വരുണ്‍ ഗാന്ധി എങ്ങനെ ബി.ജെ.പി ശത്രുവായി?

ബി.ജെ.പി സീറ്റ് നിഷേധിച്ച പിലിഭിത്തില്‍ തന്നെ 'ഇന്ത്യ' മുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് ബി.ജെ.പിയെ പാഠം പഠിപ്പിക്കാനാണ് വരുണിന്റെ നീക്കം.

Election Desk

രുണ്‍ സഞ്ജയ് ഗാന്ധി; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എക്കാലത്തെയും ആധിപത്യ കുടുംബമായ നെഹ്‌റു കുടുംബത്തിലെ അംഗം തന്നെയാണ്. എന്നാല്‍, എവിടെയാണിപ്പോള്‍, സഞ്ജയ് ഗാന്ധിയുടെയും മേനക ഗാന്ധിയുടെയും ഈ മകനിപ്പോള്‍? ദേശീയ രാഷ്ട്രീയത്തില്‍ തന്നെയുണ്ട്, തന്റെ പ്രസക്തി അറിയിക്കാനുള്ള കഠിന യത്‌നങ്ങളുമായി.

ബി.ജെ.പിയുടെ അഞ്ചാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ പിലിഭിത്തില്‍ സിറ്റിങ് എം.പിയായ വരുണ്‍ തഴയപ്പെട്ടു. 2021-ല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ യു.പി മന്ത്രി ജിതിന്‍ പ്രസാദിനാണ് പിലിഭിത്ത് നല്‍കിയത്. മനേക ഗാന്ധിക്ക് ബി.ജെ.പി യു.പിയിലെ സുല്‍ത്താന്‍പുരാണ് നല്‍കിയത്. പിലിഭിത്ത് നിഷേധിച്ചാല്‍ വരുണ്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തു. പിലിഭിത്തില്‍ 'ഇന്ത്യ' മുന്നണിയുടെ പിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ച് ബി.ജെ.പിയെ പാഠം പഠിപ്പിക്കാനാണ് വരുണിന്റെ നീക്കം.

രുണ്‍ ഗാന്ധി

2009-ലെ ആദ്യ മത്സരത്തില്‍ വരുണ്‍ പിലിഭിത്തില്‍നിന്ന് 4.19 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2019-ലും 44 കാരനായ വരുണ്‍ തന്റെ കുടുംബസീറ്റ് ഉറപ്പിച്ചു. വരുണിനും അമ്മ മനേക ഗാന്ധിക്കും വൈകാരികമായി ഏറെ അടുപ്പമുള്ള മണ്ഡലം കൂടിയാണ് യു.പിയിലെ പിലിഭിത്ത്. രണ്ടു തവണയാണ് വരുണ്‍ പിലിഭിത്തില്‍നിന്ന് ജയിച്ചത്.

ലഖിപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്ക് ഉപയോഗിച്ച വാഹനം കത്തിനശിച്ച നിലയില്‍

വരുണ്‍ ബി.ജെ.പിയുടെ ശത്രു പുത്രനായതില്‍ കാരണങ്ങളുണ്ട്. കുറച്ചുകാലമായി നരേന്ദ്രമോദി- യോഗി ആദിത്യനാഥ് സര്‍ക്കാറുകളുടെ തുറന്ന വിമര്‍ശകനാണ് വരുണ്‍. ലഖിപുര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിഅജയ് കുമാര്‍ മിശ്രക്കെതിരെ വരുണ്‍ നിലപാടെടുത്തിരുന്നു. തൊഴിലില്ലായ്മ, വികസന അവകാശവാദങ്ങളിലെ പൊള്ളത്തരം എന്നീ വിഷയങ്ങളും വരുണിനെ ബി.ജെ.പി ശത്രുവാക്കി. വരുണിന് സീറ്റ് നല്‍കുന്നതില്‍ യു.പി ബി.ജെ.പി ഘടകം എതിര്‍പ്പ് അറിയിച്ചിരുന്നു. കര്‍ഷക പ്രക്ഷോഭത്തിന് നല്‍കിയ പിന്തുണയാണ് ഏറ്റവും ഒടുവിലത്തേത്. കര്‍ഷകരുടെ ആവശ്യം പരിഗണിക്കമെന്നും കര്‍ഷകര്‍ നമ്മുടെ മാസവും രക്തവുമാണെന്നും വരുണ്‍ ഉറച്ച ഭാഷയില്‍ പറഞ്ഞത് ബി.ജെ.പിയെ അമ്പരപ്പിച്ചിരുന്നു. മുസാഫര്‍ നഗറില്‍ ചേര്‍ന്ന കര്‍ഷകരുടെ മഹാ പഞ്ചായത്തിന്റെ ദൃശ്യങ്ങളും വരുണ്‍ പങ്കുവച്ചു. മാത്രമല്ല, പാര്‍ട്ടി പരിപാടികളിലും പാര്‍ലമെന്റ് നടപടികളിലും വരുണ്‍ തീര്‍ത്തും ഒഴിഞ്ഞുനിന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും

ബി.ജെ.പിയിലുള്ള വരുണിന്റെ സ്ഥാനം എക്കാലവും സംശയാസ്പദം കൂടിയായിരുന്നു. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പദവും ബംഗാളിന്റെ ചുമതലയും വരുണിനെ തേടിയെത്തിയെങ്കിലും സംഘടനാകാര്യങ്ങളില്‍ തീരെ താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍, 2017-ല്‍ യു.പി തെരഞ്ഞെടുപ്പില്‍ 'സ്വയം മുഖ്യമന്ത്രി'യായി ചമഞ്ഞ് വരുണ്‍ ചില ഇടപെടലുകള്‍ നടത്തി. സ്വയം നിയന്ത്രിക്കാന്‍ അന്ന് പാര്‍ട്ടി താക്കീതും നല്‍കി. ആ വര്‍ഷം തന്നെ എം.പിമാരുടെ പ്രദേശിക വികസന ഫണ്ടില്‍നിന്ന് ദരിദ്രര്‍ക്കും മുസ്‌ലിംകള്‍ക്കും പിന്നാക്കക്കാര്‍ക്കും ഒരു ഭവനപദ്ധതി വരുണ്‍ പ്രഖ്യാപിച്ചു. ഇതെല്ലാം പാര്‍ട്ടിയില്‍നിന്നുകൊണ്ടുള്ള വിമതപ്രവര്‍ത്തനമാക്കി വരുണ്‍ മാറ്റുകയും ചെയ്തു. പാര്‍ട്ടി സംഘടനാസംവിധാനങ്ങളോടു മാത്രമല്ല, നരേന്ദ്രമോദിയോടുമുള്ള എതിര്‍പ്പ് നയപരിപാടികളുടെ പേരില്‍ പ്രകടിപ്പിക്കുക കൂടി ചെയ്തപ്പോള്‍, വരുണിന്റെ ബി.ജെ.പി ബന്ധം പൂര്‍ണമായും അറ്റു എന്നു പറയാം.

Comments