പാർലമെന്റിൽ ആയിരുന്നില്ല ഗാന്ധിയുടെ പ്രതീക്ഷ. സ്റ്റേറ്റിന്റെ ബ്യൂറോക്രാറ്റിക്, പൊലീസ് സംവിധാനങ്ങളെക്കാൾ ഫലപ്രദമായി പല സംഘർഷങ്ങളിലും അദ്ദേഹം ജനങ്ങൾക്കൊപ്പം നിന്ന് തീർപ്പാക്കുകയും ചെയ്തു.

പാരിസ്​ഥിതിക- സാമൂഹിക സംഘർഷം:ഗാന്ധിയൻ രാഷ്​ട്രീയ ഭാവനയുടെ ഇടങ്ങൾ

ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യ- വന്യജീവി സംഘർഷം, പ്രകൃതി ദുരന്തങ്ങൾ, വിഭവചൂഷണം, തീരശോഷണം തുടങ്ങിയ സമകാലിക പാരിസ്ഥിതിക പ്രശ്‌നങ്ങളിലും അവ മൂലമുണ്ടാകുന്ന സാമൂഹിക സംഘർഷങ്ങളിലും ഗാന്ധി മുന്നോട്ടുവച്ച സ്വരാജ്​ എന്ന ആശയത്തിനുള്ള പങ്ക് എന്താണ് എന്നതിനെ കുറിച്ച്​ ആലോചന.

മ്മുടെ സമൂഹത്തിൽ ഇന്ന് ആപത്കരമായ രീതിയിൽ ഉയർന്നുവരുന്ന പാരിസ്ഥിതികവും സാമൂഹികവുമായ സംഘർഷങ്ങളുടെ പരിഹാരങ്ങളിലും ലഘൂകരണങ്ങളിലും ഗാന്ധി മുന്നോട്ടുവച്ച പ്രായോഗികമായ രാഷ്ട്രീയ ആശയങ്ങളുടെ സാധ്യമാക്കൽ എങ്ങനെയെല്ലാം എന്ന അന്വേഷണമാണ് ഗാന്ധിയുടെ സമകാലിക പ്രാധാന്യം. മഹാത്മാഗാന്ധി അദ്ദേഹത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിനിടയിൽ പലതരത്തിൽ സാക്ഷാത്കരിച്ച ആശയങ്ങളുടെ സമകാലികമായ ആവിഷ്‌കാരങ്ങളുടെ സാധ്യതകൾ അന്വേഷിച്ചിറങ്ങേണ്ടത് തീർച്ചയായും ഇത്തരം സംഘർഷ ഭൂമികകളിലാണ്.

സാമൂഹികമായ സംഘർഷങ്ങളുടെ പരിഹാരത്തിന് മനഃസ്ഥിതിയിലെ മാറ്റങ്ങൾ മാത്രമല്ല, സാമൂഹിക ബന്ധങ്ങളുടെ പരിവർത്തനവും ആവശ്യമാണ് എന്ന് ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. നിലനിൽക്കുന്ന സാമൂഹിക മാനദണ്ഡങ്ങളും അധികാര ഘടനകളും രാഷ്ട്രീയപ്രക്രിയകളും മാറാതെ ഒരു സാമൂഹിക സംഘർഷവും ആത്യന്തികമായി അവസാനിപ്പിക്കാൻ കഴിയില്ല എന്നതിൽ ഗാന്ധിക്ക് വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്നത് കേവലമായ ഒരു രാഷ്ട്രീയ അധികാര കൈമാറ്റം മാത്രമല്ല എന്നദ്ദേഹം ഉറച്ചുവിശ്വസിച്ചത്. ഭരണം മാറുകയല്ല, ഭരണസംവിധാനങ്ങൾ കൂടിയാണ് മാറേണ്ടതെന്നും, എങ്കിൽ മാത്രമേ ഇന്ത്യയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തെ അനുഭവിക്കാൻ കഴിയുകയുള്ളൂ എന്നും അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെയാണ് ഒരു കൊളോണിയൽ ശേഷിപ്പുപോലെ സ്വതന്ത്ര ഇന്ത്യയിൽ അവശേഷിച്ച പാർലമെന്ററി രാഷ്ട്രീയ സംവിധാനങ്ങൾക്കൊപ്പം നിൽക്കാതെ, ജനങ്ങളുടെ സ്വയംഭരണത്തിലും സ്വരാജിലും വിശ്വസിച്ച് ഇന്ത്യയിലെ പലതരം സാമൂഹിക സംഘർഷ ലഘൂകരണത്തിനായി അദ്ദേഹം ഇറങ്ങിപ്പുറപ്പെട്ടത്. പാർലമെന്റിൽ ആയിരുന്നില്ല ഗാന്ധിയുടെ പ്രതീക്ഷ. സ്റ്റേറ്റിന്റെ ബ്യൂറോക്രാറ്റിക്, പൊലീസ് സംവിധാനങ്ങളെക്കാൾ ഫലപ്രദമായി പല സംഘർഷങ്ങളിലും അദ്ദേഹം ജനങ്ങൾക്കൊപ്പം നിന്ന് തീർപ്പാക്കുകയും ചെയ്തു. വിഭജനത്തെ തുടർന്നുണ്ടായ കലാപങ്ങളെ നിയന്ത്രിക്കാൻ പട്ടാളത്തേക്കാൾ കഴിഞ്ഞത് ഗാന്ധിയുടെ പ്രാർത്ഥനാ യോഗങ്ങൾക്കായിരുന്നു.

