയ നിയമസഭയും വ്യക്തമായ അധികാരപരിധികളും സാമ്പത്തിക സ്വയംഭരണവും പരസ്പര ഉത്തരവാദിത്തമുള്ള സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന ഒരു പുതിയ ഭരണക്രമം ആവശ്യമാണ്.
ലഡാക്കിന്റെ ഭാവി തീരുമാനിക്കേണ്ടത് കേന്ദ്രത്തിന്റെ ഏകപക്ഷീയ നടപടികളിലൂടെയോ ഏതെങ്കിലും പ്രക്ഷോഭസംഘടനയുടെ നിലപാടിലൂടെയോ അല്ല; സുരക്ഷ, സ്വയംഭരണം, സമുദായങ്ങൾക്കിടയിലെ തുല്യത, ജനാധിപത്യപരമായ അംഗീകാരം എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന പുതിയ ഭരണഘടനാ കരാറിലൂടെയാണ്.
ആദ്യമായി, ലഡാക്കിന് ഭരണഘടനയിൽത്തന്നെ ഉറപ്പുനൽകിയ ഒരു നിയമസഭ വേണം. ആർട്ടിക്കിൾ 371-K പ്രകാരമുള്ള സംരക്ഷണങ്ങൾക്കൊപ്പം, ഏകദേശം 30 അംഗങ്ങളുള്ള ലഡാക്ക് നിയമസഭയെ നേരിട്ട് സ്ഥാപിക്കാം. 30,117 പേരുള്ള ഫിൻലൻഡിലെ ഓലൻഡ് ദ്വീപുകൾക്ക് 30 അംഗ നിയമസഭയുണ്ട്. ഈ മാതൃകയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, ലഡാക്കിന്റെ ഭരണക്രമത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നതിന് പാർലമെന്റിന്റെ അംഗീകാരത്തോടൊപ്പം ലഡാക്ക് നിയമസഭയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നിർബന്ധമാക്കാം. അങ്ങനെ, കേന്ദ്രത്തിന് ഏകപക്ഷീയമായി മാറ്റാൻ കഴിയുന്ന ഒരു ഭരണസംവിധാനത്തിനുപകരം, ലഡാക്കിന്റെ സമ്മതവും ആവശ്യമായ ഒരു ഭരണഘടനാപരമായ ക്രമം സ്ഥാപിക്കാനാകും.
നിയമസഭയുടെ അധികാരങ്ങൾ നിർവചിക്കുന്നതും അത്രതന്നെ പ്രധാനമാണ്. ഭൂമി, ജലം, പ്രകൃതിവിഭവങ്ങൾ, ആചാരനിയമങ്ങൾ, താമസാവകാശം, തൊഴിൽ സംവരണം തുടങ്ങിയ വിഷയങ്ങളിൽ പാർലമെന്റ് നിയമങ്ങൾ ലഡാക്കിൽ ബാധകമാക്കുന്നതിന് നിയമസഭയുടെ സമ്മതം നിർബന്ധമാക്കുന്ന വ്യവസ്ഥ വേണം. നാഗാലാൻഡിനും മിസോറാമിനും ആർട്ടിക്കിൾ 371A, 371G എന്നിവയിലൂടെ ലഭിക്കുന്ന സംരക്ഷണങ്ങൾ ഇതിനുള്ള ഭരണഘടനാപരമായ മാതൃകകളാണ്. ഇത്തരം വിഷയങ്ങളിൽ പ്രാദേശിക ജനതയുടെ സമ്മതം ഉറപ്പാക്കുന്നത് കേന്ദ്രത്തിന്റെ അധികാരത്തെ പൂർണമായി ഇല്ലാതാക്കുന്നതല്ല; മറിച്ച്, പ്രാദേശിക താൽപ്പര്യങ്ങളെ മറികടന്ന് അധികാരം വിനിയോഗിക്കുന്നത് തടയുകയാണ്.

