‘സ്വതന്ത്ര ശിവസേന’യ്ക്കായി മഹാരാഷ്ട്രയിൽ മുറവിളി,
ഉദ്ധവിന്റെ മുന്നിൽ എന്താണ് വഴി?

ബാൽ താക്കറേയുടെ പൈതൃകം പുനഃസ്ഥാപിക്കുക എന്നത് ഒരു ലക്ഷ്യമായി ഉദ്ധവ് താക്കറേ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് നിലനിൽക്കാൻ ഈയൊരു ബേസ് തൽക്കാലത്തേക്കെങ്കിലും ആവശ്യവുമാണ്. ശിവസേനയുടെ പൈതൃക വോട്ടുബാങ്ക് പൊളിച്ച് പാർട്ടിയെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കേണ്ടത് ഉദ്ധവിന്റെ മാത്രം ആവശ്യമായി മാറുന്നിടത്താണ്, അദ്ദേഹവും പാർട്ടിയും വൻ പ്രതിസന്ധിയിലാകുന്നത്.

News Desk

കോൺഗ്രസുമായുള്ള സഖ്യം വിട്ട് സ്വതന്ത്രമായി നിൽക്കാൻ ഉദ്ധവ് താക്കറേയ്ക്കുമേൽ സ്വന്തം പാർട്ടിയിൽനിന്ന് സമ്മർദമേറുന്നു. കോൺഗ്രസിനൊപ്പം നിന്നാൽ ശിവസേനയുടെ പരമ്പരാഗത വോട്ടുബാങ്ക് സംരക്ഷിക്കാനാകില്ല എന്ന വാദമാണ്, ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംപൊത്തിയ മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ സഖ്യകക്ഷിയായ ഉദ്ധവ് പക്ഷ ശിവസേനയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

മഹായുതി സഖ്യത്തിലെ ഏക്‌നാഥ് ഷിൻഡേ വിഭാഗത്തോടൊപ്പം ഉദ്ധവിനെ എത്തിച്ച്, ‘സേന’യെ ഒന്നിപ്പിക്കാനുള്ള പദ്ധതിയും ബി.ജെ.പി അണിയറയിൽ ഒരുക്കുന്നുണ്ട്. കാരണം, ഇലക്ഷൻ അജണ്ടകളേക്കാൾ, മഹാരാഷ്ട്രയെ മുൻനിർത്തിയുള്ള ആർ.എസ്.എസിന്റെ വിശാല ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്ക് അനിവാര്യമാണ്, ‘ഐക്യ ശിവസേന’. ഭരണപരവും രാഷ്ട്രീയവുമായി ബി.ജെ.പിയെ പലപ്പോഴും ശിവസേന സമ്മർദത്തിലാക്കിയിട്ടുണ്ടെങ്കിലും ഭാവിയിലും ശിവസേന ബി.ജെ.പിക്ക് ഭീഷണിയായി തുടരുമെങ്കിലും, അതിനേക്കാൾ പ്രധാനമായി ആർ.എസ്.എസ് കാണുന്നത്, ഹിന്ദുത്വ പാർട്ടികളെന്ന നിലയ്ക്കുള്ള വിശാല സഖ്യമാണ്. ‘ഹിന്ദുത്വയുടെ പാതയിൽനിന്ന് വ്യതിചലിച്ചതോടെ ഉദ്ധവിന്റെ പതനത്തിന് തുടക്കമായി’ എന്നാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖർ ബവാൻകുലേ പറഞ്ഞത്. ഹിന്ദുത്വയിലേക്ക് തിരിച്ചുവരണം എന്ന ബി.ജെ.പിയുടെ അനൗദ്യോഗിക അഭ്യർഥന കൂടിയാണിത് എന്നും പറയാം.

