മൂവാറ്റുപുഴ കടമറ്റത്തുനിന്ന് 75 വർഷം മുമ്പ് വയനാട്ടിലെത്തിയതാണ് മരവെട്ടിക്കൽ കുടുംബാംഗമായ എബ്രഹാം ബെൻഹർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥിയായിരിക്കെ അടിയന്തരാവസ്ഥാ കലത്ത് അറസ്റ്റിന് വിധേയനാവുകയും MISA പ്രകാരം തടവനുഭവിക്കുകയും ചെയ്തു. കക്കയം പോലീസ് ക്യാമ്പിൽ ക്രൂരപീഡനത്തിനിരയായ ബെൻഹർ സമാനകാലത്ത് പോലീസിന്റെ മൂന്നാംമുറയിൽ വധിക്കപ്പെട്ട രാജൻ എന്ന എൻജിനീയറിങ് വിദ്യാർത്ഥിയുടെ കഥ ലോകത്തോട് വിളിച്ചു പറഞ്ഞു. സോഷ്യലിസ്റ്റ് ചിന്താധാരയോടൊപ്പം എക്കാലവും നിലയുറപ്പിച്ച ബെൻഹർ സാമൂഹ്യ വിഷയങ്ങളിൽ സജീവമായി ഇടപെടുകയും മുന്നണിപ്പോരാളിയാവുകയും ചെയ്യുന്നു. അടിയന്തരാവസ്ഥയുടെ നാളുകളിൽ വിവേകിയായ മനുഷ്യൻ വേട്ടയാടപ്പെട്ടതെങ്ങിനെ എന്നതിന് എബ്രഹാം ബെൻഹർ ഉദാഹരണമാണ്. അദ്ദേഹം സംസാരിക്കുന്നു:
▮
1974- ലാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ Economics of Coffee Industries In India എന്ന വിഷയത്തിൽ ഗവേഷകനായി ചേരുന്നത്. മെൻസ് ഹോസ്റ്റലിലായിരുന്നു താമസം. അധികം വൈകാതെ New Hostel- ലെ 69-ാം നമ്പർ മുറിയിലേക്ക് മാറി. തൊട്ടടുത്ത മുറിയിൽ ടി. കെ. രാമചന്ദ്രനൊക്കെയുണ്ട്. രാഷ്ട്രീയം ഗഹനമായി അറിയുന്ന ആളാണ്. സോഷ്യലിസ്റ്റ് ചിന്താധാരയോടൊത്ത് സഞ്ചരിച്ചിരുന്ന എനിക്ക് ഹോസ്റ്റലിൽ അവ്വിധത്തിൽ വലിയ പിന്തുണ ഉണ്ടായിരുന്നില്ല. വായനയും എഴുത്തും വശമുള്ളവരിലധികവും കമ്മ്യൂണിസ്റ്റനുഭാവികളായിരുന്നു. രാജ്യത്തെ രാഷ്ട്രീയ സംഭവങ്ങളിൽ ആശങ്കയുണ്ടായിരുന്നെങ്കിലും നക്സലൈറ്റ് ആശയധാരയോട് ചേർന്നുനിൽക്കുന്നതായിരുന്നില്ല എന്റെ ശൈലി. കമ്യൂണിസ്റ്റ്, നക്സലൈറ്റ് പ്രത്യയശാസ്ത്രങ്ങളോട് ആഭിമുഖ്യമുള്ളവരുമായുള്ള രാഷ്ട്രീയ ചർച്ചകൾ ഹോസ്റ്റലിൽ സാധാരണമായിരുന്നു.
വായനയും സംവാദവുമെല്ലാമായി മുന്നോട്ടു പോവുന്നതിനിടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം ആകാശവാണിയിലൂടെ അറിയുന്നത്. 1975 ജൂൺ 25 ന് രാത്രി ഈ വാർത്തയറിഞ്ഞതോടെ വിശദാംശങ്ങൾക്കായി ഞാൻ സമീപത്തെ മുറികളിലുള്ളവരെ തെരഞ്ഞെങ്കിലും കാണാനായില്ല. നേരം പുലരുന്നതു വരെ, പത്രങ്ങൾക്കായി അക്ഷമയോടെ കാത്തിരിക്കുയല്ലാതെ മറ്റ് വഴിയുണ്ടായിരുന്നില്ല.

