വ്യാജ വാർത്തകളിൽ നിന്നുരുവെടുത്ത ഗുജറാത്ത് കലാപം

കഴിഞ്ഞ ഒരു ദശകക്കാലയളവിൽ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും വിശ്വാസ രാഷ്ട്രീയത്തെയും ദേശരാഷ്ട്ര സങ്കല്പങ്ങളെയും സംബന്ധിച്ച് സംഘപരിവാർസൃഷ്ടിച്ച വ്യാജ വാർത്തകളെക്കുറിച്ച് വിലയിരുത്തുന്ന പരമ്പര.സംഘികാലം നിർമ്മിച്ചെടുത്ത നുണകളുടെ റിപ്പബ്‌ളിക്  ഭാഗം 2

ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളിലേക്ക് സംഘപരിവാർ സംഘടനകൾ ഉയർത്തിവിട്ട നുണകളുടെയും വ്യാജവാർത്തകളുടെയും ചരിത്രം അന്വേഷിച്ചുപോയാൽ ഒരു നൂറ്റാണ്ടുകാലമെങ്കിലും പിന്നിലേക്ക് നമുക്ക് സഞ്ചരിക്കേണ്ടിവരും. കാരണം, സ്വന്തം രാഷ്ട്രീയാധികാരം
സ്ഥാപിച്ചെടുക്കാനായി സൃഷ്ടിച്ചെടുത്ത അപരബോധത്തിന്റെയും ഭയത്തിന്റെയും കൃത്രിമ ലോകത്ത് അവയെ ബലപ്പെടുത്താൻ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്ന വ്യാജ ചരിത്രങ്ങളുടെയും വർത്തമാനങ്ങളുടെയും പിൻബലത്തിലായിരുന്നു സംഘപരിവാർ ആശയങ്ങൾ രാജ്യത്ത് പ്രചരിപ്പിക്കപ്പെട്ടത്.

ഇന്ത്യയെന്ന മഹത്തായ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുക്കുന്ന
കാലയളവിൽ തന്നെ ദ്വിരാഷ്ട്ര വാദത്തിന്റെ അലയൊലികൾ അന്തരീക്ഷത്തിൽ പടർത്തിവിട്ടുകൊണ്ടാണ് അപരവൽക്കരണത്തിന്റെ തന്ത്രങ്ങൾക്ക് അവർ തുടക്കം കുറിച്ചത്. മതവിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നസ്വത്വങ്ങളായി നിലനിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയെന്ന് സംഘപരിവാർ സൈദ്ധാന്തികൻ വി.ഡി.സവർക്കർ വളരെ വ്യക്തതയോടുകൂടിത്തന്നെ വെളിപ്പെടുത്തിയിരുന്നു. അതേസമയം ദ്വിരാഷ്ട്ര
വാദത്തിന്റെ വക്താക്കളായി ജിന്നയെയും മുസ്ലീം ലീഗിനെയും
അവതരിപ്പിച്ചുകൊണ്ട് ചരിത്രത്തെ മറ്റൊരു രീതിയിൽ അവതരിപ്പിക്കാനും അവർക്ക് സാധിച്ചു.

ആർ.എസ്.എസ് നേതാവ് വി.ഡി. സവർക്കർ

സംഘപരിവാർ വ്യാജ ചരിത്ര നിർമ്മിതിയുടെ വിശാല ലോകത്തെ വിശകലന വിധേയമാക്കുക എന്നത് ഈ കുറിപ്പുകളുടെ പരിധിക്ക് പുറത്തുള്ള കാര്യമാണ്. കഴിഞ്ഞ ഒരു ദശകക്കാലയളവിൽ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെയും വിശ്വാസ രാഷ്ട്രീയത്തെയും ദേശരാഷ്ട്ര സങ്കല്പങ്ങളെയും സംബന്ധിച്ച് അവർ
സൃഷ്ടിച്ച വ്യാജ വാർത്തകളെക്കുറിച്ച് വിലയിരുത്താനാണ് ഇവിടെ
പ്രധാനമായും ശ്രമിക്കുന്നത്. ദേയും രാജ്യത്തിശീയതലത്തിലെ ഒരു സുപ്രധാന നേതാവെന്ന നിലയിൽ നരേന്ദ്ര മോദിയുടെ ഉയർച്ചന്റെ
രാഷ്ട്രീയാധികാരം കയ്യാളുന്ന തരത്തിലേക്ക് വളരുന്നതിൽ സംഘപരിവാർ സംഘടനകൾ കൈവരിച്ച നേട്ടങ്ങളെയും ഇതിലൂടെ മനസ്സിലാക്കാൻ നമുക്ക് സാധിക്കും.

