അദാനി, ആർ.എസ്.എസ്, പിന്നെ വനവാസി കല്യാണും
അഴിമതി, വംശീയത, ചാരിറ്റി. ഗൗതം അദാനിയുടെ ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തുന്നതിൽ ഈ മൂന്ന് ഘടകങ്ങളും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നതായി കാണാം. തന്റെ ബിസിനസ് താൽപര്യങ്ങൾക്ക് തടസം നിൽക്കുന്ന ജനകീയ പ്രതിഷേധങ്ങളെ ഒതുക്കാൻ കാരുണ്യപ്രവർത്തനത്തെ ഉപയോഗപ്പെടുത്തുന്നതിൽ അദാനിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഇത്തരം കാരുണ്യപ്രവർത്തന പരിപാടികളെല്ലാം ആത്യന്തികമായി സംഘപരിവാർ പ്രവർത്തനങ്ങളെ സഹായിക്കുന്നതായി മാറ്റുന്നതിലും ബദ്ധശ്രദ്ധനാണ് ഗൗതം അദാനി.
ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ല, ബംഗ്ലാദേശിന്റെ അതിർത്തിയോട് ചേർന്നാണ്. ഗൊഡ്ഡയിലെ അദാനിയുടെ നിർദിഷ്ട 1.6 GW പവർ സ്റ്റേഷന് പ്രതിവർഷം 5 മുതൽ 6 ദശലക്ഷം ടൺ വരെ കൽക്കരി വേണ്ടിവരും. ആസ്ട്രേലിയയിലെ കാർമൈക്കൽ ഖനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൽക്കരിയായിരിക്കും ഇവിടെ ഉപയോഗപ്പെടുത്തുക. തുറമുഖത്ത് നിന്ന് 700 കി.മീ അകലെയുള്ള, കൽക്കരി ഖനനമേഖലയോട് അധികം ദൂരെയല്ലാത്ത, ഇറക്കുമതി കൽക്കരി ഉപയോഗം ഘട്ടംഘട്ടമായി അവസാനിപ്പിക്കുക എന്നത് നയമായി സ്വീകരിപ്പെട്ട പശ്ചാത്തലത്തിലാണ് അദാനിക്ക് വേണ്ടി ഇത്തരമൊരു പദ്ധതിക്ക് അനുമതി നൽകിയെന്നത് മനസ്സിലാക്കേണ്ടതുണ്ട്. മേൽപ്പറഞ്ഞ കാരണങ്ങളൊക്കെ, വൈദ്യുതിയുടെ വില വർദ്ധിപ്പിക്കുമെന്നതിൽ തർക്കമില്ല.
2015 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദർശന വേളയിൽ ബംഗ്ലാദേശും ഇന്ത്യയും സംയുക്ത പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. ഈ പ്രഖ്യാപനത്തെത്തുടർന്ന്, അദാനി പവർ ലിമിറ്റഡ് ബംഗ്ലാദേശ് ഗവൺമെന്റുമായി ഒരു ധാരണാപത്രം ഒപ്പുവെച്ചു. അദാനിയുടെ ഗൊഡ്ഡ പവർ സ്റ്റേഷൻ വികസിപ്പിക്കാനും ഉൽപ്പാദിപ്പിക്കുന്ന എല്ലാ വൈദ്യുതിയും അദാനിക്ക് അനുകൂലമായ വ്യവസ്ഥകളിൽ ബംഗ്ലാദേശിലേക്ക് വിതരണം ചെയ്യാനും ആയിരുന്നു കരാർ.
2017-ൽ പദ്ധതിക്കുള്ള പാരിസ്ഥിതിക അംഗീകാരം നൽകപ്പെട്ടു. എന്നാൽ ചൈനീസ് എഞ്ചിനീയറിംഗ് സ്ഥാപനമായ സെപ്കോ-ത്രീ (SEPCO-3) 2019 സെപ്റ്റംബറിൽ ഗൊഡ്ഡ പവർ സ്റ്റേഷന്റെ നിർമാണം ഏറ്റെടുക്കുന്നതുവരെ, നിർമാണത്തിൽ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. ഗൊഡ്ഡ പവർ സ്റ്റേഷനിലെ ജലാവശ്യം നിറവേറ്റാൻ ഗംഗാ നദിയിൽ നിന്ന് 100 കിലോമീറ്റർ പൈപ്പ് ലൈൻ നിർമ്മിക്കുന്നതിന് പാരിസ്ഥിതിക അനുമതി (Environmental Clearance) നൽകി. ഈ അംഗീകാരം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.
ഗൊഡ്ഡ പവർ സ്റ്റേഷനുവേണ്ടി 10 വില്ലേജുകളിലായി 1,214 ഏക്കർ ഭൂമിയാണ് അദാനിക്ക് ആവശ്യമുള്ളത്. ഭൂമിയുടെ ഭൂരിഭാഗവും ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ആയിരക്കണക്കിന് ആളുകൾ വസിക്കുന്നതുമാണ്. തദ്ദേശീയ സാന്താൾ ഗോത്രജനത വസിക്കുന്ന പ്രദേശമാണ് കുടിയൊഴിപ്പിക്കപ്പെടുന്നതിൽ ഭൂരിഭാഗവും.
ജാർഖണ്ഡ് ജൻ അധികാർ മഹാസഭയുടെ (ജെ.ജെ.എ.എം) റിപ്പോർട്ട് പ്രകാരം 2018 ഒക്ടോബറോടെ മാലി, ഗംഗ്ത, മോട്ടിയ, പട്വ എന്നീ നാല് ഗ്രാമങ്ങളിൽ നിന്നായി അദാനി 500 ഏക്കർ ഭൂമി സ്വന്തമാക്കി. 40 ഓളം കുടുംബങ്ങളെയാണ് ഈ ഭൂമി ഏറ്റെടുക്കൽ ബാധിച്ചത്. മുഴുവൻ ഏറ്റെടുക്കൽ പ്രക്രിയയും "നിയമവിരുദ്ധവും ക്രമക്കേടുകളും' നിറഞ്ഞതാണെന്ന് ആരോപിച്ച് ഗ്രാമീണർ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു.
തങ്ങളുടെ ഭൂമി കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുന്ന ഗ്രാമീണരെ പദ്ധതിയുടെ പൊതുഹിയറിംഗിൽ നിന്ന് നിർബന്ധിതമായി മാറ്റിനിർത്തുകയും ഭൂമി ജനങ്ങളുടെ സമ്മതമില്ലാതെ കമ്പനി അധികൃതർ വേലികെട്ടുകയും ചെയ്തു. അദാനിയുടെ മണ്ണുമാന്തി യന്ത്രങ്ങൾ തെങ്ങുകൾ പിഴുതെറിയുകയും നെൽപ്പാടങ്ങൾ നികത്തുകയും ചെയ്തപ്പോൾ അവർക്കൊപ്പം പോലീസും ചേർന്നു. തങ്ങളുടെ ഭൂമി കയ്യേറരുതെന്ന് അദാനി ഉദ്യോഗസ്ഥനോട് കേണപേക്ഷിക്കുന്ന സീതാ മുർമുവിന്റെയും മറ്റ് ഗ്രാമീണ സ്ത്രീകളുടെയും അസ്വസ്ഥജനകമായ വീഡിയോ അക്കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത് ഓർക്കുക.
ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികൾ ക്രൂരമായ അടിച്ചമർത്തലുകളും അക്രമങ്ങളും നേരിട്ടു. ഗൊഡ്ഡയിൽ ഭൂമി ഏറ്റെടുക്കാൻ അദാനിയും ഭരണകൂടവും ഒത്തുചേർന്ന രീതി, ഇന്ത്യയിലെ ഗോത്രജനതയുടെ ഭൂ അധികാരങ്ങളുടെ നഗ്നമായ ലംഘനമാണ്. ഈ സന്ദർഭത്തിലാണ് ഗൗതം അദാനിയുടെ പത്‌നി പ്രീതി അദാനി നേതൃത്വം കൊടുക്കുന്ന അദാനി ഫൗണ്ടേഷൻ വിവിധ കാരുണ്യ പ്രവർത്തനങ്ങളുമായി ഗൊഡ്ഡയിലേക്ക് കടന്നുവരുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്ത്രീകൾക്ക് വ്യാവസായിക പരിശീലനം നൽകുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാനുള്ള പദ്ധതിക്ക് ഝാർഘണ്ട് സർക്കാരുമായി MoU ഒപ്പുവെച്ചിരിക്കുകയാണ് അദാനി ഫൗണ്ടേഷൻ. കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും അദാനി ഫൗണ്ടേഷൻ ഇടപെട്ടിരുന്നു. ഈ പ്രവർത്തനങ്ങൾക്ക് അദാനി ഫൗണ്ടേഷന് ഝാർഘണ്ഡ് ഭരിക്കുന്ന ഹേമന്ദ് സൊറേൻ സർക്കാർ 2022 ജനുവരി മാസം അവാർഡ് നൽകിയ കാര്യവും ഓർമിക്കുക.
