ഡൽഹിയിലെ ആപ്പിൻെറ തോൽവി, വോട്ട് കുറഞ്ഞത് എവിടെ? കണക്കുകൾ പറയുന്നത്…

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വോട്ട് കുറഞ്ഞത് ഏതെല്ലാം മേഖലകളിലാണ്? മുസ്ലീം ന്യൂനപക്ഷ മേഖലകളിലും പിന്നാക്ക മേഖലകളിലും ഈ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം എങ്ങനെയായിരുന്നു. കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ…

Election Desk

അഴിമതിക്കെതിരെ അന്നാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ലോക്പാൽ സമരത്തിൻെറ മുന്നണിപ്പോരാളിയായ അരവിന്ദ് കെജ്രിവാൾ കൃത്യമായ ലക്ഷ്യങ്ങളുമായാണ് 2012-ൽ ആം ആദ്മി പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ രംഗപ്രവേശം നടത്തുന്നത്. പാർട്ടി തുടങ്ങുന്ന ഘട്ടത്തിൽ യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, കിരൺ ബേദി തുടങ്ങിയവരെല്ലാം പാർട്ടിയുടെ മുൻനിരയിലുണ്ടായിരുന്നു. പിന്നീട് കെജ്രിവാൾ പാർട്ടിയിൽ അപ്രമാദിത്വം നേടുകയും ഇവരിൽ പലരും പാർട്ടി വിടുകയും ചെയ്തു. 2013-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി കൊണ്ടാണ് ആപ്പ് ശരിക്കും വരവറിയിക്കുന്നത്. രൂപീകരിച്ച് ഒരൊറ്റ വർഷത്തിനുള്ളിൽ ഡൽഹി പോലൊരു സംസ്ഥാനത്ത് ഭരണം പിടിക്കുന്ന നിലയിലേക്കുള്ള ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇന്ത്യയുടെ അന്നേവരെയുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഏറെ പുതുമയുള്ള ഒരേടായിരുന്നു. 15 വർഷം ഡൽഹി മുഖ്യമന്ത്രിയായി അധികാരക്കസേരയിലിരുന്ന ഷീലാ ദീക്ഷിതിനെ പുറത്താക്കിയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിയായത്. ന്യൂഡൽഹി മണ്ഡലത്തിൽ ഷീല ദീക്ഷിതിനെതിരെ നേരിട്ട് മത്സരിച്ചാണ് കെജ്രിവാൾ ആദ്യാമായി നിയമസഭയിലേക്ക് എത്തുന്നത്. എഎപി 28 സീറ്റുകളിലും ബി.ജെ.പി 31 സീറ്റുകളിലും കോൺഗ്രസ് 8 സീറ്റുകളിലുമാണ് വിജയിച്ചത്. കോൺഗ്രസിൻെറ പുറത്ത് നിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിച്ച കെജ്രിവാൾ 48 ദിവസത്തിന് ശേഷം രാജിവെക്കുകയാണ് ഉണ്ടായത്.

2013-ൽ ബി.ജെ.പി സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അവർക്ക് സർക്കാർ ഉണ്ടാക്കാൻ സാധിച്ചില്ല. 2015-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് എഎപി സംസ്ഥാനത്ത് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. കോൺഗ്രസിനെ സംപൂജ്യരാക്കിയ തെരഞ്ഞെെെടുപ്പിൽ എ.എ.പിക്ക് ലഭിച്ചത് 70-ൽ 67 സീറ്റുകൾ. ബി.ജെ.പിക്ക് വെറും 3 സീറ്റുകൾ. അക്ഷരാർഥത്തിൽ പ്രതിപക്ഷം പോലുമില്ലാത്ത നിലയിൽ ഡൽഹിയിലെ ജനങ്ങൾ അധികാരം എ.എ.പിക്ക് നൽകി. 2020ലും എഎപി വലിയ വിജയം തന്നെയാണ് ആവർത്തിച്ചത്. 70-ൽ 62 സീറ്റുകൾ നേടി അരവിന്ദ് കെജ്രിവാൾ വീണ്ടും മുഖ്യമന്ത്രിയായി. ബി.ജെ.പി 8 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് വീണ്ടും വട്ടപ്പൂജ്യമായി.

2025-ലെ കണക്കുകൾ

27 വർഷത്തിന് ശേഷം ഡൽഹിയിൽ വീണ്ടും ബി.ജെപി അധികാരത്തിലെത്തിയിരിക്കുന്നു. 2020-ൽ 8 സീറ്റുണ്ടായിരുന്ന ബി.ജെ.പി 40 സീറ്റുകൾ വർധിപ്പിച്ച് 48 സീറ്റുകളുമായാണ് അധികാരത്തിലേറുന്നത്. ആം ആദ്മി പാർട്ടിയാവട്ടെ 40 സീറ്റുകൾ കുറഞ്ഞ് 22 സീറ്റിലേക്കൊതുങ്ങുന്നു. കോൺഗ്രസ് യാതൊരു മാറ്റവുമില്ലാതെ പൂജ്യത്തിൽ തന്നെ ഒതുങ്ങിയിരിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനത്തിൽ വലിയ കുറവുണ്ടായത് എഎപിക്ക് തന്നെയാണ്. കുറഞ്ഞത് 10 ശതമാനം വോട്ടുകൾ. ബി.ജെ.പിക്ക് 7.8 ശതമാനവും കോൺഗ്രസിന് 2 ശതമാനവും വോട്ട് വർധിച്ചു. 2003ൽ ഡൽഹിയിൽ 48.1 ശതമാനം വോട്ടുണ്ടായിരുന്ന കോൺഗ്രസാണ് ഇപ്പോൾ 6.3 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്.

