ദൽഹിയിലെ ജന്തർ മന്തറിൽ വിദ്യാർത്ഥികൾ സമരം ചെയ്യാൻ തുടങ്ങിയിട്ട് ഒരു മാസമാകുകയാണ്. സമാധാനപരമായ സമരം അടിച്ചമർത്താൻ പല രീതിയിലുള്ള ബലപ്രയോഗങ്ങൾ കേന്ദ്ര ഭരണകൂടം സ്വീകരിക്കുന്നുമുണ്ട്. അത് മാധ്യമങ്ങളിലൂടെയും, സമരത്തിനിടയിലേക്ക് നുഴഞ്ഞുകയറുന്ന RSS പ്രവർത്തകരിലൂടെയും, പോലീസുകാരിലൂടെയുമെല്ലാം കൃത്യമായി നടപ്പിലാക്കുന്നുമുണ്ട്. എന്നാൽ ഒരു ഭരണകൂടം ആ രാജ്യത്തെ ജനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്.
ഭരണകൂടം എംപതറ്റികാകുമ്പോൾ (Empathy) മാത്രമേ ആ നാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെയും അവരുടെ ബുദ്ധിമുട്ടുകളെയും അഡ്രസ്സ് ചെയ്യാനും അതിനാവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കാനും സാധിക്കുകയുള്ളൂ. ഏറ്റവും സുതാര്യമായി നടക്കേണ്ട NEET പരീക്ഷയിൽ കണ്ടെത്തിയ ക്രമക്കേടുകൾ വിദ്യാർത്ഥികളുടെ മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുമെന്ന വസ്തുത ഭരണകൂടം മനഃപൂർവ്വം നിരാകരിക്കുന്നു. ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടേതടക്കമുള്ള പ്രശ്നങ്ങൾ ഈയൊരു പാശ്ചാത്തലത്തിൽ രാജ്യം പരിഗണിക്കേണ്ടതുണ്ട്.
2026-ലെ NEET പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ, വിദ്യാർത്ഥികളുടെ ആത്മഹത്യ, അവർ അനുഭവിക്കുന്ന മാനസിക സംഘർഷം ഇതെല്ലാം മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക എന്നത് തീർത്തും ജനാധിപത്യപരമായ ആവശ്യം തന്നെയാണ്.
മൗനി ആയിരിക്കുക എന്നത് ഏറ്റവും എളുപ്പ മാർഗമാണ്. തങ്ങൾ വരുത്തിവെച്ച ക്രമക്കേടുകളും തെറ്റുകളും അംഗീകരിച്ച്, അവ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോവുകയാണ് വേണ്ടത്. എന്നാൽ, സമരം ചെയ്യുന്നവരെ രാജ്യവിരുദ്ധരായി മുദ്ര കുത്തി, അവരുടെ പേരും മതവും ചോദിച്ച് വർഗീയത പടർത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥിപ്രശ്നങ്ങളെ മനസ്സിലാക്കി പരിഹാരം കാണുന്നതിനുപകരം, അധികാരം ഉറപ്പിച്ചെടുക്കാനുള്ള സ്വേച്ഛാധിപത്യപരമായ ബലപ്രയോഗമാണിപ്പോൾ നടക്കുന്നത്.
ജനാധിപത്യപരമായ ഒരു സമരത്തെ മോദിസർക്കാർ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് കാണുമ്പോൾ, ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായിരുന്നു’ എന്ന് പുതിയ തലമുറയെ നിരന്തരമായി ഓർമ്മപ്പെടുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോഴും ഗാന്ധിജി കൊല്ലപ്പെട്ടപ്പോഴുമുള്ള ചരിത്രം ഓർമിക്കുക എന്നത് തന്നെയാണ് ഈ രാഷ്ട്രീയ സാഹചര്യത്തിൽ തീർക്കാനുള്ള പ്രതിരോധം. ഇന്ത്യയിലെമ്പാടും നടക്കുന്ന ഇത്തരം സമരങ്ങളെയെല്ലാം മോദി സർക്കാർ അടിച്ചമർത്തിയിട്ടേയുള്ളൂ. എന്നാൽ, ഈ ഭരണകൂട ഭീകരത പുതിയ തലമുറ കണ്ടുനിന്നെന്നുവരില്ല. 2026-ലെ NEET പരീക്ഷയിൽ നടന്ന ക്രമക്കേടുകൾ, വിദ്യാർത്ഥികളുടെ ആത്മഹത്യ, അവർ അനുഭവിക്കുന്ന മാനസിക സംഘർഷം ഇതെല്ലാം മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കുക എന്നത് തീർത്തും ജനാധിപത്യപരമായ ആവശ്യം തന്നെയാണ്.

