ഗാന്ധിയൻ ആശയങ്ങൾ ഒരു ധാർമികത പകർന്നുനൽകുന്നുണ്ട്. ചെയ്യുന്നത് തെറ്റോ ശരിയോ എന്ന ഒരു വീണ്ടുവിചാരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഗാന്ധിജിയെ കാണേണ്ടത് ധാർമികതയുടെ തലത്തിലാണ്. / Photo: Wikimedia Commons

ഗാന്ധി; പരാജിതന്റെ
അനിഷേധ്യ ആത്മകഥ

ഗാന്ധിജിക്ക് പരാജയത്തെ പേടിയുണ്ടായിരുന്നില്ല. അതിനെ യാഥാർഥ്യമായി അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈയൊരു തലത്തിൽ, ഗാന്ധിജിയുടെയത്ര ഔന്നത്യമുള്ള, ഒരു ‘ടവറിംഗ് പേഴ്‌സണാലിറ്റി’ ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഉണ്ടായിട്ടില്ല.

ഗാന്ധിജിയെപ്പോലെ, ജനമനസ്സുകളിലേക്ക് ഇത്രയേറെ ഇറങ്ങിച്ചെന്ന ഒരു വ്യക്തി മനുഷ്യചരിത്രത്തിലുണ്ടായിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ ആദ്യ പ്രത്യേകത. ആ വ്യക്തിത്വം ബഹുമുഖമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ ആശയഗതികളെയോ വിലയിരുത്തുമ്പോൾ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.

പ്രശസ്ത ശാസ്ത്രജ്ഞനായ ഐൻസ്റ്റീൻ പറഞ്ഞു, മത്സ്യത്തെ വിലയിരുത്തേണ്ടത് മരം കയറാനുള്ള അതിന്റെ കഴിവുകൊണ്ടല്ല എന്ന്. ഒരു വ്യക്തിയെ, അദ്ദേഹത്തിന്റെ മേഖലയിൽനിന്നുകൊണ്ടേ വിലയിരുത്താൻ പറ്റുകയുള്ളൂ. ഗാന്ധിജിയെപ്പോലൊരാളെ എങ്ങനെ നോക്കിക്കാണണം എന്നതുസംബന്ധിച്ച് നമ്മുടേതായ ഒരു കാരണം വേണം. കാരണം, ഗാന്ധിജി വികസന ചിന്തകനായിരുന്നില്ല. സാമൂഹിക ശാസ്ത്രജ്ഞനായിരുന്നില്ല. പാർട്ടി രാഷ്ട്രീയക്കാരനായിരുന്നില്ല. ഭരണാധികാരിയായിരുന്നില്ല. ഇതിനൊക്കെ അപ്പുറം, ഉയരത്തിൽ നിൽക്കുന്ന വ്യക്തിയായിരുന്നു. ഇതിനെല്ലാം അപ്പുറത്തുള്ള ഒരു മൂല്യം അദ്ദേഹത്തിനുണ്ടായിരുന്നു.

ധാർമികത എന്ന മൂല്യം

ധാർമികതയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തന്റെ ദർശനങ്ങൾ ആവിഷ്‌കരിച്ചത്. ജനാധിപത്യത്തെയും വികസനത്തെയും കുറിച്ച് അദ്ദേഹത്തിന് ചില ദർശനങ്ങളുണ്ടായിരുന്നു. അത് പലപ്പോഴും വിദഗ്ധരുടേതായിരുന്നില്ല, തത്വചിന്താപരമായിട്ടുള്ളതാണ്. അതിന് ധാർമികതയുടെ അടിത്തറയാണുണ്ടായിരുന്നത്.

ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്ന് റോസാ ലക്‌സംബർഗ് പറഞ്ഞിട്ടുണ്ട്​ / Photo : Muhammed Fasil

ജനാധിപത്യത്തെ പങ്കാളിത്ത ജനാധിപത്യമായാണ് അദ്ദേഹം കണ്ടത്, അല്ലാതെ പ്രാതിനിധ്യ ജനാധിപത്യമായല്ല. പങ്കാളിത്ത ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം തുറന്നുപറയാനും കഴിവുകൾ പ്രകാശിപ്പിക്കാനും അവസരം ലഭിക്കും. പിന്നീട്; 1992ൽ, പാർലമെൻറ്​ പാസാക്കിയ 73, 74 ഭരണഘടനാഭേദഗതികളിലൂടെ, പഞ്ചായത്തീരാജ്​ എന്ന നിലയിൽ പങ്കാളിത്ത ജനാധിപത്യം ഒരു പരിപാടിയെന്ന നിലയ്‌ക്കെങ്കിലും അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ടല്ലോ. പങ്കാളിത്ത ജനാധിപത്യത്തിലൂടെയാണ് പൗരർ വികസിക്കുന്നത്. പ്രാതിനിധ്യ ജനാധിപത്യത്തിലൂടെ ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുകയാണ് ചെയ്യുന്നത്. അവിടെ അവർക്ക് മാനിപ്പുലേറ്റ് ചെയ്യാം. പ്രാതിനിധ്യ ജനാധിപത്യത്തിന് പ്രാമുഖ്യം വന്നപ്പോഴാണ് ജനങ്ങൾ തെരഞ്ഞെടുപ്പു ജീവികളായി മാറിയത്. വോട്ട് ചെയ്ത് മിണ്ടാതിരിക്കുക. പങ്കാളിത്ത ജനാധിപത്യത്തിൽ ഓരോ ആശയവും ചർച്ച ചെയ്യാനും വിമർശിക്കാനും വിലയിരുത്താനുമുള്ള അവസരം ജനങ്ങൾക്ക് കിട്ടുന്നു. റോസാ ലക്‌സംബർഗ് പറഞ്ഞിട്ടുണ്ടല്ലോ, ശരിയായ സ്വാതന്ത്ര്യം വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ് എന്ന്. കാഡർ പാർട്ടികളായാലും ലിബറൽ പാർട്ടികളായാലും നേതൃത്വത്തിന്റെ അഭിപ്രായങ്ങൾ അംഗീകരിക്കാനുള്ള സ്വാതന്ത്ര്യമേ അനുവദിക്കുകയുള്ളൂ. ഈ അർഥത്തിൽ, ഗാന്ധിജി മുന്നോട്ടുവച്ച ‘ഡയറക്ട് ഡെമോക്രസി' എന്ന ആശയത്തിന്റെ സാംഗത്യവും പ്രാധാന്യവും കൂടിവരികയാണ്. അദ്ദേഹം വികസനത്തെ വികേന്ദ്രീകൃത വികസനം എന്ന കാഴ്ചപ്പാടിലൂടെയാണ് കണ്ടത്. അതായത്, not mass production but production by the masses.

ശരിയായ രാഷ്ട്രീയം അധികാരം പിടിച്ചെടുക്കലോ, അധികാരത്തിൽ പങ്കാളികളാകലോ അല്ല, അധികാരത്തെ ചോദ്യം ചെയ്യലാണ്. കാരണം, അധികാരവും സ്വാതന്ത്ര്യവും ഒന്നിച്ചുപോകില്ല. അധികാരം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു.

ഉൽപ്പാദനത്തിലൂടെയാണ് ഒരു മനുഷ്യന്റെ വ്യക്തിത്വം വളരുന്നത്. ഉൽപ്പാദനത്തിൽ പങ്കെടുക്കാത്തവരുടെ വ്യക്തിത്വം വളരുന്നില്ല. ഏത് രംഗത്താണ് ഒരു വ്യക്തി വ്യാപൃതനായിരിക്കുന്നത് എന്നതനുസരിച്ചാണ് അവരുടെ വ്യക്തിത്വം നിർവചിക്കപ്പെടുന്നതും വികസിക്കുന്നതും. ഗാന്ധിജിക്ക് ഇതേക്കുറിച്ച് ഉദാത്തമായ അഭിപ്രായമുണ്ടായിരുന്നു. ഉദാഹരണത്തിന് ചർക്ക, അത് പ്രതീകാത്മകമാണ്. ഓരോ വ്യക്തിയും ചർക്ക ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചപ്പോൾ, ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തികശക്തിയാകാൻ കഴിയും എന്നല്ല അദ്ദേഹം ഉദ്ദേശിച്ചത്. മറിച്ച്, അതിലൊരു ദർശനമുണ്ടായിരുന്നു. സമൂഹത്തിലെ എല്ലാവരും ഉപഭോക്താക്കളാണെങ്കിലും എല്ലാവരും ഉൽപാദകരല്ല. ചിലർ മറ്റുള്ളവരുടെ ഉൽപാദനം ചൂഷണം ചെയ്തിട്ടാണ് ജീവിക്കുന്നത്. അതിനുപകരം ഓരോ ഉപഭോക്താവും ഓരോ ഉൽപാദകരാകണം. ഇൻകം ഉണ്ടാക്കണം. ഇതൊക്കെ ഉദാത്തമായ ആശയങ്ങളാണ്. ഒരു ഉപഭോക്താവ് ഉൽപാദകനും കൂടിയാകണം എന്നു പറയുന്നതിൽ വലിയൊരു തത്വശാസ്ത്രമുണ്ട്. മാർക്‌സ് dictatorship of the proletariat എന്ന ആശയം മുന്നോട്ടുവക്കുന്നതും ഈയൊരു ആശയം ഉൾക്കൊണ്ടാണ്. അന്നന്നത്തെ അന്നം അധ്വാനിച്ചുണ്ടാക്കണം എന്ന് യേശുക്രിസ്തു പറഞ്ഞതിനുപുറകിലും അധ്വാനത്തിന്റെ സവിശേഷത പ്രകടമാണ്. മറ്റുള്ളവർ ഉൽപാദിപ്പിക്കുന്നത് ചൂഷണം ചെയ്ത് ഉപയോഗിക്കുമ്പോൾ, ധാർമികതയെക്കുറിച്ച് ചിന്തിക്കുന്നവർക്ക്, അത് കുറ്റബോധമുണ്ടാക്കും, അതൊരു അധാർമിക പ്രവൃത്തിയായി തോന്നും. ഇത് ദാർശനികമായ കാഴ്ചപ്പാടായിരുന്നു.

അധികാരത്തെ ചോദ്യം ചെയ്യലാണ്​ രാഷ്​ട്രീയം

രാഷ്ട്രീയത്തെക്കുറിച്ചും ഗാന്ധിജിക്ക് ധാർമികതയുടെ അടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടുണ്ടായിരുന്നു. രാഷ്ട്രീയത്തെ കരിയറായല്ല, സേവനമായിട്ടാണ് കണ്ടത്. ഇന്ന് രാഷ്ട്രീയം കരിയറാണ്. അപ്പോൾ അവിടെ പാർട്ടികൾ തമ്മിലും പാർട്ടിക്കുള്ളിലും മത്സരം വരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാനും സ്ഥാനാർഥിത്വത്തിനുമെല്ലാം മത്സരങ്ങൾ. രാഷ്ട്രീയം മറ്റേതൊരു കരിയറിനെയും പോലെ മറ്റൊരു കരിയർ ആയിത്തീർന്നതുകൊണ്ടാണ്, വിരമിക്കലും പ്രായപരിധിയുമൊക്കെ വേണം എന്ന് പലരും പറയുന്നത്. ജനാധിപത്യം എന്നു പറഞ്ഞാൽ തന്നെ മാറ്റമാണ്. അത് സ്ഥിരതയും തുടർച്ചയുമല്ല. എന്നാൽ ഇപ്പോഴത്തെ ഭരണാധികാരികൾ സ്ഥിരതയും തുടർച്ചയുമാണ് ആവശ്യപ്പെടുന്നത്. ഈ ഭരണാധികാരികൾ മാറ്റത്തിന് എതിരുനിൽക്കുന്നവരാണ്. സമൂഹത്തിൽ ദുർബലരായവർക്കുവേണ്ടത് അസ്ഥിരതയാണ്, അതിൽനിന്നാണ് അവർക്കൊരു പ്രതീക്ഷയുണ്ടാകുന്നത്. ഈ സിസ്റ്റത്തെ എവിടെയെങ്കിലും വച്ച് ഒന്നു മാറ്റാൻ പറ്റുമെന്ന പ്രതീക്ഷ.

