ഇന്ത്യയ്ക്കു വേണ്ടത്
നിരന്തര പ്രതിപക്ഷം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ, ദലിതരും ദരിദ്രരും മുസ്ലീങ്ങളും അടങ്ങുന്ന ജനവിഭാഗങ്ങൾ ആം ആദ്മി പാർട്ടിക്കാണ് വോട്ടു ചെയ്തത്. അതൊരു രാഷ്ട്രീയ സാധ്യതയാണ്. ബി ജെ പിക്കെതിരെ വോട്ടു ചെയ്യാൻ, സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാൻ അടിസ്ഥാന ജനവിഭാഗങ്ങൾ ഇപ്പോഴും സന്നദ്ധമാണ്. ആ സാധ്യതയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശേഷി പ്രതിപക്ഷത്തിനുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ബി ജെ പി വിരുദ്ധ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി- പ്രമോദ് പുഴങ്കര എഴുതുന്നു.

നാധിപത്യത്തിന്റെ ജൈവഘടനക്ക് പ്രതിപക്ഷമില്ലാതെ നിലനിൽപ്പില്ല. പ്രതിപക്ഷമില്ലാതിരിക്കുക എന്നാൽ ജനാധിപത്യം ഇല്ലാതാവുക എന്നതാണ്. ഭരണകൂടം സമ്പൂർണ്ണമായ അധികാരം കയ്യാളുക എന്ന അവസ്ഥയിലേക്കാണ് അതെത്തിക്കുക. പൗരസമൂഹം എന്നത് കേവലമായ കണക്ക് മാത്രമായി മാറും. ജനാധിപത്യമെന്നത് ഒരു പ്രത്യേക കാലയളവിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ എന്ന പദവിയിലുള്ള മനുഷ്യർ ബാക്കി സമയത്തേക്ക് മുഴുവൻ ജനങ്ങളേയും ഭരിക്കുന്ന ഒരേർപ്പാടല്ല. നിർഭാഗ്യവശാൽ അങ്ങനെയാണ് നമ്മുടെ നാട്ടിലുള്ള ‘ജനാധിപത്യം’ പ്രവർത്തിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യമെന്നത് വാസ്തവത്തിൽ ജനാധിപത്യത്തിന്റെ ജൈവസ്വഭാവത്തിൽനിന്നും ബഹുദൂരം അകലെയായാണ് നമ്മുടെ നാട്ടിൽ സഞ്ചരിക്കുന്നത്.

പ്രാതിനിധ്യമെന്നത് തീർച്ചയായും ഒരു വർഗ്ഗപ്രശ്നമാണ്. ഒപ്പം സമൂഹത്തിലെ ചരിത്രപരവും സാമൂഹ്യ, സാമ്പത്തിക ഘടനയിലെ ബഹുതല ഭിന്നതകളും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. രാഷ്ട്രീയ, സാമൂഹ്യാധികാരത്തിന്റെ പല തരത്തിലുള്ള മൂലധനം കൈക്കലാക്കിയവരാണ് സമൂഹത്തിന്റെ ‘രാഷ്ട്രീയ പ്രതിനിധികളായി’ മിക്കപ്പോഴും മാറുന്നത്. സാമൂഹ്യ, സാമ്പത്തിക സമത്വമെന്നത് ഒരു സ്വപ്നമായിപ്പോലും നിലനിൽക്കാത്ത സമൂഹങ്ങളിൽ രാഷ്ട്രീയ പ്രതിനിധ്യത്തിലെ ജനാധിപത്യനീതി അകന്നുപോയിക്കൊണ്ടിരിക്കുന്ന സങ്കല്പനവും സങ്കല്പവുമാണ്.

ഇന്ത്യൻ ജനാധിപത്യവും ഈ ദശാസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിലവിലെ പ്രാതിനിധ്യഘടന എന്നത് നമ്മുടെ ജനസമൂഹത്തിന്റെ യഥാർത്ഥത്തിലുള്ള സാമൂഹ്യ നിലകളേയോ തലങ്ങളെയോ പ്രതിനിധീകരിക്കുന്നില്ല. അത് ചരിത്രപരമായ സാമൂഹ്യാധികാരശ്രേണികളേയും സ്വകാര്യസ്വത്തിന്റെയും മൂലധനത്തിന്റെയും അടിസ്ഥാനത്തിലുള്ള വർഗാധികാരത്തെയും മാത്രമാണ് പ്രതിനിധീകരിക്കുന്നത്. അതിനിടയിലുള്ള ചില രക്ഷാകവചങ്ങളാണ് മറ്റ് തരത്തിൽ ഏർപ്പാടാക്കിയിരിക്കുന്ന പ്രാതിനിധ്യ അവസരങ്ങളെന്ന് പറയാം.

തെരഞ്ഞെടുപ്പിൽ മാത്രമായി ഫാഷിസ്റ്റ്-കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെയോ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രതിരെയോ പ്രതിപക്ഷമാവുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ പരിപാടിയാകില്ല.

തെരഞ്ഞെടുപ്പിൽ മാത്രം ഊന്നിയുള്ള ജനാധിപത്യ സംവിധാനം വാസ്തവത്തിൽ ജനാധിപത്യത്തെ വെറും അലങ്കാരവസ്തുവാക്കി മാറ്റുന്നു. അത് ജനങ്ങൾക്ക് തങ്ങളുടെ ജീവിതത്തിലും സാമൂഹ്യനിർമ്മിതിയിലുമുള്ള അവകാശാധികാരങ്ങളെ കൗശലപൂർവ്വം മോഷ്ടിക്കുന്നു. തെരഞ്ഞെടുപ്പ് എന്നത് അതിബൃഹത്തായൊരു സാമ്പത്തിക പ്രക്രിയയും സംഘടനാ സംവിധാനവും ആവശ്യമുള്ള ഒന്നുകൂടിയായി മാറുമ്പോൾ പൗരർക്ക് അതിന്റെ പരിസരത്തൊന്നും എത്തിനോക്കാൻ കഴിയാത്തവണ്ണം അതൊരു യന്ത്രസംവിധാനമായി രൂപപ്പെടും. അത് മനുഷ്യരെ മുഖമില്ലാത്ത വലിയ സംഘങ്ങളാക്കി ചില കള്ളികളിലേക്ക് ഒതുക്കിനിർത്തും. പിന്നീട് ആ യന്ത്രത്തിന്റെ ചലനഗതികൾക്കൊപ്പം നീങ്ങുക എന്നത് മാത്രമാണ് അവരുടെ ചുമതല. രാഷ്ട്രീയകക്ഷികളുടെ അനുഭാവികളോ പ്രവർത്തകരോ ആയ മഹാഭൂരിപക്ഷം മനുഷ്യരും ഇത്തരത്തിൽ, സ്വതന്ത്രമോ ജനാധിപത്യപരമോ ആയ ചിന്താപദ്ധതിയുടെയോ പ്രവർത്തനസംവിധാനത്തിന്റെയോ ഭാഗമായല്ല മറിച്ച് മുഖവും ചിന്തയും അന്യമായ യന്ത്രഭാഗങ്ങളായാണ് പ്രവർത്തിക്കുക. എന്തുതരത്തിലുള്ള പ്രതിനിധാനമാണ് എന്ന ചോദ്യം വിസ്മരിക്കപ്പെടുകയും തെരഞ്ഞെടുപ്പുകൾ അവസാനവാക്കായി മാറുകയും ചെയ്യുന്നു.

കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വിജയം ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ വീണ്ടും ഉയർത്തുന്നതിന് പശ്ചാത്തലമായിട്ടുണ്ട്
കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി നേടിയ വിജയം ഇന്ത്യയിലെ പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ വീണ്ടും ഉയർത്തുന്നതിന് പശ്ചാത്തലമായിട്ടുണ്ട്

ഇന്ത്യയിൽ സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം രാഷ്ട്രീയാധികാരം കയ്യാളുമ്പോൾ ഒരു ജനസമൂഹമെന്ന നിലയിൽ ഇന്ത്യ നേരിടുന്ന പ്രശ്നം തെരഞ്ഞെടുപ്പുകളിലെ വ്യാജപ്രാതിനിധ്യബോധവും തെരഞ്ഞെടുപ്പുകൾക്കിടയിലെ ജനാധിപത്യരാഹിത്യവുമാണ്. ഇത് രണ്ടും ഉടനടി പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല. അത് പ്രാതിനിധ്യ ജനാധിപത്യം അടിമുടി അസമത്വം നിറഞ്ഞ സമൂഹങ്ങളിൽ എങ്ങനെയാണ് അതേ അസമത്വവും അനീതിയും ഒരു തുടർപ്രക്രിയയാക്കുക എന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ്. എന്നാൽ സാമാന്യമായ പക്ഷവൈരുധ്യങ്ങൾ പോലും ദുർബ്ബലമാവുകയും അസാധ്യമാവുകയും ചെയ്യുന്ന തരത്തിൽ രാഷ്ട്രീയ ജനാധിപത്യം ദുർബ്ബലമാവുന്ന അവസ്ഥ ഈ പ്രശ്നത്തെ അതിഗുരുതരമാക്കുന്നു.ഒപ്പം തിരിച്ചുപിടിക്കാനാകാത്ത വിധത്തിൽ അത് സമൂഹത്തെ ജനാധിപത്യവിരുദ്ധവും ജനാധിപത്യമൂല്യങ്ങൾക്ക് നിലനിൽക്കാനാകാത്ത ആവാസവ്യവസ്ഥയുള്ള ഒന്നാക്കി മാറ്റുകയും ചെയ്യുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പി / സംഘപരിവാർ വിരുദ്ധ പക്ഷത്തിന് തെരഞ്ഞെടുപ്പുകളിലേൽക്കുന്ന പരാജയങ്ങൾ ഈ ആശങ്കയെ കൂടുതൽ ശക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ ജനസമൂഹത്തെ കൈകാര്യം ചെയ്യാനുള്ള വിദഗ്ധമായ വഴികളിലൊന്ന് അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യലാണ്.

കഴിഞ്ഞ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി (BJP) നേടിയ വിജയം ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ചും പ്രതിപക്ഷ ഐക്യത്തെക്കുറിച്ചുമുള്ള സന്ദേഹങ്ങൾ വീണ്ടും ഉയർത്തുന്നതിന് പശ്ചാത്തലമായിട്ടുണ്ട്. ഇത് കക്ഷിരാഷ്ട്രീയ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തെക്കുറിച്ചുള്ള ചർച്ചകളാണ്. എന്നാൽ ജനാധിപത്യത്തെ സാധ്യമാക്കുന്നത് അത് മാത്രമല്ല. നിരന്തരമായ പൗരസമൂഹ ഇടപെടലുകളും നിരന്തരമായ ജനജാഗ്രതയുടെ പ്രതിപക്ഷവുമാണ് ഉണ്ടാകേണ്ടത്. അത് ആദ്യം സൂചിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു വിശാല ചർച്ചയാണ്. അതിനു മുമ്പ് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയാധികാര കാലാവസ്ഥയിൽ ബി ജെ പി വിരുദ്ധ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ വർത്തമാനവും ഭാവിയും പോലും ആശങ്കാജനകമായ വിധത്തിൽ അവതാളത്തിലാകുന്നു എന്ന തോന്നലാണ് ഇപ്പോളുയരുന്നത്. ഒരുപക്ഷെ പൊടുന്നനെയുണ്ടാകുന്ന പ്രചാരണത്തോളം സാധ്യതാരഹിതമാണോ ഇന്ത്യയിലെ ബി ജെ പി വിരുദ്ധ തെരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്റെ ഭാവി എന്നതിൽ തീർച്ചയായും നമുക്ക് സംശയമുണ്ടാകാം. എന്നാൽ അത് അടിയന്തരമായ പരിഹാരക്രിയകൾ ആവശ്യപ്പെടുന്ന ഒരു രാഷ്ട്രീയപ്രതിസന്ധിയാണ് എന്നതിൽ സംശയമൊന്നുമില്ല.

ഡൽഹി തെരഞ്ഞെടുപ്പിൽ ബി ജെ പി വിജയിച്ചു എന്ന് മാത്രമല്ല, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയശക്തിയാകും എന്ന സാധ്യത പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി (AAP) പരാജയപ്പെട്ടു എന്നതുമാണ് ശ്രദ്ധേയ സംഗതി. സ്വന്തം നിലയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ രണ്ടു തവണ തുടർച്ചയായി അധികാരത്തിലെത്തിയ ആപ് നേരിട്ട പരാജയം ആ പാർട്ടിയുടെ മാത്രമല്ല, ബി ജെ പി വിരുദ്ധ രാഷ്ട്രീയാഖ്യാനങ്ങളുടെ പ്രയോഗപ്രശ്നങ്ങളെക്കൂടിയാണ് കൂടുതൽ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയശക്തിയാകും എന്ന സാധ്യത പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി പരാജയപ്പെട്ടു എന്നതാണ് ശ്രദ്ധേയ സംഗതി.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരു പുതിയ രാഷ്ട്രീയശക്തിയാകും എന്ന സാധ്യത പ്രചരിപ്പിച്ച ആം ആദ്മി പാർട്ടി പരാജയപ്പെട്ടു എന്നതാണ് ശ്രദ്ധേയ സംഗതി.

ഡൽഹി തെരഞ്ഞെടുപ്പിനുമുമ്പ് ബി ജെ പി വിരുദ്ധ കക്ഷികൾ വിജയം പ്രതീക്ഷിച്ച ഹരിയാനയിലും മഹാരാഷ്ട്രയിലും ബി ജെ പി വിജയിച്ചു. ഈ രണ്ടു സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്നത് ബി ജെ പിയും ബി ജെപി സഖ്യവുമായിരുന്നു എന്നതുകൊണ്ടുതന്നെ ഭരണവിരുദ്ധവികാരത്തിന്റെ ആനുകൂല്യം ബി ജെ പി വിരുദ്ധ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതൊന്നും നടന്നില്ലെന്നു മാത്രമല്ല, വലിയ ഭൂരിപക്ഷത്തിനാണ് ബി ജെ പി വിജയം ഉറപ്പിച്ചത്. പ്രതിപക്ഷ കക്ഷികളുടെ സഖ്യം (Indian National Developmental Inclusive Alliance- INDIA) സാമാന്യം ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട മഹാരാഷ്ട്രയിൽ ബി ജെ പി സഖ്യം നേടിയ വിജയം ഒരു അട്ടിമറി സ്വഭാവത്തിലുള്ളതായിരുന്നു.

ബി ജെ പിക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരുന്ന 2024-ലെ ദേശീയ തെരഞ്ഞെടുപ്പും അതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ മോശമല്ലാത്ത പ്രകടനവുമായി തട്ടിച്ചുനോക്കുമ്പോൾ അതിനു ഏതാണ്ട് തൊട്ടുപിന്നാലെയെന്നവണ്ണം നടന്ന ഈ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികളുടെ പരാജയം ബി ജെ പി വിരുദ്ധ രാഷ്ട്രീയ ഐക്യത്തെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും വലിയ ചോദ്യങ്ങളുയർത്തുന്നുണ്ട്.

ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രതിപക്ഷം നേരിടുന്ന പ്രശ്നം അതിനൊരു രാഷ്ട്രീയ പരിപാടിയില്ല എന്നതാണ്. ബി ജെ പിയുമായി പലപ്പോഴും ഒന്നിച്ചുനിൽക്കുകയും ഭരണം പങ്കിടുകയും ചെയ്ത രാഷ്ട്രീയ കക്ഷികളാണ് അവയിൽ പലതും.