തൽക്കാലം, മഹാവികാസ് അഘാഡി സഖ്യം വിട്ട് ഒറ്റയ്ക്കു നിൽക്കണമെന്ന വികാരമാണ് ഉദ്ധവ് താക്കറേ പക്ഷത്തുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച 95 സീറ്റിൽ ഉദ്ധവ് പക്ഷത്തിന് നേടാനായത് 20 സീറ്റ്. അതിൽ പത്തും മുംബൈയിൽനിന്ന്. മുംബൈ നഗരപാർട്ടി എന്ന നിലയ്ക്കുള്ള അസ്തിത്വം മാത്രമാണിപ്പോൾ ഉദ്ധവിനുള്ളത്. മുംബൈക്കു വേണ്ടിയുള്ള ഉദ്ധവ്- ഷിൻഡേ പക്ഷ മത്സരത്തിൽ രാജ് താക്കറേയുടെ നവനിർമാൺ സേന വോട്ട് വിഭജിച്ചതാണ് ഉദ്ധവിന് തുണയായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 9.96 ശതമാനം വോട്ടുമാത്രമാണ് ഉദ്ധവ് പക്ഷത്തിന് നേടാനായത്. പിളർപ്പോടെ പാർട്ടി ചിഹ്‌നവും പേരും ഷിൻഡേ വിഭാഗത്തിന് സ്വന്തമാകുകയും ചെയ്തു.

ഏക്നാഥ് ഷിൻഡേയുടെ ശിവസേന, ഭരണകൂടത്തിന്റെ ഭാഗമാണ് എന്നു മാത്രമല്ല, ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുകയും ഹിന്ദുത്വ ഐഡിയോളജി പങ്കിടുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ഷിൻഡേ പക്ഷ 'സേന'യുടെ നില ഉറപ്പിക്കുന്നു.
ഏക്നാഥ് ഷിൻഡേയുടെ ശിവസേന, ഭരണകൂടത്തിന്റെ ഭാഗമാണ് എന്നു മാത്രമല്ല, ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുകയും ഹിന്ദുത്വ ഐഡിയോളജി പങ്കിടുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ഷിൻഡേ പക്ഷ 'സേന'യുടെ നില ഉറപ്പിക്കുന്നു.

അതായത്, കോൺഗ്രസ് മുന്നണി നഷ്ടക്കച്ചവടമാണ്, ഉദ്ധവിനെ സംബന്ധിച്ച്. അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ ഉദ്ധവ് പക്ഷത്തിന്റെ തകർച്ച പൂർണമാകുമെന്നാണ് ആശങ്ക. ഇത് ഒഴിവാക്കാൻ ശിവസേനയുടെ വോട്ടുബാങ്കും തനിമയും ​പൈതൃകവും വീണ്ടെടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് പാർട്ടി നേതൃത്വത്തിലെ പ്രബല വിഭാഗം കരുതുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന, തോറ്റ സ്ഥാനാർഥികളുടെ യോഗത്തിലാണ് ഈ വികാരപ്രകടനമുണ്ടായത്. മഹാവികാസ് അഘാഡി സഖ്യത്തിൽനിന്ന് വിട്ടുനിന്ന് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാണ് മുതിർന്ന നേതാവ് അംബാദാസ് ദാൻവേ ആവശ്യപ്പെട്ടത്. ഇലക്ഷൻ പരാജയമല്ല ഇപ്പോഴത്തെ പ്രശ്‌നം, പാർട്ടിയുടെ സ്വത്വം തന്നെ ഇല്ലാതാകുന്നു എന്നതാണ് എന്ന വികാരം പാർട്ടിയിൽ ശക്തമാകുന്നു എന്നാണ് ദാൻവേ പറയുന്നത്. സ്വന്തം പേരും ചിഹ്‌നവും നഷ്ടമായ പാർട്ടിഘടകമായി ഇനിയും നിലനിൽക്കേണ്ടതുണ്ടോ എന്നാണ് ഉദ്ധവിനോടുള്ള ചോദ്യം.

ശിവസേനയുടെ പരമ്പരാഗത വോട്ടുബാങ്കിന്റെ ഗുണഭോക്താക്കളായ പ്രാദേശിക നേതാക്കളും തോറ്റ സ്ഥാനാർഥികളുമാണ് 'സ്വതന്ത്ര ശിവസേന'യ്ക്കായി ഇപ്പോൾ മുറവിളി കൂട്ടുന്നത്.

മതേതര നിലപാടുള്ള കോൺഗ്രസും എൻ.സി.പിയുമായുള്ള സഖ്യം ശിവസേനയുടെ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ഏക്‌നാഥ് ഷിൻഡേയെ ഇത് വലിയ തോതിൽ ബാധിച്ചിട്ടില്ല. കാരണം, ഷിൻഡേ പക്ഷം ഭരണകൂടത്തിന്റെ ഭാഗമാണ് എന്നു മാത്രമല്ല, ബി.ജെ.പിയുടെ സഖ്യകക്ഷിയായി തുടരുകയും ഹിന്ദുത്വ ഐഡിയോളജി പങ്കിടുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ഷിൻഡേ പക്ഷ 'സേന'യുടെ നില ഉറപ്പിക്കുന്നു. ഷിൻഡേ പക്ഷം ഈ തെരഞ്ഞെടുപ്പിൽ 57 സീറ്റാണ് നേടിയത്. മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടാൻ പോലും ശക്തിയുള്ള സമ്മർദ ഗ്രൂപ്പായി ഷിൻഡേയ്ക്ക് മാറാനായി. ഷിൻഡേ പക്ഷത്തിന്റെ അധികാര പങ്കാളിത്തം, യഥാർഥ ശിവസേന തങ്ങളാണെന്ന അവകാശവാദത്തിനും ബലം പകരുന്നു.

2019-ലാണ് ബി.ജെ.പിയുമായുള്ള സഖ്യം വിട്ട് ഉദ്ധവ് താക്കറേ കോൺഗ്രസ്- എൻ.സി.പി സഖ്യത്തിലായത്. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയായി. എന്നാൽ, 2022-ൽ ഏക്‌നാഥ് ഷിൻഡേയെ 39 എം.എൽ.എമാരോടൊപ്പം പിളർത്തി തങ്ങളുടെ പക്ഷത്തെത്തിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞു. ഇതോടെയാണ് മഹാവികാസ് അഘാഡിയുടെ ഏതാനും ദിവസത്തെ ഭരണം തകർന്നത്.

‘ഹിന്ദുത്വയുടെ പാതയിൽനിന്ന് വ്യതിചലിച്ചതോടെ ഉദ്ധവിന്റെ പതനത്തിന് തുടക്കമായി’ എന്നാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖർ ബവാൻകുലേ പറഞ്ഞത്.
‘ഹിന്ദുത്വയുടെ പാതയിൽനിന്ന് വ്യതിചലിച്ചതോടെ ഉദ്ധവിന്റെ പതനത്തിന് തുടക്കമായി’ എന്നാണ് കഴിഞ്ഞദിവസം മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖർ ബവാൻകുലേ പറഞ്ഞത്.

കോൺഗ്രസ് എന്ന എക്കാലത്തെയും വിരുദ്ധപക്ഷ രാഷ്ട്രീയവുമായി ഉദ്ധവ് താക്കറേയ്ക്ക് എങ്ങനെ സഖ്യമുണ്ടാക്കാനായി എന്ന ചോദ്യത്തിന്റെ ഉത്തരം, ഉദ്ധവ് താക്കറേയുടെ രാഷ്ട്രീയ പരിണാമങ്ങളിലുണ്ട്. കോൺഗ്രസിനു സംഭവിച്ച അത്ര മൃദുവല്ലാത്ത ഹിന്ദുത്വ പരിണാമങ്ങളും ഉദ്ധവിന്റെ നേതൃത്വത്തിൽ ശിവസേനയുടെ മറാത്ത ഐഡന്റിറ്റി പൊളിറ്റിക്‌സിനുണ്ടായ പരിണാമങ്ങളുമാണ് അസാധ്യമെന്ന് കരുതപ്പെട്ടിരുന്ന നീക്കുപോക്കു രാഷ്ട്രീയത്തിലേക്ക് ഇരുപാർട്ടികളെയും ഒന്നിപ്പിച്ചത്.

ഒരുകാലത്ത് മുംബൈയെ അടക്കിഭരിച്ചിരുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ തലവനായിരുന്ന ബാൽ താക്കറേയുടെ, അത്രതന്നെ തീവ്രവാദിയല്ലാത്ത മകനെ മുഖ്യമന്ത്രിപദം വരെ എത്തിച്ചത് കടുംപിടുത്തങ്ങളില്ലാത്ത രാഷ്ട്രീയ വഴക്കങ്ങളാണ്.

