അദാനിയുടെ ഇന്ത്യ, തുൽജാപുർകറുടെ ഇന്ത്യ

ആൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് അസോസിയേഷൻ നാഷണൽ കോൺഫറൻസ് മുംബൈ സ്വാഗതസംഘം ചെയർമാൻ എന്ന നിലയിൽ പി. സായിനാഥ് നടത്തിയ പ്രഭാഷണത്തിന്റെ സംഗ്രഹം.

അദാനിയുടെ ഇന്ത്യ

ഴിഞ്ഞ ഇരുപത്തിരണ്ട് വർഷത്തിനിടയിൽ 4,00,000 കർഷകർ ആത്മഹത്യ ചെയ്തിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ കടന്ന് പോയൊരു രാജ്യം 1921ന് ശേഷമുള്ള ഏറ്റവും വലിയ അസമസ്ഥിതിയിലേക്ക് തകർന്ന് വീണിരിക്കുന്നു. 2025ഓടെ അഞ്ച് ട്രില്യൺ എക്കോണമിയായി തീരുമെന്ന് വിചാരിക്കപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ എക്കോണമിയായ ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ ആകെയുള്ള 191 രാജ്യങ്ങളിൽ 132ആം സ്ഥാനത്തേയ്ക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

സർക്കാർ കണക്ക് അനുസരിച്ച് 4,86,000 ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ച് പോയതെങ്കിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ വിലമതിക്കുന്ന ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി അത് 2500000നും 4500000നും ഇടയിലാണെന്ന് കണ്ടെത്തിയിരിക്കുന്നു. ആരാണ് ഈവിധം മരിച്ച് പോയ ദശലക്ഷക്കണക്കായ മനുഷ്യരിലെ ഭൂരിപക്ഷം എന്ന് അന്വേഷിക്കുമ്പോൾ അത് സാധരണപ്പെട്ട തൊഴിലാളികളാണ് എന്നും കാണാൻ സാധിക്കും.

മാദ്ധ്യമങ്ങൾ ഇത്തരം കണക്കുകൾ പറയാറില്ല. ഇന്ത്യയിൽ 750 മാദ്ധ്യമപ്രവർത്തകർ കോവിഡ് ബാധിച്ച് മരിച്ചതെ പറ്റിയും അവർ മിണ്ടില്ല. ഏഴായിരം രൂപയ്ക്ക് താഴെ തുച്ഛശമ്പളം വാങ്ങുന്ന പ്രാദേശിക മാദ്ധ്യമപ്രവർത്തകരാണ് ഈ ദുർവിധിയ്ക്ക് പ്രധാനമായും ഇരയാവേണ്ടി വന്നത് എന്നും ഇവിടെ മനസിലാക്കേണ്ടതുണ്ട്. പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യ 142ൽ നിന്നും കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് 161ലേക്ക് അധഃപതിച്ച് പോയിരിക്കുന്നു.

ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം ഇപ്പോൾ 107ആമതായാണ്. എത്യോപ്യയും റുവാണ്ടയും പോലെ ദാരിദ്ര്യവശാൽ കുപ്രസിദ്ധമായ രാജ്യങ്ങൾ പോലും അടുത്ത കാലത്ത് ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നില കൈവരിച്ചിരിക്കുന്നു.

പക്ഷേ ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യയിലെ ബില്യണേഴ്സിന്റെ എണ്ണം ജപ്പാനിലെയും കാനഡയിലെയും ഒരുമിച്ചുള്ള എണ്ണത്തെയും കടന്ന് പോയിരിക്കുന്നു. ഇന്ത്യൻ അസമത്വത്തിന്റെ വർത്തമാനകാലനില എന്ത് എന്ന് ഈ കണക്കുകൾ സ്വയം വിശദീകരിക്കുന്നുണ്ട്.

