തീവണ്ടിയിൽ നിന്ന് ഒരാൾ നൽകിയ സംഭാവന സ്വീകരിക്കുന്ന ഗാന്ധി. ജനലിന് പുറത്ത്, ആചാര്യ കൃപലാനി, രാധാകൃഷ്ണ ബജാജ്.

മോഹനിൽ നിന്ന്​മഹാത്മാവിലേക്ക്

ഗാന്ധിജി എന്ന പത്രപ്രവർത്തകൻ

ദ വെജിറ്റേറിയൻ

നിക്ക് ജനങ്ങളോടു പറയാനുള്ള കാര്യങ്ങൾ തുറന്നുപറയാനുള്ള ഏറ്റവും ലളിത മാർഗം പത്രങ്ങളാണെന്ന് ഗാന്ധിജി തിരിച്ചറിഞ്ഞിരുന്നു. ഇംഗ്ലണ്ട് വാസം തൊട്ട് ജീവിതത്തിന്റെ അവസാന കാലം വരെ വിവിധങ്ങളായ പത്രങ്ങളും മാസികകളും അദ്ദേഹം സ്വന്തമായി പ്രസിദ്ധീകരിച്ചിരുന്നു. ഗാന്ധിജിയിലെ പത്രപ്രവർത്തകനെ പലരും വേണ്ട രീതിയിൽ മനസിലാക്കിയിട്ടില്ല എന്നത് വസ്തുതയാണ്. ഇംഗ്ലണ്ട് വാസക്കാലത്തെ ഗാന്ധിജിയുടെ ഏറ്റവും പ്രധാന പ്രശ്നം ഭക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് നമുക്കറിയാം. ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹം ആഴ്ചകളോളം സസ്യാഹാര ഹോട്ടലുകൾ അന്വേഷിച്ചുനടന്നു. അങ്ങനെ അദ്ദേഹം അത് കണ്ടെത്തി. അതോടൊപ്പം ഇംഗ്ലണ്ടിൽ അക്കാലത്തുമാത്രം ആരംഭിച്ച ‘ദ വെജിറ്റേറിയൻ സൊസൈറ്റി’യിലും അദ്ദേഹം അംഗമായി. 1890 സെപ്തംബറിൽ ഇംഗ്ലണ്ടിൽ നടന്ന അന്തർദ്ദേശീയ സസ്യാഹാര കോൺഗ്രസിൽ പങ്കെടുക്കുന്നതിന്​ ഗാന്ധിജിക്ക് ക്ഷണം ലഭിച്ചു.

ലണ്ടൻ വെജിറ്റേറിയൻ മീറ്റിങ്ങിൽ ഗാന്ധി.

ഗാന്ധിജി ഈ കോൺഗ്രസിൽ സജീവമായി പങ്കെടുക്കുകയും ‘ദ വെജിറ്റേറിയൻ സൊസൈറ്റി’യുടെ എക്സിക്യൂട്ടീവ് അംഗമായി നിയമിതനാകുകയും ചെയ്തു. സൊസൈറ്റിയുടെ മുഖമാസികയായിരുന്ന ദ വെജിറ്റേറിയനിൽ ലേഖനങ്ങളെഴുതാൻ പത്രാധിപരായിരുന്ന ജോഷ്വാ ഓൾഡ്ഫീൽഡ് ഗാന്ധിജിയോട് ആവശ്യപ്പെട്ടു. "ഭാരതത്തിലെ സസ്യാഹാരി' എന്ന വിഷയത്തിൽ ഗാന്ധിജി തുടർച്ചയായി ലേഖനങ്ങൾ എഴുതി.

ഗാന്ധിജിയുടെ ലേഖനങ്ങൾ കേവലം സസ്യാഹാരത്തെ സംബന്ധിച്ച് മാത്രമായിരുന്നില്ല. പാശ്ചാത്യ സംസ്‌കാരത്തിന്റെ നൈതികതയില്ലായ്മയുടെ കടുത്ത വിമർശകനായിരുന്ന ഗാന്ധിജി അത്തരം വിഷയങ്ങളിൽ കൂടി ലേഖനങ്ങൾ എഴുതിയിരുന്നു. ഒരു ഇരുപതുകാരന്റെ ബോദ്ധ്യങ്ങൾക്കും ധാരണകൾക്കും അനുസരിച്ചുള്ളതായിരുന്നു അവയെന്നത് വസ്തുതയാണ്.

ദി വെജിറ്റേറിയനിൽ വന്ന ഗാന്ധിയുടെ ഇന്റർവ്യൂ

ചില പ്രത്യേക കാരണങ്ങൾ കൊണ്ട് അവസാനകാലത്ത് അദ്ദേഹം വെജിറ്റേറിയൻ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നെങ്കിലും പിൽക്കാലത്ത് ദക്ഷിണാഫ്രിക്കയിൽ താമസിച്ചിരുന്ന കാലത്തുപോലും ദ വെജിറ്റേറിയൻ മാസികയ്ക്ക് വേണ്ടി ചില ലേഖനങ്ങൾ എഴുതുകയുണ്ടായി. സസ്യാഹാരം മതപരമായ കാരണങ്ങൾകൊണ്ട് ശീലമാക്കി മാറ്റിയിരുന്ന ഗാന്ധിജിക്ക് ഈയൊരു ആഹാരശീലത്തിനുപിന്നിൽ കൃത്യമായൊരു സൈദ്ധാന്തിക അടിത്തറ കൂടിയുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിൽ ദ വെജിറ്റേറിയൻ മാസിക വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

ഇന്ത്യൻ ഒപീനിയൻ

ദ വെജിറ്റേറിയനിലൂടെ പത്രപ്രവർത്തന രംഗത്തെത്തിയ ഗാന്ധിജി തന്റെ ദക്ഷിണാഫ്രിക്കൻ ജീവിതകാലത്തെ അവിടുത്തെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പൊതുമണ്ഡലത്തിലെത്തിക്കുന്നതിനായി സ്വന്തമായി ഒരു പത്രം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയുണ്ടായി. ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലിടപെടുന്നതിനായി രൂപീകരിക്കപ്പെട്ട നാതാൾ ഇന്ത്യൻ കോൺഗ്രസ് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖപത്രം എന്ന നിലയിൽ ഒരു പത്രം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ടായിരുന്നെങ്കിലും അത് നടപ്പിലായില്ല. അങ്ങനെയാണ് ഗാന്ധിജി സ്വന്തമായി പത്രം ആരംഭിക്കുന്നത്.