1960-ൽ, ബാൽ താക്കറേയുടെ മൂന്ന് ആൺമക്കളിൽ ഇളയവനായി ജനിച്ച ഉദ്ധവിന്റെ താൽപര്യം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയായിരുന്നു. മുംബൈ ജെ.ജെ. സ്‌കൂൾ ഓഫ് ആർട്‌സിൽ ഫോട്ടോഗ്രഫി പഠിച്ചു. പ്രതാപിയായി വാണിരുന്ന അച്ഛന്റെ രാഷ്ട്രീയവഴിയിലേക്ക് ഉദ്ധവ് എത്തിനോക്കിയിരുന്നില്ലെങ്കിലും പാർട്ടിയുടെ പിന്തുടർച്ച ഉദ്ധവിലാണ് ബാൽ താക്കറേ ഉറപ്പിച്ചത്. കസിനായ രാജ് താക്കറേയായിരുന്നു ഉദ്ധവിന് സ്വന്തം പാർട്ടിയിലുണ്ടായിരുന്ന എതിരാളി. ബാൽ താക്കറേയുടെ സ്വഭാവിക പിൻഗാമിയായി സ്വയം പ്രതിഷ്ഠിച്ചിരുന്ന രാജ് താക്കറേ, പ്രായോഗിക നിലപാടുള്ള ഉദ്ധവിനെ നേരിട്ടത്, തന്റെ ആക്രമണോത്സുകതയോടെയാണ്.

2003-ൽ ഉദ്ധവ് ശിവസേന വർക്കിങ് പ്രസിഡന്റായി. ശത്രുത മറച്ചുപിടിച്ച് രാജ് താക്കറെ തന്നെയാണ് ആ പ്രഖ്യാപനം നടത്തിയത്. ക്രമേണ ഉദ്ധവ് ക്ഷമാപൂർവം പാർട്ടിയെ നിയന്ത്രണത്തിലാക്കിയപ്പോൾ, രാജ് താക്കറേ 2006-ൽ മഹാരാഷ്ട്ര നവനിർമാണ സേനയുണ്ടാക്കി പാർട്ടി വിട്ടു. ഇതോടെ, ഉദ്ധവ് എതിരില്ലാത്ത നേതാവായി മാറി.

മുംബൈയിലെ പരമ്പരാഗത ശിവസേന വോട്ടുബാങ്ക് തന്നെയാണ് ഉദ്ധവ് പക്ഷത്തിന് ഇപ്പോഴുമുള്ളത് എന്നതാണ് ഉദ്ധവിന്റെ യഥാർഥ പ്രതിസന്ധി. അത്, വലിയൊരു ആശയക്കുഴപ്പം നിറഞ്ഞ നേതാവായി ഉദ്ധവിനെ മാറ്റിയിരിക്കുന്നു.

മറാത്ത വംശീയതയെ കേന്ദ്രീകരിച്ചുള്ള ഐഡന്റിറ്റിയിൽനിന്ന്, മാറിവരുന്ന രാഷ്ട്രീയ പരിസ്ഥിതികൾക്കനുയോജ്യമായ നിലപാടുകളിലേക്ക് ശിവസേന മാറി. എൺപതുകൾ മുതൽ ബി.ജെ.പിയോടൊപ്പം സഖ്യത്തിലുണ്ടായിരുന്ന ശിവസേനയെ സംബന്ധിച്ച്, ഈ മാറ്റം സംഘർഷഭരിതം കൂടിയായിരുന്നു. സംസ്ഥാനത്ത് അധികാരമുറപ്പിക്കാനുള്ള സഖ്യകക്ഷിയെന്ന നിലയ്ക്കുമാത്രമല്ല, ഹിന്ദുത്വ ഐഡിയോളജിയുടെ സഖ്യകക്ഷി കൂടിയായാണ് ബി.ജെ.പി ശിവസേനയെ പരിഗണിച്ചിരുന്നത്. എന്നാൽ, മറാത്ത സ്വത്വരാഷ്ട്രീയത്തിൽനിന്ന് തന്ത്രപരമായ ഇൻക്ലൂസീവ്‌നസ്സിലേക്കുള്ള ഉദ്ധവിന്റെ സഞ്ചാരം ബി.ജെ.പിയുമായുള്ള അകൽച്ച വർധിപ്പിച്ചു. 2019-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇതിന്റെ ക്ലൈമാക്‌സായി. ബി.ജെ.പി 105 സീറ്റും ശിവസേന 56 സീറ്റുമാണ് നേടിയത്. ഉദ്ധവ് മുഖ്യമന്ത്രിപദം ആവശ്യപ്പെട്ടു. ബി.ജെ.പി സമ്മതിച്ചില്ല. ഇതോടെ, സഖ്യം വിട്ട് ശിവസേന മഹാവികാസ് അഘാഡിയോട് ചേർന്നു, ഉദ്ധവ് മുഖ്യമന്ത്രിയുമായി.

ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിൽനിന്നുള്ള ഒരു ജൂനിയർ പങ്കാളിയുടെ വേർപിരിയൽ കൂടിയായിരുന്നു ഇത്. സെക്യുലർ പക്ഷത്തുള്ള കോൺഗ്രസും എൻ.സി.പിയും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് ശിവസേനയുമായി സഖ്യത്തിലേർപ്പെട്ടത്. പൊതുമിനിമം പരിപാടിയില്‍നിന്ന് സെക്യുലറിസം എന്ന പ്രയോഗം ഒഴിവാക്കണം എന്ന് ഉദ്ധവ് താക്കറേ തുടക്കത്തില്‍ ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, കോണ്‍ഗ്രസും എന്‍.സി.പിയും അതിന് വിസമ്മതിച്ചു. അങ്ങനെയാണ്, സെക്യുലറിസം ലക്ഷ്യമാക്കുന്ന ഒരു സഖ്യത്തിന്റെ നേതൃസ്ഥാനത്ത്, ഹിന്ദുത്വയെ തള്ളിപ്പറയാത്ത ഒരു പാര്‍ട്ടി ഇരിപ്പുറപ്പിച്ചത്.

ബാൽ താക്കറേയുടെ പൈതൃകം അവസരവാദപരമായി തള്ളിപ്പറഞ്ഞുവെന്ന് വിമർശിക്കപ്പെട്ട ഈ സഖ്യം, ഒരുപക്ഷെ, ഏറ്റവും നഷ്ടമുണ്ടാക്കിയത് ആർ.എസ്.എസിന്റെ ഹിന്ദുത്വ പദ്ധതികൾക്കായിരുന്നു. അവർ അടങ്ങിയിരുന്നില്ല. സംസ്ഥാനത്ത് ഹിന്ദുത്വയുടെ സഖ്യകക്ഷിയായി നിൽക്കുന്ന ഒരു ശിവസേനയെ അവർക്ക് അനിവാര്യമായിരുന്നു. അങ്ങനെയാണ് 56 എം.എൽ.എമാരെയും 18-ൽ 12 എം.പിമാരെയും അടർത്തിയെടുത്ത് ഏക്‌നാഥ് ഷിൻഡേയെ മഹായുതി സഖ്യത്തിന്റെ ഭാഗമാക്കിയത്. മാത്രമല്ല, പ്രമുഖ നേതാക്കളായ ഛഗൻ ഭുജ്ബാൽ, നാരായൺ റാണേ, രാജ് താക്കറേ എന്നിവർ പാർട്ടി വിട്ടതോടെ ഉദ്ധവ് 'പരാജയപ്പെട്ട' ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ നേതാവായി ചുരുങ്ങി. 'ആരാണ് യഥാർഥ ശിവസേന' എന്ന ചോദ്യത്തിന് ഉത്തരമായി എന്നാണ് ഷിൻഡേ പറഞ്ഞത്: ''ശിവസേന ഒരു സ്വകാര്യ സ്വത്തല്ല. ആരാണ് ബാലാസാഹേബിന്റെ ആദർശങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്ന് ജനം കാണിച്ചുകൊടുത്തിരിക്കുന്നു’’ എന്നാണ് പിളർപ്പിനുശേഷം ഷിൻഡേ പറഞ്ഞത്.

ബാല്‍ താക്കറെ
ബാല്‍ താക്കറെ

യഥാർഥത്തിൽ, ബാൽ താക്കറേയുടെ പൈതൃകം ഒരുകാലത്തും ഉദ്ധവ് താക്കറേയുടെ അവകാശവാദമായിരുന്നില്ല. 2019-ൽ ഷിൻഡേ വിഭാഗം വിട്ടുപോയതിനെതുടർന്നുള്ള ഭരണപ്രതിസന്ധി സുപ്രീംകോടതിയിലെത്തിയപ്പോൾ, ഗവർണറുടെ ജനാധിപത്യവിരുദ്ധമായ നടപടികളെയും പാർലമെന്ററി രാഷ്ട്രീയത്തിന്റെ നടപടിക്രമങ്ങളെയും മുൻനിർത്തിയാണ് ഉദ്ധവ് താക്കറേ നിലപാടെടുത്തത്. എന്നാൽ, 'ഞങ്ങളാണ് യഥാർഥ ശിവസേന' എന്ന് കോടതിയിൽ സ്ഥാപിക്കാനായിരുന്നു ഷിൻഡേ വിഭാഗത്തിന്റെ വാദം.

ബാൽ താക്കറേയുടെ പൈതൃകം പുനഃസ്ഥാപിക്കുക എന്നത് ഒരു ലക്ഷ്യമായി ഒരിക്കലും ഉദ്ധവ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് നിലനിൽക്കാൻ ഈയൊരു ബേസ് തൽക്കാലത്തേക്കെങ്കിലും ആവശ്യവുമാണ്.

ഏകാധിപത്യപരമായ ഒരു കേഡർ സംവിധാനത്തിൽനിന്ന് അയവുള്ളതും ജനാധിപത്യപരവുമായ സംഘടനാരൂപത്തിലേക്ക് പാർട്ടിയെ മാറ്റിയെടുക്കാൻ ഉദ്ധവിനുമുന്നിൽ പോംവഴികളൊന്നുമുണ്ടായിരുന്നില്ല. 'യഥാർഥ ശിവസേന ആരാണ്' എന്ന ചോദ്യത്തെ ഉദ്ധവ് നിസ്സംഗമായാണ് നേരിട്ടതെങ്കിലും, ‘യഥാർഥ ശിവസേന’യുടെ ഐഡന്റിറ്റി അദ്ദേഹത്തിന്റെ പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യവുമായിരുന്നു. അതുകൊണ്ടുതന്നെ, തന്റെ പാർട്ടിയുടെ ഹിന്ദു വോട്ട് ബേസിനെയോ ഹിന്ദുത്വയെയോ ഉദ്ധവ് പരസ്യമായി തള്ളിപ്പറഞ്ഞിട്ടില്ല. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടി എന്ന രാഷ്ട്രീയ വിമർശനമാണ് ഉദ്ധവ് ബി.ജെ.പിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്, അല്ലാതെ വർഗീയ രാഷ്ട്രീയത്തോടുള്ള വിയോജിപ്പല്ല.
''ഞങ്ങളുടെ ഹിന്ദുത്വ വീടുകളിലുള്ള സ്റ്റൗ കത്തിക്കാന്‍ സഹായിക്കുന്നതാണ് എങ്കില്‍ ബി.ജെ.പിയുടെ ഹിന്ദുത്വ ആ വീടുകള്‍ തന്നെ ചുട്ടെരിക്കുന്നതാണ്'' എന്ന മട്ടിലുള്ള ദുര്‍ബല പ്രസ്താവനകളിലൂടെയാണ് ഉദ്ധവ് ബി.ജെ.പിയുടെ ഹിന്ദുത്വ ബ്രാന്‍ഡിനെ തള്ളിപ്പറഞ്ഞിട്ടുള്ളത്. മാത്രമല്ല, ശിവസേനയുടെ ജനാധിപത്യപരമായ രാഷ്ട്രീയ പുനഃസംഘടനക്കുവേണ്ടിയുള്ള ഒരു പദ്ധതിയും ഉദ്ധവിന്റെ കൈയിലില്ലതാനും.

എങ്കിലും, ഉദ്ധവ് പക്ഷ ശിവസേന കൂടിയുള്ള മഹാവികാസ് അഘാഡി സഖ്യത്തിന് പുരോഗമന നിലപാട് പുലര്‍ത്തുന്ന പൗരസമൂഹത്തിന്റെ പിന്തുണ കിട്ടിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ കൊച്ചുമകനും എഴുത്തുകാരനുമായ തുഷാര്‍ ഗാന്ധി, രാം പുനിയാനി, ആക്റ്റിവിസ്റ്റ് ടീസ്റ്റ സെതല്‍വാദ്, ഡോക്യുമന്ററി സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത്തരമൊരു പുരോഗമന- ലിബറല്‍ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയെന്ന നിലയ്ക്ക് സ്വയം അവതരിപ്പിക്കാന്‍ ഉദ്ധവ് ശ്രമം നടത്തിക്കൊണ്ടിരുന്നു.