സ്വതന്ത്ര ഇന്ത്യയിൽ പൗരർക്ക് ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങൾ നിഷേധിക്കുന്ന, അടിയന്തരാവസ്ഥ പോലുള്ള ഒരു നിയമം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനം സകലരെയും അമ്പരപ്പിച്ചു. സോഷ്യലിസ്റ്റ് ആചാര്യനായിരുന്ന ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ള പ്രതിപക്ഷനേതാക്കളെ കൂട്ടത്തോടെ തുറുങ്കലിലടച്ചതും RSS, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള നിരോധിച്ചതും പത്രങ്ങളിൽനിന്നാണ് അറിയുന്നത്. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച കുറിപ്പും അച്ചടിച്ച് വന്നിരുന്നു.
കൂടുതൽ വിശദീകരണങ്ങൾക്കായി ശ്രമിച്ചെങ്കിലും എവിടെനിന്നും ലഭിച്ചില്ല. കോഴിക്കോടെത്തി ചില സുഹൃത്തുക്കളെ ബന്ധപ്പെടാൻ തുനിഞ്ഞെങ്കിലും ഫലിച്ചില്ല. അവരിൽ ചിലർ വീട്ടിൽനിന്ന് മാറിനിൽക്കുകയോ ഫോൺ എടുക്കാതിരിക്കുകയോ ചെയ്തു.
പോലിസുകാർക്കിടയിലെ ചിലർ വിവരങ്ങൾ ചോർത്തി നൽകിയത് അക്കാലത്ത് പലരുടെയും ജീവൻ രക്ഷിച്ചുവെന്ന് പറയാം.
ഒടുവിലാണ് അഡ്വ. പി. എം. പത്മനാഭനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണുന്നത്. RSP നേതാവായ പത്മനാഭൻ നഗരത്തിലെപ്രമുഖ നിയമജ്ഞൻ കൂടിയാണ്. അടിയന്തരാവസ്ഥയെ കുറിച്ച് അദ്ദേഹം കുറെ വിവരങ്ങൾ നൽകി. കൂട്ടത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സമാന മനസ്കരുടെ യോഗം ചേരാനും തീരുമാനിച്ചു. മറ്റുള്ളവരെ വിളിക്കാനുള്ള ഉത്തരവാദിത്തം വക്കീൽ തന്നെ ഏറ്റെടുത്തു. നിരാശനായി ഹോസ്റ്റലിൽ മടങ്ങിയെത്തിയ ഞാൻ മറ്റ് സുഹൃത്തുക്കളെയെല്ലാം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിയന്തരാവസ്ഥക്കെതിരെ ചെറിയ പ്രതിഷേധമെങ്കിലും സംഘടിപ്പിക്കാൻ കഴിയാത്തതിലെ നിരാശ അടുത്ത ദിവസത്തെ സംഭവം കൂടി അറിഞ്ഞതോടെ ഇരട്ടിയായി. യോഗം ചേരാൻ അടുത്ത ദിവസം അഡ്വക്കറ്റിന്റെ വീട്ടിലെത്തിയ എനിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരമാണ് കിട്ടുന്നത്.

ഈ വിധം ഇവിടെ തങ്ങുന്നതിലെ അനൗചിത്യം വയനാട്ടിലെ സ്വഗൃഹത്തിൽ എത്തിച്ചേരുന്നതിലാണവസാനിച്ചത്. മീനങ്ങാടി മൈലമ്പാടിയിലെ വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. വയനാട്ടിലെ പ്രമുഖ മാർക്സിസ്റ്റ് നേതാവും ബന്ധുവുമായിരുന്ന വർഗീസ് വൈദ്യർ, അറസ്റ്റ് ചെയ്യാനിടയുള്ളവരിൽ ഞാനുമുണ്ടെന്ന വിവരം അറിയിച്ചു. എനിക്കുപുറമെ എം.പി. വീരേന്ദ്രകുമാറും പി. കുഞ്ഞിക്കണ്ണനും മറ്റും അറസ്റ്റു ചെയ്യേണ്ടവരുടെ പട്ടികയിലുണ്ടായിരുന്നെന്നും വൈദ്യർ പറഞ്ഞു. താനും അക്കൂട്ടത്തിലൊരാളാണെന്ന വാർത്തയും വൈദ്യർ വെളിപ്പെടുത്തി. പോലിസുകാർക്കിടയിലെ ചിലർ ഇങ്ങനെ വിവരങ്ങൾ ചോർത്തി നൽകിയത് അക്കാലത്ത് പലരുടെയും ജീവൻ രക്ഷിച്ചുവെന്ന് പറയാം.