ഇന്ത്യൻ ഒപ്പീനിയൻ

1903 ജൂലൈ നാലാം തീയ്യതിയായിരുന്നു ഇന്ത്യൻ ഒപീനിയന്റെ ആദ്യ ലക്കം പുറത്തിറങ്ങുന്നത്. അന്നുതൊട്ട് ഇതൊരു വാണിജ്യപത്രമായിരിക്കില്ല എന്ന കാര്യത്തിൽ ഗാന്ധിജി ഉറപ്പുനൽകിയിരുന്നു. പത്രപ്രവർത്തനം പൊതുസേവനത്തിനുള്ള ഉപാധിയായിരിക്കണം എന്ന കാര്യത്തിൽ ഗാന്ധിജിക്ക് ശങ്കയൊന്നുമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് അദ്ദേഹം തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു: ‘‘പത്രപ്രവർത്തനത്തിന്റെ ഏക ലക്ഷ്യം ജനസേവനമായിരിക്കണം. പത്രങ്ങളുടെ ശക്തി അപാരമാണ്. എന്നാൽ നിയന്ത്രണമില്ലാത്ത മലവെള്ളപ്പാച്ചിൽ ഗ്രാമങ്ങളെയും കൃഷിയിടങ്ങളെയും നശിപ്പിക്കുന്നതുപോലെ നിയന്ത്രണമില്ലാത്ത പേനയും നാശം വിതക്കും.''
ഈ വാക്കുകളിലൂടെ പത്രപ്രവർത്തന മേഖലയിൽ പാലിക്കേണ്ട നൈതികതയെക്കുറിച്ച് ഗാന്ധിജി സ്പഷ്ടമാക്കുന്നു.

സേവന- സംയമന മനോഭാവം പത്രപ്രവർത്തനത്തിൽ പാലിക്കേണ്ട അടിസ്ഥാന ഗുണങ്ങളാണെന്ന പാഠമാണ് ഗാന്ധിജി ഇതിലൂടെ നൽകുന്നത്.

എതിരാളികളുമായി കൊമ്പുകോർക്കുന്ന രീതിയിലുള്ള പത്രപ്രവർത്തനശൈലിയായിരുന്നില്ല ഗാന്ധിജിയുടേത്. വിവാദങ്ങളെ ഏറ്റവും ആരോഗ്യകരമായ രീതിയിലുള്ള സംവാദങ്ങളാക്കി മാറ്റാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.

ഇന്ത്യൻ ഒപീനിയൻ പ്രസിദ്ധീകരിക്കുന്നതിൽ ഗാന്ധിജിയെ സഹായിച്ചത് മദൻജീത് എന്ന വ്യക്തിയായിരുന്നു. പത്രത്തിന് വരിക്കാരെ ചേർക്കുന്നതുതൊട്ടുള്ള എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹം മുൻപന്തിയിൽ നിന്നു. പത്രത്തിന്റെ നയങ്ങളും മുഖപ്രസംഗങ്ങളും ഒക്കെത്തയ്യാറാക്കുന്ന ജോലി ഗാന്ധിജിയും ഏറ്റെടുത്തിരുന്നു. എന്നിരുന്നാലും അദ്ദേഹം ഒരിക്കലും അതിന്റെ പത്രാധിപരായിരുന്നില്ല. ദ വെജിറ്റേറിയൻ മാസികയുടെ പത്രാധിപരായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നുവെങ്കിലും വ്യവസ്ഥാപിതമായ രീതിയിൽ പത്രപ്രവർത്തനത്തിൽ ഇടപെടുന്നത് ഇന്ത്യൻ ഒപീനിയനിലൂടെയാണെന്ന് പറയാം.

എതിരാളികളുമായി കൊമ്പുകോർക്കുന്ന രീതിയിലുള്ള പത്രപ്രവർത്തനശൈലിയായിരുന്നില്ല ഗാന്ധിജിയുടേത്. വിവാദങ്ങളെ ഏറ്റവും ആരോഗ്യകരമായ രീതിയിലുള്ള സംവാദങ്ങളാക്കി മാറ്റാനായിരുന്നു അദ്ദേഹം ശ്രമിച്ചത്. മതഭേദം (അഭിപ്രായ ഭിന്നത) ഉണ്ടായിരുന്നപ്പോഴും മനഭേദം സംഭവിക്കാതിരിക്കാനുള്ള കരുതലുകൾ അതിലുണ്ടായിരുന്നു. ആലങ്കാരികതകൾ ഒട്ടുമില്ലാത്ത ശൈലിയും വാക്കുകൾ ഉപയോഗിക്കുമ്പോൾ കാണിക്കുന്ന സൂക്ഷ്മതയും സംയമനത്വവും, വിശേഷണങ്ങൾ ശ്രദ്ധാപൂർവ്വം നടത്തുന്നതും കാരണം എതിരാളികളുടെ എതിർപ്പിന്റെ മൂർച്ച ക്രമേണ കുറഞ്ഞുവന്നിരുന്നു. അതേസമയം, തന്റെ അഭിപ്രായവ്യത്യാസങ്ങൾ മറച്ചുവെക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല.

ഗാന്ധി ജൊഹനാസ്ബർഗിലെ ജെ.ജെ. ഡോകിന്റെ വീട്ടിൽ / Photo: Wikimedia Commons

തന്റെ മറ്റെല്ലാ പ്രവർത്തനങ്ങളുമെന്നപോലെ സത്യത്തിലേക്ക് ചെന്നെത്താനുള്ള ശ്രമമെന്ന നിലയിലായിരുന്നു ഗാന്ധിജി പത്രപ്രവർത്തനത്തെയും കണ്ടത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശത്രു എതിരാളികളായിരുന്നില്ല, മറിച്ച് അസത്യമായിരുന്നു. അസത്യത്തോടുള്ള യുദ്ധത്തിൽ സത്യത്തിന്റെ പക്ഷത്ത് സ്നേഹപൂർവ്വം ഉറച്ചുനിൽക്കാനായിരുന്നു അദ്ദേഹം നിശ്ചയിച്ചത്. ഇന്ത്യൻ ഒപീനിയനിലൂടെ അത് അദ്ദേഹം പ്രവർത്തനത്തിൽ വരുത്തി.

യംഗ് ഇന്ത്യ

ലോകത്തെ ഇത്രയധികം സ്വാധീനിച്ച നേതാവായിരുന്ന ഗാന്ധിജി വലിയ ഗ്രന്ഥങ്ങളൊന്നും തന്നെ രചിച്ചിട്ടില്ല എന്നത് വാസ്തവമാണ്. ഗാന്ധിജി സ്വയം എഴുതിയ പുസ്തകങ്ങൾ വിരലിലെണ്ണാവുന്നവ മാത്രമാണ്. ഗാന്ധിജിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ മിക്കതും അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ സമാഹാരങ്ങളാണ്. ഗാന്ധിജി തന്റെ ചിന്തകളും ആശയങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നതിന് കണ്ടെത്തിയ മാർഗം പത്രപ്രവർത്തനമായിരുന്നു.