നരേന്ദ്ര മോദിയെന്ന നേതാവിന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് പിന്നിൽ
മുഖ്യഘടകമായി വർത്തിച്ചത് 2002 ഗുജറാത്ത് കലാപമായിരുന്നുവെന്നത്സു വിദിതമായ സംഗതിയാണ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത കലാപത്തിന് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ, വ്യാജവാർത്തകളുടെയും
കിംവദന്തികളുടെയും പെരുമഴ സൃഷ്ടിക്കുന്നതിൽ, വളരെ ബോധപൂർവ്വമായ ഇടപെടലുകൾ അക്കാലത്ത് നടക്കുകയുണ്ടായി.

ഗുജറാത്തി മാധ്യമ രംഗത്തെ രണ്ട് സുപ്രധാന പത്രങ്ങൾ, സന്ദേശ്, ഗുജറാത്ത് സമാചാർ എന്നിവ ഇക്കാര്യത്തിൽ വഹിച്ച പങ്ക് ഞെട്ടിപ്പിക്കുന്നതാണ്. ഗോധ്ര ദുരന്തത്തെക്കുറിച്ചും തുടർന്നുള്ള കലാപങ്ങളെക്കുറിച്ചും നൽകിയ വാർത്തകൾ, വിശകലനങ്ങൾ എന്നിവ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ വിഭജനവും വിശ്വാസമില്ലായ്മയും കടുത്തതായിരുന്നു. ഈ വ്യാജ വാർത്താ
നിർമ്മിതിക്ക് പിന്നിൽ സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളുടെ കൃത്യമായ
ഇടപെടലുകൾ ഉണ്ടായിരുന്നുവെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു.
മേൽപ്പറഞ്ഞ പത്രങ്ങൾ മെനഞ്ഞെടുത്ത വ്യാജവാർത്തകൾ സംബന്ധിച്ച് എഡിറ്റേർസ് ഗിൽഡ് അടക്കം പ്രസ്താവനകൾ
പുറപ്പെടുവിച്ചിരുന്നുവെങ്കിലും അക്കാലത്തോ പിന്നീടോ വ്യാജ വാർത്താ
നിർമ്മിതികൾക്ക് തടയിടുന്നതിനാവശ്യമായ ഫലപ്രദമായ ഇടപെടലുകൾ നടത്താൻ മതേതര ശക്തികൾക്കോ,  ഭരണസംവിധാനങ്ങൾക്കോ സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോധ്ര കലാപം വിദേശ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന തികച്ചും അടിസ്ഥാന രഹിതമായ റിപ്പോർട്ടുകളോടെയായിരുന്നു മേൽപ്പറഞ്ഞ രണ്ട് പത്രങ്ങളും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജവാർത്താ നിർമ്മിതിക്ക് തുടക്കം കുറിച്ചത്. 2002 ഫെബ്രുവരി 28ന് പ്രസിദ്ധീകരിച്ച സന്ദേശ്, ഗുജറാത്ത് സമാചാർ പത്രങ്ങളായിരുന്നു ഈയൊരു ഗൂഢാലോചനാ സിദ്ധാന്തം കെട്ടിച്ചമച്ചത്. ഇതൊരു വ്യാജ നിർമ്മിതിയാണെന്ന് വ്യക്തമാക്കപ്പെട്ടപ്പോഴേക്കും അനിവാര്യമായ രീതിയിൽ നാശനഷ്ടം സംഭവിച്ചു കഴിഞ്ഞിരുന്നു.

