അയോധ്യയിലെ ഉദ്ഘാടന ചടങ്ങിലേക്ക്
ശങ്കയില്ലാതെ ‘ഇല്ല’ എന്നു പറയാൻ കോൺഗ്രസിനു കഴിയണം

ഭാരത് ജോഡോയുടെ രണ്ടാം ഭാഗമായ ഭാരത് ന്യായ് യാത്രയുമായി പുതുവർഷം മുതൽ രാഹുൽ ഗാന്ധി വീണ്ടും തെരുവിലിറങ്ങുകയാണ്. നീതിക്കു വേണ്ടിയുള്ള അത്തരമൊരു യാത്ര കോൺഗ്രസിന് നയിക്കാൻ കഴിയണമെങ്കിൽ രാമക്ഷേത്ര ഉദ്ഘാടനത്തെ കുറിച്ചും നീതിയുക്തമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയേണ്ടതുണ്ട്.

ന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനം ജന്മം കൊണ്ടിട്ട് 139 വർഷം കഴിഞ്ഞിരിക്കുന്നു. ആ ദിവസത്തെ, കോൺഗ്രസ് ചരിത്രത്തിൽ അടയാളപ്പെടുത്തിയത് നാഗ്പുരിൽ മഹാറാലി സംഘടിപ്പിച്ചാണ്. ‘ഞങ്ങൾ തയ്യാറാണ്’ എന്നതായിരുന്നു റാലിയുടെ മുദ്രാവാക്യം. രാഷ്ട്രീയപരമായും ചരിത്രപരമായും ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ് നാഗ്പുർ. മഹാത്മാ ഗാന്ധി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തതിനും അംബേദ്കർ ബുദ്ധമതം സ്വീകരിച്ചതിനും ഇന്ദിരാഗാന്ധി എ ഐ സി സി പ്രസിഡന്റായതിനും നാഗ്പുരിന്റെ മണ്ണ് സാക്ഷിയാണ്.

എന്നാൽ ഇവയേക്കാൾ പ്രാധാന്യം, രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനം കുടികൊള്ളുന്ന മണ്ണിൽ കോൺഗ്രസിന് ‘ഞങ്ങൾ തയ്യാറാണ്’ എന്ന് പ്രഖ്യാപിക്കാൻ കഴിയുന്നു എന്നുള്ളതാണ്. ആ പ്രഖ്യാപനം 2024- ലെ തെരഞ്ഞെടുപ്പിനെക്കാളുപരി ‘സംഘപരിവാറിനെ നേരിടാൻ ഞങ്ങൾ തയ്യാറാണ്’ എന്ന ആഹ്വാനം കൂടിയായി വായിക്കപ്പെടേണ്ടതായിരുന്നു. അതേസമയം, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്ന് ശങ്കിച്ചു നിൽക്കുന്ന കോൺഗ്രസ്, ‘തങ്ങൾ തയ്യാറായിട്ടില്ല’ എന്ന് ഒരിക്കൽ കൂടി പറഞ്ഞുവയ്ക്കുകയാണ് ചെയ്യുന്നത്.

നാഗ്പൂരിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു
നാഗ്പൂരിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം കേവലം മതപരമോ ആത്മീയമോ ആയ പ്രവർത്തിയല്ല എന്നുമാത്രമല്ല, ഹിന്ദു മതം ഉൾപ്പടെയുള്ള ലോകത്തിലെ സകല മതങ്ങളോടുമുള്ള നിന്ദയും വഞ്ചനയുമാണ്. രാമായണത്തിലെ ‘മാ നിഷാദ’ അഥവാ ‘അരുത് കാട്ടാളാ’ എന്ന വാക്യം ഹിംസയോടാണ് ‘അരുത്’ എന്ന് പ്രഖ്യാപിക്കുന്നത്. അതേ ഹിംസയുടെ മുകളിൽ പടുത്തുയർത്തിയ കെട്ടിടത്തിൽ രാമൻ കുടികൊള്ളുന്നു എന്നു വിശ്വസിക്കാൻ അവിടെ ഹിംസ ചെയ്തവർക്ക് കഴിയുമായിരിക്കും. പക്ഷേ മനുഷ്യത്വം അല്പമെങ്കിലും അവശേഷിക്കുന്നവർക്ക് എങ്ങനെയാണ് അതിന് കഴിയുക? രാവണൻ എന്നാൽ കരയിപ്പിക്കുന്നവൻ എന്നും രാമൻ എന്നാൽ രമിപ്പിക്കുന്നവൻ അഥവാ സന്തോഷിപ്പിക്കുന്നവൻ എന്നുമാണ് വാചികാർഥം. വിശ്വാസപ്രകാരം ഈ അർഥം വഹിക്കുന്ന രാമനെ ഈ രാജ്യത്തെ വലിയൊരു അനീതിക്ക് കാരണക്കാരനാക്കിയാണ് ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്. രാമൻ എവിടെ കുടികൊള്ളുന്നോ അവിടെയാണ് അയോധ്യ എന്നതാണ് രാമായണ സങ്കല്പം. പിതാവിന്റെ വാക്കിനെ മാനിച്ച് രാമൻ ഉപേക്ഷിക്കാൻ തയ്യാറായ അതേ അയോധ്യക്കു വേണ്ടിയാണ് ഈ രാജ്യത്ത് ഇത്രത്തോളം ഹിംസ അരങ്ങേറിയത് എന്നതാണ് വിരോധാഭാസം. രാമായണത്തിൽ പ്രതിപാദിക്കുന്ന ഒരു സ്ഥലത്തിന്റെ പേരിൽ നടന്ന കപട യുദ്ധം രാജ്യത്തെ സമാധാനം തകർക്കാനുള്ള ബോധപൂർവശ്രമമായിരുന്നു. മാത്രമല്ല, നൂറുകണക്കിന് രാമായണങ്ങൾ ഉള്ളതിൽ, രാമൻ ജനിച്ച അയോധ്യ ഇന്ത്യയിലല്ലെന്ന് വിശ്വസിക്കുന്ന രാമായണങ്ങൾ പോലുമുണ്ട്. രാമൻ ജനിച്ചത് നേപ്പാളിലാണെന്ന അവകാശവാദവുമായി മുൻ നേപ്പാൾ പ്രധാനമന്ത്രി കെ. പി. ശർമ്മ ഒലി പോലും രംഗത്തുവന്നിരുന്നു.

‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന രാഹുൽ ഗാന്ധിയുടെ ആദർശത്തിന്റെ കരുത്ത് അളക്കാൻ പോകുന്ന നിമിഷം കൂടിയാണ് രാമക്ഷേത്ര ഉദ്ഘാടനവേദി.

1925- ൽ നാഗ്പൂരിൽ രൂപീകരിക്കപ്പെട്ട ആർ എസ് എസിന് അതിന്റെ ചരിത്രത്തിലെ വലിയ മുന്നേറ്റം സാധ്യമായത് ബാബറി മസ്ജിദ് തകർക്കപ്പെട്ടശേഷമാണ്. ഇതിഹാസങ്ങളിലെ യുദ്ധസങ്കൽപ്പങ്ങളെ ചികഞ്ഞുമാറ്റി അതിൽ അഹിംസ കുടികൊള്ളുന്നു എന്ന് വ്യാഖ്യാനിച്ച ഗാന്ധിയൻ വീക്ഷണത്തെ തകർത്ത്, ഹിന്ദുമതത്തെ വീണ്ടും ഹിംസയുടെ പാതയിലേക്ക് നയിച്ചുകൊണ്ടാണ് അവർ ഈ നേട്ടം കൈവരിച്ചത്. ഗാന്ധി എന്തുകൊണ്ട് ഹിന്ദുത്വവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു എന്ന ചോദ്യത്തിന്റെ അടിസ്ഥാന ഉത്തരവും കുടികൊള്ളുന്നത് ഇവിടെയാണ്. ഹിന്ദു മതം ഇന്ന് അവകാശപ്പെടുന്ന സഹിഷ്ണുതയുടെ മതമെന്ന ഖ്യാതി സ്വന്തമാക്കാൻ അതിനെ സഹായിച്ചവരിൽ പ്രധാനി ഗാന്ധിയാണ്. സഹിഷ്ണുതയുള്ളവരും, അപരമത വിദ്വേഷം ഇല്ലാത്തവരും, സമാധാനകാംക്ഷികളുമായി ഗാന്ധി ഹിന്ദു ജനതയെ മാറ്റിത്തീർക്കുമെന്ന ഭയം കൂടിയാണ് ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് തറച്ചു കയറിയ വെടിയുണ്ടകൾക്കുപിന്നിൽ.