യംഗ് ഇന്ത്യ

ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെന്ന പോലെ ഇന്ത്യയിലും അദ്ദേഹം ഇതേ വഴി ഉപയോഗിച്ചു. ഇന്ത്യയിലെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ നേതൃപരമായ പങ്ക് വഹിക്കാൻ ആരംഭിച്ചതുതൊട്ട് ആ പ്രക്ഷോഭങ്ങൾ അഹിംസാത്മകവും നൈതികതയിലുറച്ചതുമായിരിക്കണമെന്ന് ഗാന്ധിജി നിശ്ചയിച്ചിരുന്നു. ഈയൊരു ആശയങ്ങൾ ജനങ്ങളുമായി പങ്കുവെക്കുന്നതിന് അദ്ദേഹം യംഗ് ഇന്ത്യ എന്നൊരു വാരിക ആരംഭിക്കുകയുണ്ടായി. 1909-ലാണ് യംഗ് ഇന്ത്യയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. 1931വരെ ഈ വാരിക തുടർച്ചയായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാലയളവിൽ വാരികയ്ക്ക് വലിയ പ്രചാരം ലഭിക്കുകയുണ്ടായി.

പല ഭാഷകളിലും വാരികയുടെ പരിഭാഷകൾ പ്രസിദ്ധീകരിക്കപ്പെട്ടു. യംഗ് ഇന്ത്യയിലെ ലേഖനങ്ങൾ മറ്റ് പല പത്ര- മാസികകളിൽ ഉദ്ധരിക്കപ്പെടുകയുണ്ടായി. സത്യഗ്രഹത്തെ സംബന്ധിച്ചും ഗ്രാമോദ്യോഗത്തെക്കുറിച്ചും ഒക്കെ ഗാന്ധിജി നിരന്തരം എഴുതിക്കൊണ്ടിരുന്നു.

യംഗ് ഇന്ത്യയെക്കൂടാതെ ഗാന്ധിജി ആരംഭിച്ച മറ്റൊരു പത്രമായിരുന്നു ഹരിജൻ. ഇംഗ്ലീഷിൽ ആരംഭിച്ച ഈ പ്രതിവാര പത്രത്തിന് ഗുജറാത്തി, ഹിന്ദി ഭാഷകളിലും എഡിഷനുകളുണ്ടായിരുന്നു. 1933 മുതൽ 1948 വരെയുള്ള കാലയളവിലായിരുന്നു ഹരിജൻ പത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിലൂടെ തൊട്ടുകൂടാത്തവരെന്ന് കരുതിപ്പോന്നിരുന്ന സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധിജി ശ്രമിച്ചത്.

ഇന്ത്യൻ ഒപീനിയനിലും, യംഗ് ഇന്ത്യയിലും, ഹരിജനിലും വന്ന ലേഖനങ്ങളാണ് പിന്നീട് മഹാത്മജിയുടെ പേരിൽ പുസ്തകങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടത്. കലക്ടഡ് വർക്സ് ഓഫ് മഹാത്മാഗാന്ധി അഥവാ സമ്പൂർണ ഗാന്ധി വാങ്മയത്തിൽ മേൽപ്പറഞ്ഞ പ്രസിദ്ധീകരണങ്ങളിൽ ഗാന്ധിജി എഴുതിയ എല്ലാ ലേഖനങ്ങളും എടുത്തുചേർത്തിട്ടുണ്ട്. അതിദീർഘമായ തന്റെ പത്രപ്രവർത്തന ജീവിതത്തിൽ ഒരു വാക്കുകൊണ്ടുപോലും ആരെയും വേദനിപ്പിക്കാൻ മഹാത്മജി ശ്രമിച്ചിട്ടില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ട സംഗതിയാണ്. എതിരാളികളെ അതിശക്തമായ വാദമുഖങ്ങളിലൂടെ നേരിടുമ്പോഴും ഒരിക്കൽ പോലും വ്യക്തിപരമായ അവഹേളനങ്ങൾക്ക് അതിൽ സ്ഥാനമുണ്ടായിരുന്നില്ല. അഹിംസയെയും സത്യത്തെയും ജനഹൃദയങ്ങളിലേക്കെത്തിക്കുവാനുള്ള ഒരു മാർഗമെന്ന നിലയിൽ മാത്രമായിരുന്നു മഹാത്മജി പത്രപ്രവർത്തനത്തെയും കണ്ടിരുന്നത്.

ഉപവാസങ്ങളും വ്രതങ്ങളും അനുഷ്ഠിക്കുമ്പോൾ അമ്മ കാണിച്ചിരുന്ന ദൃഢത ഗാന്ധിജിയുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നതായി നമുക്ക് കാണാം.


ഗാന്ധിജിയെ സ്വാധീനിച്ച മൂന്ന് വനിതകൾ

അമ്മ പുത്​ലിബായ്​

പോർബന്ദറിലെ ഒരു വൈഷ്ണവ കുടുംബത്തിലായിരുന്നു ഗാന്ധിജിയുടെ ജനനം. ഗാന്ധിജിയുടെ പിതാവ് കരംചന്ദ് ഗാന്ധി എന്ന കാബാ ഗാന്ധി ദിവാൻ പദവിയിൽ ജോലി ചെയ്ത വ്യക്തിയായിരുന്നു. അമ്മ പുത്​ലിബായ് വൈഷ്ണവ സമ്പ്രദായത്തിലെ എല്ലാ നിഷ്ഠകളും പാലിച്ചുജീവിച്ച സ്ത്രീയായിരുന്നു. അവർ ആദ്ധ്യാത്മിക കാര്യങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്നതായി ഗാന്ധിജി പറയുന്നു. അമ്മയുടെ ആദ്ധ്യാത്മിക ചിന്തകളായിരുന്നു ഗാന്ധിജിയിലെ ആദ്ധ്യാത്മിക ബോധത്തെ ഉണർത്തിയതെന്ന് പറയാം. അമ്മയെ ഗാന്ധിജി തന്റെ ആത്മകഥയിൽ അനശ്വരമാക്കുന്നുണ്ട്. അമ്മയെക്കുറിച്ച് ഗാന്ധിജിയുടെ അഭിപ്രായം ഇതിലൂടെ നമുക്ക് മനസിലാക്കാം. ഗാന്ധിജി പറയുന്നു: ""ഒരു സാധ്വി എന്ന നിലയിലുള്ള ചിത്രമാണ് അമ്മയെക്കുറിച്ച് എന്നിൽ നിലനിൽക്കുന്നത്. ദൈനംദിന പൂജകൾ നടത്താതെ അവർ ഭക്ഷണം പോലും കഴിച്ചിരുന്നില്ല. ഹവേലി സന്ദർശനങ്ങൾ അവരുടെ പതിവായിരുന്നു. ചാതുർമാസ വ്രതങ്ങൾ ഒരു തവണയെങ്കിലും അമ്മ മുടക്കിയിരുന്നതായി എനിക്ക് ഓർക്കാൻ സാധിക്കുന്നില്ല. കഠിനവ്രതങ്ങളും മറ്റും യാതൊരു ചാഞ്ചല്യവുമില്ലാതെ ആദരവോടെ അവർ അനുഷ്ഠിക്കാറുണ്ട്''.

