വൈ.എസ്.ആറിന്റെ രണ്ടു മക്കൾ, ടി.ഡി.പി- ബി.ജെ.പി സഖ്യം; ആന്ധ്ര സംഭവബഹുലമായ തിരക്കഥ

ഒഡീഷയിൽ നവീൻ പട്നായിക്കുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ മാതൃക ആന്ധ്രയിലും പരീക്ഷിക്കുകയാണ് ബി.ജെ.പി. അങ്ങനെ, വീണ്ടും പഴയ സഖ്യം പുതിയ കുപ്പിയിൽ അവതരിച്ചിരിക്കുന്നു. ജഗൻമോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസിനോടും വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസിനോടുമാണ് എൻ.ഡി.എയുടെ മത്സരം. ത്രികോണ മത്സരമാണ് ഇത്തവണ ആന്ധ്രയിൽ.

Election Desk

എൻ.ഡി.എയുടെ സ്വപ്നമായ 400 സീറ്റിൽ, മുന്നണിയും ബി.ജെ.പിയും ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനം ആന്ധ്രപ്രദേശാണ്. 25 ലോക്സഭാ സീറ്റിലേക്കും 175 സീറ്റുള്ള നിയമസഭയിലേക്കും ഒരേ സമയം നടക്കുന്ന തെരഞ്ഞെടുപ്പ് അതുകൊണ്ടുതന്നെ രാഷ്ട്രീയസംഭവബഹുലമാണ്. ഒഡീഷയിൽ നവീൻ പട്നായിക്കുമായി ഉണ്ടാക്കിയ സഖ്യത്തിന്റെ മാതൃക ആന്ധ്രയിലും പരീക്ഷിക്കുകയാണ് ബി.ജെ.പി. അങ്ങനെ, വീണ്ടും പഴയ സഖ്യം പുതിയ കുപ്പിയിൽ അവതരിച്ചിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോഴും പ്രധാന രാഷ്ട്രീയശക്തിയായി തുടരുന്ന മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ വൈ.എസ്.ആർ കോൺഗ്രസിനോടും വൈ.എസ്. ശർമിളയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസിനോടുമാണ് എൻ.ഡി.എയുടെ മത്സരം. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ ആന്ധ്രയിൽ.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 25-ൽ 22 സീറ്റും ജഗൻമോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനായിരുന്നു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടി മൂന്ന് സീറ്റ് നേടിയപ്പോൾ കോൺഗ്രസും ബി.ജെ.പിയും സംപൂജ്യരായി.

വൈ.എസ്.ആർ കോൺഗ്രസിന് നിയമസഭയിൽ 140 എം.എൽ.എമാരും ടി.ഡി.പിക്ക് 18 എം.എൽ.എമാരുമാണുള്ളത്. ഏഴ് സ്വതന്ത്ര എം.എൽ.എമാരുമുണ്ട്. 10 സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 173 സീറ്റിൽ മത്സരിച്ച ബി.ജെ.പിക്ക് അഞ്ചു സീറ്റിൽ മാത്രമാണ് മൂന്നാം സ്ഥാനത്തെങ്കിലും എത്താനായത്. ടി.ഡി.പിയുമായി സഖ്യമുണ്ടായിരുന്ന 2014-ൽ ബി.ജെ.പി നേടിയത് നാല് നിയമസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റുമാണ്. 2019-ലെ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ടി.ഡി.പി സഖ്യമുപേക്ഷിച്ചു. സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം കേന്ദ്രം നിരസിച്ചതിനെതുടർന്നാണ് നായിഡു എൻ.ഡി.എ വിട്ടത്.

രാഷ്ട്രീയ സാഹചര്യങ്ങളാകെ മാറി മറിഞ്ഞ ആന്ധ്രയിൽ ഇത്തവണ ജഗൻമോഹൻ റെഡ്ഡിയുടെ വൈസ്.എസ്. ആർ കോൺഗ്രസ്, ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയും പവൻ കല്ല്യാൻ നേതൃത്വം നൽകുന്ന ജനസേന പാർട്ടിയും ബി.ജെ.പിയും ചേർന്നുള്ള എൻ.ഡി.എ, കോൺ​ഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യം എന്നിവ തമ്മിലാണ് മത്സരം.

ജഗൻമോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈസ്.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിളക്കാണ് കോൺഗ്രസിന്റെ നേതൃത്വം.
ഒരു കാലത്ത് കോൺഗ്രസിനെ നെഞ്ചോടു ചേർത്ത മണ്ണാണ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ആന്ധ്രപ്രദേശ്. 1977-ൽ ഇന്ദിരാവിരുദ്ധതരംഗത്തിൽ പോലും സംസ്ഥാനം കോൺഗ്രസിനൊപ്പമായിരുന്നു. സംസ്ഥാനം വിഭജിക്കപ്പെട്ടതോടെ കോൺഗ്രസിന്റെ തകർച്ചയും തുടങ്ങി. ആ മണ്ണ് തിരിച്ചുപിടിക്കുക കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യ’ മുന്നണിക്ക് കടക്കാനുള്ള രാജ്യത്തെ തന്നെ പ്രധാന കടമ്പകളിലൊന്നാണ് ആന്ധ്രാ. അവിഭക്ത ആന്ധ്രപ്രദേശിലെ, കോൺഗ്രസിന്റെ തലപ്പൊക്കമുണ്ടായിരുന്ന നേതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ രണ്ടു മക്കൾ പരസ്പരം പോർക്കളത്തിൽ മത്സരിക്കുന്നു എന്നതാണ് ഈ തെരഞ്ഞടുപ്പിന്റെ പ്രധാന സവിശേഷത. വൈ.എസ്. ശർമിളയും ജഗൻ മോഹൻ റെഡ്ഡിയും. തെലുങ്ക് മക്കൾ ആർക്കൊപ്പം നിൽക്കും?

വൈ.എസ്. രാജശേഖര റെഡ്ഡി
വൈ.എസ്. രാജശേഖര റെഡ്ഡി

വൈ.എസ്. രാജശേഖര റെഡ്ഡിയുടെ തണലിലാണ് ആന്ധ്രയിൽ കോൺഗ്രസ് പടർന്നുപന്തലിച്ചത്. എന്നാൽ 2009-ൽ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരിച്ചതോടെ കോൺഗ്രസിന്റെ കാലിടറി. വൈ.എസ്.ആറിന്റെ മരണശേഷം മകൻ ജഗൻ മോഹൻ റെഡ്ഡിയോട് അത്ര അനുകൂല സമീപനമായിരുന്നില്ല കോൺഗ്രസ് ഹൈക്കമാൻഡിന്. പിന്നീട് നടന്നത് കോൺഗ്രസിന്റെ ഉന്മൂലനമായിരുന്നു. അച്ഛൻ വളർത്തിയെടുത്ത കോൺഗ്രസിനെ നാമവശേഷമാക്കി വൈ.എസ്.ആർകോൺഗ്രസിലൂടെ ജഗൻ കളംനിറഞ്ഞാടി.

2011- ലാണ് വൈ.എസ്.ആർ കോൺഗ്രസിന്റെ ഉദയം. 2012-ൽ ജഗൻ അഴിമതിക്കേസിൽ അറസ്റ്റിലാകുന്നതോടെയാണ് സഹോദരി വൈ.എസ് ശർമിളയുടെ രാഷ്ട്രീയ പ്രവേശനം. ജഗന്റെ അസാന്നിധ്യത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയെ കോട്ടം തട്ടാതെ കാത്ത് ശർമിള തന്റെ രാഷ്ട്രീയ മികവ് തെളിയിച്ചു. എന്നാൽ സഹോദരിയുടെ രാഷ്ട്രീയ മികവ് തിരിച്ചറിഞ്ഞ ജഗൻ, അവരെ തഴയാൻ നിരന്തര ശ്രമം നടത്തിക്കൊണ്ടിരുന്നു. 2021-ൽ പാർട്ടിവിട്ട ശർമിള തന്റെ രാഷ്ട്രീയത്തിന്റെ കളം ആന്ധ്രയിൽ നിന്ന് തെലങ്കാനയിലേക്ക് മാറ്റി. ശർമിള മാത്രമല്ല, വൈ.എസ്.ആർ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാൻ ജഗനൊപ്പം അങ്ങോളമുണ്ടായിരുന്ന അമ്മ വൈ.എസ് ജഗതമ്മയും 2022-ൽ പാർട്ടി വിട്ട് മകൾക്കൊപ്പം ചേർന്നു.

വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി
വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി

കഴിഞ്ഞ ജനുവരിയിലാണ് എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയിൽ നിന്ന് ശർമിള കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. വൈ.എസ്.ആർ കോൺഗ്രസ് വിട്ടുവരുന്നവരെ രണ്ട് കെെയ്യും നീട്ടി സ്വീകരിച്ചു, കോൺഗ്രസ്. ജഗനെ തകർക്കാൻ വൈ.എസ്.ആറിന്റെ മകളെന്ന തുറുപ്പുചീട്ട് ഏറ്റവും മികച്ച മറ്റൊരു പരീക്ഷണമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

