ഇന്ത്യയിലെ യുവാക്കൾക്ക് സുവർണാവസരങ്ങൾ ഒരുക്കുന്നതെന്നും സായുധസേനയെ ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നതെന്നുമുള്ള അവകാശവാദവുമായാണ് കേന്ദ്രസർക്കാർ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് അവതരിപ്പിച്ചിരിക്കുന്നത്. സൈന്യത്തിലേക്ക് യുവാക്കളെ താത്കാലികമായി നിയമിക്കുന്ന പദ്ധതിയാണിത്. സൈന്യത്തെ കൂടുതൽ ചെറുപ്പമാക്കാനും ചടുലമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കൂടാതെ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് കുറയ്ക്കാനുമാകും. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിലൂടെ വാർഷിക പ്രതിരോധ ബജറ്റിൽ 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
യുവജനങ്ങൾക്ക് വലിയ അവസരം തുറന്നുകൊടുക്കുകയാണെന്ന മട്ടിലാണ് സർക്കാർ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നതെങ്കിലും ഇതിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. ബിഹാറിൽ നിന്ന് തുടങ്ങിയ പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.
ജൂൺ 14-നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ, വ്യോമസേന മേധാവി ചീഫ് മാർഷൽ വി.ആർ. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ഒരുമിച്ച് നടത്തിയ വാർത്താസമ്മേളത്തിൽ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബിഹാറിൽ യുവാക്കൾ പ്രതിഷേധം ആരംഭിച്ചു. പിന്നീട് രാജ്യമെങ്ങും യുവരോഷം കത്തിപ്പടർന്നു.
എന്താണ് അഗ്നിപഥ്
പതിനേഴര വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അഗ്നിപഥ് പദ്ധതിയിൽ സൈനികരായി തെരഞ്ഞെടുക്കപ്പെടാൻ അപേക്ഷിക്കാാനാവുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. നാലുവർഷത്തേക്കാണ് നിയമനം. നിയമനം ലഭിക്കുന്നവരെ "അഗ്നിവീർ' എന്നാണ് വിളിക്കുക. നാലുവർഷത്തെ കാലാവധി കഴിയുമ്പോൾ കഴിവ് തെളിയിക്കുന്ന 25% പേർക്ക് സൈന്യത്തിൽ സ്ഥിരനിയമനം നൽകും. ഇവർക്ക് 15 വർഷം സർവീസിൽ തുടരാം. അതിനുശേഷം സാധാരണ സൈനികർക്കു ലഭിക്കുന്ന പെൻഷനും ആനുകൂല്യങ്ങളുമെല്ലാം ലഭിക്കും. സ്ഥിരനിയമനം ലഭിക്കാത്ത ബാക്കി 75% പേർ നാലുവർഷത്തെ സേവനത്തിനുശേഷം പുറത്തുപോകണം. ഇവർക്ക് പെൻഷനും ലഭിക്കില്ല.
പ്രതിവർഷം 46,000 പേരെയാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുക. ആദ്യത്തെ വർഷം 30,000 രൂപയാണ് ശമ്പളം. രണ്ടാം വർഷം 33,000 രൂപയും മൂന്നാം വർഷം 36,500 രൂപയുമാകും. അവസാന വർഷം 40,000 രൂപയാകും. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗ്രാമിലേക്ക് മാറ്റും. ഈ തുക ചേർത്ത് സേവനം പൂർത്തിയാകുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഉണ്ടാകും.
ആരോഗ്യ, ശാരീരികക്ഷമതാ പരിശോധനകൾ നടത്തി റിക്രൂട്ട്‌മെന്റ് റാലികൾ വഴിയാണ് അഗ്നിവീർ തെരഞ്ഞെടുപ്പ്. വർഷത്തിൽ രണ്ടുതവണ റിക്രൂട്ട്‌മെന്റ് റാലികൾ നടത്തും. ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഈ വർഷം തന്നെ നടത്തുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓൺലൈൻ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. 2023 ജൂലൈയോടെ ആദ്യ അഗ്നിപഥ് ബാച്ച് സജ്ജമാകും.
പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ ജയിച്ചവർക്ക് അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. നിലവിൽ സൈന്യത്തിൽ നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെയാണ് അഗ്നിപഥിനുമുള്ളത്. വൈദ്യപരിശോധന, ശാരീരികക്ഷമത പരിശോധന തുടങ്ങി എല്ലാ നടപടികളും സൈനിക റിക്രൂട്ട്‌മെന്റിലേതുപൊലെ തന്നെയായിരിക്കും.
ഇന്ത്യൻ സായുധ സേനയ്ക്ക് നൽകുന്ന അതേ പരിശീലനം തന്നെയാണ് അഗ്നിവീറുകൾക്കും നൽകുക. പത്ത് ആഴ്ച മുതൽ ആറുമാസം വരെ നീണ്ടുനിൽക്കുന്ന പരിശീലത്തിന് ശേഷം നിയമനം നൽകും. മികവ് പുലർത്തുന്ന 25 ശതമാനം പേർക്ക് 15 വർഷത്തേക്ക് നിയമനം നൽകും. ബാക്കിയുള്ളവർക്ക് എക്‌സിറ്റ് പാക്കേജായി ലഭിക്കുന്ന തുക വാങ്ങി പിരിഞ്ഞുപോകാം. ഇവർക്ക് പിന്നീട് ഏത് ജോലിയും ചെയ്യാം. ഇവർക്ക് ജോലികൾ കണ്ടെത്താൻ സൈന്യത്തിന്റെ സഹായവുമുണ്ടാകും. സൈനിക പരിശീലനം ലഭിച്ചവരായതിനാൽ ഇവരുടെ സേവനം പ്രയോജനപ്പെടുത്താൻ കോർപറേറ്റുകൾ ഉൾപ്പെടെ ഇതിനകം തന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പൊലീസിൽ ഇവർക്ക് നിയമനത്തിന് മുൻഗണന നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും ഈ വഴിയിലേക്ക് വരാനുള്ള സാധ്യതയുണ്ട്.
പ്രതിഷേധങ്ങൾ രൂക്ഷമാകുന്നതിനിടെ അഗ്നിവീറുകൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്. സി.എ.പി.എഫ്, അസം റൈഫിൾസ് സേനകളിൽ അഗ്നിവീറുകൾക്ക് 10 ശതമാനം തൊഴിൽ സംവരണം നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ ഇളവ് നൽകുകയും ചെയ്യും. അതേസമയം, ആദ്യ ബാച്ച് അഗ്നിവീറുകൾക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവനുവദിക്കും.
പത്താം ക്ലാസ് പാസായ ശേഷം അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം ലഭിച്ച് നാലുവർഷത്തിനുശേഷം പുറത്തുവരുന്നവർക്ക് 12-ാം ക്ലാസ് സർട്ടിഫിക്കറ്റ് നൽകും. 12-ാം ക്ലാസ് പാസായ ശേഷം ചേർന്നവർക്ക് കാലാവധി കഴിയുമ്പോൾ ബിരുദ സർട്ടിഫിക്കറ്റ് നൽകും.
താത്കാലിക നിയമനമാണെങ്കിലും സേവനത്തിനിടെ സൈനികൻ മരിച്ചാൽ കുടുംബത്തിന് ഒരു കോടിയിലേറെ രൂപ ലഭിക്കും. 48 ലക്ഷം രൂപയുടെ ഇൻഷുറൻസും സർവീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപയുമാണ് ലഭിക്കുക. പ്രീമിയം ഈടാക്കാതെയാണ് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത്. ഇതോടൊപ്പം സേവനം നടത്താൻ കഴിയാതെപോയ കാലയളവിലെ മുഴുവൻ ശമ്പളവും നൽകും. സേവനത്തിനിടെ അപകടമുണ്ടായി ശാരീകബുദ്ധിമുട്ടുകളുണ്ടായാൽ മെഡിക്കൽ അധികൃതരുടെ ശുപാർശയനുസരിച്ച് അപകടത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം നൽകും. 50 ശതമാനം ശാരീരികപ്രശ്‌നങ്ങൾക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരകപ്രശ്‌നത്തിന് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം നൽകുക.