പരീക്ഷാ ക്രമക്കേടും
പുനർപരീക്ഷയും
മാനസിക സമ്മർദ്ദങ്ങളും
മൂന്നോ നാലോ കൊല്ലം NEET പരീക്ഷയ്ക്കായി തയ്യാറെടുത്ത ഒരാൾ വീട്ടിലുണ്ടായിരുന്നു എന്നതുകൊണ്ടുതന്നെ എത്ര സമ്മർദ്ദം ഈയൊരു പരീക്ഷയുടെ തയ്യാറെടുപ്പുകൾക്കായി അവർ നടത്തുന്നുണ്ടെന്ന് കൃത്യമായി മനസ്സിലായിട്ടുള്ള ഒരാളാണ് ഞാൻ. മത്സരപരീക്ഷകളുടെ സമ്മർദ്ദം താങ്ങാനാവാതെ കൗൺസിലിംഗ് എടുക്കുന്ന ഒരുപാട് കുട്ടികളെ കൗൺസിലിംഗ് സെഷനുകളിൽ അഭിമുഖീകരിച്ചിട്ടുമുണ്ട്.
പരീക്ഷാക്രമക്കേടുകളും, എഴുതിയ പരീക്ഷ ഒന്നുകൂടി എഴുതേണ്ടിവരുന്നതും, പഠിച്ചവ ആവർത്തിച്ച് പഠിക്കേണ്ടിവരുന്നതുമെല്ലാം വിദ്യാർത്ഥികളിൽ വലിയ ഉത്കണ്ഠ (anxiety) ഉണ്ടാക്കുന്നുണ്ട്. പോലീസ് മർദ്ദനം കാണുമ്പോൾ, 'യു പി എസ് സിക്ക് തയ്യാറെടുക്കുന്ന തനിക്ക് ഇനി അത് ചെയ്യേണ്ടതില്ല എന്നു തോന്നുന്നു' എന്നു പറയേണ്ട അവസ്ഥയിലേക്ക് ഉദ്യോഗാർത്ഥികൾ എത്തുന്നുണ്ട്. ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പോലും അനുവദിക്കാതിരിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ഇത്തരം മാനസിക സമ്മർദ്ദങ്ങൾ പരീക്ഷകളെക്കുറിച്ചുതന്നെ വലിയ സംശയങ്ങൾ ഇവരിലുണ്ടാക്കും. 'എന്തിനാണ് ഇനി പഠിക്കുന്നത്’, ‘ഇത്തരം പ്രയത്നങ്ങൾ വെറുതെയാണ്' തുടങ്ങിയ ചിന്തകൾ കുട്ടികളിലുടലെടുക്കാൻ ഇത് കാരണമാകും. ഇത് പിന്നീട് വലിയ വൈകാരിക സമ്മർദ്ദങ്ങളിലേക്കും (emotional distress), ഉത്കണ്ഠാരോഗങ്ങളിലേക്കും (anxiety disorder) വിഷാദരോഗത്തിലേക്കും (depression) നയിക്കുന്നു.
നിങ്ങളുടെ പേര് എന്താണ്, എവിടെ നിന്നാണ് സമരത്തിന് ഫണ്ട് ലഭിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അത്ര നിർവ്യാജമല്ല. ഈ കാമ്പയിനുവേണ്ടി ജനാധിപത്യത്തിന്റെ നാലാം തൂണിനെയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസര്‍മാരെയും വാടകക്കെടുക്കുകയും ചെയ്യുന്നു.