Photo: Wikimedia Commons

കോൺഫ്ലിക്​റ്റ്​ റസല്യൂഷനിൽ (സംഘർഷ ലഘൂകരണ പ്രക്രിയ) ഗാന്ധിയൻ പ്രയോഗങ്ങൾക്കും തത്വങ്ങൾക്കുമുള്ള ആ സാധ്യതയുടെ അന്വേഷണം പലരിലൂടെയും ഇന്ത്യയിൽ പിന്നീട് മുന്നോട്ടുപോവുകയുണ്ടായി. എന്നാൽ കോൺഫ്ലിക്ട് റസല്യൂഷനിൽ ഗാന്ധിയൻ തത്വങ്ങളുടെ പ്രായോഗികതയെക്കുറിച്ചുള്ള അന്വേഷണങ്ങൾ പലപ്പോഴും സത്യഗ്രഹത്തിന്റെ പരിധിയിൽ വരുന്ന സംഘർഷ പരിഹാര നടപടികളെക്കുറിച്ചാണ്- നിസ്സഹകരണം, ഉപവാസം, അഹിംസാത്മകമായ സമരങ്ങൾ - ഏറെയുമുണ്ടായിട്ടുള്ളത്. എന്നാൽ സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങൾ പരിഹരിക്കാൻ ഗാന്ധി മുന്നോട്ടുവച്ച ആശയമായ സ്വരാജ് ആണ് ഇന്ന് നമ്മുടെ സമൂഹത്തിൽ രൂപപ്പെടുന്ന പാരിസ്ഥിതിക-സാമൂഹിക സംഘർഷങ്ങളുടെ ലഘൂകരണത്തിനും ശമനങ്ങൾക്കുമായി ഇനിയുമേറെ പ്രായോഗികമായിത്തീരേണ്ട ഒരു രാഷ്ട്രീയ ഭാവന എന്നാണ് കോൺഫ്ലിക്ട് റസല്യൂഷനകത്ത് ഗാന്ധി നിർവ്വഹിച്ച പങ്കിനെക്കുറിച്ച് പഠിക്കുന്ന ഗവേഷക എന്ന നിലയിൽ എനിക്ക് തോന്നിയിട്ടുള്ളത്. (സ്വരാജ്- സ്വയം ഭരണം അല്ലെങ്കിൽ സ്വന്തം സർക്കാർ ജനങ്ങളുണ്ടാകുകയും ഭരണനിർവഹണത്തിൽ അവർക്ക് പങ്കാളികളിത്തമുണ്ടാവുകയും ചെയ്യുക എന്ന സംവിധാനം).

Photo: Wikimedia Commons

ഇന്ത്യയിലെ ഗ്രാമങ്ങളുടെ ഭരണം ആ രീതിയിൽ പുനഃസംഘടിപ്പിക്കപ്പെടണം എന്നദ്ദേഹം ഉറച്ചു വിശ്വസിച്ചു. കേന്ദ്രീകൃത സംവിധാനത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ തങ്ങൾക്ക് കഴിയില്ലെന്ന് ഇന്ത്യയിലെ ഭരണസംവിധാനങ്ങളും മനസ്സിലാക്കിയതിന്റെ ഭാഗമായാണ് ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സങ്കൽപ്പത്തിന്റെ പ്രായോഗികരൂപം എന്ന നിലയിൽ, 1992 ഡിസംബറിൽ പാർലമെൻറ്​ പാസ്സാക്കിയ 73, 74-ാം ഭരണഘടന ഭേദഗതി നിയമത്തിലൂടെ പഞ്ചായത്തീരാജ് സംവിധാനം ഇന്ത്യയിൽ നിലവിൽ വരുന്നത്. കേരളം അതിൽ കുറച്ചുകൂടി മുന്നോട്ടുപോവുകയും തദ്ദേശഭരണ കാര്യങ്ങളിൽ വർദ്ധിച്ച തോതിലുള്ള ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് 1994ൽ കേരള പഞ്ചായത്ത് രാജ് നിയമം നടപ്പിലാക്കുകയും ചെയ്തു. എന്നാൽ ഈ നിയമങ്ങൾ നിലവിൽ വന്ന് 30 വർഷം കഴിയുമ്പോൾ അധികാര വികേന്ദ്രീകരണമല്ല, അധികാര കേന്ദ്രീകരണമാണ് രാജ്യത്ത് ശക്തിപ്പെട്ടതെന്ന് ഓരോ ദിവസവും കൂടുതൽ കൂടുതൽ ആശങ്കയോടെ നമ്മൾ കാണുന്നുണ്ട്.

കേരളത്തിൽ രൂപപ്പെടുന്ന പാരിസ്ഥിതിക സംഘർഷങ്ങളിലും അതിനെത്തുടർന്ന് രൂക്ഷമാകുന്ന സാമൂഹിക സംഘർഷങ്ങളിലും സ്വരാജ് എന്ന സങ്കൽപ്പത്തിന്റെ പ്രായോഗികത എന്താണ് എന്ന് അന്വേഷിക്കേണ്ടത് ഏറെ പ്രസക്തമാണ്.

സ്വയംഭരണ സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെ മാത്രം പരിഹരിക്കാൻ കഴിയുന്ന സംഘർഷങ്ങൾ കൂടി വരികയും മറുവശത്ത് ഭരണസംവിധാനങ്ങൾ കൂടുതൽ അധികാര കേന്ദ്രീകൃതമാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയിലും കേരളത്തിലും കാണുന്നത്. അതുകൊണ്ടുതന്നെയാണ് ഗാന്ധിയുടെ സ്വയംഭരണം എന്ന ആശയം ഇന്ന് അതീവ പ്രധാനമാകുന്നതും. പ്രത്യേകിച്ച്, കേരളത്തിൽ രൂപപ്പെടുന്ന പാരിസ്ഥിതിക സംഘർഷങ്ങളിലും അതിനെത്തുടർന്ന് രൂക്ഷമാകുന്ന സാമൂഹിക സംഘർഷങ്ങളിലും സ്വരാജ് എന്ന സങ്കൽപ്പത്തിന്റെ പ്രായോഗികത എന്താണ് എന്ന് അന്വേഷിക്കേണ്ടത് ഏറെ പ്രസക്തമാണ്.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ആദിവാസി- കർഷക സമൂഹങ്ങളും നിരവധിയുണ്ടെങ്കിലും അവയ്ക്ക് വിപരീതദിശയിലാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. Photo: people's archive of rural india

ഇന്ന് കേരളം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മനുഷ്യ- വന്യജീവി സംഘർഷം, പ്രകൃതിദുരന്തങ്ങൾ, വിഭവചൂഷണം, തീരശോഷണം തുടങ്ങിയ സമകാലിക പാരിസ്ഥിതിക പ്രശ്‌നങ്ങളിലും അവ മൂലമുണ്ടാകുന്ന സാമൂഹിക സംഘർഷങ്ങളിലും സ്വരാജിനുള്ള പങ്ക് എന്താണ് എന്നതിനെ കുറിച്ചുള്ള ഒരു ആലോചനയാണ് ഇവിടെ പങ്കുവയ്ക്കുന്നത്. മനുഷ്യ- വന്യജീവി സംഘർഷം എന്ന, ഇപ്പോൾ നിരന്തരം വാർത്തകളിൽ നിറയുന്ന സംഘർഷത്തിലേക്കുതന്നെ നോക്കാം.

വന്യജീവി- മനുഷ്യ സംഘർഷം: പരിഹാരം ഗ്രാമസ്വരാജ്​

മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം അപകടകരമായ രീതിയിൽ അധികരിച്ചുകൊണ്ടിരിക്കുകയാണ്. വന്യജീവി ആക്രമണത്തിന്റെ ഭാഗമായി തുടർച്ചയായുണ്ടാകുന്ന ആളപായം, കൃഷിനാശം, വസ്തുനാശം, കന്നുകാലി നാശം തുടങ്ങിയവ മൂലം മലയോരങ്ങളിൽ താമസിക്കുന്ന മനുഷ്യർ പലതരം പ്രതിസന്ധികളനുഭവിക്കുന്നുണ്ട്. എന്താണ് ഈ സംഘർഷത്തിന് ഒരു പരിഹാരം എന്നതിൽ ഭരണസംവിധാനങ്ങൾക്ക്, പ്രത്യേകിച്ച് സംസ്ഥാന സർക്കാരിന് ഒരുപാട് അവ്യക്തതകളുണ്ട് എന്നാണ് സർക്കാർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വനം വകുപ്പ് മന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞത്, വന്യമൃഗങ്ങളുടെ വംശവർധന തടയുന്നതുമായി ബന്ധ​പ്പെട്ട നിയമനടപടികളുമായി സർക്കാർ മുന്നോട്ടുപോകും എന്നാണ്.

സാമൂഹികവും രാഷ്ട്രീയവുമായ സംഘർഷങ്ങൾ പരിഹരിക്കാൻ ഗാന്ധി മുന്നോട്ടുവച്ച ആശയമായ സ്വരാജ് ആണ് ഇന്ന് നമ്മുടെ സമൂഹത്തിൽ രൂപപ്പെടുന്ന പാരിസ്ഥിതിക-സാമൂഹിക സംഘർഷങ്ങളുടെ ലഘൂകരണത്തിനും ശമനങ്ങൾക്കുമായി ഇനിയുമേറെ പ്രായോഗികമായിത്തീരേണ്ട ഒരു രാഷ്ട്രീയ ഭാവന

വന്യജീവികളുടെ എണ്ണം കൂടിയതല്ല സംഘർഷത്തിന് കാരണം എന്ന് വൈൽഡ് ലൈഫ് വിദഗ്ധർ പറയുന്നുണ്ടെങ്കിലും വനം വകുപ്പ് മന്ത്രിക്ക് അതിൽ വ്യക്തതയില്ല. മനുഷ്യ-വന്യജീവി സംഘർഷം ഒരിക്കലും അത്തരത്തിൽ കേന്ദ്രീകൃത നടപടികളിലൂടെ പരിഹരിക്കാൻ കഴിയുന്ന ഒന്നല്ല. കാരണം, സംഘർഷത്തിന്റെ രീതികളും സ്വഭാവവും സംഘർഷത്തിന്റെ കാരണങ്ങളും പല പ്രദേശങ്ങളിലും പലതരത്തിലായിരിക്കും. പല സമൂഹങ്ങളെയും പല തോതിലാണ് അത് ബാധിക്കുന്നത്. അതുകൊണ്ടുതന്നെ പലയിടങ്ങളിലും ആവശ്യം പ്രാദേശികമായ പരിഹാരങ്ങളും അതിൽ ജനങ്ങളുടെ പങ്കാളിത്തവുമാണ്. പശ്ചിമഘട്ട മേഖലയിലുള്ള പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ ഇക്കാര്യത്തിൽ ഫലപ്രദമായ സംഘർഷ ലഘൂകരണത്തിലേക്ക് എത്തിച്ചേരാൻ നമുക്കു കഴിയൂ.

