ബുധിനിയെ ഊരുവിലക്കിയ തേൽകുപി ഗ്രാമത്തിന്
പിന്നീട് എന്ത് സംഭവിച്ചു?

‘ഇന്ത്യയുടെ വികസന ക്ഷേത്രങ്ങൾ’ എന്ന് പണ്ഡിറ്റ് നെഹ്‌റു വിശേഷിപ്പിച്ച അണക്കെട്ടുകൾ അടക്കമുള്ള വികസന പദ്ധതികൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ട മൂന്നു കോടിയിലധികം വരുന്ന ബുധിനിമാരെയും ബുധന്മാരെയും കുറിച്ച് ആരും വാർത്തകൾ തയ്യാറാക്കിയില്ല.

ബുധിനി അന്തരിച്ചു.

"നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ ഗോത്രം ഊരുവിലക്കിയ ബുധിനി മെജാൻ അന്തരിച്ചു". ഇന്നലെ മിക്കവാറും എല്ലാ വർത്തമാന പത്രങ്ങളിലെയും വാർത്തകളിലൊന്നിന്റെ തലക്കെട്ട് ഇതായിരുന്നു.

ദാമോദർവാലി പദ്ധതിയുടെ ഭാഗമായ പഞ്ചേത് അണക്കെട്ട് ഉത്ഘാടനത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനെ മാലയിട്ട് സ്വീകരിച്ചതിന്റെ പേരിൽ സാന്താൾ ഗോത്രം ഊരുവിലക്ക് കൽപ്പിച്ച് പുറത്താക്കിയ ബുധിനി മെജാൻ സാറാ ജോസഫിന്റെ 'ബുധിനി' എന്ന നോവലിലൂടെ കേരളീയർക്കും സുപരിചിതയാണ്.

1959-ൽ ദാമോദർവാലി പദ്ധതിയുടെ ഭാഗമായ പഞ്ചേത് അണക്കെട്ട് ഉത്ഘാടനത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനൊപ്പം ബുധിനി

1959-ൽ നടന്ന അണക്കെട്ട് ഉത്ഘാടനത്തെത്തുടർന്നുള്ള സംഭവവികാസങ്ങളുടെ പേരിൽ 'നെഹ്‌റുവിന്റെ ഭാര്യ' എന്നറിയപ്പെട്ട ബുധിനിയുടെ ജീവിതം മാധ്യമങ്ങൾക്ക് എപ്പോഴും കൗതുകവാർത്തയായിരുന്നു. അണക്കെട്ട് ഉത്ഘാടനത്തിൽ ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്നുള്ള ഗോത്ര യുവതിയെക്കൂടി പങ്കാളിയാക്കിയ നെഹ്‌റുവിന്റെ ഹൃദയവിശാലത കൂടി ഇതോടൊപ്പം ചർച്ച ചെയ്യപ്പെട്ടു. അതിനുമപ്പുറത്തേക്ക് ചർച്ചകൾ വലിച്ചുനീട്ടാൻ ആർക്കും താൽപര്യമുണ്ടായിരുന്നില്ല.

‘ഇന്ത്യയുടെ വികസന ക്ഷേത്രങ്ങൾ’ എന്ന് പണ്ഡിറ്റ് നെഹ്‌റു വിശേഷിപ്പിച്ച അണക്കെട്ടുകൾ അടക്കമുള്ള വികസന പദ്ധതികൾ മൂലം കുടിയൊഴിപ്പിക്കപ്പെട്ട മൂന്നു കോടിയിലധികം വരുന്ന ബുധിനിമാരെയും ബുധന്മാരെയും കുറിച്ച് ആരും വാർത്തകൾ തയ്യാറാക്കിയില്ല.

