അഗ്നിപഥ്: കുറുവടിയുടെ കുറുക്കുവഴികൾ

ഒരു ഭാഗത്ത്, കൃത്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തെ മുൻനിർത്തിയുള്ള പരിശീലത്തിലൂടെ സൈന്യത്തിലേക്ക് കടന്നുകയറുന്ന ആർഎസ്എസ് പ്രവർത്തകരും, മറുഭാഗത്ത്, താൽക്കാലിക നിയമനങ്ങളിലൂടെ പരിശീലനം നേടിയ അഗ്നിവീരന്മാരും ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ കാവലാളാകും എന്ന കണക്കുകൂട്ടലുകളാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിൽ എന്ന് തിരിച്ചറിയേണ്ടത് ഈ ഘട്ടത്തിൽ സുപ്രധാനമാണ്.

ങ്ങേയറ്റം സൈനികവത്കൃതമായ ഒരു രാഷ്ട്രീയ സംഘടന ദുർബല ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ രാഷ്ട്രീയാധികാരം നേടിയെടുക്കുമ്പോൾ ആദ്യം ചെയ്യുന്ന പ്രവർത്തികളിലൊന്ന് ആ രാഷ്ട്രത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ കൂടുതൽ അസ്ഥിരപ്പെടുത്തുകയും അവയുടെ ചരിത്രപശ്ചാത്തലങ്ങളെ, സാംസ്‌കാരിക വൈവിധ്യങ്ങളെ തങ്ങൾക്കനുകൂലമാക്കി മാറ്റിയെഴുതുകയും ചെയ്യുക എന്നതായിരിക്കും. 1998ൽ ആദ്യമായി ഭരണത്തിലെത്തിയ വാജ്‌പേയ് സർക്കാർ തുടക്കമിട്ടതും അതുതന്നെയായിരുന്നു. അന്ന് കേന്ദ്രത്തിൽ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളീമനോഹർ ജോഷി വിദ്യാഭ്യാസ-ചരിത്ര മേഖലയിൽ ആരംഭിച്ച ഹിന്ദുത്വവൽക്കരണം മോദി ഭരണത്തിൻ കീഴിൽ കൂടുതൽ അക്രമോത്സുകമായി മാറുകയും പാർലമെന്റ്, ജൂഡീഷ്യറി എന്നിവയടക്കം കാവിവൽക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

അതിവിശാലവും വൈവിധ്യപൂർണ്ണവുമായ ഭൂമിശാസ്ത്ര പശ്ചാത്തലമുള്ള ഒരു രാജ്യത്ത് സംഘപദ്ധതികൾ തങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ടുപോകുന്നില്ലെന്ന യാഥാർത്ഥ്യം പല രീതിയിൽ ആർഎസ്എസിനെ ഉത്കണ്ഠാകുലമാക്കുന്നുണ്ട്. വർഗ്ഗീയ ധ്രുവീകരണ തന്ത്രങ്ങൾ കൊണ്ടുമാത്രം വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തികപ്രയാസങ്ങളും അനുഭവിക്കുന്ന ജനതയെ ദീർഘകാലം മുന്നോട്ടുനയിക്കാൻ സാധ്യമല്ലെന്ന വസ്തുത മറ്റാരെക്കാളും തിരിച്ചറിയുന്നത് ആർഎസ്എസ് തന്നെയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യൻ സൈന്യത്തെ പുതിയ രീതിയിൽ പുനഃസംഘടിപ്പിക്കാനുള്ള 'അഗ്നിപഥ്' പദ്ധതിയുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ആർഎസ്എസ് നിർദ്ദേശമനുസരിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.

19നും 23നും ഇടയിൽ പ്രായമുള്ള യുവാക്കളെ, 4 വർഷക്കാലയളവിലേക്ക് അഗ്നിവീർ എന്ന പേരിൽ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും, 40000 രൂപ കൂലിയിൽ നാല് വർഷം സൈനിക സേവനത്തിൽ നിർത്തിയും നാല് വർഷത്തിന് ശേഷം 25ശതമാനം സൈനികരെ നിലനിർത്തി ബാക്കിയുള്ളവരെ, 12ലക്ഷം രൂപ പാരിതോഷികം നൽകി പിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണ് "അഗ്നിപഥി'ലൂടെ സർക്കാർ രൂപീകരിച്ചിരിക്കുന്നത്.

സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75% അഗ്നിവീരന്മാർ. രാജ്യത്തിന്റെ വിവിധങ്ങളായ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉതകുമെന്നും ഒക്കെയുള്ള നിരവധി അവകാശവാദങ്ങളാണ് അഗ്നിപഥ് അവതരിപ്പിച്ചുകൊണ്ട് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ്‌സിങ് നടത്തിയിരിക്കുന്നത്.

"അഗ്നിപഥ്' പദ്ധതി ഇന്ത്യൻ സൈനിക മേഖലയിലും സൈനികച്ചെലവിലും സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധികൾ എന്തായിരിക്കുമെന്നതിനെക്കുറിച്ച് മിലിട്ടറി സ്ട്രാറ്റജിസ്റ്റായ ഭരത് കർണ്ണാഡിനെപ്പോലുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

അതേസമയം ആർഎസ്എസ് പോലുള്ള തീവ്ര വലതുരാഷ്രീയ വക്താക്കളുടെ സൈനിക മേഖലയിൽ നുഴഞ്ഞുകയറാനുള്ള ഇടപെടലുകളെ ശ്രദ്ധയോടെ വിലയിരുത്താനും അവയെ പരാജയപ്പെടുത്താനും ഉള്ള ശ്രമങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ട്.

സൈന്യത്തിന്റെ വലതുവൽക്കരണം എന്ന വിഷയത്തെ പലരും തമാശയായി ചിത്രീകരിക്കുന്നത് കാണുന്നുണ്ട്. കഥയറിയാതെ ആട്ടം കാണുന്നവരുടെ കേവല പ്രതികരണം മാത്രമാണത്. സൈനികമേഖലയിലേക്കുള്ള ആർഎസ്എസ് റിക്രൂട്ട്‌മെന്റ് വളരെ വ്യവസ്ഥാപിതമായി തന്നെ അവർ ആരംഭിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെയാണ് പലരുടെയും പ്രതികരണം.

2020 ഏപ്രിൽ മാസത്തിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ ശിക്കാർപൂരിൽ ആർഎസ്എസ് സർ സംഘചാലക് ആയിരുന്ന "രജ്ജു ഭയ്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരിൽ പ്രവർത്തിക്കുന്ന "രജ്ജു ഭയ്യാ സൈനിക് വിദ്യാ മന്ദിർ' സൈന്യത്തിലേക്കുള്ള ആർഎസ്എസ് കുറുവടി സംഘത്തിന്റെ പ്രവേശനം സുസാധ്യമാക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട ഒന്നാണ്. ആറാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സ് വരെ സിബിഎസ്ഇ പാഠ്യക്രമത്തിൽ വിദ്യാഭ്യാസം ചെയ്യിക്കുന്ന ഈ വിദ്യാലയത്തിന്റെ സുപ്രധാന ലക്ഷ്യം തന്നെ ഇന്ത്യയുടെ സൈനികമേഖലയിലേക്ക് ഹിന്ദുത്വ കേഡർമാരെ തിരുകിക്കയറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത്തരത്തിലുള്ള ആർഎസ്എസ് സഞ്ചാലിത സൈനിക വിദ്യാലയങ്ങൾ രാജ്യത്തെമ്പാടും ആരംഭിക്കാനുള്ള നടപടികളും അവർ ആരംഭിച്ചിരിക്കുകയാണ്.

ഒരു ഭാഗത്ത്, കൃത്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തെ മുൻനിർത്തിയുള്ള പരിശീലത്തിലൂടെ സൈന്യത്തിലേക്ക് കടന്നുകയറുന്ന ആർഎസ്എസ് പ്രവർത്തകരും, മറുഭാഗത്ത്, താൽക്കാലിക നിയമനങ്ങളിലൂടെ പരിശീലനം നേടിയ അഗ്നിവീരന്മാരും ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ കാവലാളാകും എന്ന കണക്കുകൂട്ടലുകളാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിൽ എന്ന് തിരിച്ചറിയേണ്ടത് ഈ ഘട്ടത്തിൽ സുപ്രധാനമാണ്.


Summary: ഒരു ഭാഗത്ത്, കൃത്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തെ മുൻനിർത്തിയുള്ള പരിശീലത്തിലൂടെ സൈന്യത്തിലേക്ക് കടന്നുകയറുന്ന ആർഎസ്എസ് പ്രവർത്തകരും, മറുഭാഗത്ത്, താൽക്കാലിക നിയമനങ്ങളിലൂടെ പരിശീലനം നേടിയ അഗ്നിവീരന്മാരും ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ കാവലാളാകും എന്ന കണക്കുകൂട്ടലുകളാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിൽ എന്ന് തിരിച്ചറിയേണ്ടത് ഈ ഘട്ടത്തിൽ സുപ്രധാനമാണ്.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments