പി.എസ്. റഫീഖ്

ഒരു മഹാവഞ്ചന, എനിക്കുമുന്നിൽ
വഞ്ചനയുടെ നീണ്ട ശൃംഖലയായി മാറുകയാണ്…

മദ്രസയിൽ പഠിച്ച്, ബാങ്കു വിളിച്ചും നിസ്കരിച്ചും വിശ്വാസിയായി ജീവിച്ച്, പിന്നീട്, വിശ്വാസിയോ അവിശ്വാസിയോ അല്ലാത്ത ഒരാളായി മാറിയ ഒരു വ്യക്തി, സമകാല സന്ദർഭത്തിൽ, ഇന്ത്യ എന്ന ആശയത്തെ എങ്ങനെയാണ് വീണ്ടെടുക്കേണ്ടത് എന്ന് ചോദ്യത്തിന് ഉത്തരം തേടുകയാണ്. പി.എസ്. റഫീഖ് എഴുതുന്നു.

ള്ളിയുമായി ബന്ധപ്പെട്ടാണ് എന്റെ ബാല്യകാല ഓർമകളിൽ നല്ലൊരു ഭാഗവുമുള്ളത്. പിതാവ് കറകളഞ്ഞ ഭക്തനായിരുന്നു. നെഹ്റുവിനെയും ഗാന്ധിയെയും കോൺഗ്രസിനെയും ഇഷ്ടപ്പെട്ടിരുന്ന ഒരാൾ. എന്നാൽ രാഷ്ട്രീയക്കാരനായിരുന്നില്ല. വർഗീയവാദിയുമായിരുന്നില്ല.

ഞാൻ പഠിച്ച മദ്റസകൾ മറ്റു മതസ്ഥരെ വെറുക്കാൻ പഠിപ്പിച്ചിട്ടില്ല. ഒരു മദ്റസാധ്യാപകൻ എന്നും ദാരിദ്ര്യത്തിൽ മുങ്ങിയാണ് ജീവിക്കുക. മിക്കവാറും നാലോ അഞ്ചോ മക്കളുണ്ടാകും. പള്ളിയിൽ നിന്നു കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല. ഇന്നും മദ്റസാധ്യാപകന്റെ സ്ഥിതിക്ക് വ്യത്യാസമൊന്നുമില്ല. ഒരു മഹല്ലിലെ ജനങ്ങളും പള്ളിയും ചേർന്നാണ് ഉസ്താദിനെ നിലനിർത്തുന്നത്. സംഘപരിവാർ പ്രചരിപ്പിക്കുന്നതുപോലെ ഒരു സർക്കാരും അവർക്ക് ശമ്പളം കൊടുക്കുന്നില്ല.

ജവര്‍ഹര്‍ലാല്‍ നെഹ്റുവും മഹാത്മാഗാന്ധിയും

പറഞ്ഞുവന്നത് അതല്ല.
ദാരിദ്ര്യമുള്ള ഉസ്താദുമാരും ദാരിദ്ര്യമുള്ള എന്റെ പിതാവും എളുപ്പം അടുപ്പത്തിലാവും. അതുവഴി ഉസ്താദിന്റെ പ്രത്യേക മേൽനോട്ടം എന്റെ മേലുണ്ടാകും. അതു ചിലപ്പോൾ ചുട്ട അടിയായും അല്ലെങ്കിൽ ഉസ്താദിന് വീടുകളിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ വിഹിതമായും ലഭിക്കും. ഉസ്താദുമാർ മാത്രമല്ല, മദ്റസയിൽ അധ്യാപകരായി വനിതകളുമുണ്ട്. അവരുടെയും ചൂരൽ പ്രയോഗങ്ങളുണ്ടാകും.

മാടവന മുഹ്‌യുദ്ധീൻ ജമാഅത്ത് പള്ളി മദ്റസയിലായിരുന്നു മിക്കവാറും എന്റെ മദ്റസാ പഠനം. ആ പള്ളിയിലായിരുന്നു ഞങ്ങൾ മദ്റസാ വിദ്യാർത്ഥികൾ ഊഴമിട്ട് ബാങ്കു വിളിച്ചത്.

ഒരധ്യാപകനോ അധ്യാപികയോ ഹിന്ദു രാജാക്കന്മാർ മുസ്‍ലിംകളെ മുഴുവൻ കൊന്നൊടുക്കിയെന്നോ, ഹിന്ദു മുസ്‍ലിമിനെതിരാണെന്നോ ഞങ്ങളെ പഠിപ്പിച്ചില്ല. ഇസ്‍ലാമിക രാജ്യമാണ് നാം ലക്ഷ്യമിടുന്നതെന്നോ പറഞ്ഞില്ല. മറിച്ച് പരലോക ജീവിതവും ശാശ്വതമായ സ്വർഗ്ഗവും ജൂതന്റെ ശവശരീരം കൊണ്ടുപോകുമ്പോൾ എഴുന്നേറ്റു നിന്നു ബഹുമാനിച്ച തിരുനബിയുടെ കാരുണ്യവും ഉമറിന്റെ ത്യാഗവും കറുത്ത അടിമയായ ബിലാലിനെക്കൊണ്ട് ആദ്യമായി ബാങ്കു വിളിപ്പിച്ച് വെളുത്ത അറബിയെക്കൊണ്ട് അംഗീകരിപ്പിച്ചതും നായക്ക് വെള്ളം കൊടുത്ത സ്ത്രീ സ്വർഗ്ഗത്തിൽ പോയതും ഒക്കെയാണ് അവർ ഞങ്ങളുടെ ഉള്ളുകളിൽ നിറച്ചത്. മറ്റെന്തിനും മീതെ അല്ലാഹുവിനെയാണവർ ഉയർത്തിവെക്കുന്നത്. നന്മയും തിന്മയും ദൈവത്തിന്റെ വിധിയനുസരിച്ചാണെന്നാണവർ വിശ്വസിക്കുന്നത്. അതു മാത്രമാണ് അവരുടെ പ്രതീക്ഷയും. അന്യായമായി ഒരാളുടെ രക്തം ചിന്തുന്നതും മുതൽ അപഹരിക്കുന്നതും ഇസ്‍ലാമിൽ കൊടിയ പാപങ്ങളാണ്.

മാടവന മുഹ്‌യുദ്ധീൻ ജമാഅത്ത് പള്ളി മദ്റസയിലായിരുന്നു മിക്കവാറും എന്റെ മദ്റസാ പഠനം. ആ പള്ളിയിലായിരുന്നു ഞങ്ങൾ മദ്റസാ വിദ്യാർത്ഥികൾ ഊഴമിട്ട് ബാങ്കു വിളിച്ചത്. നിസ്ക്കരിക്കാൻ പഠിച്ചത്. അവിടത്തെ പള്ളിക്കുളത്തിലാണ് നീന്താൻ പഠിച്ചത്. പാതിരയിൽ ഉപ്പയുടെ കൂടെ വരും, അദ്ദേഹം പള്ളിക്കുളത്തിൽ കുളിച്ചു കഴിയുന്നതുവരെയോ നിസ്ക്കരിച്ചു കഴിയുന്നതുവരെയോ ഉറക്കം തൂങ്ങി കുളപ്പടവുകളിലിരിക്കും.

ഞാൻ പഠിച്ച മദ്റസകൾ മറ്റു മതസ്ഥരെ വെറുക്കാൻ പഠിപ്പിച്ചിട്ടില്ല. ഒരു മദ്റസാധ്യാപകൻ എന്നും ദാരിദ്ര്യത്തിൽ മുങ്ങിയാണ് ജീവിക്കുക.

ഇന്ന് ഞാൻ വിശ്വാസിയോ അവിശ്വാസിയോ അല്ല. ബാബറി മസ്ജിദ് പൊളിക്കുമ്പോൾ ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന എനിക്ക് അന്ന് മാടവന ജുമാ മസ്ജിദ് പോലെയാണ് ഏതു പള്ളിയും. അക്കാലത്തെ ഏതോ ഫ്രണ്ട്ലൈൻ മാഗസിന്റെ കവർ ചിത്രത്തിൽ ‘മഹത്തായ വഞ്ചന’ (The greate betrayal) എന്ന് രേഖപ്പെടുത്തിയത് കണ്ടിട്ടുണ്ട്.

പള്ളി പൊളിച്ചതിനു പിന്നാലെ മുതിർന്ന ആളുകളുടെ മുഖങ്ങളിലെല്ലാം കനത്ത നിശ്ശബ്ദതയും വ്യസനവുമുണ്ടായിരുന്നത് എനിക്കോർമ്മയുണ്ട്. ഒരു ബോധ്യവുമുറച്ചിട്ടില്ലെങ്കിലും രാജ്യത്ത് വിനാശകരമായതെന്തോ സംഭവിക്കുന്നു എന്ന തോന്നലുണ്ടായിരുന്നതും ഓർമയിലുണ്ട്. മുസ്‍ലിം ചെറുപ്പക്കാരുടെ സംഘങ്ങളും ഐ.എസ്.എസും മഅ്ദനിയും ബോംബേറും തീവ്രവാദി സീലുകളുടെ നിർമാണവും കൈവെട്ടും എല്ലാം 92 ഡിസംബർ ആറിന്റെ തുടർച്ചകളായിരുന്നു. മഅ്ദനി കൊല്ലങ്ങളോളം വിചാരണ കൂടാതെ ജയിലിൽ കിടന്നു. മഅ്ദനിയുടെ കാൽ ബോംബിട്ടു തകർത്തവർ കേസിൽ നിന്ന് രക്ഷ നേടി. അങ്ങനെയൊരു സംഭവമുണ്ടായതായി ആരും ഓർക്കുന്നുപോലുമില്ല. എന്നാൽ ജോസഫ് മാഷിന്റെ കൈ വെട്ടിയ തീവ്രവാദികളെ കോടതി ഉചിതമായി ശിക്ഷിച്ചു. ബോംബെ കലാപത്തിന് പരസ്യമായി ആഹ്വാനം ചെയ്ത ബാൽ താക്കറെയെ ദേശീയ ബഹുമതികളോടെ സംസ്ക്കരിച്ചു.

1992 ഡിസംബര്‍ മുതല്‍ 1993 ജനുവരി വരെ നീണ്ടുനിന്ന ബോംബെ കലാപത്തില്‍ നിന്ന്

ഇന്ന് ബാബറി മസ്ജിദ് ഒരു മുസ്‍ലിം പ്രശ്നമായി തോന്നുന്നുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ അല്ലേയല്ല എന്നായിരിക്കും ഞാൻ പറയുക. അതൊരു മുസ്‍ലിം പ്രശ്നമായി നിൽക്കേണ്ടതും നില നിർത്തേണ്ടതും ആഗോള തീവ്ര വലതു പക്ഷത്തിന്റെയും ചങ്ങാത്ത മുതലാളി കൂട്ടുകെട്ടിന്റെ ആവശ്യമാണ്. ആഗോള ഭീമന്മാരുടെ ആവശ്യമാണ്. ലോക മാർക്കറ്റിന്റെ ആവശ്യവും കൂടിയാണ്. മഹത്തായ വഞ്ചന എന്ന ഫ്രന്റ്ലൈൻ മാഗസിന്റെ പ്രയോഗം ഇന്നാലോചിക്കുമ്പോൾ കുറെക്കൂടി വ്യാപ്തിയുള്ളതാണ്. ഇന്ത്യ എന്ന ആശയത്തെയാണ് യഥാർത്ഥത്തിൽ ഫാഷിസ്റ്റുകൾ വഞ്ചിച്ചത്. ഇന്ത്യ എന്ന ആശയം 19,000 ലിപിയുള്ളതും ലിപിയില്ലാത്തതുമായ ഭാഷകളേയും വിവിധ ദേശീയതകളെയും പ്രാദേശികതകളെയും ആചാരാനുഷ്ഠാനങ്ങളെയും വിവിധ ജാതി സ്വത്വങ്ങളെയും വൈവിധ്യങ്ങളെയുമെല്ലാം പേറുന്നു. ഈ മഹാവഞ്ചന, വഞ്ചനയുടെ നീണ്ട ശൃംഘലയായി മാറുന്നതങ്ങനെയാണ്.

