എൻ.ഡി.എയുടെ 400 സീറ്റ് എന്ന സ്വപ്നത്തെ നേരിടാൻ ‘ഇന്ത്യ’ സഖ്യത്തിന്റെ കൈയിലെന്തുണ്ട് എന്നതിന്റെ ഉത്തരമായിരുന്നു മഹാരാഷ്ട്ര.
2019-ല്‍ ബി.ജെ.പി- ശിവസേന സഖ്യം 48-ല്‍ 41 സീറ്റാണ് നേടിയത്. എന്നാല്‍, അന്നത്തെ സഖ്യം അതേപടി ഇന്ന് നിലവിലില്ല. ശിവസേന പിളര്‍ന്ന് ഉദ്ധവ് താക്കറേയുടെ വിഭാഗം മഹാ വികാസ് അഘാഡിക്കൊപ്പമായി. എന്‍.സി.പിയും പിളര്‍ന്നു, പവാര്‍ പക്ഷമാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡിയും ഈ സഖ്യത്തിലുണ്ടാകുമെന്ന ധാരണയുണ്ടായിരുന്നു. തുടക്കത്തില്‍ കാര്യമായ ഭിന്നതയുണ്ടാകാത്ത സ്ഥിതിക്ക് സംസ്ഥാനത്ത് 'ഇന്ത്യ' മുന്നണിക്ക് മുന്‍തൂക്കം നേടാവുന്ന സാഹചര്യമുണ്ടായിരുന്നു.
എന്നാൽ, ഈ രാഷ്ട്രീയ സമവാക്യമാകെ ഒരെറ്റ ദിവസം കൊണ്ട് തകിടം മറിഞ്ഞു. പ്രകാശ് അംബേദ്കര്‍ ‘ഇന്ത്യ’ സഖ്യത്തില്‍ നിന്നു മാറി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. എട്ടു സ്ഥാനാർഥികളുടെ പട്ടികയും പുറത്തിറക്കി. വി.ബി.എയുടെ നിലപാട് ‘ഇന്ത്യ’ സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം.
ദലിത്, മുസ്‍ലിം, മറ്റ് അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് രാഷ്ട്രീയ പ്രതിരോധങ്ങള്‍ തീര്‍ക്കുന്ന നേതാവാണ് പ്രകാശ് അംബേദ്കര്‍. റിഡില്‍സ് മാര്‍ച്ച് കേസ്, രോഹിത് വിമുല ആത്മഹത്യ കേസ്, ഭീമ കൊറേഗാവ് കേസടക്കം നിരവധി രാഷ്ട്രീയ പ്രാധാന്യമുള്ള പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ദലിത്- ബഹുജന്‍ വോട്ടുകള്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രസ്ഥാനമാണ് വി.ബി.എ. 2019-ലെ തെരഞ്ഞെടുപ്പില്‍ പ്രകാശും അസദ്ദുദ്ദീന്‍ ഉവൈസിയും ചേര്‍ന്നുള്ള സഖ്യം ഏഴ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ പരാജയത്തിന് കാരണമായിരുന്നു എന്നാണ് വിലയിരുത്തൽ. 2018 ജനുവരിയിലാണ് വി.ബി.എ രൂപീകരിക്കുന്നത്. ഇത്തവണ പാർട്ടി ഒറ്റക്കു മത്സരിച്ചാൽ ദലിത് വോട്ടുകളുടെ ഭിന്നിപ്പിനിടയാക്കുകയും ബി.ജെ.പിക്ക് നേട്ടമാകുകയും ചെയ്യുമെന്നാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ ആശങ്ക.
അഞ്ചു സീറ്റുകള്‍ വരെ ‘ഇന്ത്യ’ സഖ്യം പ്രകാശിന് വാഗ്ദാനം ചെയ്തിരുന്നു. വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ശിവസേന-ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് വി.ബി.എയോട് പറയുകയും ചെയ്തിരുന്നു. നാഗ്പൂരില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ച് പ്രകാശ് വിലപേശലിന് വഴിതുറന്നിട്ടിട്ടുണ്ട്. വിദര്‍ഭയിലെ അകോളയിലായിരിക്കും പ്രകാശ് മത്സരത്തിനൊരുങ്ങുന്നത്. യു.പിയിൽ ബി.എസ്.പി ഒറ്റയ്ക്കു മത്സരിച്ച് ബി.ജെ.പിയെ ‘സഹായിക്കുന്നതു’പോലെയാണ് വി.ബി.എയുടെ രാഷ്ട്രീയനിലപാടെന്ന് ‘ഇന്ത്യ’ സഖ്യം ആരോപിക്കുന്നുണ്ട്.
