‘‘മുന്നിൽ വലിയ വെല്ലുവിളികൾ ഉണ്ടാകും ദയവായി അവരെ നേരിടാൻ തയ്യാറാവുക’’ - അരവിന്ദ് കെജ്രിവാള്‍

‘മുന്നിൽ വലിയ വെല്ലുവിളികൾ ഉണ്ടാകും. ദയവായി അവരെ നേരിടാൻ തയ്യാറാവുക. ഒരു കാര്യം ഓർക്കുക, മുൻകാലങ്ങളിൽ നമ്മൾ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ പാതയിൽ നടക്കുക.’- അരവിന്ദ് കെജ്രിവാള്‍

Election Desk

.എ.പി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ കെജ്രിവാളിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ബൈഭവ് കുമാറിനെ അറസ്റ്റ് ചെയ്തതോടെ എപിയും ബിജെപിയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു. ബിജെപി ആസ്ഥാനത്തേക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. എഎപി നേതാക്കളെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി നിരന്തരം വേട്ടയാടുന്നു എന്നാരോപിച്ചാണ് 'ജയിൽ ഭാരൊ' എന്ന് പേരിൽ പ്രതിഷേധം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സെക്രട്ടറി ബൈഭവ് കുമാർ തന്നെ മർദിച്ചെന്ന എഎപി രാജ്യസഭ എംപി സ്വാതി മലിവാളിന്റെ പരാതിയിൽ കഴിഞ്ഞദിവസം ബിഭവിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, എഎപി മാർച്ച് പ്രഖ്യാപിച്ചത്.

മാർച്ചിൽ ബിജെപിയേയും മോദിയെയും രൂക്ഷമായ ഭാഷയിൽ കെജ്രിവാൾ വിമർശിച്ചു. എ എ പിക്കുള്ളിൽ ഓപറേഷൻ ചൂൽ നടപ്പിലാക്കുകയാണ് ബി ജെ പിയെന്നും പാർട്ടിയുടെ വളർച്ച മോദിയെ ഭയപ്പെടുത്തുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. പൊലീസ് മാർച്ച് തടഞ്ഞുവെങ്കിലും ബാരിക്കേഡിന് മുന്നിൽ നിന്ന് കെജ്രിവാള്‍ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ഒരു കെജ്രിവാളിനെ അറസ്റ്റ് ചെയ്താൽ ആയിരം കെജ്‌രിവാൾ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ എ പി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍

പാർട്ടിയുടെ എല്ലാ നേതാക്കന്മാരെയും മോദി സർക്കാർ അറസ്റ്റ് ചെയ്യുകയാണെന്നും തെരഞ്ഞെടുപ്പിനുശേഷം പാർട്ടി അക്കൗണ്ട് മരവിപ്പിക്കുമെന്നും അദ്ദേഹം അണികളോടായി പറഞ്ഞു. പാർട്ടിയുടെ വളർച്ചകണ്ട് പേടിച്ചാണ് തന്നെയും മനീഷ് സിസോദിയയെും അറസ്റ്റ് ചെയ്തതെന്നും കേജ്രിവാൾ ആരോപിച്ചു. പാർട്ടി അഗ്‌നിപരീക്ഷയിലൂടെയാണ് കടന്നുപോകുന്നതെന്നും ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് ബി ജെ പിയും മോദിയും ശ്രമിക്കുന്നതെന്ന് കെജ്രിവാൾ തുറന്നടിച്ചു.

'എ എ പിയുടെ ഉയർച്ചകണ്ട് ആശങ്കയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർട്ടി വളരെ വേഗത്തിൽ ഉയർന്നു. പാർട്ടിയെ തകർക്കാൻ 'ഓപ്പറേഷൻ ഝാദു' (ഓപറേഷൻ ചൂൽ) തുടങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഞങ്ങളുടെ ഓഫീസ് പൂട്ടി റോഡിലിറക്കുകയും ചെയ്യും.

മുന്നിൽ വലിയ വെല്ലുവിളികൾ ഉണ്ടാകും. ദയവായി അവരെ നേരിടാൻ തയ്യാറാവുക. ഒരു കാര്യം ഓർക്കുക, മുൻകാലങ്ങളിൽ നമ്മൾ നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. സത്യത്തിന്റെ പാതയിൽ നടക്കുക.' - അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി.

ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ ദരിദ്രർക്ക് രാജ്യം മുഴുവൻ സൗജന്യമായി വൈദ്യുതി നൽകുമെന്നും കേജ്രിവാൾ വാഗ്ദാനം ചെയ്തു. ബി ജെ പിയുടെ ആസ്ഥാനത്ത് പ്രതിഷേധം നടത്താൻ പാർട്ടി അനുമതി തേടിയിട്ടില്ലെന്നാണ് ഡൽഹി സെൻട്രൽ പൊലീസ് പറഞ്ഞത്. നിലവിൽ ബി ജെ പി ആസ്ഥാനത്തിന് മുന്നിൽ നിരോധനാജ്ഞ തുടരുകയാണ്. പ്രതിഷേധം മുന്നിൽ കണ്ട് ഡിഡിയു മാർഗ്, ഐപി മാർഗ്, മിന്റോ റോഡ്, വികാസ് മാർഗ് എന്നീ റോഡുകൾ ഡൽഹി ട്രാഫിക് പൊലീസ് അടച്ചിരുന്നു. ബി.ജെ.പി. ആസ്ഥാനത്തും ആം ആദ്മി പാർട്ടി ആസ്ഥാനത്തും സുരക്ഷാസേന നിലയുറപ്പിച്ചിട്ടുണ്ട്.

മദ്യ അഴിമതികേകസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അരവിന്ദ് കേജ്രിവാൾ മോദിക്കും ബി ജെ പിക്കുമെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കാഴ്ചയാണ് കാണുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടമായ മെയ് 25നാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുക. ആം ആദ്മി പാർട്ടിയും കോൺഗ്രസും ഇന്ത്യ മുന്നണിയുടെ ബാനറിൽ മത്സരിക്കുന്ന ഡൽഹിയിൽ എ എ പി നാല് സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്.

മദ്യ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു.

കെജ്രിവാളിന്റെ അറസ്റ്റിനെ മുൻനിർത്തിയാണ് എ എ പി ഇതുവരെയും കാമ്പയിൻ മുന്നോട്ട് കൊണ്ടുപോയത്. എന്നാൽ ഇപ്പോൾ ബി ജെ പിയെ കടന്നാക്രമിക്കുക എന്ന രീതിയാണ് തുടരുന്നത്. 2014ലും 2019ലും ബി ജെ പിക്ക് ഡൽഹിയിലുണ്ടായിരുന്ന പൂർണാധിപത്യം ഇത്തവണ നിറയെ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങൾ എ എ പിയുടെ സ്വാധീന മേഖലകൂടിയാണ്. ഗുജറാത്തിൽ 2 സീറ്റിലും ഹരിയാനയിൽ ഒരു സീറ്റിലും മത്സരിക്കുന്ന പാർട്ടി പഞ്ചാബിലെമുഴുവൻ സീറ്റിലും ഇന്ത്യ മുന്നണിയുടെ ബാനറിൽ ഒറ്റക്കാണ് മത്സരിക്കുന്നത്.

Comments