ഗുജറാത്ത് സമാചാർ, സന്ദേശ് എന്നീ പത്രങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാതെ പ്രചരിപ്പിച്ച ഗൂഢാലോചനാ സിദ്ധാന്തം ഏറ്റുപിടിച്ച് പ്രചരിപ്പിച്ചത് അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. 'ഗോധ്ര ദുരന്തത്തിന് പിന്നിൽ ഐഎസ്‌ഐയോ വിദേശ കൈകളോ ആണെന്ന്' മോദി ആദ്യമായി ആരോപിച്ചത് ആകാശവാണി പ്രക്ഷേപണം ചെയ്യുകയുണ്ടായി.
സർക്കാരിന്റെയും ഭാരതീയ ജനതാ പാർട്ടിയുടെയും ഔദ്യോഗിക
ഭാഷ്യമായിട്ടായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്.

വ്യാജ വാർത്തകൾ, പ്രത്യേകിച്ചും വിദേശ ബന്ധങ്ങൾ, ദേശസ്‌നേഹം,
മിലിട്ടറി എന്നിവയുമായി ബന്ധപ്പെട്ടവ, പടച്ചുവിടുമ്പോൾ അവയ്ക്കാധാരമായ വസ്തുതകൾ അന്വേഷിക്കാൻ പത്രപ്രവർത്തകർ മടിച്ചുനിൽക്കുന്നതായി പലപ്പോഴും കാണാൻ കഴിയും. അത്തരം ചോദ്യങ്ങൾ ഉയർത്തുന്ന പത്രപ്രവർത്തകരെ ദേശദ്രോഹികളായി മുദ്രകുത്താൻ സംഘപരിവാരങ്ങൾക്ക് മടിയില്ലെന്നതാണ് ഒന്നാമത്തെ കാര്യം. സന്ദേശ്, ഗുജറാത്ത് സമാചാർ, നരേന്ദ്ര മോദി എന്നിവർ ഉയർത്തിയ 'വിദേശബന്ധ' സിദ്ധാന്തത്തെ അന്വേഷണ
ഉദ്യോഗസ്ഥർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ചെഴുതിയ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള പത്രങ്ങൾ പോലും പിന്നീട് അത്തരം അന്വേഷണ പത്രപ്രവർത്തനത്തിൽ നിന്ന് പിൻവലിഞ്ഞതായി കാണാൻ കഴിയും.

ഗുജറാത്ത് കലാപത്തിൽ നിന്നും

2002 ഫെബ്രുവരി 28-ന്, അതായത് ഗോധ്ര ദുരന്തത്തിന്റെ പിറ്റേന്ന്, 'അമ്പത് ഹിന്ദുക്കളെ ജീവനോടെ കത്തിച്ചു' എന്ന തലക്കെട്ടോടെ സബർമതി എക്സ്പ്രസിന്റെ തീപിടിച്ച കോച്ചിന്റെ ഫോട്ടോഗ്രാഫുകളുമായാണ്, സന്ദേശ് പത്രം പ്രസിദ്ധീകരിക്കപ്പെട്ടത്. അതോടൊപ്പം മൃതദേഹങ്ങളുടെ ഭയാനകമായ ചിത്രങ്ങളും അച്ചടിച്ചിരുന്നു. സന്ദേശിന്റെ ഈ ലക്കം വ്യാപകമായി
പ്രചരിപ്പിച്ചത് ആർഎസ്എസ്/വിഎച്ച്പി, ബജ്രംഗ്ദൾ
പ്രവർത്തകരായിരുന്നുവെന്നതും അവ ഉപയോഗപ്പെടുത്തി ഗ്രാമീണ മേഖലയിൽ പ്രകോപനം സൃഷ്ടിക്കാനും കലാപപ്രവർത്തനങ്ങളിലേക്ക് സാധാരണക്കാരെ പങ്കെടുപ്പിക്കാനും ഉള്ള വലിയ ശ്രമങ്ങൾ നടന്നുവെന്നും പിന്നീട് നടന്ന സ്വതന്ത്ര അന്വേഷണ കമ്മീഷനുകൾ കണ്ടെത്തുകയുണ്ടായി.

