ധനകാര്യമന്ത്രി നിർമല സീതാരാമൻ 2021-22 ലെ ബജറ്റ് അവതരണത്തിന് പാർലമെന്റിലെത്തുന്നു, ഹിമാചൽ പ്രദേശ് ധനമന്ത്രി അനുരാഗ് സിങ് താക്കൂർ സമീപം. / Photo: Wikimedia Commons

പി.പി.പി: നാട്ടാരറിയാതെയുള്ള ​വിറ്റുതുലയ്ക്കൽ

കോവിഡ് കാലത്ത് 20,000 പുതിയ ബസ്സുകൾ, 15000 നവ സ്‌കൂളുകൾ, 7 പുതുതുറമുഖങ്ങൾ, 100 പുതിയ സൈനിക സ്‌കൂളുകൾ ! ഇത്രയും കൂടി കിട്ടും എന്നറിയുമ്പോൾ ആർക്കും തോന്നും ഒരു സന്തോഷം. തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളിൽ വാരിക്കോരി ചെലവാക്കുന്നു എന്ന് കേൾക്കുമ്പോൾ ആ സന്തോഷം അവിടങ്ങളിലെങ്കിലും ഇരട്ടിക്കും. പി.പി.പി (പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ്)യെക്കുറിച്ചുള്ള സ്തുതിഗീതങ്ങൾ ഒരു വിധക്കാരെയൊക്കെ രോമാഞ്ചകഞ്ചുകമണിയിക്കുകയും ചെയ്യും.

ആ ബെഞ്ചിലടിയുടെ പിന്നിലുള്ളത് കമ്പോള മൗലികതാവാദം തന്നെ

രണ്ട് പൊതുമേഖലാ ബാങ്കുകൾ, ഒരു ജനറൽ ഇൻഷൂറൻസ് കമ്പനി, എയർ ഇന്ത്യ, എൽ.ഐ.സി എന്നിവക്ക് പുറമെ, ബി.ഇ.എം.എൽ, ബി.പി.സി.എൽ, ഷിപ്പിങ്ങ് കോർപറേഷൻ ഓഫ് ഇന്ത്യ, കണ്ടെയ്‌നർ കോർപറേഷൻ ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ ഷെയറുകളും വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്നു കൂടി കേൾക്കുമ്പോൾ വായിൽ വെള്ളമൂറുന്നവരേറെയാണ്. ഇതൊക്കെയും 2022 ന് മുമ്പായി ചെയ്ത് തീർക്കുമത്രെ! ഇങ്ങനെ ഓരോന്ന് വിൽക്കുന്ന കാര്യം ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ അറിയിക്കുമ്പോഴും ട്രഷറി ബെഞ്ച് ഭരണകക്ഷി എം.പിമാർ ബെഞ്ചിലടിച്ച് ആഹ്ലാദ പ്രകടനം നടത്തുകയായിരുന്നു. ജന്മനിയോഗം നിറവേറ്റപ്പെട്ട സന്തോഷമായിരുന്നു ആ മുഖങ്ങളിലാകെ. വിൽക്കാനല്ലെങ്കിൽ പിന്നെന്തിനാണ് നാം ഇവിടെയിരിക്കുന്നത് എന്ന മട്ടായിരുന്നു അവർക്കൊക്കെയും.

നികുതി പതിവ് പോലെ മതി എന്നാണ് പ്രഖ്യാപനം! എന്നു വെച്ചാൽ, വൻകിടക്കാർക്കുള്ള നികുതിയിളവും നികുതി വേണ്ടെന്നു വെക്കലും ഇനിയും തുടരും എന്നു തന്നെ മലയാളം

മക്കാർത്തിയുടെ കാലത്ത് ഫുട്ബാൾ നിരോധിക്കണം എന്ന ആവശ്യമുയർത്തിയത്, ആ ടീം സ്പിരിറ്റ് ആളുകളെ സോഷ്യലിസത്തിലേക്ക് നയിക്കും എന്ന് ഭയപ്പെട്ടതുകൊണ്ടാണ്. അതേ പോലെ, പഴയ ജനസംഘകാലം മുതൽ രക്തത്തിൽ അലിഞ്ഞതാണ് അക്കൂട്ടർക്ക് പൊതുമേഖലാ വിരോധം. അത്തരക്കാർക്ക് പൊതുമേഖല സോഷ്യലിസത്തിലേക്ക് നയിക്കുന്ന ഒരു ചവിട്ടുപടിയാണ്. അങ്ങനെ ചിന്തിച്ചു പോരുന്നവരെ ബഹുരാഷ്ട്രക്കുത്തകകൾക്ക് സ്വാധീനിക്കാൻ ഏറെ എളുപ്പമാണല്ലോ. അതു തന്നെയാണ് ഇപ്പോൾ ഈ കോവിഡ് കാലത്തെ ബജറ്റിൽ തെളിഞ്ഞു കാണുന്നതും.

കോവിഡ് കാലം ഇന്ത്യയിലെ പതിനൊന്ന് ശതകോടീശ്വരന്മാരുടെ വരുമാനത്തിലുണ്ടാക്കിയ വർധനവ് പത്തുവർഷക്കാലം ആരോഗ്യ മന്ത്രാലയം മുന്നോട്ടുകൊണ്ടുപോകാനുള്ള ചെലവിന് തുല്യം വരും. ലോക്ക്ഡൗൺ കാലം ഇന്ത്യയിലെ നിലവിലെ അസമത്വം എത്രത്തോളം വർധിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓംക്‌സ്ഫാം പുറത്തുവിട്ട വാർത്താക്കുറിപ്പിൽ നിന്ന്.

കാശില്ലാത്തതു കൊണ്ട് നികുതി വർധിപ്പിക്കുന്നില്ല. കാരണം, നികുതി പിരിച്ചെടുക്കാനുള്ളത് വൻകിട മുതലാളിമാരിൽ നിന്നാണ്. കോവിഡ് കാലത്തെ ലോക് ഡൗൺ ദിനങ്ങൾ കൊണ്ട് മാത്രം ഇന്ത്യൻ ശതകോടീശ്വരന്മാർ ഉണ്ടാക്കിയെടുത്ത സമ്പത്ത് അവരുടെ ആകെ സമ്പാദ്യത്തിന്റെ 35 ശതമാനമാണ് എന്ന് ഓർമ്മിപ്പിക്കുന്ന ഓക്‌സ്ഫാം റിപ്പോർട്ട് പുറത്തുവന്നിട്ട് ദിവസങ്ങളായി. അത്തരം മുതലാളിമാരെ അലോസരപ്പെടുത്തുന്ന നടപടികൾ കൈക്കൊള്ളാനുള്ള ചങ്കുറപ്പോ പ്രത്യയശാസ്തദാർഢ്യമോ മോദി സർക്കാറിൽ നിന്ന് പ്രതീക്ഷിച്ചു കൂടല്ലാേ. പിന്നെ പിഴിഞ്ഞൂറ്റാനുള്ളത് മധ്യവർഗവും അതിൽ താഴെയുള്ളവരുമാണ്. അവരാണെങ്കിൽ ആകെ തകർന്ന് തരിപ്പണമായിരിക്കുകയാണ് ലോക് ഡൗണിന് ശേഷം. ആകയാൽ നികുതി പതിവ് പോലെ മതി എന്നാണ് പ്രഖ്യാപനം! എന്നു വെച്ചാൽ, വൻകിടക്കാർക്കുള്ള നികുതിയിളവും നികുതി വേണ്ടെന്നു വെക്കലും ഇനിയും തുടരും എന്നു തന്നെ മലയാളം. നാട് കുത്തുപാളയെടുത്താലും തങ്ങളുടെ പ്രത്യയശാസ്ത്രപരമായ കടുംപിടുത്തം കൈവിടാൻ സംഘപരിവാർ നേതൃത്വം നൽകുന്ന മോദി സർക്കാറിനാവില്ല.

നിത്യനിദാനച്ചെലവിന് പിന്നെന്തുണ്ട് വഴി?