ഇതിനുപുറമെ എന്‍.സി.പി. ഉദ്ധവ് പക്ഷത്തിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനവും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കലങ്ങിമറിയുന്നുണ്ട്. എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം ഉന്നം വെച്ച മുംബൈ നോര്‍ത്ത് ഈസ്റ്റും കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന മുംബൈ നോര്‍ത്ത് വെസ്റ്റ് സീറ്റുകളും ഉൾപ്പെടുത്തിയാണ് ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥി പട്ടികയിൽ അതൃപ്തി രേഖപ്പെടുത്തി പവാര്‍ പക്ഷം പ്രകടനം നടത്തുകയും ചെയ്തിരുന്നു. മുതിര്‍ന്ന നേതാവ് അനില്‍ ദേശായിയടക്കം സ്ഥാനാര്‍ഥി ലിസ്റ്റിലുണ്ട്. അതുകൂടാതെ മുന്‍ കേന്ദ്രമന്ത്രിമാരായ ആനന്ദ് ഗീതെ, അരവിന്ദ് സാവന്ദ് അടക്കമുള്ള പ്രമുഖ നിരയാണ് ഉദ്ധവ് പക്ഷം അണിനിരത്തുന്നത്. എം.പി. ഗജാനന്‍ കീര്‍ത്തികറിന്റെ മകന്‍ അമോല്‍ കീര്‍ത്തികറും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. മുംബൈ സൗത്ത് സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തില്‍ അനില്‍ ദേശായിയും വടക്കുപടിഞ്ഞാറന്‍ മുംബൈയില്‍ അമോല്‍ കീര്‍ത്തികറും സൗത്ത് മുംബൈയില്‍ അരവിന്ദ് സാവന്തും സ്ഥാനാര്‍ത്ഥിയാകും.
ശിവസേനയുടെ സ്ഥാനാര്‍ഥി പട്ടിക:
അരവിന്ദ് സാവന്ത് - സൗത്ത് മുംബൈ.
അമോല്‍ കീര്‍ത്തികര്‍ - നോര്‍ത്ത് വെസ്റ്റ് മുംബൈ.
സഞ്ജയ് ദിന പാട്ടീല്‍ - നോര്‍ത്ത് ഈസ്റ്റ് മുംബൈ.
അനില്‍ ദേശായി - സൗത്ത് സെന്‍ട്രല്‍ മുംബൈ.
അനന്ത് ഗീതേ - റായ്ഗഡ്.
വിനായക് റൗട്ട് - രത്‌നഗിരി സിന്ധുദുര്‍ഗ്.
ഭൗസാഹേബ് വാക്ചൗരെ - ഷിര്‍ദി.
ചന്ദ്രഹര്‍ പാട്ടീല്‍ - സാംഗ്ലി.
സഞ്ജയ് ജാദവ് - പര്‍ഭാനി.
സഞ്‌ജോഗ് വാഗരെ - മാവല്‍.
ബുല്‍ദാന - നരേന്ദ്ര ഖേദേക്കര്‍.
നാഗേഷ് പാട്ടീല്‍ അഷ്തികാര്‍ - ഹിംഗോലി.
സഞ്ജയ് ദേശ്മുഖ് - യവത്മാല്‍ വാഷിം.
ഓംരാജെ നിംബാല്‍ക്കര്‍ - ധാരാശിവ്.
ചന്ദ്രകാന്ത് ഖൈരെ - ഛത്രപതി സംഭാജിനഗര്‍.
രാജഭൗ വാജെ - നാസിക്.
രാജന്‍ വിചാരേ - താനെ.
പ്രാദേശികതലത്തിലും മഹാ വികാസ് അഘാഡിയിൽ ഭിന്നത രൂക്ഷമാണ്. ഗുസ്തി താരം ചന്ദ്രഹര്‍ പാട്ടീലിനെ സാംഗ്ലിയില്‍ ശിവസേന സ്ഥാനാര്‍ഥിയാക്കാനുള്ള ഉദ്ധവിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍, സഖ്യ റാലിയില്‍നിന്ന് വിട്ടുനിന്നിരുന്നു. കോലാപുര്‍ സീറ്റ് കോണ്‍ഗ്രസിനും സഖ്യകക്ഷിയായ സ്വാഭിമാനി ഷേത്കാരി സംഘടനാ നേതാവ് രാജു ഷെട്ടിക്ക് ഹട്കനാംഗ്ലെ സീറ്റും വിട്ടുനല്‍കിയ ശിവസേനയ്ക്ക് സാംഗ്ലി സീറ്റിന് അവകാശമുണ്ടെന്നാണ് ഉദ്ധവിന്റെ വാദം. സാംഗ്ലിയില്‍ മുന്‍ മുഖ്യമന്ത്രി വസന്ത്ദാദ പാട്ടീലിന്റെ ചെറുമകന്‍ വിശാല്‍ പാട്ടീലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുനനത്.
2023 ജൂലൈയില്‍ എന്‍.സി.പി പിളര്‍ത്തി ഭൂരിപക്ഷം എം.എല്‍.എമാരുമായി അജിത് പവാര്‍ എക്‌നാഥ് ഷിന്‍ഡെയുടെ ബി.ജെ.പി- ശിവസേന സര്‍ക്കാരില്‍ ചേര്‍ന്നതിനുശേഷമുള്ള തെരഞ്ഞെടുപ്പ് എന്നത് മഹാരാഷ്ട്രയെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നുണ്ട്. അജിത് പവാര്‍ വിഭാഗത്തെ യഥാര്‍ഥ എന്‍.സി.പിയായി മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍അടുത്തിടെ അംഗീകരിച്ചിരുന്നു. അജിത് പവാര്‍ പക്ഷക്കാരായ എന്‍.സി.പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരത് പവാര്‍ വിഭാഗം നല്‍കിയ പരാതി പരിഗണിക്കവെയാണ് സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ ഇത്തരത്തിലൊരു നിലപാടെടുത്തത്.
പിളര്‍പ്പോടെ പാര്‍ട്ടി പേരും ചിഹ്നവും പവാർ പക്ഷത്തിന് നഷ്ടപ്പെട്ടിരുന്നു. കോടതി പവാർ പക്ഷത്തിന് അനുകൂലമായ നിലപാടായിരുന്നു എടുത്തത്. അതിനോടൊപ്പം, തന്റെ പേരോ ബാനറോ ചിത്രങ്ങളോ അജിത് പവാറിന്റെ എന്‍.സി.പി ഉപയോഗിക്കുന്നത് തടയുന്നതിനായി ശരത് പവാര്‍ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശപ്രകാരം ശരത്പവാറിന്റെ പേരോ ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കില്ലെന്ന് അജിത് കോടതിയെ അറിയിച്ചിരുന്നു.
മഹാരാഷ്ട്ര നിയസഭയില്‍ 53 എം.എല്‍.എമാരായിരുന്നു എന്‍.സി.പിക്കുണ്ടായിരുന്നത്. പിളര്‍ന്നപ്പോള്‍ അജിത്തിന്റെ നേതൃത്വത്തില്‍ 41 എം.എല്‍.എമാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ എന്‍.സി.പി പക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം 12ആയി കുറഞ്ഞു.
48 ലോക്‌സഭ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്. ഏപ്രില്‍ 19 മുതല്‍ 20 വരെയുള്ള 4 ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. 2019-ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന സഖ്യം 41 സീറ്റുകളായിരുന്നു നേടിയത്. ബി.ജെ.പി 23, ശിവസേന 18 എന്നിങ്ങനെയാണ് സീറ്റുകള്‍ നേടിയത്. 2014ല്‍ നേടിയ സീറ്റുകള്‍ അതേപടി നിലനിര്‍ത്തുകയും ചെയ്തു. യു.പി.എ സഖ്യം 2014ല്‍ 6 സീറ്റുകളും 2019-ല്‍ 5 സീറ്റുമാണ് നേടിയത്.
ബി.ജെ.പി, ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന എൻ.ഡി.എ സഖ്യം ഉടൻ സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 23 സീറ്റുകളിലേക്ക് ബി.ജെ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ശിവസേനയും എന്‍.സി.പിയും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.