നിങ്ങളെ പ്രതിരോധിക്കാന്‍ ഇനി ആരെങ്കിലും എഴുന്നേറ്റ് നില്‍ക്കുമോ? ശ്വേതാ ഭട്ട് ചോദിക്കുന്നു

'കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഭരണകൂടം സഞ്ജീവ് ഭട്ടിനെ നിരന്തരം ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്ന സത്യം ഈ ഭരണകൂടത്തിന് എത്രമാത്രം ഭീഷണി സൃഷ്ടിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്. അമർഷമില്ലാതെ, ഐക്യദാർഢ്യത്തോടെ നമുക്ക് ഒരുമിച്ച് നിൽക്കാം. വിദ്വേഷത്തോടെയല്ല, അചഞ്ചലമായ നിശ്ചയദാർഢ്യത്തോടെ നമുക്ക് ശബ്ദമുയർത്താം. സഞ്ജീവ് ഭട്ടിനോട് കാണിച്ച അനീതിക്കെതിരെ നമുക്ക് പോരാടം. ഇത് കേവലം അനീതി മാത്രമല്ല. സത്യത്തിനെതിരായ ധർമ്മത്തിനെതിരായ മനുഷ്യ സത്തക്കെതിരായ യുദ്ധപ്രഖ്യാപനമാണ്.'

ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്താൽ നിരന്തരം വേട്ടയാടപ്പെടുന്ന, ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേതാ ഭട്ടിന്റെ വാക്കുകളാണിത്.

സഞ്ജീവ് ഭട്ട്

1990ല്‍ നടന്ന കസ്റ്റഡി മരണക്കേസില്‍ നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സഞ്ജീവ് ഭട്ടിനെതിരെ മറ്റൊരു വിധി കൂടി വന്നിരിക്കുന്നു. 1996 ലെ, അതായത് 28 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളൊരു കേസിലാണ് ഭട്ടിനെതിരെയുള്ള പുതിയവിധി. ഈ കേസില്‍ നേരിട്ട് ഇടപെടാത്ത എന്നാല്‍ അന്നത്തെ സ്ഥലം എസ്.പിയായിരുന്ന ഭട്ടിന് 20 വര്‍ഷം തടവും അഞ്ചുലക്ഷം രൂപയുമാണ് കോടതി പിഴ ചുമത്തിയിരിക്കുന്നത്.

1996ൽ ബനസ്‌കന്ധയിൽ സഞ്ജയ് ഭട്ട് എസ്.പിയായിരിക്കെ 1.5 കിലോഗ്രാം മയക്കുമരുന്നുമായി ഒരു അഭിഭാഷകനെ പിടികൂടിയിരുന്നു. ആ കേസ് കെട്ടിച്ചമച്ചതാണെന്നാണ് ആരോപണം.

അവിടെ നിന്നും 22 വർഷങ്ങൾക്കുശേഷം 2018ൽ ഇതേകേസിൽ ഗുജറാത്ത് സി.ഐ.ഡി സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു. ആ കാലയളവിൽ ജാമ്യം പോലും ലഭിക്കാതെ ഭട്ട് വിചാരണതടവിന് വിധേയനായി. കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരംപോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിനൊപ്പം ശക്തമായി നിലകൊള്ളുകയും നീതി നിഷേധത്തിനെതിരെ സഞ്ജീവ് ഭട്ടിന്റെ സാമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ സംവദിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ പങ്കാളി ശ്വേത ഭട്ടിനെ അപകടപ്പെടുത്താനുള്ള ശ്രമങ്ങൾ പോലും നടന്നു. ആ പ്രതിസന്ധിയേയും അദ്ദേഹവും കുടുംബവും മറികടന്നു. അതേ കേസിലാണ് കഴി‍ഞ്ഞ ദിവസം വിധിപറഞ്ഞത്.

നിലവിലെ ശിക്ഷാകാലാവധിയായ ജീവപര്യന്തം പൂർത്തിയാക്കിയതിന് ശേഷമായിരിക്കും 20 വർഷമെന്ന ശിക്ഷ അനുഭവിക്കേണ്ടി വരുക. അതായത് നിലവില്‍ വിചാരണ തടവുകാരനായി കഴിയുന്ന സഞ്ജീവ് ഭട്ട് ഇനി ഒരിക്കലും പുറം ലോകം കാണരുതെന്ന് ഉറപ്പിക്കുന്ന വധിയാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ പ്രത്യേക എന്‍.ഡി.പി.എസ് കോടതിയില്‍ നിന്നും പുറത്ത് വന്നത്.

സഞ്ജീവ് ഭട്ട് പങ്കാളി ശ്വേത ഭട്ടിനൊപ്പം

ഗുജറാത്ത് കോടതിയിൽ അപ്പീൽ നൽകുക എന്നതാണ് ഇനി സഞ്ജീവ് ഭട്ടിന്റെ കുടുംബത്തിന് മുന്നിലുള്ള ഏകവഴി. കോടതി പോലും ഭരണകൂടത്തിന്റെ കളിപ്പാവയാകുന്ന ഈ കാലത്ത് അനുകൂല വിധി ഒരുപാട് അകലെയാണ്. എങ്കിലും ഈ പോരാട്ട വീര്യം അടങ്ങില്ലായെന്ന് തന്നെയാണ് വിധിക്ക് ശേഷമുള്ള സഞ്ജീവ് ഭട്ടിന്റെ പങ്കാളി ശ്വേതാ ഭട്ടിന്റെ വാക്കുകളില്‍ മുഴങ്ങുന്നത്.

“ചെയ്യാത്ത കുറ്റത്തിന് മരണംവരെയും മരണശേഷവും സഞ്ജീവ് ഭട്ടിനെ ശിക്ഷിക്കാനാണ് ഭരണകൂടം ആഗ്രഹിക്കുന്നത്. ഭരണകൂടവും അവരുടെ ചെരുപ്പ് നക്കികളും ഇത്രയധികം അധപ്പതിക്കില്ലെന്ന് നിങ്ങള്‍കരുതുമ്പോള്‍, അവര്‍ അതിനേക്കാള്‍ താഴ്ചയിലേക്കാണ് ചെന്നുവീഴുന്നത്. ഇത് ജുഡീഷ്യറിയെ പരിഹസിക്കലും നഗ്‌നമായ അധികാര ദുര്‍വിനിയോഗവും മാത്രമല്ല, നിയമത്തിന്റെ തത്ത്വ സംഹിതക്കെതിരായ നീക്കം കൂടിയാണെന്ന് “ സധെെര്യം പറയുന്നുണ്ട് ശ്വേതാ ഭട്ട്.

1990ലെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ഭട്ടിനെതിരെയുള്ള ആദ്യ പ്രതികാര നടപടി ആരംഭിക്കുന്നത്. നഗരത്തിൽ പൊട്ടിപുറപ്പെട്ട വർഗീയ കലാപം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഗുജറാത്ത് നഗരത്തിൽ നിന്നും 150ഓളം ആളുകളെ ഭട്ടിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.

അവരിലൊരാളായ പ്രഭുദാസ് വൈഷ്ണാനി പുറത്തിറങ്ങി ദിവസങ്ങൾക്കു ശേഷം കിഡ്നിരോഗബാധയെ തുടർന്ന് മരിച്ചു. ഈ സംഭവത്തെയാണ് കസ്റ്റഡി മരണമെന്ന നിലയിലേക്ക് മോദി ഭരണകൂടം വ്യാഖ്യനിച്ചത്.

ആ കാലഘട്ടത്തിൽ സംഭവിച്ച മറ്റെല്ലാ കസ്റ്റഡി മരണകേസുകളും ഒത്തുതീർപ്പാക്കിയപ്പോഴും ഭട്ടിനോടുള്ള വൈരാഗ്യം തീർക്കാന് ബി.ജെ.പി സർക്കാർ ഈ കേസിനെ ദുരുപയോഗിക്കുകയായിരുന്നു. അങ്ങനെയാണ് 2019 ജൂണിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ ലഭിക്കുന്നത്.

എന്തിനായാരിക്കും സഞ്ജീവ് ഭട്ടിന് മേല്‍ വീണ്ടും വീണ്ടും കുരുക്കിടുന്നത് ? അതായത് എന്തിനാണ് മോദി സർക്കാർ സഞ്ജീവ് ഭട്ടിനെ ഇത്രമേല്‍ ഭയക്കുന്നത് ?

സഞ്ജീവ് ഈട്ട് കുടുംബത്തോടൊപ്പം

കാരണമുണ്ട്,

ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റിയെടുത്തതിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഭരണകൂടത്തിന്റെ പങ്ക് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാകുന്നത്. അങ്ങനെയാണ് അയാള്‍ ജയിലിലാകുന്നത്.

2011 ഏപ്രിൽ 14,

ഹിന്ദുത്വ ശക്തികളും സഞ്ജയ് ഭട്ടെന്ന നീതിമാനായ പൊലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള പ്രത്യക്ഷ പോരാട്ടം ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

രാജ്യത്തിന്റെ മനസാക്ഷിയെ ചോദ്യം ചെയ്ത ഗുജറാത്ത് വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുടെ പങ്ക് വെളിവാക്കുന്ന സത്യവാങ്മൂലം ആ കാലയളവിൽ ഗാന്ധിനഗറിലെ ഇന്റലിജൻസ് ബ്യൂറോയുടെ ഡെപ്യൂട്ടി കമ്മീഷ്ണറായിരുന്ന ഭട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ചു. ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം.

ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നടന്ന ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം.പിയായിരുന്ന എഹ്‌സാൻ ജാഫ്രിയുടെ പങ്കാളി കോടതിയെ സമീപിക്കുന്നതോടെയാണ് ഗുജറാത്ത് വംശഹത്യയുടെ പിന്നിലുള്ള ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം നടക്കുന്നത്.

അതിന്റെ ഭാഗമായി 2009ൽ നിയമിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിനുമുന്നിൽ തനിക്കറിയാവുന്ന എല്ലാ സത്യങ്ങളും ഭട്ട് വെളിപ്പെടുത്തി. അതിന്റെ തുടർച്ചയായിരുന്നു 2011ലെ സ്യത്യവാങ്മൂലം.

പ്രത്യേക അന്വേഷണ സംഘത്തിനെതിരെയും അദ്ദേഹം ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 2009ലെ മൊഴിയിൽ അദ്ദേഹം ഉറച്ചുനിന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ എല്ലാകാര്യങ്ങളെയും നിഷേധിച്ചു. തുടർന്ന് 2011 മുതൽ സസ്പെൻഷനിലായിരുന്ന ഭട്ടിനെ 2015 ആഗസ്റ്റ് 19ന് സർവീസിൽ നിന്നും പുറത്താക്കി.

ഗുജറാത്ത് കലാപത്തില്‍ നിന്നും

പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ വിശ്വസിച്ച സുപ്രീംകോടതി ഭട്ടിന്റെ ആരോപണങ്ങൾ തള്ളി. 2009 മുതൽ ബി.ജെ.പി ഭട്ടിന് പിന്നാലെയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായിരുന്നു പിന്നീട് നടന്നതെല്ലാം.

കാക്കിയിട്ട ഭട്ടിനേക്കാൾ ബി.ജെ.പി പേടിച്ചത്, നിർഭയം നിരന്തരം ശബ്ദമുയർത്തുന്ന ഭട്ടിനെയായിരുന്നു. അങ്ങനെയാണ് ഭട്ടിനെ കള്ളകേസിൽ കുടുക്കുന്നത്. അങ്ങനെയാണ് വീണ്ടും വീണ്ടും പഴയ കേസുകള്‍ക്ക് ജീവന്‍ കൊടുത്ത് കോടതിയെ കൊണ്ട് വിധി പ്രസ്താവിപ്പിക്കുന്നത്.

പ്രതിപക്ഷ ശബ്ദങ്ങളെയാകെ ഇല്ലാതാക്കിയാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. എതിര്‍ ശബ്ദങ്ങളെയാകെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന, ഭരണകൂടത്തിന് മുന്നില്‍ വിനീത വിധേയനായി നില്‍ക്കാത്ത സഞ്ജീവ് ഭട്ടിനെ പോലെയുള്ള പോരാളികള്‍ ജനാധിപത്യവിശ്വാസികള്‍ക്ക് പ്രതീക്ഷയാണ്.

പ്രതിപക്ഷ പാര്‍ട്ടികളുടെ അക്കൗണ്ട് മരവിപ്പിച്ചും, പ്രതിപക്ഷ നേതാക്കന്മാരെ ജയിലിലടച്ചും സഞ്ജീവ് ഭട്ട് മുതല്‍ ഉമര്‍ ഖാലിദ് വരെയുള്ളവരെ തടവറക്കുള്ളില്‍ നിയന്ത്രിച്ചും ബി.ജെ.പി അധികാര ദുര്‍വിനിയോഗം നടത്തുമ്പോള്‍ ആ നീക്കങ്ങളെ പ്രതിരോധിക്കാന്‍ രാജ്യം തയ്യാറെടുക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

ഹിന്ദുത്വയുടെ പരീക്ഷണശാലയാക്കി ഗുജറാത്തിനെ മാറ്റിയെടുത്തതിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്ത് ഭരണകൂടത്തിന്റെ പങ്ക് തുറന്നുപറഞ്ഞതോടെയാണ് സഞ്ജീവ് ഭട്ട് സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാകുന്നത്.

സഞ്ജീവിന് നീതി ലഭിക്കുന്നതിനുവേണ്ടി ഞങ്ങള്‍ അവസാന ശ്വാസം വരെയും പോരാടും എന്ന് പറയുന്ന ശ്വേത ഭട്ടിനെ ലോകം കേള്‍ക്കുന്നുണ്ടോ ?

തുടർന്ന് ശ്വേത ഭട്ട് പറയുന്നു, ഒരു സമൂഹമെന്ന നിലയില്‍ ഈ യുദ്ധത്തില്‍ നിങ്ങള്‍ക്കായി പോരാടാനിറങ്ങിയവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍, സഞ്ജീവിനെപോലെയുള്ളവര്‍ കാണിക്കുന്ന ധൈര്യം ഭാവിയില്‍ ആരും കാണിക്കില്ല. ഈ യുദ്ധത്തില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കുന്നവരെ സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ ഭാവിയില്‍ നിങ്ങളെ പ്രതിരോധിക്കാന്‍ ആരെങ്കിലും എപ്പോഴെങ്കിലും എഴുന്നേറ്റ് നില്‍ക്കുമോ?” എന്ന്.

Comments