സുവർണാവസരമോ അപകടക്കെണിയോ?
ഇന്ത്യയിലെ യുവാക്കളെ അഗ്നിവീരൻമാരാക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങൾ കാണുമ്പോൾ, അവസരങ്ങളുടെ പെരുമഴയാണെന്ന കേന്ദ്രസർക്കാരിന്റെ വാദം ശരിയാണെന്ന് തോന്നും. ഓരോ വർഷവും 46000 യുവാക്കൾക്കാണ് സൈന്യത്തിൽ നിയമനം ലഭിക്കുക. തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യൻ സമൂഹത്തിന് ഇത് വലിയ അനുഗ്രഹമാകുമെന്ന് തന്നെയാണ് എല്ലാവർക്കും തോന്നുക. എന്നാൽ കടുത്ത ശാരീരികക്ഷമത, വൈദ്യ പരിശോധനകളുൾപ്പെടെയുള്ള സൈന്യത്തിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോയി വിജയിക്കുന്നവർക്ക് നാലുവർഷത്തേക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. നാലുവർഷത്തിന് ശേഷം 75 ശതമാനം ആളുകളും പുറത്തുപോകണം. പിന്നീട് അവർ മറ്റു ജോലികൾ കണ്ടെത്തണം. ഇതാണ് പദ്ധതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധത്തിന്റെ ആദ്യത്തെ കാരണം.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി രാജ്യത്ത് സൈന്യത്തിലേക്ക് നിയമനം നടന്നിട്ടില്ല എന്നതുകൂടി ഈ സാഹചര്യത്തിൽ ഓർക്കണം. രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലികൾ പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. ശാരീരിക, വൈദ്യ പരിശോധനകൾ പൂർത്തിയാക്കി ആറുലക്ഷത്തിലേറെ പേരാണ് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നത്. ഈ എഴുത്തുപരീക്ഷ റദ്ദായതോടെ നിരവധിപേർക്ക് അവസരം നഷ്ടപ്പെടും. ഇതിൽ പലർക്കും അഗ്നിപഥ് പദ്ധതിയിൽ ചേരാനുള്ള പ്രായപരിധിയും കഴിയുകയും ചെയ്യും. പുതിയ പദ്ധതിയിൽ പെൻഷൻ പോലെയുള്ള ആനുകൂല്യങ്ങളില്ലാത്തതും പ്രതിഷേധത്തിന് കാരണമാണ്. കേരളത്തിൽ ഇതുവരെ പദ്ധതിക്കെതിരെ തീവ്രമായ പ്രതിഷേധം രൂപപ്പെട്ടുവന്നിട്ടില്ല. അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നും സായുധസേനയിലേക്കുള്ള സാധാരണ റിക്രൂട്ട്‌മെന്റ് നടത്തണമെന്നുമാണ് പ്രതിഷേധിക്കുന്ന യുവാക്കളുടെ ആവശ്യം.