പൊന്നും പണ്ടവും മാത്രമല്ല, ഉരുളിയും ഓട്ടുപാത്രങ്ങളിലേറെയും നേരത്തെ തന്നെ തൂക്കി വിറ്റ് തീരാറായതുകൊണ്ട്, കിണ്ണവും കരണ്ടിയും പണയം വെച്ചും അമ്മിയും അരകല്ലും കിട്ടുന്ന വിലക്ക് വിറ്റ് തുലച്ചും കാശ് കണ്ടെത്തുക തന്നെ. വില്ക്കുന്ന വിവരം നാട്ടാരറിയാതിരിക്കുകയും വേണം. അതിനുള്ള കുറുക്കുവഴിയാണ് പി.പി.പി.

വിദ്യാഭ്യാസ പരിപാടിയിൽ പി.പി.പി കൊണ്ടുവരുന്നതിനെതിരെ 2018 ജനുവരിയിൽ രാജസ്ഥാനിലെ ചുരുവിൽ നടന്ന പ്രതിഷേധത്തിൽ നിന്ന്‌ / Photo: Rajasthan Teachers' Association

പി.പി.പി എന്നാൽ പബ്ലിക് - പ്രൈവറ്റ് പാർട്ണർഷിപ്പ്. വളഞ്ഞ വഴിയിലൂടെയുള്ള സ്വകാര്യവൽക്കരണം തന്നെ. വിറ്റുതുലച്ചു എന്നാരും കുറ്റപ്പെടുത്തില്ല. പക്ഷേ മുതൽ മുടക്കുന്ന മുതലാളിമാർക്ക് കുശാലായിത്തീരുകയും ചെയ്യും. അതിൽ പെടുത്തിയാണ് ബജറ്റിൽ18000 കോടിയുടെ പൊതുഗതാഗത സേവനപദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ഒരു പി.പി.പി മോഡൽ. 20,000 ബസ്സുകളാണത്രെ ഇതിൻ പ്രകാരം വാങ്ങിക്കൂട്ടുക. 15000 സ്‌കൂളുകൾ ഉണ്ടാക്കാനും (വെറും സ്‌കൂളുകളല്ല, മാതൃകാ സ്‌കൂളുകൾ) പി.പി.പി വഴി സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും. 100 സൈനിക് സ്‌കൂളുകളും സ്വകാര്യ പങ്കാളിത്തത്തോടെ - സർക്കാരേതര സന്നദ്ധ സംഘടനകളടക്കമുള്ള സ്വകാര്യ ഏജൻസികളുടെ പങ്കാളിത്തത്തോടെ - ആരംഭിക്കും എന്നാണ് പ്രഖ്യാപനം. സംഘപരിവാർ നേതൃത്വത്തിൽ ഒട്ടനവധി എൻ.ജി.ഓകൾ ഉണ്ടെന്നിരിക്കെ കാര്യം എളുപ്പം നടപ്പാക്കുകയും ചെയ്യാം. അതിനു പുറമെ, ഏഴ് തുറമുഖ പ്രൊജക്റ്റുകളും പി.പി.പി വഴി നടപ്പാക്കുമത്രെ.

പി.പി.പി അത്ര പുതുതല്ല

ഇത്രയൊക്കെ വാഴ്ത്തിപ്പാടുന്ന ഈ പി.പി.പി നിർമലാ സീതാരാമന്റെ പുതിയ കണ്ടുപിടുത്തമല്ല. ടോണി ബ്ലെയറുടെ കാലത്ത് ബ്രിട്ടണിൽ നടപ്പാക്കിത്തുടങ്ങിയ കാര്യമാണത്. താച്ചർ നടപ്പാക്കിപ്പോന്ന സ്വകാര്യവൽക്കരണം അതേപടി തുടരണമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് യാഥാസ്ഥിതികർ വാദിച്ചപ്പോൾ, ലേബർ പാർട്ടി അന്നുയർത്തിയ മുദ്രാവാക്യമായിരുന്നു പി.പി.പി.

ടോണി ബ്ലെയർ

ലണ്ടൻ അണ്ടർ ഗ്രൗണ്ട് ട്യൂബ് സിസ്റ്റം നവീകരിക്കാനാണ് കൈയ്യിൽ കാശില്ലെന്ന ന്യായം പറഞ്ഞ് ടോണി ബ്ലെയർ സ്വകാര്യ മുതലാളിമാരെ പങ്കാളികളാക്കിക്കൂട്ടിയത്. 98ൽ തുടങ്ങിയ കൂട്ടുകച്ചവടം 2007 ആകുമ്പോഴേക്ക് പണി പാളി. പി.പി.പി പൊട്ടിപ്പൊളിഞ്ഞ് പാളീസായപ്പോൾ അതിന്റെ ബാധ്യതകളാകെ എഴുതിത്തള്ളേണ്ടി വന്നു. അതിന്റെ ഭാരമാകെ നാട്ടാരുടെ തലയിലായി എന്ന് സാരം.

ലണ്ടൻ അണ്ടർ ഗ്രൗണ്ട് പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന് ലണ്ടൻ ട്രാൻസ്‌പോർട്ട് (പിന്നീട് പേര് മാറി ടി.എഫ്.എൽ = ട്രാൻസ്‌പോർട്ട്‌ഫോർ ലണ്ടൻ ആയി) നിർദേശം വെച്ചതാണ്. പക്ഷെ പി.പി.പി തലക്ക് പിടിച്ചവർ അതിൽ മുറുകെ പിടിക്കുകയായിരുന്നു. തങ്ങളുടെ ഭാഗം വാദിക്കാനായി ആ പൊതുമേഖലാ സംരംഭത്തിന് അവസരം പോലും നൽകിയില്ല എന്ന കാര്യം ഇവിടെ കൂട്ടി വായിക്കേണ്ടതുണ്ട്. പൊതു-സ്വകാര്യ സംരംഭം എന്ന ഓമനപ്പേരിട്ട് പൊതുമുതൽ കുത്തിച്ചോർത്തുന്നതിനുള്ള അവസരമൊരുക്കുകയായിരുന്നു പി.പി.പി എന്നർത്ഥം. വളഞ്ഞ വഴിയിലൂടെയുള്ള സ്വകാര്യവൽക്കരണം തന്നെയാണത്.

ലോകാനുഭവം പറയുന്നത്

2017ൽ ലോകത്തെങ്ങുമുള്ള 150 ഓളം സംഘടനകളും ട്രെയ്ഡ് യൂനിയനുകളും ഒരു പി.പി.പി വിരുദ്ധ പ്രചാരണ മാനിഫെസ്റ്റോ തയാറാക്കി അതിന്റെ ആപത്തുകളെക്കുറിച്ച് ലോകജനതയെ ഉൽബുദ്ധരാക്കാൻ മുന്നിട്ടിറങ്ങി. ഹംഗറിയിലും പോർച്ചുഗലിലുമൊക്കെ പി.പി.പിക്കെതിരെയുണ്ടായ ഉണർവിനെത്തുടർന്ന് ഗവൺമെന്റുകൾ അവ മരവിപ്പിക്കാൻ നിർബന്ധിതരായല്ലോ.

ഹംഗറിയിൽ 100 ഓളം പി.പി.പി പദ്ധതികൾ ഉണ്ടായിരുന്നു. മോട്ടോർവേ മുതൽ സ്‌പോർട്‌സ് പദ്ധതികളടക്കം അതിൽ പെടും. പക്ഷേ 2007-08 ലെ പ്രതിസന്ധിക്ക് ശേഷം പിന്നെ ഹംഗറിക്ക് ആ പൂതി ഉണ്ടായിട്ടില്ല. ഡസൻ കണക്കിന് പി.പി.പികൾ ഉണ്ടായിരുന്ന പോർച്ചുഗൽ 2011 ൽ അതൊക്കെയും മരവിപ്പിക്കുകയായിരുന്നു.

ബ്രിട്ടനിലെ 700 പി.പി.പി പദ്ധതികൾക്കായി ഏതാണ്ട് 2000 കോടി പൗണ്ടാണ് സർക്കാർ അധിക വായ്പ എടുക്കേണ്ടി വന്നത്. പി.പി.പി വിരുദ്ധ പ്രചാരണ മാനിഫെസ്റ്റോ ഒട്ടനവധി അനുഭവകഥകൾ പങ്ക് വെക്കുന്നുണ്ട്. ജർമ്മനിയിലെ എവൺ മോട്ടോർ വേ ഒരു നല്ല ഉദാഹരണമാണ്. ഹാംബർഗ് മുതൽ ബ്രെമൻ വരെ നീളുന്ന ആ ആധുനിക മോട്ടോർ പാത 2012 ലാണ് തുറന്നത്. 2017 ആയപ്പോൾ നടത്തിപ്പുകാരായ എ വൺ മോബിൽ പി.പി.പി കൺസോർഷ്യം, നഷ്ടത്തിന്റെ പാട്ടും പാടി സർക്കാറിനോട് കാശാവശ്യപ്പെട്ടു. ചില്ലറക്കാശല്ല, 70 കോടി യൂറോ. ടോൾ പിരിവ് കമ്മിയായി എന്നും പറഞ്ഞായിരുന്നു കണ്ണുരുട്ടൽ.
മോബിൽ ചോദിക്കുന്ന കാശ് കൊടുക്കേണ്ടതില്ല എന്ന് വിധിച്ച് കോടതി തൽക്കാലം സർക്കാറിനെ രക്ഷപ്പെടുത്തി. പക്ഷേ പറയും പോലെ നഷ്ടം വന്ന് മോബിൽ പാപ്പരായിരുന്നെങ്കിലോ?

അതാണ് ഹംഗറിയിലെ എം വൺ /എം 15 മോട്ടോർ വേയുടെ അനുഭവം. ടോൾ പിരിവ് വേണ്ടും പോലെ വരുന്നില്ല എന്നു വന്നപ്പോൾ അതേറ്റെടുത്തു നടത്തിയ കമ്പനി തകരുമെന്നായി. ഒടുക്കം ആ റോഡ് കമ്പനി ദേശസാൽക്കരിക്കാൻ സർക്കാർ കാശ് മുടക്കേണ്ടി വന്നു എന്നു മാത്രം.

കരാർ രഹസ്യമാക്കി വെച്ചത് വെറുതെയല്ല, ജനങ്ങൾ കുടിവെള്ളമില്ലാതെ മരിച്ചുവീണാലും, നിശ്ചിത ലാഭം ഉറപ്പാക്കും എന്ന വ്യവസ്ഥ പുറത്തറിയിക്കാൻ പറ്റാത്തതു കൊണ്ടു തന്നെ.

ഫ്രാൻസിനെയും സ്‌പെയിനിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ ലിങ്കാണ് ഇങ്ങനെ സർക്കാർ കാശ് മുടക്കി പി.പി.പി യിൽ നിന്ന് തടിയൂരിയ മറ്റൊരു കേസ്. ഫ്രഞ്ച് സർക്കാരും സ്‌പെയിനും വീണ്ടും കാശ് മുതൽ മുടക്കിയാണ് അതിന് ജീവൻ വെപ്പിച്ചത്. യൂറോപ്യൻ കോർട്ട് ഓഫ് ഓഡിറ്റേഴ്‌സ് അതിന്റെ 2018ലെ റിപ്പോർട്ടിൽ പി.പി.പി സമ്പ്രദായത്തെ അതിനിശിതമായി വിമർശിക്കുന്നുണ്ട്. കോടതി കയറി അത്തരം നടപടികൾ റദ്ദാക്കാനുള്ള ശ്രമം വിജയിച്ചില്ല. പക്ഷേ ഫ്രഞ്ച് കോർട്ട് ഓഫ് ഓഡിറ്റേഴ്‌സ് പി.പി.പി ഇടപാടിനെ സംബന്ധിച്ച് എതിരഭിപ്രായം പറഞ്ഞതിനെത്തുടർന്ന് നീതിന്യായ മന്ത്രാലയം ഭാവിയിൽ പി.പി.പി റൂട്ട് വേണ്ടെന്നു വെക്കാൻ തീരുമാനമെടുത്തു.

ബെർലിനിലെ ശുദ്ധജല മേഖലയിലെ പി.പി.പിയ്‌ക്കെതിരെ നടന്ന പ്രതിഷേധം / Photo: Uwe Hiksch/Flickr

പി.പി.പി റൂട്ട് സർക്കാർ ഖജനാവ് കുത്തിച്ചോർത്താനുള്ള എളുപ്പവഴിയാണ് എന്ന് തെളിയിച്ചതാണ് ബെർലിനിലെ ശുദ്ധജല മേഖലയിലെ പൊതു- സ്വകാര്യ കൂട്ടുസംരംഭം. രണ്ട് സ്വകാര്യ ജലവിതരണക്കമ്പനികളുമായി സർക്കാരുണ്ടാക്കിയ കരാർ അതിഗോപ്യമാക്കി വെക്കണമെന്നായിരുന്നു ധാരണ. പാർലമെന്റിൽ നിന്നു പോലും മറച്ചുവെച്ച രഹസ്യ കരാറായിരുന്നുവത്രെ അത്. കരാർ വിവരങ്ങൾ പരസ്യമാക്കാൻ സർക്കാർ നിർബന്ധിതമായത്, കുടിവെള്ള വില കുതിച്ചുയർന്നപ്പോൾ സഹികെട്ട നാട്ടുകാർ സംഘടിച്ച് പ്രക്ഷാേഭത്തിനിറങ്ങുകയും അതേത്തുടർന്ന് 2011 ൽ നടത്തിയ റഫറണ്ടത്തിൽ സമരക്കാർ വിജയിക്കുകയും ചെയ്തതിനു ശേഷമാണ്. കരാർ രഹസ്യമാക്കി വെച്ചത് വെറുതെയല്ല, ജനങ്ങൾ കുടിവെള്ളമില്ലാതെ മരിച്ചുവീണാലും, നിശ്ചിത ലാഭം ഉറപ്പാക്കും എന്ന വ്യവസ്ഥ പുറത്തറിയിക്കാൻ പറ്റാത്തതു കൊണ്ടുതന്നെ.

അടുത്തുകൂടി പോവരുത്: പറയുന്നത് ഇ.ഐ.ബി

യൂറോപ്യൻ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് വായ്പ നൽകിയ പി.പി.പി പ്രൊജക്റ്റുകൾ അവലോകനം ചെയ്ത്‌ 2009 മെയിൽ പ്രസിദ്ധപ്പെടുത്തിയ രേഖയിൽ ഉദ്ധരിച്ച ഒരു വാചകമുണ്ട്, പി.പി.പിയെപ്പറ്റിയുള്ള ഒരുപദേശമാണത്. "നിങ്ങളുടേത് ഒരു നല്ല പൊതുമേഖലയാണെങ്കിൽ, നിങ്ങൾക്ക് പി.പി.പി ആവശ്യമില്ല. അത് മോശമാണെങ്കിലോ, നിങ്ങൾ അതിന് അടുത്തുകൂടി പോകരുത്.' നന്നായാൽ നക്കിക്കൊല്ലും, അല്ലെങ്കിൽ കുത്തിക്കൊല്ലും എന്ന മട്ടിലാണ് ലോകത്തെങ്ങും പി.പി.പികൾ പ്രവർത്തിച്ചു പോരുന്നത് എന്നർത്ഥം.

പഠിക്കാനും പഠിപ്പിക്കാനും ഒരവസരം

അനുഭവം പഠിപ്പിച്ച പാഠമാണത്. പക്ഷേ കൊണ്ടാലും പഠിക്കാത്തവരെ പാഠം പഠിപ്പിക്കാൻ ജനശക്തിക്കേ കഴിയൂ എന്നും ലോകത്തെങ്ങുമുള്ള പി.പി.പി അനുഭവം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇത് ഒരു ബജറ്റിന്റെ മാത്രം പ്രശ്‌നമല്ല, വർഗപരമായ നിലപാടിന്റെ, പ്രത്യയശാസ്ത്രപരമായ പിടിവാശിയുടെ പ്രശ്‌നമാണ്. അത് ജനങ്ങളെ പഠിപ്പിക്കുന്നതിനുള്ള അവസരം മാത്രമായി വേണം ഏത് ബജറ്റ് ചർച്ചയെയും നോക്കിക്കാണാൻ. ▮


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments