കഴിഞ്ഞദിവസം സുപ്രീംകോടതി ചരിത്രപരമായേക്കാവുന്ന ഒരു വിധിന്യായം നടത്തുകയുണ്ടായി. സുരക്ഷിതവും യാത്രായോഗ്യവുമായ റോഡുകൾക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന് കീഴിലുള്ള ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണെന്നതാണിത്. ജസ്റ്റിസ് ജെ.ബി. പർദിവാലയും ജസ്റ്റിസ് ആർ. മഹാദേവനും അടങ്ങുന്ന ബെഞ്ച്, UMRI POOPH PRATAPPUR (UPP) TOLLWAYS PVT. LTD. vs M.P. ROAD DEVELOPMENT CORPORATION AND ANOTHER എന്ന കേസിൽ പുറപ്പെടുവിച്ച ഈ വിധി, റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന്റെ ആവശ്യകതയെ ഉണർത്തുന്നതോടൊപ്പം. പൗരരുടെ ജീവനും സുരക്ഷയും ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്വത്തെ ഓർമപ്പെടുത്തുന്നു.
സുപ്രീം കോടതി വ്യക്തമാക്കിയത്, സുരക്ഷിതവും മതിയായ രീതിയിൽ പരിപാലിക്കപ്പെടുന്നതുമായ റോഡുകൾ പൗരരുടെ മാന്യമായ ജീവിതത്തിന് അനിവാര്യമാണെന്നാണ്. ആർട്ടിക്കിൾ 21, ജീവനും വ്യക്തിഗത സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, റോഡുകളുടെ മോശം അവസ്ഥ പൗരരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടി. "റോഡുകളുടെ മോശം അവസ്ഥ ജനങ്ങളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്നു, ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്," എന്നാണ് കോടതി നിരീക്ഷണം.

ഇതോടെ, ആർട്ടിക്കിൾ 19(1)(g) പ്രകാരം, രാജ്യത്തിന്റെ ഏത് ഭാഗത്തേക്കും (നിശ്ചിത നിയന്ത്രണങ്ങൾക്ക് വിധേയമായി) യാത്ര ചെയ്യാനുള്ള മൗലികാവകാശവും സുരക്ഷിത റോഡുകളില്ലാതെ പൂർണമായി നടപ്പാക്കാനാകില്ല. "സുരക്ഷിത റോഡുകൾ ഇല്ലാതെ, യാത്രാ സ്വാതന്ത്ര്യം എന്ന മൗലികാവകാശം അപൂർണമായിരിക്കും," എന്ന് കോടതി കൂട്ടിച്ചേർത്തു.
റോഡുകളുടെ നിർമാണവും പരിപാലനവുമടക്കമുള്ള ഉത്തരവാദിത്വം സ്വകാര്യ കമ്പനികൾക്ക് കരാർ നൽകുന്നതിന് പകരം, സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചു. മധ്യപ്രദേശ് ഹൈവേ ആക്ട് 2004-ന്റെ ചട്ടക്കൂട് ഈ നിരീക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. "റോഡുകളുടെ പരിപാലനം സ്വകാര്യ കമ്പനികൾക്ക് മാത്രം വിട്ടുകൊടുക്കുന്നത്, പൊതുജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലുള്ള വീഴ്ചക്ക് വഴി ഒരുക്കും," എന്ന് കോടതി വിമർശിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള കോർപ്പറേഷനുകൾ സ്വകാര്യ കക്ഷികൾക്ക് റോഡ് നിർമാണ കരാർ നൽകുമ്പോൾ, അത് പൊതുജനോപകാരപ്രദമായ ഒരു പ്രവർത്തനമായി മാറുന്നുവെന്നും, അത്തരം കേസുകളിൽ റിട്ട് പെറ്റീഷൻ ഹൈക്കോടതിയിൽ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഇത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിയമപരമായി പരിഹരിക്കുന്നതിനുള്ള വഴി തുറക്കുന്നു.

നേരത്തെ, കർണാടക, ബോംബെ, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ സമാനമായ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. റോഡുകളുടെ മോശം അവസ്ഥ ആർട്ടിക്കിൾ 21-ന്റെ ലംഘനമാണെന്ന് ഈ കോടതികളെല്ലാം വ്യക്തമാക്കിയിരുന്നു. ഈ വിധികളെ പരാമർശിച്ച സുപ്രീം കോടതി, സുരക്ഷിതവും യാത്രായോഗ്യവുമായ റോഡുകൾ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് ആവർത്തിക്കുകയാണ് ചെയ്തത്. "പൗരർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കേണ്ടത് ഒരു ഓപ്ഷനല്ല, മറിച്ച് ഒരു ബാധ്യതയാണ്," എന്ന് കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
"പൊതുജനങ്ങൾക്ക് റോഡുകളുടെ മോശം അവസ്ഥയെക്കുറിച്ച് പരാതി രജിസ്റ്റർ ചെയ്യാൻ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കണം," റോഡുകളുടെ വികസനവും പരിപാലനവും കർശനമായി നിരീക്ഷിക്കാൻ ഈ വിധിയിൽ സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപെട്ടു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ (PWD) വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും, ഇവ കൂടുതൽ ജനകീയമാക്കേണ്ടതുണ്ട്. "പൗരർക്ക് റോഡ് അറ്റകുറ്റപ്പണികളെക്കുറിച്ച് പരാതി നൽകാനുള്ള ഒരു ടോൾ-ഫ്രീ നമ്പർ അല്ലെങ്കിൽ ഓൺലൈൻ പോർട്ടൽ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കുകയും കൂടുതൽ ജനകീയമാക്കി സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സുരക്ഷിത റോഡുകൾ പൗരരുടെ ജീവിത നിലവാരം ഉയർത്തുന്നതോടൊപ്പം രാജ്യത്തിന്റെ സാമ്പത്തിക വികസനം ഉറപ്പു വരുത്തുന്നു. റോഡപകടങ്ങൾ മൂലം ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുന്നുണ്ട്, ഇതിൽ മോശം റോഡുകളും ഒരു പ്രധാന ഘടകം തന്നെയാണ് (നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ, 2023 ഡാറ്റ). സുപ്രീം കോടതിയുടെ ഈ വിധി, റോഡ് അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു പുതിയ മാനദണ്ഡമാവേണ്ടതുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും ഇത് ഓർമ്മിപ്പിക്കുന്നു. സുരക്ഷിതവും യാത്രായോഗ്യവുമായ റോഡുകൾ ഒരു ഐഛിക സൗകര്യമല്ല, മറിച്ച് ഒരു മൗലികാവകാശമാണെന്ന് വ്യക്തമാക്കുന്നതാണ് കോടതിവിധി.