രാജ്യം ഏറ്റവും കുടുതൽ പണം ചെലവാക്കുന്ന ഒരു മേഖലാണ് പ്രതിരോധം. അഗ്നിപഥ് പദ്ധതി വിജയകരമായാൽ പ്രതിരോധ ബജറ്റിൽ കാര്യമായ മിച്ചം ലഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. താത്കാലിക നിയമനം ലഭിക്കുന്നവർ നാലുവർഷത്തിനുശേഷം പിരിഞ്ഞുപോയാൽ അവർക്ക് പെൻഷൻ നൽകേണ്ട എന്നത് ചെലവ് കുറയാനുള്ള കാരണമായാണ് ചൂണ്ടിക്കാണിക്കുന്നത്. 2022-23 ലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 5,25,166 കോടി രൂപയാണ്. ഇതിൽ 1,19,696 കോടി രൂപ പെൻഷൻ നൽകാൻ വേണ്ടിയുള്ളതാണ്. റവന്യൂ ചെലവ് വിഹിതം 2,33,000 കോടി രൂപയാണ്. ശമ്പളവും സൈന്യത്തിന്റെ പരിപാലനവുമാണ് റവന്യൂ ചെലവിൽ ഉൾപ്പെടുന്നത്.
പ്രതിരോധ ബജറ്റ് കുറയ്ക്കാനും കൂടുതൽ ആളുകളെ സൈനികസേവനത്തിന് പ്രേരിപ്പിക്കുന്നതിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കാനുമാകുമെന്നാണ് ബി.ജെ.പി. സർക്കാരിന്റെ വാദം. എന്നാൽ ചെലവ് കുറയ്ക്കാൻ ഈ പദ്ധതി ഉപകരിക്കില്ലെന്നാണ് എതിർവാദമുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. കാരണം, വർഷം തോറും രാജ്യമെമ്പാടും നടക്കുന്ന റിക്രൂട്ട്്‌മെന്റ് റാലികളും പരിശീലനങ്ങളുമാകുമ്പോൾ ചെലവ് കുറയുമെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.
പ്രതിഷേധം അവസാനിച്ചോ
പ്രതിഷേധങ്ങൾ കൂടുതൽ വ്യാപിക്കാതിരിക്കാനുള്ള ചില നീക്കങ്ങളും സംഘപരിവാർ അനുകൂല കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഉയർന്ന പ്രായ പരിധി വർധിപ്പിക്കുകയും പൊലീസിൽ ഉൾപ്പെടെ തൊഴിലവസരം ഒരുക്കുമെന്ന പ്രഖ്യാപിക്കുകയും ചെയ്തത് പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ്. അതോടൊപ്പം പ്രതിഷേധം അത്ര ശക്തമല്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകൾ നടത്തുന്നുണ്ട്. സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെ പ്രതിഷേധം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ ബി.ജെ.പി.യ്‌ക്കെതിരെ തിരിക്കാനുള്ള ഉപകരണമായി അഗ്നിപഥിനെതിരായ പ്രതിഷേധത്തെ ഉപയോഗിക്കാനുള്ള ശ്രമം നടക്കില്ലെന്നും അവർ പറയുന്നു.
എന്നാൽ രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം ശക്തമായി തുടരുക തന്നെയാണെന്നതാണ് വാസ്തവം. കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നുമുണ്ട്. ട്രെയിനുകൾ തീയിട്ടും റോഡുകൾ ഉപരോധിച്ചും യുവാക്കൾ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടെ തെലങ്കാനയിൽ ഒരാൾ മരിക്കുകയും ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യയിലും അതിശക്തമായി പടരുകയാണ്.
സൈന്യം അസ്ഥിരമാകുമോ?
അന്തരിച്ച ജനറൽ ബിപിൻ റാവത്താണ് അഗ്നിപഥ് പദ്ധതിയുടെ ആശയം കൊണ്ടുവന്നത്. അന്നു തന്നെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു തന്നെ എതിർപ്പുകളുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യത്തിലേക്ക് വരുന്നവർ രാജ്യത്തിന് വേണ്ടി മരിക്കാൻ വരെ തയ്യാറായി വരുന്നവരാണ്. നാലുവർഷത്തേക്ക് നിയമനം ലഭിക്കുന്നവർ അങ്ങനെയാണോ വരിക എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ഒരു ചോദ്യം.