തങ്ങൾ അത്രയധികം കഷ്ടപ്പെട്ട് പഠിച്ച് എഴുതിയ പരീക്ഷ ആരുടെയൊക്കെയോ രാഷ്ട്രീയ ഗൂഢാലോചനകളാൽ അട്ടിമറിക്കപ്പെടുമ്പോൾ, വിദ്യാർത്ഥികളിൽ സ്വാഭാവികമായും ഐഡൻറിറ്റി ക്രൈസിസും (identity crisis), ഫ്യൂച്ചർ ക്രൈസിസും (future crisis) ഉടലെടുക്കാൻ സാധ്യതയുണ്ട്. ക്രമേണ 'ഞങ്ങൾ ഇനി എന്തിനാണ് ജീവിക്കുന്നത്' എന്ന രീതിയിലുള്ള അപകടകരമായ ചിന്തയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത്തരം സമ്മർദ്ദങ്ങളും ഭാവിയെ സംബന്ധിച്ച ആകുലതകളുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിക്കുന്നത്. 2026- ലെ NEET പേപ്പർചോർച്ചയുടെ വാർത്ത വന്നതുമുതൽ ഒരുപാട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. പരീക്ഷാനടത്തിപ്പിലെ ക്രമക്കേടുകളുണ്ടാക്കുന്ന വലിയ സമ്മർദങ്ങളും അതിനോടുള്ള സർക്കാറിന്റെ ക്രൂരമായ നിസ്സംഗതയും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുന്ന മെന്റൽ ട്രോമയെക്കുറിച്ച് കൃത്യമായി ചർച്ച ചെയ്യേണ്ടതുണ്ട്. രാജ്യവികസനത്തിൽ ഏറ്റവും പങ്കു വഹിക്കുന്ന യുവത നാടുവിട്ട് പുറത്തേക്ക് പോകുന്നതിൽ ആശങ്ക രേഖപ്പെടുത്തിയിട്ട് കാര്യമില്ല, അവർക്ക് ലഭിക്കേണ്ട സംരക്ഷണവും നീതിയും ന്യായവും കിട്ടുന്നുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തുക കൂടി വേണം.

ജന്തർ മന്തർ എന്ന തുടർച്ച
ഇന്ത്യയിൽ, സമീപകാലത്ത് നടന്ന ജനകീയ സമരങ്ങളോടെല്ലാം മോദിയുടെ ബി ജെ പി ഗവൺമെൻറ് സ്വീകരിച്ചുവരുന്ന ഏകാധിപത്യ സമീപനത്തിന്റെ തുടർച്ചയാണ്, ഇപ്പോൾ വിദ്യാർത്ഥിസമരത്തോടുമുള്ളത്. പൗരത്വഭേദഗതിനിയമത്തിനെതിരായ സമരങ്ങൾ, രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉയർന്നുവന്ന വിദ്യാർത്ഥിപ്രക്ഷോഭങ്ങൾ, കർഷക സമരം എന്നിവയിലും മണിപ്പുർ കലാപത്തിലുമെല്ലാം മോദി സർക്കാർ സ്വീകരിച്ച അടിച്ചമർത്തൽ നടപടി, ഈ സർക്കാറിന്റെ ഏകാധിപത്യമനോഭാവത്തെ വ്യക്തമാക്കുന്നതായിരുന്നു.
