ദൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയ കക്ഷിരാഷ്ട്രീയത്തിലെ അതീവ കൗതുകകരമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ നേരിട്ടുള്ള ഏറ്റമുട്ടലാണ് ഇത്തവണയെങ്കിലും, മൂന്നാമത്തെ പാർട്ടിയെന്ന നിലയ്ക്ക് കോൺഗ്രസ് ഒരു തെരഞ്ഞെടുപ്പിലും പുറത്തെടുക്കാത്ത അടവുകളാണ് പയറ്റുന്നത്. അതിൽ ഏറ്റവും പ്രധാനം, ഇന്നലെ വരെ ‘ഭായി ഭായി'യായിരുന്ന രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും തമ്മിലുള്ള കൊടും പോരാണ്. ദൽഹിയിൽ ഒന്നും നഷ്ടപ്പെടാനില്ലാത്ത ഏക പാർട്ടിയും രാഹുലിന്റെ കോൺഗ്രസാണ്. അതുകൊണ്ടുതന്നെ മുൻപിൻ നോക്കാത്ത ‘പോരാട്ടവീര്യ'മാണ് രാഹുലിന്റെ നേതൃത്വത്തിൽ ദൽഹി ഘടകം പ്രകടിപ്പിക്കുന്നത്.
ദൽഹിയിൽ കോൺഗ്രസിന്റെ പ്രധാന ശത്രു വാസ്തവത്തിൽ ബി.ജെ.പിയല്ല, ആം ആദ്മി പാർട്ടിയാണ്. ബി.ജെ.പിക്കു പുറകിൽ രണ്ടാം സ്ഥാനത്തെത്താനാണ് ഇത്തവണ കോൺഗ്രസിന്റെ ശ്രമം. തുടർച്ചയായി മൂന്നാം തവണ ആപ്പ് അധികാരത്തിലെത്തിയാൽ പിന്നെ കോൺഗ്രസിന് ദൽഹിയിൽ ഒരിക്കലും തിരിച്ചുവരവുണ്ടാകില്ലെന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. അതുകൊണ്ടാണ് ആപ്പിനെയും കെജ്‌രിവാളിനെയും ലക്ഷ്യം വച്ച് ആക്രമണം ശക്തമാക്കിയത്.
ദൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവും മുൻ എം.പിയും മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിതുമാണ് ആപ്പിനെതിരായ ആക്രമണങ്ങളുടെ കുന്തമുന. അപ്രതീക്ഷിതമായി അവർക്ക് സാക്ഷാൽ രാഹുലിനെ കിട്ടിയപ്പോൾ, ആക്രമണം അക്ഷരാർഥത്തിൽ രാഷ്ട്രീയ യുദ്ധം തന്നെയായി. കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുമതല ദേവേന്ദർ യാദവിനായിരുന്നു. ദൽഹിയിൽ ഇത്തവണ ആപ്പ് തോറ്റാൽ, 2027-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബും അവർക്ക് നഷ്ടമാകുമെന്നും അവിടെ കോൺഗ്രസിന് തിരിച്ചുവരാനാകുമെന്നുമാണ് ദേവേന്ദറിന്റെ തിയറി.

ഇതുവരെയുള്ള കാമ്പയിനിൽ കോൺഗ്രസിലെ കടുത്ത ആപ്പ് വിരുദ്ധ പക്ഷത്തിനാണ് മേൽക്കൈ. ആപ്പിനെതിരായ നീക്കം കടുപ്പിച്ചാൽ, തങ്ങളുടെ പരമ്പരാഗത വോട്ടുകൾ തിരിച്ചുപിടിക്കാം എന്നാണ് കോൺഗ്രസ് വിശ്വാസം. ആപ്പിന്റെ മൃദു ഹിന്ദുത്വ നിലപാടുകൾ ഉയർത്തിക്കാട്ടിയാണ് മുസ്‌ലിം മേഖലകളിൽ കോൺഗ്രസ് കാമ്പയിൻ. ദൽഹിയിലെ മുസ്‌ലിം വോട്ടർമാർ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ആപ്പിനാണ് വോട്ട് ചെയ്തതെങ്കിലും ബി.ജെ.പിയോളം ഹിന്ദുത്വ പാർട്ടിയായി ആപ്പ് മാറിയിട്ടുണ്ട്. ഇതാണ് കോൺഗ്രസിന്റെ പിടിവള്ളി.