പോലീസ് കസ്റ്റഡിയിലാവുമോ എന്ന ഭയം വേട്ടയാടിത്തുടങ്ങിയ നിമിഷമായിരുന്നു അത്. തിരികെ കോഴിക്കോടത്തിയ ഞാൻ യൂണിവേഴ്സിറ്റിയിലെ കരുണാകരൻ സാറിനെക്കണ്ട് കാര്യങ്ങൾ അറിയിച്ചു. അദ്ദേഹം നൽകിയ ഉപദേശം കൂടി മാനിച്ചാണ് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഉള്ളൂരിലെ സി.പി. സത്രത്തിൽ ഒരു മുറി തരപ്പെടുത്തിയശേഷം യൂണിവേഴ്സിറ്റി ലൈബ്രറിയെ അഭയം പ്രാപിച്ചു. ഗവേഷണം പൂർത്തിയാക്കുകയെന്ന ആഗ്രഹത്തോടെ ഒന്നു രണ്ട് മാസത്തോളം അവിടെ കഴിഞ്ഞു. എന്നാൽ പോലീസ് പിന്തുടരുന്നുണ്ടെന്ന തോന്നൽ എപ്പോഴും സൂക്ഷിച്ചു. അങ്ങനെയാണ് ബംഗളൂരിലേക്കും അവിടെ നിന്ന് ചിക്ക്മംഗളൂരുവിലേക്കും ഒളിക്കാനിടം തേടി എത്തുന്നത്. ഒരർത്ഥത്തിൽ കോഫി ഇൻഡസ്ട്രിയെക്കുറിച്ചുള്ള ഗവേഷണമാണ് അവിടെയെല്ലാം എത്തിച്ചേരാനുള്ള അവസരം നൽകിയത്. നാലു മാസത്തോളം രണ്ടിടങ്ങളിലുമായി കഴിഞ്ഞുകൂടി. ഇതിനിടെ വീട്ടിൽ നിന്ന് കത്തിലൂടെ ലഭിച്ച വിവരങ്ങൾ അവിടെത്തെ വാസം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നതായിരുന്നു.

നേരത്തെ വിവിധ സമരങ്ങളിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട കേസുകളിൽ കിട്ടിയ ജാമ്യം റദ്ദാകുന്ന സാഹചര്യം ഒളിവുജീവിതത്തിന്റെ ഭാഗമായി വന്നുചേർന്നിരുന്നു. മാത്രമല്ല, നാട്ടുകാരായ ജാമ്യക്കാരുടെ മേൽ വരാനിടയുള്ള ശിക്ഷാനടപടികളും പ്രശ്നം സങ്കീർണമാക്കി. ജാമ്യക്കാരിൽ ചിലർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ സംഭവവും പ്രശ്നം രൂക്ഷമാക്കി. ആ സമയത്ത് നിശ്ചയിച്ച സഹോദരിയുടെ വിവാഹവും മടങ്ങി വരാനുള്ള കാരണങ്ങളിലൊന്നായിരുന്നു.