കോക്റോച്ച് ജനതാപാർട്ടി (cockroach jantha party) തുടങ്ങിവെച്ച സമരത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വ്യക്തികളും പിന്തുണ അറിയിക്കുന്നുണ്ട്. ഇത് സർക്കാറിനെ പ്രകോപിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, സമരത്തിൽ പങ്കെടുക്കുന്നവർ രാജ്യദ്രോഹികളാണ് എന്ന നറേറ്റീവ് സർക്കാർ ബോധപൂർവം സൃഷ്ടിച്ചെടുക്കുന്നുണ്ട്. നിങ്ങളുടെ പേര് എന്താണ്, എവിടെ നിന്നാണ് സമരത്തിന് ഫണ്ട് ലഭിക്കുന്നത് തുടങ്ങിയ ചോദ്യങ്ങൾ അത്ര നിർവ്യാജമല്ല. ഈ കാമ്പയിനുവേണ്ടി ജനാധിപത്യത്തിന്റെ നാലാം തൂണിനെയും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസര്‍മാരെയും വാടകക്കെടുക്കുകയും ചെയ്യുന്നു. എല്ലാ സമരങ്ങളെയും അക്രമത്തിലൂടെ അടിച്ചമർത്താൻ സാധിക്കില്ല. പ്രക്ഷോഭകരെ ശാരീരികമായി തളർത്താൻ സാധിച്ചേക്കാമെങ്കിലും അവർ നിലകൊള്ളുന്നത് അവകാശങ്ങൾക്കും നീതിക്കും വേണ്ടിയാണെങ്കിൽ, അവരെ ആക്രമിച്ച് പുറത്താക്കിയാലും മറ്റൊരു കൂട്ടം വീണ്ടും പ്രതിഷേധവുമായി രംഗത്തുണ്ടാകും.
ജന്തർ മന്തറിലെ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാകും, രാഷ്ട്രീയമായും സാംസ്കാരികമായും ആ സമരത്തെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ അവർ ശ്രമിക്കുന്നുണ്ട് എന്നത്.
ജന്തർ മന്തറിലെ ദൃശ്യങ്ങൾ കാണുമ്പോൾ തന്നെ മനസ്സിലാകും, രാഷ്ട്രീയമായും സാംസ്കാരികമായും ആ സമരത്തെ എത്രത്തോളം മുന്നോട്ടുകൊണ്ടുപോകാൻ അവർ ശ്രമിക്കുന്നുണ്ട് എന്നത്. പറയേണ്ടത് കൃത്യമായി പറഞ്ഞ്, പാട്ടു പാടി, ചിത്രം വരച്ച് നിർഭയം അവർ സാഹചര്യങ്ങളെ നേരിടുന്നു. സമാധാനപരമായി മുന്നോട്ടുപോകുകയും കലയെ സമരമാർഗ്ഗമാക്കുകയും ചെയ്യുന്ന ഒരിടത്തെയാണ് അക്രമം ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്നത്. നിരാഹാരസമരം നടത്തുന്ന സോനം വാങ്ചുകിനെയും സഹപ്രക്ഷോഭകരെയും വലിച്ചിഴച്ചുകൊണ്ടുപോകുന്ന സർക്കാർ സമാധാനപരമായ സമരാന്തരീക്ഷത്തെ അക്രമാസക്തമാക്കി മാറ്റുകയാണ് ചെയ്യുന്നത്. സോനം വാങ്ങ്ചുക്കിനെ ബലം പ്രയോഗിച്ച് സമരകേന്ദ്രത്തിൽ നിന്നു മാറ്റാനെത്തിയ പോലീസുകാർക്കിടയിൽ RSS പ്രവർത്തകരും ഉണ്ടായിരുന്നു എന്നാണ് സമരക്കാർ പറയുന്നത്.
വരുന്ന തലമുറയ്ക്കുകൂടി പാഠമാകേണ്ടതാണ് ഇത്തരം സമരങ്ങളോട് ഗവൺമെൻറ് സ്വീകരിക്കുന്ന സമീപനം. ഒരു തലമുറയെ ഒന്നാകെ ബാധിക്കുന്ന പ്രശ്നങ്ങളെ ഗവൺമെൻറ് എങ്ങനെയാണ് നേരിടുന്നത് എന്നതുതന്നെയാണ് ഭാവിതലമുറയ്ക്ക് തങ്ങളുടെ രാജ്യത്തെ സംബന്ധിച്ച് പോസിറ്റീവായ ഇമേജ് ഉണ്ടാക്കുന്നതിനും രാജ്യത്ത് നിലനിൽക്കണോ എന്ന് തീരുമാനിക്കുന്നതിനും കാരണമാകുന്നത്. തെറ്റ് ചെയ്യുന്നവരെയും ക്രിമിനലുകളെയും ഭരണസംവിധാനമുപയോഗിച്ച് സംരക്ഷിക്കുകയും അവകാശങ്ങൾക്കുവേണ്ടി പോരാടുന്നവരെ അടിച്ചമർത്തുകയുമാണ് സർക്കാർ ചെയ്യുന്നത്. ജനാധിപത്യ രാജ്യമെന്ന നിലയ്ക്ക് ഇന്ത്യയിൽ സമരങ്ങൾ സ്വാഭാവികമാണ്. അവകാശനിഷേധത്തിനെതിരെ ജനം പോരാടുക തന്നെ ചെയ്യും.