അതേസമയം, ലഡാക്കിന്റെ തന്ത്രപ്രധാനമായ അതിർത്തിസ്ഥാനം കണക്കിലെടുത്ത് കേന്ദ്രത്തിന്റെ സുരക്ഷാപരമായ അധികാരങ്ങൾക്കും വ്യക്തമായ സ്ഥാനം നൽകണം. പ്രതിരോധം, വിദേശകാര്യം, പൗരത്വം എന്നിവ കേന്ദ്രത്തിന്റെ അധികാരപരിധിയിൽ തുടരാം. യഥാർഥ നിയന്ത്രണരേഖയോട് ചേർന്നുള്ള തന്ത്രപ്രധാന മേഖലകൾ പാർലമെന്റ് നിയമത്തിൽ ഭൂപടസഹിതം നിർവചിച്ച് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാക്കുന്നതും പരിഗണിക്കാം. എന്നാൽ സുരക്ഷയുടെ പേരിൽ മറ്റ് പ്രദേശങ്ങളിലെ നിയമസഭയുടെ അധികാരം ഏകപക്ഷീയമായി റദ്ദാക്കാൻ കേന്ദ്രത്തിന് കഴിയരുത്. അസാധാരണ സാഹചര്യങ്ങളിൽ അത്തരം നടപടി ആവശ്യമായി വന്നാൽ, അതിന്റെ ആവശ്യകതയും നിയമസാധുതയും പരിശോധിക്കുന്നതിന് സുപ്രീം കോടതിയുടെ പരിശോധന ഉൾപ്പെടുന്ന ഭരണഘടനാപരമായ നടപടിക്രമം നിർബന്ധമാക്കണം.
ലഡാക്കിനുള്ളിൽതന്നെ അധികാരം ഒരു മേഖലയിലോ സമുദായത്തിലോ കേന്ദ്രീകരിക്കാതിരിക്കാനുള്ള സംവിധാനവും അനിവാര്യമാണ്. ഭൂമി, ഭാഷ, മതസ്ഥാപനങ്ങൾ, താമസാവകാശം എന്നിവയെ ബാധിക്കുന്ന നിയമങ്ങൾക്ക് നിയമസഭയിലെ മൊത്തം ഭൂരിപക്ഷത്തിനൊപ്പം ലേ, കാർഗിൽ മേഖലകളിൽ നിന്നുള്ള അംഗങ്ങളുടെ പ്രത്യേക ഭൂരിപക്ഷവും ആവശ്യപ്പെടാം. അങ്ങനെ, ഒരു മേഖലയിലെ ഭൂരിപക്ഷത്തിന് മറ്റൊരു മേഖലയിലെ താൽപ്പര്യങ്ങളെ അവഗണിച്ച് നിയമനിർമാണം നടത്തുന്നത് പ്രയാസകരമാകും. കേന്ദ്രത്തിന്റെ ഇടപെടലിൽനിന്നുള്ള സംരക്ഷണത്തോടൊപ്പം, ലഡാക്കിനകത്തെ ന്യൂനപക്ഷങ്ങൾക്കും രാഷ്ട്രീയ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സാമ്പത്തിക സ്വയംഭരണമില്ലാത്ത രാഷ്ട്രീയ സ്വയംഭരണം പ്രായോഗികമായി ദുർബലമായിരിക്കും. അതിനാൽ, 2026–27-ലെ കേന്ദ്രവിഹിതത്തെ അടിസ്ഥാനമാക്കി പണപ്പെരുപ്പവും വികസനാവശ്യങ്ങളും പരിഗണിക്കുന്ന നിയമപരമായ ധനസഹായ ഫോർമുല രൂപീകരിക്കണം. ധാതു-ഊർജ വിഭവങ്ങളിൽനിന്നുള്ള ഭാവിവരുമാനത്തിന്റെ ഒരു നിശ്ചിത വിഹിതം ലഡാക്കിന്റെ വികസനത്തിനായി മാറ്റിവയ്ക്കുകയും വേണം. ഹിൽ കൗൺസിലുകൾക്കുള്ള ബജറ്റ് വിഹിതം നിയമപരമായി ഉറപ്പാക്കി, സാമ്പത്തിക വർഷത്തിനിടയിലെ ഏകപക്ഷീയമായ വെട്ടിക്കുറയ്ക്കലുകൾ തടയണം. അതോടൊപ്പം, പൊതുപണം എങ്ങനെ വിനിയോഗിക്കുന്നു എന്നതിന് സുതാര്യമായ ഓഡിറ്റും ഉത്തരവാദിത്ത സംവിധാനങ്ങളും ഏർപ്പെടുത്തണം. കേന്ദ്രസഹായത്തെ ആശ്രയിക്കേണ്ടിവരുന്നു എന്ന കാരണത്താൽ പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്താൻ കഴിയാത്തവിധം ഈ വ്യവസ്ഥകൾ രൂപപ്പെടുത്തണം.