പുത്ലിബായ്

ഉപവാസങ്ങളും വ്രതങ്ങളും അനുഷ്ഠിക്കുമ്പോൾ അമ്മ കാണിച്ചിരുന്ന ദൃഢത ഗാന്ധിജിയുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചിരുന്നതായി നമുക്ക് കാണാം. പുത്​ലിബായിയുടെ ഇത്തരത്തിലുള്ള ദൃഢചിത്തതയോടെയുള്ള ജീവിതശൈലിയെ സംബന്ധിച്ച ഒരു കഥ ഗാന്ധിജി വിവരിക്കുന്നുണ്ട്. ഒരിക്കൽ ചാതുർമാസവ്രതക്കാലത്ത് സൂര്യനെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് അമ്മ ശപഥം ചെയ്തു. മോഹൻദാസും കൂട്ടുകാരും സൂര്യനെ കാണുന്നതിനായി ആകാശത്തേക്ക് കണ്ണുംനട്ട് സൂര്യന്റെ വരവ് വിളിച്ചറിയിക്കാനായി കാത്തുനിന്നു. മഴക്കാലമായതിനാൽ സൂര്യദർശനം വളരെ അപൂർവമായ സംഗതിയാണ്. അങ്ങനെ സൂര്യനെ കണ്ട മാത്രയിൽ അമ്മയെ അറിയിക്കാനായി ഓടിച്ചെന്നു. അമ്മ സ്വന്തം കണ്ണുകൾ കൊണ്ട് സൂര്യനെ കാണുന്നതിനായി പുറത്തേക്ക് ധൃതിയിൽ വന്നപ്പോഴേക്കും സൂര്യൻ കാർമേഘപാളികൾക്കിടയിൽ മറഞ്ഞുപോയിരുന്നു. എന്നാലിന്ന് ഭക്ഷണം കഴിക്കില്ലെന്ന് അമ്മയും ഉറപ്പിച്ചു. ഈയൊരു സംഭവം ഗാന്ധിജിയെ വല്ലാതെ സ്പർശിച്ചിരുന്നു.

വളരെ പ്രായോഗികമതിയായിരുന്നു പുത്​ലിബായ്​. ദർബാറിലെ കാര്യങ്ങളെല്ലാം വളരെ ഭംഗിയായി അവർ നിർവ്വഹിച്ചു. അക്കാലത്ത് കടൽകടന്നുള്ള യാത്ര നിഷിദ്ധമായിരുന്നു. എന്നാൽ മകൻ വിദേശത്തേക്ക് പോകുന്നതിനെ ആചാരലംഘത്തിന്റെ പേരിൽ തടയാൻ അവർ ശ്രമിച്ചിരുന്നില്ല. അതേസമയം മകൻ വിദേശത്ത് ചെന്ന് മാംസാഹാരം കഴിക്കേണ്ടിവരുന്നതിനെക്കുറിച്ച് അവർ ഉത്കണ്ഠപ്പെട്ടിരുന്നു. മകന്റെ പ്രതിജ്ഞയിൽ വിശ്വാസമർപ്പിച്ച് അവർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ തന്റെ മകൻ അഭിഭാഷകനായി തിരിച്ചെത്തുന്നത് കാണാൻ ആ സാധ്വി കാത്തിനിന്നിരുന്നില്ല. മോഹൻദാസ് ഇംഗ്ലണ്ടിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കേട്ടത് അമ്മയുടെ വിയോഗ വാർത്തയായിരുന്നു.

ഗാന്ധി ചെറുപ്പകാലത്ത്

പുത്​ലിബായി തന്റെ മകൻ മോനിയയ്ക്ക് നിഷ്‌കളങ്കമായ സ്നേഹം മാത്രമായിരുന്നു നൽകിയത്. പകരം ഒന്നും ആഗ്രഹിക്കാത്ത സ്നേഹം. അവരുടെ പവിത്രത, ലാളിത്യം, മതപരമായ വിശ്വാസം, വ്രതനിഷ്ഠ എന്നിവയൊക്കെ ഹൃദയത്തിൽ നിന്നുവരുന്നതായിരുന്നു. ഈയൊരു സത്ഗുണങ്ങളെല്ലാം തന്നിലേക്കാവാഹിക്കാൻ ഗാന്ധിജിക്ക് സാധിച്ചു.

കസ്തൂർ

ഗാന്ധിജി ലോകത്തിന് "ബാപ്പു' (പിതാവ്) ആയിരുന്നുവെങ്കിൽ കസ്തൂർ "ബാ' (അമ്മ) ആയിരുന്നു. ലോകം അവരെ വിളിക്കുന്നത് കസ്തൂർബാ എന്ന പേരിലാണ്. ഗാന്ധിജിയുടെ ജീവിതത്തിലേക്ക് കസ്തൂർ കടന്നുവരുന്നത് 13-ാമത്തെ വയസ്സിലായിരുന്നു. രണ്ടുപേരും സമപ്രായക്കാരായിരുന്നു. ഗാന്ധിജിയുടെ പോർബന്ദറിലെ വീടിന്റെ തൊട്ടടുത്ത് തന്നെയായിരുന്നു കസ്തൂരിന്റെയും വീട്. ഗോകുൽദാസ് നഗർദാസിന്റെയും വ്രജ്കൂവർബായിയുടെയും പുത്രിയായിട്ടാണ് കസ്തൂരിന്റെ ജനനം.

ഗാന്ധിജിയും കസ്തൂർ ബായും / Photo: Wikimedia Commons

കസ്തൂർ തന്റെ ജീവിതത്തെ എങ്ങിനെയൊക്കെ സ്വാധീനിച്ചു എന്ന് ഗാന്ധിജി തന്റെ ആത്മകഥയിൽ വ്യക്തമായിത്തന്നെ എഴുതിയിട്ടുണ്ട്. അഹിംസയുടെ ആദ്യപാഠങ്ങൾ താൻ പഠിച്ചത് കസ്തൂരിന്റെ ക്ഷമാപൂർവ്വമായ ധിക്കാരങ്ങളിൽ നിന്നാണെന്ന് അദ്ദേഹം പറയുന്നു. ആദ്യകാലങ്ങളിൽ ഭർത്താവെന്ന നിലയിലുള്ള തന്റെ അധികാര പ്രയോഗങ്ങളെ വളരെ ക്ഷമയോടെ നിഷേധിക്കുന്ന കസ്തൂർ തന്നിൽ യഥാർത്ഥത്തിൽ ആദരവാണ് വളർത്തിയെടുത്തതെന്ന് അദ്ദേഹം ഓർമിക്കുന്നു. വൈഷ്ണവ സമ്പ്രദായത്തിൽ ജനിച്ചുവളർന്ന കസ്തൂരിന് ഗാന്ധിജിയുടെ പല രീതികളും ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നുവെങ്കിലും പതുക്കെ പതുക്കെ അത് സ്വായത്തമാക്കുകയായിരുന്നു. തൊട്ടുകൂടായ്മയെ സംബന്ധിച്ച ബോദ്ധ്യങ്ങൾ ഇതിലൊന്നായിരുന്നു.