അബ്ദുന്നാസിർ മഅ്ദനി

വിവിധ സ്ഥലരാശിയിൽ കിടന്നിരുന്ന ഇവയെല്ലാം തുന്നിച്ചേർക്കപ്പെട്ടത് ഇന്ത്യ എന്ന ആശയം കൊണ്ടാണ്. വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യ മടങ്ങിപ്പോവുക പഴയ നാട്ടു രാജ്യങ്ങളിലേക്ക് ആയിരിക്കുമെന്നതിൽ തർക്കമില്ല. ഇറ്റലിയോ ജർമനിയോ ഫ്രാൻസോ അല്ലാത്ത ബഹുസ്വരസമൂഹമായ ഇന്ത്യ അതിന്റെ സത്ത നഷ്ടപ്പെടുത്തുന്നതിന്റെ മുന്നോടിയായാണ് ഇന്ന് നാം ബാബറി മസ്ജിദിനെ കാണേണ്ടത്. കേരളം ഒറ്റക്കൊരു രാജ്യമായിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. സൗത്ത് ഇന്ത്യ എന്ന പദത്തിന് ഈയിടെ കനം കൂടി വരുന്നുണ്ട്. പ്രിയപ്പെട്ട എഴുത്തുകാരനായ സക്കറിയ, ‘ഞാൻ മലയാളിയാണ്, മലയാളമാണെന്റെ രാജ്യം’ എന്ന് പണ്ടേ പറഞ്ഞിട്ടുണ്ട്. ഇന്ത്യ എന്ന ആശയം ഒരു മിത്ത് ആണെന്നു വന്നാൽ ഈ രാജ്യം അതിജീവിക്കാൻ പ്രയാസമാണ്. 19,000 ഭാഷകളുള്ള ഒരു വലിയ സമൂഹത്തെ ഹിന്ദി- ഹിന്ദു- ഹിന്ദുത്വയോട് ചേർത്തുകെട്ടാൻ ശ്രമിക്കുന്ന സംഘപരിവാർ, പാറമട നടത്തുന്ന മുതലാളി ഭൂമിയെ കാണുന്നതു പോലെയാണ് ഇന്ത്യയെ കാണുന്നത്.

ഇസ്‍ലാമിനെയും ക്രിസ്ത്യാനിറ്റിയെയും കമ്യൂണിസത്തെയും ആലിംഗനം ചെയ്തത് ഇവിടത്തെ 95% വരുന്ന ദ്രാവിഡ വിഭാഗങ്ങളാണ്. ചാതുർവർണ്യത്തിന് വെളിയിലുള്ള ഈ സമൂഹം അവരുടെ രാഷ്ട്രീയം ഉറക്കെ പറയണം. അല്ലെങ്കിൽ ബാക്കി 5%-ന്റെ രാഷ്ട്രീയത്തെ നമുക്ക് തൊണ്ട തൊടാതെ വിഴുങ്ങേണ്ടിവരും.

ബാബറി മസ്ജിദ് മുസ്‍ലിമിന്റേതല്ല, ഇന്ത്യയുടേതാണെന്ന് നമ്മളുറക്കെ പറയേണ്ടിയിരിക്കുന്നു.


പി.എസ് റഫീഖ്

കഥാകൃത്ത്​, തിരക്കഥാകൃത്ത്​, ചലച്ചിത്ര ഗാനരചയിതാവ്​, നടൻ​. സദ്ദാമിന്റെ ബാർബർ, കടുവ എന്നീ കഥാ സമാഹാരങ്ങൾ. നായകൻ, ആമേൻ, ഉട്ടോപ്യയിലെ രാജാവ്, തൊട്ടപ്പൻ എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. അങ്കമാലി ഡയറീസ്, ഗോൾഡ് കോയിൻസ്, ആമേൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.

Comments