വാസ്തവത്തിൽ ദേശീയ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യങ്ങളല്ല സംസ്ഥാന തെരഞ്ഞെടുപ്പുകളിലുള്ളത്. കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പിൽ ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രതിപക്ഷ കക്ഷികളുണ്ടാക്കിയ പരിമിതമെങ്കിലും പ്രകടമായ ഐക്യത്തിന് ഒരു രാഷ്ട്രീയ സ്വഭാവം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അത് ഇന്ത്യയുടെ ബഹുസ്വരതയും മതേതര സ്വാഭാവവും ജനാധിപത്യ റിപ്പബ്ലിക്കെന്ന ഭരണഘടനാ സ്വരൂപവും നിലനിർത്തുകയെന്നതായിരുന്നു. ഇന്ത്യ എന്ന ആശയം ഒരു തെരഞ്ഞെടുപ്പ് വിഷയമായി ചെറിയ തോതിലെലെങ്കിലും ചർച്ച ചെയ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ അവകാശങ്ങളിലൂന്നിയുള്ള ഫെഡറൽ സ്വഭാവം ഇന്ത്യക്ക് നഷ്ടപ്പെടുന്നതും ഉപദേശീയതകൾക്ക് മുകളിൽ സംഘപരിവാറിന്റെ ‘ഹിന്ദു- ഹിന്ദി’ സങ്കുചിത ദേശീയതയുടെ പിടിമുറുകുന്നതും തമിഴ്‌നാടും ബംഗാളും കേരളവും പോലുള്ള സംസ്ഥാനങ്ങളിൽ ചർച്ചാവിഷയമായി. ഉത്തർപ്രദേശിലെ ഹിന്ദുത്വ കോട്ടയിൽ വിള്ളലുകളുണ്ടായി. രാമക്ഷേത്ര നിർമ്മാണം ബി ജെ പിക്ക് നൽകുമെന്ന് കരുതിയ രാഷ്ട്രീയനേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല. 400 സീറ്റുകളിലേറെ നേടുമെന്ന ബി ജെ പി അവകാശവാദം അതിന്റെ അടുത്തൊന്നുമെത്തിയില്ല എന്നുമാത്രമല്ല ലോക്സഭയിൽ ബി ജെ പിക്ക് തനിച്ചു ഭൂരിപക്ഷവും കിട്ടിയില്ല. ഇതോടെ ദേശീയതലത്തിൽ ബി ജെ പിക്കതിരായ പ്രതിപക്ഷ ഐക്യം ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീതിയുണ്ടാവുകയും ചെയ്തു.

രാമക്ഷേത്ര നിർമ്മാണം ബി ജെ പിക്ക് നൽകുമെന്ന് കരുതിയ രാഷ്ട്രീയനേട്ടങ്ങൾ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.
രാമക്ഷേത്ര നിർമ്മാണം ബി ജെ പിക്ക് നൽകുമെന്ന് കരുതിയ രാഷ്ട്രീയനേട്ടങ്ങൾ, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

എന്നാൽ തുടർന്നുനടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി ജെ പി ഈ വീഴ്ചയെ മറികടക്കുന്ന അവസ്ഥയുണ്ടാക്കി. എന്നാലതിനെ ദേശീയ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ ദൗർബ്ബല്യത്തെ അവർ പൂർണ്ണമായും മറികടന്നു എന്ന തരത്തിൽ വായിക്കുന്നത് ശരിയായിരിക്കില്ല. തീർച്ചയായും അതിസൂക്ഷ്മമായ രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും ആർ എസ് എസിന്റെ വലിയ ഇടപെടലുകളിലൂടെയും ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടികളിൽ പലതും പരിഹരിക്കാൻ ബി ജെ പിക്കായിട്ടുണ്ട്. എന്നാൽ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ അത് മാത്രമല്ല വിഷയമായത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ഉയർത്തിയ വിശാലമായ രാഷ്ട്രീയ പ്രശ്നങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കുക എന്നത് അസാധ്യമായിവന്നു. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ ദേശീയതലത്തിൽ ബി ജെ പി നേരിട്ട വലിയ എതിർപ്പിന് പശ്ചാത്തലമായ രാഷ്ട്രീയ സാഹചര്യങ്ങളും ഇല്ലായിരുന്നു. പകരം അവിടെയുണ്ടായിരുന്നത് വളരെ പ്രാദേശികവും സൂക്ഷ്മമവുമായ തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നു. നരേന്ദ്ര മോദി മുൻനിരയിൽ നിന്ന് നയിക്കാഞ്ഞ തെരഞ്ഞെടുപ്പായിരുന്നു മഹാരാഷ്ട്രയിൽ നടന്നത്. ദേശീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാൻ അവർ ശ്രദ്ധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന് ദേശീയതലത്തിൽ ഒരു പരിധിവരെ സാധ്യമായ രാഷ്ട്രീയ പ്രതിരോധത്തിനുള്ള സാധ്യത സംസ്ഥാന തെരഞ്ഞെടുപ്പുകളില്ലാതെ പോയി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ഉയർത്തിയ വിശാലമായ രാഷ്ട്രീയ പ്രശ്നങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കുക എന്നത് അസാധ്യമായിവന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര ഉയർത്തിയ വിശാലമായ രാഷ്ട്രീയ പ്രശ്നങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കുക എന്നത് അസാധ്യമായിവന്നു.

എന്നാൽ ഇതുകൊണ്ടുമാത്രമാണ് പ്രതിപക്ഷം പരാജയം നേരിട്ടത് എന്നുവരുന്നില്ല. അതിന് അടിസ്ഥാനപരമായ, ഗുരുതരമായ കാര്യങ്ങൾ മറ്റു പലതുമുണ്ട്. പ്രാഥമികമായി ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രതിപക്ഷം നേരിടുന്ന പ്രശ്നം അതിനൊരു രാഷ്ട്രീയ പരിപാടിയില്ല എന്നതാണ്. ബി ജെ പിയുമായി പലപ്പോഴും ഒന്നിച്ചുനിൽക്കുകയും ഭരണം പങ്കിടുകയും ചെയ്ത രാഷ്ട്രീയ കക്ഷികളാണ് അവയിൽ പലതും. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനെതിരെയുള്ള അവയുടെ രാഷ്ട്രീയ എതിർപ്പ് അവസരവാദ രാഷ്ട്രീയത്തിന്റെ കളത്തിനുപുറത്തേക്ക് രാഷ്ട്രീയമായി വികസിപ്പിക്കാൻ ആ കക്ഷികളിൽ പലതിനും വേണ്ടവിധത്തിൽ കഴിഞ്ഞിട്ടില്ല.

രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയുടെ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയ സമരൈക്യം എന്നത് ഇന്ത്യയിലെ പ്രതിപക്ഷത്തെ സംബന്ധിച്ച് ഏതാണ്ട് അചിന്തനീയമാണ്. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബി ജെ പിയുടെ സാമ്പത്തിക പരിപാടിയുമായി അവർക്കൊന്നും വലിയ വിയോജിപ്പുകൾ ഇല്ല എന്നതാണ്. കോർപ്പറേറ്റ് മൂലധനവുമായുള്ള വിധേയസഖ്യത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷത്തിന് യാതൊരു എതിർപ്പുമില്ല. ബി ജെ പി വിരുദ്ധ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അദാനിയടക്കമുള്ള കോർപ്പറേറ്റുകൾക്ക് കേന്ദ്രത്തിൽ ബി ജെ പി സർക്കാർ നൽകുന്ന അതേ സൗകര്യങ്ങൾ നൽകിയാണ് സർക്കാരുകൾ ആകർഷിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതി ഇതിന്റെ കൃത്യമായ ഉദാഹരണമാണ്. ഏതാണ്ടൊരു മുക്കാൽ നൂറ്റാണ്ടുകാലത്തേക്ക് നടത്തിപ്പും ലാഭത്തിന്റെ സിംഹഭാഗവും അദാനി വിഴുങ്ങുകയും എന്നാൽ നിർമ്മാണത്തിനുള്ള പണത്തിൽ ഭൂരിഭാഗവും പൊതുഖജനാവിൽ നിന്ന് പോവുകയും ചെയ്യുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചുറ്റുമാണ് കേരളത്തിന്റെ ഭാവി വികസനമെന്നാണ് കഴിഞ്ഞ ബജറ്റിലടക്കം കേരളത്തിലെ സി പി എം നേതൃത്വത്തിലുള്ള സർക്കാർ സ്വപ്നം പങ്കുവെക്കുന്നത്. ഇതൊക്കെത്തന്നെയാണ് കോർപ്പറേറ്റ് മൂലധനത്തിന്റെ കൊള്ളയ്ക്ക് അവസരമൊരുക്കുന്നതിൽ പ്രതിപക്ഷ കക്ഷികളുടെ നിലപാട്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് ഒരു ബദൽ രാഷ്ട്രീയ സാമ്പത്തിക പരിപാടിയെക്കുറിച്ചുള്ള സാധ്യത ചർച്ചചെയ്യുന്നതിനുള്ള അവസരം പോലും അവർ നൽകുന്നില്ല.

ബി ജെ പി വിരുദ്ധ പ്രതിപക്ഷ മുന്നണിയുടെ നിലനിൽപ്പ്, ബി ജെ പി- കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരായ, ഭരണകൂട- കോർപ്പറേറ്റ് സഖ്യത്തിനെതിരായ രാഷ്ട്രീയ പരിപാടിയുടെ ദാർഢ്യത്തിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.