'ഇന്ത്യ' മുന്നണിയുടെ ഭാഗമായി ആപ്പുമായുണ്ടാക്കിയ കൂട്ടുകെട്ട് ദൽഹിയിലെ കോൺഗ്രസ് സാന്നിധ്യത്തെ തീർത്തും ശോഷിപ്പിച്ചു. ഈ ഗ്യാപിലാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി സ്വാധീനമുറപ്പിച്ചത്.
കോൺഗ്രസിന്റെ ശത്രുതയ്ക്ക് രാഷ്ട്രീയ അടിസ്ഥാനമുണ്ട്. 2013-ൽ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ, കോൺഗ്രസ് ആധിപത്യം അവസാനിപ്പിച്ച്, 28 സീറ്റിൽ ജയിച്ച ആപ്പ് 2015-ൽ 70-ൽ 67 സീറ്റിലും ജയിച്ചാണ് ദൽഹി തൂത്തുവാരിയത്. അതോടെ കോൺഗ്രസിന്റെ തകർച്ച പൂർണമായി. ബി.ജെ.പി ദൽഹിയിലെ വോട്ട് ഷെയർ സുരക്ഷിതമായി നിലനിർത്തിയപ്പോൾകോൺഗ്രസിന്റെ വോട്ടുവിഹിതം പത്തു ശതമാനത്തിൽ താഴെയായി എന്നുമാത്രമല്ല, മുസ്‌ലിം, പൂർവാഞ്ചലി വിഭാഗങ്ങളും നഗരമേഖലകളിലെ ദരിദ്ര വിഭാഗങ്ങളും പാർട്ടിയെ കൈവിട്ടു.
'ഇന്ത്യ' മുന്നണിയുടെ ഭാഗമായി ആപ്പുമായുണ്ടാക്കിയ കൂട്ടുകെട്ട് ദൽഹിയിലെ കോൺഗ്രസ് സാന്നിധ്യത്തെ തീർത്തും ശോഷിപ്പിച്ചു. ഈ ഗ്യാപിലാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പി സ്വാധീനമുറപ്പിച്ചത്. എങ്കിലും, 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ആകെയുള്ള ഏഴ് സീറ്റുകളിലും കുത്തക നിലനിർത്തുന്ന ബി.ജെ.പിക്ക് 26 വർഷമായി സംസ്ഥാന ഭരണം കിട്ടാക്കനിയാണ്.

കെജ്രിവാൾ അല്ലെങ്കിൽ ആര്?
അരവിന്ദ് കെജ്‌രിവാൾ തന്നെയാണ് ഇപ്പോഴും ദൽഹിയുടെ ഒരേയൊരു മുഖ്യമന്ത്രി സ്ഥാനാർഥി. ഭരണവിരുദ്ധവികാരം മുതലെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്കുപോലും മുഖ്യമന്ത്രി സ്ഥാനാർഥിയെ അവതരിപ്പിക്കാനായിട്ടില്ല. സന്ദീപ് ദീക്ഷിതിലൂടെ ഷീല ദീക്ഷിതിന്റെ കാലഘട്ടത്തെ ഓർമയിൽ കൊണ്ടുവരികയാണ് കോൺഗ്രസ് ലക്ഷ്യമെങ്കിലും തിരിച്ചുവരവ് ഇന്നത്തെ നിലയിൽ പാർട്ടിയ്ക്ക് അസാധ്യമാണ്. അതുകൊണ്ടുതന്നെ, കെജ്‌രിവാളിനുപകരം ആര് എന്ന ചോദ്യം അവശേഷിക്കുന്നു.
കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആപ്പ് ചിട്ടപ്പെടുത്തിവെച്ചിരിക്കുന്ന വെൽഫെയർ പൊളിറ്റിക്‌സിനപ്പുറത്തേക്ക് ബി.ജെ.പിക്കും കോൺഗ്രസിനും സഞ്ചരിക്കാനായിട്ടില്ല.