സഹനമായിരുന്നു കസ്തൂരിന്റെ മുഖമുദ്ര. ഏതുതരം കഷ്ടതകളെയും ക്ഷമാപൂർവ്വം നേരിടാനുള്ള അവരുടെ ജന്മസിദ്ധമായ കഴിവിനെ ഗാന്ധിജി ആദരവോടെ നോക്കിക്കണ്ടു.

ദക്ഷിണാഫ്രിക്കയിൽ വെച്ചുതന്നെ ഗാന്ധിജിയുടെ സത്യഗ്രഹ സമരത്തിൽ പങ്കാളിയാകാൻ കസ്തൂരിന് സാധിച്ചിരുന്നു. പിന്നീട് ഇന്ത്യയിലെത്തിയപ്പോൾ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളിൽ പങ്കാളിയായി നിരവധി തവണ ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു. സഹനമായിരുന്നു കസ്തൂരിന്റെ മുഖമുദ്ര. ഏതുതരം കഷ്ടതകളെയും ക്ഷമാപൂർവ്വം നേരിടാനുള്ള അവരുടെ ജന്മസിദ്ധമായ കഴിവിനെ ഗാന്ധിജി ആദരവോടെ നോക്കിക്കണ്ടു. സത്യാഗ്രഹികളായ സ്ത്രീകൾക്ക് അതിനുള്ള പരിശീലനം നൽകുന്നതിലും ആശ്രമത്തിലെ ദൈനംദിന പ്രവർത്തനങ്ങളിൽ കാര്യകുശലതയോടെ ഇടപെടുന്നതിലും അവർ വൈദഗ്ദ്ധ്യം കാട്ടിയിരുന്നു.

കസ്തൂർബ ഗാന്ധി മക്കളായ ഹരിലാൽ, മണിലാൽ, രാംദാസ്, ദേവ്ദാസ് എന്നിവർക്കൊപ്പം. 1902 ലെ ചിത്രം

രോഗശയ്യയിലായിരുന്നപ്പോൾ പോലും ആട്ടിൻസൂപ്പ് കഴിക്കാൻ വിസമ്മതിച്ച കസ്തൂർബായുടെ കഥ നമുക്കെല്ലാവർക്കും അറിയാം. മരണത്തിന് മുന്നിൽ പോലും വിശ്വാസത്തെ കൈവെടിയാൻ തയ്യാറാകാത്ത അപൂർവ ജന്മമായിരുന്നു അവരുടേത്. ഗാന്ധിജിയുടെ ജീവിതത്തിൽ നിഴൽസാന്നിദ്ധ്യമായിരുന്നില്ല കസ്തൂരിന്റേത്. പലപ്പോഴും അവർ സത്യഗ്രഹങ്ങളുടെ മുൻപന്തിയിൽ നിന്നു. സ്ത്രീകളുമായി സംവദിച്ചു. ഗാന്ധിജിയുടെ തെറ്റുകുറ്റങ്ങളെ വിമർശിച്ചു.
കസ്തൂർബായുടെ മരണം ജയിലിൽ വെച്ചായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന സമയത്ത്, ഗാന്ധിജിയെയും കസ്തൂർബായെയും ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിരുന്നു. അവിടെ വെച്ച് അവരുടെ രോഗം മൂർച്ഛിക്കുകയും മരണപ്പെടുകയും ചെയ്തു. ആഗാഖാൻ ജയിലിൽ തന്നെ അവരെ സംസ്‌കരിക്കുകയും ചെയ്തു.

മീരാ ബെഹൻ

ഗാന്ധിജിയുടെ ചിന്തകളും പ്രവൃത്തികളും എന്നും ആളുകളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്വജീവിതം സമർപ്പിച്ചുകൊണ്ട് കൂടെ പ്രവർത്തിക്കാൻ തയ്യാറായ അനേകം സഹയാത്രികരെ അദ്ദേഹത്തിന് ലഭിച്ചു. ഗാന്ധിജിയുടെ ആദർശങ്ങളും സ്വഭാവമഹിമയും വിപ്ലവചിന്തകളും ഒരേപോലെ യുവജനങ്ങളെയും പ്രായമായവരെയും ആകർഷിച്ചുപോന്നു. ആ രീതിയിൽ ഗാന്ധിജിയിലേക്ക് ആകർഷിക്കപ്പെട്ട വ്യക്തിത്വമായിരുന്നു മീരാ ബെഹൻ.

മീരാ ബെഹൻ

1925 നവംബറിലായിരുന്നു മീരാബെഹൻ ഗാന്ധിജിയുടെ ആശ്രമത്തിലെത്തുന്നത്. ആരായിരുന്നു മീരാബെഹൻ എന്ന് നമുക്ക് പരിചയപ്പെടാം.
നാവികബലത്താൽ ഏതാണ്ട് ഭൂമിയുടെ വലിയൊരു ഭാഗം തങ്ങളുടെ അധീനതയിലാക്കി മാറ്റിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ നാവികസേനയുടെ അഡ്മിറലിന്റെ ഇളയപുത്രിയായിരുന്നു മീരാ ബെഹൻ. അവരുടെ യഥാർത്ഥ പേര് മിസ് മെഡ്​ലിൻ സ്ലൈഡ് എന്നായിരുന്നു. ധനിക കുടുംബത്തിലെ ഇളയ പുത്രിയായ അവർ എല്ലാ ആഢംബര സൗകര്യങ്ങളോടും കൂടി ജീവിച്ചവരായിരുന്നു.

പ്രശസ്ത സംഗീതജ്ഞനായ ബിഥോവന്റെ സംഗീതത്തോടുള്ള അവരുടെ അളവറ്റ അനുരാഗം ബിഥോവനെക്കുറിച്ച് കൂടുതലറിയാൻ അവരിൽ ആഗ്രഹം നിറച്ചു. അങ്ങനെയാണ് ബിഥോവനെക്കുറിച്ച് കൂടുതൽ അറിയാവുന്ന ഫ്രഞ്ച് സാഹിത്യകാരനായ റൊമാൻ റൊളാങ്ങിന്റെ അടുത്ത് മെഡ്​ലിൻ എത്തുന്നത്. റൊമാൻ റൊളാങ്ങ് ഈ കാലത്ത് ഗാന്ധിജിക്കുറിച്ച് ഒരു കൊച്ചുപുസ്തകം എഴുതിയിരുന്നു. "മഹാത്മാഗാന്ധി' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. റൊളാങ്ങ് ആണ് ഗാന്ധിജിയെക്കുറിച്ച് മെഡ്​ലിനോട് പറയുന്നത്. "ഗാന്ധി-രണ്ടാമത്തെ യേശുക്രിസ്തുവാണ്' എന്ന റൊളാങ്ങിന്റെ വാക്കുകൾ മീരയുടെ ഉള്ളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു.

ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിച്ച മെഡ്​ലിൻ എന്തെന്നില്ലാത്തവിധം അദ്ദേഹത്തിലേക്ക് ആകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മാതാപിതാക്കളുടെ അനുവാദത്തോടുകൂടി ഇന്ത്യയിലേക്ക് വരാൻ മെഡ്​ലിൻ തയ്യാറെടുപ്പുകൾ നടത്തി. ആശ്രമത്തിൽ വന്ന് താമസിക്കാനുള്ള അനുവാദം അവർ ഗാന്ധിജിയിൽ നിന്നും മുൻകൂർ വാങ്ങിയിരുന്നു. "നീ എന്റെ മകളായി ഇവിടെ കഴിഞ്ഞുകൊള്ളുക' എന്ന് ഗാന്ധിജി അവർക്ക് മറുപടി നൽകി.

ഗാന്ധിയും മീര ബഹനും ഇംഗ്ലണ്ടിൽ. 1931 ലെ ചിത്രം. / Photo: Wikimedia Commons

ആശ്രമത്തിലെ കഠിനമായ ജീവിതചര്യകൾ അനുഷ്ഠിക്കുക സ്വാഭാവികമായും പ്രയാസകരമായിരുന്നു. എന്നാൽ ലാളിത്യത്തെ നെഞ്ചോട് ചേർത്തിയ മെഡ്​ലിൻ സ്ലൈഡിനെ സംബന്ധിച്ച്​ ഈ തടസ്സങ്ങളൊക്കെ താൽക്കാലികം മാത്രമായിരുന്നു. ഗാന്ധിജിയാണ്​ മെഡ്​ലിൻ സ്ലൈഡ് എന്ന പേര് മാറ്റി മീര എന്ന പേര് അവർക്ക് നൽകിയത്. ഗാന്ധിജി മീരയെ എങ്ങനെ സ്വാധീനിച്ചുവോ അതേ രീതിയിൽ മീര ഗാന്ധിജിയെയും സ്വാധീനിച്ചിരുന്നു. കഷ്ടതകൾ സ്വമനസ്സാലെ സ്വീകരിക്കാനും ലളിതജീവിതം നയിക്കാനുമുള്ള അവരുടെ സന്നദ്ധത ഗാന്ധിജിയിൽ വലിയ മതിപ്പുളവാക്കിയിരുന്നു. ആദ്ധ്യാത്മികതയെ സംബന്ധിച്ച്​ ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന സമാനബോദ്ധ്യം യഥാർത്ഥത്തിൽ കൊടുക്കൽ വാങ്ങലുകളുടേതായിരുന്നു.

ഗാന്ധിജിയുടെ മരണശേഷം കുറേക്കാലം കൂടി മീരാ ബെഹൻ ഇന്ത്യയിൽ താമസിച്ചുവെങ്കിലും പിന്നീട് ഓസ്ട്രിയയിലേക്ക് തിരിച്ച് പോവുകയും ബിഥോവന്റെ ജീവചരിത്രം തയ്യാറാക്കുന്നതിൽ മുഴുകുകയും ചെയ്തു.


ഗാന്ധിജിയെ സ്വാധീനിച്ച മൂന്ന് പുസ്തകങ്ങൾ

അൺടു ദിസ് ലാസ്റ്റ്

ലോകപ്രശസ്തനായ ഇംഗ്ലീഷ് കലാനിരൂപകനും സാമൂഹ്യ ചിന്തകനുമായ ജോൺ റസ്‌കിൻ രചിച്ച സുപ്രധാന പുസ്തകമാണ് അൺടു ദിസ് ലാസ്റ്റ്. 1862ലാണ് റസ്‌കിന്റെ ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. പാശ്ചാത്യ നാഗരികതയോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന റസ്‌കിൻ ഒരു ആദർശ സമൂഹത്തിന്റെ ആവശ്യകതയെ കുറിച്ച് ചിന്തിക്കുന്ന ആളായിരുന്നു.

സമൂഹത്തിൽ നിലനിന്നിരുന്ന തൊഴിൽ അടിസ്ഥാനപ്പെടുത്തിയുള്ള വിഭജനം മനുഷ്യത്വപരമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്പന്നത്തെ ഉത്പാദകരിൽ നിന്നും അകറ്റി നിർത്തുന്ന ഇത്തരം സാമൂഹികാവസ്ഥകളെ അദ്ദേഹം എതിർത്തു. സമൂഹങ്ങളെ ഇണക്കിച്ചേർത്ത് നിർത്തുന്നതിൽ അവർക്കിടയിൽ നിലനിൽക്കുന്ന സാമൂഹ്യബന്ധങ്ങൾക്ക് സുപ്രധാന പങ്കുണ്ടെന്ന് റസ്‌കിൻ വിശ്വസിച്ചു. മുതലാളിത്തത്തെ പുറംതള്ളി സഹകരണത്തിലധിഷ്ഠിതമായ സാമൂഹ്യഘടനകൾ രൂപംകൊള്ളേണ്ടതുണ്ടെന്നും, അത്തരം സാമൂഹ്യഘടനയ്ക്ക് മാത്രമേ വിവേചനങ്ങളെയും അനീതികളെയും ഇല്ലാതാക്കി സാമൂഹ്യനീതി ഉറപ്പുവരുത്താൻ സാധിക്കൂ എന്നും റസ്‌കിൻ തന്റെ പുസ്തകത്തിലൂടെ വിശദമാക്കിയിരുന്നു. അതുകൊണ്ടുതന്നെ അൺടു ദിസ് ലാസ്റ്റ് എന്ന റസ്‌കിന്റെ പുസ്‌കം നിരവധി സാമൂഹിക-രാഷ്ട്രീയ പ്രവർത്തകരെ സ്വാധീനിച്ച ഒന്നായിരുന്നു. അത്തരം വ്യക്തികളിൽ പ്രധാനിയായിരുന്നു ഗാന്ധിജി.

സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള വ്യക്തിയെക്കൂടി അഭിവൃദ്ധിയിലേക്കുയർത്തുക എന്നതു തന്നെയായിരുന്നു അൺടു ദിസ് ലാസ്റ്റ് എന്ന ആശയത്തിലൂടെ ഗാന്ധിജി മനസ്സിലാക്കിയത്.

ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു തീവണ്ടി യാത്രയ്ക്കിടയിൽ ഒരു സുഹൃത്താണ് ഗാന്ധിജിക്ക് അൺടു ദിസ് ലാസ്റ്റ് സമ്മാനിക്കുന്നത്. "എന്റെ ജീവിതത്തിൽ ദ്രുതഗതിയിൽ മാറ്റങ്ങൾ വരുത്തിയ പുസ്തകം' എന്നാണ് ഗാന്ധിജി ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞത്. ദക്ഷിണാഫ്രിക്കയിലെ ഡർബൻ എന്ന സ്ഥലത്ത് "ഫിനീക്സ് ആശ്രമം' സ്ഥാപിക്കാൻ ഗാന്ധിജി തയ്യാറാകുന്നത് ഈ പുസ്തകത്തിന്റെ സ്വാധീനം മൂലമാണ്. ആശ്രമജീവിതത്തിൽ ആശ്രമവാസികളായ ഓരോരുത്തരും അവരവരുടേതായ സംഭാവനകൾ നൽകേണ്ടതുണ്ടെന്ന് ഗാന്ധിജി നിർദ്ദേശിച്ചിരുന്നു. അധ്വാനത്തിന്റെ മഹത്വത്തെക്കുറിച്ചും വിവേചനങ്ങളില്ലാതെ ഒരു സാമൂഹ്യ ജീവിതം എങ്ങനെ ഉറപ്പുവരുത്താം എന്നതിനും ആശയപരമായ പിന്തുണ നൽകാൻ ഈ പുസ്തക വായന ഗാന്ധിജിയെ സഹായിച്ചു.

ജോൺ റസ്‌കിൻ

സർവ്വോദയ, അന്ത്യോദയ എന്നീ ആശയങ്ങൾ ഗാന്ധിജി രൂപപ്പെടുത്തുന്നതിന് പിന്നിലും ഈ പുസ്തകത്തിന്റെ വായന ഗാന്ധിജിയെ സഹായിച്ചു. "നിങ്ങൾ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോൾ സമൂഹത്തിലെ ഏറ്റവും ദരിദ്രനും ദുർബലനുമായ ഒരു വ്യക്തിയുടെ മുഖം ഓർക്കുക. നിങ്ങൾ ചെയ്യാനുദ്ദേശിക്കുന്നതിൽ ആ മനുഷ്യന് എന്തു നേടാനാകും എന്ന് ആലോചിക്കുക. നിങ്ങളുടെ പ്രവൃത്തി ആ മനുഷ്യന്റെ ജീവിതത്തെയും വിധിയെയും എങ്ങിനെ മാറ്റിമറിക്കും എന്ന് നിങ്ങൾക്ക് മുൻകൂട്ടി കാണാനാവണംണം.' ഗാന്ധിജിയുടെ ഈ വാക്കുകൾ അന്ത്യോദയ എന്ന അദ്ദേഹത്തിന്റെ ആശയത്തെ വെളിപ്പെടുത്തുന്നതാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള വ്യക്തിയെക്കൂടി അഭിവൃദ്ധിയിലേക്കുയർത്തുക എന്നതു തന്നെയായിരുന്നു അൺടു ദിസ് ലാസ്റ്റ് എന്ന ആശയത്തിലൂടെ ഗാന്ധിജി മനസ്സിലാക്കിയത്. കാർഷിക ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്തകളെയും റസ്‌കിന്റെ പുസ്തകം സ്വാധീനിച്ചു. ഈ രീതിയിൽ ഗാന്ധിജിയുടെ ജീവിതത്തിലും ചിന്തകളിലും ഏറെ സ്വാധീനം ചെലുത്താൻ കഴിഞ്ഞ ഒരു പുസ്തകമായി മാറി അൺടു ദിസ് ലാസ്റ്റ്.

ദ കിംഗ്ഡം ഓഫ് ഗോഡ് വിതിൻ യു

ഗാന്ധിജിയിൽ അഹിംസയുടെയും അഹിംസാത്മക പ്രതിരോധത്തിന്റെയും സൈദ്ധാന്തിക വിത്തുവിതച്ച പുസ്തകങ്ങളിൽ ഒന്നാണ് ദ കിംഗ്ഡം ഓഫ് ഗോഡ് വിതിൻ യു. ലിയോ ടോൾസ്റ്റോയ് എന്ന റഷ്യൻ എഴുത്തുകാരനാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. ഈ പുസ്തകത്തിലൂടെ ഗാന്ധിജി ടോൾസ്റ്റോയിയുടെ വലിയ ആരാധകനായി മാറിയിരുന്നു. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച ആശ്രമത്തിന് ടോൾസ്റ്റോയ് ഫാം എന്ന് പേരിടുന്നതിനുപിന്നിലും ഈ ആരാധനയായിരുന്നു എന്ന് പറയാം.

ലിയോ ടോൾസ്റ്റോയ് 1894ൽ റഷ്യൻ ഭാഷയിലാണ് ദ കിംഗ്ഡം ഓഫ് ഗോഡ് വിതിൻ യൂ എന്ന പുസ്തകം എഴുതുന്നത്. റഷ്യയിൽ ഈ പുസ്തകം നിരോധിക്കുകയായിരുന്നു. അതിൽ പിന്നെ ജർമനിയിലാണ് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടത്. മൂന്ന് പതിറ്റാണ്ടുകാലത്തെ തന്റെ മനനങ്ങളുടെ പ്രതിഫലനമാണ് ഈ ഗ്രന്ഥമെന്ന് ടോൾസ്റ്റോയ് പറയുന്നുണ്ട്. ക്രിസ്ത്യൻ ചിന്തകളിലെ സ്നേഹത്തെ അടിസ്ഥാനമാക്കിയുള്ള പുതിയൊരു സമൂഹനിർമ്മാണത്തെക്കുറിച്ചുള്ള ചിന്തകളാണ് പ്രധാനമായും പുസ്തകത്തിന്റെ ആശയപരമായ അടിത്തറ. അഹിംസ, അഹിംസാത്മക പ്രതിരോധം എന്നിവ സംബന്ധിച്ചുള്ള ടോൾസ്റ്റോയ് ചിന്തകളുടെ ആകെത്തുകയാണിത്. "ഒരു കരണത്തടിച്ചാൽ മറുകരണവും കാണിച്ചുകൊടുക്കുകയെന്ന' യേശുവചനത്തെയാണ് ടോൾസ്റ്റോയ് ഈ പുസ്തകത്തിലൂടെ ഉയർത്തിപ്പിടിക്കുന്നത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ ഗവൺമെന്റുകളും ക്രിസ്ത്യാനിറ്റിയുടെ അടിസ്ഥാനപ്രമാണത്തെ അവഹേളിക്കുകയാണെന്ന് കിംഗ്ഡം ഓഫ് ഗോഡ് വിതിൻ യു എന്ന ഗ്രന്ഥത്തിലൂടെ ടോൾസ്റ്റോയ് പറഞ്ഞുവെക്കുന്നു.
ആധുനിക കാലഘട്ടത്തിലെ പുസ്തകങ്ങളിൽ തന്നെ സ്വാധീനിച്ച മൂന്ന് പുസ്തകങ്ങളിലൊന്നായാണ് ഗാന്ധിജി ഈ പുസ്തകത്തെ അവതരിപ്പിക്കുന്നത്.

ലിയോ ടോൾസ്റ്റോയ്

ദക്ഷിണാഫ്രിക്കയിലെ അഹിംസാത്മക സത്യഗ്രഹസമരത്തിന് പ്രചോദനമായതും ടോൾസ്റ്റോയിയുടെ ഈ പുസ്തകം തന്നെ. 1909 കാലഘട്ടത്തിൽ ടോൾസ്റ്റോയിയുമായി ഗാന്ധിജി കത്തിടപാടുകൾ നടത്തിയിരുന്നു. 1910ൽ ടോൾസ്റ്റോയ് മരണമടയുന്നതുവരെ ഈ കത്തിടപാടുകൾ തുടർന്നു.
അഹിംസയെയും സത്യഗ്രഹത്തെയും സംബന്ധിച്ച ബോദ്ധ്യങ്ങളിൽ ഗാന്ധിജി പിൽക്കാലത്ത് വളരെയധികം മുന്നോട്ട് പോയി. എന്നിരുന്നാലും ഇതുസംബന്ധിച്ച അടിസ്ഥാന ധാരണകൾ വളർത്തിയെടുക്കുന്നതിൽ ടോൾസ്റ്റോയിയുടെ പുസ്തകം സുപ്രധാന പങ്കുവഹിച്ചിരുന്നു.

ഗീതയിലെ രണ്ടാം അദ്ധ്യായത്തിലെ സ്ഥിതപ്രജ്ഞയുടെ ലക്ഷണങ്ങൾ വിവരിച്ചത് ഗാന്ധിജിയെ ആഴത്തിൽ ആകർഷിച്ചിരുന്നു. ഗീതയിലേക്ക് ഗാന്ധിജിയെ കൂടുതൽ അടുപ്പിച്ചതും ഈ വരികളാണെന്ന് പറയാം.

ഭഗവത് ഗീത

ആശ്രമങ്ങളിലെ സായംകാല പ്രാർത്ഥനാ യോഗങ്ങളിൽ ഗാന്ധിജി ഗീതയുടെ വ്യാഖ്യാനം നൽകുമായിരുന്നു. ഗാന്ധിജിയുടെ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ച ഒരു ഗ്രന്ഥമായിരുന്നു ഭഗവത് ഗീത. ഗീതയെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം, "നമ്മുടെ ഹൃദയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ദ്വന്ദ്വങ്ങളുടെ ഒരു മഹത്തായ ശബ്ദചിത്രമാണ് ഭഗവത്ഗീത' എന്നായിരുന്നു. ഭഗവത് ഗീതയെ അടുത്തറിയാനുള്ള അവസരം യഥാർത്ഥത്തിൽ ഗാന്ധിജിക്ക് കൈവന്നത് ഇംഗ്ലണ്ട് വിദ്യാഭ്യാസക്കാലത്തായിരുന്നു. രണ്ട് ക്വേക്കർ സുഹൃത്തുക്കൾ ഗാന്ധിജി തങ്ങളോടൊപ്പം ഗീത വായിക്കണമെന്ന് ശാഠ്യം പിടിച്ചതിൽ നിന്നുമായിരുന്നു അത്തരമൊരു അവസരം സംജാതമായതും കൂടുതൽ ആഴത്തിൽ ഗീതയെ മനസ്സിലാക്കാൻ ശ്രമിച്ചതും.

ഭഗവത് ഗീത

ഗീതയിലെ രണ്ടാം അദ്ധ്യായത്തിലെ സ്ഥിതപ്രജ്ഞയുടെ ലക്ഷണങ്ങൾ വിവരിച്ചത് ഗാന്ധിജിയെ ആഴത്തിൽ ആകർഷിച്ചിരുന്നു. ഗീതയിലേക്ക് ഗാന്ധിജിയെ കൂടുതൽ അടുപ്പിച്ചതും ഈ വരികളാണെന്ന് പറയാം.
വിഷയങ്ങളിന്മേലുള്ള ശ്രദ്ധയിൽ നിന്നും ആസക്തി ഉടലെടുക്കുന്നു
ആസക്തിയിൽ നിന്ന് കാമവും, കാമത്തിൽ നിന്ന് ക്രോധവും,
ക്രോധത്തിൽ നിന്ന് മൂഢത്വവും മൂഢത്വത്തിൽ നിന്ന് സ്മൃതിനാശവും
സ്മൃതിലോപം ബുദ്ധിനാശത്തിലേക്കും ബുദ്ധിനാശം വിനാശത്തിലേക്കും നയിക്കുന്നുവെന്നാണ് സ്ഥിതപ്രജ്ഞയെ സംബന്ധിച്ച ലക്ഷണങ്ങൾ സൂചിപ്പിക്കുന്നത്.
ഗാന്ധിജിയുടെ ജീവിതത്തിൽ ലാളിത്യത്തെ സംബന്ധിച്ച ബോദ്ധ്യങ്ങൾക്ക് അടിത്തറപാകിയ വരികളായിരുന്നു ഇവ.

പിൽക്കാലത്ത്, അതായത് 1930 മാർച്ച് 12ാം തീയ്യതി, ഗാന്ധിജിയുടേതായി ഒരു ഗീതാ വ്യാഖ്യാനം പ്രസിദ്ധീകരിക്കുകയുണ്ടായി. സബർമതി ആശ്രമത്തിൽ നിന്ന് ദാണ്ഡി മാർച്ച് ആരംഭിച്ച അതേദിവസം തന്നെയായിരുന്നു അതും. ഗാന്ധിജിയുടെ ഗീതാവ്യാഖ്യാനത്തിന്റെ പേര് ‘അനാസക്തിയോഗം' എന്നായിരുന്നു. ഗുജറാത്തി ഭാഷയിൽ തയ്യാറാക്കിയ ഈ വ്യാഖ്യാനം പിന്നീട് വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്തുകയുണ്ടായി. ഗീതയുടെ മുഖ്യമന്ത്രം കർമ്മഫല ത്യാഗമാണെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു തന്റെ ഗീതാവ്യാഖ്യാനത്തിന് അനാസക്തിയോഗം എന്ന് പേരിടാൻ അദ്ദേഹം മുതിർന്നത്. ▮


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments