ജന്തർ മന്തർ എന്ന ഭൂതം

ഡല്‍ഹിയിലെ സമരവേദിക്ക് ചുറ്റും ഡൽഹി പോലീസ് തീർത്ത കാവലും സമരക്കാർക്ക് മേൽ അഴിച്ചുവിട്ട അക്രമവും രാജാവിന്റെ ഭയത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന ജന്തർ മന്തർ ഇന്ത്യൻ പൗരന്മാർ എന്ന നിലക്ക് നമുക്കുണ്ടെന്ന് നാം വിശ്വസിച്ചിരുന്ന അവകാശങ്ങളുടെ അഭാവത്തിന് നേരെയാണ് വിരൽചൂണ്ടുന്നത് - ഐശ്വര്യ ജലജ പ്രദീപ് എഴുതുന്നു.

‘‘The Spectre is haunting Europe- The spectre of communism. All the powers of old Europe have entered into a holy alliance to exorcise this spectre..."
- Karl Marx

രാജാവിന്റെ ഭയമിതാ തെരുവിലേക്കിറങ്ങിയിരിക്കുന്നു. തന്നെ വേട്ടയാടുന്ന സമരങ്ങളുടെ ഭൂതങ്ങളിൽനിന്ന് രക്ഷപ്പെടാൻ അധികാരത്തിന്റെ സകലസാധ്യതകളും തേടുകയാണ് അയാൾ. ദൽഹി മുഴുവൻ പോലീസുകാരും ബാരിക്കേഡുകളുമാണ്. ട്രെയിനുകളും മെട്രോകളും മറ്റ് പൊതുഗതാഗതസംവിധാനങ്ങളും സസ്‌പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നു.

ഒക്ടോബർ ഒൻപതാം തിയ്യതി രാത്രി മുതൽ സമരഭൂമിയുടെ നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുപതോളം ഡിറ്റെൻഷൻ സെന്ററുകളാണ് പോലീസ് തയ്യാറാക്കിയിരിക്കുന്നത്. PTI- യുടെ പുതിയ റിപ്പോർട്ട് അനുസരിച്ച ഏഴായിരത്തോളം പേരാണ് വെള്ളിയാഴ്ചയും ശനിയാഴ്ച്ചയുമായി ദൽഹിയിൽ ഡീറ്റെയ്ൻ ചെയ്യപ്പെട്ടത്. ഐഷി ഘോഷ്, നേഹ ബോറ, ധ്രുവ് റാട്ടി, അഭിജിത് ദിപ്കെ, സൗരവ് ദാസ് തുടങ്ങിയ യുവനേതാക്കളും മമ്ത ബാനർജിയും അരവിന്ദ് കേജ്രിവാളും പിണറായി വിജയനുമടക്കമുള്ള മുൻമുഖ്യമന്ത്രിമാരും മാധ്യമപ്രവർത്തകരും ശനിയാഴ്ച ഉച്ചക്ക് മുൻപ് തന്നെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കനത്ത പോലീസ് ബന്തവസ്സ് കടന്ന് ജന്തർ മന്തറിലെത്തുക എന്നത് അസാധ്യമാക്കുകയായിരുന്നു അമിത് ഷായുടെ ദൽഹി പോലീസ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളിലായി രാജ്യം കണ്ട പല പ്രതിഷേധങ്ങളുടെയും അവകാശസമരങ്ങളുടെയും വേദിയായിട്ടുണ്ട് ജന്തർ മന്തർ. ബിജെപി കൂടെ ഭാഗമായ 2011-ലെ ലോക്പാൽ സമരത്തിനടക്കം സാക്ഷ്യം വഹിച്ച ഇടമാണത്. എന്നാൽ ഇന്ത്യയുടെ ചരിത്രത്തിൽ 2026 ഒക്ടോബർ പത്ത് എന്ന തിയ്യതിയെ രേഖപ്പെടുത്താൻ പോകുന്നത് ഒഴിഞ്ഞു കിടക്കുന്ന ജന്തർ മന്തറാണ്. അധികാരത്തെ പിടിച്ചുലച്ച ചില അസ്സാന്നിധ്യങ്ങളും കാണായ്മകളുമുണ്ട് ലോകചരിത്രത്തിൽ. ഭരണകൂടങ്ങൾ തടവിലാക്കുന്ന പല രാഷ്ട്രീയപോരാളികളും വിപ്ലവകാരികളും, തങ്ങൾ ഭാഗമായ പൊതുമണ്ഡലത്തിൽ ബാക്കിയാക്കുന്ന അഭാവത്തിന്റെ അവശിഷ്ടം പലപ്പോഴും സായുധസമരങ്ങളേക്കാൾ ശക്തമാണ്. ഫ്ലൈറ്റിൽ വെച്ച് ഡീറ്റെയിൻ ചെയ്ത് നീക്കപ്പെട്ട CJP നേതാക്കളെ ഏതാണ്ട് പന്ത്രണ്ട് മണിക്കൂര്‍ നേരം തടവിലാക്കുകയായിരുന്നു. അവര്‍ എവിടെയാണെന്നോ അവർക്ക് എന്ത് സംഭവിച്ചുവെന്നോ അറിയാൻ സാധിക്കാത്ത സ്ഥിതി. ആരെയും ബന്ധപ്പെടാന്‍പോലും സമ്മതിക്കാതെയാണ് അവരെ ദല്‍ഹി പോലീസ് തടവിലാക്കിയത്. മണിക്കൂറുകള്‍ക്കുശേഷമാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ വിട്ടയച്ചത്.

രാജ്യത്തിന്റെ വികസനസ്വപ്നങ്ങളിൽ നിന്നും വോട്ടേഴ്‌സ് ലിസ്റ്റുകളിൽ നിന്നും അപ്രത്യക്ഷമാക്കപ്പെട്ട 13 കോടി പേരുകൾക്കൊപ്പം തന്നെയാണ് ഈ തിരോധാനങ്ങളുടെ സ്ഥാനവും. രാജ്യത്താകമാനമുള്ള പല സമരവേദികളിലും ഇന്നും ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ശബ്ദത്തിലുള്ള മുദ്രാവാക്യങ്ങളുടെ വോയിസ് റിക്കോർഡുകൾ കേൾക്കാം. ഫ്രണ്ട്ലൈൻ ഡിഫെൻഡേഴ്സിന്റെ (Frontline Defenders) 2026-ലെ ഹ്യൂമൻ റൈറ്റ്‌സ് ഡിഫെൻഡേർസ് അറ്റ് റിസ്ക് അവാർഡ് ഇന്നലെ ഡബ്ലിനിൽ വെച്ച് ഉമർ ഖാലിദിന്റെ അസ്സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഏറ്റുവാങ്ങി. തിരോധാനത്തിന്റെയും അഭാവത്തിന്റെയും അസ്സാന്നിധ്യത്തിന്റെയും ഈ രാഷ്ട്രീയമാണ് ഹിന്ദുത്വശക്തികൾ ഭരിക്കുന്ന ഇന്നത്തെ ഇന്ത്യയുടെ യാഥാർഥ്യം.

അതിനാൽ സമരവേദിക്ക് ചുറ്റും ഡൽഹി പോലീസ് തീർത്ത കാവലും സമരക്കാർക്ക് മേൽ അഴിച്ചുവിട്ട അക്രമവും രാജാവിന്റെ ഭയത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ ഒഴിഞ്ഞുകിടക്കുന്ന ജന്തർ മന്തർ ഇന്ത്യൻ പൗരന്മാർ എന്ന നിലക്ക് നമുക്കുണ്ടെന്ന് നാം വിശ്വസിച്ചിരുന്ന അവകാശങ്ങളുടെ അഭാവത്തിന് നേരെയാണ് വിരൽചൂണ്ടുന്നത്. അപ്രഖ്യാപിതഅടിയന്തരാവസ്ഥകാലത്തിൽ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള രൂപാന്തരത്തിന്റെ പ്രതീകമാവുകയാണത്.

PTI- യുടെ പുതിയ റിപ്പോർട്ട് അനുസരിച്ച ഏഴായിരത്തോളം പേരാണ് വെള്ളിയാഴ്ചയും ശനിയാഴ്ച്ചയുമായി ദൽഹിയിൽ ഡീറ്റെയ്ൻ ചെയ്യപ്പെട്ടത്.
PTI- യുടെ പുതിയ റിപ്പോർട്ട് അനുസരിച്ച ഏഴായിരത്തോളം പേരാണ് വെള്ളിയാഴ്ചയും ശനിയാഴ്ച്ചയുമായി ദൽഹിയിൽ ഡീറ്റെയ്ൻ ചെയ്യപ്പെട്ടത്.

അത്തരമൊരു അടയാളത്തിന്റെ പിറവിയോടൊപ്പം തന്നെ സമരഭൂമിയിലേക്കുള്ള വഴികളോരോന്നും ചെറുജന്തർമന്തറുകളായി മാറുന്ന അതിശയകരമായ കാഴ്ച്ചയും ഈ ദിവസം കണ്ടു. പ്രതിഷേധം നടക്കുന്ന മൈതാനത്തിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നതിലൂടെ രാജ്യതലസ്ഥാനത്തെ സമരങ്ങൾക്കതീതമായ ഒരു ഇടമായി പുനർവിഭാവനം ചെയ്യുകയാണ് ഈ സർക്കാർ. എന്നാൽ ഒരു രാഷ്ട്രത്തെ മുഴുവൻ പോലീസ് നിരീക്ഷണത്തിനുള്ളിലൊതുക്കുന്ന, പ്രക്ഷോഭകരെ അടിച്ചമർത്തുന്ന ഈ ഭരണകൂടത്തിനെതിരെ പോരാടാൻ പുതിയ ഇടങ്ങളും മാർഗ്ഗങ്ങളും കണ്ടെത്തുന്നുണ്ട് യുവത.

മോദി-ഷാ ഭരണകൂടത്തോടുള്ള ജനരോഷം, റൈസോമിക് സ്വഭാവം (rhizomic nature) പ്രാപിച്ച് തലസ്ഥാനവീഥികളെ മുഴുവനും പൊതിയുന്നതിൽ നിന്ന് തടയാൻ, ദൽഹിയിൽ നിലയുറപ്പിച്ച അക്ഷൗഹിണികൾക്ക് സാധിച്ചില്ല എന്നത് ആശാവഹമായി തന്നെയാണ് തോന്നുന്നത്. ചീഫ് ഇലക്ഷൻ കമ്മീഷൻ എന്ന സ്വയംഭരണസ്ഥാപനത്തിനെതിരെയുള്ള സമരം അടിച്ചമർത്തുന്ന, വിഷയത്തിൽ ഒരു പ്രസ്താവന പോലുമിറക്കാൻ തയ്യാറാവാത്ത പ്രധാനമന്ത്രി അറിഞ്ഞോ അറിയാതെയോ, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെയെന്നാണ് വീണ്ടും വീണ്ടും പ്രഖ്യാപിക്കുന്നത്. അങ്ങനെയെങ്കിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഈ സർക്കാർ തുടരുന്നിടത്തോളം കാലം ഒക്ടോബർ പത്തിന് ഒഴിഞ്ഞു കിടന്ന ജന്തർ മന്തർ എന്ന ഭൂതം അവരെ വേട്ടയാടിക്കൊണ്ടിരിക്കും.

Comments