പ്രത്യക്ഷത്തിൽ ഇതൊന്നും നടപ്പുള്ള പരിപാടിയല്ല എന്ന് വലിയ ശുഭാപ്തിവിശ്വാസികൾക്കുപോലും തോന്നുന്ന വിധത്തിൽ കോർപ്പറേറ്റ് മൂലധനത്തിന്റെ വാഴ്ചയും അതിനു കൂട്ടുനിൽക്കുന്ന ഭരണകൂടവും സൃഷ്ടിച്ചെടുത്ത പൊതുബോധം ശക്തമാണ്. ഇന്ത്യൻ പ്രതിപക്ഷവും അതിനൊപ്പമാണ്. എന്നാൽ ഇതൊരു അടഞ്ഞ പ്രശ്നമല്ല. ബി ജെ പി വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പ്രതിപക്ഷത്തിന് തങ്ങളുടെ നിലനിൽപ്പ് ഉറപ്പാക്കണമെങ്കിൽ ബി ജെ പിയുടെ കോർപ്പറേറ്റ് മൂലധന ഭീകരതയുടെ രാഷ്ട്രീയത്തോടും സാമ്പത്തിക പരിപാടിയോടും നാമമാത്രമായ ഏറ്റുമുട്ടലെങ്കിലും നടത്തിയേ മതിയാകൂ. ഇത് ചരിത്രപരമായ സമ്മർദ്ദമാണ്. അതുകൊണ്ടാണ് അദാനിയെ അറസ്റ്റ് ചെയ്യുക എന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. ബി ജെ പിയുമായി നേരിട്ട് ഏറ്റുമുട്ടുമ്പോൾ അദാനിയടക്കമുള്ള കോർപ്പറേറ്റ് ഭീമന്മാരുമായി ഏറ്റുമുട്ടാതെ വയ്യ എന്ന അവസ്ഥയുണ്ടാവുകയാണ്. അതുകൊണ്ടാണ് സംസ്ഥാന ഭരണം ഒന്നിനുപിറകെ ഒന്നായി നഷ്ടപ്പെട്ട കോൺഗ്രസിന് വലിയ പ്രശ്നങ്ങളില്ലാതെ അദാനിക്കെതിരെ പ്രതിഷേധമുയർത്താൻ കഴിയുന്നത്. ബി ജെ പിയുടെ രാഷ്ട്രീയ ശത്രുക്കൾ അദാനിയുടെകൂടെ ശത്രുക്കളാകുന്നതുകൊണ്ടാണ്, അല്ലെങ്കിൽ തിരിച്ചായതുകൊണ്ടാണ് തൃണമൂൽ കോൺഗ്രസിനും അദാനിക്കെതിരെ നിൽക്കേണ്ടിവന്നത്. പുറമേക്കുള്ള ചില വാചകമടികൾ മാറ്റിവെച്ചാൽ മുഖ്യധാരാ ഇടതുപക്ഷ കക്ഷികൾ അദാനിയുടെ പെട്ടി ചുമക്കുന്നത് കേരളത്തിലെ അവരുടെ ഭരണത്തിന്റെ താങ്ങും തണലും തെരഞ്ഞെടുപ്പുകൾക്കു വേണ്ടിയും നേതാക്കൾക്കു വേണ്ടിയുമുള്ള പണപ്പെട്ടികളുടെ വിതരണവും കോർപ്പറേറ്റ് ദാസ്യത്തിന്റെ കൂലിയായാണ് കിട്ടുന്നത് എന്നതുകൊണ്ടാണ്.

ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അദാനിയടക്കമുള്ള കോർപ്പറേറ്റുകൾക്ക് കേന്ദ്രത്തിൽ ബി ജെ പി സർക്കാർ നൽകുന്ന അതേ സൗകര്യങ്ങൾ നൽകിയാണ് സർക്കാരുകൾ ആകർഷിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതി ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.
ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അദാനിയടക്കമുള്ള കോർപ്പറേറ്റുകൾക്ക് കേന്ദ്രത്തിൽ ബി ജെ പി സർക്കാർ നൽകുന്ന അതേ സൗകര്യങ്ങൾ നൽകിയാണ് സർക്കാരുകൾ ആകർഷിക്കാൻ ശ്രമിക്കുന്നത്. കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതി ഇതിന്റെ കൃത്യമായ ഉദാഹരണമാണ്.

ഇപ്പറഞ്ഞ ഒരു വൈരുധ്യം ബി ജെ പി വിരുദ്ധ പ്രതിപക്ഷം നേരിടുന്നുണ്ട്. വാസ്തവത്തിൽ വർഗപരമായി അവർ ആ വൈരുധ്യം നേരിടുന്നില്ല. കാരണം ബി ജെ പിക്കും മുഖ്യധാര പ്രതിപക്ഷകക്ഷികൾക്കും കോർപ്പറേറ്റ് മൂലധനം സംബന്ധിച്ചോ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ മുതലാളിത്ത സ്വഭാവം സംബന്ധിച്ചോ നവ ഉദാരീകരണ (Neo liberal) നയങ്ങൾ സംബന്ധിച്ചോ ഒന്നും കാര്യമായ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ഇന്ത്യയിലെ കോർപ്പറേറ്റ് മൂലധന താത്പര്യങ്ങൾ കൂടുതൽ കർക്കശമായും വൃത്തിയായും നടത്തിക്കൊടുക്കാൻ കഴിയുന്ന പാർട്ടിയായതുകൊണ്ടാണ് ബി ജെ പിക്ക് കോർപ്പറേറ്റുകൾ അകമഴിഞ്ഞ പിന്തുണ നൽകുന്നത്. അതിനുമുമ്പ് കോൺഗ്രസ് അടക്കമുള്ള കക്ഷികളെ അവർ പിന്തുണച്ചതും തങ്ങളുടെ വർഗ്ഗതാത്പര്യങ്ങളുടെ സംരക്ഷകരും നടത്തിപ്പുകാരുമായതുകൊണ്ടാണ്. എന്നാൽ ഒരു ഫാഷിസ്റ്റ് കക്ഷി രാഷ്ട്രീയാധികാരം കയ്യാളുന്നതോടെ ഉദാര ജനാധിപത്യത്തിന്റെ (Liberal democracy) ശീലങ്ങളിൽ നിന്നും അത്തരം കക്ഷികൾക്ക് മാറേണ്ടിവരുന്നു. അതാകട്ടെ ഫാഷിസ്റ്റ് കക്ഷിയോടും ഭരണകൂടത്തോടുമുള്ള സമ്പൂർണ്ണ വിധേയത്തത്തിൽ മാത്രം നിലനിന്നുപോകാൻ സാധ്യമാകുന്ന ഒന്നാക്കി രാഷ്ട്രീയ അസ്തിത്വത്തെ നിർണ്ണയിക്കുന്നു. ഇത് വലിയൊരു അസ്തിത്വ പ്രതിസന്ധി ഈ കക്ഷികൾക്കുണ്ടാക്കും. കോൺഗ്രസടക്കമുള്ള പല പ്രതിപക്ഷ കക്ഷികൾക്കും നേരിടേണ്ടിവന്ന പ്രശ്നമിതാണ്. അതായത് ഇന്ത്യയിലെ ഭരണവർഗത്തിന്റെ താത്പര്യം സംരക്ഷിക്കാൻ ബി ജെ പിയെ പോലൊരു ഫാഷിസ്റ്റ് കക്ഷി ഭരണാധികാരത്തിലെത്തിയാൽ പിന്നെ അതേ വർഗ്ഗരാഷ്ട്രീയമുള്ള കക്ഷികൾക്ക് മാഞ്ഞുപോവുകയേ നിവൃത്തിയുള്ളൂ.