കോൺഗ്രസ് എന്ന എക്കാലത്തെയും വിരുദ്ധപക്ഷ രാഷ്ട്രീയവുമായി ഉദ്ധവ് താക്കറേയ്ക്ക് എങ്ങനെ സഖ്യമുണ്ടാക്കാനായി എന്ന ചോദ്യത്തിന്റെ ഉത്തരം, ഉദ്ധവ് താക്കറേയുടെ രാഷ്ട്രീയ പരിണാമങ്ങളിലുണ്ട്.
കോൺഗ്രസ് എന്ന എക്കാലത്തെയും വിരുദ്ധപക്ഷ രാഷ്ട്രീയവുമായി ഉദ്ധവ് താക്കറേയ്ക്ക് എങ്ങനെ സഖ്യമുണ്ടാക്കാനായി എന്ന ചോദ്യത്തിന്റെ ഉത്തരം, ഉദ്ധവ് താക്കറേയുടെ രാഷ്ട്രീയ പരിണാമങ്ങളിലുണ്ട്.

അതുകൊണ്ടുതന്നെ, ബാൽ താക്കറേയുടെ പൈതൃകം പുനഃസ്ഥാപിക്കുക എന്നത് ഒരു ലക്ഷ്യമായി ഒരിക്കലും ഉദ്ധവ് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, അദ്ദേഹത്തിന്റെ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന് നിലനിൽക്കാൻ ഈയൊരു ബേസ് തൽക്കാലത്തേക്കെങ്കിലും ആവശ്യവുമാണ്. മുംബൈയിലെ പരമ്പരാഗത ശിവസേന വോട്ടുബാങ്ക് തന്നെയാണ് ഉദ്ധവ് പക്ഷത്തിന് ഇപ്പോഴുമുള്ളത് എന്നതാണ് ഉദ്ധവിന്റെ യഥാർഥ പ്രതിസന്ധി. അത്, വലിയൊരു ആശയക്കുഴപ്പം നിറഞ്ഞ നേതാവായി ഉദ്ധവിനെ മാറ്റിയിരിക്കുന്നു.

ശിവസേനയുടെ മുംബൈ വോട്ട് ബേസുമായി ഉദ്ധവിന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പലപ്പോഴും ഒത്തുതീര്‍പ്പ് നടത്തേണ്ടിവരുന്നുണ്ട്. അധികാരത്തില്‍വന്നാല്‍, എല്ലാ ജില്ലകളിലും ഛത്രപതി ശിവാജിയുടെ ക്ഷേത്രം പണിയുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉദ്ധവിന് ഉറപ്പുനല്‍കേണ്ടിവന്നു. എന്നാല്‍, പ്രകടനപത്രിക പുറത്തിറക്കി ഉദ്ധവ് പറഞ്ഞത്, മഹാരാഷ്ട്ര വിരുദ്ധ നടപടികളെ എതിര്‍ക്കുകയും ഒരു മഹാരാഷ്ട്ര പക്ഷ സര്‍ക്കാറിനുവേണ്ടി നിലകൊള്ളുകയും ചെയ്യും എന്നാണ്. മറാത്ത വംശീയ രാഷ്ട്രീയത്തില്‍നിന്ന് ഫെഡറല്‍ പൊളിറ്റിക്‌സിലേക്കുള്ള മാറ്റത്തിന്റെ തുടര്‍ച്ചയാണ് ഉദ്ധവ് അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

ശിവസേനയുടെ പരമ്പരാഗത വോട്ടുബാങ്കിന്റെ ഗുണഭോക്താക്കളായ പ്രാദേശിക നേതാക്കളും തോറ്റ സ്ഥാനാർഥികളുമാണ് 'സ്വതന്ത്ര ശിവസേന'യ്ക്കായി ഇപ്പോൾ മുറവിളി കൂട്ടുന്നത്. അതേസമയം, പൈതൃക വോട്ടുബാങ്ക് പൊളിച്ച് പാർട്ടിയെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കേണ്ടത് ഉദ്ധവിന്റെ മാത്രം ആവശ്യമായി മാറുന്നിടത്താണ്, അദ്ദേഹം വൻ പ്രതിസന്ധിയിലാകുന്നത്.

കേന്ദ്ര ഭരണകൂടത്തിന്റെ ഫെഡറല്‍ അവകാശലംഘനങ്ങളെ ചെറുത്ത്, മഹാരാഷ്ട്രയുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രാദേശിക പാര്‍ട്ടിയെന്ന നിലയ്ക്കുള്ള അസ്തിത്വത്തിലേക്ക് ഉദ്ധവ് പക്ഷ ശിവസേനയ്ക്ക് മാറാനാകുമോ എന്ന ചോദ്യമാണ്, ഇപ്പോഴത്തെ പ്രതിസന്ധി ബാക്കിവക്കുന്നത്.

Comments