ആ കണ്ഠത്തിൽനിന്നുള്ള
‘ജയ് ശ്രീറാം’ വിളിയ്ക്ക്
ഇനി അത്ര ആവേശമുണ്ടാകില്ല

നരേന്ദ്ര മോദിയുടെ കണ്ഠത്തിൽ നിന്ന് ‘ഹര ഹർർ മഹാദേവ്’ എന്നോ ‘ജയ് ശ്രീറാം’ എന്നോ മുൻപ് കേട്ടത്ര ആവേശത്തോടെ ഇനി നമ്മൾ കേൾക്കാനിടയില്ല. ഇത് തകർച്ചയുടെ ആരംഭം കുറിക്കലാണ്- എൻ.ഇ. സുധീർ എഴുതുന്നു.

‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന 2022-ലെ വിവാദ ബി ബി സി ഡോക്യുമെൻ്ററിയുടെ അവസാന ഭാഗത്ത് സ്ക്രീനിൽ തെളിയുന്ന രംഗം എന്നെയെപ്പോഴും അസ്വസ്ഥനാക്കാറുണ്ട്.

വലിയൊരു ജനാവലിക്കു മുന്നിൽ കാഷായ വേഷം ധരിച്ച് കൈയുയർത്തിനിന്ന് ‘ഹർ… ഹർർ… മഹാദേവ്'’ എന്നാർത്തു വിളക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ ദൃശ്യം. അതെന്നിലുളവാക്കിയ ഭീതി കുറഞ്ഞു എന്നതാണ് 2024 ജൂൺ നാലിന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തഃസത്ത. തെരഞ്ഞെടുപ്പ് വിധികൾ കേവലമായ കണക്കുകളിലൂടെ മാത്രം വിലയിരുത്തേണ്ട ഒന്നല്ല എന്നും അതിന്റെ പിന്നിലെ രാഷ്ട്രീയം മിക്കപ്പോഴും കണക്കുകൾക്കപ്പുറമായിരിക്കും എന്നും നമ്മൾ തിരിച്ചറിയണം.

വലിയൊരു ജനാവലിക്കു മുന്നിൽ കാഷായ വേഷം ധരിച്ച് കൈയുയർത്തിനിന്ന് ‘ഹർ… ഹർർ… മഹാദേവ്'’ എന്നാർത്തു വിളക്കുന്ന നമ്മുടെ പ്രധാനമന്ത്രിയുടെ ദൃശ്യം. അതെന്നിലുളവാക്കിയ ഭീതി കുറഞ്ഞു എന്നതാണ് 2024 ജൂൺ നാലിന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിന്റെ അന്തഃസത്ത.

2024- ലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കാവിത്തരംഗത്തിന്റെ തകർച്ചയെ കാണിക്കുന്ന വലിയൊരു രാഷ്ട്രീയമുണ്ട്. അതു കാണാതെ ‘മോദി വീണ്ടും‘ എന്ന് തലക്കെട്ടെഴുതി തൃപ്തിയടയുന്നത് രാഷ്ട്രീയ മൗഢ്യത്തിന്റെ മാത്രം ലക്ഷണമാണ്. കണക്കുകൾ ചേർത്തുവെച്ച് കേവല ഭൂരിപക്ഷമെത്തിക്കുമ്പോഴും ആ യാഥാർഥ്യം അവിടെയുണ്ട്. അതിലാണ് വർത്തമാനകാലത്തെ ശരാശരി ഇന്ത്യൻ പൗരരുടെ ശ്വാസം നിലകൊള്ളുന്നത്.

ഈ രാഷ്ട്രീയത്തെ തൊട്ടു കാണിക്കുന്ന രണ്ടു മൂന്നു സൂചകങ്ങൾ ഇത്തവണത്തെ വിധിയിൽ നിന്ന് എടുത്തു കാണിക്കേണ്ടതുണ്ട്.

അയോധ്യയുടെ വികസനത്തിന് ആയിരക്കണക്കിന് കോടിയാണ് ഉത്തർപ്രദേശ് സർക്കാരിന് മോദി സർക്കാർ അനുവദിച്ചത്. അവിടെയാണ് മോദിയുടെ രാഷ്ട്രീയം ദയനീയമായി പരാജയപ്പെട്ട കാഴ്ച നമ്മൾ കാണുന്നത്.

അതിലാദ്യത്തേത് ഫൈസാബാദിലെ ലല്ലു സിംഗിന്റെ പരാജയമാണ്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയുൾപ്പെട്ട മണ്ഡലമാണ് ഫൈസാബാദ്. ആ ലോക്സഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ടു തവണയും പ്രതിനിധീകരിച്ചത് ബി.ജെ.പിയിലെ ലല്ലു സിങ്ങാണ്. രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും നടന്ന ഈ വർഷത്തെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹമവിടെ 54,000 വോട്ടിന് പരാജയപ്പെട്ടത്. തോല്പിച്ചത് സമാജ് വാദി പാർട്ടിയുടെ അവധേഷ് പ്രസാദ് എന്ന പാർസി വിഭാഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർഥിയും. കേരളം പോലുള്ള സംസ്ഥാനങ്ങൾ കടം ചോദിച്ച് കേന്ദ്ര സർക്കാരിന്റെ മുന്നിൽ കെഞ്ചിയപ്പോൾ, അയോധ്യയുടെ വികസനത്തിന് ആയിരക്കണക്കിന് കോടിയാണ് ഉത്തർപ്രദേശ് സർക്കാരിന് മോദി സർക്കാർ അനുവദിച്ചത്. അവിടെയാണ് മോദിയുടെ രാഷ്ട്രീയം ദയനീയമായി പരാജയപ്പെട്ട കാഴ്ച നമ്മൾ കാണുന്നത്. രാമക്ഷേത്രവും പ്രാണപ്രതിഷ്ഠാ മഹോത്സവവും മോദിയുടെ രാഷ്ട്രീയത്തിന്റെ രക്ഷയ്ക്കെത്തിയില്ല എന്നാണ് ഇത് കാണിക്കുന്നത്. രാമഭക്തർ കൈവിട്ട മോദി വിജയിച്ചുവോ എന്ന ചോദ്യം ഒരു രാഷ്ട്രിയ ചോദ്യമാണ്.

അടുത്തതായി, ഗുജറാത്തിലെ ബനാസ്കന്ത നിയോജക മണ്ഡലത്തിലെ വിജയം നോക്കാം. പത്തുവർഷത്തിനു ശേഷം ഇതാദ്യമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി വിജയിക്കുന്ന ഗുജറാത്തിലെ ഒരു മണ്ഡലമാണത്. സംസ്ഥാനത്തെ 26- ൽ 25 സീറ്റിലും 2014 മുതൽ ബി.ജെ.പിയാണ് ജയിച്ചുവന്നത്. ഇത്തവണ ബാനാസ്ക്കന്തയിൽ ഗെനി ബെൻ ഠാക്കോർ എന്ന കോൺഗ്രസ് സ്ഥാനാർത്ഥി 30,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പാർലമെൻ്റിലെത്തുകയാണ്. മോദിയുടെയും ഷായുടെയും തട്ടകത്തിൽ വിള്ളലുണ്ടാവുന്നു എന്ന് വ്യക്തം. ഗുജറാത്തിൽ പോലും മോദി ഗാരൻ്റി എല്ലായിടത്തും ഏശിയില്ല. ഇതിലും മറ്റൊരു രാഷ്ട്രീയമുണ്ട്.

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യയുൾപ്പെട്ട മണ്ഡലമാണ് ഫൈസാബാദ്. ആ ലോക്സഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ടു തവണയും പ്രതിനിധീകരിച്ചത് ബി.ജെ.പിയിലെ ലല്ലു സിങ്ങാണ്. രാമക്ഷേത്ര നിർമാണവും പ്രാണപ്രതിഷ്ഠയും നടന്ന ഈ വർഷത്തെ തെരഞ്ഞെടുപ്പിലാണ് അദ്ദേഹമവിടെ 54,000 വോട്ടിന് പരാജയപ്പെട്ടത്.

ഇനി നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിച്ച വാരാണസിയിലെ കണക്കുകൾ നോക്കാം. അവിടെ മോദിയ്ക്ക് ഇത്തവണ ലഭിച്ചത് 6,12,970 വോട്ടാണ്. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ അജയ് റായ് നേടിയത് 4,60, 457 വോട്ടും. അതായത് ഇത്തവണ മോദി ജയിച്ചത് 1,52,513 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. മോദി 54.2% വോട്ടു നേടിയപ്പോൾ അജയ് റായ് 40.7% വോട്ട് നേടി. 2019- ൽ മോദിയുടെ ഭൂരിപക്ഷം 4,79,505 ആയിരുന്നു. അതായത് അജയ് റായിക്ക് ഇത്തവണ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോദി കഴിഞ്ഞ തവണ വാരാണസിയിൽ ജയിച്ചത് എന്നർത്ഥം. 2014- ൽ 3,71,784 വോട്ടിന്റെ ഭൂരിപക്ഷവും.
ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ നിലവിലെ പ്രധാനമന്ത്രിമാരുടെ ഭൂരിപക്ഷ ശതമാനം താരതമ്യം ചെയ്യുമ്പോൾ ഏറ്റവും പിന്നിലാവുകയാണ് ഇതോടെ നരേന്ദ്ര മോദി. വെറും 13.49%. ഇങ്ങനെ തെരഞ്ഞെടുപ്പു ഫലത്തിന്റെ കേവല കണക്കുകളോടൊപ്പം വായിച്ചെടുക്കേണ്ട വസ്തുതകൾ പലതുമുണ്ട്. അവിടെയെല്ലാം മോദിയെന്ന പരാജയപ്പെട്ട നേതാവിനെ കാണാം. സൂക്ഷ്മ വിശകലനത്തിൽ, കവിത്തരംഗത്തിന്റെ പതനം തന്നെയാണ് ഇന്ത്യൻ ജനത ആഗ്രഹിച്ചത് എന്നു കാണാം.

അപകടം പതിയിരിപ്പുണ്ടെങ്കിലും. മോദിക്കു ചുറ്റും കെട്ടിപ്പൊക്കിയ അജയ്യതയുടെ പ്രഭാവലയം ഒറ്റരാത്രി കൊണ്ട് തകർന്നിരിക്കുന്നു.

ഇനി മറിച്ചൊരു ചിന്തയിലേക്ക് പോകാം. മോദി ആഗ്രഹിച്ച, അഥവാ സ്വപ്നം കണ്ട വിജയം - അതായത് 400 ലേറെ സീറ്റുകളുമായി എൻ.ഡി.എ അധികാരത്തിൽ തിരിച്ചുവന്നിരുന്നുവെങ്കിൽ എന്തായിരിക്കും സംഭവിക്കുക എന്ന ചിന്തയാണത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അവസാന അധ്യായം കുറിക്കലാവും അതെന്ന് സംശയിച്ചവർ ഏറെയുണ്ട്. നമ്മുടെ ഭരണഘടനയുടെ സ്വഭാവത്തെ അട്ടിമറിക്കലാവും അതോടെ സംഭവിക്കുക എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇതൊന്നും സംഭവിച്ചു കൂടയ്കയില്ല. കാരണം വിചാരിച്ചത് നടത്തുന്നയാൾ എന്ന ദുഷ്ഖ്യാതിയാണ് മോദി അലങ്കാരമായി കൊണ്ടു നടക്കുന്നത്. അനുയായികൾ ഉയർത്തിക്കാട്ടുന്നതും.

ഏകീകൃത സിവിൽ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, പൗരത്വ ബിൽ എന്നിവ നടപ്പിലാക്കപ്പെടും. ഫെഡറലിസം അപ്പാടെ തകർക്കപ്പെടും. ഭക്ഷണം, ഭാഷ, വേഷം, വിശ്വാസം എന്നിവ അടിച്ചേല്പിക്കപ്പെടും. ഇന്ത്യ ഒരു വംശീയ ജനാധിപത്യമായി പരിണമിക്കും. ഗുജറാത്ത് മോഡൽ വർഗീയ കലാപങ്ങൾ അരങ്ങേറും. നമ്മുടെ സംവാദ ഭൂമികകൾ ഇല്ലാതാവും. സർവകലാശാലകൾ നിശ്ശബ്ദമാകും. ചരിത്രം വികലമാക്കപ്പെടും, എതിർ ശബ്ദങ്ങൾ തുറുങ്കിലടയ്ക്കപ്പെടും. മാധ്യമങ്ങൾ … (അവ ഇതിലേറെ തരം താഴാനില്ലല്ലോ).

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വാരണാസി മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് അജയ് റായ്

ഇതൊക്കെ നിലവിലെ മൂന്നാംവരവിൽ മോദി സർക്കാരിന് സാധ്യമല്ല. കാരണം അതിനുള്ള മാൻഡേറ്റ് മോദിയെന്ന ‘വിശ്വഗുരു’വിന് ജനം ഇത്തവണ നൽകിയിട്ടില്ല. മോദിയുടെ കൂട്ടായ്മയായ എൻ.ഡി.എ സഖ്യത്തിന് മൊത്തത്തിൽ പോലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഒറ്റയ്ക്ക് നേടിയ സീറ്റുകൾ നേടാൻ ഇത്തവണ സാധിച്ചിട്ടില്ല. 2019 -ൽ ബി.ജെ.പി ഒറ്റയ്ക്ക് 303 സീറ്റു നേടിയപ്പോൾ ഇത്തവണ എൻ.ഡി.എ സഖ്യത്തിന് മൊത്തത്തിൽ 292 സീറ്റുകളേ നേടാനായുള്ളൂ. അതായത് പ്രതിപക്ഷത്തെ അവഗണിച്ച് അവർക്ക് മുന്നേറാൻ സാധ്യമല്ല.

മോദി തുടർന്നാൽ ഫാഷിസം എന്ന നിലയിൽ ഭയന്നിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ആശ്വാസ വിധിയെഴുത്ത് വരുന്നത്. സേച്ഛാധിപതിയായ മോദി ഇന്ത്യൻ ജനാധിപത്യത്തെ തട്ടിയെടുത്ത് ഇല്ലാതാക്കും എന്നും നമ്മൾ ഭയന്നതാണ്. രാഷ്ട്രീയ ദുരുപയോഗങ്ങളെ നിസ്സഹായതയോടെ പ്രതിപക്ഷം നോക്കിനിൽക്കേണ്ടിവരുമായിരുന്നു. ഇതിലെല്ലാമുപരി നമ്മുടെ സോഷ്യൽ ഫാബ്രിക്കിനെ അപ്പാടെ വർഗീയ വിഷത്താൽ മലീമസമാക്കുമായിരുന്നു. തന്നിഷ്ട രാഷ്ടീയത്തിന്റെ വഴിയിൽ നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾ ഇനിയും തകർന്നടിയുമായിരുന്നു. ഇതിനൊക്കെ ആരംഭം കുറിച്ച് മുന്നോട്ടുപോയ പത്തു വർഷങ്ങൾക്കാണ് നമ്മൾ സാക്ഷ്യം വഹിച്ചത്. വികലമായ ഒരു ദേശീയത രൂപപ്പെട്ടുവരികയും സമൂഹത്തിന് ഒരു മതാത്മക സ്വഭാവം കൈവരുകയും ചെയ്യും. ഗാന്ധിജിയും നെഹ്റുവും വിവേകാനന്ദനും ദേശീയ പ്രസ്ഥാനവും കൂടുതൽ കൂടുതൽ അവഹേളിക്കപ്പെടും. പ്രധാനമന്ത്രി തന്നെ ഇതിന്റെയൊക്കെ നേതൃത്വം ഏറ്റെടുത്തത് തെരഞ്ഞെടുപ്പ് കാലത്ത് ലോകം കണ്ടതാണ്. സവർക്കറും ഗോഡ്സെയും കൂടുതൽ ഉയരങ്ങളിൽ കുടിയിരുത്തപ്പെടും. ഇതൊന്നും കൂടാതെ, 2025-ൽ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആർ.എസ്. എസ്സിന്റെ ആ ദീർഘകാല സ്വപ്നത്തിന് സാഫല്യം നേടാനും ഇവർ ശ്രമിക്കുമായിരുന്നു. സീറ്റുകൾ 400 ലധികം ഉണ്ടായിരുന്നെങ്കിൽ.

ശക്തമായ ഒരു സിവിൽ സമൂഹത്താൽ നിയന്ത്രിക്കപ്പെടുന്ന ബഹുസ്വര പ്രതിപക്ഷം ’ഇന്ത്യ’യെ നിലനിർത്തുക തന്നെ ചെയ്യും. നെഹ്റുവിന്റെ ജനാധിപത്യത്തിന് തിളക്കമാർന്ന പരിണതികളുണ്ടാവും.

സാധാരണ പൗരരുടെ സ്വപ്നം

മോദിയുടെയും കൂട്ടരുടെയും ഇത്തരം സ്വപ്നങ്ങളെല്ലാം തൽക്കാലം വൃഥാവിലായി എന്നത് ചെറിയ കാര്യമല്ല, അപകടം പതിയിരിപ്പുണ്ടെങ്കിലും. മോദിക്കു ചുറ്റും കെട്ടിപ്പൊക്കിയ അജയ്യതയുടെ പ്രഭാവലയം ഒറ്റരാത്രി കൊണ്ട് തകർന്നിരിക്കുന്നു. ഹിന്ദുത്വ വർഗീയതയുടെ വിഷം വാരി വിതറപ്പെട്ടിട്ടും, സമചിത്തത കൈവിടാത്ത വലിയൊരു കൂട്ടം ഇന്ത്യക്കാർ ഇന്ത്യയെന്ന മഹാരാജ്യത്ത് നിലനിൽക്കുന്നു എന്നുകൂടിയാണ് ഈ വിധിയെഴുത്ത് കാണിക്കുന്നത്. രാജകീയമായ അധികാരമേൽക്കലിന് എന്തായാലും മങ്ങലേറ്റിട്ടുണ്ട്; മോദിയും കൂട്ടരും അതെത്ര തന്നെ മറച്ചുവെച്ചാലും.

തീർച്ചയായും ഇത് നരേന്ദ്ര മോദിയുടെ അവസാനത്തെ രാഷ്ട്രീയ അങ്കമായിരിക്കും. വിഷലിപ്തമായ സ്വന്തം ആവനാഴിയിലെ എല്ലാ ശരങ്ങളും എടുത്തു വീശി, പ്രധാനമന്ത്രിക്കസേരയ്ക്ക് നാണക്കേടുണ്ടാക്കിയിട്ടും ആ നേതാവിന് ഉദ്ദേശിച്ച വിജയം കാണാനായില്ല. ഇത് കണക്കുകൾക്കപ്പുറമുള്ള പരാജയം തന്നെയാണ്. വർഗീയ പ്രത്യയശാസ്ത്രത്തിന്റെ ഭരണകൂട പിൻബലം ഒരു പരിധി വരെ ക്ഷയിച്ചിരിക്കുന്നു.

ഇന്ത്യ രാമൻ്റേതു മാത്രമല്ല; വിവിധ മതങ്ങളിലെ മറ്റനേകം ദൈവങ്ങളുടേതു കൂടിയാണ് എന്നാണ് 2024- ലെ ജനസമ്മതി അസന്നിഗ്ദമായി തെളിയിക്കുന്നത്.

ഇന്ത്യ രാമൻ്റേതു മാത്രമല്ല; വിവിധ മതങ്ങളിലെ മറ്റനേകം ദൈവങ്ങളുടേതു കൂടിയാണ് എന്നാണ് 2024- ലെ ജനസമ്മതി അസന്നിഗ്ദമായി തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്ര മോദിയുടെ കണ്ഠത്തിൽ നിന്ന് ‘ഹര ഹർർ മഹാദേവ്’ എന്നോ ‘ജയ് ശ്രീറാം’ എന്നോ മുൻപ് കേട്ടത്ര ആവേശത്തോടെ ഇനി നമ്മൾ കേൾക്കാനിടയില്ല. ഇത് തകർച്ചയുടെ ആരംഭം കുറിക്കലാണ്.

ജനാധിപത്യത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്ഥാനഭ്രഷ്ടമാക്കി ഇന്ത്യ മുന്നേറും എന്നത് തീർച്ചയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ തോല്പിച്ചതുകൊണ്ടുമാത്രം ഇല്ലാതാകുന്ന ഒന്നല്ല ഹിന്ദുത്വം. അതിനെ നമ്മുടെ സാമൂഹ്യമനസ്സിൽ നിന്നു തന്നെ പിഴുതെറിയേണ്ടതുണ്ട്. അതിനായി നമ്മൾ നിർഭയരായി സംവാദങ്ങളിലേർപ്പെടണം. ചോദ്യങ്ങൾ ചോദിക്കണം. വിമർശനബുദ്ധിയോടെ തർക്കങ്ങളിലേർപ്പെടണം. അങ്ങനെ ഇന്ത്യ എന്ന ആശയത്തിന്റെ പ്രകാശം വീണ്ടും ലോകത്ത് പരത്തണം. അതിനായി ശക്തമായ ഒരു സിവിൽ സമൂഹം കെട്ടിപ്പടുക്കണം. അവരാൽ നിയന്ത്രിക്കപ്പെടുന്ന ബഹുസ്വര പ്രതിപക്ഷം ’ഇന്ത്യ’യെ നിലനിർത്തുക തന്നെ ചെയ്യും. നെഹ്റുവിന്റെ ജനാധിപത്യത്തിന് തിളക്കമാർന്ന പരിണതികളുണ്ടാവും. ഹിന്ദുത്വ അജണ്ടകൾ സൃഷ്ടിച്ച ഭയം അകന്നു പോകും. വീണ്ടും ഒരു പുതിയ ഇന്ത്യ ഉയിർത്തെഴുന്നേറ്റുവരും.

ജനാധിപത്യത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തെ സ്ഥാനഭ്രഷ്ടമാക്കി ഇന്ത്യ മുന്നേറും എന്നത് തീർച്ചയാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ തോല്പിച്ചതുകൊണ്ടുമാത്രം ഇല്ലാതാകുന്ന ഒന്നല്ല ഹിന്ദുത്വം.

അവസരവാദ രാഷ്ട്രീയത്തിന്റെ ഇരയായി, ഒരവിശ്വാസ പ്രമേയത്തിൽ പരാജിതനായി നരേന്ദ്ര മോദിയെന്ന നേതാവ് പാർലമെൻ്റിന്റെ പടിയിറങ്ങുന്ന ഒരു ചിത്രം മാത്രമാണ് ഇപ്പോൾ എന്റെ മനസ്സിൽ തെളിയുന്നത്. അദ്ദേഹം അവിടെ സ്ഥാപിച്ച ചെങ്കോൽ കൂടെ കൊടുത്തുവിടണം. ഇന്ത്യയെന്ന ആശയത്തിൽ അഭിമാനം കൊള്ളുന്ന ഒരു സാധാരണ പൗരന്റെ സ്വപ്നമാണത്. ജനവിധി മറിച്ചായിരുന്നെങ്കിൽ സ്വപ്നം കാണുന്നതിൽ പോലും നമ്മൾ ഭയക്കുമായിരുന്നു.

Comments