ഭരണപരമായ അധികാരങ്ങളുടെ കാര്യത്തിലും തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് യഥാർഥ ഉത്തരവാദിത്തം ലഭിക്കണം. ചീഫ് സെക്രട്ടറിയുടെ പ്രവർത്തനവിലയിരുത്തൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തലവന് ലഭിക്കുന്ന തരത്തിൽ ഭരണഘടനാപരമായ വ്യവസ്ഥ വേണം. തിരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വത്തിന് സമാന്തരമായി അധികാരമുള്ള മറ്റൊരു ഉദ്യോഗസ്ഥപദവി സൃഷ്ടിക്കുന്നതിനുപകരം, രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും അധികാരപരിധികൾ വ്യക്തമായി നിർവചിക്കണം. നിയമനങ്ങളിലും ഉദ്യോഗസ്ഥരുടെ സേവനകാര്യങ്ങളിലും പ്രാദേശിക ആവശ്യങ്ങൾ പരിഗണിക്കുന്നതിനായി ലഡാക്ക് പബ്ലിക് സർവീസ് കമ്മീഷനും സ്ഥാപിക്കണം. ഇതിലൂടെ ഭരണനിർവഹണത്തിൽ പ്രാദേശിക ഉത്തരവാദിത്തം വർധിപ്പിക്കാനും ഉദ്യോഗസ്ഥവൃന്ദത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ ജനാധിപത്യപരമായ മേൽനോട്ടത്തിന് വിധേയമാക്കാനും കഴിയും.
ലഡാക്കിന്റെ ഭാവിഭരണസംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അതിന്റെ അടിസ്ഥാനഘടന മാറ്റുന്ന നടപടികൾ ഏകപക്ഷീയമായി സ്വീകരിക്കരുത്.
എന്നാൽ എല്ലാ അധികാരങ്ങളും ഒരേസമയം കൈമാറണമെന്നില്ല. പോലീസ്, വനം, നഗരാസൂത്രണം തുടങ്ങിയ വിഷയങ്ങൾ ഭരണശേഷിയും സുരക്ഷാപരമായ ആവശ്യങ്ങളും വിലയിരുത്തി വ്യക്തമായ സമയക്രമത്തിൽ ഘട്ടംഘട്ടമായി നിയമസഭയ്ക്ക് കൈമാറാം. ഗ്രീൻലാൻഡിന്റെ 2009-ലെ സ്വയംഭരണ നിയമം അധികാരങ്ങൾ ഘട്ടംഘട്ടമായി ഏറ്റെടുക്കുന്നതിനുള്ള ഒരു താരതമ്യ മാതൃക നൽകുന്നു. ലഡാക്കിലും ഓരോ ഘട്ടത്തിനും വ്യക്തമായ സമയപരിധിയും വിലയിരുത്തൽ മാനദണ്ഡങ്ങളും നിശ്ചയിക്കണം. പത്ത് വർഷത്തിനുശേഷം സംസ്ഥാനപദവിയിലേക്കുള്ള പുരോഗതി ഉൾപ്പെടെ ഭരണക്രമം നിർബന്ധമായും പുനഃപരിശോധിക്കണം. അങ്ങനെ, സ്വയംഭരണത്തിനായുള്ള ആവശ്യം അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുന്ന വാഗ്ദാനമായി തുടരാതെ, അളക്കാവുന്ന പുരോഗതിയുള്ള ഒരു സ്ഥാപനപരമായ പ്രക്രിയയായി മാറും.