ഗാന്ധിജി മുന്നോട്ടുവച്ച ‘ഡയറക്ട് ഡെമോക്രസി' എന്ന ആശയത്തിന്റെ സാംഗത്യവും പ്രാധാന്യവും കൂടിവരികയാണ്. അദ്ദേഹം വികസനത്തെ വികേന്ദ്രീകൃത വികസനം എന്ന കാഴ്ചപ്പാടിലൂടെയാണ് കണ്ടത്./pinimg.com

ഗാന്ധിജി അധികാരത്തെ കണ്ടത് ഭരണം കൈയടക്കാനുള്ള ഒരു ഉപാധിയെന്ന നിലയ്ക്കല്ല. അധികാരത്തെ ചോദ്യം ചെയ്യുകയാണ് രാഷ്ട്രീയത്തിലൂടെ ഗാന്ധിജി ചെയ്തത്. ‘ഞങ്ങളെ ഭരിക്കാൻ നിങ്ങൾക്ക് എന്ത് ധാർമികതയാണുള്ളത്' എന്നായിരുന്നു ബ്രിട്ടീഷുകാരോട്​ അദ്ദേഹം ചോദിച്ചത്. ശരിയായ രാഷ്ട്രീയം അധികാരം പിടിച്ചെടുക്കലോ, അധികാരത്തിൽ പങ്കാളികളാകലോ അല്ല, അധികാരത്തെ ചോദ്യം ചെയ്യലാണ്. കാരണം, അധികാരവും സ്വാതന്ത്ര്യവും ഒന്നിച്ചുപോകില്ല. അധികാരം സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. അധികാരം വളരെ ശക്തമായി വരുന്നത്, കർക്കശമാകുന്നത് സമൂഹത്തിൽ അസമത്വം വർധിക്കുമ്പോഴാണ്. സ്വാതന്ത്ര്യം എന്നു പറയുന്നത് ക്രിയേറ്റിവിറ്റിയുമായി ബന്ധപ്പെട്ടതാണ്. അധികാരികൾക്കുവേണ്ടത് അധികാരമാണ്, അവർ എപ്പോഴും സർഗാത്മകതക്കും സ്വാതന്ത്ര്യത്തിനും എതിരായിരിക്കും. മാറ്റങ്ങൾക്ക് എതിരായിരിക്കും. അധികാരം ഇല്ലാത്തിടത്തേ സ്വാതന്ത്ര്യം വികസിക്കുകയുള്ളൂ. ആരും നിയന്ത്രിക്കേണ്ടതില്ല എന്നല്ല ഇതിനർഥം. മാർക്‌സ് സമൂഹത്തെ വിഭാവനം ചെയ്തത്​, a society of freely associated producers എന്ന നിലയ്​ക്കാണ്​.

ഇപ്പോൾ വേണ്ടത്​ കൂടുതൽ അധികാരമാണ്​. അധികാരത്തിലെത്തുന്നവർക്ക് അത് തുടരണം, അതിന് കൂടുതൽ വാഗ്ദാനങ്ങൾ കൊടുക്കുന്നു, അക്കാര്യത്തിൽ അവർക്ക് ധാർമികതയുടെ പ്രശ്‌നം വരുന്നില്ല. ഗാന്ധിക്ക് സ്വതന്ത്ര ഇന്ത്യയിൽ എത്രയോ വലിയ പൊസിഷൻ ലഭിക്കുമായിരുന്നു. അദ്ദേഹം അത് സ്വീകരിച്ചില്ല, അധികാരക്കസേരയുടെ പുറകേ പോയില്ല. ധാർമികമായ ഉന്നതിയിലാണ് അദ്ദേഹം നിന്നത്. അക്കാര്യത്തിൽ ലോകത്തെ മറ്റേതൊരു നേതാവിനേക്കാളും ഉയരം അദ്ദേഹത്തിനുണ്ട്. മാത്രമല്ല, കോൺഗ്രസ് ഒരു രാഷ്ട്രീയപാർട്ടിയാകരുത് എന്നും പിരിച്ചുവിടണം എന്നുമാണ് ഗാന്ധിജി പറഞ്ഞത്. കാരണം, ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും പങ്കെടുത്ത ഒരു പ്രസ്ഥാനമായിരുന്നു കോൺഗ്രസ്. വിദേശാധിപത്യത്തിനെതിരായ, രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടാനുള്ള പ്രസ്ഥാനമായിട്ടാണ് കോൺഗ്രസിനെ തുടക്കം മുതൽ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ കോൺഗ്രസും പഴയ ഇന്ത്യൻ നാഷനൽ കോൺഗ്രസും തമ്മിൽ ബന്ധമില്ല. ഇപ്പോഴത്തെ കോൺഗ്രസ് കരിയർ രാഷ്ട്രീയക്കാരുടെ പാർട്ടിയാണ്. അതിന്​ ഗാന്ധിജി നയിച്ച കോൺഗ്രസുമായി ബന്ധമില്ല.