അതേ ദിവസം, ഒന്നാം പേജിലെ മറ്റൊരു തലക്കെട്ട്, 'സബർമതി എക്സ്പ്രസിൽ നിന്ന് തട്ടിക്കൊണ്ടുപോയവരിൽ രണ്ട് ഹിന്ദു പെൺകുട്ടികളുടെ മൃതദേഹങ്ങൾ കലോലിന് സമീപം വികൃതമാക്കിയ നിലയിൽ കണ്ടെത്തി' എന്നായിരുന്നു.
സന്ദേശ് പ്രസിദ്ധീകരിച്ച വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെ:

''വഡോദര: ഇന്നലെ (2002 ഫെബ്രുവരി 27) സബർമതി എക്സ്പ്രസ് ആക്രമണത്തിനിടെ ബോഗികളിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കലോലിലെ ഒരു കുളത്തിന് സമീപം വികൃതമായ രൂപത്തിൽ കണ്ടെത്തിയത് പഞ്ച്മഹലിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലും ഇതിനകം തന്നെ
സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടി. പിശാചിനെപ്പോലും കരയിപ്പിക്കുന്ന മനുഷ്യത്വരഹിതമായ പ്രവൃത്തികളിലൂടെ  രണ്ടു പെൺകുട്ടികളുടെയും മാറിടങ്ങൾ വെട്ടിമാറ്റി. ഇരകൾ തുടർച്ചയായി ബലാത്സംഗത്തിനിരയായതായി മൃതദേഹങ്ങളിൽ നിന്ന് വ്യക്തമാണ്. കടുത്ത ലൈംഗികാതിക്രമം മൂലമാകാം പെൺകുട്ടികൾ മരിച്ചതെന്ന അനുമാനമുണ്ട്''.

Photo: sabrangindia.in


ഈ വാർത്ത തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് പിന്നീട് പോലീസ് കണ്ടെത്തുകയുണ്ടായി. എന്നാൽ ഇത്തരമൊരു വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പത്രത്തിനെതിരെ എന്തെങ്കിലും നിയമ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറായില്ലെന്ന് മാത്രമല്ല സർക്കാരിന്റെ വലിയ പിന്തുണ സന്ദേശ്, ഗുജറാത്ത് സമാചാർ എന്നീ പത്രങ്ങൾക്ക് ലഭിക്കുകയും ചെയ്തു. സ്ത്രീകൾക്ക് നേരെയുള്ള വ്യാജ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത്, ജനങ്ങളെ വൈകാരികമായി പ്രകോപിച്ച് നിർത്തി, ഒരു പ്രത്യേക
മതവിഭാഗങ്ങൾക്കെതിരെ തിരിക്കുക എന്ന തന്ത്രം ഗുജറാത്ത് കലാപ കാലത്ത് സംഘപരിവാർ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയുണ്ടായി.

ഗുജറാത്ത് കലാപത്തിൽ നിന്നും

സോഷ്യൽ മീഡിയ പോലുള്ള നവ മാധ്യമങ്ങൾ പ്രചാരത്തിലില്ലാത്ത ഒരു
കാലത്തായിരുന്നു മുഖ്യധാരാ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇത്തരം വ്യാജ വാർത്താ നിർമ്മിതികൾ സംഘപരിവാരങ്ങൾ
നടത്തിക്കൊണ്ടിരുന്നതെന്ന് മനസ്സിലാക്കേണ്ടതുണ്ട്. കൃത്യമായ
ആസൂത്രണങ്ങളോടെ, ഒരു പ്രത്യേക കേന്ദ്രത്തിൽ നിന്നും കൃത്യമായ
ആവൃത്തിയോടെ പടച്ചുവിടുന്ന ഇത്തരം വാർത്തകൾ താഴെത്തട്ടിൽ
പ്രവർത്തിക്കുന്ന സംഘപരിവാർ പ്രവർത്തകർ അക്ഷരാർത്ഥത്തിൽ
വിശ്വസിക്കുകയും അതേപടി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി കാണാം. ഗുജറാത്ത് കലാപകാലത്ത് കൗശലപൂർവ്വം, ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഈ തന്ത്രങ്ങൾ അതേരീതിയിൽ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ ഇക്കാലത്തും അവർക്ക് സാധിക്കുന്നു. ഏറ്റവും ഒടുവിൽ മണിപ്പൂരിൽ ജനങ്ങളെ തമ്മിൽക്കൊല്ലിക്കാൻ പ്രയോഗിക്കപ്പെട്ടതും ഇതേ തന്ത്രങ്ങളായിരുന്നു.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments