നോട്ടുനിരോധനം അവർക്കുവേണ്ടിയുള്ള ഒരു ഫെയ്ക് എൻകൗണ്ടർ ആയിരുന്നു

നോട്ടു റദ്ദാക്കൽ ലക്ഷക്കണക്കായ ചെറുകിട സ്ഥാപനങ്ങളും അവയെ ആശ്രയിച്ചുള്ള ജീവനോപാധികളുമാണ് ഒറ്റയടിക്ക് തകർത്തുകളഞ്ഞത്. പൊതുകടം 2019 ആയപ്പോഴേക്ക് 51.7 ശതമാനം വർദ്ധിച്ചു. 2014 ലെ പ്രതിശീർഷ കടഭാരം 42,000 രൂപയായിരുന്നത് 2018 ൽ 63,000 രൂപയായി ഉയർന്നു. 2019 ആവുമ്പോഴേക്ക് ഉറുപ്പികയുടെ വിനിമയമൂല്യം തകരുന്നു, വ്യാപാരക്കമ്മി കൂടുന്നു, തൊഴിലില്ലായ്മ അതിനു മുമ്പുള്ള 45 വർഷത്തിൽ അതുവരെ കാണാത്തത്രക്ക് ഉയരുന്നു... നോട്ടുനിരോധനത്തിന്റെ മാരക പ്രത്യാഘാതങ്ങൾ വിലയിരുത്തപ്പെടുന്നു

തുപോലൊരു നവംബർ 8 നാണ്, നാലുവർഷം മുമ്പ് രാത്രി 8 മണിക്ക് ഓർക്കാപ്പുറത്തുള്ള ഒരറിയിപ്പിൽ നാട്ടിലുള്ള നോട്ടിലേറെയും ഒറ്റയടിക്ക് റദ്ദാക്കുകയാണ് എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതുകേട്ട് ഞെട്ടിയവരിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരും ഉൾപ്പെടും. അത്രക്ക് നാടകീയമായാണ്, കേട്ടുകേൾവിയില്ലാത്ത ഒരു കാര്യം, നാട്ടിലെ നോട്ടിൽ എൺപത്താറു ശതമാനവും ഇല്ലാതാക്കുക എന്ന അത്യപൂർവ തീരുമാനം, നടപ്പാക്കിയത്.

ഇത്തരമൊരു ഭ്രാന്തൻ നടപടി സമ്പദ്‌വ്യവസ്ഥയിലെ രക്തചംക്രമണത്തെത്തന്നെ റദ്ദാക്കിക്കളയുകയല്ലേ ചെയ്യുക എന്ന സ്വാഭാവിക സംശയത്തെ കടുത്ത അസഹിഷ്ണുതയോടെയാണ് സർക്കാരും സംഘപരിവാറും നേരിട്ടത്. കള്ളനോട്ടും കള്ളപ്പണവും തീവ്രവാദവും ഒന്നിച്ച് ഇല്ലാതാക്കാനുള്ള ഒരു മാന്ത്രിക വടിയാണ് ഈ നടപടി എന്നായിരുന്നു വാദം.

കള്ളനോട്ട് തടയാൻ?

പാക്കിസ്ഥാനിൽ നിന്ന് അച്ചടിച്ച് അതിർത്തി കടത്തിവിടുന്ന ദശലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ടുകൾ ഇതോടെ റദ്ദാക്കപ്പെടും എന്നായിരുന്നല്ലോ പ്രചാരണം. അത്രക്കേറെ നോട്ടുകൾ അതിർത്തി കടന്ന് സ്വയം നടന്നു വരില്ലല്ലോ. അടിക്കുപ്പായക്കീശയിൽ ആർക്കും ഒളിപ്പിച്ചു കടത്താനുമാവില്ല അപ്പറഞ്ഞ സംഖ്യക്കുള്ള നോട്ടുകൾ. അനേക ട്രക്കുകളിലായി അതിർത്തി കടന്ന് കോടികൾ അനായാസം ഒഴുകിയെത്തുകയാണെങ്കിൽ, പിന്നെന്തിനാണ് നമുക്ക് ഒരതിർത്തിരക്ഷാസേനയും പ്രതിരോധ വകുപ്പും എന്ന ചോദ്യത്തിനെ നേരിട്ടെതിർക്കാനാവില്ലല്ലോ. അതിനുപകരം വിഷയത്തെയാകെ വൈകാരികമാക്കി അവതരിപ്പിക്കുക എന്നതായി സംഘപരിവാർ തന്ത്രം. പ്രധാനമന്ത്രിയുടെ നടപടിയെ എതിർക്കുന്നവർ പാക്കിസ്ഥാന്റെ ചാരന്മാരാണ് എന്ന എതിർവാദമമായി മാറി തുരുപ്പുചീട്ട്.

കള്ളപ്പണവും ഉള്ളറത്തുരങ്കങ്ങളും

കള്ളപ്പണമെന്നതിന് അതിലളിതമായ നിർവചനങ്ങൾ നാട്ടിൻ പുറങ്ങളിലാകെ ഒഴുകിനടക്കാൻ തുടങ്ങി. അയൽപക്കത്തെ അന്യമതസ്ഥൻ വസ്തുവിന് വില കുറച്ച് പ്രമാണമുണ്ടാക്കി, വിറ്റ കാശ് നികുതിയടക്കാതെ കെട്ടിവെക്കുന്നതിലെ ദേശദ്രോഹം പരക്കെ ചർച്ച ചെയ്യപ്പെട്ടു.

പക്ഷേ, കള്ളപ്പണം കണ്ടുകെട്ടണമെങ്കിൽ, ആദ്യം വേണ്ടത് സ്വിസ് ബാങ്കുകളിലേക്കും മറ്റനേകം ഓഫ് ഷോർ പണമിടപാട് കേന്ദ്രങ്ങളിലേക്കും കടത്തിക്കൊണ്ടുപോയ കാശ് തിരിച്ചെത്തിക്കാനുള്ള നടപടിയാണ് എന്ന് കാര്യബോധമുള്ളവർ അന്നേ പറഞ്ഞിരുന്നു. ഇടക്ക് ചിലരെങ്കിലും, ഇടതുപക്ഷത്തിന്റെ പഴയ ഒരാവശ്യം ഓർത്തെടുക്കുകയും ചെയ്തു. അത് മറ്റൊന്നുമല്ല, പി നോട്ടുകൾ എന്നു വിളിക്കുന്ന പാർട്ടിസിപേറ്ററി നോട്ടുകൾ റദ്ദാക്കണമെന്ന ആവശ്യമാണത്.

വൻകിട മുതലാളിമാർ പലരും തങ്ങളുടെ കയറ്റുമതി ഇൻവോയ്‌സിൽ വില കുറച്ചു കാട്ടിയും ഇറക്കുമതി ബില്ലിൽ വില കൂട്ടി എഴുതി വാങ്ങിച്ചും വൻ സംഖ്യ തട്ടിപ്പാക്കുന്നുണ്ട്. 100 കോടിയുടെ കയറ്റുമതിച്ചരക്കിന് 80 കോടി വില കാട്ടി ബാക്കി 20 കോടി ഇങ്ങോട്ടയക്കാതെ, സ്വിസ് ബാങ്കിലെ നിക്ഷേപത്തിൽ അടച്ചാൽ മതിയെന്ന് അന്യനാട്ടിലെ ഇറക്കുമതിക്കാർക്ക് നിർദേശം നൽകിയാൽ ആ 20 കോടി കള്ളപ്പണമായി അവിടെ കിടക്കും. അതിങ്ങോട്ട് തിരിച്ചെത്തിക്കുന്നതിനുള്ള തുരങ്ക പാതയാണ് പി നോട്ടുകൾ ഒരുക്കിക്കൊടുക്കുക. അജ്ഞാതനാമങ്ങളിൽ എത്തിച്ചേരുന്ന പാർട്ടിസിപേറ്ററി നോട്ടുകൾ നേരെയെത്തുക നമ്മുടെ ഓഹരിച്ചന്തകളിലാണ്. കറുത്ത പണം വെളുപ്പിക്കാനുള്ള കുറുക്കുവഴികളാണ് പി നോട്ടുകൾ എന്നർത്ഥം.

ഈ ഏർപ്പാട് അവസാനിപ്പിക്കണം എന്നാണ് ഇടതുപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു പോന്നത്. കള്ളപ്പണം തടയണമെങ്കിൽ ആദ്യം തടയേണ്ടത് പി നോട്ടുകളല്ലെ എന്നത് സ്വാഭാവിക സംശയമായിരുന്നു എന്നർത്ഥം.
എന്നാൽ സംശയിക്കുന്നവരെല്ലാം രാജ്യദ്രോഹികളായി മുദ്രയടിക്കപ്പെടുകയായിരുന്നല്ലോ.

കാര്യം പ്രധാനമന്ത്രി തന്നെ പറയുന്നു

പക്ഷേ, അതിനിടക്ക് പ്രധാനമന്ത്രി തന്നെ, ദിവസങ്ങൾക്കകം ഒരു സ്വപ്നപദ്ധതി അവതരിപ്പിച്ചതോടെ കാര്യങ്ങൾക്ക് കുറേശ്ശെ തെളിമ വന്നുതുടങ്ങി. അദ്ദേഹം ഉയർത്തിയത് അതിലളിതമായ ഒരു ചോദ്യമാണ്,
നമുക്കും ഒരു സ്വീഡനവണ്ടേ എന്ന ഒറ്റച്ചോദ്യം.

നാട് ക്യാഷ്‌ലെസ്സായതോടെ, സ്വന്തം ബാങ്ക്അക്കൗണ്ടിൽ നിന്ന് അത്യാവശ്യത്തിനുപോലും കാശ് പിൻവലിക്കാൻ കഴിയാതെ നാട്ടാരാകെ നട്ടം തിരിയുകയും, മണിക്കൂറുകളോളം ക്യൂവിൽ നിന്ന് പിടഞ്ഞുവീഴുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ്, റൊട്ടിയില്ലെങ്കിൽ കെയ്ക്ക് കിട്ടാനില്ലേ എന്ന മട്ടിലുള്ള ആ ചോദ്യം പ്രധാനമന്ത്രിയുടെ നാവിൽ നിന്നു ഉതിർന്ന് വീണത്.
കള്ളപ്പണവും കള്ളനോട്ടും തീവ്രവാദവും ഇല്ലാതാക്കാനുള്ള നടപടിയാണ് നോട്ട് റദ്ദാക്കൽ എന്ന വാദത്തെയാണ് ആ ഒരൊറ്റച്ചോദ്യം വഴി അദ്ദേഹം റദ്ദാക്കിക്കളഞ്ഞത്.

പക്ഷേ ഇത് വിസ മുമ്പേ പറഞ്ഞത്

നോട്ട് റദ്ദാക്കൽ നടപടിക്ക് ഒരു വർഷം മുമ്പ് ഡിജിറ്റൽ ബിസിനസ്സുകാരായ വിസാ കമ്പനി നടത്തിയ ഒരു പഠനം പുറത്തു വന്നിരുന്നു. ഇന്ത്യയിൽ പ്രതിശീർഷ ഡിജിറ്റൽ ഇടപാട് വെറും 10 മാത്രമാണ്, എന്നാൽ സ്വീഡനിൽ ഇത് 429 ആണ് എന്ന് ആ രേഖ ഓർമ്മിപ്പിച്ചിരുന്നു. മാത്രവുമല്ല, ഇന്ത്യ കറൻസി നോട്ട് സ്വൽപം കുറച്ചാൽ രാജ്യത്തിന് വൻ നേട്ടമുണ്ടാക്കാൻ കഴിയും എന്നും വിസ ചൂണ്ടിക്കാട്ടിയിരുന്നു.

മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 1.7 ശതമാനം വരുന്ന ആ ചെലവ് സ്വൽപം ചുരുക്കി 1.3 ശതമാനമാക്കിയാൽ രാജ്യത്തിന് 4 ലക്ഷം കോടി രൂപ ലാഭിക്കാം എന്നാണ് വിസ പറഞ്ഞത്. നമുക്കും ഒരു സ്വീഡനാവണ്ടേ എന്ന ചോദ്യത്തിലൂടെ അന്നുയർന്നത് വിസയുടെ ശബ്ദം തന്നെയാണ്.
അതിനിടയിലാണ്, പാവങ്ങൾ വരി നിന്ന് ക്യൂവിൽ പിടഞ്ഞു മരിച്ചുകൊണ്ടിരുന്നതും ലക്ഷക്കണക്കിന് ചെറുകിട സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടഞ്ഞുപോയതും. വിസ പറഞ്ഞത് രാജ്യത്തിനുണ്ടാകാവുന്ന നേട്ടത്തെപ്പറ്റിയാണ്. തങ്ങളെപ്പോലുള്ള ഡിജിറ്റൽ കമ്പനികൾക്ക് അതു വഴിയുണ്ടാവുന്ന നേട്ടത്തെക്കുറിച്ച് അന്ന് വിസ ഒന്നും പറഞ്ഞിരുന്നില്ല.

എന്നാൽ അന്നേ പേ ടി.എം തലവൻ നോട്ടുനിരോധനം തങ്ങൾക്കുണ്ടാക്കിത്തന്ന ഒന്നാന്തരം അവസരത്തിന്റെ പേരിൽ സർക്കാറിനെ സ്തുതിച്ചിരുന്നു. അതും കഴിഞ്ഞ് ഒരു വർഷം കഴിയാറായപ്പോഴാണ്, ന്യൂയോർക്കിലെ റസ്‌റ്റോറന്റുകൾക്കുമുമ്പിൽ വിസ ഒരു ഓഫർ വെച്ചത്. സ്ഥാപനം ക്യാഷ്‌ലെസ്സ് ആക്കിയാൽ, ഒരു റെസ്റ്റോറന്റിന് 10,000 ഡോളർ ഇനാം നൽകും എന്നായിരുന്നു അത്.

ഒരു റസ്‌റ്റോറന്റ് കാശിനുപകരം കാർഡുപയോഗിക്കാൻ തുടങ്ങിയാൽ ഏഴേകാൽ ലക്ഷം രൂപ നൽകുന്ന വിസ, ഒരു രാജ്യം തന്നെ ക്യാഷ് ലെസ് ആക്കിയാൽ എത്ര നൽകും എന്ന ചോദ്യം അപ്പോഴാണുയർന്നത്. പക്ഷേ എന്തിനെയും ഞെരിച്ചടക്കാനാവുന്ന വൻ പ്രചാരണ കോലാഹലങ്ങൾ ഉയർത്തി അതിനെയൊക്കെ മറികടക്കാൻ ഔദ്യോഗിക പ്രചാരണ സംവിധാനങ്ങൾക്കായി. തൽക്കാലം ഇത്തിരി വിഷമിച്ചാലും ഭാവിയിൽ പിറക്കാനിരിക്കുന്ന കള്ളപ്പണ - കള്ളനോട്ട് - തീവ്രവാദ വിമുക്ത ഭാരതത്തെ സ്വപ്നം കാണാനായിരുന്നു ഉപദേശം! അതിനുശേഷം കാലം നാലാണ്ടു പിന്നിട്ടു. അനുഭവം പഠിപ്പിച്ചത് മറിച്ചാണ്.

നാലാണ്ട് നാട്ടിനെ പഠിപ്പിച്ചത്

ഇന്ന് നാടെത്തി നിൽക്കുന്ന തകർച്ചക്ക് കാരണം കോവിഡ് ആണ് എന്നു പറഞ്ഞൊഴിയാൻ എളുപ്പമാണ്. അതുകൊണ്ട് നോട്ട് റദ്ദാക്കലിന്റെ ഫലമന്വേഷിക്കുന്നത് കോവിഡിനു മുമ്പുള്ള കണക്കുകളെ മുൻനിർത്തിയാവണം.

ആ നടപടി കൊണ്ടു മാത്രം ജി.ഡി.പിയിൽ (മൊത്തം ഉൽപ്പാദനത്തിൽ) രണ്ടു ശതമാനത്തിന്റെ ഇടിവാണുണ്ടായത് എന്നാണ് ധനകാര്യ വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങ് പറഞ്ഞത്. ഇത് മുൻ പ്രധാനമന്ത്രിയുടെ മാത്രം അഭിപ്രായമല്ല. ബി.ജെ.പിക്കാരനായ മുൻ ധനകാര്യ മന്ത്രി പറഞ്ഞത്, നോട്ടുറദ്ദാക്കൽ വഴി വന്ന നേരിട്ടുള്ള തൊഴിൽനഷ്ടം 90 ലക്ഷത്തിലേറെ വരും എന്നാണ്. മോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യൻ ശ്വാസംമുട്ടി ഇനിയും തുടരാനാവാത്തതു കാരണം പെട്ടെന്നൊരു നാൾ സലാം പറഞ്ഞ് രാജിവെച്ചിറങ്ങിപ്പോയിരിക്കുന്നു.

നോട്ടു റദ്ദാക്കൽ ലക്ഷക്കണക്കായ ചെറുകിട സ്ഥാപനങ്ങളെയും അവയെ ആശ്രയിച്ചുള്ള ജീവനോപാധികളുമാണ് ഒറ്റയടിക്ക് തകർത്തത്. പൊതുകടം 2019 ആയപ്പോഴേക്ക് 51.7 ശതമാനമാണ് വർദ്ധിച്ചത്. 2014 ലെ പ്രതിശീർഷ കടഭാരം 42,000 രൂപയായിരുന്നത് 2018ൽ 63,000 രൂപയായി ഉയർന്നു. 2019 ആവുമ്പോഴേക്ക് രൂപയുടെ വിനിമയമൂല്യം തകരുന്നു, വ്യാപാരക്കമ്മി കൂടുന്നു, തൊഴിലില്ലായ്മ അതിനു മുമ്പുള്ള 45 വർഷത്തിൽ അതുവരെ കാണാത്തത്രക്ക് ഉയരുന്നു. അത് മറച്ചുവെക്കാൻ തെരഞ്ഞെടുപ്പ് കാലത്ത് (2019 ൽ ) എടുത്ത നടപടിയാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനിലെ ഉന്നതോദ്യോഗസ്ഥരുടെ രാജിയിലേക്ക് നയിച്ചത്.

മറച്ചുവെക്കാനാവാത്ത അത്രക്ക് അഗാധമായിരുന്നു തകർച്ച. അതിന്റെ മൂർദ്ധന്യത്തിലാണ്, ബ്രിട്ടാനിയ ബിസ്‌കറ്റ് കമ്പനിത്തലവന്റെ വെട്ടിത്തുറന്നുപറച്ചിൽ. അഞ്ചു രൂപ വിലയുള്ള ചെറിയ പാക്കറ്റിലാക്കി വിറ്റിട്ടും, തങ്ങളുടെ ബിസ്‌കറ്റ് വാങ്ങിക്കുന്ന കാര്യം ഇന്ത്യക്കാർ രണ്ടു വട്ടം ആലോചിച്ചേ തീരുമാനിക്കൂ എന്നായിരുന്നു ആ പ്രസ്താവന.

സൂചികകൾ സൂചിപ്പിക്കുന്നത്

ഇന്റർനാഷനൽ ഫുഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡെക്‌സിൽ 2016ൽ 97 -ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഒറ്റക്കൊല്ലം കൊണ്ട് വീണ്ടും മൂന്നു പടവുകൾ താഴോട്ടിറങ്ങി 100-ാം സ്ഥാനത്തെത്തി. 2018 ആയപ്പോൾ അത് വീണ്ടും താഴ്ന്ന് 130-ാം റാങ്കിലെത്തിയിരിക്കുന്നു.
കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്തെത്തിച്ചേരാൻ ഇന്ത്യക്ക് കഴിഞ്ഞത് 2018ലാണ്.

2018ലെ തന്നെ മാനവ വികസന റിപ്പോർട്ടനുസരിച്ച്, പണി ഉണ്ടായിട്ടും പട്ടിണിക്കൂലിക്കാരായി കഴിയേണ്ടി വരുന്ന ഇന്ത്യക്കാരുടെ എണ്ണം 55.5 ശതമാനമാണ്. പട്ടിണിക്കൂലിയുടെ കണക്കാണിത്. അയൽ രാജ്യമായ ഭൂട്ടാനിൽ ഇത് വെറും 14.1 ശതമാനമാണ്. ഇന്ത്യയെക്കാൾ ഏറെ പിറകിലുള്ള എൽ സാൽവഡോറിൽ പട്ടിണിത്തൊഴിലാളികൾ വെറും 9.9 ശതമാനമാണ്.
കാർഷിക മേഖലയിൽ നിന്നുള്ള വാർത്തകളും ആശങ്കാജനകമാണ്. കർഷകരുടെ ഉൽപ്പന്ന വില ഭീതിജനകമാം വിധം താഴുമ്പോഴും താങ്ങുവിലയെ സംബന്ധിച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാൽ ചുരത്താത്ത ഏട്ടിലെ പശുക്കളായി തുടരുകയാണ്. ഉൽപാദനച്ചെലവും അതിന്റെ പകുതിയും ചേർത്തുള്ള വില നൽകും എന്നായിരുന്നല്ലോ വാഗ്ദാനം.

ഏത് ശത്രുരാജ്യത്തിനാവും ഇത്?

സാമ്പത്തിക സ്ഥിതി നന്നേ പരുങ്ങലിലായതുകൊണ്ട് റിസർവ് ബാങ്കിനെ കണ്ണുരുട്ടി പേടിപ്പിച്ച് അതിന്റെ റിസർവിലുള്ള 3,60,000 കോടി രൂപ ഉടൻ വിട്ടുകിട്ടണം എന്ന് കൽപ്പിക്കുകയായിരുന്നു സർക്കാർ. ഒടുക്കം കേന്ദ്ര ബാങ്ക് ഗവർണർ തന്നെ കലഹിച്ചിറങ്ങിപ്പോവുകയായിരുന്നു. സ്ഥിതി അത്രക്ക് ഗുരുതരമാക്കുന്നതിൽ നോട്ടു റദ്ദാക്കലിന്റെ സംഭാവന ചെറുതല്ല. ഡിജിറ്റൽ കമ്പനികളുടെ ലാഭവർദ്ധന വിനായി ഒരു നാട് തന്നെ തകർത്തെറിയുകയായിരുന്നു എന്നർത്ഥം.
ഇതിലേറെ നാടിനെ തകർത്തെറിയാൻ ഏത് ശത്രുരാജ്യത്തിനാണ്, ഏത് നടപടി കൊണ്ടാണ്, ഇത്ര പെട്ടെന്നാവുക?

നോട്ടു റദ്ദാക്കലും കാറ്റലിസ്റ്റും

2016 നവംബറിലാണ് നോട്ട് റദ്ദാക്കൽ നടപടി വരുന്നത്. അതിന് ഒരു മാസം മുമ്പ്, ഒക്ടോബർ 14 ന് കാറ്റലിസ്റ്റ് എന്ന ഒരു സംഘടന ഇന്ത്യൻ ഡിജിറ്റൽ ഇടപാടുകളിൽ വൻ കുതിപ്പുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ച് ഒരു പത്രപ്രസ്താവന നടത്തുന്നുണ്ട്. യു.എസ്.എയ്ഡും (US AID) ഇന്ത്യൻ ധനമന്ത്രാലയവും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ പുതിയ ഘട്ടമാണ് കാറ്റലിസ്റ്റിന്റെ പിറവി എന്നാണ് അന്ന് വിശേഷിപ്പിക്കപ്പെട്ടത്.

ഇക്കാര്യത്തിൽ അവർ നടത്തിയ പത്രപ്രസ്താവന കാറ്റലിസ്റ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായിരുന്നു. എന്നാൽ 2016 നവംബർ മദ്ധ്യത്തോടെ, കാശിന് ക്യൂ നിന്ന് കാത്ത് കാത്ത് മനുഷ്യർ പിടഞ്ഞു വീണ് ചാവാൻ തുടങ്ങിയല്ലാേ. അതിനിടക്കാണ് എന്നെ പച്ചക്ക് കത്തിച്ചു കൊള്ളൂ എന്ന് ഒരു പ്രധാനമന്ത്രി തന്നെ പരസ്യമായി പ്രഖ്യാപനം നടത്തുന്നത്. വൻതോതിൽ എതിരഭിപ്രായം വളർന്നു വരാൻ തുടങ്ങി. അതോടെ കാറ്റലിസ്റ്റിന്റെ പത്രക്കുറിപ്പ് വെബ് സൈറ്റിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

അതിനും നാലു വർഷം മുമ്പ്

2016 ലാണ് കാറ്റലിസ്റ്റ് രൂപം കൊള്ളുന്നത്. അതും കഴിഞ്ഞ് ഒരു മാസമാവുമ്പോൾ നോട്ട് റദ്ദാക്കൽ നടപടിയുമായി. എന്നാൽ അതിനും നാലു വർഷം മുമ്പ്, 2012ൽ രൂപം കൊണ്ട ഒരന്താരാഷ്ട്ര കൂടിയാലോചനാ സമിതിയുടെ കഥ കൂടി കൂട്ടിച്ചേർത്ത് വായിക്കേണ്ടതുണ്ട്. ബെറ്റർ ദാൻ ക്യാഷ് അലയൻസ് എന്നാണ് അതിന്റെ പേര്.

ബിൽ ഗെയ്റ്റ്‌സിസിന്റെ ഗെയ്റ്റ്‌സ് ഫൗണ്ടേഷനും യു.എസ്.എയ്ഡും പേ പാലിന്റെ ഒമഡിയാർ നെറ്റ് വർക്‌സും വിസ, മാസ്റ്റർ കാർഡ് തുടങ്ങിയ ഡിജിറ്റൽ കമ്പനികളും ചേർന്നാണ് കാശിലും നല്ലത് കാർഡാണ് എന്ന് പ്രചരിപ്പിക്കാൻ ഒരു അലയൻസ് സ്ഥാപിക്കുന്നത്. ഇതേക്കുറിച്ച് സംസാരിക്കവേ, ബിൽ ഗെയ്റ്റസ് പറഞ്ഞത് കൂടി കേട്ടാൽ കാര്യം പെട്ടെന്ന് പിടി കിട്ടും. ‘അമേരിക്കൻ സുരക്ഷാ താൽപര്യവും പണം കൈമാറ്റത്തിലെ ഡിജിറ്റലൈസേഷനും ഉറപ്പ് വരുത്തുകയാണ് ഇങ്ങനെയൊരു വേദി കൊണ്ട് ഉദ്ദേശിക്കുന്നത്' എന്നായിരുന്നു ആ പ്രസ്താവന.

മോദി പ്രധാനമന്ത്രിയായി അധികാരമേറ്റശേഷമാണ്, ഒരു രാജ്യം എന്ന നിലക്ക് ഇന്ത്യയും ബെറ്റർ ദാൻ ക്യാഷ് അലയൻസിന്റെ ഭാഗമാവുന്നത്. ഇന്ത്യയെ പോലൊരു വലിയ രാജ്യം തങ്ങൾക്കൊപ്പം ചേർന്നതിന്റെ ആഹ്ലാദം ബെറ്റർ ദാൻ ക്യാഷ് അലയൻസ് രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ‘സമ്പദ് വ്യവസ്ഥയിൽ കാശ് വെട്ടിച്ചുരുക്കുന്നതിൽ ഇന്ത്യ ഗവൺമെന്റിനുള്ള പ്രതിബദ്ധതയുടെ വിപുലീകരണമാണിത്' (extension of the India Govt 's Commitment to reduce cash in the economy എന്നാണ് പ്രയോഗം) വൂൾഫ് സ്ട്രീറ്റ് പത്രാധിപർ ഡോൺക്വി ജോൺസ് എഴുതിയ Why Billionaire ‘Philanthropist ' Bill Gates loves India's demoniti Sation വായിച്ചാൽ കൂടുതൽ വിവരങ്ങൾ കിട്ടും.

ബിൽ ഗെയ്റ്റ്‌സ് പറഞ്ഞത്

2015ൽ വാഷിങ്ങ്ടണിൽ ഒരു ഫൈനാൻഷ്യൽ ഇൻക്ലൂഷൻ ഫോറം സംഘടിപ്പിച്ചത് അമേരിക്കൻ ട്രഷറി ഡിപ്പാർട്‌മെന്റും യു.എസ്.എയ്ഡും ചേർന്നാണ്. മോദി സ്വന്തമെന്ന നിലക്കവതരിപ്പിച്ച ജൻ ധന്റെ അമേരിക്കൻ പതിപ്പാണത്. ആ യോഗത്തിൽ ബിൽ ഗെയ്റ്റ്‌സ് നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്, നോട്ട് റദ്ദാക്കലിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തവുമാണ്.

അതിങ്ങനെയായിരുന്നു: ‘മറ്റെവിടത്തേക്കാളും സമ്പദ് വ്യവസ്ഥയുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ നടത്താനാവുക, വികസ്വര രാജ്യങ്ങളിലാണ്. അക്കാര്യത്തിൽ വളരെ ശ്രദ്ധേയമായ പരിശ്രമങ്ങളാണ് ഞങ്ങൾ നൈജീരിയയിലും പാകിസ്ഥാനിലും ഇന്ത്യയിലും മറ്റൊരു ഡസൻ രാജ്യങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നത്... ഞങ്ങൾ നേരിട്ട് ഇന്ത്യയിലെ റിസർവ് ബാങ്കുമായി സഹകരിക്കാൻ തുടങ്ങിയിട്ട് മൂന്നു വർഷങ്ങളായി. അവർ ഒരു പുതിയ തരത്തിലുള്ള സംവിധാനം, പേമെന്റ് ബാങ്ക് എന്ന പേരിൽ ഉണ്ടാക്കിയിട്ടുണ്ട്. '

ബിൽ ഗെയ്റ്റ്സ്​

നചികേത് മോറിന് കൂലി വരമ്പത്ത്

ഇങ്ങനെ ബിൽ ഗെയ്റ്റ്‌സ് ആഗ്രഹിച്ച തരത്തിൽ ഒരു ബാങ്കിങ് സംവിധാനം (പേമെന്റ് ബാങ്ക്) രൂപപ്പെടുത്താൻ മുൻകൈയെടുത്ത നചികേത് മോറിന് വരമ്പത്ത് വെച്ചു തന്നെ കൂലിയും കൊടുക്കുന്നുണ്ടദ്ദേഹം. ബിൽ & മിലിന്ദാ ഗെയ്റ്റ്‌സ് ഫൗണ്ടേഷൻ എന്ന ഭീമൻ സംവിധാനത്തിന്റെ നാഷനൽ ഡയരക്ടറായാണ് നചികേത് മോർ നിയമിതനാവുന്നത്. 2018 ഓടെ ഇന്ത്യൻ പേമെന്റ് സംവിധാനം പൂർണമായും കാശ് രഹിതമാക്കുക എന്നതാണ് ഗെയ്റ്റ്‌സിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇന്ത്യൻ പേമെന്റ് സിസ്റ്റം ഡിജിറ്റലൈസ് ചെയ്യാൻ തങ്ങൾ തയാറാണ് എന്ന് 2015ൽത്തന്നെ പ്രസ്താതാവിച്ച ആളാണല്ലോ ഈ ബിൽ ഗെയ്റ്റ്‌സ്.

A well kept open secret: Washington is behind India's brutal experiment of abolishing most cash എന്ന പേരിൽ വേൾഡ് എകണോമിക്‌സ് അസോസിയേഷൻ സ്ഥാപകനായ നോബർട്ട് ഹാറിങ്ങ് എഴുതിയ ലേഖനം കൂടി ഇതോടൊപ്പം ചേർത്തു വായിച്ചാൽ സംഗതി വളരെ വ്യക്തമാവും.

നചികേത് മോർ

ഇപ്പോഴെങ്കിലും നിവർന്നുനിന്നു പറയണം

ഇമ്മാതിരി കഥകളുടെ വിശദാംശങ്ങൾ നന്നായറിയാവുന്നതുകൊണ്ടാണ് ബി.ജെ.പി നേതാവായ മുൻ ധനമന്ത്രി ഇപ്പോഴെങ്കിലും നിവർന്നുനിന്നു പറയണം എന്ന് പ്രഖ്യാപിച്ച് ദുരൂഹതകളുടെ ഉള്ളറക്കഥകൾ പറയാതെ തന്നെ പറയേണ്ടത് പറയേണ്ടും വിധം പറഞ്ഞത്. സമ്പദ്‌വ്യവസ്ഥയെ വൻ തകർച്ചയിലേക്ക് നയിച്ചതിന്റെ മുഖ്യ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് നോട്ടുറദ്ദാക്കലും മറ്റൊരു പാതിരാത്തീരുമാ നമായ ജി.എസ്.ടിയുടെ അതി ധൃതിപിടിച്ച നടപ്പാക്കലുമാണ്.

നാലു വർഷം കഴിഞ്ഞ് ഇപ്പോൾ ആർക്കും ബോദ്ധ്യമാവും, ഒരു ശത്രുരാജ്യത്തിനുമാവില്ല സമ്പദ് വ്യവസ്ഥയെ, ജനജീവിതത്തെ ഇതിനേക്കാൾ തകരാറിലാക്കാൻ എന്ന്! കുത്തകനുകൂല നയങ്ങളുമായി മുൻ പിൻ നോട്ടമില്ലാതെ ദയാരഹിതമായി നിയോലിബറൽ നയങ്ങൾ നടപ്പാക്കുന്ന ഒരു നാടിന് വന്നു ചേരാവുന്ന ദുർഗതിയാണ് നമ്മുടെതും എന്ന് ഇപ്പോൾ വ്യക്തമായി വരികയാണ്.

Comments