PRINTED BOOK POST ഇനിയില്ല,
തപാൽ സേവനഫീസ് തോന്നിയപോലെ, ഏതുരുപ്പടിയും തടഞ്ഞുവെക്കാം

PRINTED BOOK POST സേവനം തപാൽ വകുപ്പ് അവസാനിപ്പിച്ചു. പുസ്തകങ്ങളും മാസികകളും ഇനി ഇരട്ടി ചെലവുള്ള രജിസ്ട്രേഡ് പോസ്റ്റ് ആയി കണക്കാക്കും. തപാൽ സേവനങ്ങൾക്കുള്ള നിരക്ക് ഇനി മേലാൽ വകുപ്പിന് നേരിട്ട് നിശ്ചയിക്കാം എന്നതടക്കം, പാർലമെന്റിനെ മറികടക്കുന്ന ജനാധിപത്യവിരുദ്ധമായ വ്യവസ്ഥകളുള്ള പുതിയ പോസ്​റ്റോഫീസ് ബില്ലിനെക്കുറിച്ച് എഴുതുന്നു, എ.കെ. രമേശ്.

പ്രണയ ലേഖനം എങ്ങനെയെഴുതണം എന്നത് മുനികുമാരികയുടെ മാത്രം ബേജാറല്ല എന്ന് ഇന്ന് പോസ്റ്റൽ നിയമ ഭേദഗതി നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. താമരയിലയുടെ കാലം മാറുമ്പോൾ ആറ്റുനോറ്റു പുറത്തിറങ്ങുന്ന സ്വന്തം പുസ്തകം വായനക്കാരിലേ ക്കെത്തിക്കാൻ പണ്ടത്തേതിലുമിരട്ടി കാശ് ചെലവാക്കേണ്ടിവരുന്ന വേവലാതി എഴുത്തുകാർക്ക്. കിട്ടിയ വരിസംഖ്യ മുഴുവൻ ചെലവാക്കിയാലും വരിക്കാർക്ക് മാസികകൾ എത്തിച്ചു കൊടുക്കാനാവാത്ത വിഷമം ആനുകാലികങ്ങൾക്ക്.

പഴയ താമരയിലയുടെയും പുതിയ അഞ്ചലോട്ടക്കാ രൻ്റെയും കാലം പോയ ശേഷം, എളുപ്പത്തിലെഴുതാവുന്നത് കാർഡിലോ ഇൻലൻ്റിലോ ആണെന്ന് പഠിപ്പിച്ചത് സായ്പാണ്. സായ്പ്പാണ് 1898 ൽ ഇന്ത്യൻ പോസ്റ്റാഫീസ് ആക്ട് പാസ്സാക്കിയത്. ഒന്നേകാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ്, സ്വാതന്ത്യം കിട്ടിയതായി നമ്മെ ഭരിക്കുന്നവർക്ക് തോന്നിത്തുടങ്ങിയത്. സ്വാതന്ത്ര്യദിനത്തെ ഏതാനും ദിവസം മുന്നോട്ടാക്കി ക്ഷേത്രനിർമ്മാണവുമായി ബന്ധിപ്പിക്കുകയും ചെയ്തല്ലോ.

1991- ൽ നിന്ന്
2023- ലേക്കുള്ള മാറ്റം

ക്ഷേത്രം കൂടിയായതോടെ, സായ്പ്പിൻ്റെ നിയമങ്ങൾ നാട്ടുനടപ്പനുസരിച്ച് മാറ്റണമെന്ന് തോന്നുന്നത് സ്വാഭാവികം എന്ന തോന്നലുണ്ടാക്കാനും ദേശീയതാവാദികൾക്ക് കഴിഞ്ഞു.

അങ്ങനെയാണ് 2023- ൽ ഒരു പുതിയ പോസ്റ്റാഫീസ് ബിൽ വരുന്നത്. യഥാർത്ഥത്തിൽ ഇങ്ങനെയൊരു നിയമഭേദഗതി 1991- ൽ തന്നെ, എന്നു വെച്ചാൽ തിയോക്രാറ്റിക് സ്റ്റെയ്റ്റ് ആക്കാൻ തുടങ്ങുന്നതിനു മുമ്പുതന്നെ, ഇന്ത്യയിൽ ചർച്ച ചെയ്യപ്പെട്ടതാണ്. എന്നാൽ അന്നൊന്നുമില്ലാത്ത പുതിയ ദേശീയതാബോധം ജ്വലിപ്പിച്ചുനിർത്തിക്കൊണ്ടാണ് 2023- ൽ പുതിയ നിയമം പാസാക്കപ്പെടുന്നത്.

പാർലമെൻ്ററി സമ്പ്രദായത്തില്‍ ശബ്ദവോട്ട് സ്ഥിരം സമ്പ്രദായമായതോടെ ഒച്ച മാത്രം മതി എന്നായി മാറി.
പാർലമെൻ്ററി സമ്പ്രദായത്തില്‍ ശബ്ദവോട്ട് സ്ഥിരം സമ്പ്രദായമായതോടെ ഒച്ച മാത്രം മതി എന്നായി മാറി.

പാർലമെൻ്ററി സമ്പ്രദായം തന്നെയാണ് ഇപ്പോഴും തുടരുന്നതെങ്കിലും, ചർച്ച കൂടാതെ ഒച്ച വോട്ടിനിട്ട് പാസാക്കുന്നതായി രീതി. ശബ്ദവോട്ട് സ്ഥിരം സമ്പ്രദായമായതോടെ ഒച്ച മാത്രം മതി എന്നായി. ഒച്ചവെക്കുന്നവർക്കിഷ്ടമുള്ളതെല്ലാം ഒന്നിച്ച് ചുട്ടെടുക്കുന്ന ഫാക്ടറികളായി നിയമനിർമാണ വേദി മാറിത്തീരുമ്പോഴും നാം അതിനെ പാർലമെൻ്ററി സമ്പ്രദായം എന്നു തന്നെ വിളിച്ചു ശീലിച്ചു പോരുകയാണല്ലോ. അത്തരമൊരു കാലത്താണ് ഇനി കത്തെഴുത്ത് അത്ര എളുപ്പമാവില്ല എന്ന് ഇന്ത്യക്കാർ മനസ്സിലാക്കിത്തുടങ്ങുന്നത്.

ഇനി പാർലമെൻ്റിൻ്റെ
എടങ്ങേറില്ല

പാർലമെൻ്റിനെത്തന്നെ മറികടക്കാൻ എക്സിക്യൂട്ടീവിന് സൗകര്യം ചെയ്തു കൊടുക്കുന്ന ബില്ലാണ് പോസ്റ്റാഫീസ് ബിൽ 2023 (The Post Office Bill, 2023). തപാൽ വകുപ്പിന് പാർലമെൻ്റിൻ്റെ അറിവോ സമ്മതമോ കൂടാതെ പുതിയ ഏതുതരം സേവനവും നടപ്പാക്കിത്തുടങ്ങാം. സായ്പ്പിൻ്റെ നിയമം തടസ്സം നിന്ന, എല്ലാ ഏടാകൂടങ്ങളും ഒറ്റയടിക്ക് റദ്ദാക്കിക്കളയാൻ 2023- ലെ നിയമം സഹായിക്കും. സമീപകാലത്ത് തപാൽ വകുപ്പ് നടപ്പിലാക്കാൻ ശ്രമിച്ച ഒരു പദ്ധതിയാണ് ഡാക് മിത്ര (Dak Mitra). എല്ലാ തരം സേവനങ്ങളും പുറംകരാർ ചെയ്യിപ്പിക്കാനുള്ള ഒരൊന്നൊന്നര സംവിധാനം. കൗണ്ടർ സർവീസും ഡാറ്റാ ഷെയറിങ്ങും പോസ്റ്റൽ ബാങ്കിങ്ങും അടക്കമുള്ള സേവനങ്ങൾ സ്വയം സേവകർക്ക് പതിച്ചു കൊടുക്കാനുള്ള പദ്ധതിയാണ് സായ്പ്പിൻ്റെ പഴയ നിയമത്തിൽ തട്ടിത്തടഞ്ഞ് വീണ് പരുക്കു പറ്റി തവിടുപൊടിയായത്.

തപാൽ സേവനങ്ങൾക്കുള്ള നിരക്കുകൾ ഇനി മേലാൽ വകുപ്പിന് നേരിട്ട് നിശ്ചയിക്കാം. അതിനും വേണ്ട പാർലമെൻ്റിൻ്റെ കൈയ്യൊപ്പ്. പെട്രോൾ ഡീസൽ വില നിർണയാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയതുപോലെ ഇനി തപാൽ സേവനങ്ങളും സർക്കാർ മുക്തമാവും എന്നർത്ഥം.

1898- ലെ നിയമപ്രകാരം ഏത് പുതിയ സേവനവും നടപ്പാക്കാൻ പാർലമെൻ്റിൻ്റെ അനുമതി വേണം. പാർലമെൻ്റിലും നല്ലത് സർക്കാർ വകുപ്പുകളാണ് എന്ന് ഉത്തമബോധ്യമുള്ള ഒരു സർക്കാർ, അതുകൊണ്ടുതന്നെ തപാൽ സേവനങ്ങളെ പാർലമെൻ്റ് മുക്തമാക്കാൻ (കോൺഗ്രസ് മുക്തം, പ്രതിപക്ഷമുക്തം എന്ന മട്ടിൽത്തന്നെ) ബാധ്യസ്ഥ മാണ്. അതിൻ്റെ ഭാഗമായാണ് പുതിയ ഭേദഗതി എന്നർത്ഥം. ഇനി പാർലമെൻ്റിൻ്റെ എടങ്ങേറില്ലാതെ ഏത് സേവനവും തുടങ്ങാനും അവസാനിപ്പിക്കാനും വകുപ്പ് മന്ത്രിക്കോ അയാളുടെ സെക്രട്ടറിക്കോ അധികാരം ലഭിക്കുകയാണ്. നോ മോർ പാർലമെൻ്ററി ഡിബേറ്റ്സ്! അതാണ് 2023-ലെ ബില്ലിൻ്റെ മഹിമ!

ഫീസിനി ഇഷ്ടം പോലെ,
എന്തും തടയാം സർക്കാറിന്

തപാൽ സേവനങ്ങൾക്കുള്ള നിരക്കുകൾ ഇനി മേലാൽ വകുപ്പിന് നേരിട്ട് നിശ്ചയിക്കാം. അതിനും വേണ്ട പാർലമെൻ്റിൻ്റെ കൈയ്യൊപ്പ്. പെട്രോൾ ഡീസൽ വില നിർണയാധികാരം എണ്ണക്കമ്പനികൾക്ക് നൽകിയതുപോലെ ഇനി തപാൽ സേവനങ്ങളും സർക്കാർ മുക്തമാവും എന്നർത്ഥം. എന്നു വെച്ചാൽ, കാര്യങ്ങളെല്ലാം കമ്പോളം തീരുമാനിക്കും. കൊറിയർ കമ്പനികളുമായി മത്സരിച്ച് നിൽക്കണ്ടേ, ചാർജ് അൽപ്പം കൂട്ടാതെ പറ്റുമോ എന്ന തോന്നലിലേക്ക് പാവം ജനത്തെ എത്തിക്കാൻ വലിയ പാടില്ലല്ലോ.

പുതിയ നിയമത്തിൻ്റെ കേമത്തമായി പറയുന്നത് ദേശസുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം എന്നിവ മുൻനിർത്തി ഏത് ഓഫീസർക്കും ഏത് തപാൽ ഉരുപ്പടിയും തടസ്സപ്പെടുത്താനോ തുറന്നുനോക്കാനോ തടഞ്ഞുവെക്കാനോ ഉള്ള അധികാരം നൽകാൻ സർക്കാറിനാവുന്നു എന്നതാണ്.

ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള എല്ലാ തരം കത്തിടപാടുകളും കൈകാര്യം ചെയ്യാനുള്ള കുത്തകാവകാശം’ ഇന്ത്യാ ഗവൺമെൻ്റിനാണ് എന്ന വകുപ്പാണ് കുളം കുഴിക്കുമ്പോൾ കുറ്റിപൊരിഞ്ഞു പോവും പോലെ അപ്രത്യക്ഷമാ യിരിക്കുന്നത്./Photo: x @joozachariah
ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള എല്ലാ തരം കത്തിടപാടുകളും കൈകാര്യം ചെയ്യാനുള്ള കുത്തകാവകാശം’ ഇന്ത്യാ ഗവൺമെൻ്റിനാണ് എന്ന വകുപ്പാണ് കുളം കുഴിക്കുമ്പോൾ കുറ്റിപൊരിഞ്ഞു പോവും പോലെ അപ്രത്യക്ഷമാ യിരിക്കുന്നത്./Photo: x @joozachariah

എന്നാൽ സായ്പ്പിൻ്റെ 1898- ലെ നിയമത്തിൽ തന്നെ അതിൻ്റെ 19,19 A, 23a, c തുടങ്ങിയ വകുപ്പുകൾ പ്രകാരം ഉരുപ്പടികൾ തടഞ്ഞുവെക്കാൻ വ്യവസ്ഥയുണ്ട്. explosive, dangerous, filthy, noxious or deleterious substance മാത്രമല്ലേ അങ്ങനെ തടയാനാവൂ എന്നാണ് മറുചോദ്യം. പുതിയ നിയമപ്രകാരം തപാൽ പാർസലുകൾ വഴിയുള്ള കള്ളക്കടത്തും മരുന്നു കടത്തുമൊക്കെ തടയാനാവും എന്നാണ് പ്രചാരണം. ശരിയാണ്, തടയാനായേക്കും.

