വിവിധ ആവശ്യങ്ങളുമായി ഡൽഹിയിലേക്ക് നടത്താനിരിക്കുന്ന ദില്ലി ചലോ മാർച്ചിനെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാരിൻെറയും പോലീസിൻെറയും ശ്രമങ്ങളെ പരാജയപ്പെടുത്താനുറച്ച് രാജ്യത്തെ കർഷക സംഘടനകളുടെ സംയുക്ത സമരസമിതി. ഇക്കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ഡൽഹി പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകർ സത്യാഗ്രഹം ഇരിക്കുകയാണ്. ഇവരുടെ നേതൃത്വത്തിലാണ് ഡൽഹിയിലേക്ക് മാർച്ച് നടത്താൻ ലക്ഷ്യമിട്ടിരുന്നത്. സമരത്തെ അടിച്ചമർത്താനാണ് ഹരിയാനയിലെ ബി.ജെ.പി സർക്കാരും കേന്ദ്ര സർക്കാരിൻെറ നിയന്ത്രണത്തിലുള്ള ഡൽഹി പോലീസും ശ്രമിക്കുന്നത്. ഡിസംബർ ആറിന് ശംഭു അതിർത്തിയിൽ നടന്ന പോലീസ് അതിക്രമത്തിൽ 15 കർഷകർക്ക് പരിക്കേറ്റിരുന്നു. കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചിരുന്നു. പോലീസിൻെറ നടപടികളെ തുടർന്ന് സംഘടനകൾ താൽക്കാലികമായി ദില്ലി ചലോ മാർച്ച് നിർത്തിവെച്ചിരിക്കുകയാണ്.
കർഷകർക്കെതിരായ പോലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഓൾ ഇന്ത്യാ കിസാൻ സഭയും സംയുക്ത കിസാൻ മോർച്ചയും അടക്കമുള്ള സംഘടനകൾ. എ.ഐ.കെ.എസ്, സി.ഐ.ടി.യു, എ.ഐ.ഡി.ഡബ്ല്യൂ.എ സംഘടനകൾ എ.ഐ.കെ.എസ് വൈസ് പ്രസിഡൻറും എം.പിയുമായ അംറാറാമിൻെറ നേതൃത്വത്തിൽ ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റ് മനീഷ് കുമാർ വർമയെ സന്ദർശിച്ചിരുന്നു. കർഷകർക്കെതിരായ പോലീസ് നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സന്ദർശനം. കർഷകരുടെ സമാധാനപരമായ മാർച്ചിനെ പോലീസ് ഒരുതരത്തിലും അടിച്ചമർത്തില്ലെന്നും വീട്ടിൽ അതിക്രമിച്ച് കയറി കർഷകരെ അറസ്റ്റ് ചെയ്യുന്ന രീതി ഇനി ഉണ്ടാവില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് ഉറപ്പ് നൽകിയതായി ഓൾ ഇന്ത്യാ കിസാൻ സഭാ ദേശീയ പ്രസിഡൻറ് അശോക് ധാവ്ളെ, ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കർഷകർക്കെതിരായ പോലീസ് നടപടികളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി സംയുക്ത കിസാൻ മോർച്ചയും വ്യക്തമാക്കി. കർഷക സംഘടനകളുടെ ഐക്യത്തെ തകർക്കാനും പ്രതിഷേധങ്ങളെ അടിച്ചമർത്താനുമാണ് കേന്ദ്ര സർക്കാരും പോലീസും ശ്രമിക്കുന്നത്. ഇതിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ രാജ്യവ്യാപകമായി തന്നെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധറാലികൾ നടത്തുമെന്ന് കിസാൻ മോർച്ച പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമം ലംഘിച്ച് പോലീസ് അറസ്റ്റ് ചെയ്ത കർഷകരെ ജയിൽ മോചിതരാക്കണമെന്നും നോയ്ഡ, ഗ്രേറ്റർ നോയ്ഡ മേഖലകളിലെ സമരം അടിച്ചമർത്താനുള്ള ഉത്തർ പ്രദേശ് സർക്കാരിൻെറ നടപടികൾ അവസാനിപ്പിക്കണമെന്നും എസ്.കെ.എം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. സംഘടനയുടെ നേതാക്കൾ യു.പിയിൽ സമരം നടത്തുന്ന കർഷക മേഖലകളിൽ സന്ദർശനം നടത്തും. എസ്.കെ.എം നേതാക്കളായ രാകേഷ് ടികായത്ത്, തജീന്ദർ സിങ് വിർക് എന്നിവരെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിലും എസ്.കെ.എം പ്രതിഷേധം രേഖപ്പെടുത്തി.
നിലവിൽ നടക്കുന്ന പോലീസ് നടപടികളിൽ കർഷക സംഘടനകൾക്കെല്ലാം വലിയ വിയോജിപ്പുണ്ട്. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും ഹരിയാനയിലെ ബി.ജെ.പി സർക്കാരും കർഷക ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്. ഡൽഹിയിൽ കേന്ദ്രസർക്കാർ പോലീസിനെ ഉപയോഗിച്ചും സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നു. ഇത് തുടർന്നാൽ 2025-ൽ വലിയ കർഷക സമരങ്ങൾക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുകയെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നൽകി.