ഒരു ഉദാര ജനാധിപത്യ സമ്പ്രദായത്തിലാകട്ടെ ഒരേ വർഗതപര്യമുള്ള പലതരത്തിലുള്ള രാഷ്ട്രീയകക്ഷികൾക്കും രാഷ്ട്രീയ സമ്പദ് വ്യവസ്ഥയുടെ മുതലാളിത്ത ഘടനയുടെ അടിസ്ഥാനഘടനയെ ചോദ്യം ചെയ്യാതെ നിലനിൽക്കാനും സാമാന്യമായ പരസ്പര മത്സരങ്ങൾക്കും ഇടമുണ്ടാകും. ഫാഷിസ്റ്റ് രാഷ്ട്രീയം അതിനെപ്പോലും അസാധ്യമാക്കുന്നു. അപ്പോൾ സ്വാഭാവികമായും ഫാഷിസ്റ്റ് രാഷ്ട്രീയത്തിനെതിരായ എതിർപ്പിൽ കോർപ്പറേറ്റ് -ഭരണകൂട സഖ്യത്തിനെതിരായ സമരമെന്നത് അനിവാര്യമായ സമ്മർദ്ദമായി മറ്റ് രാഷ്ട്രീയകക്ഷികൾക്ക് മുകളിൽ വരും. അതിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയെന്നത് രാഷ്ട്രീയ സംഘടനയെന്ന നിലയിൽ ആത്മഹത്യാപരമായിത്തീരുന്ന ഒരവസ്ഥയുണ്ടാകും. കാരണം ഫാഷിസ്റ്റ് ഭരണകൂടവും കോർപ്പറേറ്റുകളും ഒന്നായിമാറുന്ന അധികാരഘടനയിൽ ഒന്നിനെവിട്ട് മറ്റൊന്നിനെ വേർതിരിച്ചെതിർക്കുക എളുപ്പമല്ല. ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ തങ്ങൾക്കെതിരായ ആക്രണം രാജ്യത്തിനെതിരായ ആക്രമണമാണെന്ന് അദാനി പ്രഖ്യാപിച്ചതും അതുകൊണ്ടാണ്. ഈ സന്ദിഗ്ധാവസ്ഥയിൽ ഉദാര ജനാധിപത്യ കക്ഷികൾക്ക് കോർപ്പറേറ്റ് മൂലധന ഭീകരതക്കെതിരായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ദുർബ്ബലമായാണെങ്കിലും ഉയർത്തേണ്ടി വരും. കോൺഗ്രസ് അദാനിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് അതുകൊണ്ടുകൂടിയാണ്.

തെരഞ്ഞെടുപ്പുകാല പ്രതിപക്ഷ ഭീഷണികളെ നേരിടാൻ പാകത്തിൽ സംഘടനാപരമായും ഭരണകൂടവുമായി ‘അതുതാനല്ലയോയിത്’ എന്ന മട്ടിൽ രൂപാന്തരം പ്രാപിക്കുന്ന ഫാഷിസ്റ്റ് -കോർപ്പറേറ്റ് സഖ്യവും പ്രാപ്തി നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം അതാണ് കണ്ടത്.

അതായത്, ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയവും ഉദാര ജനാധിപത്യ രാഷ്ട്രീയവും തമ്മിലുള്ള ഭിന്നതകളിൽ ഇത്തരം തർക്കങ്ങളുണ്ടാകും. അതിനെ കയ്യൊഴിയുകയെന്നാൽ ബി ജെ പിക്ക് കീഴടങ്ങുക എന്നാണ്. അതുകൊണ്ടാണ് കേരളത്തിലെ ഇടതുപക്ഷ മുന്നണി സർക്കാർ അദാനിയുടെ മൂലധനപ്പെരുപ്പമാണ് കേരളത്തിന്റെ വികസനമെന്ന് പ്രഖ്യാപിക്കുമ്പോൾ ആത്യന്തികമായി ഫാഷിസ്റ്റ് ഭരണകൂട- കോർപ്പറേറ്റ് സഖ്യത്തിന് മുന്നിൽ കപ്പം കൊടുക്കുന്ന സാമന്തപ്രഭുക്കളെ മാത്രം നാം കാണുന്നത്. അതുകൊണ്ടുതന്നെ ബി ജെ പി വിരുദ്ധ പ്രതിപക്ഷ മുന്നണിയുടെ നിലനിൽപ്പ്, ബി ജെ പി- കോർപ്പറേറ്റ് കൂട്ടുകെട്ടിനെതിരായ, ഭരണകൂട- കോർപ്പറേറ്റ് സഖ്യത്തിനെതിരായ രാഷ്ട്രീയ പരിപാടിയുടെ ദാർഢ്യത്തിനെക്കൂടി ആശ്രയിച്ചിരിക്കുന്നു.

ജനങ്ങളിൽ നിന്നുള്ള വലിയ സമ്മർദ്ദവും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെ ഇത്തരത്തിൽ താത്‌ക്കാലികമെങ്കിലും ഫാഷിസ്റ്റ് ഭരണവിരുദ്ധവും കോർപ്പറേറ്റ് വിരുദ്ധവുമായ നിലപാടുകളെടുക്കാൻ പ്രേരിപ്പിക്കും. ഐതിഹാസികമായ കർഷകസമരം ഇതിനുദാഹരണമാണ്. മോദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക ഓർഡിനൻസുകൾക്കെതിരെ നടന്ന സമരം ഭരണകൂട- കോർപ്പറേറ്റ് കൂട്ടുകെട്ടിനും അതിന്റെ സാമ്പത്തിക പരിപാടിക്കുമെതിരായ ഇന്ത്യ കണ്ട ഏറ്റവും വലിയ സമരങ്ങളിലൊന്നായിരുന്നു. ഓർഡിനൻസുകൾ കേന്ദ്ര സർക്കാരിന് പിൻവലിക്കേണ്ടിവന്നു. അത്തരത്തിലുള്ള നിയമനിർമ്മാണം ഇനി പെട്ടന്ന് സാധ്യമാകില്ല എന്ന അർത്ഥത്തിൽ ആ സമരം രാഷ്ട്രീയവിജയവും നേടി. കോർപ്പറേറ്റുകൾക്ക് ഇന്ത്യയിലെ കാർഷിക ഉത്പ്പാദനവും സംഭരണവും വിതരണവും തങ്ങളുടെ കുത്തകവ്യാപാരത്തിനുള്ളിലാക്കാനായിരുന്നു ആ നിയമനിർമ്മാണങ്ങൾ ലക്ഷ്യമിട്ടത്. രാഷ്ട്രീയ കക്ഷികളുടെ നേരിട്ടുള്ള നേതൃത്വത്തിലോ നിയന്ത്രണത്തിലോ അല്ലാത്ത കർഷക സമരത്തിന്റെ ഭരണകൂട, കോർപ്പറേറ്റ് വിരുദ്ധ മുദ്രാവാക്യങ്ങളോട് ഐക്യപ്പെടാൻ ഇന്ത്യയിലെ പ്രതിപക്ഷത്തെ നിർബന്ധിതരാക്കിയത് ജനകീയ രാഷ്ട്രീയസമരങ്ങളുടെ സമ്മർദ്ദമാണ്.

ഈ വൈരുദ്ധ്യം ജനകീയ രാഷ്ട്രീയപക്ഷത്തേക്ക് എത്ര കണ്ട് ചായുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഭാവിയും സംഘ്പരിവാറിനെതിരായ രാഷ്ട്രീയ സമരത്തിന്റെ ഭാവിയും. അത് കേവലം ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ മാത്രമായി ഒതുങ്ങുന്നതാകരുത്. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകാല പ്രതിപക്ഷ ഭീഷണികളെ നേരിടാൻ പാകത്തിൽ സംഘടനാപരമായും ഭരണകൂടവുമായി ‘അതുതാനല്ലയോയിത്’ എന്ന മട്ടിൽ രൂപാന്തരം പ്രാപിക്കുന്ന ഫാഷിസ്റ്റ് -കോർപ്പറേറ്റ് സഖ്യവും പ്രാപ്തി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലടക്കം അതാണ് കണ്ടത്.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആളുകൾ പോകുന്നത് തടയാൻ തങ്ങളുടേതായ ഒരു  മൃദു ഹിന്ദുത്വ പദ്ധതിയും കോൺഗ്രസ് ഇടക്കാലത്ത് അവതരിപ്പിക്കാൻ നോക്കിയിരുന്നു.
സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആളുകൾ പോകുന്നത് തടയാൻ തങ്ങളുടേതായ ഒരു മൃദു ഹിന്ദുത്വ പദ്ധതിയും കോൺഗ്രസ് ഇടക്കാലത്ത് അവതരിപ്പിക്കാൻ നോക്കിയിരുന്നു.

തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് നീളുകയും നിരന്തരമായ രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങളുമായി സംഘർഷാത്മകമായ രാഷ്ട്രീയവ്യവഹാരങ്ങളുണ്ടാക്കുകയും ചെയ്‌താൽ മാത്രമാണ് തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾ അത്തരത്തിലൊരു രാഷ്ട്രീയം ചർച്ച ചെയ്യുക. അതിനു പകരം തെരഞ്ഞെടുപ്പ് കാലത്ത് തട്ടിക്കൂട്ടൂന്ന രാഷ്ട്രീയ മുന്നണിക്ക് ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ തെരഞ്ഞെടുപ്പ് ചർച്ചയാക്കാമെന്നോ സംഘപരിവാറിനെ നിയാമകമായി തോൽപ്പിക്കാമെന്നോ കരുതാനാകില്ല. ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പിൽ ബി ജെ പിയെ തോൽപ്പിക്കാനായേക്കും, പക്ഷെ തൊട്ടടുത്ത മറ്റൊന്നിൽ ഹിംസാരാമനായി തിരിച്ചുവരാൻ പാകത്തിൽ അതവിടെത്തന്നെ വില്ലുകുലച്ച് കാത്തിരിക്കും.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടുന്നതിൽ വലിയ പിഴവുകൾ പലപ്പോഴും പ്രതിപക്ഷ കക്ഷികൾ വരുത്താറുണ്ട്. അത് പുതിയ കാര്യവുമല്ല. സംഘപരിവാർ തെരഞ്ഞെടുപ്പ് ഗോദയിൽ ദുർബ്ബലമായ പ്രതിപക്ഷവും കോൺഗ്രസ് ഭരണകക്ഷിയുമായിരിക്കുമ്പോൾ നടന്ന ഇത്തരം പിഴവുകൾക്ക്, കീഴടങ്ങലുകൾക്ക്, അവരസവാദ മുതലെടുപ്പുശ്രമങ്ങൾക്ക് ഇന്ത്യ നൽകിയ വില കൂടിയാണ് സംഘ്പരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അധികാരപ്രാപ്‍തി. അയോധ്യയിൽ രാമക്ഷേത്ര ശിലാന്യാസം അനുവദിക്കാനുള്ള രാജീവ് ഗാന്ധി സർക്കാറിന്റെ തീരുമാനം മുതൽ ബാബരി മസ്ജിദ് തകർക്കുമ്പോൾ കുറ്റകരമായ രാഷ്ട്രീയ മൗനവും അർദ്ധസമ്മതവും നൽകിയ നരസിംഹ റാവു സർക്കാർ വരെയുണ്ട് ആ ചരിത്രവഴിയിൽ. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ആളുകൾ പോകുന്നത് തടയാൻ തങ്ങളുടേതായ ഒരു മൃദു ഹിന്ദുത്വ പദ്ധതിയും കോൺഗ്രസ് ഇടക്കാലത്ത് അവതരിപ്പിക്കാൻ നോക്കി. രാഹുൽ ഗാന്ധിയുടെ ക്ഷേത്ര ദർശനങ്ങളും മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കാലത്ത് ഗോശാല മുതൽ ഗോമൂത്രം വരെയുള്ള ഹിന്ദുത്വ രാഷ്ട്രീയബിംബങ്ങളിൽ ആറാടിനോക്കിയ കമൽനാഥ് തന്ത്രവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. അതെല്ലാം പരാജയപ്പെട്ടപ്പോൾ അദാനിയെ അറസ്റ്റ് ചെയ്യണമെന്ന രാഷ്ട്രീയ മുദ്രാവാക്യത്തിലേക്ക് ഒരിത്തിരി നേരമെങ്കിലും കോൺഗ്രസിന് വരേണ്ടിവന്നു എന്നത് രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നത് കാലത്തിന്റെ വ്യവഹാരസമ്മർദ്ദമാണ് എന്നതുകൊണ്ടുകൂടിയാണ്.

അരവിന്ദ് കെജ്‌രിവാളിനെ ആപിന്റെ നരേന്ദ്ര മോദിയായി മാറ്റുന്ന പദ്ധതി നടപ്പാക്കി. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ളവരെ അക്ഷരാർത്ഥത്തിൽ ആ പാർട്ടിയിൽ നിന്ന് തള്ളിപ്പുറത്താക്കി. മതേതര രാഷ്ട്രീയത്തോട് സൃഗാലകൗശലത്തോടെ അകലം പാലിച്ചു.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുമ്പോൾ വാസ്തവത്തിൽ മതേതര പ്രതിപക്ഷത്തിന്റെ പരാജയം എന്നതിനേക്കാളേറെ ജനങ്ങളുടെ മതേതര രാഷ്ട്രീയത്തെയും ജനാധിപത്യ രാഷ്ട്രീയാഭിമുഖ്യത്തെയും പ്രകടമായി വഞ്ചിച്ച ഒരു കക്ഷിയുടെ പരാജയം കൂടിയാണത് എന്നു കാണണം. അതിന്റെ ഗുണഭോക്താവ് ഹിന്ദുത്വ രാഷ്ട്രീയവും ബി ജെ പിയുമാണ് എന്നുള്ളത് മതേതര ജനാധിപത്യ രാഷ്ട്രീയത്തിന് വലിയ പ്രതിസന്ധിയും ആശങ്കയുമാണ് സൃഷ്ടിക്കുന്നത്. എന്നാൽ, അതിലേക്ക് നയിച്ച ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയവഞ്ചന ഒരുപക്ഷെ ഇന്ത്യൻ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ സന്ദിഗ്ധാവസ്ഥയുടേയും പലപ്പോഴും ജനാധിപത്യ രാഷ്ട്രീയശൂന്യതയുടെയും മറ്റൊരു പതിപ്പാണ്.

അഴിമതി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് ആം ആദ്മി പാർട്ടി രൂപപ്പെടുന്നത്. അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് നടന്ന അഴിമതി വിരുദ്ധ, ലോക്‌പാൽ സമരത്തിലെ ഉപനായകനായിരുന്ന അരവിന്ദ് കെജരീവാളും പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് അടക്കം പല നിലകളിൽ സാമൂഹ്യപ്രവർത്തകരായവരും അതിന്റെ മുൻനിരയിലുണ്ടായിരുന്നു. ഇന്നിപ്പോൾ ആർ എസ് എസിന്റെ സജീവ പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ടു എന്ന് കരുതുന്ന ആ സമരത്തിൽ ബി ജെ പി നേതാവ് അരുൺ ജെറ്റ്ലിക്കൊപ്പം വേദി പങ്കിട്ട് ഐക്യദാർഢ്യം പ്രകടമാക്കാൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അടക്കമുള്ളവരും പോകാൻ പാകത്തിൽ ശക്തമായിരുന്നു അതുണ്ടാക്കിയ രാഷ്ട്രീയ സമ്മർദ്ദവും പൊതുബോധവും. ആ സമരത്തിന്റെയും തുടർന്നുള്ള ജനവികാരത്തിന്റെയും ബലത്തിലാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി ഡൽഹിയിൽ കോൺഗ്രസിനെ പാടേ തകർത്ത് അധികാരത്തിലെത്തുന്നത്. കേന്ദ്ര ഭരണം പിടിച്ചിട്ടും മോദി പ്രഭാവത്തിലുമൊന്നും അടുത്ത രണ്ടു തെരഞ്ഞെടുപ്പിലും ബി ജെ പിക്കും ഡൽഹി തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ മധ്യവർഗ രാഷ്ട്രീയത്തിന് പാകമെന്ന് കരുതിയ ഗോവയിലും ഗുജറാത്തിലുമൊക്കെ ആപ് രാഷ്ട്രീയഭാഗ്യം പരീക്ഷിച്ചെങ്കിലും വലിയ നേട്ടമുണ്ടായില്ല. എന്നാൽ ഡൽഹിയുമായി തൊട്ടുള്ള പഞ്ചാബിൽ സർക്കാരുണ്ടാക്കി.

അഴിമതി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് ആം ആദ്മി പാർട്ടി രൂപപ്പെടുന്നത്.
അഴിമതി വിരുദ്ധ രാഷ്ട്രീയ മുന്നേറ്റമെന്ന നിലയിലാണ് ആം ആദ്മി പാർട്ടി രൂപപ്പെടുന്നത്.

ഈ കാലയളവിൽ ആപിനുണ്ടായ മാറ്റം ശരവേഗത്തിലായിരുന്നു. അരവിന്ദ് കെജ്‌രിവാളിനെ ആപിന്റെ നരേന്ദ്ര മോദിയായി മാറ്റുന്ന പദ്ധതി നടപ്പാക്കി. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും അടക്കമുള്ളവരെ അക്ഷരാർത്ഥത്തിൽ ആ പാർട്ടിയിൽ നിന്ന് തള്ളിപ്പുറത്താക്കി. മതേതര രാഷ്ട്രീയത്തോട് സൃഗാലകൗശലത്തോടെ അകലം പാലിച്ചു. ബി ജെ പിയുടെ ജയ് ശ്രീറാമിന് ബദലായി കെജ്രിവാൾ ഹനുമാൻ ചാലിസ ചൊല്ലി ഡൽഹി തെരുവുകളിൽ നടന്നു. രാമക്ഷേത്ര സന്ദർശനത്തിന് ധനസഹായമായി. പൂജാരിമാർക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം കൊടുക്കാൻ തീരുമാനിച്ചു. മുസ്ലീങ്ങൾക്കെതിരെ ഡൽഹിയിൽ സംഘപരിവാർ നടത്തിയ കലാപത്തിൽ നിരവധി മനുഷ്യർ കൊല്ലപ്പെട്ടപ്പോഴും ഭരണകക്ഷിയായ ആപ് മൗനംകൊണ്ട് അകലം പാലിച്ചു. റോഹിൻഗ്യ മുസ്ലീങ്ങൾക്കെതിരെ ബി ജെ പിയേക്കാൾ വലിയ വിഷം തുപ്പി. അങ്ങനെ ബി ജെ പിക്ക് വോട്ടു ചെയ്യുന്നവർക്ക് എന്തുകൊണ്ടും മാറി വോട്ടുചെയ്യാവുന്നൊരു കക്ഷിയാണ് തങ്ങളെന്ന് അതേ വഴിയിലൂടെ തെളിയിക്കാനായിരുന്നു കേജ്‌രിവാളും ആപും ശ്രമിച്ചത്. ആ രാഷ്ട്രീയ കുതന്ത്രം കൂടിയാണ് ഡൽഹിയിൽ അനിവാര്യമായ തോൽവി നേരിട്ടത്.

വാസ്തവത്തിൽ ആം ആദ്മി പാർട്ടി സൃഷ്ടിക്കപ്പെട്ടതും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി ജെ പി കേന്ദ്രഭരണത്തിലെത്തിയതും ഒരേതരം രാഷ്ട്രീയ കാലാവസ്ഥയിൽ നിന്നാണ്. അത് വലതുപക്ഷ രാഷ്ട്രീയത്തിനു രാഷ്ട്രീയാധികാരം നേടിക്കൊടുക്കുന്ന തരത്തിലുള്ള മാറ്റത്തിൽനിന്നാണ്. ലോക്പാൽ സമരമൊക്കെ ജനാധിപത്യമേലങ്കി അണിഞ്ഞതായിരുന്നുവെങ്കിലും വാസ്തവത്തിൽ അതിന്റെ രാഷ്ട്രീയസ്വഭാവം ഫാഷിസ്റ്റ് സമഗ്രാധിപത്യ ഘടനയിലേക്കുള്ളതായിരുന്നു. നിലവിലെ അവസ്ഥകളിൽ അസംതൃപ്തരായ ജനങ്ങൾ രണ്ടുതരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഒന്നുകിൽ അവർ പുരോഗമനപരമായ വിപ്ലവകരമായ സമരങ്ങളിലൂടെ വ്യവസ്ഥയെ അട്ടിമറിക്കും. സമ്പൂർണ്ണമായും അങ്ങനെ സാധിച്ചില്ലെങ്കിൽക്കൂടി നിലവിലെ ജനവിരുദ്ധമായ അവസ്ഥയ്ക്ക് പ്രകടമായി അങ്ങനെ തുടരാനാകാത്ത വിധത്തിലുള്ള മാറ്റമെങ്കിലും ഉണ്ടാക്കുന്ന പരിമിത സമരമെങ്കിലുമുണ്ടാകും.

എന്നാൽ അതല്ലാതെ വലതുപക്ഷ രാഷ്ട്രീയത്തിനും അതിന്റെ തുടർച്ചയായ സമഗ്രാധിപത്യ, ഫാഷിസ്റ്റ് ഭരണത്തിനും പിന്തുണ നൽകുന്ന തരത്തിൽ ജനങ്ങളുടെ അസംതൃപ്‍തി മാറാം. ഹിറ്റ്ലറെയും മുസോളിനിയേയും സാധ്യമാക്കിയത്‌ അത്തരത്തിലുള്ള ജനപിന്തുണ കൂടിയാണ്. ഇന്ത്യയിൽ മോദിയെ സാധ്യമാക്കിയതും അതാണ്. വൈകാരികതകളെയൊക്കെ മാറ്റിവെച്ചു നോക്കിയാൽ അരവിന്ദ് കെജ്‌രിവാളിനെ സാധ്യമാക്കിയതും അതുതന്നെ. അതുകൊണ്ടാണ് കെജ്‌രിവാൾ വളരെ സ്വാഭാവികമായി മറ്റൊരു ഏകരക്ഷകനായി സ്വയം അവതരിച്ചത്. അതുകൊണ്ടാണ് അയാൾ മുഖ്യമന്ത്രിപദം രാജിവെച്ചപ്പോൾ ആധുനിക ജനാധിപത്യ സമൂഹത്തിൽ അശ്ലീലമെന്ന് പറയാവുന്ന തരത്തിൽ രാമപാദുകം വെച്ച് ഭരിച്ച ഭരതനെപ്പോലെ, കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് മുഖ്യമന്ത്രിയായി അതിഷി പദവിയേറ്റത്.

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് മുഖ്യമന്ത്രിയായി  അതിഷി പദവിയേറ്റത് വലിയ ചര്‍ച്ചയായിരുന്നു.
കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ട് മുഖ്യമന്ത്രിയായി അതിഷി പദവിയേറ്റത് വലിയ ചര്‍ച്ചയായിരുന്നു.

വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തരായ അനുഭാവികളായ മധ്യവർഗ്ഗമാണ് (Middle class) ആപിന്റെ അനുയായികളുമായി വന്നത്. അതുകൊണ്ടാണ് ലോക്സഭയിലേക്ക് മോദിക്കും നിയമസഭയിലേക്ക് കെജ്‌രിവാളിനും അവർ വോട്ടുചെയ്തത്. അവരെ കൈകാര്യം ചെയ്യാൻ ബി ജെ പി കൃത്യമായി അടവുകളുണ്ടാക്കിയപ്പോഴാണ് കെജ്‌രിവാൾ പരാജയപ്പെട്ടത്. ഡൽഹി സർക്കാരിനെ നാനാവിധത്തിലുള്ള നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഭരണസ്തംഭനമെന്ന അവസ്ഥയുടെ അടുത്തെത്തിച്ചു കേന്ദ്ര സർക്കാർ എന്നത് കാണാതെ പോകുന്നില്ല.

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ പ്രതിപക്ഷത്തിന് ചില സാധ്യതകളുടെ സൂചനകൾ നൽകുന്നുണ്ട്. ബി ജെ പിയും ആപും തമ്മിലുള്ള വോട്ടു ശതമാന വ്യത്യാസം മൂന്നു ശതമാനത്തിന് താഴെയാണ്. മധ്യവർഗത്തിന്റെ വോട്ടുകൾ ചോർന്നുപോയെങ്കിലും ദലിതരും ദരിദ്രരും മുസ്ലീങ്ങളും അടങ്ങുന്ന ജനവിഭാഗങ്ങൾ ആം ആദ്മി പാർട്ടിക്കാണ് വോട്ടു ചെയ്തത്. ഇത് ചെറിയ കാര്യമല്ല. അതൊരു രാഷ്ട്രീയ സാധ്യതയാണ്. ബി ജെ പിക്കെതിരെ വോട്ടു ചെയ്യാൻ, സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാൻ ഇന്ത്യയിലെ അടിസ്ഥാന ജനവിഭാഗങ്ങൾ ഇപ്പോഴും സന്നദ്ധമാണ് എന്നതാണത്. ആ സാധ്യതയെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള ശേഷി ഇന്ത്യയിലെ പ്രതിപക്ഷത്തിനുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയിലെ ബി ജെ പി വിരുദ്ധ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി.

പ്രതിപക്ഷം എന്ന ആശയത്തെ ഇന്ത്യൻ ജനാധിപത്യത്തിൽ ഒരു ജൈവാവസ്ഥയായി മാറ്റാൻ ഏറെയൊന്നും കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തെ കേവലം സർക്കാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാക്കി മാറ്റുമ്പോൾത്തന്നെ ജനാധിപത്യ സമൂഹമെന്ന ആശയത്തെ പാതി കൊന്നുകഴിഞ്ഞു. നിരന്തരമായി രാഷ്ട്രീയ, സാമൂഹ്യ ഭരണസംവിധാനത്തിലും സമൂഹത്തിന്റെ പല തലങ്ങളിലുള്ള വ്യവഹാരങ്ങളിലും ഇടപെടാൻ അവകാശവും അധിതികാരവും ശേഷിയുമുള്ള പൗരസമൂഹമുണ്ടാകുമ്പോഴാണ് ജനാധിപത്യ സമൂഹത്തിന്റെ നിർമ്മാണം തുടങ്ങുന്നത്. അത് രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള തെരഞ്ഞടുപ്പ് മത്സരം മാത്രമല്ല. ഇത്തരത്തിലൊരു പൗരസമൂഹ ഇടപെടലിന്റെ ജനാധിപത്യ രാഷ്ട്രീയമൊന്നും ഇന്ത്യയിൽ ആരോഗ്യകരമായ ജീവരൂപം നേടിയിട്ടില്ല.

എത്രയോ വർഷങ്ങളായി ഇന്ത്യയിൽ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള നിരന്തര സമരങ്ങൾ അദൃശ്യമാണ്. കർഷക സമരമാണ് ഏറെക്കാലങ്ങൾക്കിടയിൽ അത്തരത്തിൽ നടന്ന ഒന്ന്. അതിനുപോലും ഒരു രാഷ്ട്രീയത്തുടർച്ച ഉണ്ടാക്കാനായില്ല.

ഇന്ത്യയിലെ ജനസമൂഹത്തെ കൈകാര്യം ചെയ്യാനുള്ള വിദഗ്ധമായ വഴികളിലൊന്ന് അവരുടെ ദാരിദ്ര്യത്തെ ചൂഷണം ചെയ്യലാണ്. ജനങ്ങളെ രാഷ്ട്രീയ ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വഴിമാറ്റാനുള്ള വഴികളിലൊന്ന് അവർക്ക് പല രൂപത്തിലുള്ള സൗജന്യങ്ങൾ നല്കലാണ്. സൗജന്യങ്ങളും രാഷ്ട്രീയ, സാമ്പത്തികാവകാശങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യൻ അവസ്ഥയിൽ ദരിദ്രരായ മനുഷ്യരുടെ കൈയിൽ അല്പമെങ്കിലും പണം കിട്ടുന്നത് അവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇതിനെ ഫലപ്രദമായി ചൂഷണം ചെയ്താണ് തെരഞ്ഞെടുപ്പിന് മുമ്പായി സ്ത്രീകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്ന പദ്ധതികൾ അവതരിപ്പിച്ച് മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ ബി ജെ പി ഭരണത്തുടർച്ച നേടിയത്. ഇതേ പദ്ധതികൾ ഏത് സർക്കാർ നടപ്പാക്കിയാലും ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്നുണ്ട്. ഇത് വാസ്തവത്തിൽ വലതുപക്ഷ രാഷ്ട്രീയം ഇപ്പോൾ ഇന്ത്യയിൽ വളരെ സൂക്ഷ്മമായി പ്രയോഗിക്കുന്നൊരു വിദ്യയാണ്. ക്ഷേമരാഷ്ട്രീയത്തിലെ ഒരു പരിപാടി വലതുപക്ഷ രാഷ്ട്രീയം ഉപയോഗിക്കുന്നത് വൈരുദ്ധ്യമായി തോന്നാമെങ്കിലും ഫാഷിസം ബഹുജനപിന്തുണയോടെ നടന്നുപോരുന്ന ഒരു രാഷ്ട്രീയാധികാര പരിപാടിയാണ് എന്നത് മനസിലാക്കിയാൽ ഇതും എളുപ്പം മനസിലാകും.

മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന്
മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന്

ഇത്തരം സൗജന്യങ്ങൾക്കും പണം കൈമാറലുകൾക്കും ഇന്ത്യൻ സമൂഹത്തെ എളുപ്പം സ്വാധീനിക്കാവുന്ന വിധത്തിൽ രാഷ്ട്രീയ സമരങ്ങളിൽ നിന്നും അവർ അകന്നുപോയിരിക്കുന്നു എന്നതാണ് വസ്തുത. കഴിഞ്ഞ എത്രയോ വർഷങ്ങളായി ഇന്ത്യയിൽ രാഷ്ട്രീയ, സമ്പദ് വ്യവസ്ഥയിലെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള നിരന്തര സമരങ്ങൾ അദൃശ്യമാണ്. കർഷക സമരമാണ് ഏറെക്കാലങ്ങൾക്കിടയിൽ അത്തരത്തിൽ നടന്ന ഒന്ന്. അതിനുപോലും ഒരു രാഷ്ട്രീയത്തുടർച്ച ഉണ്ടാക്കാനായില്ല. മധ്യവർഗ്ഗക്കാരുടെ നികുതിയിളവുകൾ മുതൽ സ്ത്രീകൾക്ക് 2500 രൂപ കൊടുക്കുന്നതുവരെയുള്ള ഏതുതരം അടവുകൾക്കും ബി ജെ പി തയ്യാറാകുന്നതോടെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ വ്യവഹാരശീലങ്ങളില്ലാത്ത ഒരു ജനത വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആൾക്കൂട്ടസേനയായി മാറുന്നത് നാം കാണേണ്ടിവരും.

എന്തെങ്കിലും തരത്തിൽ ഇടപെടാൻ ശ്രമിക്കുന്ന പൗരസമൂഹത്തെയും അതിന്റെ രാഷ്ട്രീയ ശബ്ദങ്ങളെയും അടിച്ചമർത്തുകയാണ് ഇന്ത്യയിൽ എക്കാലത്തും ഭരണകൂടം ചെയ്തിട്ടുള്ളത്. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചു നടപ്പാക്കിയ അടിയന്തരാവസ്ഥ അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു. എന്നാൽ അടിയന്തരാവസ്ഥയ്ക്ക് ഒരു അപഭ്രംശമെന്ന ആയുസ്സില്ലായ്മ ഉണ്ടായിരുന്നു. സംഘപരിവാറും മോദി സർക്കാരും ജനാധിപത്യ സ്വഭാവമുള്ള പൗരസമൂഹത്തെ അടിച്ചമർത്തുന്നത് ഒരു സ്ഥാപന പദ്ധതിയാക്കി മാറ്റിയിരിക്കുന്നു. സുപ്രീം കോടതി മുതൽ മാധ്യമങ്ങൾ വരെ നമുക്കത് കാണാം. ഭരണകൂടത്തെ അതിന്റെ കാമ്പിൽ തൊട്ടെതിർക്കുന്ന മനുഷ്യർ തടവിലാക്കപ്പെടുകയോ തമസ്ക്കരിക്കപ്പെടുകയോ ചെയ്യുന്നത് വളരെ സ്വാഭാവികമാവുന്നത് അങ്ങനെയാണ്. തടവറകൾ ഭരണകൂടം നേരിട്ടൊരുക്കുമെങ്കിൽ തമസ്ക്കരണം ഒരു സാമൂഹ്യസ്വഭാവികതയായാണ് നടത്തുക.

ഇത്തരത്തിൽ നിശ്ശബ്ദമാക്കപ്പെട്ട, അദൃശ്യമാക്കപ്പെട്ട ഒരു പൗരസമൂഹത്തിനിടയിൽ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനും അതിന്റെ ഭരണത്തിനും തടസങ്ങളില്ലാതെ മുന്നോട്ടുപോകാം. അതുകൊണ്ട്, നിരന്തരം വിമതശബ്ദമുയർത്തുന്ന ഒരു പൗരസമൂഹത്തിനെ ഉണ്ടാക്കിയെടുക്കുമ്പോൾ മാത്രമാണ് ഫാഷിസത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ തകർക്കാനുള്ള രാഷ്ട്രീയസമരങ്ങൾക്ക് മുളപൊട്ടുന്നത്. തെരഞ്ഞെടുപ്പിൽ മാത്രമായി ഫാഷിസ്റ്റ്-കോർപ്പറേറ്റ് ഭരണകൂടത്തിനെതിരെയോ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രതിരെയോ പ്രതിപക്ഷമാവുക എന്നത് ഒരു ജനാധിപത്യ രാഷ്ട്രീയ പരിപാടിയാകില്ല. ജനാധിപത്യം സാധ്യമാകുന്നത് ഒരു നിരന്തര പ്രതിപക്ഷത്തിന്റെ സമരജീവിതം കൊണ്ടാണ്.

Comments