മിൽഗ്രാം പരീക്ഷണവും
ഒബീഡിയൻസും
(Milgram experiment And Obedience)
സമാധാനപരമായി സമരം ചെയ്യുന്നവരെ നിർദാക്ഷിണ്യം അടിച്ചമർത്താൻ പോലീസിനെയും ഒരു കൂട്ടം ആളുകളെയും ഉപയോഗിക്കുന്നതിന്റെ സൈക്കോളജി പരിശോധിക്കേണ്ടതുണ്ട്. പൊതു സംവിധാനങ്ങളെയെല്ലാം തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത് തീർത്തും അപകടകരമായ കാര്യമാണ്.
സ്റ്റാൻലി മിൽഗ്രാം (Stanley Milgram) 1961-ൽ യെലിൽ യൂണിവേഴ്സിറ്റിയിൽ (Yale University) നടത്തിയ പരീക്ഷണം, ഒരു അതോറിറ്റി ഫിഗറിന് (Authority figure) എങ്ങനെയാണ് സാധാരണ ജനങ്ങളെ അനുസരിപ്പിക്കാൻ സാധിക്കുന്നതെന്ന കാര്യത്തിലേക്ക് വെളിച്ചംവീശുന്നുണ്ട്.
രണ്ട് ഗ്രൂപ്പുകളായി മിൽഗ്രാം ആളുകളെ തിരിച്ചു. ഒരു ഗ്രൂപ്പ് പരീക്ഷണത്തിൽ പങ്കെടുക്കുന്നവരും (participants) ഒരു ഗ്രൂപ്പ് പരീക്ഷണം നടത്തുന്നവരും (teachers). അതോറിറ്റി ഫിഗർ പരീക്ഷണം നടത്തുന്നവരോട്, പങ്കെടുക്കുന്നവർക്ക് ഷോക്കുകൾ നൽകാൻ ആവശ്യപ്പെടുകയാണ്. തെറ്റായ ഉത്തരം നൽകുമ്പോൾ അവർക്ക് ഷോക്ക് നൽകണം എന്ന് പലരീതിയിൽ ആവശ്യപ്പെടുന്നു. അതോറിറ്റി ഫിഗറിന്റെ ആവശ്യാനുസരണം തങ്ങൾ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുപോലും ചിന്തിക്കാതെ, പരീക്ഷണം നടത്തുന്നവർ അത് ചെയ്യുന്നുമുണ്ട്. അതോറിറ്റി ഫിഗറിനെ അനുസരിക്കാൻ അവർ തയ്യാറാകുന്നു. ഇത്തരത്തിൽ അതോറിറ്റി ഫിഗറിനെ അനുസരിക്കാൻ പല കാരണങ്ങൾ കൊണ്ടും ആളുകൾ തയ്യാറാകും. അതിൽ പ്രധാനപ്പെട്ട കാരണം, അവരോടുള്ള പേടി തന്നെയാണ്.
സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ക്യാമ്പയിനുകളും സമരത്തിനെതിരായ പ്രകോപിത സംസാരങ്ങളും തെളിയിക്കുന്നത്, അതോറിറ്റിയോടുള്ള അനുസരണശീലമാണ്. സ്വാതന്ത്ര്യാനന്തരവും കൊളോണിയൽ ആധിപത്യം തുടരുകയാണ് എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഇടപെടൽ.
ജന്തർ മന്തർ സമരത്തിൽ പോലീസിനെയും RSS പ്രവർത്തകരെയും ഉപയോഗിച്ച് അതോറിറ്റിയായ കേന്ദ്ര സർക്കാർ കാണിച്ചുകൂട്ടുന്ന അക്രമങ്ങൾ തികച്ചും ഫാഷിസ്റ്റ് ഭരണകൂടത്തിന്റെതായി മാറിയിട്ടുണ്ട്. തങ്ങൾ ചെയ്യുന്നതിലെ തെറ്റോ ശരിയോ മനസ്സിലാക്കാതെ ഭരണകൂടം പറയുന്നത് ചെയ്യുന്നവരായി പൊതുസംവിധാനങ്ങൾ മാറുന്നു.
മിൽഗ്രാം ഇത്തരമൊരു പരീക്ഷണത്തിലേക്ക് എത്തിച്ചേരാനുണ്ടായ പ്രധാന കാരണം, അഡോൾഫ് ഐക്മാനിന്റെ (Adolf Eichmann) ട്രയൽ കേൾക്കാനിടയായതാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ഹോളോ കോസ്റ്റിന് നേതൃത്വം നൽകിയ വ്യക്തിയാണ് ഐക്മാൻ. ‘ഞാൻ എനിക്ക് നൽകപ്പെട്ട ഓർഡറുകൾ ഫോളോ ചെയ്യുകയായിരുന്നു' എന്നാണ് വിചാരണസമയത്ത് അയാൾ അവകാശപ്പെട്ടത്. ഒരു സാധാരണ മനുഷ്യന് എങ്ങനെയാണ് കൂട്ടക്കുരുതി നടത്താൻ സാധിക്കുന്നത് എന്ന കാര്യമാണ് മിൽഗ്രാം അന്വേഷിച്ചത്. പലകാരണങ്ങൾ കൊണ്ട് അതോറിറ്റി ഫിഗറുകളെ അനുസരിക്കാൻ ആളുകൾ തയ്യാറാകുന്നു എന്ന് അദ്ദേഹം കണ്ടെത്തുന്നു.
ഇത്തരത്തിൽ ആളുകളെ കൂട്ടമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണസംവിധാനം ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിലേക്കും, അതിന്റെ എല്ലാ ക്രൂരതകളോടും കൂടി തന്നെ എത്തപ്പെട്ടിരിക്കുന്നു. ആളുകളറിയാതെതന്നെ അവരിൽ മാനസിക അടിമത്തം സൃഷ്ടിക്കാൻ മോദി ഗവൺമെന്റിന് സാധിക്കുന്നു. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് ക്യാമ്പയിനുകളും സമരത്തിനെതിരായ പ്രകോപിത സംസാരങ്ങളും തെളിയിക്കുന്നത്, അതോറിറ്റിയോടുള്ള അനുസരണശീലമാണ്. സ്വാതന്ത്ര്യാനന്തരവും കൊളോണിയൽ ആധിപത്യം തുടരുകയാണ് എന്നു തോന്നിപ്പിക്കുന്ന രീതിയിലാണ് ഇന്ത്യൻ ഭരണകൂടത്തിന്റെ ഇടപെടൽ. യുവാക്കളുടെ സമാധാനപരമായ ഒരു സമരത്തിനുമുന്നിൽ മുട്ടുവിറച്ച്, അതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്തിനാണ്? തങ്ങളുടെ വലിയ തെറ്റുകളെ മറച്ചുപിടിക്കാൻ മാത്രം. വലിയ കുറ്റവാളികളെ സംരക്ഷിക്കാൻ മാത്രം.

ഫ്രസ്ട്രേഷൻ അഗ്രഷൻ ഹൈപ്പോതിസിസ് (Frustration Aggression Hypothesis)
സമാധാനപരമായ ഒരു സമരത്തെ അധികാരമുപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ സ്വാഭാവികമായും അതൊരു സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. ഒരു മാസമായി സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ കേൾക്കാൻപോലും ഭരണകൂടം തയ്യാറാകാത്ത സ്ഥിതിവിശേഷം നിലനിൽക്കുമ്പോഴാണ്, അവരെ അടിച്ചമർത്തി പിന്തിരിപ്പിക്കാം എന്ന മനോഭാവവുമായി ഭരണകൂടം ഇറങ്ങിത്തിരിക്കുന്നത്. ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തിയിൽ നിലവിൽ ഫ്രസ്ട്രേറ്റഡായ സമൂഹം തീർച്ചയായും സമാധാനപരമായി മാത്രമായിരിക്കില്ല പ്രതികരിക്കുന്നത്. അത് തീർത്തും സ്വാഭാവിക പ്രതികരണവുമായിരിക്കും.
