നിതീഷ് കുമാറിലെ ‘മോദി വിരുദ്ധൻ’ നൽകുന്ന സാധ്യതകൾ

അധികാര രാഷ്ട്രീയത്തെ അവസരവാദത്തിന്റെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി മാറ്റി ഗ്രൗണ്ടറിഞ്ഞ് കളിക്കുന്ന പ്ലെയറാണ് നിതീഷ് എങ്കിലും അദ്ദേഹത്തിന്റെയുള്ളിൽ കടുത്തൊരു മോദിവിരുദ്ധനുണ്ടെന്നത് വാസ്തവമാണ്. ‘തൽക്കാലം’ പ്രതിപക്ഷത്തിരിക്കാം, അവസരം വന്നാൽ ഒരു കൈ നോക്കം എന്ന ‘ഇന്ത്യ’ മുന്നണിയുടെ പ്രതീക്ഷക്ക് നിതീഷിലെ ഈ മോദിവിരുദ്ധനാണ് സാധ്യതകൾ നൽകുന്നത്.

Election Desk

2024 മെയ് 12-ന് ബീഹാറിലെ പട്‌നയിൽ നരേന്ദ്രമോദി നടത്തിയ റോഡ് ഷോയിലെ ഒരു ദൃശ്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി. ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരയും കയ്യിലേന്തി മോദിക്കുപിന്നിൽ നിൽക്കുന്ന ജെ ഡി യു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറായിരുന്നു അത്. ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപകനേതാവും ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി പോലും പരിഗണിക്കപ്പെട്ടിരുന്ന നിതീഷ് കുമാർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ മുന്നണി മാറ്റങ്ങളുടെയും കൂറുമാറ്റങ്ങളുടെയും വലിയ ചരിത്രമുണ്ട് ഇന്ന് എൻ.ഡി.എ സർക്കാരിന്റെ ഭാഗമാകാൻ തയ്യാറെടുക്കുന്ന നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരനുപിന്നിൽ.

1977-ൽ അടിയന്തരാവസ്ഥക്കുശേഷം നടന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു നിതീഷ് ആദ്യമായി ജനവിധി തേടിയിറങ്ങുന്നത്. എന്നാൽ കന്നി അംഗത്തിൽ പരാജിതനായ നിതീഷ് തുടർന്ന് പിന്നീടൊരിക്കലും തോൽവി അറിഞ്ഞിട്ടില്ല.

എഴുപതുകളിൽ ബിഹാറിന്റെ മണ്ണിൽ ഉയർന്നുവന്ന ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള സോഷ്യസിസ്റ്റ് മുന്നേറ്റങ്ങളിലൂടെയാണ് നിതീഷ് കുമാർ എന്ന രാഷ്ട്രീയക്കാരൻ ഉദയം ചെയ്യുന്നത്. ആ മൂവ്‌മെന്റിലൂടെ തന്നെയാണ് നിതീഷും ലാലു പ്രസാദ് യാദവും ജ്യേഷ്ഠാനുജൻമാരെ പോലെ ബിഹാർ രാഷ്ട്രീയത്തിന്റെ പ്രധാന മുഖങ്ങളാകുന്നത്.
1967-69 കാലത്ത് പാട്‌ന യൂണിവേഴ്‌സിറ്റി സ്റ്റുഡൻറ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന ലാലു പ്രസാദ് യാദവിനെ 1974ൽ ‘സമ്പൂർണ ക്രാന്തി'യുടെ കൺവീനറായി ജെ.പി നിയോഗിച്ചു. ‘മൂത്ത ജ്യേഷ്ഠൻ' എന്നാണ് നിതീഷ്, അക്കാലത്ത് ലാലുവിനെ വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയത്തിലെ നിതീഷിന്റെ ഏറ്റവും വലിയ പ്രചോദനവും ജയപ്രകാശ് നാരായണൻ തന്നെയായിരുന്നു. അടിയന്താവസ്ഥക്കാലത്ത് നിതീഷ് 19 മാസം ജയിലിലുമായിരുന്നു. ബിഹാർ ഇലക്​ട്രിസിറ്റി ബോർഡിൽ ഇലക്​ട്രിക്കൽ എഞ്ചിനീയറായിരുന്ന നിതീഷ്, രാജിവച്ച് ആ രാഷ്ട്രീയത്തിന്റെ ഭാഗമാകുകയായിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് മാസങ്ങളോളം ജയിൽവാസം അനുഭവിച്ച നിതീഷ് പിന്നീട് മുഴുസമയ രാഷ്ട്രീയത്തിലേക്കിറങ്ങി. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ബിഹാർ രാഷ്ട്രീയത്തിൽ മുന്നണികൾ മാറിയും കുതികാൽവെട്ടിയും തന്റെ രാഷ്ട്രീയാധികാരം ഉറപ്പിച്ച നിതീഷ് ബിഹാർ രാഷ്ട്രീയത്തിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി.

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും
ലാലു പ്രസാദ് യാദവും നിതീഷ് കുമാറും

അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായ നിതീഷ് ജെ.പിയുടെ സോഷ്യലിസത്തെ പലപ്പോഴും കൈവെടിഞ്ഞ് അധികാരമുറപ്പിക്കാൻ മുന്നണികൾ മാറിമാറി പയറ്റി. ഇന്നിതാ, പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തോടെ, എൻ.ഡി.എ സഖ്യത്തിലെ പ്രധാന ശക്തിയായി മാറിയ നിതീഷ്, മൂന്നാം മോദി സർക്കാറിനെ തന്നെ നിലനിർത്തുന്നതിൽ നിർണായകമാകുകയാണ്.

1990-ലാണ് നിതീഷ് കുമാർ ആദ്യമായി കേന്ദ്രമന്ത്രിയാകുന്നത്. കൃഷി, റെയിൽവേ, ഗതാഗതം തുടങ്ങിയ പ്രധാന വകുപ്പുകളിൽ കേന്ദ്രഭരണത്തിലെ സുപ്രധാനിയായി. 1990- കളുടെ പകുതിയിൽ ബിഹാർ രാഷ്ട്രീയത്തിലെ ലാലു-നിതീഷ് ദ്വന്ദത്തിന് മങ്ങലേറ്റു തുടങ്ങി. 1994-ലാണ് നിതീഷ് കുമാർ ലാലുവുമായി ആദ്യമായി അകന്നത്. അതേ വർഷം ജോർജ് ഫെർണാണ്ടസുമായി ചേർന്ന് നിതീഷ് സമതാ പാർട്ടിയുണ്ടാക്കി. രണ്ട് വർഷങ്ങൾക്കുശേഷം കേന്ദ്രത്തിൽ വാജ്‌പേയി സർക്കാരിന്റെ ഭാഗവുമായി. 2000-ലാണ് നിതീഷ് ആദ്യമായി ബിഹാറിന്റെ മുഖ്യമന്ത്രിയായത്. ഏഴ് ദിവസം മാത്രം നീണ്ടുനിന്ന മുഖ്യമന്ത്രി. സമതപാർട്ടി- എൻ.ഡി.എ സഖ്യത്തിന് കേവല ഭൂരിപക്ഷം നേടാൻ കഴിയാതെ വന്നതോടെയാണ് മന്ത്രിസഭ പിരിച്ചുവിടുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് തൊട്ടുപിന്നാലെ വാജ്‌പേയി മന്ത്രിസഭയിൽ കൃഷി മന്ത്രി.

2003-ൽ സമതാപാർട്ടി ശരത് യാദവിന്റെ ജനതദളുമായി ലയിച്ച് ജെ.ഡി.യു രൂപീകരിച്ചു. തുടർന്ന് 2005-ൽ വീണ്ടും ബിഹാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്. നിതീഷിന്റെ മുഖ്യമന്ത്രിക്കാലം ബിഹാറിലെ ജനതക്ക് പ്രതീക്ഷയുടെ കാലംകൂടിയായിരുന്നു.

2010-ൽ ബി ജെ പി സഹായത്തോടെ വീണ്ടും അധികാരത്തിലെത്താൻ നിതീഷിന് കഴിഞ്ഞുവെങ്കിലും മൂന്ന് വർഷം കൊണ്ട്, അതായത് 2013-ൽ ബി ജെ പി-ജെ.ഡി.യു സഖ്യം തകർന്നു. രാഷ്ട്രീയ നിലപാടിന്റെ പുറത്താണ് നിതീഷ് അന്ന് ബി ജെ പി സഖ്യത്തിനോട് വിട പറയുന്നത്. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പി കാമ്പയിൻ കമ്മിറ്റി തലവനായി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ നിയോഗിച്ചതിൽ പ്രതിഷേധിച്ചാണ് നിതീഷ് എൻ.ഡി.എയോട് ഇടയുന്നത്. ‘എൻ.ഡി.എക്ക് സംശുദ്ധ, സെക്യൂലർ പ്രതിച്ഛായയുള്ള ഒരു നേതാവാണ് വേണ്ടത്' എന്നു പറഞ്ഞാണ് മോദിയെ ഭാവി പ്രധാനമന്ത്രിയായി പ്രതിഷ്ഠിച്ച ആ നീക്കത്തെ നിതീഷ് നേരിട്ടത്. എൻ.ഡി.എ വിട്ട നിതീഷ് വിശ്വാസ വോട്ടെടുപ്പിലൂടെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും
പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും

എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വമ്പൻ തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് നിതിൻ റാം മാഞ്ചിയെ മുഖ്യമന്ത്രിയാക്കി. പിന്നീട് അദ്ദേഹത്തെ പുറത്താക്കി നിതീഷ് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക്. വെറും രണ്ട് സീറ്റുകൾ മാത്രമാണ് ആ തെരഞ്ഞെടുപ്പിൽ ബിഹാറിൽ നിതീഷിന് നേടാനായത്. തുടർന്ന് 2015-ൽ വീണ്ടും പഴയ പാളയത്തിലേക്ക്, അതായത് ലാലു പ്രസാദ് യാദവിനരികിലേക്ക് തിരിച്ചെത്തി. ആ തെരഞ്ഞെടുപ്പിലാകട്ടെ ആർ.ജെ.ഡിയും കോൺഗ്രസും ഒരുമിച്ച് നിന്ന് ബി ജെ പിയെ പരാജയപ്പെടുത്തി. അന്ന് ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നിട്ടും നിതീഷിന് മുഖ്യമന്ത്രി പദവി നൽകി. എന്നാൽ അന്ന് ഉമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിസ്ഥാനം സ്വയം രാജിവെച്ചു. അന്നും നിലവിലെ പോലെയൊരു കുടില രാഷ്ട്രീയ നിക്കത്തിലൂടെ ബി ജെ പിയുമായി സഖ്യംചേർന്ന് മുഖ്യമന്ത്രിസ്ഥാനം നിലനിർത്തി. എന്നാൽ, 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.ജെ.ഡിയും എൽ.ജെ.പിയും ചേർന്ന് നിതീഷിന്റെ ദലിത് വോട്ടുബാങ്ക് പിളർത്തിയപ്പോൾ, ജെ.ഡി-യു, നിയമസഭയിലെ മൂന്നാമത്തെ കക്ഷിയായി ഒതുങ്ങേണ്ടി വന്നു.

നിതീഷ് കുമാർ തേജസ്വി യാദവിനൊപ്പം
നിതീഷ് കുമാർ തേജസ്വി യാദവിനൊപ്പം

2022-ൽ തനിക്കെതിരെ വിമത നീക്കം നടത്തിയെന്ന് ആരോപിച്ച് വീണ്ടും ബി ജെ പി പാളയത്തിൽ നിന്നും മടക്കം. 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ബി ജെ പി വിരുദ്ധചേരി ഒറ്റക്കെട്ടായി പൊരുതാനിറങ്ങിയപ്പോൾ സഖ്യത്തിന്റെ അമരത്തിൽ നിതീഷും ഉണ്ടായിരുന്നു. എന്നാൽ സ്വാഭാവികമെന്നോണം, ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആർ.ജെ.ഡിയെ തള്ളി വീണ്ടും എൻ.ഡി.എയിലേക്ക്. മുന്നണി മാറ്റത്തിന് കൃത്യം ഒരു വർഷത്തിന് മുമ്പാണ്, എൻ.ഡി.എയിലേക്ക് പോകുന്നതിനേക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് നിതീഷ് പറഞ്ഞത്.

അധികാരം ഉറപ്പക്കാൻ മുന്നണികൾ മാറി മാറി രാഷ്ട്രീയ കസേരകളി നടത്തുന്ന നിതീഷിനെ ബിഹാർ ജനത ‘പൽതുറാം’ എന്നും വിളിക്കാറുണ്ട്. നരേന്ദ്രമോദിയുടെ മൂന്നാം ഊഴത്തിൽ നിതീഷ് എന്ത് സമീപനമാണ് എടുക്കാൻ പോകുന്നത് എന്ന് കാത്തിരുന്നു കാണാം. അധികാര രാഷ്ട്രീയത്തെ അവസരവാദത്തിന്റെ ഏറ്റവും മികച്ച പ്ലാറ്റ്ഫോമായി മാറ്റി ഗ്രൗണ്ടറിഞ്ഞ് കളിക്കുന്ന പ്ലെയറാണ് നിതീഷ് എങ്കിലും അദ്ദേഹത്തിന്റെയുള്ളിൽ കടുത്തൊരു മോദിവിരുദ്ധനുണ്ടെന്നത് വാസ്തവമാണ്. മുമ്പൊരിക്കൽ, മോദിയെക്കുറിച്ചുള്ള സുധീന്ദ്ര കുൽക്കർണിയുടെ ചോദ്യത്തിന്, വാജ്‌പേയി ഭരണകാലത്തെ ചൂണ്ടിയാണ് നിതീഷ് മറുപടി പറഞ്ഞത്: ‘അതൊരു വ്യത്യസ്ത കാലഘട്ടമായിരുന്നു, വലിയ ഹൃദയമുള്ള നേതാക്കൾ അന്നുണ്ടായിരുന്നു.'

‘തൽക്കാലം’ പ്രതിപക്ഷത്തിരിക്കാം, അവസരം വന്നാൽ ഒരു കൈ നോക്കം എന്ന ‘ഇന്ത്യ’ മുന്നണിയുടെ പ്രതീക്ഷക്ക് നിതീഷിലെ ഈ മോദിവിരുദ്ധനാണ് സാധ്യതകൾ നൽകുന്നത്.

Comments