ഇലക്ഷനിൽ വളരെ ശക്തനായ ഒരു ഭരണാധികാരി മത്സരിക്കുന്നവെന്നു. ആ വ്യക്തിക്കെതിരെ അശക്തനായ വ്യക്തി മത്സരിക്കുന്നു. ജയിക്കുന്നത് ശക്തനായിരിക്കും, തോൽക്കുന്നത് അശക്തനും. ഇലക്ടറൽ ഹിസ്റ്ററി ശക്തന്റേതായിരിക്കുമെങ്കിലും മോറൽ ഹിസ്റ്ററി പരാജിതന്റേതായിരിക്കും.

പരാജയങ്ങളെ പേടിക്കാത്ത ഗാന്ധി

ഇപ്പോഴത്തെ നേതാക്കൾക്കും ഭരണാധികാരികൾക്കും അത്തരമൊരു ധാർമികതയില്ല. ഇപ്പോഴത്തെ നേതാക്കൾ വിജയം ആഘോഷിക്കുകയും പരാജയത്തെ ഭയപ്പെടുകയും ചെയ്യുന്നു. പരാജയം ഭയക്കാനുള്ളതല്ല, അതിൽനിന്ന് പഠിക്കാനുള്ളതാണ്. ഇലക്ഷനിൽ വളരെ ശക്തനായ ഒരു ഭരണാധികാരി മത്സരിക്കുന്നുവെന്നു കരുതുക. ആ വ്യക്തിക്കെതിരെ അശക്തനായ വ്യക്തി മത്സരിക്കുന്നു. ജയിക്കുന്നത് ശക്തനായിരിക്കും, തോൽക്കുന്നത് അശക്തനും. ഇലക്ടറൽ ഹിസ്റ്ററി ശക്തന്റേതായിരിക്കുമെങ്കിലും മോറൽ ഹിസ്റ്ററി പരാജിതന്റേതായിരിക്കും. അധികാരത്തെ ആദരിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. അധികാരത്തെ ആദരിക്കുന്നവരും ആഗ്രഹിക്കുന്നവരുമായ ഒരു ജനതയ്ക്ക് അധികാരികളെ ഭയമായിരിക്കും. അധികാരികളോട് അവർക്ക് ആദരവുതോന്നും. ഇത്തരം ആരാധനക്കെതിരായിരുന്നു ഗാന്ധിജിയുടെ പ്രവർത്തനവും ജീവിതവും. നമ്മൾ ഒരു വ്യക്തിയെ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനം, ലാളിത്യവും സത്യസന്ധതയും പോലുള്ള ചില മൂല്യങ്ങളാണ്. ഇതിൽ സത്യസന്ധത വളരെ പ്രധാനമാണ്. ഗാന്ധിജി ഒന്നും ഫൈനലായി പറഞ്ഞിട്ടില്ല. ആത്മകഥയുടെ പേരു തന്നെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്നാണ്. നിങ്ങൾക്കുവേണ്ടി സത്യം ആരും കണ്ടുപിടിച്ചിട്ടില്ല, സത്യം നിങ്ങൾ തന്നെ കണ്ടുപിടിക്കണം. അതിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്തണം. പരീക്ഷണങ്ങളെല്ലാം വിജയിക്കാനുള്ളതല്ല, പരാജയങ്ങളുമുണ്ടാകാം. ഞാൻ പരീക്ഷിച്ചുനോക്കി, എന്നാൽ എല്ലാത്തിലും വിജയിച്ചില്ല എന്നു പറഞ്ഞിട്ടുള്ള ഒരാൾ ചരിത്രത്തിൽ കുറവാണ്. അത്തരമൊരു സത്യസന്ധത വരുന്നത് പരാജയഭീതിയില്ലായ്മയിൽ നിന്നാണ്. ഗാന്ധിജിക്ക് പരാജയത്തെ പേടിയുണ്ടായിരുന്നില്ല. അതിനെ യാഥാർഥ്യമായി അംഗീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ഈയൊരു തലത്തിൽ, ഗാന്ധിജിയുടെയത്ര ഔന്നത്യമുള്ള ഒരു ‘ടവറിംഗ് പേഴ്‌സണാലിറ്റി’, ഇന്ത്യയിലെന്നല്ല, ലോകത്തുതന്നെ ഉണ്ടായിട്ടില്ല.