ഡൊള്ളാർഡും സഹപ്രവർത്തകരും (Dollard et al.) മുന്നോട്ടുവെച്ച ഫ്രസ്ട്രേഷൻ അഗ്രഷൻ ഹൈപ്പോതിസിസിൽ പറഞ്ഞുവെക്കുന്നതും ഇതുതന്നെയാണ്. ഒരു വ്യക്തി ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള അയാളുടെ ശ്രമങ്ങളെ പുറത്തുനിന്നുമുള്ള ഘടകങ്ങൾ തടയുമ്പോൾ (goal blockage) അത് ഫ്രസ്ട്രേഷനിലേക്ക് (frustration) നയിക്കുന്നു. ഈ തടഞ്ഞുനിർത്തൽ വൈകാരിക സമ്മർദ്ദത്തിലേക്കും (emotional tension) ക്രമേണ ദേഷ്യത്തിലേക്കും (Aggression) നയിക്കുന്നു. ഈ സമ്മർദ്ദം ഒഴിവാക്കുന്നതിനായി വ്യക്തി ആ സാഹചര്യത്തോടും അതിലുൾപ്പെട്ടിരിക്കുന്ന ആളുകളോടുമെല്ലാം ദേഷ്യത്തോടെ പെരുമാറി എന്നു വരാം. ഈ വൈകാരിക ഊർജത്തെ (emotional energy) കതാർസിസ് (catharsis) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതാണ് പിന്നീട് ആ മനുഷ്യനെ സ്വാഭാവികമായ വൈകാരികാവസ്ഥയിലേക്ക് തിരിച്ചെത്തിക്കുന്നത്.
പുതിയ തലമുറയ്ക്ക് രാഷ്ട്രീയമില്ലെന്നും അവർക്ക് പ്രശ്നങ്ങളിൽ സ്വന്തം നിലപാടില്ലെന്നും വിശ്വസിക്കുന്ന പൊതുബോധമാണ് നമ്മുടേത്. എന്നാൽ പുതിയ തലമുറ അവരുടെ രാഷ്ട്രീയം പല സാഹചര്യങ്ങളിലും കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഇവിടെ ന്യായമായ ആവശ്യങ്ങൾ പോലും അംഗീകരിക്കാത്ത ഒരു ഭരണകൂടം സമരത്തെ അടിച്ചമർത്താൻ ആദ്യം മുതലേ ശ്രമിക്കുന്നുണ്ട്. അതിനോടൊപ്പം, അവരെ ക്രൂരമായി തല്ലിച്ചതക്കുന്നു. സ്വാഭാവികമായും ഇവിടെ ഫ്രസ്ട്രേഷൻ രൂപപ്പെടുകയും അത് അഗ്രഷനിലേക്ക് നയിക്കുകയും ചെയ്യുന്നു. പോലീസുകാരുടെ അടി നിന്നു കൊള്ളുന്ന, ഇനിയും അടിക്കാൻ ആവശ്യപ്പെടുന്ന, അവരെ തിരിച്ച് ആക്രമിക്കാൻ തയ്യാറാകുന്ന രീതിയിലേക്ക് ഈ വിഭാഗത്തെ എത്തിക്കുന്നത്, അവരെ സംരക്ഷിക്കേണ്ട ഭരണകൂടം തന്നെയാണ്. സമരത്തെ ഭയപ്പെടുമ്പോഴുണ്ടാകുന്ന ഫ്രസ്ട്രേഷൻ അവരെ അടിച്ചമർത്തുക എന്ന അഗ്രഷനിലേക്ക് ഭരണകൂടത്തെയും നയിക്കുന്നുണ്ട്. അതുതന്നെയാണ്, ഈ വിദ്യാർത്ഥികളെ തല്ലിച്ചതക്കുന്നതിലേക്ക് ഏകാധിപത്യ ഭരണകൂടത്തെ എത്തിക്കുന്നത്.