എഎപിക്ക് ആശ്വസിക്കാൻ വകയുണ്ടോ?

പ്രത്യയശാസ്ത്രപരമായി അടിത്തറയില്ലാത്ത എ.എ.പിയെന്ന രാഷ്ട്രീയ പാർട്ടി ഈ തെരഞ്ഞെടുപ്പ് തോൽവിയോടെ തകർന്നടിയുമെന്ന വിലയിരുത്തലുകൾ രാഷ്ട്രീയ വിദഗ്ദർ ഉയർത്തുന്നുണ്ട്. എന്നാൽ യഥാർഥത്തിൽ കാര്യങ്ങൾ അങ്ങനെയാണോ? 54.3 ശതമാനം വോട്ട് ഷെയർ ഉണ്ടായിരുന്നിടത്ത് നിന്നാണ് 43.6 ശതമാനത്തിലേക്ക് എത്തിയിരിക്കുന്നത്. എന്നാൽ ബി.ജെ.പിയുമായുള്ള (45.6 ശതമാനം) അന്തരം വെറും 2 ശതമാനത്തിൻെറ മാത്രമാണ്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ആപ്പിനെ കാര്യമായി പിന്തുണച്ചിരുന്നു. ഇത്തവണ മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ പാർട്ടി തിരിച്ചടി നേരിട്ടിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 25 ശതമാനത്തിലധികം മുസ്ലിം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ ഏകദേശം 49.5 ശതമാനം വോട്ട് നേടാൻ എ.എ.പിക്ക് സാധിച്ചിട്ടുണ്ട്. ഇതേ മേഖലകളിൽ ബി.ജെ.പിയുടെ വോട്ട് ഷെയർ 32.9 ശതമാനമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുമായി താരതമ്യം ചെയ്യുമ്പോൾ 12.3 ശതമാനമാണ് എഎപിക്ക് വോട്ട് കുറഞ്ഞത്. 10 മുതൽ 25 ശതമാനം വരെ മുസ്ലീം വോട്ടർമാരുള്ള മണ്ഡലങ്ങളിൽ 45 ശതമാനവും 10 ശതമാനത്തിൽ കുറവുള്ള മണ്ഡലങ്ങളിൽ 42.4 ശതമാനവും വോട്ടുകളുമാണ് എ.എ.പിക്ക് നേടാൻ സാധിച്ചത്. യഥാക്രമം 7.5 ശതമാനവും 10.3 ശതമാനവും വോട്ടാണ് ഈ മേഖലകളിൽ കുറഞ്ഞത്.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ കൂടുതലുള്ള മേഖലകളിലും എ.എ.പി വോട്ട് ഷെയറിന് വലിയ ഇടിവുണ്ടായിട്ടുണ്ട്. ഈ മേഖലയിൽ 48.3 ശതമാനം വോട്ട് എഎപിക്കും 42.2 ശതമാനം വോട്ട് ബി.ജെ.പിക്കും ലഭിച്ചിട്ടുണ്ട്. 8.2 ശതാനം വോട്ടാണ് ഇവിടെ കുറഞ്ഞത്. ദരിദ്രജനവിഭാഗങ്ങൾ കൂടുതലുള്ള മേഖലകളിൽ 11.1 ശതമാനം വോട്ടും കുറഞ്ഞു. എഎപിയുടെ മറ്റൊരു വലിയ വോട്ട് ബാങ്കായ മധ്യവർഗത്തിനിടയിലും അവർക്ക് തിരിച്ചടി നേരിട്ടു. ഡൽഹിയിലെ മധ്യവർഗ വോട്ടർമാരിൽ 47.3 ശതമാനം ബി.ജെ.പിയെ പിന്തുണച്ചപ്പോൾ 45.3 ശതാനം എഎപിയെ പിന്തുണച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എഎപിക്ക് 6.6 ശതമാനം വോട്ട് കുറഞ്ഞു.

മുസ്ലിം ജനവിഭാഗങ്ങളുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പിന്തുണ കുറഞ്ഞത് ഇത്തവണത്തെ എഎപിയുടെ തോൽവിയിൽ നിർണായകഘടമായിട്ടുണ്ട്. മറുഭാഗത്ത് സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവർക്കിടയിൽ ബി.ജെ.പി തങ്ങൾക്ക് നേരത്തെ ഉണ്ടായിരുന്ന സ്വാധീനം വർധിപ്പിച്ചു. ഇത്തരം മേഖലകളിൽ 9.3 ശതമാനം വോട്ടുയർത്തി 52.6 ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. ഈ മേഖലയിൽ എഎപിക്ക് 12 ശതമാനം വോട്ടിൻെറ ഇടിവുണ്ടായിട്ടുണ്ട്.

എസ്.സി സംവരണ മണ്ഡലങ്ങളിൽ എഎപി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ അവിടെയും അവരുടെ വോട്ട് ഷെയറിൽ ഇടിവ് സംഭവിച്ചിട്ടുണ്ട്. 11 ശതമാനം വോട്ടാണ് സംവരണ മണ്ഡലങ്ങളിൽ കുറഞ്ഞത്. ജനറൽ മണ്ഡലങ്ങളിൽ 9.8 ശതമാനവും വോട്ട് കുറഞ്ഞു.

(ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട കണക്കുകളാണ് അവലംബം)

Comments