1993ൽ ഇന്ത്യയിൽ ബില്യണേഴ്സായി ആരും ഉണ്ടായിരുന്നില്ല എങ്കിൽ ആഗോളവൽക്കരണ നയങ്ങൾ സ്വീകരിച്ച് ഒരു കൊല്ലം കഴിഞ്ഞ പാടെ മൂന്ന് ബില്യണേഴ്സ് പ്രത്യക്ഷപ്പെട്ടു. 2013ൽ അത് 56 ആയി ഉയർന്നു. 2023ൽ പൊടുന്നനെ അത് 166ലേക്കെത്തി നിൽക്കുന്നു. ഒമ്പത് കൊല്ലത്തെ മോഡി വാഴ്ച 110 ബില്യണേഴ്സിനെ അധികമായി സൃഷ്ടിച്ചിരിക്കുന്നു.

ആരാണ് ഈവിധം മരിച്ച് പോയ ദശലക്ഷക്കണക്കായ മനുഷ്യരിലെ ഭൂരിപക്ഷം എന്ന് അന്വേഷിക്കുമ്പോൾ അത് സാധരണപ്പെട്ട തൊഴിലാളികളാണ് എന്നും കാണാൻ സാധിക്കും.

ഇൻഡക്സുകളുടെ കാര്യത്തിൽ വിദേശരാജ്യങ്ങൾ കള്ളം പറയുകയാണ് എന്നാണ് ഭരണപക്ഷത്തിന്റെ ആരോപണം. ഇത്തരം വാദഗതികൾ കേൾക്കുമ്പോൾ ഇന്ത്യയിലേക്ക് നോക്കിയിരിക്കലാണ് അവരുടെ പണി എന്ന് തോന്നിപ്പോവും. വൈദേശികരെ കൗതുകപ്പെടുത്തും വിധം ഒരു അത്ഭുതജനതയാണൊ ഇന്ത്യാക്കാരെന്ന് സംശയിക്കാനും പഴുതുണ്ട്. എന്നാൽ വൈദേശികമായ ഫോർബ്സിന്റെ കണക്കുകളെ ആരും ചോദ്യം ചെയ്യുന്നില്ല. പലരും അതിൽ അഭിമാനപുളകിതരാവുക കൂടി ചെയ്യുന്നു. പക്ഷേ ആരാണ് ഈ വിധം ബില്യണേഴ്സായി മാറി കൊണ്ടിരിക്കുന്നത് എന്നത് കൂടി ഇവിടെ പരിഗണിക്കപ്പെടേണ്ടതുണ്ട്.

മോഡി വാഴ്ച തുടങ്ങും മുന്നെ തന്നെ ഗൗതം അദാനി ഒരു ബില്യണറാണ് എന്നിരിക്കിലും 3.8 ബില്യൺ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. ഒമ്പത് വർഷം കൊണ്ട് 3400% വളർന്ന അദാനിയുട ആസ്തി 134.2 ബില്യണായി മാറിയിരിക്കുന്നു. എലോൺ മസ്കിന് കൂടി ഇക്കാലത്ത് 1000% വളർച്ച മാത്രമാണ് സാധ്യമായത്.

ഗൗതം അദാനി, നരേന്ദ്ര മോദി

അസാധാരണമായ ഈ വളർച്ച കൂമ്പാരം കൂടുന്ന സമ്പത്ത് എവിടെയാണ് കേന്ദ്രീകരിക്കപ്പെടുന്നത് എന്ന് ശരിയായി ചൂണ്ടിക്കാണിക്കുന്നു. സമ്പത്ത് കേന്ദ്രീകരിക്കപ്പെടുന്നത് എങ്ങനെയെന്ന് ഹിഡൻബർഗ് റിപ്പോർട്ട് വിശദീകരിക്കുന്നു. പക്ഷേ കാര്യങ്ങൾ കുഴപ്പത്തിലായതോടെ ഇന്ത്യൻ ഭരണകൂടം പൊതുമേഖലയിലെ ധനകാര്യ സ്ഥാപനങ്ങൾ വഴി അദാനിയിലേക്ക് കൂടുതൽ പണം എത്തിച്ചു. പൊതുമേഖലയിലെ മികച്ച സ്ഥാപനങ്ങൾക്ക് പോലും വറുതികാലങ്ങളിൽ ഇത്രയും വലിയ സഹായങ്ങൾ ഒരിക്കലും ലഭ്യമായിട്ടില്ല എന്നതാണ് അതിന്റെ യാഥാർത്ഥ്യം. ജനങ്ങളുടെ സമ്പത്ത് അദാനിയിൽ നിക്ഷേപിക്കുന്നത് ടൈറ്റാനിക്കിൽ നിക്ഷേപിക്കുന്നതിന് തുല്യമാണ്. ഒരു ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഇത് ലജ്ജാകരമാണ്. ടൈറ്റാനിക്ക് ഒരു ഐസ്ബർഗിലെന്ന പോലെ അദാനി ഹിഡൻബർഗിലും ചെന്ന് തട്ടിനിൽക്കുന്നു.