വനം വകുപ്പ് പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയോ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ സന്നദ്ധമാവുകയോ ചെയ്തിട്ടില്ല.

ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് അനുയോജ്യമായ തരത്തിൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുപകരം ഒരേ സ്ഥലത്തുതന്നെ ഒന്ന് പരാജയപ്പെടുമ്പോൾ മറ്റൊന്ന് പരീക്ഷിക്കുകയാണ് സർക്കാർ ഏജൻസികളും വനംവകുപ്പും ചെയ്യുന്നത്. പൊതുവായി സംസ്ഥാനത്തും രാജ്യത്തൊട്ടാകെയും നടപ്പിലാക്കുന്ന പരിപാടികൾ പിന്തുടരുക എന്നത് മാത്രമാണ് വനംവകുപ്പ് ചെയ്യുന്നത്. അത്തരം കേന്ദ്രീകൃതമായി രൂപകല്പന ചെയ്ത പദ്ധതികൾക്കായാണ് ഫണ്ട് അനുവദിക്കപ്പെടുന്നതും. ഓരോ പ്രദേശത്തിന്റെയും സവിശേഷതയ്ക്കനുസരിച്ചുള്ള വികേന്ദ്രീകൃത പദ്ധതികൾ ആവിഷ്‌കരിക്കുകയോ നടപ്പിലാക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രവുമല്ല ഇത്തരം പദ്ധതികളുടെ ആസൂത്രണങ്ങളിലോ നടപ്പിലാക്കലുകളിലോ ഒന്നും തന്നെ തദ്ദേശവാസികൾക്ക് യാതൊരു പങ്കാളിത്തവും നൽകുന്നുമില്ല. വനം വകുപ്പാണ് വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തപ്പെട്ട ഡിപ്പാർട്ട്‌മെൻറ്​ എന്ന നിലയ്ക്ക് അവരാണ് ദുരന്തലഘൂകരണത്തിനും ഉത്തരവാദിത്തപ്പെട്ടവർ. എന്നാൽ വനം വകുപ്പ് പ്രാദേശിക ജനാധിപത്യ സംവിധാനങ്ങളെ ശാക്തീകരിക്കുന്നതരത്തിലുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയോ ജനപങ്കാളിത്തത്തോടെ പ്രവർത്തിക്കാൻ സന്നദ്ധമാവുകയോ ചെയ്തിട്ടില്ല. (വനസംരക്ഷണ സമിതികളും ഇക്കോ ഡവലപ്‌മെൻറ്​ കമ്മിറ്റികളും നടത്തുന്ന ജനപങ്കാളിത്ത പ്രവർത്തനങ്ങൾ വനംവകുപ്പിന്റെ ഘടനാപരമായ കേന്ദ്രീകൃത സ്വഭാവത്തെ മാറ്റിയിട്ടില്ല എന്നതാണ് കേരളത്തിലെ പൊതു അനുഭവം). സ്റ്റേറ്റ് പോളിസിക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നതരത്തിലുള്ള അധികാരഘടനയിലാണ് വനം വകുപ്പ് തുടരുന്നത്. അക്കാരണത്താൽ തന്നെയാണ് മലയോര മേഖലയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള എതിർപ്പ് അവർക്കുനേരെയുണ്ടാകുന്നതും.

ജനങ്ങളുടെ മുൻകൈയ്യിൽ വളരെ അടിത്തട്ടിൽ നിന്നും തുടങ്ങുന്ന പരിഹാര പ്രവർത്തനങ്ങൾക്കു മാത്രമെ നിലവിലുള്ള മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുവാൻ കഴിയുകയുള്ളൂ.

വനംവകുപ്പിന്റെ ഈ ഘടന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പരിഹാരത്തിന് ഒരു തടസ്സമായി നിൽക്കുന്നുണ്ട്. വന്യജീവി ആക്രമണത്തിന്റെ തോത് (Frequency) കൂടുന്നതിനനുസരിച്ച് തദ്ദേശവാസികളും അതോറിറ്റികളും തമ്മിൽ പലവിധത്തിലുള്ള സംഘർഷങ്ങൾ കൂടി വരുകയും ചെയ്യുന്നു. വന്യജീവി ആക്രമണമുണ്ടാകുമ്പോഴെല്ലാം നാട്ടുകാർ വനംവകുപ്പിനെതിരെ രംഗത്തുവരുന്നതിന്റെ മുഖ്യകാരണം ഈ വിശ്വാസനഷ്ടമാണ്. വനംവകുപ്പും തദ്ദേശവാസികളും കൈകോർത്തുക്കൊണ്ടല്ലാതെ പരിഹാരങ്ങൾ മുന്നോട്ടുപോകില്ല എന്നതിനാൽ ഇവർക്കിടയിലുണ്ടാകുന്ന ഈ വിടവ് നികത്തേണ്ടതുണ്ട്.

സാമൂഹിക ജീവിതത്തെ പലതലങ്ങളിൽ ബാധിക്കുന്ന ഈ പ്രശ്‌നം, പല പ്രാദേശിക വിഷയങ്ങളുമായി കുഴഞ്ഞുമറിഞ്ഞുക്കിടക്കുന്ന സാഹചര്യത്തിൽ വളരെ സൂക്ഷ്മവും വിശാലവും ഇൻക്ലൂസീവുമായ പദ്ധതികളാണ് ഇനി നാം നടപ്പിലാക്കേണ്ടത്. ജനങ്ങളുടെ മുൻകൈയ്യിൽ വളരെ അടിത്തട്ടിൽ നിന്നും തുടങ്ങുന്ന പരിഹാര പ്രവർത്തനങ്ങൾക്കു മാത്രമെ നിലവിലുള്ള മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുവാൻ കഴിയുകയുള്ളൂ. മനുഷ്യവാസ കേന്ദ്രങ്ങളിൽ നിന്ന്​മൃഗങ്ങളെ ഓടിച്ചുവിട്ടതുകൊണ്ടോ മൃഗങ്ങളുള്ള ഭാഗത്തുനിന്നും മനുഷ്യരെ മാറ്റിത്താമസിപ്പിച്ചതുകൊണ്ടോ ഈ സംഘർഷം ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പരിഹാര നടപടികളിൽ തദ്ദേശീയരായ ജനങ്ങൾ പങ്കാളികളാവുക എന്നത് മനുഷ്യരും ഫോറസ്റ്റ് ഇക്കോ സിസ്റ്റവും തമ്മിൽ നഷ്ടമായ ഇണക്കം (harmony) തിരിച്ചുപിടിക്കുന്നതിനും വളരെ പ്രധാനമായിരിക്കുന്നു.

സംഘർഷ പരിഹാരത്തിനായുള്ള മാർഗങ്ങൾ ആലോചിക്കുന്ന ഘട്ടം മുതൽ അത് കാര്യക്ഷമമായി നടപ്പിലാക്കും വരെയ്ക്കും അതാത് വില്ലേജുകളിലെ മനുഷ്യരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്.

വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന സമയങ്ങളിൽ കർഷകർ പലപ്പോഴും വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും ഉപരോധിക്കുകയും ചെയ്യാറുണ്ട്. ചില സമയങ്ങളിൽ വനം വകുപ്പ് ഓഫീസുകൾക്ക് നേരെ ആക്രമണം പോലും ഉണ്ടായിട്ടുണ്ട്. വളരെ രൂക്ഷമായ ഒരു കോൺഫ്ലിക്ട് കർഷകരും വനം വകുപ്പും തമ്മിൽ ഇന്ന് കേരളത്തിൽ നിലനിൽക്കുന്നുണ്ട്. വനം വകുപ്പ് വന്യജീവികളുടെ ആക്രമണത്തിന്റെ കാര്യത്തിൽ കാര്യക്ഷമമായി ഇടപെടുന്നില്ല എന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ മറ്റ് സർക്കാർ സംവിധാനങ്ങളും കർഷകരും തമ്മിലും കോൺഫ്ലിക്ട് നിലിനിൽക്കുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും കർഷകരും തമ്മിലും കോൺഫ്ലിക്​ടുണ്ട്​. ഈ സംഘർഷളെല്ലാം പരിഹരിക്കാനുള്ള ഒരേയൊരു മാർഗമെന്നത് ഇതിനായുള്ള പ്രവർത്തനങ്ങളിലെല്ലാം തദ്ദേശീയരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതരത്തിൽ ഒരു ‘ഗ്രാമസ്വരാജ്' സംവിധാനം സൃഷ്ടിക്കുക എന്നതാണ്. ഇപ്പോൾ തന്നെ ഒട്ടേറെ ഭാരിച്ച ചുമതലകളും ഫണ്ടിന്റെ അഭാവവും അധികാരമില്ലായ്മയും ഉള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന് എത്രമാത്രം മുൻകൈയടുക്കാൻ കഴിയും എന്നത് സംശയാസ്പദമാണ്. അതിനാൽത്തന്നെ ഇക്കാര്യത്തിൽ ജനപങ്കാളിത്തം ഉറപ്പിക്കുന്നതരത്തിൽ ഗ്രാമസഭകൾ ശാക്തീകരിക്കേണ്ടിവരും. സംഘർഷ പരിഹാരത്തിനായുള്ള മാർഗങ്ങൾ ആലോചിക്കുന്ന ഘട്ടം മുതൽ അത് കാര്യക്ഷമമായി നടപ്പിലാക്കും വരെയ്ക്കും അതാത് വില്ലേജുകളിലെ മനുഷ്യരുടെ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുണ്ട്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള പദ്ധതികൾ (കോൺഫ്ലിക്​റ്റ്​ റസല്യൂഷൻ പ്രോജക്ട്‌സ്) ആസൂത്രണം ചെയ്യുവാൻ ഇത് സഹായകമാകും. ഇവിടെയാണ് ഗാന്ധിയുടെ പ്രാധാന്യം കടന്നുവരുന്നതും.

ആദിവാസി-കർഷക സമൂഹങ്ങളെ ശാക്തീകരിക്കുക വഴി വിശാലവും പൂർണവുമായ പരിഹാര മാർഗങ്ങൾ നടപ്പിലാക്കുവാൻ ‘വില്ലേജ് സ്വരാജിന്' കഴിയും.

ഏകപക്ഷീയമായും കേന്ദ്രീകൃതമായും നടപ്പിലാക്കപ്പെടുന്ന പദ്ധതികൾക്ക് യഥാർത്ഥ പ്രശ്‌നങ്ങളെയോ അതിന്റെ തീവ്രതയെയോ മനസ്സിലാക്കാനുള്ള ശേഷിയില്ല എന്നതുതന്നെയാണ് തുടർന്നുവരുന്ന മനുഷ്യ-വന്യജീവി സംഘർഷം സൂചിപ്പിക്കുന്നത്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന പരിഹാര നടപടികൾ മിക്കതും കോൺട്രാക്ടർമാർക്ക് ലാഭമുണ്ടാക്കുന്നതും അഴിമതിക്ക് കളമൊരുക്കുന്നതുമാണ് എന്ന് ജനങ്ങൾ വ്യാപകമായി പരാതിപ്പെടുന്നുണ്ട്. കാലങ്ങളായി വന്യജീവികളുമായി സഹവസിച്ച് കൃഷിചെയ്യുന്ന ആദിവാസികളുടെ അറിവുകളെ സംഘർഷ ലഘൂകരണത്തിനായി ഉപയോഗപ്പെടുത്താൻ കഴിയണം. നിലവിലുള്ള ഭരണസംവിധാനങ്ങളുമായും സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന ആദിവാസി-കർഷക സമൂഹങ്ങളെ ശാക്തീകരിക്കുക വഴി വിശാലവും പൂർണവുമായ പരിഹാര മാർഗങ്ങൾ നടപ്പിലാക്കുവാൻ ‘വില്ലേജ് സ്വരാജിന്' കഴിയും.

മടപ്പുരച്ചാൽ മാതൃക

നേരിട്ടുബാധിക്കുന്ന പ്രശ്‌നം കൂടിയായതിനാൽ തദ്ദേശീയ ജനസമൂഹങ്ങളിലെ മിക്കവരും വന്യമൃഗ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാനായും ആക്രമണം ഉണ്ടായാൽ അവയെ നേരിടാനുമുള്ള വിവിധ പ്രാക്ടീസുകൾ സ്വയമേ നടത്തിവരുന്നുണ്ട്. വികേന്ദ്രീകൃത ഭരണ സംവിധാനത്തെ ശാക്തീകരിച്ച്​നിലവിലുള്ള മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ ആസൂത്രണം ചെയ്യുകയും അത് വളരെ വിജയകരമായി നടപ്പിലാക്കുകയും ചെയ്യുന്ന അനുഭവങ്ങളും കേരളത്തിൽ പലയിടങ്ങളിലായുണ്ട്. അത്തരത്തിൽ സ്വയം പര്യാപ്തമായൊരു പ്രദേശമാണ് കണ്ണൂർ ജില്ലയിലെ മടപ്പുരച്ചാൽ. തങ്ങളുടെ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് എങ്ങിനെ മനുഷ്യജീവി സംഘർഷത്തെ ലഘൂകരിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ ഗ്രാമം.

വന്യജീവികളുടെ കടന്നുകയറ്റമെന്ന പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും അനിവാര്യമായത് ആ പ്രശ്‌നത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രാദേശിക സമൂഹത്തിന്റെ ഇടപെടലാണെന്ന വസ്തുതയാണ് മടപ്പുരച്ചാൽ പറഞ്ഞുതരുന്നത്.

വന്യജീവികളുടെ വരവ് വൻതോതിൽ അധികരിച്ചതോടെ പന്ത്രണ്ട് വർഷത്തിലേറെയായി ദുരിതമനുഭവിക്കുകയായിരുന്ന കണ്ണൂരിലെ ഈ വനാതിർത്തി ഗ്രാമത്തിലുള്ള നാനൂറോളം കുടുംബങ്ങൾ ഒരു ജനകീയ സമിതി രൂപീകരിക്കുകയും വന്യജീവി ആക്രമണത്തെ ചെറുക്കുന്നതിനാവശ്യമായ പദ്ധതികൾ ആലോചിക്കുകയും ചെയ്തു. വന്യമൃഗങ്ങളെ തടയാൻ സ്വന്തം നിലയ്ക്ക് ഗ്രാമത്തിന്റെ അതിർത്തിയാകെ അഞ്ച് പ്രദേശങ്ങളിലായി വേലികൾ സ്ഥാപിച്ചു. മൃഗങ്ങൾ സ്ഥിരമായി വരുന്ന സ്ഥലങ്ങളിൽ കാവൽ നിന്ന്​ മൃഗങ്ങളെ തുരത്തിയും തങ്ങളുടെ കൃഷിയിടങ്ങളും വസ്തുവകകളും സംരക്ഷിക്കുകയാണ് ഈ പ്രദേശത്തുകാർ. ജനങ്ങൾ തന്നെ ചെലവും മനുഷ്യാധ്വാനവും കണ്ടെത്തി തദ്ദേശഭരണ സ്ഥാപനത്തിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ഇതെല്ലാം ചെയ്തത്. കർഷകരുടെ ഈ ദൗത്യം പരിപൂർണ വിജയവും പരിസ്ഥിതി സൗഹൃദവുമാണ്. മനുഷ്യർക്കോ മൃഗങ്ങൾക്കോ ഒരു അപകടവും ഉണ്ടാകാത്ത വിധത്തിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. വന്യജീവികളുടെ കടന്നുകയറ്റമെന്ന പ്രശ്‌നം പരിഹരിക്കാൻ ഏറ്റവും അനിവാര്യമായത് ആ പ്രശ്‌നത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രാദേശിക സമൂഹത്തിന്റെ ഇടപെടലാണെന്ന വസ്തുതയാണ് മടപ്പുരച്ചാൽ പറഞ്ഞുതരുന്നത്. ഒരു ഗ്രാമം സ്വാശ്രിതമായ പദ്ധതിയിലൂടെ ശാക്തീകരിക്കപ്പെടുന്നു.

ജനങ്ങളുടെ തദ്ദേശീയ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള തീരുമാനങ്ങളും അത് നടപ്പിലാക്കുന്നതിൽ അവർക്ക് ലഭിക്കുന്ന പങ്കാളിത്തവും ഹ്യൂമൻ- വൈൽഡ് ലൈഫ് കോൺഫ്ലിക്ട് പോലെയുള്ള സങ്കീർണ പ്രശ്‌നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും Representational Image / Photo: wti.org

മടപ്പുരച്ചാൽ ഒരു ഒറ്റപ്പെട്ട ഉദാഹരണം മാത്രമല്ല. ഇത്തരത്തിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തുവരുന്ന ആദിവാസി- കർഷക സമൂഹങ്ങളും നിരവധിയുണ്ടെങ്കിലും അവയ്ക്ക് വിപരീതദിശയിലാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ മടപ്പുരച്ചാലിലേതു പോലുള്ള പുതിയ ജനപങ്കാളിത്ത സാധ്യതകളെ കേരളം മാതൃകയാക്കേണ്ടതുണ്ട്. ഗാന്ധിജി മുന്നോട്ടുവെക്കുന്ന ‘ഗ്രാമസ്വരാജ്' എന്ന ആശയത്തെ പ്രാദേശിക തലത്തിൽ നടപ്പിലാക്കാൻ കഴിയുമെന്ന ഇത്തരം അനുഭവങ്ങളെ മുൻനിർത്തി മനുഷ്യ വന്യജീവി സംഘർഷത്തെ ചെറുക്കാനുള്ള സാധ്യതകൾ ആലോചിക്കുകയാണ് വേണ്ടത്. ജനങ്ങളുടെ തദ്ദേശീയമായ അറിവുകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമുള്ള തീരുമാനങ്ങളും അത് നടപ്പിലാക്കുന്നതിൽ അവർക്ക് ലഭിക്കുന്ന പങ്കാളിത്തവും ഏത് സംഘർഷത്തെയും, പ്രത്യേകിച്ച്, ഹ്യൂമൻ- വൈൽഡ് ലൈഫ് കോൺഫ്ലിക്ട് പോലെയുള്ള സങ്കീർണ പ്രശ്‌നങ്ങളെ പോലും ലഘൂകരിക്കാൻ സഹായിക്കും എന്നത് നമ്മുടെ ഗവേണൻസിനെ ആകെമാനം പുതുക്കിപ്പണിയുന്നതിനെക്കുറിച്ചുള്ള ചിന്തകൾ കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്. ഗ്രാമസ്വരാജ് എന്ന ഗാന്ധിയൻ സങ്കൽപ്പത്തിന്റെ പ്രായോഗികതയെ ഇത്തരം മാതൃകകൾ കൂടുതൽ ഉറപ്പിക്കുന്നു.

ജനങ്ങൾക്ക് യാതൊരു പങ്കും ഇല്ലാതെ ഇക്കാലമത്രയും നടന്നുവന്ന ഫോറസ്റ്റ് ഗവേണൻസിന്റെ ഭാഗമായി കൂടിയാണ് പല സംഘർഷങ്ങളും പരിഹാരമില്ലാതെ തുടരുന്നത്​. ജനങ്ങൾ ‘അകറ്റപ്പെട്ടു' നിന്നു എന്നതുകൊണ്ടാണ് പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കപ്പെടാതിരിക്കുന്നത്.

മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വന്യജീവികളോടുള്ള ശത്രുതാ മനോഭാവം മാറ്റുന്നതിനും അവിടുത്തെ ആദിവാസികളോടും കർഷക സമൂഹങ്ങളോടും സംസാരിച്ച്, പ്രാദേശികവും പാരമ്പര്യവുമായ അവരുടെ അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യവന്യജീവി സംഘർഷം ഇല്ലാതാക്കാനുള്ള പോളിസികൾ ഉണ്ടായിവരണം. ജനങ്ങളും തദ്ദേശ ഭരണ സംവിധാനങ്ങളും വനം വകുപ്പും സമഗ്രമായാണ് ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത്. ഇത് പരിഹരിക്കുന്നതിൽ ജനങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു ഭരണസംവിധാനം ഉണ്ടായിവരികയാണ് വേണ്ടത്. ജനങ്ങൾക്ക് യാതൊരു പങ്കും ഇല്ലാതെ ഇക്കാലമത്രയും നടന്നുവന്ന ഫോറസ്റ്റ് ഗവേണൻസിന്റെ ഭാഗമായി കൂടിയാണ് പല സംഘർഷങ്ങളും പരിഹാരമില്ലാതെ തുടരുന്നത്​. ജനങ്ങൾ ‘അകറ്റപ്പെട്ടു' നിന്നു എന്നതുകൊണ്ടാണ് പ്രശ്‌നങ്ങൾ ദ്രുതഗതിയിൽ പരിഹരിക്കപ്പെടാതിരിക്കുന്നത്. ഡിപ്പാർട്ട്‌മെൻറുതലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു, നടപ്പിലാക്കുന്നു, ഫണ്ടുകൾ വിനിയോഗിക്കുന്നു എന്നതിൽ കവിഞ്ഞ് മനുഷ്യ- വന്യജീവി സംഘർഷം പരിഹരിക്കുന്നതിൽ തദ്ദേശീയ ജനങ്ങളെ ഉൾക്കൊള്ളുന്ന പരിഹാര പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടില്ല. തദ്ദേശ ഭരണ സംവിധാനങ്ങൾക്കും പ്രശ്‌നബാധിതരായ സമൂഹങ്ങൾക്കും പങ്കുള്ള പദ്ധതികൾ ആലോചിക്കുന്നതിനും നടപടികൾ എടുക്കുന്നതിനും നമുക്ക് കഴിയണമെന്നാണ് സ്വരാജ് എന്ന ആശയത്തിലൂടെ ഗാന്ധി പറയുന്നതും.

സ്റ്റേറ്റ് പോളിസിക്കനുസരിച്ച് മാത്രം പ്രവർത്തിക്കുന്നതരത്തിലുള്ള അധികാരഘടനയിലാണ് വനം വകുപ്പ് തുടരുന്നത്. അക്കാരണത്താൽ തന്നെയാണ് മലയോര മേഖലയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള എതിർപ്പ് അവർക്കുനേരെയുണ്ടാകുന്നതും.

കൊളോണിയൽ കാലഘട്ടത്തിലുണ്ടായതുപോലെ വളരെ കേന്ദ്രീകൃതമായ ഭരണസംവിധാനങ്ങളും സമീപനങ്ങളുമാണ് ഇപ്പോഴും വനം വകുപ്പ് പിന്തുടരുന്നത് എന്നതുതന്നെയാണ് പരിഗണിക്കപ്പെടേണ്ട പ്രധാന വിഷയം. 73, 74 ഭരണഘടനാ ഭേദഗതി പ്രകാരം പഞ്ചായത്തീരാജ് നടപ്പിൽ വരുത്തിയെങ്കിലും അത് ഗ്രാമതലത്തിൽ (വില്ലേജ് സ്വരാജ്) പ്രയോഗത്തിൽ വരുത്താത്തതുകൊണ്ടുകൂടിയാണ് ഇത്തരം പാരിസ്ഥിതിക- സാമൂഹിക സംഘർഷങ്ങൾ രൂപപ്പെടുമ്പോൾ ജനങ്ങൾക്ക് അതിനകത്ത് പങ്കില്ലാതാകുന്നത്. ജനങ്ങൾ ഭരണസംവിധാനങ്ങളുടെ ഭാഗമായി മാറുന്നില്ല എന്നതുകൊണ്ട് ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങളും പ്രത്യേകതകളും തിരിച്ചറിഞ്ഞുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ ഭരണസംവിധാനങ്ങൾ പരാജയപ്പെടുകയാണ്. ഇത്തരം സംഘർഷ ലഘൂകരണ സംവിധാനങ്ങളുടെ ‘പുറത്തുനിൽക്കുന്നവരാ'യതുകൊണ്ടാണ് സംഘർഷങ്ങളുടെ ഒരു ഭാഗത്ത് ജനങ്ങളും മറ്റൊരു വശത്ത് ഭരണസംവിധാനങ്ങളും എന്ന സ്ഥിതി രൂപപ്പെടുന്നത്.

ആഗോള കാലാവസ്ഥാ മാറ്റം ഉയർത്തുന്ന വെല്ലുവിളികൾ പലതരം ദുരന്തങ്ങളുടെ രൂപത്തിൽ ആവർത്തിക്കുന്ന കാലം കൂടിയാണല്ലോ ഇത്. ഈ ദുരന്തങ്ങളുടെ ലഘൂകരണമെന്നത് കേന്ദ്രീകൃതമായ നടപടികളിലൂടെ സാധ്യമല്ല എന്നാണ് ഓരോ ദുരന്തങ്ങളും ഓർമിപ്പിക്കുന്നത്. ജനങ്ങൾ അവരുടേതായ രീതിയിൽ നടത്തുന്ന മുന്നിട്ടിറങ്ങലുകളാണ് പാരിസ്ഥിതിക ദുരന്തലഘൂകരണത്തിന്റെ പാതയിൽ (rescue, rehabilitation and rebuild) കേരളത്തിന്റെ കരുത്തായി മാറിയത് എന്നത് നമ്മൾ കണ്ടതാണ്. എന്നാൽ ജനങ്ങളുടെ ഈ പങ്കാളിത്ത സാധ്യതയെ ജനാധിപത്യ വ്യവസ്ഥയുടെ ശക്തിയായി മാറ്റുന്നതിൽ പരാജയപ്പെടുന്ന സർക്കാരുകളാണ് ദൗർഭാഗ്യവശാൽ നമുക്കുള്ളത്. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ഗാന്ധി എന്താണോ ഭയന്നിരുന്നത് അതാണ് ഇന്നും നമുക്ക് ചുറ്റും മാറാതെ തുടരുന്നത്. ▮


റംസീന ഉമൈബ

തമിഴ്​നാട്​ ദിണ്ഡിഗലിലുള്ള ഗാന്ധിഗ്രാം റൂറൽ ഇൻസ്​റ്റിറ്റ്യൂട്ടിൽ ഗവേഷക വിദ്യാർഥി. കേരളീയം മാസികയിൽ ഫ്രീലാൻസറായി പ്രവർത്തിക്കുന്നു.

Comments