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ചില ദ്വന്ദങ്ങൾ ഉയർത്തിക്കൊണ്ട് ‘നിങ്ങൾ ആർക്കൊപ്പമാണ്’ എന്ന ചോദ്യം ഉന്നയിച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടത്, നിങ്ങൾ ഗാന്ധിപക്ഷത്താണോ ഗോഡ്സെ പക്ഷത്താണോ എന്ന ചോദ്യമാണ്. ഇതേ ചോദ്യം കോൺഗ്രസിലെ മുതിർന്ന നേതാക്കളോട് രാഹുൽ ചോദിക്കേണ്ടി വരുന്ന പരിതസ്ഥിതിയിലാണ് അയോധ്യ വിഷയത്തിൽ കോൺഗ്രസ് വന്നുനില്ക്കുന്നത്. ‘വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കാം’ എന്ന രാഹുൽ ഗാന്ധിയുടെ ആദർശത്തിന്റെ കരുത്ത് അളക്കാൻ പോകുന്ന നിമിഷം കൂടിയാണ് രാമക്ഷേത്ര ഉദ്ഘാടനവേദി.

1925 ൽ നാഗ്പൂരിൽ രൂപീകരിക്കപ്പെട്ട ആർ.എസ്.എസിന് അതിന്റെ ചരിത്രത്തിലെ വലിയ മുന്നേറ്റം സാധ്യമായത് ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷമാണ്
1925 ൽ നാഗ്പൂരിൽ രൂപീകരിക്കപ്പെട്ട ആർ.എസ്.എസിന് അതിന്റെ ചരിത്രത്തിലെ വലിയ മുന്നേറ്റം സാധ്യമായത് ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷമാണ്

അനീതിക്കുമുകളിൽ കെട്ടിയുയർത്തിയ ഒരു സ്ഥാപനത്തിന്റെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകം കൂടിയായ ഒരു കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മനസില്ല എന്ന് സംശയം തെല്ലുമില്ലാതെ പറയാൻ കഴിയുന്നില്ലെങ്കിൽ ആശയപരമായി ബി ജെ പിയിൽ നിന്ന് വേർതിരിക്കാൻ കഴിയുന്നതൊന്നും കോൺഗ്രസിന് അവശേഷിക്കാതെ പോകും. 

വർഗ്ഗീയതക്കുമുന്നിൽ മുട്ടുമടക്കി അധികാരം നേടാൻ കഴിഞ്ഞാലും ഭരിക്കുക വർഗ്ഗീയത തന്നെയായിരിക്കും എന്ന തിരിച്ചറിവ് ഇന്നത്തെ കോൺഗ്രസിന് ഉണ്ടാകേണ്ടതുണ്ട്.

അതേസമയം, രാമക്ഷേത്ര ഉദ്ഘാടനം കോൺഗ്രസിനുമുന്നിൽ തുറന്നുവയ്ക്കുന്നത് ചരിത്രപരമായ സാധ്യതകൾ കൂടിയാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നെഹ്റുവിയൻ രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോകാനുള്ള അസുലഭ അവസരമാണ്. വോട്ട് നേടുക എന്നതിനപ്പുറം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേറെയും ചില തൊഴിലുകളുണ്ട് എന്ന് തെളിയിക്കാനുള്ള സാഹചര്യമാണ് കോൺഗ്രസിനുമുന്നിൽ സംജാതമായിരിക്കുന്നത്. ഇന്ത്യ എന്ന രാജ്യത്തിന് ഒരു ജനാധിപത്യ മതേതര ഭരണഘടന രൂപീകരിക്കപ്പെടുന്നതിൽ ഏറ്റവും കൂടുതൽ അധ്വാനിച്ച പ്രസ്ഥാനങ്ങളിലൊന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ആ പ്രസ്ഥാനം നിലനില്ക്കുമ്പോൾ തന്നെ രാജ്യത്തെ മതേതര ഭരണഘടനയെ മനുസ്മൃതി കൊണ്ട് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് അയോധ്യയിൽ ഉദ്ഘാടനം കുറിയ്ക്കുമ്പോൾ, ആ ചടങ്ങിന് സാക്ഷിയാകാൻ ഇന്നത്തെ കോൺഗ്രസ് നേതൃത്വം മുതിർന്നാൽ അവർ പണയം വയ്ക്കുന്നത് സ്വന്തം അസ്ഥിത്വത്തെ തന്നെയാണെന്ന് പറയേണ്ടി വരും.

ചരിത്രത്തിലെ ചില നിമിഷങ്ങളുണ്ട്. ആ നിമിഷങ്ങളിൽ സ്വീകരിക്കുന്ന ശരിയായ ഒരു തീരുമാനം അത്തരത്തിൽ ആയിരം ശരിയായ തീരുമാനങ്ങൾ സ്വീകരിക്കാനുള്ള ശക്തി നല്കും. അയോധ്യയിലെ ഉദ്ഘാടന ചടങ്ങിലേക്ക്
‘ഇല്ല’ എന്നു പറയാൻ സാധിച്ചാൽ കോൺഗ്രസിനെ കാത്തിരിക്കുന്നതും ഇതേ അവസരമാണ്. ഇനിയൊരിക്കലും മൃദുഹിന്ദുത്വ എന്ന പരാജയ തന്ത്രവുമായി മുന്നോട്ട് പോകേണ്ടിവരില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്താണോ തങ്ങളുടെ ആശയം അതിൽ അടിയുറച്ചു തെല്ലും കാപട്യം ഇല്ലാതെ മുന്നോട്ട് പോകാൻ ഇത് കോൺഗ്രസിനെ സഹായിക്കും.

അയോധ്യയിൽ ഉയരുന്ന പുതിയ രാമക്ഷേത്രത്തിന്റെ മാതൃക
അയോധ്യയിൽ ഉയരുന്ന പുതിയ രാമക്ഷേത്രത്തിന്റെ മാതൃക

രാഷ്ട്രീയത്തിൽ അധ്വാനത്തിന്റെ ഫലം ലഭിക്കുക ഒരുപക്ഷേ വൈകിയായിരിക്കും. പക്ഷേ അധ്വാനിക്കുക എന്നത് പ്രാധാനമാണ്. ഗാന്ധിയൻ വീക്ഷണത്തിൽ ലക്ഷ്യം പോലെ തന്നെ മാർഗ്ഗവും പ്രധാനമാണ്. അധികാരമല്ല ലക്ഷ്യമെന്ന തിരിച്ചറിവാണ് കോൺഗ്രസിനുണ്ടാകേണ്ടത്. ലക്ഷ്യം ഭരണഘടനാമൂല്യങ്ങളുടെ സംരക്ഷണമാണ്. ഹിംസയിലൂടെ നേടുന്ന അധികാരം നിർമിക്കുന്നതും ഹിംസയായിരിക്കും എന്ന ബോധ്യം ഉണ്ടായിരുന്നയാളാണ് ഗാന്ധി. വർഗ്ഗീയതക്കുമുന്നിൽ മുട്ടുമടക്കി അധികാരം നേടാൻ കഴിഞ്ഞാലും ഭരിക്കുക വർഗ്ഗീയത തന്നെയായിരിക്കും എന്ന തിരിച്ചറിവ് ഇന്നത്തെ കോൺഗ്രസിന് ഉണ്ടാകേണ്ടതുണ്ട്. അയോധ്യയിൽ ഉദ്ഘാടനത്തിൽ പങ്കെടുത്തത്തിന്റെ പേരിൽ ഒരു വോട്ട് പോലും കോൺഗ്രസിന് അധികം ലഭിക്കാൻ പോകുന്നില്ല എന്നതാണ് യാഥാർഥ്യം.

വളരെ ചെറിയൊരു വിഭാഗം ജനങ്ങൾ മാത്രമാണ് രാമക്ഷേത്രം നോക്കി വോട്ട് ചെയ്യുക. ഭൂരിപക്ഷത്തെയും ബാധിക്കുന്നത് പട്ടിണിയും, വിലക്കയറ്റവും, തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളാണ്. അതിലേക്ക് രാഷ്ട്രീയ ചർച്ചകളെ കൂടി കൊണ്ടുവരാൻ കഴിഞ്ഞാൽ കോൺഗ്രസിന് നിരാശപ്പെടേണ്ടി വരില്ല.

നെഹ്റു സരയുവിൽ എറിയാൻ ആവശ്യപ്പെട്ട വിഗ്രഹമാണ് അവിടെ ഉയരാൻ പോകുന്നതെന്ന ബോധ്യം കോൺഗ്രസിനുണ്ടാകേണ്ടതുണ്ട്. രാജീവ് ഗാന്ധിയുടെയോ ഇന്ദിരയുടെയോ കല്ലറ പൊളിച്ച് ആ സ്ഥാനത്ത് ഒരു ബി ജെ പി ഓഫീസ് നിർമിച്ചാൽ അതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനുള്ള ‘ വിശാല മനസ്കത’ കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകുമോ എന്നുകൂടി അവർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. കാരണം ഇത് കേവലം അയോധ്യയിലോ ഒരു ബാബറി പള്ളിയിലോ അവസാനിക്കാൻ പോകുന്നില്ല എന്നതാണ് ചരിത്രം നല്കുന്ന സന്ദേശം. ഈ രാജ്യത്ത് ഇനിയും അവർ കാണാൻ ആഗ്രഹിക്കാത്ത സ്ഥാപനങ്ങളും വ്യക്തികളും തകർക്കപ്പെടുകയും ഹിന്ദുത്വ ബിംബങ്ങളാൽ അത്തരം ഇടങ്ങൾ ‘നവീകരിക്ക’പ്പെടുകയും ചെയ്യും. ഇന്ന് രാമക്ഷേത്ര ഉദ്ഘാടനത്തിന് സാക്ഷിയാകാൻ കോൺഗ്രസ് തുനിഞ്ഞാൽ എ ഐ സി സി ആസ്ഥാനവും ബുൾഡോസറുകളാൽ നീക്കം ചെയ്യപ്പെടുന്ന കാലം വിദൂരമല്ല.

അഭിപ്രായം പറയാൻ ശങ്കിച്ചുനിന്നും, ആവശ്യത്തിലേറെ സമയമെടുത്തും രാഷ്ട്രീയ എതിരാളികൾക്ക് നേട്ടമുണ്ടാക്കാനുള്ള അവസരം കോൺഗ്രസ് സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. ഇനി ‘പോകുന്നില്ല’ എന്ന നിലപാട് സ്വീകരിക്കുന്നെങ്കിൽ വ്യക്തവും സ്പഷ്ടവുമായി അത് അവതരിപ്പിക്കാൻ കഴിയേണ്ടതുണ്ട്. ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന് കാണിച്ചുകൊണ്ട് സി പി ഐ- എം പുറപ്പെടുവിച്ച പ്രസ്താവനയിൽ പോലും മതവും രാഷ്ട്രീയവും കൂട്ടികുഴയ്ക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലാത്തതുകൊണ്ട് പങ്കെടുക്കുന്നില്ല എന്ന ന്യായീകരണം മാത്രമാണ് പറഞ്ഞുവച്ചത്. കോൺഗ്രസ് പുറപ്പെടുവിക്കുന്ന പ്രസ്താവനയിൽ ന്യൂനപക്ഷങ്ങൾക്കും ഇന്ത്യൻ മതേതര സങ്കൽപ്പങ്ങൾക്കുമേറ്റ മുറിവിൽ നിന്നും നിർമിച്ച കെട്ടിടമായതിനാലാണ് പങ്കെടുക്കാത്തത് എന്ന വ്യക്തതയുണ്ടാകണം.

ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു, മഹാത്മാഗാന്ധി

ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ടപ്പോഴും 19 ശതമാനത്തിന് മുകളിൽ വോട്ടുള്ള ഇന്ത്യയിലെ ഏക പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. ഇനിയെന്തു നിലപാട് സ്വീകരിച്ചാലും അതിലും പിന്നിലേക്ക് കോൺഗ്രസ് വീഴില്ല എന്നത് ഉറപ്പാണ്. അതിനാൽ തന്നെ സ്വന്തം അസ്ഥിത്വത്തെ പ്രഖ്യാപിക്കാൻ ലഭിച്ച ഈ അവസരം കോൺഗ്രസ് വിനിയോഗിക്കേണ്ടതുണ്ട്. വളരെ ചെറിയൊരു വിഭാഗം ജനങ്ങൾ മാത്രമാണ് രാമക്ഷേത്രം നോക്കി വോട്ട് ചെയ്യുക. ഭൂരിപക്ഷത്തെയും ബാധിക്കുന്നത് പട്ടിണിയും, വിലക്കയറ്റവും, തൊഴിലില്ലായ്മയും പോലുള്ള വിഷയങ്ങളാണ്. അതിലേക്ക് രാഷ്ട്രീയ ചർച്ചകളെ കൂടി കൊണ്ടുവരാൻ കഴിഞ്ഞാൽ കോൺഗ്രസിന് നിരാശപ്പെടേണ്ടി വരില്ല.

ഭാരത് ജോഡോയുടെ രണ്ടാം ഭാഗമായ ഭാരത് ന്യായ് യാത്രയുമായി പുതുവർഷം മുതൽ രാഹുൽ ഗാന്ധി വീണ്ടും തെരുവിലിറങ്ങുകയാണ്. നീതിക്കു വേണ്ടിയുള്ള അത്തരമൊരു യാത്ര കോൺഗ്രസിന് നയിക്കാൻ കഴിയണമെങ്കിൽ രാമക്ഷേത്ര ഉദ്ഘാടനത്തെ കുറിച്ചും നീതിയുക്തമായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയേണ്ടതുണ്ട്.

Comments