അദാനി ഫൗണ്ടേഷന്റെ വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ മുഴുവൻ ആർഎസ്എസിന് കീഴിലുള്ള "ഏകൽ വിദ്യാലയ'യുമായി ചേർന്നിട്ടാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദിവാസികൾക്കിടയിൽ ഹിന്ദുത്വ പ്രചരണത്തിനുള്ള ഏറ്റവും വലിയ നെറ്റ് വർക്കാണിത്. ഏകൽ വിദ്യാലയങ്ങളിൽ ഹൈന്ദവപാരമ്പര്യം, ആചാരം, ഹിന്ദു രാജാക്കന്മാരുടെ വീരകഥകൾ, യോഗ എന്നിവയാണ് പ്രധാനമായും പഠിപ്പിക്കുന്നത്. ഗൊഡ്ഡ ജില്ലയിലെ വിദൂര ആദിവാസി ഗ്രാമങ്ങളിലെ 120ഓളം ഏകൽ വിദ്യാലയങ്ങൾക്ക് അദാനി ഫൗണ്ടേഷൻ സഹായം നൽകുന്നുണ്ട്.
ആർ.എസ്.എസിനുകീഴിൽ അരഡസനോളം സംഘടനകൾ ആദിവാസി മേഖലകളിൽ ഇടപെട്ടു പ്രവർത്തിക്കുന്നുണ്ട്. 1. വനവാസി കല്യാൺ ആശ്രം, 2. ഏകൽ വിദ്യാലയ, 3. സേവാഭാരതി, 4. വിവേകാനന്ദ കേന്ദ്ര, 5. ഭാരത് കല്യാൺ പ്രതിഷ്ഠാൻ, 6. ഫ്രണ്ട്‌സ് ഓഫ് ട്രൈബൽ സൊസൈറ്റി തുടങ്ങിയവയാണവ. ഈ സംഘടനകളെല്ലാം അദാനി അടക്കമുള്ളവരുടെ കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടിൽ നിന്ന് സഹായം സ്വീകരിച്ച്പ്രവർത്തിക്കുന്നവയാണ്.
ഹിന്ദു ദേശീയവാദത്തിന് അടിത്തറപാകും വിധം ആദിവാസി സമൂഹത്തെ സജ്ജരാക്കി നിർത്തുക, ആദിവാസി മേഖലകളിലെ സ്വാധീനം തെരഞ്ഞെടുപ്പുകളിൽ വോട്ടാക്കി മാറ്റുക, വംശീയ വിദ്വേഷങ്ങളും സംഘർഷങ്ങളും മൂർച്ഛിപ്പിച്ച് നിർത്തുക എന്നിവയാണ് മേൽപ്പറഞ്ഞ സംഘടനകളുടെ ജോലി.