കേന്ദ്രത്തിനും ലഡാക്കിനും ഇടയിൽ അധികാരപരിധി, ധനവിനിയോഗം, നിയമസഭയുടെ സമ്മതം തുടങ്ങിയ വിഷയങ്ങളിൽ തർക്കങ്ങൾ ഉയരുമ്പോൾ അവ പരിഹരിക്കുന്നതിന് സ്വതന്ത്ര സംവിധാനവും ആവശ്യമാണ്. കേന്ദ്രത്തിന്റെയും ലഡാക്കിന്റെയും രണ്ട് വീതം പ്രതിനിധികളും സുപ്രീം കോടതി നിർദേശിക്കുന്ന മൂന്ന് നിഷ്പക്ഷ നിയമവിദഗ്ധരും ഉൾപ്പെടുന്ന സമിതിയെ പരിഗണിക്കാം. എന്നാൽ അതിന്റെ അധികാരങ്ങൾ, തീരുമാനങ്ങളുടെ നിയമസാധുത, നിലവിലുള്ള കോടതികളുടെ അധികാരപരിധിയുമായുള്ള ബന്ധം എന്നിവ ഭരണഘടനയിലോ പാർലമെന്റ് നിയമത്തിലോ വ്യക്തമായി നിർവചിക്കണം. തർക്കപരിഹാര സംവിധാനം കേന്ദ്രത്തിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കുള്ള മറ്റൊരു വഴിയായി മാറാതിരിക്കാനും അതിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കണം.
അവസാനമായി, പുതിയ ഭരണക്രമത്തിന് ജനാധിപത്യപരമായ അംഗീകാരം ലഭിക്കുന്നതാണ് അതിന്റെ നിയമസാധുതയുടെ അടിസ്ഥാനം. ലഡാക്കിന്റെ ഭാവിഭരണസംവിധാനത്തെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അതിന്റെ അടിസ്ഥാനഘടന മാറ്റുന്ന നടപടികൾ ഏകപക്ഷീയമായി സ്വീകരിക്കരുത്. ഓരോ ചർച്ചയുടെയും മിനിറ്റ്സും ഇരുപക്ഷങ്ങളുടെയും കരടുനിർദേശങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. അന്തിമ കരാറിന് മുമ്പ് ഇടക്കാല പ്രദേശവ്യാപക തിരഞ്ഞെടുപ്പ് നടത്തി, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് നിർദേശങ്ങൾ പരിശോധിക്കാനും ചർച്ചകൾക്ക് അംഗീകാരം നൽകാനും അവസരം ഒരുക്കണം. ലഡാക്കിന്റെ പേരിൽ തീരുമാനങ്ങൾ എടുക്കുന്നവർക്ക് അതിനുള്ള വ്യക്തമായ ജനാധിപത്യ മാൻഡേറ്റ് ഉണ്ടായിരിക്കണം.
ഇത്തരം ഒരു ഭരണഘടനാകരാർ കേന്ദ്രത്തിന്റെ സുരക്ഷാപരമായ ആശങ്കകളെ അവഗണിക്കാതെയും ലഡാക്കിന്റെ ജനാധിപത്യാവകാശങ്ങളെ കേന്ദ്രത്തിന്റെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കാതെയും മുന്നോട്ടുപോകാനുള്ള വഴിയാണ്. അതിന്റെ വിജയം ഒരു പുതിയ ഭരണപദവി സൃഷ്ടിക്കുന്നതിലല്ല, അധികാരം വിനിയോഗിക്കുന്ന ഓരോ സ്ഥാപനത്തിന്റെയും പരിധിയും ഉത്തരവാദിത്തവും ഭരണഘടനയിൽ വ്യക്തമായി ഉറപ്പാക്കുന്നതിലാണ്. ലഡാക്കിന്റെ ഭാവി തീരുമാനിക്കേണ്ടത് കേന്ദ്രത്തിന്റെ ഏകപക്ഷീയമായ നടപടികളിലൂടെയോ ഏതെങ്കിലും പ്രക്ഷോഭസംഘടനയുടെ മാത്രം നിലപാടിലൂടെയോ അല്ല; സുരക്ഷ, സ്വയംഭരണം, സമുദായങ്ങൾക്കിടയിലെ തുല്യത, ജനാധിപത്യപരമായ അംഗീകാരം എന്നിവയെ ഒരുമിച്ച് പരിഗണിക്കുന്ന ഒരു പുതിയ ഭരണഘടനാ കരാറിലൂടെയാണ്.