മാത്രമല്ല, കെജ്രിവാളിനെതിരായ രാഹുൽ ഗാന്ധിയുടെ അഴിമതിയും വർഗീയതയും അടക്കമുള്ള ആരോപണങ്ങൾ ഒരർഥത്തിൽ, ബി.ജെ.പി നിരന്തരം ഉന്നയിച്ചുവരുന്നതുതന്നെയാണ്. ആ നിലയ്ക്ക് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ‘പൊതുശത്രു’വായി കെജ്രിവാൾ മാറുന്നത്, ആപ്പിനനുകൂലമായ വോട്ടുധ്രുവീകരണമുണ്ടാക്കാനും സാധ്യതയുണ്ട്. കെജ്രിവാൾ അല്ലാത്ത ഒരു നേതാവോ ആപ്പ് അല്ലാത്ത ഒരു പാർട്ടിയോ ഇപ്പോൾ വോട്ടർമാരുടെ ചോയ്സിൽ ശക്തമായി ഇല്ല എന്നതാണ് ആപ്പിനുള്ള ഏറ്റവും പ്രധാന അനുകൂല ഘടകം.
കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ആപ്പ് ചിട്ടപ്പെടുത്തിവെച്ചിരിക്കുന്ന വെൽഫെയർ പൊളിറ്റിക്‌സിനപ്പുറത്തേക്ക് ബി.ജെ.പിക്കും കോൺഗ്രസിനും സഞ്ചരിക്കാനായിട്ടില്ല. വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, പൊതു സേവനങ്ങൾ എന്നിവയിലൂന്നിയുള്ള ആം ആദ്മി പാർട്ടി ഭരണത്തിനുള്ള സ്വാധീനം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ക്ഷേമ നടപടികൾ മൂലം ദൽഹിയിലെ ഒരു കുടുംബത്തിന് മാസം 2464 രൂപ ലാഭിക്കാനായി എന്ന് ആപ്പ് നേതാവ് ജാസ്മിൻ ഷാ പുറത്തിറക്കിയ ദൽഹി മോഡൽ എന്ന പുസ്തകത്തിൽ പറയുന്നു. സൗജന്യ വൈദ്യുതിയും കുടിവെള്ളവും 40 ലക്ഷം കുടുംബങ്ങൾക്കാണ് നേട്ടമായെന്നാണ് പാർട്ടിയുടെ അവകാശവാദം.

‘‘രണ്ട് ഐഡിയോളജികൾ തമ്മിലാണ് ദൽഹിയിൽ ഏറ്റുമുട്ടുന്നത്; ഒന്ന്; പൊതുജനക്ഷേമ പദ്ധതികളിൽ ഊന്നുന്നതും രണ്ട്, ഏതാനും സമ്പന്നർക്കായുള്ള പദ്ധതികളിൽ ഊന്നുന്നതും'' എന്ന കെജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് തൃപ്തികരമായ മറുപടി ഇതുവരെ രണ്ട് എതിരാളികളിൽനിന്നും ഉണ്ടായിട്ടില്ല. അതേസമയം, കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലേതുപോലെ ‘കെജ്‌രിവാൾ തരംഗം’ സൃഷ്ടിക്കാൻ ആപ്പിനായിട്ടില്ല. ജയിലിൽ കിടക്കുകയും മുഖ്യമന്ത്രി സ്ഥാനം 'ത്യജിക്കുകയും' ചെയ്ത നേതാവ് എന്ന അനുകമ്പ വേണ്ടത്ര പൊലിപ്പിച്ചെടുക്കാനായിട്ടില്ലെന്നുമാത്രമല്ല, അഴിമതി വിഷയമാക്കിയുള്ള ബി.ജെ.പി- കോൺഗ്രസ് കാമ്പയിനെ കഴിഞ്ഞകാലങ്ങളിലെ കരുത്തോടെ നേരിടാൻ ഇത്തവണ ആപ്പിന് കഴിയുന്നുമില്ല.
ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ അഭാവം ദൽഹി ബി.ജെ.പിയുടെ പ്രധാന പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാറിന്റെ തണലിലാണിപ്പോഴും ദൽഹി ഘടകം.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ച പൊളിറ്റിക്കൽ സ്റ്റാർട്ടപ്പാണ് ആം ആദ്മി പാർട്ടി എന്ന വിശേഷണത്തെ സാധൂകരിക്കുന്ന വിധിയെഴുത്താകുമോ ഇത്തവണയും ദൽഹിയിൽനിന്നുണ്ടാകുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ കൃത്യമായ ഉത്തരം നൽകാനാകാത്ത ചോദ്യമായി അവശേഷിക്കുകയാണ്. ദൽഹിക്കുപുറമേ പഞ്ചാബിൽ അധികാരത്തിലെത്തിയ പാർട്ടി 2022-ൽ ദേശീയ പാർട്ടിയെന്ന പദവി കൈക്കലാക്കി. ദൽഹിയിൽ ഹാട്രിക് തികച്ചാൽ, അത് ആപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം കൂടിയായി മാറും.
യോഗി നയിക്കുന്ന ദൽഹി ബി.ജെ.പി
ശക്തമായ പ്രാദേശിക നേതൃത്വത്തിന്റെ അഭാവം ദൽഹി ബി.ജെ.പിയുടെ പ്രധാന പ്രതിസന്ധിയാണ്. കേന്ദ്ര സർക്കാറിന്റെ തണലിലാണിപ്പോഴും ദൽഹി ഘടകം. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് ദൽഹിയിൽ ബി.ജെ.പിയുടെ മുഖമായി അവതരിപ്പിക്കുന്നത്. ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണമാണ് ലക്ഷ്യമെങ്കിലും പാർട്ടിയുടെ പ്രതിസന്ധി കൂടി വെളിവാക്കുന്ന ഒന്നാണ് യോഗി ആദിത്യനാഥിന്റെ സാന്നിധ്യം.

മോദിക്കൊപ്പം രാഹുലിനെ
ചേർത്തുകെട്ടി ആപ്പ്
‘ഇന്ത്യ’ മുന്നണിയുടെ ‘ബഹുസ്വരത’ അക്ഷരാർഥത്തിൽ പ്രകടമാണ് ദൽഹിയിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഐക്യത്തിലായിരുന്ന രാഹുൽ- കെജ്രിവാൾ സഖ്യം ഏതാണ്ട് രാഷ്ട്രീയ പകയുള്ള എതിരാളികളെപ്പോലെ അങ്കം വെട്ടുന്നു.
കെജ്രിവാളിനെ ലക്ഷ്യമിട്ടുള്ള കോൺഗ്രസ് കാമ്പയിന് പകരം രാഹുൽ ഗാന്ധിയെ തന്നെയാണ് ആപ്പ് ലക്ഷ്യം വക്കുന്നത്. ആം ആദ്മി പാർട്ടി പുറത്തിറക്കിയ ‘സത്യസന്ധരല്ലാത്ത 11 രാഷ്ട്രീയക്കാരുടെ' പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി അമിത് ഷായ്ക്കും ഒപ്പമുള്ളത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്. ആപ്പിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് ബ്ലാക്ക് ആന്റ് വൈറ്റ് പോസ്റ്റർ പുറത്തിറക്കിയത്. ‘കെജ്‌രിവാളിന്റെ സത്യസന്ധത ഈ സത്യസന്ധതയില്ലായ്മക്കുമേൽ വിജയം നേടും' എന്ന് കെജ്‌രിവാളിന്റെയും പങ്കാളി സുനിതയുടെയും ചിത്രങ്ങൾ സഹിതമുള്ള ഒരു അടിക്കുറിപ്പുമുണ്ട്, പോസ്റ്ററിൽ.
അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളും ജനങ്ങളുടെ ദുരിതങ്ങളും കാമ്പയിനിൽ പ്രധാന ചർച്ചയാകുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്ലസ് പോയന്റ്.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അനുരാഗ് താക്കൂർ, പർവേഷ് വർമ, രമേശ് ബിന്ദുരി, വിജേന്ദർ ഗുപ്ത തുടങ്ങിയ ബി.ജെ.പി നേതാക്കൾ പട്ടികയിൽസ്ഥാനം പിടിച്ചിട്ടുണ്ട്. രാഹുലിനൊപ്പം സന്ദീപ് ദീക്ഷിത്, അജയ് മാക്കൻ, ആർ.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരുമുണ്ട്.
കെജ്രിവാളിന് മോദിയെ പേടിയാണ് എന്നാണ് രാഹുൽ ഗാന്ധി റാലികളിൽ പ്രസംഗിക്കുന്നത്: ‘ശുദ്ധ രാഷ്ട്രീയത്തിന്റെ പേരു പറഞ്ഞ് വന്ന കെജ്രിവാളാണ് മദ്യനയത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയത്. ആ കെജ്രിവാളാണ് താൻ സത്യസന്ധനാണ് എന്ന് സ്വയം സർട്ടിഫിക്കറ്റ് നൽകുന്നത്. വിശ്വസ്തതയുടെ സർട്ടിഫിക്കറ്റ് നൽകേണ്ടത് ജനങ്ങളാണ്’, രാഹുൽ തിരിച്ചടിക്കുന്നു.

ദൽഹിയിലെ കോൺഗ്രസ് നേതാവ് അജയ് മാക്കനെ നേരത്തെ കെജ്‌രിവാൾ 'ദേശവിരുദ്ധൻ' എന്ന് ആക്ഷേപിച്ചിട്ടുണ്ട്. ന്യൂദൽഹി മണ്ഡലത്തിൽ കെജ്‌രിവാളിന്റെ എതിർ സ്ഥാനാർഥിയാണ് സന്ദീപ് ദീക്ഷിത്. ബി.ജെ.പിയുടെ പർവേശ് സാഹിബ് സിങ് കൂടിയായപ്പോൾ ന്യൂദൽഹി ത്രികോണമത്സരത്തിലാണ്. കെജ്‌രിവാൾ തോൽക്കാത്ത മണ്ഡലമാണ് ന്യൂദൽഹി. 2013-ൽ ആദ്യ മത്സരത്തിൽ മൂന്നു തവണ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് ഷീല ദീക്ഷിതിനെ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെജ്‌രിവാൾ അട്ടമറിച്ചത്. തുടർന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം കൂട്ടിവരികയായിരുന്നു.
ദൽഹിയിലെ മുസ്‌ലിം വോട്ടർമാർ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ആപ്പിനാണ് വോട്ട് ചെയ്തതെങ്കിലും ബി.ജെ.പിയോളം ഹിന്ദുത്വ പാർട്ടിയായി ആപ്പ് മാറിയിട്ടുണ്ട്.
ആപ്പിന് മറുപടിയായി ബി.ജെ.പി, ‘ആപ്പ് ഗുണ്ടകളും ക്രിമിനലുകളും' എന്ന വിശേഷണത്തോടെ മറുപടി പോസ്റ്ററും ഇറക്കിയിട്ടുണ്ട്. ജയിലിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമെന്ന കെജ്‌രിവാളിന്റെ പേടിയാണ് പോസ്റ്ററിലുള്ളതെന്ന് കോൺഗ്രസ് വക്താവ് അഭയ് ദുബെ പറയുന്നു.
ഷീല ദീക്ഷിത് തിളക്കിയെടുത്ത ഡൽഹിയെ അരവിന്ദ് കെജ്‌രിവാൾ മുടിപ്പിച്ചു എന്ന കോൺഗ്രസ് കാമ്പയിനാണ് ആപ്പിനെ പ്രകോപിപ്പിച്ചത്: ‘‘മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ വികസനമാതൃകയാണ് ഇപ്പോൾ ദൽഹിയ്ക്ക് ആവശ്യം. അല്ലതെ, വ്യാജ കാമ്പയിനോ മോദിയുടെയും അരവിന്ദ് കെജ്‌രിവാളിന്റെയും പി.ആർ മോഡലുകളോ അല്ല’’ എന്നാണ് രാഹുൽ ഗാന്ധി ഒരു റാലിയിൽ പറഞ്ഞത്. ദൽഹിയിലെ മുസ്‌ലിം വോട്ടർമാർ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ആപ്പിനാണ് വോട്ട് ചെയ്തതെങ്കിലും ബി.ജെ.പിയോളം ഹിന്ദുത്വ പാർട്ടിയായി ആപ്പ് മാറിയിട്ടുണ്ട്.