സൈന്യത്തെ നവീകരിക്കുന്നതിനുള്ള ആലോചനകളുടെയും ചർച്ചകളുടെയും ഫലമായാണ് അഗ്നിപഥ് പദ്ധതി രൂപപ്പെടുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ ഇപ്പോഴത്തെ ശരാശരി പ്രായം 32 വയസ്സാണ്. മറ്റു പല രാജ്യങ്ങളുടെയും സൈനികരുടെ ശരാശരി പ്രായവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതലാണെന്ന അഭിപ്രായം ഉന്നത സൈനികതല ചർച്ചകളിൽ നേരത്തെ തന്നെ ഉയർന്നിരുന്നു. അഗ്നിപഥ് നടപ്പാക്കുമ്പോൾ ആറോ ഏഴോ വർഷത്തിനകം ഇന്ത്യൻ സൈനികരുടെ ശരാശരി പ്രായം 26 വയസ്സാകും.
സൈന്യത്തിന് കൂടുതൽ യുവത്വമുണ്ടാകുന്നത് ചടുലതയും കാര്യക്ഷമതയും വർധിപ്പിക്കുമെന്ന് പറയുമ്പോൾ തന്നെ ചറിയ പ്രായത്തിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് ഗുണമേൻമയെ ബാധിക്കുമെന്നും വിമർശനമുയരുന്നുണ്ട്. പത്താം ക്ലാസോ 12-ാം ക്ലാസോ മാത്രം യോഗ്യതയുള്ളവരെയാണ് ആറുമാസത്തെ പരിശീലനത്തിലൂടെ സൈന്യത്തിലേക്കെടുക്കുക്കുന്നത്. 17.5 മുതൽ 21 വയസ്സ് വരെയുള്ളവർക്കാണ് അപേക്ഷിക്കാനാകുന്നത്. പ്രതിഷേധങ്ങളെ തുടർന്ന് ഈ വർഷത്തേക്ക് മാത്രം ഉയർന്ന പ്രായപരിധി 23 ആക്കി ഉയർത്തിയിട്ടുണ്ട്. 17.5 വയസ്സുള്ള കുട്ടികൾ സ്‌കൂളിൽ നിന്ന് നേരെ സൈന്യത്തിലേക്കെത്തുമ്പോൾ അവരിൽ നിന്ന് എങ്ങനെയാണ് സൈനികർക്കുവേണ്ട കാര്യക്ഷമത പ്രതീക്ഷിക്കുക. നാലുവർഷത്തിനുശേഷം 23 വയസ്സാകുമ്പോൾ സൈനികസേവനം അവസാനിപ്പിച്ച് ഇവരിൽ വലിയ വിഭാഗത്തിന് പുറത്തേക്കിറങ്ങേണ്ടിവരുന്നു. 21 വയസ്സുള്ളവരാണെങ്കിൽ ഇറങ്ങുമ്പോൾ അവർക്ക് 25 വയസ്സുണ്ടാകും.
മതിയായ വിദ്യാഭ്യാസമോ വിവരമോ ഇല്ലാത്ത പ്രായത്തിൽ സൈന്യത്തിൽ പോയി ആയുധപരിശീലനം നേടി വരുന്ന ഈ കുട്ടികൾ നാലുവർഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ അവർ സമൂഹത്തിൽ ഏത് വിധത്തിലൊക്കെ പ്രവർത്തിക്കാം എന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. ആയുധ പരിശീലനം നേടിയ ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യാൻ തീവ്രവാദ സംഘടനകൾക്കടക്കം സാധിക്കും. ആയുധ പരിശീലനം ലഭിക്കാനുള്ള വഴിയായി സമൂഹവിരുദ്ധ പ്രവർത്തനം നടത്തുന്നവർ ഇത്തരം റിക്രൂട്ട്‌മെന്റുകൾ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കും. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും. അതുകൊണ്ടുതന്നെ വളരെ കൃത്യമായുള്ള സ്‌ക്രൂട്ടിനി നടത്തി തന്നെയായിരിക്കണം റിക്രൂട്ട്‌മെന്റ് റാലികളിലൂടെ ആളുകളെ തെരഞ്ഞെടുക്കേണ്ടത്. അതോടൊപ്പം രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും കോർപറേറ്റുകളുമൊക്കെ സൈനിക പരിശീലനം ലഭിച്ചവരെ അവരുടെ നേട്ടങ്ങൾക്ക് ഉപയോഗിക്കാൻ തയ്യാറാകും.
ലക്ഷ്യം ആജ്ഞാനുവർത്തികളുടെ കൂട്ടം
സമൂഹവിരുദ്ധ സംഘടനകൾ ആയുധപരിശീലനം നേടിയവരെ ഉപയോഗിക്കാമെന്നത് അവഗണിക്കാനാകാത്ത ഒരു സാധ്യത തന്നെയാണ്. എന്നാൽ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ അതിനേക്കാൾ ഭയക്കേണ്ട മറ്റൊരു കാര്യമുണ്ട്. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനും സൈനികപരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സമൂഹത്തെ സൈനികവത്കരിക്കാനുമുള്ള സംഘപരിവാർ അജണ്ടയാണിതെന്നതാണത്. സമൂഹത്തെ സൈനികവത്കരിക്കുക എന്നതിലൂടെ അവർ ഉദ്ദേശിക്കുന്നത് അച്ചടക്കമുള്ള, അനുസരണയുള്ള രാജ്യസ്‌നേഹികളുടെ കൂട്ടമായി ജനതയെ മാറ്റുക എന്നതാണ്. അതിലേക്കുള്ള വലിയൊരു ചുവടായി തന്നെ ഇതിനെ കാണണം.
പതിനേഴര വയസ്സുള്ള കുട്ടികളെ സൈന്യത്തിലേക്കെടുക്കുക എന്നതുതന്നെ അവരെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്. രാഷ്ട്രീയബോധ്യങ്ങൾ രൂപപ്പെട്ടുവരുന്ന പ്രായത്തിൽ തന്നെ സൈന്യത്തിലെത്തിച്ച് അവരെ തങ്ങൾ ആഗ്രഹിക്കുന്ന തീവ്ര ദേശീയതയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും ഭാഗമാക്കി മാറ്റുക തന്നെയാണ് സംഘപരിവാർ ലക്ഷ്യമിടുന്നത്. നാലുവർഷം കഴിഞ്ഞ് തിരിച്ചുവരുന്ന ഇവർ ആർ.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പടയാളികളായി തന്നെ നിൽക്കുമെന്നേ കരുതാനാകൂ.
സൈനിക പരിശീലനം ലഭിച്ച ഇവർ മറ്റേത് മേഖലയിൽ പ്രവർത്തിച്ചാലും സമൂഹത്തിന് ബാധ്യതയാകാനുള്ള സാധ്യത വളരെയധികമാണ്. കാരണം, ഓരോ വർഷവും ആയിരക്കണക്കിന് യുവാക്കൾ സൈന്യത്തിൽ നിന്ന് പരിശീലനവും പരിചയവും നേടി പൊതുസമൂഹത്തിലേക്കിറങ്ങുമ്പോൾ, അവർക്ക് സംതൃപ്തമായ മറ്റു ജോലികൾ കിട്ടാതിരുന്നാൽ അത് നാടിനെ അരാജകത്വത്തിലേക്ക് നയിക്കും. ഇപ്പോൾ സൈന്യത്തിൽ വിരമിച്ച് ആയിരക്കണക്കിനാളുകൾ വരുന്നില്ലേ, അവരൊന്നും സമൂഹത്തിന് ബാധ്യതയാകുന്നില്ലല്ലോ എന്ന ചോദ്യമാണ് ഈ വാദത്തെ എതിർക്കുന്നവർ ഉന്നയിക്കുന്നത്. വർഷങ്ങളോളം സൈന്യത്തിൽ പ്രവർത്തിച്ച് വിരമിച്ച് വരുന്നവർക്ക് പെൻഷനും ആനകൂല്യങ്ങളുമെല്ലാമുണ്ട്. അവരുടെ പ്രായം ഏറ്റവും കുറഞ്ഞത് 35 വയസ്സെങ്കിലുമായിരിക്കും. പക്ഷെ ഇവിടെ അങ്ങനെയല്ല കാര്യങ്ങൾ എന്നത് തന്നെയാണ് ആശങ്ക വർധിപ്പിക്കുന്നത്.
ബി.എസ്. മൂഞ്ചേ ഇറ്റാലിയൻ ഏകാധിപതിയായിരുന്ന മുസോളിനിയെ കണ്ട് അവിടെ ഫാസിസം എങ്ങനെയാണ് മിലിറ്ററൈസേഷൻ നടപ്പാക്കുന്നത് എന്ന് പഠിച്ച് വന്നിട്ടാണ് ആർ.എസ്.എസിന് നിർദേശങ്ങൾ നൽകിയിരുന്നത്. ജർമനി എങ്ങനെയാണ് സെമിറ്റിക് വിശ്വാസങ്ങളെ പുറന്തള്ളി രാജ്യത്തെ രൂപപ്പെടുത്തിയതെന്ന് ഗോൾവാൾക്കർ We or Our Nationhood Defined എന്ന പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്. ഈ മാതൃകകളുടെ മറ്റൊരു രൂപത്തിലേക്കാണ് ഇപ്പോൾ ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. ആ പതനത്തിന് ആക്കം കൂട്ടാനുള്ള ഇന്ധനമാണ് അഗ്നിവീരൻമാരെ സൃഷ്ടിക്കാനുള്ള പദ്ധതി.
ഇപ്പോൾ ഒരു വർഷം 46,000 പേരെ നിയമിക്കുമെന്നാണ് പറയുന്നത്. ഇനി സാധാരണ സൈനിക റിക്രൂട്ട്‌മെന്റുകൾ ഉണ്ടാകില്ലെന്നും അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് മികവ് തെളിയിക്കുന്നവർ മാത്രമായിരിക്കും സൈന്യത്തിൽ സ്ഥിരനിയമനം നേടുകയെന്നുമാണ് നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. അതുകൊണ്ടുതന്നെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുന്ന ആളുകളുടെ എണ്ണം ഭാവിയിൽ വർധിപ്പിച്ചേക്കാം. അല്ലെങ്കിൽ നിർബന്ധിത സൈനിക സേവനമായി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാനുള്ള സാധ്യതയുമുണ്ടാകാം.
സൈന്യത്തിന്റെ അച്ചടക്കം പതിയെ പൊതുസമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്. വർഷം തോറും റിക്രൂട്ട്‌മെന്റ് നടത്തി ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും സമൂഹത്തെ സൈനികവത്കരിക്കാനാണ് ബി.ജെ.പി. സർക്കാരിന്റെ ശ്രമം. കായികശേഷിയുള്ള, ആയുധം ഉപയോഗിക്കാനറിയുന്ന, അനുസരണയുള്ള, അച്ചടക്കമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇത് നടപ്പാക്കുന്നവരുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. അതിശക്തനായ ഒറ്റ നേതാവും ആജ്ഞാനുവർത്തികളായ അനുയായികളുടെ പാർട്ടിയും അച്ചടക്കമുള്ള, ചോദ്യങ്ങളുന്നയിക്കാത്ത സമൂഹവുമെന്ന ആശയത്തിലേക്കാണ് ബി.ജെ.പി. രാജ്യത്തെ നയിക്കുന്നത്.
കരാർവത്കരണം എന്ന അപകടം
2020-ലാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 തൊഴിൽ നിയമങ്ങൾ നാല് കോഡുകളിലേക്ക് ചുരുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുന്നത്. ആഗോള കോർപറേറ്റുകളുടെ അധിനിവിശേത്തിന് വഴിയൊരുക്കുന്നതിനാണ് ലോക ബാങ്കിന്റെ നിർദേശപ്രകാരമുള്ള ഈ നടപടി. രാജ്യങ്ങളിലേക്ക് കോർപറേറ്റുകൾക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം സംബന്ധിച്ച് ലോക ബാങ്ക് പ്രസിദ്ധീകരിച്ച റഗുലേഷൻ ഓഫ് എൻട്രി (Regulation of Entry) റിപ്പോർട്ടിലാണ് അനായാസ സംരംഭകത്വ സൂചിക (The Ease of Doing Business Index) എന്ന സങ്കൽപം അവതരിപ്പിക്കപ്പെട്ടത്. ഈ സൂചികയിൽ പന്നോക്കമായ രാജ്യങ്ങളിലേക്ക് നിക്ഷേപം എത്തില്ല. അതോടെ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങൾ ആഗോള വമ്പൻമാരുടെ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് തൊഴിൽ നിയമങ്ങളുടെ കോഡീകരണം. തൊഴിൽ നിയമങ്ങൾ കോഡുകളായതോടെ തൊഴിലാളികളുടെ അവകാശങ്ങൾ പലതും ഇല്ലാതായി. കരാർ നിയമനങ്ങൾക്ക് നിയമസാധുതയായി. കരാർ തൊഴിലാളികളുടെ ഉത്തരവാദിത്വം തൊഴിലുടമയ്ക്കല്ല, കരാറുകാർക്കാണ്.
തൊഴിലുടമകൾക്ക് മാത്രം സഹായകമാകുന്ന തൊഴിൽമേഖയിലെ കരാർവത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിച്ച്, സ്ഥിരനിയമനം എന്ന സങ്കൽപം തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സൈനികരെയും കരാർ തൊഴിലാളികളാക്കുന്നതിന്റെ തുടക്കമാണ് അഗ്നിപഥ്. സ്ഥിരം സൈനികരും കെട്ടുറപ്പുള്ള സൈന്യവും എന്നതിൽ നിന്ന് മാറി താത്കാലികമായി വന്നുപോകുന്ന, വലിയ അവകാശങ്ങളൊന്നുമില്ലാത്ത വെറും കരാർ തൊഴിലാളികളുടെ കൂട്ടമായി സൈന്യത്തെ മാറ്റുന്നതിലേക്ക് വരെ ഈ പദ്ധതി എത്തിയേക്കാം. കരാർ തൊഴിലാളികൾക്ക് ജോലി ചെയ്യുന്ന കാലത്ത് കൂലി വാങ്ങുക എന്നതിൽ കവിഞ്ഞ ആത്മാർഥത ഉണ്ടാകേണ്ട കാര്യമില്ല. അതുകൊണ്ട് സൈന്യത്തിൽ താത്കാലിക നിയമനങ്ങൾ കൊണ്ടുവരുന്നത് അപകടകരമാണെന്ന കാര്യത്തിൽ സംശയമില്ല.
തൊഴിൽ നിയമവും കർഷക ബില്ലുകളും ജി.എസ്.ടി.യും ഉൾപ്പെടെ കേന്ദ്രസർക്കാർ അടുത്ത കാലത്തായി കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളുടെയും തുടർച്ച തന്നെയാണ് ഇപ്പോൾ സൈന്യത്തിലും നടപ്പാക്കുന്നത്. ഓരോന്നും ഓരോ വിഭാഗത്തിനെ മാത്രം ബാധിക്കുന്നതാണെന്ന ധാരണ പ്രശ്‌നമാണ്. എല്ലാം ഒറ്റ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞില്ലെങ്കിൽ വരാനിരിക്കുന്നത് വലിയ അപകടമാണ്.