വിവാഹ ചടങ്ങുകൾ പൂർത്തിയായി പന്തൽ അഴിച്ചു മാറ്റുന്നതിന്ന് മുമ്പായി എന്നെത്തേടി പോലീസ് വീട്ടിലെത്തി. രക്ഷപ്പെടാതിരിക്കാനായി വീട് വളഞ്ഞ പോലീസ് സംഘത്തിലെ DYSP ഉടൻ SPയെ കാണാൻ കൽപ്പറ്റയിൽ എത്തണമെന്നാണ് ആവശ്യപ്പെട്ടത്. അവിടെയുണ്ടായിരുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിൽ നിന്ന് കൂടുതൽ വിവരങ്ങൾ പ്രതീക്ഷിച്ചു. കോങ്ങാട് കേസിൽ പ്രതിയായിരുന്ന, പിട്ടികിട്ടാപ്പുള്ളിയായ ഭരതന്റെ സുഹൃത്ത് എന്ന നിലക്കുള്ള വിവരങ്ങളാണ് അവർ എന്നിൽ നിന്നും പ്രതീക്ഷിച്ചത്. എന്നാൽ ഭരതൻ എന്നയാളെ കുറിച്ച് അവർക്കറിയുന്നതിൽ കൂടുതലൊന്നും യഥാർത്ഥത്തിൽ എനിക്കും അറിയുമായിരുന്നില്ല. കുടുംബസമേതം ഗൂഡല്ലൂരിൽ താമസിച്ചിരുന്ന ഒരാൾ ജോലി തേടി മീനങ്ങാടിയിലെത്തി എന്ന വിവരമേ അറിയുമായിരുന്നുള്ളു. എന്നാൽ ഇതുപോലും വസ്തുതയായിരുന്നില്ലെന്ന് ബോധ്യപ്പെടുത്തിയത് പോലീസ് ഉദ്യോഗസ്ഥരാണ്.
മറ്റൊരു കാര്യം, പോലീസിന്റെ ചോദ്യങ്ങൾക്കൊന്നും അവർക്കാവശ്യമായ മറുപടി നൽകാൻ എനിക്ക് കഴിയുമായിരുന്നില്ല. നക്സലൈറ്റ് പ്രത്യയശാസ്ത്രത്തോട് പ്രത്യേക ആഭിമുഖ്യം ഇല്ലാത്തതുകൊണ്ടുതന്നെ അവരുടെ പരിപാടികളോടുമുള്ള വിയോജിപ്പ് ഞാൻ എക്കാലവും സൂക്ഷിച്ചിരുന്നു. കായണ്ണ, കോങ്ങാട് കേസുകളുമായി എനിക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. എന്നാൽ നക്സലൈറ്റ് നേതാക്കളുമായി വ്യക്തിപരമായ ഹൃദയബന്ധം നിലനിർത്തി.

യൂണിവേഴ്സിറ്റി ഹോസ്റ്റൽ വാസത്തിനിടെ നാടക പ്രവർത്തകനും നക്സലൈറ്റുമായിരുന്ന മധുസൂദനനുമായി ചർച്ചകൾ നടത്തുമായിരുന്നു. കമ്മ്യൂണിസ്റ്റ് ചേരിയിലെ ചൈനീസ് ലൈനിനോടുള്ള നക്സലൈറ്റുകളുടെ ചായ്‌വിനോട് എനിക്കൊരിക്കലും യോജിക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാര്യങ്ങളല്ലാം മധു മാഷുമായി രാത്രി വൈകിയുള്ള ചർച്ചകളിൽ ഞാൻ ഉന്നയിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങൾക്കുള്ള പ്രസക്തി ഞാൻ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ ഇതിനെന്തെങ്കിലും ഫലമുണ്ടായില്ല. ഇതെല്ലാം കൊണ്ടുതന്നെ, അവരുടെ നേതാക്കളെയും പരിപാടികളെയും സംബന്ധിച്ച പൊലീസിന്റെ സംശയങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ എനിക്ക് കഴിഞ്ഞില്ല.
‘യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവനെ കൊണ്ടുവാ’ എന്ന ശാസനാരൂപത്തിലുളള നിർദ്ദേശം എന്നെ കടുത്ത ഭയത്തിലാഴ്ത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ജയറാം പടിക്കൽ, മധുസൂദനൻ, മുരളീകൃഷ്ണ, ലക്ഷ്മണ എന്നിവരുടെ മുന്നിലേക്കാണ് എന്നെ എത്തിക്കുന്നത്.
പ്രാഥമിക ചോദ്യം ചെയ്യലുകൾക്കുശേഷം, ഉച്ചയ്ക്ക് 12 മണിയോടെ എന്നെ കക്കയത്തെ പോലീസ് ക്യാമ്പിലെത്തിച്ചു. അതിനുമുമ്പ് ഈ ‘സൈനിക കേന്ദ്ര’ത്തിനെകുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകൾ എനിക്ക് കിട്ടിയിരുന്നു. അവയെല്ലാം ക്രൂരമായ ശാരീരിക - മാനസിക പീഡനങ്ങളുടെതായിരുന്നു. അവിടെ എത്തിയ ഉടൻ എന്നെ കൊണ്ടുവരാനുള്ള ഉത്തരവുമായി ഒരു പോലീസുകാരൻ വന്നു. ‘യൂണിവേഴ്സിറ്റിയിൽ നിന്നുള്ളവനെ കൊണ്ടുവാ’ എന്ന ശാസനാരൂപത്തിലുളള നിർദ്ദേശം എന്നെ കടുത്ത ഭയത്തിലാഴ്ത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരായ ജയറാം പടിക്കൽ, മധുസൂദനൻ, മുരളീകൃഷ്ണ, ലക്ഷ്മണ എന്നിവരുടെ മുന്നിലേക്കാണ് എന്നെ എത്തിക്കുന്നത്. പ്രാഥമികമായ ചോദ്യങ്ങൾ അവസാനിക്കുന്നതിനു മുമ്പ് ഒരു പോലീസുകാരൻ അവിടേക്ക് ഓടിക്കിതച്ചെത്തി, ‘സാർ, അയാൾ അനങ്ങുന്നില്ല, എത്ര ശ്രമിച്ചിട്ടും’ എന്ന് വിഹ്വലനായി അറിയിച്ചു. ‘അയാളുടെ മുഖത്ത് കുറച്ച് വെള്ളം തളിക്കൂ’ എന്ന് ഏതാണ്ടെല്ലാവരും ഒരേ സമയം പറഞ്ഞു. ഏതാനും മിനിട്ടുകൾക്കകം അതേ പോലീസുകാരൻ വീണ്ടും ഓടിക്കിതച്ചെത്തി; ‘‘എന്നിട്ടും അയാൾ അനക്കുന്നില്ല, അയാളുടെ ബോധം പോയി സാർ’’ എന്നു പറഞ്ഞതോടെ ഉദ്യോഗസ്ഥ സംഘത്തിന്റെ മുഖത്ത് പരിഭ്രമം കാണാനായി.

പരിഭ്രാന്തിക്കിടയിലും, ‘‘അയാളെ എവിടെങ്കിലും കൊണ്ടുപോയി കളയൂ’’ എന്ന് ആ കൂട്ടത്തിലൊരാൾ പറയുന്നത് ഞാൻ കേട്ടു. ഞാൻ അവിടെ എത്തിയ ഘട്ടത്തിൽ തന്നെ സമീപത്തെ മുറികളിൽ നിന്നും അലറിക്കരച്ചിൽ കേട്ടിരുന്നു. ക്രമേണയത് ഞരക്കവും മൂളലുമായി അവസാനിക്കുന്നതും മനസ്സിലായി. എന്നെ ചോദ്യം ചെയ്യുന്നത് തൽക്കാലം നിർത്തിവെച്ച് ഉദ്യോഗസ്ഥസംഘം മുറിവിട്ടുപോയി. അൽപം കഴിഞ്ഞപ്പോൾ ശബ്ദം കേട്ട മുറിയിൽ നിന്ന് ഒരു ചാക്കുകെട്ട് പുറത്തേക്ക് കൊണ്ടുപോവുന്നതായി ഞാൻ കണ്ടു.
രണ്ടുമൂന്ന് ദിവസങ്ങൾക്കുശേഷമാണ് അവിടെ ഒരാൾ മരിച്ചെന്ന വിവരം പല വഴിയിലൂടെ എന്റെ ചെവിയിലെത്തുന്നത്. തൊട്ടടുത്ത മറ്റൊരു ദിവസം കരച്ചിൽ കേട്ടിരുന്ന മുറിയിലേക്ക് എന്നെ ഒരു സംഘം കൊണ്ടുപോയി. അതൊരു ഉരുട്ടുമുറിയാണ്. അവിടെ ഉരുട്ടുന്നതിന്ന് ആവശ്യമായ സൈസിലുള്ള ബഞ്ചും കെട്ടുന്നതിന് കയറും ഉലക്കയുമെല്ലാമുണ്ട്. എന്റെ ശരീരത്തിലും നിരവധി തവണ അവർ ഇതെല്ലാം പ്രയോഗിച്ചു. നിൽക്കാൻ പോലും കഴിയാത്ത വിധം അവശനായ എന്നെ വലിച്ചിഴച്ചാണ് മുറിയിലെത്തിച്ചത്. ഇങ്ങനെ ഒരവസരത്തിൽ മരണമൊഴി രേഖപ്പെടുത്താൻ പുലിക്കോടൻ നാരായണൻ എന്ന പോലീസുദ്യോഗസ്ഥനോട് ഞാൻ ആവശ്യപ്പെടുന്നുണ്ട്.
‘‘രക്തസാക്ഷികളുടെ അസ്ഥിപഞ്ചരങ്ങൾക്കു മുകളിലാണ് ചരിത്രത്തിന്റെ ചാരം മൂടിക്കിടക്കുന്നത്’’ എന്നു ഞാൻ അവരെ ഓർമ്മിപ്പിച്ചു.
ഉരുട്ടുമുറിയിൽ അവശനായിരിക്കുന്ന ഘട്ടത്തിലാണ് അരവിന്ദാക്ഷൻ എന്ന പോലീസ് ഡ്രൈവർ, "നിന്നെയൊക്കെ കൊന്ന് വയർ കീറി കല്ല് അതിനകത്താക്കി കടലിൽ താഴ്ത്തിയാൽ ആരും ചോദിക്കാനില്ലെന്നും ആരും അറിയുകയുമില്ലെന്നും’’ പറയുന്നത്. മദ്യപിച്ച് ലക്ക് കെട്ടായിരുന്നു അയാളുടെ പുലമ്പലെങ്കിലും ഞാനത് പ്രത്യേകം ശ്രദ്ധിച്ചു. REC യിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കക്കയം പോലീസ് ക്യാമ്പിൽ കൊണ്ടുവന്ന രാജൻ എന്ന ചെറുപ്പക്കാരനെ കാണാതായതും പോലീസുകാരന്റെ വീമ്പു പറച്ചിലുമായി കൂട്ടിവായിച്ചപ്പോൾ എനിക്ക് ചില കാര്യങ്ങൾ ബോധ്യമായി. ചാക്കുകെട്ടിൽ എന്റെ മുന്നിലൂടെ ഒരു നിഴൽ പോലെ കൊണ്ടുപോയത് ആ ചെറുപ്പക്കാരന്റെ ഉരുട്ടിത്തീർത്ത ശരീരമാണെന്ന് എനിക്കുറപ്പായിരുന്നു. രാജന്റെ കൂടെ അറസ്റ്റ് ചെയ്യപ്പെട്ട ചാലിയുടെ മൊഴിയും ഇത് ഉറപ്പിക്കുന്നുണ്ട്. അയാൾ ഇക്കാര്യം കോടതി വരാന്തയിൽ വെച്ച് ഒരു തവണ എന്നോട് പറഞ്ഞിട്ടുമുണ്ട്. രാജന്റെ ശരീരം വയർ കീറി കല്ല് ചേർത്തുകെട്ടി കോരപ്പുഴയിൽ ഉപേക്ഷിച്ചതാണെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഇതിന് ഉപോത് ഫലകമായ തെളിവുകൾ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥ പിൻവലിച്ചിട്ടും ഉടനെ എനിക്ക് MISA തടവിൽ നിന്ന് മോചനമുണ്ടായില്ല. എന്നോടൊപ്പം എ. വാസു, ശിവപ്രസാദ്, നമ്പ്യാർ എന്നിവരുടെയും മോചനം തടഞ്ഞുവെക്കപ്പെട്ടു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് തടവിലായവർ ഉൾപ്പെട്ട കേസുകളിൽ ‘RING MASTER’ ഞാനാണെന്ന പോലീസ് വാദമാണ് തടവറയിൽ നിന്നുള്ള വിടുതലിന് വിഘാതമായത്.