തുൽജാപുർകറുടെ ഇന്ത്യ

ത്ത് വർഷം മുമ്പാണ് ഞാൻ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്റ്റോറി ചെയ്യുന്നത്. ദ ഹിന്ദു ദിനപത്രത്തിൽ അത് വളരെ പ്രാധാന്യത്തോടെ തന്നെ അച്ചടിച്ച് വന്നു. വല്ലാത്തൊരു അപകടനിലയെ അഭിമുഖീകരിക്കുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയുമായി ബന്ധപ്പെട്ടായിരുന്നു ആ സ്റ്റോറി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര ഏറ്റവും ദരിദ്രരായ കർഷകരുടെയും ചെറുകിട കച്ചവടക്കാരുടെയും ഇടത്തരം ഉദ്യോഗസ്ഥരുടെയും ബാങ്കാണ്. ആ ബാങ്കിലെ ചില ഉന്നതോദ്യഗസ്ഥരുടെ ഒത്താശയോടെ കനത്തൊരു തുക വായ്പയെടുക്കാൻ കിംഗ്ഫിഷർ പരിശ്രമിച്ചിരുന്നു. 150 കോടിയോളം ആ ഇനത്തിൽ അവർ അതിനോടകം വസൂലാക്കുകയും ചെയ്തിരുന്നു.

Devidas Thuljapurkar

അതൊരു ഫ്രോഡായിരുന്നു. മഹാരാഷ്ട്രയിലെ കർഷകലക്ഷങ്ങളുടെയും ഇടത്തരം തൊഴിലാളികളുടെയും ബാങ്ക് അതിന്റെ യഥാർത്ഥ ഉടമസ്ഥരായ ജനങ്ങളറിയാതെ സമർത്ഥമായ് കൊള്ളയടിക്കപ്പെടുകയായിരുന്നു.

ആയിടയ്ക്കാണ് അതെ ബാങ്കിൽ ക്ലറിക്കൽ കേഡറിൽ ജോലിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥൻ, ദേവിദാസ് തുൽജാപുർകർ(Devidas Thuljapurkar) എന്റെ ഓഫീസിലേക്ക് ഈ വർത്തമാനവുമായി കടന്ന് വരുന്നത്. കിംഗ്‌ഫിഷർ വായ്പയിലെ അനീതിയുടെ പ്രശ്നം ശരിയായ രേഖകളുടെ അടിസ്ഥാനത്തിൽ അദ്ദേഹം വിശദീകരിച്ച് തന്നു.

ബാങ്കിന്റെ സാങ്കേതികവശങ്ങൾ എനിക്ക് അത്ര നിശ്ചയമില്ലായിരുന്നു. ദേവിദാസും സഖാക്കളും എനിക്ക് അത്തരം കാര്യങ്ങൾ മനസിലാക്കിച്ച് തന്നു. മൂന്നാഴ്ച ഞങ്ങൾ ഒരുമിച്ച് പണിയെടുത്തു.

ലേഖനം പുറത്ത് വന്നതോടെ വലിയ കോലാഹലമായി. അതിന് ശേഷം കിംഗ്ഫിഷറിന് പൊതുപ്പണത്തിൽ നിന്നും ഒരു ചില്ലിക്കാശ് കൂടി വായ്പ വഴി ലഭ്യമായില്ല. അധികം വൈകാതെ വിജയ് മല്യ ഇന്ത്യ വിട്ട് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. മറാത്ത കർഷകരുടെ വിയർപ്പ് പറ്റിച്ച കാശ് കൊണ്ട് മേഫെയറിലെ ഒരു ആഡംബരഫ്ലാറ്റിൽ മല്യ സസുഖം വാഴുന്നു. മല്യയെ തിരിച്ച് കൊണ്ട് ഇന്ത്യൻ സർക്കാരിനും ഇത് വരെ കഴിഞ്ഞിട്ടില്ല.

വിജയ് മല്യ

ഇതോടെ ആ ലേഖനത്തിന്റെ സോഴ്സ് കണ്ടെത്താൻ പലരും ശ്രമിച്ചു. ഏഴോളം ബാങ്ക് ജീവനക്കാർ നടപടികൾ നേരിട്ടു. എങ്കിലും യഥാർത്ഥ സോഴ്സായ ദേവിദാസ് തുൽജാപുൽകറിനെ ആർക്കും പിടിക്കാനായില്ല. ഏതാണ്ട് പത്ത് വർഷം കഴിഞ്ഞു. ഇതാദ്യമായാണ് ഞാൻ ഇത് വെളിപ്പെടുത്തുന്നത്.

ദേവിദാസിനെയും സഖാക്കളെയും മാത്രമല്ല മറ്റനേകം ബാങ്ക് ജീവനക്കാരെയും ഞാൻ ഈ വിധം പരിചയപ്പെട്ടിട്ടുണ്ട്. അവരുടെ നീതിബോധവും പ്രവർത്തനരീതികളും അടുത്തറിഞ്ഞിട്ടുണ്ട്. പൊതുജനം ഇത്തരം കാര്യങ്ങൾ പലതും അറിയാതെ പോവുന്നു. അവർക്കൊപ്പം പ്രവർത്തിച്ച് ശീലിച്ച കൊണ്ട് എനിക്കത് ബോധ്യം വന്ന കാര്യമാണ്.

ദേവിദാസ് അദ്ദേഹത്തിന്റെ ബാങ്കിലെ വർക്ക്മെൻ ഡയറക്ടർ കൂടിയായിരുന്നു. വർക്ക്മെൻ ഡയറക്ടർ തൊഴിലാളികളുടെ പ്രതിനിധിയാണ്. ഈ സംഭവത്തിന് ശേഷം എല്ലാ ബാങ്ക് മാനേജ്മെന്റുകളും ആ തസ്തിക ഒഴിച്ചിട്ടിരിക്കുകയാണ്.

ബാങ്ക് തൊഴിലാളികൾ പൊതുപ്പണത്തിന്റെ സംരക്ഷകരാണ്. അവർ ഗ്രമീണമേഖലയിലെ പ്രശ്നങ്ങളും കാർഷികപ്രതിസന്ധികളും ആദ്യം തന്നെ തിരിച്ചറിഞ്ഞ് വിളിച്ച് പറയാൻ കഴിയുന്നവർ കൂടിയാണ്. നോട്ട് നിരോധന കാലത്ത് ധനഞ്ജയ് കുൽക്കർണിയെ പോലെയുള്ള ബാങ്ക് ജീവനക്കാർ ഓരൊ ചെറിയ കാര്യവും എന്നെ കൊണ്ട് നടന്ന് കാണിച്ച് തരുമായിരുന്നു. അത്തരം അന്വേഷണങ്ങൾ അവരിൽ ചിലരെ കുഴപ്പത്തിലാക്കുകയും ചെയ്ത് പോരുന്നു.

സിലിക്കൻ വാലി ബാങ്ക് അടക്കം 22 ബാങ്കുകൾ അമേരിക്കയിൽ പൊളിഞ്ഞ് വീണു. ഇന്ത്യൻ ബാങ്കുകൾ അഗോളമാന്ദ്യകാലത്തും പിടിച്ച് നിന്നു. അന്ന് ചിദമ്പരം അടക്കമുള്ളവർ ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥയെ പുകഴ്ത്തി പറഞ്ഞു. ഇന്ത്യൻ പൊതുമേഖല ബാങ്കിംഗിനെ സ്വകാര്യവൽക്കരിക്കാതെ കാത്ത് സംരക്ഷിച്ചത് ഇന്ത്യൻ തൊഴിലാളിവർഗത്തിനൊപ്പം പോരാടിയ ബാങ്കിംഗ് മേഖലയിലെ ജീവനക്കാരാണ്. അത്തരം പോരാട്ടങ്ങളുടെ ശ്രമഫലമായാണ് കൊടിയ സാമ്പത്തികമാന്ദ്യത്തിന് മുന്നിലും ഇന്ത്യൻ ബാങ്കുകൾ തകരാതെ പിടിച്ച് നിന്നത്.

നാലര ദശാബ്ദക്കാലത്തെ എന്റെ സമ്പാദ്യം അത്രയും ഞാൻ പൊതുമേഖലയിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരിലാണ് എന്റെ വിശ്വാസം. ഞങ്ങളെ പോലുള്ളവരുടെ എളിയ സമ്പാദ്യങ്ങൾ അവർ സുരക്ഷിതമായി വെക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

2018-ലെ നാസികിലെ കര്‍ഷക റാലി

2018ൽ നാസിക്കിൽ നിന്നും മുംബൈയിലേക്ക് നാല്പത് ഡിഗ്രി ചൂടിൽ 40000 കർഷകർ മാർച്ച് തുടങ്ങി. അതിന്റെ തുടർച്ചയെന്നോണം 22 സംസ്ഥാനങ്ങളിൽ നിന്നായി 100000 കർഷകർ ദൽഹി വളഞ്ഞു. മഹാമാരിയുടെ കാലം ലോകം കണ്ട സമാധാനപൂർവ്വമായ ഏറ്റവും വലിയ പ്രക്ഷോഭം കർഷക ആന്ദോളനായിരുന്നു.

ഒക്കുപ്പെ വാൾസ്ട്രീറ്റ് 9 മാസക്കാലം നീണ്ടു. ഒടുവിൽ അമേരിക്കൻ പോലീസ് അവരെ പിരിച്ചയച്ചു. 53 ആഴ്ചക്കാലം തുടർന്ന കർഷക അന്ദോളനാവട്ടെ അതിന്റെ ലക്ഷ്യം നേടിയെടുത്ത ശേഷമാണ് സ്വയം പിരിഞ്ഞ് പോയത്. കർഷക മാർച്ചിലും കർഷക ആന്ദോളനിലും ട്രേഡ് യൂണിയനുകൾ ആവേശപൂർവ്വം പങ്ക് കൊണ്ടു. കർഷകർക്ക് വേണ്ടി ഭക്ഷണം ഒരുക്കി. ആശയപ്രചരണം നടത്തി. അവിടെയെല്ലാം ബാങ്കിംഗ് രംഗത്തെ തൊഴിലാളികളും അവരുടെ ചരിത്രപരമായ പങ്ക് നിർവഹിച്ചു.

എല്ലാ വിഭാഗം തൊഴിലാളികളെയും പോലെ ബാങ്കിംഗ് മേഖലയും പുതിയ ലേബർ കോഡുകളടക്കം പല ഭീഷണികളും നേരിടുന്നു. നിർമ്മിത ബുദ്ധിയുടെ മനുഷ്യവിരുദ്ധമായ വിന്യാസങ്ങളിലൂടെ തൊഴിൽ നഷ്ടത്തിന്റെ സാധ്യതയും അവരെ കാത്തിരിക്കുന്നു.

ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ട്. നിങ്ങൾ എല്ലാവരും ഈ രാജ്യത്തോടൊപ്പം, പൊതുസമ്പത്തിന് കാവലാളുകളായി മനുഷ്യപക്ഷത്ത് ഉണ്ടാവും എന്ന് ഞങ്ങളും മനസിലാക്കുന്നു.

Comments