‘ഇന്ത്യ’ മുന്നണിയിലെ പ്രധാന ഘടകക്ഷിയായ സമാജ്‍വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ് കെജ്രിവാളിനുവേണ്ടി നാളെ നടക്കുന്ന റോഡ്ഷോയിൽ പങ്കെടുക്കുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് എം.പി ശത്രുഘ്നൻ സിൻഹയും ആപ്പിനുവേണ്ടി രംഗത്തിറങ്ങുന്നുണ്ട്. ശരത് പവാറിന്റെ എൻ.സി.പിയും ആപ്പിനൊപ്പമാണ്. ‘ഇന്ത്യ’ മുന്നണിക്കെതിരായ ബി.ജെ.പിയുടെ ആരോപണം സാധൂകരിക്കുന്നതാണ് ദൽഹിയിലെ രാഷ്ട്രീയ കാലാവസ്ഥ. രാഷ്ട്രീയമായ പോരാട്ടം എന്നതുവിട്ട്, മുന്നണിയിലെ നേതാക്കൾ തമ്മിൽ അഴിമതിയുടെയും മറ്റും പേരിൽ തമ്മിലടിക്കുകയാണ്.
തൊഴിലും കുടിവെള്ളവും
വിഷയങ്ങൾ
അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളും ജനങ്ങളുടെ ദുരിതങ്ങളും കാമ്പയിനിൽ പ്രധാന ചർച്ചയാകുന്നുണ്ട് എന്നതാണ് ഇത്തവണത്തെ പ്ലസ് പോയന്റ്. ദൽഹിയുടെ വോട്ട് ബാങ്ക് സമ്പന്നരും ദരിദ്രരും മധ്യവർഗവുമായി വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. ജാതി- സാമുദായിക വിഭജനങ്ങളോളം സാമ്പത്തിക- വർഗ വിഭജനവും സ്വാധീനം ചെലുത്തുന്നുണ്ട്. ദിവസവേതനക്കാർ, ചേരിനിവാസികൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങിയവർക്ക് കാര്യമായ സ്വാധീനമുള്ള ഇലക്ഷനാണിത്. അതുകൊണ്ടുതന്നെ, മധ്യ- ദരിദ്ര വർഗങ്ങളെ ലാക്കാക്കിയുള്ള കാമ്പയിനാണ് പാർട്ടികൾ പ്രാധാന്യം നൽകുന്നത്. ഇക്കാര്യത്തിൽ ആം ആദ്മി പാർട്ടി സെറ്റ് ചെയ്തുവച്ച വെൽഫെയർ പൊളിറ്റിക്‌സിന്റെ അതേ ചേരുവ ആവർത്തിക്കുക മാത്രമാണ് കോൺഗ്രസും ബി.ജെ.പിയും ചെയ്യുന്നത്. തൊഴിൽ രഹിതരായ യുവാക്കൾക്ക് ഒരു വർഷം പ്രതിമാസം 8500 രൂപ സ്‌റ്റൈപ്പന്റാണ് കോൺഗ്രസ് വാഗ്ദാനങ്ങളിൽ പ്രധാനം. ബി.ജെ.പിയാകട്ടെ, 50,000 സർക്കാർ ജോലി ഒഴിവുകൾ ഉറപ്പുനൽകുന്നു.