അദാനി അടക്കമുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകളുടെ നിക്ഷേപ താൽപര്യങ്ങൾ ഇന്ത്യൻ കാടകങ്ങളിൽ ഉടക്കിക്കിടക്കുന്നുണ്ടെന്നതും അവയ്‌ക്കെതിരായ പ്രതിഷേധങ്ങളെ തണുപ്പിച്ച് നിർത്തുക എന്നതാണ് ഈ സംഘടനകളുടെ മറ്റൊരു സുപ്രധാന ഉത്തരവാദിത്തം എന്നതും കാണാം. എന്നാൽ, ഗോണ്ടൽപൂരിലും, ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരിന്ദയിലും, മധ്യപ്രദേശിലെ ചിന്ത്‌വാരയിലും അടക്കം ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ അദാനി, വേദാന്ത, ജിൻഡാൽ, ടാറ്റ എന്നീ കോർപറേറ്റുകൾക്കെതിരായി അതിശക്തമായ ചെറുത്തുനിൽപ്പുകളാണ് ഗോത്ര ജനത നടത്തിക്കൊണ്ടിരിക്കുന്നത്. (ഇന്ത്യയിലെ ആദിവാസി മേഖലകളിലെ കോർപറേറ്റ് ഇടപെടലുകളെക്കുറിച്ചും അവയ്‌ക്കെതിരായ ഗോത്ര ജനതയുടെ ചെറുത്തുനിൽപ്പുകളെക്കുറിച്ചും കൂടുതൽ അറിയാൻ ‘ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്', കെ.സഹദേവൻ, വിദ്യാർത്ഥി പബ്ലിക്കേഷൻസ് എന്ന പുസ്തകം വായിക്കാം.)
ഭരണഘടനയുടെ കീഴിൽ പ്രത്യേക മേഖലകളായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെയും തദ്ദേശീയ ആദിവാസി അവകാശ ലംഘനങ്ങളുടെയും വ്യാപ്തി ഇതര ആദിവാസി മേഖലഖലിലും നമുക്ക് കണ്ടെത്താൻ കഴിയും. ഛത്തീസ്ഗഢിലെ ഹാസ്‌ദേവ് അരിന്ദയിലേക്ക് നമുക്കൊന്ന് പോകാം. അദാനിക്കെതിരെ ഗോണ്ട് ആദിവാസികൾ നടത്തുന്ന ശക്തമായ ചെറുത്തുനിൽപ്പുകൾ അവിടെ നമുക്ക് കാണാം.
ആദിവാസി പ്രതിഷേധങ്ങൾക്ക് പുല്ലുവില
വടക്കൻ ഛത്തീസ്ഗഡിലെ കോർബ, സർഗുജ ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ഹാസ്‌ദേവ് അരന്ദ് വനങ്ങൾ മധ്യേന്ത്യയിലെ ഏറ്റവും മികച്ച വനപ്രദേശങ്ങളിലൊന്നാണ്. വറ്റാത്ത ജലസ്രോതസ്സുകൾ, അപൂർവ സസ്യങ്ങൾ, കൂടാതെ ആനകളും പുള്ളിപ്പുലികളും ഉൾപ്പെടെയുള്ള വന്യജീവി ഇനങ്ങളും ധാരാളമായുള്ള വനമേഖലയാണിത്. മഹാനദിയുടെ പോഷകനദിയായ ഹാസ്‌ദേവ് നദി കടന്നുപോകുന്നതും ഇതുവഴിയാണ്.
സമ്പന്നമായ ഈ ആവാസവ്യവസ്ഥയും അതോട് ചേർന്ന് ജീവിക്കുന്ന നൂറുകണക്കായ ആദിവാസി കുടുംബങ്ങളും ഇന്ന് നിലനിൽപ്പ് ഭീഷണിയെ നേരിടുകയാണ്. കോർബ, സർഗുജ മേഖലയിലുള്ള അതിവിപുലമായ കൽക്കരി ശേഖരമാണ് അതിന്റെ കാരണം. ഹാസ്‌ദേവ് അരന്ദ് കൽക്കരി ഫീൽഡിൽ 1878 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ഒരു ബില്യൺ (1 ബില്യൺ = 100 കോടി) ടൺ കൽക്കരി ശേഖരമുണ്ടെന്നാണ് കൽക്കരി മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. സർഗുജ, കോർബ ജില്ലകളിലായി ഏതാണ്ട് 17,00,000 ഹെക്ടർ വനമേഖലയിലാണ് 23ഓളം കൽക്കരി ബ്ലോക്കുകളിലായി ഖനന പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൽക്കരി ഖനനം വേഗത്തിലാക്കാനും ഭൂമി ഏറ്റെടുക്കാനും കേന്ദ്ര/സംസ്ഥാന ഗവൺമെന്റിന്റെ അതിവേഗ നീക്കങ്ങളാണ് ജനജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം, 2013 ലെ ന്യായമായ നഷ്ടപരിഹാരത്തിനുള്ള അവകാശം, സുതാര്യതയ്ക്കുള്ള അവകാശം, ഭൂമി ഏറ്റെടുക്കാൻ ആഗ്രഹിക്കുന്ന വിവിധ പദ്ധതികൾ സംബന്ധിച്ച പബ്ലിക് ഹിയറിംഗ്, അനുമതി, സാമൂഹിക ആഘാത വിലയിരുത്തൽ വ്യവസ്ഥകൾ എന്നിവയെ ദുർബലപ്പെടുത്തുന്ന ഓർഡിനൻസ് 2014ൽ മോദി സർക്കാർ പാസാക്കിയത് സ്വകാര്യ കമ്പനികളെ മുന്നിൽ കണ്ടുകൊണ്ടായിരുന്നു.
2015ൽ കേന്ദ്ര സർക്കാർ പാസാക്കിയ മറ്റൊരു നിയമത്തിലൂടെ എല്ലാ കൽക്കരി ബ്ലോക്കുകളും സ്വകാര്യ കമ്പനികൾക്ക് ഖനനം ചെയ്യാൻ അനുമതി നൽകപ്പെട്ടു.
ഹാസ്‌ദേവ് അരന്ദിലെ പ്രധാന ഗോത്രവിഭാഗം ഗോണ്ട് സമുദായത്തിലുള്ളവരാണ്. കൽക്കരി ഖനന പദ്ധതി അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ വളരെ ഗൗരവമായിത്തന്നെ ഈ വിഷയത്തെ അവർ കാണുന്നുണ്ട്.
പ്രാദേശിക ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കുകയും വനമേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് അവരുടെ സമ്മതം ആവശ്യപ്പെടുകയും പ്രകൃതി വിഭവങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിൽ അവരുടെ പങ്കാളിത്തം നിർബന്ധമാക്കുകയും ചെയ്യുന്ന ‘പെസ’ (Panchayat Extension to Scheduled Areas (PESA) Act, 1996) വനാവകാശ നിയമങ്ങളെ (Forest Right Act, 2006) അട്ടിമറിച്ചുകൊണ്ടാണ് ഹാസ്‌ദേവ് അരിന്ദിൽ ഖനന പദ്ധതി നടപ്പിലാക്കാൻ പോകുന്നത്. വനമേഖലയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ഈ പ്രദേശം "നോ ഗോ സോൺ' ആയി മുമ്പ് പ്രഖ്യാപിച്ചതായിരുന്നു. ആ തീരുമാനത്തെ അട്ടിമറിച്ചുകൊണ്ടാണ് മേഖലയിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്.
ഖനനകമ്പനികൾക്ക് അനുമതി നിഷേധിച്ച് ലേലനടപടികളിൽ നിന്ന് പിന്മാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയങ്ങൾ 2014ൽ തന്നെ ഗ്രാമസഭകൾ പാസാക്കുകയുണ്ടായി. ഗ്രാമസഭകളുടെ ഔദ്യോഗിക പ്രമേയങ്ങളെയും ജനങ്ങളുടെ അതിശക്തമായ ചെറുത്തുനിൽപ്പുകളെയും അവഗണിച്ച് 2022 ഏപ്രിൽ 6ന് ഛത്തീസ്ഗഢ് സർക്കാർ ഖനന പദ്ധതിക്ക് അന്തിമാനുമതി നൽകുകയുണ്ടായി. രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡുമായി അദാനി എന്റർപ്രൈസസ് ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനിലെ കൽക്കരി നിലയത്തിലേക്കുള്ള ഇന്ധനം വിതരണം ചെയ്യാനുള്ള ഉത്തരവാദിത്തം അദാനിക്കാണ്. ഹാസ്‌ദേവ് മേഖലയിലെ പാർസ കോൾ ബ്ലോക്കിൽ (Parsa East Kente Basin-PEKB) നിന്നുള്ള കൽക്കരി ഈ വിധത്തിൽ രാജസ്ഥാനിലേക്ക് എത്തും. 700ഓളം ആളുകളെ കുടിയൊഴിപ്പിച്ചും പതിനായിരക്കണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയുമാണ് പാർസ കോൾ ബ്ലോക്ക് പ്രവർത്തനമാരംഭിക്കുക.
2018ലെ സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കോൾ ബ്ലോക്കുകൾ ആരംഭിക്കുകയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ വാഗ്ദാനങ്ങൾ മറക്കുകയും പദ്ധതിയ്ക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്തു. 2021 ഒക്‌ടോബർ 2ന് ഹാസ്‌ദേവ് അരന്ദിലെ ആയിരക്കണക്കിന് ആദിവാസികൾ നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് റായ്പുരിൽ എത്തുകയും സർക്കാരിനെ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധങ്ങളെ പൂർണമായും അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടു പോകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഹാസ്ദേവ് കൽക്കരി ഖനന പദ്ധതി സംബന്ധിച്ച ടൈം ലൈൻ:
2007: PEKB കൽക്കരി ഖനി ഇന്ത്യാ ഗവൺമെൻറ് രാജസ്ഥാൻ സർക്കാരിന് അനുവദിച്ചു.
2008: രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡ് (RRVUNL) ഖനന പദ്ധതിക്കായി അദാനി എൻറർപ്രൈസസിനെ തിരഞ്ഞെടുത്തു.
2010: ഈ മേഖല കൽക്കരി ഖനനത്തിന് ‘no go' മേഖലയായി പ്രഖ്യാപിച്ചു. എന്നാൽ അത് കടലാസിൽ മാത്രമായിരുന്നു.
2011: ജയറാം രമേഷ് (അക്കാലത്തെ വനം പരിസ്ഥിതി മന്ത്രി) പദ്ധതിക്ക് അനുമതി നൽകി. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ദ സമിതിയുടെ ശുപാർശകളെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു ജയറാം രമേഷിന്റെ തീരുമാനം.
2014: സമര സംഘടനകൾ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചു.
- NGT കേന്ദ്ര മന്ത്രിയുടെ തീരുമാനം റദ്ദു ചെയ്തു.
- RRVUNL സുപ്രീം കോടതിയെ സമീപിക്കുന്നു. കോടതി NGT ഉത്തരവ് സ്റ്റേ ചെയ്തു.
- ആ കേസ് ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്.
- ഗ്രാമസഭ പദ്ധതിക്കെതിരായി പ്രമേയം പാസാക്കുന്നു.
2015: എല്ലാ കൽക്കരി ബ്ലോക്കുകളും ഖനനം ചെയ്യാൻ സ്വകാര്യ കമ്പനികളെക്കൂടി അനുവദിച്ചു കൊണ്ട് മോദി സർക്കാർ നിയമം പാസാക്കുന്നു.
2016: സാമൂഹിക വനാവകാശം റദ്ദു ചെയ്തു കൊണ്ട് സർഗുജ ജില്ലാ ഭരണകൂടം ഉത്തരവിടുന്നു.
- ഗ്രാമസഭകൾ ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കുന്നു.
- ഈ കേസും തീരുമാനമാതെ കിടക്കുന്നു.
2018: ജനങ്ങളുടെ അനുമതിയില്ലാതെ പുതിയ കൽക്കരി ഖനന പദ്ധതികൾ ആരംഭിക്കുകയില്ലെന്ന് ഛത്തീസ് ഗഢ് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നു.
- പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭൂപേഷ് ഭാഗേലിന്റെ നേതൃത്യത്തിലുള്ള കോൺഗ്രസ് സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോകുന്നു.
2021: ഹാസ്ദേവിലെ ആയിരക്കണക്കിന് ഗ്രാമീണർ നൂറ് കണക്കിന് കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് റായ്പൂരിൽ പ്രതിഷേധം നടത്തുന്നു.
2022: ഏപ്രിൽ 6 ന് ഭാഗൽ സർക്കാർ പദ്ധതിക്ക് അന്തിമാനുമതി നൽകുന്നു.
(തുടരും)