ഗോത്രം ഊരുവിലക്ക് കൽപ്പിച്ച് പുറന്തള്ളിയ ബുധിനിക്ക് പിന്നീടൊരിക്കലും തൻ്റെ ഗ്രാമമായ കാർബോണ (തേൽകുപി) യിലേക്ക് മടങ്ങിച്ചെല്ലാൻ കഴിഞ്ഞിരുന്നില്ല. ബുധിനി മാത്രമല്ല, ഊരുവിലക്ക് കൽപ്പിച്ച ആ സാന്താൾ സമൂഹത്തിലെ ആർക്കും പിന്നീടൊരിക്കലും തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാൻ കഴിയുമായിരുന്നില്ല. കാരണം; പഞ്ചേത് അണക്കെട്ടിൻ്റെ റിസർവ്വോറിൽ കാർബോണ അതിനകം തന്നെ മുങ്ങിക്കഴിഞ്ഞിരുന്നു. കൗതുക വാർത്തകൾ തേടിയവരിൽ ആരും ഈ യാഥാർത്ഥ്യം റിപ്പോർട്ട് ചെയ്തില്ല.

നെഹ്‌റു തൊട്ടിങ്ങോട്ടുള്ള സകല ഭരണാധിപന്മാരും 'വിശാല രാജ്യതാൽപ്പര്യത്തിനാ'യി ത്യാഗം സഹിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ വികസന ബലിക്കല്ലിൽ ജീവൻ നൽകേണ്ടിവന്നവരിൽ പകുതിയിലധികവും ഇന്ത്യയിലെ ഗോത്ര ജനതയായിരുന്നുവെന്നത് ആർക്കും വാർത്തയായി മാറിയില്ല.

1948-ൽ, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് നിർമാണത്തിന്, ഒഡീഷയിലെ ഹിരാക്കുഡിൽ, തറക്കല്ലിട്ട് പ്രധാനമന്ത്രി നെഹ്‌റു അവിടെ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞു; ''നിങ്ങൾ ത്യാഗങ്ങൾ സഹിക്കുകയാണെങ്കിൽ അത് രാജ്യതാൽപ്പര്യത്തിന് വേണ്ടിയാകണം.’’

നെഹ്‌റു തൊട്ടിങ്ങോട്ടുള്ള സകല ഭരണാധിപന്മാരും 'വിശാല രാജ്യതാൽപ്പര്യത്തിനാ'യി ത്യാഗം സഹിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ വികസന ബലിക്കല്ലിൽ ജീവൻ നൽകേണ്ടിവന്നവരിൽ പകുതിയിലധികവും ഇന്ത്യയിലെ ഗോത്രജനതയായിരുന്നുവെന്നത് ആർക്കും വാർത്തയായി മാറിയില്ല.

ബുധിനി മെജാൻ സാറാ ജോസഫിന്റെ 'ബുധിനി' എന്ന നോവലിലൂടെ കേരളീയർക്കും സുപരിചിതയാണ്.

ഇന്ത്യയിൽ വികസന പദ്ധതികൾക്കായി കുടിയൊഴിക്കപ്പെട്ട 60 ദശലക്ഷം വരുന്ന ജനങ്ങളിൽ 57%വും ആദിവാസി ജനതയായിരുന്നു. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ 9 ശതമാനത്തിൽ താഴെയാണ് ആദിവാസികളുടെ ജനസംഖ്യ എന്നുകൂടി അറിയുക. ബുധിനിമാർ ഓരോ അവസരങ്ങളിലും പ്രതീകവൽക്കരിക്കപ്പെട്ടുകൊണ്ടിരുന്നു. അണക്കെട്ട് ഉത്ഘാടനങ്ങളിൽ, റിപ്പബ്ലിക് ദിന പരേഡുകളിൽ, പ്രസിഡണ്ട് പദവിയിൽ...
പക്ഷേ, രാജ്യത്തിന്റെ വികസനത്തിനുവേണ്ടി ത്യാഗങ്ങൾ സഹിക്കേണ്ടിവന്ന ജനത ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷവും സാമൂഹികമായ പിന്നാക്കാവസ്ഥയെ നേരിടേണ്ടി വരുന്നതിനെക്കുറിച്ച് നമുക്ക് വേവലാതികളില്ല.

ബുധിനിമാർ ഇന്നും കൗതുകവാർത്തകളിലെ കഥാപാത്രങ്ങൾ മാത്രമായി നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments