ഗുജറാത്തിലെ അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനം തകർന്നുവീണ് വൻദുരന്തം. ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ ബോയിങ് 787 ഡ്രീം ലൈനർ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നുവീണത്. 230 യാത്രക്കാരും 12 ക്രൂ മെമ്പേഴ്സും ഉൾപ്പെടെ ആകെ 242 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള പ്രദേശമായ മേഘാനിയെന്ന ജനവാസമേഖലയിലാണ് വിമാനം തകർന്നുവീണതെന്നാണ് റിപ്പോർട്ടുകൾ. ഏറെ ദൂരം പറക്കുന്നതിനാവശ്യമായ ഇന്ധനം നിറച്ചിരുന്നതിനാൽ അപകടത്തിന് ശേഷമുള്ള തീപ്പിടിത്തത്തിൻെറയും ദുരന്തത്തിൻെറയം വ്യാപ്തി വലുതായിരിക്കുമെന്നാണ് മനസ്സിലാക്കുന്നത്.
അപകടം നടന്നപ്പോൾ തന്നെ പ്രദേശമാകെ കറുത്ത പുകയാൽ മുങ്ങിയിരുന്നു. ഉച്ചയ്ക്ക് 1.10-ന് ടേക്ക് ഓഫ് ചെയ്ത വിമാനം 10 മിനിറ്റിനുള്ളിൽ തന്നെ തകർന്ന് വീണതായാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഫയർഫോഴ്സുകളും ആംബുലൻസുകളും മേഖലയിലേക്കെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വിമാനത്തിലെ യാത്രക്കാരുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും തന്നെ ലഭ്യമല്ല. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 50-ഓളം യു.കെ. പൗരരും ഉണ്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 11 വർഷം പഴക്കമുള്ള വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടകാരണം അടക്കമുള്ള വിശദാംശങ്ങൾ പുറത്ത് വരാനിരിക്കുകയാണ്.