കൊറിയറുകൾക്കിനി
സുവർണകാലം

പക്ഷേ ഇന്ത്യയിൽ കൊറിയർ, എക്സ്പ്രസ് പാർസൽ സേവനത്തിൻ്റെ വെറും 15 ശതമാനം മാത്രമാണ് തപാൽ വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും 85 ശതമാനം ഉരുപ്പടികളും അയക്കുന്ന സ്വകാര്യ കൊറിയർ സർവീസുകളിൽ ഇമ്മാതിരി തടഞ്ഞുവെക്കൽ നിയമങ്ങൾ ഇല്ലെന്നിരിക്കെ ഇത് എത്ര നിഷ്പ്രയോജനകരമാണെന്നുമാണ് മുൻ സിവിൽ സർവൻ്റായ ഗൗതം ഭട്ടാചാര്യ ചൂണ്ടിക്കാട്ടുന്നത്. (ഹിന്ദു 2023 സെപ്റ്റംബർ 15). പുതിയ നിയമ ഭേദഗതികൾ കൊറിയർ സർവീസുകളെ സഹായിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് വളരെ മുമ്പ് തന്നെ ആക്ഷേപമുയർന്നതാണ്.

പുതിയ നിയമം 1898- ലെ തപാൽ നിയമത്തെ അപ്പടി റദ്ദാക്കുകയാണ്. അതുവഴി ഞെക്കിക്കൊല്ലുന്ന അതിലെ നാലാം വകുപ്പാണ് ഇത്രയും കാലം കൊറിയർ സർവീസുകാർക്ക് എടങ്ങേറായി നിന്നിരുന്നത്. ‘ഒരിടത്തു നിന്ന് മറ്റൊരിടത്തേക്കുള്ള എല്ലാ തരം കത്തിടപാടുകളും കൈകാര്യം ചെയ്യാനുള്ള കുത്തകാവകാശം’ ഇന്ത്യാ ഗവൺമെൻ്റിനാണ് എന്ന വകുപ്പാണ് കുളം കുഴിക്കുമ്പോൾ കുറ്റിപൊരിഞ്ഞു പോവും പോലെ അപ്രത്യക്ഷമാ യിരിക്കുന്നത്.

സർക്കാറിൻ്റെ തടിയൂരലും
അമിതാധികാര വാഴ്ചയും

സ്വകാര്യ മേഖല കഴിവ് തെളിയിച്ചേടങ്ങളിൽ നിന്നൊക്കെ സർക്കാറിൻ്റെ ക്രമേണയുള്ള പിൻവാങ്ങൽ (gradual withdrawal from the areas- എന്ന് 1991- ലെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് തെരഞ്ഞെറടുപ്പ് മാനിഫെസ്റ്റോ) എന്നത് തങ്ങളുടെ കൂടി സിദ്ധാന്ത ശാഠ്യമാണ് എന്നാണ് ബി ജെ പി സർക്കാറും തെളിയിച്ചുകാട്ടുന്നത്.

തപാൽ സേവനങ്ങളിൽ പലതും ഇല്ലാതാവുന്നതും ആർ.എം.എസ് സംവിധാനം തന്നെ വേണ്ടെന്നു വെക്കുന്നതും ഇടപാടുകാരിൽ നിന്ന് അമിത ഫീസ് ഈടാക്കുന്നതുമൊക്കെ ഇതിൻ്റെ ഭാഗമായാണ്. നോ ഫ്രീ ലഞ്ച് എന്നതാണ് നവലിബറലിസത്തിൻ്റെ പ്രമാണം.
അതോടൊപ്പം ബി ജെ പി സർക്കാറിൻ്റെ അമിതാധികാരപ്രമത്തത കൂടി തെളിയിച്ചു കാട്ടുന്നുണ്ട് പുതിയ പരിഷ്കാരങ്ങൾ. പത്രമാസികകൾക്കുള്ള തപാൽ സൗജന്യങ്ങൾ നിഷേധിച്ചുകൊണ്ട് എതിർശബ്ദങ്ങൾ ഞെരിച്ചടക്കുന്നതിനുള്ള പുതിയ മാർഗം കൂടി കണ്ടെത്തുകയാണവർ. കാശുള്ളവർ മാത്രം, കാശുണ്ടാക്കാനാവുന്നവർ മാത്രം കൈകാര്യം ചെയ്താൽ മതി ഇതൊക്കെ എന്നു തന്നെ. എന്നു വെച്ചാൽ ആക്രമണം സാധാരണ ജനങ്ങൾക്ക് നേരെയാണ് എന്നു തന്നെ.


Summary: India's Postal Department Discontinues Book Post Service. A.K. Ramesh discusses the Post Office Bill of 2023.


എ.കെ. രമേശ്

എഴുത്തുകാരൻ, ബെഫി മുൻ അഖിലേന്ത്യാ പ്രസിഡന്റ്. ആഗോളവല്ക്കരണവും മൂന്നാം ലോക ജീവിതവും, ദോഹാ പ്രഖ്യാപനത്തിന്റെ കാണാപ്പുറങ്ങൾ എന്നിവ കൃതികൾ

Comments