വൈ.എസ് ശർമിളയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് കോൺഗ്രസിന് പുതിയ ഊർജം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ച ദിവസം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ പങ്കെടുപ്പിച്ച് വിശാഖപട്ടണത്ത് ശർമിള വൻ പൊതുയോഗം നടത്തി. വൈ.എസ്. രാജശേഖര റെഡ്ഢിയുടെ യഥാർഥ പിൻഗാമിയെന്ന നിലയ്ക്ക് ശർമിളയെ മുഖ്യമന്ത്രിയാക്കാനുള്ള എല്ലാ പിന്തുണയും നൽകണമെന്നായിരുന്നു രേവന്തിന്റെ അഭ്യർഥന. തെലങ്കാനയിലെ വിജയശിൽപിയെ ആന്ധ്രയിൽ അവതരിപ്പിച്ചതിലൂടെ, തെലങ്കാനിയിടെ വിജയം ഇവിടെയും ആവർത്തിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. സംസ്ഥാനത്തിന് പ്രത്യേക പദവി വേണമെന്ന ആവശ്യവും ഇത്തവണ കോൺഗ്രസ് ഉയർത്തുന്നുണ്ട്.

വൈ.എസ്. ശർമിള
വൈ.എസ്. ശർമിള

ടി.ഡി.പിയും ജനസേന പാർട്ടിയും ചേർന്ന് രൂപീകരിച്ച എൻ.ഡി.എ സഖ്യമാണ് സംസ്ഥാനത്തെ ഇത്തവണത്തെ പ്രധാന രാഷ്ട്രീയനീക്കം. പൽനാട് ജില്ലയിലെ ചിലകലൂരിപേട്ടയിലെ ബൊപ്പുഡി ഗ്രാമത്തിൽ നടന്ന റാലിയിലൂടെ പത്തു വർഷത്തിനുശേഷം ചന്ദ്രബാബു നായിഡുവും ജനസേവ നതോവ് പവൻ കല്യാണും നരേന്ദ്രമോദിയും ഒരു വേദിയിലെത്തി. എൻ.ഡി.എയുടെ വികസന അജണ്ടയെ പിന്തുണയ്ക്കാൻ ആന്ധ്ര ജനത തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസ ഹബ്ബാക്കും എന്നാണ് മോദിയുടെ 'ഗ്യാരണ്ടി'. മോദിയുടെയും ചന്ദ്രബാബു നായിഡുവിന്റെയും പവൻ കല്യാണിന്റെയും ചിത്രങ്ങളടങ്ങിയ ലോഗോ എൻ.ഡി.എ സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്, പുതിയ സഖ്യത്തിന്റെ പ്രഖ്യാപനമായി.

പരമാവധി ലോക്സഭാ സീറ്റുകൾ നേടുക, ടി.ഡി.പിയുമായി ചേർന്ന് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അധികാരത്തിലെത്തുക എന്നിങ്ങനെ രണ്ട് പ്രധാന ലക്ഷ്യങ്ങളുമായാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019-ൽ ടി.ഡി.പിക്ക് ലഭിച്ച 39 ശതമാനം വോട്ടിലാണ് ബി.ജെ.പിയുടെ നോട്ടം. അഴിമതിക്കേസിൽ ജയിലിൽ കിടന്ന് പ്രതിച്ഛായയെല്ലാം തകർന്നടിഞ്ഞുവെങ്കിലും ചന്ദ്രബാബു നായിഡുവിന് ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന ഇടമുണ്ടെന്നുതന്നെയാണ് ബി.ജെ.പി കണക്കുകൂട്ടൽ.

ലോക്‌സഭയിൽ ബി.ജെ.പി ആറ്, നിയമസഭയിൽ പത്തു വീതം സീറ്റിലാണ് മത്സരിക്കുക. വിശാഖപട്ടണം, വിജയവാഡ്, അരക്കു, രാജംപേട്ട്, രാജമണ്ട്രി, തിരുപ്പതി സീറ്റുകളിലാണ് ബി.ജെ.പിയുടെ നോട്ടം.
തെലുങ്കുദേശം പാർട്ടി ലോക്‌സഭയിൽ 17 സീറ്റിലും നിയമസഭാ തെരഞ്ഞെടുപ്പിൽ 144 സീറ്റിലും മത്സരിക്കും.
ജനസേന രണ്ട് ലോക്‌സഭാ സീറ്റിലും 21 നിയമസഭാ സീറ്റിലും മത്സരിക്കും.

തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു
തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡു

എന്നാൽ, ടി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പിയെ തുണയ്ക്കുമോ എന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. കാരണം, ടി.ഡി.പിയുമായി സഖ്യമുണ്ടായിരുന്ന 2014-ൽ ബി.ജെ.പി നേടിയത് നാല് നിയമസഭാ സീറ്റും രണ്ട് ലോക്‌സഭാ സീറ്റുമാണ്. 2019-ലെ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ടി.ഡി.പി സഖ്യമുപേക്ഷിച്ചു. ആന്ധ്രയോട് കേന്ദ്രം സാമ്പത്തിക വിവേചനം കാണിക്കുന്നു എന്നാരോപിച്ചായിരുന്നു നായിഡു എൻ.ഡി.എയിൽനിന്ന് വിട്ടുപോയത്. അന്നത്തേതിൽനിന്ന് ടി.ഡി.പി ഇപ്പോൾ തീർത്തും ദുർബലമായ അവസ്ഥയിലുമാണ്. ജഗന്റെ വൈ.എസ്.ആർ കോൺഗ്രസ് ആക​ട്ടെ, അതിശക്തമായ നിലയിലുമാണ്.

ഒരുവശത്ത് മടങ്ങിവരവിനൊരുങ്ങുന്ന കോൺഗ്രസും മറുവശത്ത് സ്വാധീനമുറപ്പിക്കാൻ പരിശ്രമിക്കുന്ന ടി.ഡി.പിയുമാണ് ജഗന്റെ പ്രധാന എതിരാളികൾ. മൂന്നു വട്ടം ആന്ധ്ര മുഖ്യമന്ത്രിയായ ജഗനാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെലുങ്കുദേശം പാർട്ടിയുടെ മുഖ്യശത്രു. 2014-ൽ ആദ്യ മത്സരത്തിൽ ജഗന്റെ പാർട്ടി 70 സീറ്റാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 151 സീറ്റും 49.95 ശതമാനം വോട്ടുമായി അത് കുതിച്ചുയർന്നു.
2018-ലാണ് മമ്മൂട്ടിയെ നായകനാക്കി മഹി. വി. രാഘവ് സംവിധാനം ചെയ്ത യാത്ര എന്ന സിനിമ ആന്ധപ്രദേശിൽ റിലീസ് ചെയ്യുന്നത്. 2009-ൽ വൈ.എസ്. രാജശേഖര റെഡ്ഡി നടത്തിയ പദയാത്ര പ്രമേയമാക്കി വന്ന സിനിമയായിരുന്നു യാത്ര. കേവലമൊരു സിനിമയായിരുന്നില്ല, യാത്ര, പകരം, ഒരു തെരഞ്ഞെടുപ്പിനെ തന്നെ സ്വാധീനിക്കാൻ പാകത്തിൽ നിർമിക്കപ്പെട്ട കാമ്പയിൻ ടൂളായിരുന്നു അത്. ഈ സിനിമയുടെ കൂടി ജനപ്രിയത തന്റെ ജയത്തിൽ പങ്കുവഹിച്ചതായി ജഗൻ കരുതുന്നു. അതുകൊണ്ടുതന്നെ, 2023-ൽ സിനിമക്ക് തുടർച്ച സംഭവിക്കുന്നു. യാത്രയുടെ രണ്ടാംഭാഗം ജഗൻമോഹൻ റെഡ്ഡിയെന്ന രാഷ്ട്രീയ നേതാവിനെയാണ് കേന്ദ്രീകരിച്ചത്. എന്നാൽ ആദ്യതവണത്തെ ഓളം അന്ധ്രയിലുണ്ടാക്കാൻ ജഗന്റെ യാത്രക്ക് കഴിഞ്ഞില്ല.

ദലിത്- പിന്നാക്ക വോട്ടുകളിലാണ് ജഗന്റെ കണ്ണ്. കഴിഞ്ഞ തവണ സംസ്ഥാനത്ത് ജഗനെ അധികാരത്തിലെത്തിച്ചതിൽ ദലിത് വോട്ടുകൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. സംസ്ഥാന ജനസംഖയിൽ 19 ശതമാനം പട്ടികജാതിക്കാരാണ്. അതുകൊണ്ടുതന്നെ ജാതി സെൻസസിനെ കൂടുതൽ വിപുലമായ നിലയിൽ ജഗൻ ഏറ്റെടുത്തു. പിന്നാക്ക വിഭാഗ സെൻസസ് നടത്താൻ ആദ്യം തീരുമാനിച്ചെങ്കിലും പിന്നീട് സംസ്ഥാനത്തെ എല്ലാ ജാതി വിഭാഗങ്ങളുടെയും സെൻസസിലേക്ക് അതിനെ വിപുലമാക്കി. ജാതി സെൻസസ് ആണ് ജഗന്റെ പ്രധാന കാമ്പയിൻ വിഷയം.

മെയ് 13-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

Comments