വിമർശിക്കപ്പെട്ട ഗാന്ധി

ഗാന്ധിജി വിമർശിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികശാസ്ത്രപരമായ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ആധികാരികതയുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥക്ക് എതിരായിരുന്നില്ല ഗാന്ധിജി. അതേസമയം, അസ്പർശ്യതയെ എതിർത്തിരുന്നു. Untouchability is a crime against both God and Man എന്നാണ് അദ്ദേഹം പറഞ്ഞത്. അതായത്, ധാർമികതയുടെ ലെവലിലായിരുന്നു തൊട്ടുകൂടായ്മയെ അദ്ദേഹം കണ്ടത്. അത് ശരിയായിരുന്നില്ല. കാരണം, അത് പ്രായോഗിക പരിപാടിക്ക് രൂപം കൊടുക്കില്ല. അദ്ദേഹം ജാതിവ്യവസ്ഥയെ കണ്ട രീതി തെറ്റായിരുന്നു. ജാതിവ്യവസ്ഥ തൊഴിൽ വിഭജനത്തിനുണ്ടാക്കിയതാണ് എന്ന കാഴ്ചപ്പാട് ശരിയായിരുന്നില്ല. അതൊരു ജാതിശ്രേണിയാണുണ്ടാക്കിയത്. ഉയർന്നവരും താഴ്ന്നവരും എന്ന കാഴ്ചപ്പാടാണുണ്ടാക്കിയത്. പരമ്പരാഗത തൊഴിലുകളെക്കുറിച്ച ഗാന്ധിയൻ ചിന്തയും വിമർശിക്കപ്പെട്ടിട്ടുണ്ട്. അച്ഛന്റെ തൊഴിൽ മകൻ ചെയ്യണം എന്ന തരത്തിലുള്ള കാഴ്ചപ്പാടുകൾ പ്രതിലോമകരമാണ്. എല്ലാ ജോലിക്കും സാമൂഹിക പദവി എന്ന ഒന്ന് ഇല്ല, സാമൂഹിക പദവിയുള്ള ജോലിയും ഇല്ലാത്ത ജോലിയുമുണ്ട്. ഇത്തരം കാര്യങ്ങളെ ധാർമികതയുടെ അടിസ്​ഥാനത്തിൽ നോക്കിക്കണ്ടത് ശരിയായിരുന്നില്ല. ഡോ. അംബേദ്കർ അദ്ദേഹത്തെ വിമർശിച്ചത് ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

ഗാന്ധിജി വിമർശിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികശാസ്ത്രപരമായ കാര്യങ്ങളിലുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾക്ക് ആധികാരികതയുണ്ടായിരുന്നില്ല. ഡോ. അംബേദ്കർ അദ്ദേഹത്തെ വിമർശിച്ചത് ഇത്തരം കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്./ photo: wikimedia.org

കുറെ നേതാക്കളിരുന്ന് ചർച്ച ചെയ്തതുകൊണ്ടോ പാർട്ടി സഖ്യങ്ങൾ രൂപപ്പെടുത്തിയതുകൊണ്ടോ വരുന്നതല്ല മതനിരപേക്ഷത. അത് ശാസ്ത്രീയതയിലൂടെയും സാമ്പത്തിക സമത്വത്തിലൂടെയും വരേണ്ടതാണ്. ഓരോ വ്യക്തിക്കും അവരുടേതായ വ്യക്തിത്വം മനസ്സിലാക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും അവസരമുണ്ടാകുമ്പോഴാണ് മതേതരത്വ ബോധമുണ്ടാകുക. അതിന് മൂർത്തമായ പരിപാടിയുണ്ടാകണം. ഗാന്ധിജി പറയുന്നതുപോലെ, അത് ധാർമികതയുടെ പ്രശ്‌നമല്ല. സാമൂഹികശാസ്ത്രപരമായ ഇത്തരം കാര്യങ്ങളിലേക്കുവന്നപ്പോഴാണ് അദ്ദേഹത്തിന്റെ ആശയങ്ങൾ വിമർശിക്കപ്പെടുന്നത്.

അതേസമയം, വിമർശിക്കപ്പെടുന്നു എന്നത് ഒരാളുടെ ചിന്താപദ്ധതിയുടെ വൈകല്യമല്ല. ഏതൊരു പ്രസ്ഥാനവും പ്രത്യയശാസ്ത്രവും വളരുന്നത് വിമർശനത്തിലൂടെയും തളരുന്നത് ആരാധകരിലൂടെയുമാണ്. ഏതിനെയും നമുക്ക് മതമായി മാറ്റാൻ പറ്റും. പ്രത്യയശാസ്ത്രം മതമായി മാറുന്ന കാലഘട്ടമാണിത്- ചോദ്യം ചെയ്യരുത്, വിയോജിക്കരുത് എന്ന മട്ടിൽ. വിമർശിക്കപ്പെടുന്നു എന്നത് അതിന്റെ നിരാകരണമല്ല. ചരിത്രത്തിൽ ഏറ്റവും വിമർശിക്കപ്പെട്ടത് മാർക്‌സ് ആണ്, ആ വിമർശനത്തിലൂടെയാണ് മാർക്‌സിസം വളർന്നതും.

അംബേദ്കർ നിഷേധിയായിരുന്നു. സാംസ്‌കാരികമായ പൈതൃകം വച്ച് നോക്കുമ്പോൾ ഗാന്ധിജി ഒരു കൺഫോമിസ്റ്റായിരുന്നു. ഈ രണ്ടു സമീപനങ്ങൾ മുന്നോട്ടുവക്കുന്ന കാഴ്ചപ്പാടുകളാണ് നിലനിൽക്കുന്നത്.

