തെലങ്കാനയിലുണ്ട്
‘ആർ ആർ മോഡൽ’

തെലുങ്കാന രാഷ്ട്രീയം അടിമുടി മാറിക്കഴിഞ്ഞു. കെ.സി.ആറിന്റെ ആധിപത്യം അവസാനിച്ചമട്ടാണ്. ബി.ആർ.എസിനെയും ബി.ജെ.പിയെയും നേരിടാൻ തക്ക ശക്തിയായി രേവന്തിന്റെ നേതൃത്വത്തിൽ​ കോൺ​ഗ്രസ് ഉയർന്നുവന്നിരിക്കുന്നു.

Election Desk

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തെലങ്കാനയടക്കം അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍. കോൺഗ്രസ് അതി ദയനീയമായി തോറ്റുപോയ ഈ സെമി ഫൈനലിൽ ആശ്വാസത്തുരുത്തായത് തെലങ്കാനയായിരുന്നു.

കെ. ചന്ദ്രശേഖര റാവുവും മക്കളായ കെ.ടി. രാമറാവുവും കെ. കവിതയുമടക്കം അടക്കിവാണിരുന്ന തെലുങ്ക് രാഷ്ട്രീയത്തില്‍ കോൺഗ്രസിനെ അധികാരത്തിലേറ്റിയത് രേവന്ത് റെഡ്ഡിയുടെ നേതൃത്വമാണ്. കളമറിഞ്ഞ് കരുനീക്കി പോരാടി ഈ 54-കാരൻ ആധികാരിക ജയം പാർട്ടിക്ക് നേടിക്കൊടുത്തു. കര്‍ണാടകയില്‍ ‘ഡി.കെ’ എങ്കില്‍ തെലങ്കാനയില്‍ ‘ആർ ആർ’ എന്ന് പ്രവർത്തകരിൽ ആവേശം നിറച്ചുള്ള പകർന്നാട്ടമായിരുന്നു തെലങ്കാനയിൽ നടന്നത്.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

നാലു മാസങ്ങള്‍ക്കിപ്പുറം തെലങ്കാന ഇതാ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക്. സംസ്ഥാനത്തെ ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് അക്കൗണ്ടിലേക്കെത്തിക്കാന്‍ ആര്‍.ആറിന്റെ നായകത്വത്തിനാകുമോ? രാഷ്ട്രം മുഴുവൻ ഉറ്റുനോക്കുന്ന സംസ്ഥാനം കൂടിയായിരിക്കുകയാണ് തെലങ്കാനയെന്നു പറയാം.

17 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2019-ൽ ഒമ്പതും നേടിയത് കെ.സി.ആറിന്റെ ഭാരതീയ രാഷ്ട്ര സമിതി. ബി.ജെ.പിക്ക് നാലും കോണ്‍ഗ്രസിന് മൂന്നും സീറ്റു വീതം. ഹൈദരാബാദില്‍ ആള്‍ ഇന്ത്യ മജ്‌ലീസ്-ഇ-ഇത്തഹദുല്‍ മുസ്ലീം ഒരു സീറ്റു നേടി. ബി.ആര്‍.എസ് 37.35 ശതമാനവും കോണ്‍ഗ്രസ് 39.4 ശതമാനവും ബി.ജെ.പി 13.9 ശതമാനവും വോട്ടുമാണ് നേടിയത്.

എന്നാല്‍ നിലവില്‍ തെലുങ്കാന രാഷ്ട്രീയം അടിമുടി മാറിക്കഴിഞ്ഞു. കെ.സി.ആറിന്റെ ആധിപത്യം അവസാനിച്ചമട്ടാണ്. ബി.ആർ.എസിനെയും ബി.ജെ.പിയെയും നേരിടാൻ തക്ക ശക്തിയായി രേവന്തിന്റെ നേതൃത്വത്തിൽ​ കോൺ​ഗ്രസ് ഉയർന്നുവന്നിരിക്കുന്നു.

മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു

ബി.ജെ.പിയെ രാഷ്ട്രീയമായി എതിര്‍ത്ത് ദേശീയ മോഹങ്ങളുമായി മുന്നോട്ടുപോയ നേതാവാണ് കെ.സി.ആര്‍. അതിന്റെ ഭാഗമായാണ് തെലങ്കാന രാഷ്ട്ര സമിതിയെന്ന പാര്‍ട്ടിയെ ഭാരതീയ രാഷ്ട്ര സമിതിയാക്കിയത്. 2022-ലാണ് തെലങ്കാന എടുത്തുമാറ്റി ‘ഭാരതം’ എന്നു ചേർത്ത് പാര്‍ട്ടിയെ ദേശീയ തലത്തിൽ അവതരിപ്പിച്ചത്. എന്നാൽ, കെ.സി.ആറിന്റെ ദേശീയ മോഹങ്ങൾക്കൊപ്പമായിരുന്നില്ല പാർട്ടി. തെലങ്കാന എന്ന ആശയത്തിന്റെ അടിത്തറയില്‍ ഉയര്‍ന്നുപൊങ്ങിയ പ്രസ്ഥാനത്തിന്റെ പേരില്‍ നിന്ന് അതിന്റെ ആത്മാവിനെ അടര്‍ത്തിമാറ്റിയ പേരുമാറ്റമെന്ന വിമർശനം പാര്‍ട്ടിയിൽനിന്നുയർന്നു. 2023-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയകാരണങ്ങളിലൊന്ന് ഈ പേരുമാറ്റമാണെന്നും വിലയിരുത്തലുകളുണ്ട്. 119 നിയമസഭാ സീറ്റിൽ 39 സീറ്റു മാത്രമാണ് സംസ്ഥാന രൂപീകരണം മുതല്‍ ഭരണത്തിലിരുന്ന പാര്‍ട്ടിക്ക് നേടാനായത്.

ദേശീയ തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരത്തോടെ നിലവില്‍ വന്ന പുതിയ പേരിനെ വീണ്ടും പഴയ പേരിലേക്ക് മാറ്റാനുള്ള വഴികള്‍ തേടുകയാണ് കെ.സി.ആറും പാര്‍ട്ടിയും. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് പേരുമാറ്റം സാധ്യമല്ല. നിയമ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സംസ്ഥാനത്ത് ടി.ആര്‍.എസ് എന്നും മറ്റിടങ്ങളില്‍ ബി.ആര്‍.എസ് എന്നും പേര് മാറ്റാനാകുമോ എന്ന് പാര്‍ട്ടി പരിശോധിക്കും. നിയമപരമായി അതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

മാത്രമല്ല, സംസ്ഥാനത്ത് കെ.സി.ആറിന്റെ പ്രഭാവം അവസാനിച്ചതോടെ ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലേക്കും നേതാക്കള്‍ ഒഴുകാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ നിലവില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണ്. എന്‍.ഡി.എക്കും ഇന്ത്യ മുന്നണിക്കും ഇടയിലുള്ള നിലനിൽപ് കെ.സി.ആറിനെ സംബന്ധിച്ച് അക്ഷരാർഥത്തിൽ ഞാണിന്മേൽക്കളിയായിരിക്കുകയാണ്. ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. പ്രവീണ്‍ കുമാറിനെ നാഗര്‍കുര്‍ണൂലില്‍ സ്ഥാനാര്‍ഥിയാക്കി, പിന്നാക്കവോട്ടിൽ ബി.ആര്‍.എസ് കണ്ണുവക്കുന്നുണ്ടെങ്കിലും അതൊന്നും ബി.ആർ.എസിനെ രക്ഷിക്കാനിടയില്ല. 2019-ല്‍ ബി.എസ്.പി 1.37 ശതമാനം വോട്ടാണ് നേടിയത്.

ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് ആര്‍.എസ്. പ്രവീണ്‍ കുമാര്‍

രേവന്ത് റെഡ്ഢിയുടെ നേതൃത്വം സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമാണ് നല്‍കുന്നത്. ദക്ഷിണേന്ത്യയിലാകെ, രേവന്ത് കോണ്‍ഗ്രസിന്റെ വിജയപ്രതീകമായി പ്രതിഷ്ഠിക്കുന്നുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പുവിജയത്തിന് പയറ്റിയ തന്ത്രങ്ങള്‍ തന്നെയാണ് രേവന്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പയറ്റുന്നത്. രേവന്ത് സര്‍ക്കാര്‍ നൂറു ദിവസം കൊണ്ട് നടപ്പാക്കിയ ഉറപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് കാമ്പയിന്‍. മാര്‍ച്ച് 17നാണ് രേവന്ത് സര്‍ക്കാര്‍ 100 ദിവസം പൂർത്തിയാക്കിയത്.

2019-ല്‍ കോണ്‍ഗ്രസ് നേടിയ മൂന്നില്‍നിന്ന് ഇരട്ട അക്കത്തിലേക്ക് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് രേവന്തിനുമുന്നിലെ വെല്ലുവിളി. 14 സീറ്റ് എന്നതാണ് രേവന്ത് പാര്‍ട്ടിക്കു നല്‍കിയിരിക്കുന്ന ഉറപ്പ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവച്ച ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ അടക്കമുള്ള മേഖലകളെ കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്റെ പ്ലാനുകള്‍.

ബി.ആര്‍.എസില്‍നിന്ന് കോണ്‍ഗ്രസിലേക്കുവരുന്നവര്‍ക്ക് ആവേശകരമായ സ്വീകരണമാണ് രേവന്ത് ഒരുക്കിയിരിക്കുന്നത്. ബി.ആര്‍.എസിന്റെ ഖയ്‌റാതാബാദ് എം.എല്‍.എയായ ദനം നാഗേന്ദറിന് കോണ്‍ഗ്രസിന്റെ സെക്കന്ററാബാദ് സീറ്റ് നല്‍കാന്‍ രേവന്തിന് ഒട്ടും സംശയമുണ്ടായില്ല. നാഗേന്ദറിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ബി.ആര്‍.എസ് സ്പീക്കര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസിലെത്തിയ മറ്റു രണ്ട് ബി.ആര്‍.എസ് നേതാക്കളില്‍ ഒരാളായ സിറ്റിങ് എം.പി ജി. രഞ്ജിത്ത് റെഡ്ഢിക്കും വികറാബാദ് ജില്ല പരിഷത്ത് ചെയര്‍പേഴ്‌സണ്‍ ജി. സുനിത മഹേന്ദര്‍ റെഡ്ഢിക്കും കോണ്‍ഗ്രസ് ലോക്‌സഭാ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് പ്രചാരണ പരിപാടിയില്‍ നിന്നും

ബി.ജെ.പിയും ബി.ആര്‍.എസില്‍നിന്ന് നേതാക്കളെ റാഞ്ചുന്നുണ്ട്. ബി.ജെ.പിയിലെത്തിയ ബി.ആര്‍.എസിന്റെ മുന്‍ എം.പിമാരും എം.എല്‍.എയുമായ മൂന്നുപേര്‍ക്ക് ബി.ജെ.പി സീറ്റ് നല്‍കി.

ഏപ്രില്‍ 18-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. നിലവി​ലെ സാഹചര്യത്തിൽ 8- 10 സീറ്റ് നേടി കോൺഗ്രസ് മുന്നിലെത്തുമെന്നാണ് സാധ്യതകൾ പ്രവചിക്കുന്നത്. എന്‍.ഡി.എ സഖ്യത്തിന് 3- 4 സീറ്റുവരെയും ബി.ആര്‍.എസിന് 3 സീറ്റും ലഭിച്ചേക്കുമെന്നും പ്രവചനങ്ങളുണ്ട്.

Comments