ജെൻ- സി രാഷ്ട്രീയം
"ഒരു നഗരത്തിൽ ഒരനീതിയുണ്ടായാൽ അവിടെ ഒരു കലാപമുണ്ടാകണം. അല്ലെങ്കിൽ സന്ധ്യ മയങ്ങുംമുമ്പ് ആ നഗരം ചാമ്പലാകുന്നതാണ് നല്ലത്’’ എന്ന് ബ്രഹ്തോൾഡ് ബ്രഹ്ത് പറയുന്നതിന് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രാധാന്യമുണ്ട്. പുതിയ തലമുറ അനീതിക്കെതിരെ ശബ്ദമുയർത്തുന്നത് ഇന്ത്യൻ ഫാഷിസ്റ്റ് സാഹചര്യത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്.

പുതിയ തലമുറയ്ക്ക് രാഷ്ട്രീയമില്ലെന്നും അവർക്ക് പ്രശ്നങ്ങളിൽ സ്വന്തം നിലപാടില്ലെന്നും വിശ്വസിക്കുന്ന പൊതുബോധമാണ് നമ്മുടേത്. എന്നാൽ പുതിയ തലമുറ അവരുടെ രാഷ്ട്രീയം പല സാഹചര്യങ്ങളിലും കൃത്യമായി വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം നിർണായക സാഹചര്യങ്ങളിൽ അവർ ഇടപെടാറുമുണ്ട്. പുതിയ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുതന്നെയാണ് അവർ കൂടുതലായും പ്രതിഷേധിക്കുന്നത്. കൊടി പിടിച്ച് തെരുവുകളിലൂടെ നടക്കുന്നതുമാത്രമല്ല രാഷ്ട്രീയം. അതേസമയം, വിദ്യാർത്ഥികളുടെ ഭാവിയെ സംബന്ധിച്ച ചോദ്യമുയരുമ്പോൾ തെരുവിലിറങ്ങി സമരം ചെയ്യാനും പുതിയ തലമുറ മടിക്കുന്നില്ല. പുതിയ തലമുറയെ പുറത്തേക്ക് കാണുന്നില്ല എന്നും അവർ ഫോണിനുള്ളിലാണെന്നും ഘോരഘോരം പ്രസംഗിക്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും പലപ്പോഴും ഇത്തരം സമരവേദികളിൽ കാണാറില്ല എന്നതാണ് വാസ്തവം. പുതിയ തലമുറയ്ക്ക് കൃത്യമായ രാഷ്ട്രീയവും രാഷ്ട്രീയബോധവുമുണ്ട് എന്നതിനുള്ള തെളിവ് തന്നെയാണ് ജന്തർ മന്തറിലെ സമരം. കാര്യങ്ങളെ കൃത്യമായി മനസ്സിലാക്കുന്ന, എംപതറ്റിക്കായ ഒരു സമൂഹം സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കൊപ്പമായിരിക്കും. അത്തരം സമരങ്ങളെ അടിച്ചമർത്തി മുന്നോട്ടുപോകാൻ ഒരു സർക്കാറിനും കഴിയില്ല. ഇന്ന് സമൂഹം അനുഭവിക്കുന്ന എല്ലാ പ്രിവിലേജുകളും ഉണ്ടായിത്തീർന്നിട്ടുള്ളത് ഒരുപാട് സഹനങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ്. അത് തിരിച്ചറിഞ്ഞ് പ്രക്ഷോഭകാരികളോട് ഐക്യപ്പെടുക എന്നതാണ് പൊതുസമൂഹത്തിന് വിദ്യാർത്ഥികളോടും ഈ രാജ്യത്തോടും ചെയ്യാനാകുന്ന ഏറ്റവും വലിയ നീതി.
