ഉത്തർ പ്രദേശിലെ ഏറ്റവും ശക്തമായ പോരാട്ടത്തിൽ, സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് കനൗജിൽ വിജയത്തിലേക്ക്. ബി ജെ പിക്ക് കനത്ത തിരിച്ചടിയേകി, പാർട്ടി സിറ്റിങ്ങ് എം.പി സുബ്രത് പഥക്കിനെ തോൽപ്പിച്ചാണ് അഖിലേഷ്, മുലായം കുടുംബത്തിന്റെ ‘സ്വന്തം’ മണ്ഡലം തിരിച്ചുപിടിച്ചത്. ബി എസ് പി കനത്ത വെല്ലുവിളിയുയർത്തിയെങ്കിലും പാർട്ടി സ്ഥാനാർഥിയായ ഇമ്രാൻ ബിൻ സഫർ മൂന്നാമതായി.
പ്രാദേശിക പാർട്ടി നേതാവായല്ല ഇത്തവണ അഖിലേഷ് യാദവ് ലോക്സഭയിലേക്കെത്തുക. ‘ഇന്ത്യ’ മുന്നണിയുടെ പ്രധാന നേതാവ് എന്ന നിലയിൽ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടുന്ന നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു.
മുസ്‌ലിം വോട്ടർമാർക്ക് നിർണായക സ്വാധീനമുള്ള കനൗജിൽ ബി.എസ്.പിയും ശക്തമാണ്. ഒരു മുസ്‌ലിം സ്ഥാനാർഥിയെ നിർത്താതെ, കുടുംബപാരമ്പര്യം സംരക്ഷിക്കാനിറങ്ങിയ അഖിലേഷിനെ മായാവതി അതിരൂക്ഷമായി വിമർശിച്ചിരുന്നു.
സമാജ് വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജിൽ 2019-ൽ അഖിലേഷിന്റെ പങ്കാളി കൂടിയായ എസ്.പി നേതാവ് ഡിംപിൾ യാദവിനെ 12,000 വോട്ടിന് തോൽപ്പിച്ചാണ് ബി ജെ പി സീറ്റ് പിടിച്ചെടുത്തത്. മുലയാം സിങ് യാദവിന്റെ മണ്ഡലമായിരുന്ന കനൗജ് 2000 മുതൽ 2012 വരെ അഖിലേഷിന്റെ സിറ്റിങ് സീറ്റായിരുന്നു.
2012- ൽ മുഖ്യമന്ത്രിയായശേഷം അഖിലേഷ് കനൗജ് ഒഴിഞ്ഞു. അതേവർഷം, ഡിംപിൾ യാദവ് എതിരില്ലാതെയാണ് ഇവിടെനിന്ന് പാർലമെന്റിലെത്തിയത്. 2014- ൽ അവർ 2000- വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. എന്നാൽ, 2019- ൽ ഡിംപിളിന് വിജയം ആവർത്തിക്കാനായില്ല. കനൗജ്, ഇതിനുമുമ്പ് 1996- ലാണ് ബി ജെ പി പിടിച്ചെടുത്തത്. 23 വർഷത്തിനുശേഷം, 2019-ൽ മണ്ഡലം തിരിച്ചുപിടിച്ചെങ്കിലും ബി ജെ പിക്ക് വിജയം ആവർത്തിക്കാനായില്ല.
2019-ലെ തിരഞ്ഞെടുപ്പിൽ അസംഗഢിൽ നിന്നാണ് അഖിലേഷ് യാദവ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2022- ൽ കർഹാളിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ച് എം.എൽ.എയായി.
ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും പ്രചാരണത്തിൽ സജീവമാകേണ്ടത് അനിവാര്യമായ സാഹചര്യത്തിൽ അഖിലേഷ് ഇത്തവണ മത്സരത്തിനില്ലെന്നായിരുന്നുവെന്നാണ് എസ്പി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ കനൗജിൽ തേജ്പ്രതാപ് യാദവിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കിടയിൽ അമർഷമുണ്ടായ സാഹചര്യത്തിലാണ്, മുലായം സിങ് യാദവിന്റെ കുടുംബപാരമ്പര്യം വീണ്ടെടുക്കാൻ കൂടി അഖിലേഷ് തന്നെ രംഗത്തിറങ്ങിയത്. രാഹുൽ ഗാന്ധിയും അഖിലേഷും കൈകോർത്തുള്ള കാമ്പയിനായിരുന്നു ഇത്തവണ കനൗജിന്റെ പ്രത്യേകത. അഖിലേഷിന്റെ മത്സരം യാദവ വോട്ടുകളെയും മുസ്‍ലിം വോട്ടുകളെയും ഒരേപോലെ ഏകോപിപ്പിക്കാൻ സഹായകമായി.