തൊഴിലില്ലായ്മ, റോഡുകളുടെ ശോച്യാവസ്ഥ, കുടിവെള്ളമില്ലായ്മ, മലിനീകരണം, മൊഹല്ല ക്ലിനിക്കുകൾ പ്രവർത്തിക്കാത്തത്, നടപ്പാകാത്ത വാഗ്ദാനങ്ങൾ എന്നിവ ജനങ്ങൾക്കുമുന്നിൽ ചർച്ച ചെയ്യപ്പെടുന്നു. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഉറപ്പടക്കം 15 ഇന വാഗ്ദാനങ്ങളുമായാണ് ആപ്പ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്. മുൻ കാലങ്ങളിലെ അതേ ക്ഷേമ വാഗ്ദാനങ്ങൾ തന്നെ. ഇത്തവണ അഴിമതിയെക്കുറിച്ച് കൂടുതൽ സംസാരിക്കുന്നത് ആപ്പിനേക്കാൾ ബി.ജെ.പിയും കോൺഗ്രസുമാണ് എന്നത് കാമ്പയിനിലെ കൗതുകമാണ്. കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ച എട്ടാം ശമ്പള കമീഷനാണ് ബി.ജെ.പിയുടെ തുരുപ്പുചീട്ട്. എങ്കിലും പാർട്ടി വർഗീയ കാമ്പയിനിൽ തന്നെയാണ് ഊന്നുന്നത്. 2020-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുപുറകേയാണ് 53 പേരുടെ ജീവനെടുത്ത ദൽഹി കലാപമുണ്ടായത്. കലാപത്തിന്റെ ഓർമകൾ പുതുക്കിയെടുത്ത്, 'മുസ്‌ലിം പ്രീണനം' എന്ന പതിവ് മുദ്ര കുത്തിയാണ് ബി.ജെ.പി എതിരാളികളെ നേരിടുന്നത്. കെജ്‌രിവാളിനും രാഹുൽ ഗാന്ധിക്കും ഇതോടൊപ്പിച്ച് പോകേണ്ടിവരുന്നുമുണ്ട്. കഴിഞ്ഞവർഷം, വഖഫ് ബോർഡിനുള്ള പണം അനുവദിക്കാനാകാത്തതിനാൽ 17 മാസമായി ശമ്പളം മുടങ്ങിയെന്നാരോപിച്ച് 240 ഇമാമുമാർ മുഖ്യമന്ത്രി കെജ്‌രിവാളിന്റെ വീടിനുമുന്നിൽ പ്രതിഷേധിച്ചപ്പോൾ, ക്ഷേത്ര പൂജാരികൾക്കും ഗുരുദ്വാരയിലെ പുരോഹിതർക്കും മാസം 18,000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിക്കാൻ കെജ്‌രിവാൾ ഒരു നിമിഷം പോലും മടിച്ചില്ല.
ദൽഹിയിലെ റോഹിംഗ്യൻ അഭയാർഥികളെച്ചൊല്ലി ബി.ജെ.പി നടത്തുന്ന വർഗീയ മുതലെടുപ്പിന് തത്തുല്യമായ പ്രതികരണം ആപ്പ് സർക്കാറിന്റെ ഭാഗത്തുനിന്നുമുണ്ട്.
ശതാബ്ദി വർഷത്തിൽ ആർ.എസ്.എസിനെ സംബന്ധിച്ച് അത്യന്തം പ്രധാനമാണ് ദൽഹി ഇലക്ഷൻ. അതുകൊണ്ടുതന്നെ, തിരിച്ചുവരവിനുള്ള സകല അടവുകളും ബി.ജെ.പി പുറത്തെടുക്കുന്നുണ്ട്.
70 സീറ്റുകളിലേക്ക് ഫെബ്രുവരി അഞ്ചിനാണ് ഇലക്ഷൻ. വോട്ടെണ്ണൽ എട്ടിന്. 1.55 കോടി വോട്ടർമാരാണ് ദൽഹിയിലുള്ളത്. 83.49 ലക്ഷം പുരുഷന്മാരും 71.74 ലക്ഷം സ്ത്രീകളും. 2.08 ലക്ഷം പേർ ആദ്യമായി വോട്ടു ചെയ്യുന്നവരാണ്.
ഈ വർഷാവസാനമാണ് ബീഹാർ ഇലക്ഷൻ. 2026-ൽ പശ്ചിമ ബംഗാൾ, കേരളം, ആസാം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കും.