അംബേദ്കർ ഗാന്ധിയെ കണ്ടത്​, സാമൂഹികശാസ്ത്ര പരിപ്രേക്ഷ്യത്തിലൂന്നിയാണ്. അത് നിരാകരണമായിരുന്നില്ല. ഇന്ത്യക്കാർക്കുള്ള ഒരു പ്രത്യേകത, വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യുന്നവരെ മഹാത്മാക്കളായി കാണും എന്നതാണ്​. ഇത് ഫ്യൂഡൽ മനോഭാവമാണ്. മഹാത്മാക്കൾ എല്ലാ കാലവുമുണ്ടായിരുന്നു. ഇന്ത്യ വലിയ മഹാത്മാക്കളെ സൃഷ്ടിച്ച രാജ്യമാണ്. അതുകൊണ്ടാണ് ഗാന്ധിജിയെക്കുറിച്ച് അംബേദ്കർ പറഞ്ഞത്, Mahatmas come, Mahatmas gone; but the Untouchables remain as Untouchables.
അംബേദ്കർ നിഷേധിയായിരുന്നു. സാംസ്‌കാരികമായ പൈതൃകം വച്ച് നോക്കുമ്പോൾ ഗാന്ധിജി ഒരു കൺഫോമിസ്റ്റായിരുന്നു. ഈ രണ്ടു സമീപനങ്ങൾ മുന്നോട്ടുവക്കുന്ന കാഴ്ചപ്പാടുകളാണ് നിലനിൽക്കുന്നത്.
നെഹ്‌റുവാകട്ടെ, ഗാന്ധിയൻ ധാർമികത ഉൾക്കൊണ്ട നേതാവായിരുന്നു. ഗാന്ധിജിയുടെ സ്വാധീനം നെഹ്‌റുവിനെപ്പോലുള്ള നേതാക്കളിൽ ശക്തമായിരുന്നു. അതുകൊണ്ടാണ്, നെഹ്‌റുവിനെതിരെ അഴിമതി ആരോപണം ഇല്ലാത്തത്. നെഹ്‌റുവിന്റെ ചിന്തകൾക്കുണ്ടായിരുന്ന ധാർമികതയുടെ ഔന്നത്യം ഗാന്ധിജിയുടെ മൂല്യങ്ങളിൽനിന്ന് കിട്ടിയതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരം വിജയിച്ചത് ഗാന്ധിജിയുടെ നേതൃത്വം കൊണ്ടുതന്നെയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തന്നതിൽ പ്രഥമനും പ്രധാനിയും ഗാന്ധിജി തന്നെയാണ്. അങ്ങനെ, എല്ലാ വിഭാഗങ്ങളാലും അംഗീകരിക്കപ്പെട്ട ഒരു ലീഡർഷിപ്പ് അന്ന് ഇന്ത്യയിലുണ്ടായിരുന്നില്ല.

ഗാന്ധിയും നെഹ്​റുവും. ഗാന്ധിയൻ ധാർമികത ഉൾക്കൊണ്ട നേതാവായിരുന്നു നെഹ്​റു. / Photo: Wikimedia Commons

ഗാന്ധിജിയെക്കുറിച്ചാലോചിക്കുമ്പോൾ രണ്ടു കാര്യങ്ങൾ മനസ്സിലാക്കണം. എല്ലാ ഗാന്ധിയന്മാരും ഗാന്ധിസം പഠിച്ചവരല്ല, ഗാന്ധിസം പഠിച്ച എല്ലാവരും ഗാന്ധിയന്മാരുമല്ല. ഗാന്ധിയൻ ആശയങ്ങൾ ഒരു ധാർമികത പകർന്നുനൽകുന്നുണ്ട്. ചെയ്യുന്നത് തെറ്റോ ശരിയോ എന്ന ഒരു വീണ്ടുവിചാരമുണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, ഗാന്ധിജിയെ കാണേണ്ടത് ധാർമികതയുടെ തലത്തിലാണ്. മാക്യവെല്ലിയുടേതിൽനിന്ന് വിപരീതമായ ഒരു തത്വചിന്തയാണ് ഗാന്ധിജി മുന്നോട്ടുവച്ചത്. മാക്യവെല്ലി പറഞ്ഞു, ലക്ഷ്യം മാർഗത്തെ ന്യായീകരിക്കുന്നു എന്ന്. ഗാന്ധി പറഞ്ഞത്, ലക്ഷ്യം പോലെ തന്നെ മാർഗവും പ്രധാനമാണ് എന്നാണ്. അക്രമത്തിലൂടെ അക്രമത്തെ എതിർക്കാൻ പറ്റില്ല. ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരണമെങ്കിൽ ചിന്ത വേണം, ചിന്തക്ക് സമാധാനപരമായ അന്തരീക്ഷം വളരെ പ്രധാനമാണ്. അത് മാറ്റത്തിനെതിരാണ് എന്നു പറയാൻ പറ്റില്ല. വയലന്റായ ഒരു സമൂഹത്തിൽ മാറ്റങ്ങളുണ്ടാകില്ല. പരോഗതിക്ക് സമാധാനം അത്യന്താപേക്ഷിതമാണ്. അഹിംസയുടെയും അക്രമരാഹിത്യത്തിന്റേതുമായ ഗാന്ധിയൻ ദർശനങ്ങൾ, ആധുനിക സമൂഹത്തിൽ പ്രസക്തിയേറുന്നത് ഇത്തരം ധാർമികമായ അടിസ്ഥാനങ്ങളാലാണ്. ▮


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments