ഗാന്ധി ജയന്തി ദിനത്തിൽ ലക്ഷദ്വീപിലെ കവരത്തിയിൽ നടന്ന ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങിൽ നിന്ന്. / Photo : Abdul Salam Lakshadweep

ലക്ഷദ്വീപുകാരുടെ ‘ഗാന്ധി വിരോധം’,
സംഘ്​പരിവാറിന്റെ ഗാന്ധി സ്​നേഹം

2010 ഗാന്ധി ജയന്തി ദിനത്തിൽ കവരത്തിയിൽ അനാച്ഛാദനം ചെയ്യാൻ കൊണ്ടുവന്ന ഗാന്ധി പ്രതിമ ദ്വീപുകാരുടെ എതിർപ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്ന കഥയുണ്ടാക്കി ദ്വീപ്​ നിവാസികളെ ഗാന്ധി വിരോധികളായി മുദ്ര കുത്തുകയാണ്​ സംഘപരിവാർ. ഈ പ്രചാരണത്തിനുപുറകിലെ ഗൂഢലക്ഷ്യം അന്വേഷിക്കുന്നു

ക്ഷദ്വീപ് ജനതയുടെ സ്വൈര്യജീവിതം സംഘർഷങ്ങളിലേക്ക് വഴുതിവീണിട്ട്​മാസങ്ങൾ കഴിഞ്ഞു. ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും മുസ്‌ലിംകൾ മാത്രമുള്ള ദ്വീപ് ഭൂമിക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തുടർച്ചയായ കരുനീക്കങ്ങൾക്ക് ഇരയാവുകയാണിന്ന്. ലക്ഷദ്വീപിന്റെ സാമൂഹികവും രാഷ്ട്രീയവും പാരിസ്ഥിതികവുമായ സന്തുലിതാവസ്ഥകളെ അട്ടിമറിക്കുന്ന നീക്കങ്ങളുമായി വന്ന ബി.ജെ.പി ഭരണകൂടത്തിനെതിരെ തുറന്ന പോരാട്ടവുമായി ദ്വീപ് ജനത രംഗത്തെത്തിയതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കണ്ണിലെ മറ്റൊരു കരടായി അവർ മാറി.

അധികാരത്തിന്റെ പിൻബലത്തിൽ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങൾ കൂടാതെ വ്യാജ ആരോപണങ്ങളും കുപ്രചാരണങ്ങളുമടക്കമുള്ള സംഘടിത നീക്കങ്ങൾ ദ്വീപ് സമൂഹത്തിനുനേരെ തുടർച്ചയായി അരങ്ങേറുകയാണ്. ദ്വീപിന് നിരവധി കിലോമീറ്റർ അകലെ കടലിൽ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുക്കുമ്പോൾ ദ്വീപ് ജനത കുറ്റക്കാരായി ചിത്രീകരിക്കപ്പെടുന്നതും ഗുജറാത്ത് തീരത്ത് അദാനിയുടെ ഹാർബറിൽ 20,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിക്കുമ്പോൾ യാതൊരുവിധ ചർച്ചകളുമില്ലാതിരിക്കുന്നതും അതുകൊണ്ടാണല്ലോ. ദ്വീപ് സമൂഹത്തിനെതിരായ വിദ്വേഷ പ്രചാരണത്തിന് ഇന്ന് ഗാന്ധിയെപ്പോലും സംഘപരിവാർ ആയുധമാക്കുന്നു എന്നതാണ് ഏറ്റവും പുതിയ സാഹചര്യം.

ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങ്​, സംഘപരിവാർ വിനിയോഗിച്ചത് തങ്ങളുടെ വംശീയ, അപര മത വിദ്വേഷ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്. ദ്വീപ് ജനതയ്ക്ക് ഗാന്ധി വിരോധികൾ എന്നൊരു പേരുകൂടി സംഘപരിവാർ ചാർത്തിക്കൊടുത്തു.

കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ലക്ഷദ്വീപ്​ ആസ്ഥാനമായ കവരത്തിയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഗാന്ധി ജയന്തി ദിനത്തിൽ പതിവായി നടക്കാറുള്ളത് പോലെ സ്വാഭാവികമായി കാണേണ്ടിയിരുന്ന ഈ ചടങ്ങ് സംബന്ധിച്ച വാർത്തയെ സംഘപരിവാർ വിനിയോഗിച്ചത് തങ്ങളുടെ വംശീയ, അപര മത വിദ്വേഷ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്. ദ്വീപ് ജനതയ്ക്ക് ഗാന്ധി വിരോധികൾ എന്നൊരു പേരുകൂടി സംഘപരിവാർ ചാർത്തിക്കൊടുത്തു.

""ഇത്, രാജ്‌നാഥ് സിംഗ് ജീ... ഇന്നലെ വരെ രാഷ്ട്രപിതാവിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കാത്ത ലക്ഷദ്വീപിൽ, ഗാന്ധിജിയുടെ പ്രതിമ ദ്വീപിൽ ഇറക്കാൻ അനുവദിക്കാതെ വന്ന, കപ്പലിൽ തന്നെ കൊച്ചിക്ക് മടക്കി അയച്ച കവരത്തി ദ്വീപിൽ, ഇന്ന് ഗാന്ധി പ്രതിമ സ്ഥാപിച്ചിരിക്കുന്നു'', രാജ്‌നാഥ് സിംഗ് കവരത്തിയിൽ ഗാന്ധിജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ബി.ജെ.പി നേതാവ് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. സമാനമായതും ഇതിനേക്കാൾ വംശീയ വിദ്വേഷം വമിക്കുന്നതുമായ പലതരം പ്രതികരണങ്ങൾ ദേശീയ- അന്തർ ദേശീയ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടു.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് എത്തിയപ്പോൾ / Photo : Abdul Salam Lakshadweep

ജനം ടി.വി അതിങ്ങനെ റിപ്പോർട്ട് ചെയ്തു: "ഇത് പുതിയ ഇന്ത്യയാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്ത് മുന്നോട്ടു പോകാൻ ഒരാളേയും നാം അനുവദിക്കില്ല. കശ്മീർ മുതൽ കന്യാകുമാരി വരേയും കച്ച് മുതൽ കാമരൂപം വരേയും ഈ രാജ്യം ഒന്നാണ്, അവിഭാജ്യമാണ്, ഇന്ത്യൻ ഭരണഘടനയുടെ കീഴിലാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ഈ രാജ്യത്ത് എവിടേയും സ്ഥാപിക്കാൻ നമുക്ക് അവകാശമുണ്ട്. അത് തടയാൻ ഒരാൾക്കും കഴിയില്ല. തടയാൻ ശ്രമിക്കുന്നവരെ കരുത്തോടെ നേരിടാൻ നമുക്കിന്ന് കഴിയുകയും ചെയ്യും. 2010 ൽ യു.പി.എ സർക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു ഗാന്ധിജിയുടെ അർദ്ധകായ പ്രതിമ ലക്ഷദ്വീപിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രതിമ നിർമ്മിച്ച് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രതിമ ലക്ഷദ്വീപിൽ ഇറക്കാൻ ഒരു വിഭാഗം സമ്മതിച്ചില്ല. മതപരമായ കാരണങ്ങളായിരുന്നു പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഉയർത്തിയത്. ഇതെല്ലാം തള്ളിക്കളഞ്ഞാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ പിന്തുണയോടെ കേന്ദ്രസർക്കാർ, ഗാന്ധിജിയുടെ പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്.'

‘മഹാത്മാഗാന്ധിയുടെ ആശയങ്ങളെ നിരാകരിക്കുന്ന, ജാതിമേൽക്കോയ്മ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വർ ഇന്ന് എന്തിനാണ് മഹാത്മാഗാന്ധിയെ ഉയർത്തിപ്പിടിക്കുന്നത്? ’’

2010 ഗാന്ധി ജയന്തി ദിനത്തിൽ തലസ്ഥാന ദ്വീപായ കവരത്തിയിൽ അനാച്ഛാദനം ചെയ്യണമെന്നുദ്ദേശിച്ച് സെപ്റ്റംബർ 28 ന് എം.വി. അമിൻദിവി കപ്പലിൽ പുറപ്പെട്ട രണ്ടുലക്ഷം രൂപ വിലവരുന്ന ഗാന്ധിയുടെ അർദ്ധകായ പ്രതിമ ദ്വീപുകാരുടെ എതിർപ്പുകാരണം തിരിച്ചയക്കേണ്ടി വന്നു എന്ന കഥയെ പിൻപറ്റിയാണ് ഇക്കഥകളെല്ലാം പ്രചരിക്കപ്പെട്ടത്. സംഘപരിവാർ പ്രചരിപ്പിക്കുന്ന ആ കഥയ്ക്ക് പക്ഷെ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല.

ഗാന്ധി പ്രതിമ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് "ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ടിൽ അന്നത്തെ കലക്റ്ററായിരുന്ന എൻ. വസന്ത കുമാർ പറയുന്നത്, ‘മോശം കാലാവസ്ഥ കാരണം കപ്പലിൽ നിന്ന്​ ഭാരിച്ച പ്രതിമ ഇറക്കാൻ പറ്റിയില്ല’ എന്നാണ്. മതപരമായ എന്തെങ്കിലും എതിർപ്പ് ഇതിനുപിന്നിലുണ്ടോ എന്ന ചോദ്യത്തിന് ‘ഞങ്ങൾക്ക് ഒരു പരാതിയും കിട്ടിയിട്ടില്ല എന്നും അത്തരം എതിർപ്പുകളുണ്ടെങ്കിൽ സാധാരണഗതിയിൽ പള്ളിയിലെ ഖാസിയാണ് അതറിയിക്കുക എന്നും അദ്ദേഹം അങ്ങനെ ചെയ്തിട്ടില്ലെന്നും’ കലക്ടർ വിശദീകരിക്കുന്നുമുണ്ട്.

ലക്ഷദ്വീപ് എം.പിയും ഗാന്ധി പ്രതിമ അനാച്ഛാദന പരിപാടിയിലെ പങ്കാളിയുമായിരുന്ന എം.പി. പി‌.പി. മുഹമ്മദ് ഫൈസൽ ട്രൂകോപ്പി വെബ്സീനിനോട് പറഞ്ഞത്: ‘‘പ്രഫുൽ കെ. പട്ടേൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി വന്നതിനുശേഷം കൊണ്ടുവന്ന പരിഷ്‌കാരങ്ങൾക്കെതിരെ ദ്വീപ് ജനത നടത്തിയ ചെറുത്തുനിൽപ്പിനെ എതിർക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു ശ്രമം അവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. അല്ലാതെ അതിൽ യാതൊരു അടിസ്ഥാനവും ഇല്ല. അവരുടെ ഉദ്ദേശ്യം ദ്വീപിനെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നതുതന്നെയാണ്. ദ്വീപ് ജനതയെ കുറിച്ച് മറ്റൊരു ചിത്രം പുറത്തേക്ക് എത്തിക്കുക എന്നതാണ്. എന്നാൽ ലക്ഷദ്വീപുകാരെ അറിയുന്ന ഒരാളും ദ്വീപ് ജനതയുടെ മേൽ ചൊരിയുന്ന ഒരു തെറ്റിദ്ധാരണയും വിശ്വസിക്കാൻ പോകുന്നില്ല.’’

ലക്ഷദ്വീപ് എം.പി. പി‌.പി. മുഹമ്മദ് ഫൈസൽ ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങിൽ സംസാരിക്കുന്നു. / Photo : Abdul Salam Lakshadweep

ചരിത്രാധ്യാപകനും ചിന്തകനുമായ കെ.ഇ.എൻ പറയുന്നു: ‘‘മഹാത്മാഗാന്ധിയുടെ ആശയങ്ങളെ നിരാകരിക്കുന്ന, ജാതിമേൽക്കോയ്മ ഉയർത്തിപ്പിടിക്കുന്ന ഹിന്ദുത്വർ ഇന്ന് എന്തിനാണ് മഹാത്മാഗാന്ധിയെ ഉയർത്തിപ്പിടിക്കുന്നത്? അതിന്റെ പ്രധാന കാരണം, ഗാന്ധിയുടെ ആശയങ്ങൾക്കൊക്കെ പലതരം വേലിയിറക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ വെട്ടിനിരത്താൻ പലതരത്തിൽ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ജനതയുടെ അവബോധത്തിൽ എവിടെയോ ഒരു ഗാന്ധിയുണ്ട് എന്നതാണ്. നോട്ടിലല്ലാതെ, ഇന്ത്യൻ ജനതയുടെ ഹൃദയത്തിൽ എവിടെയോ ഒരു ഗാന്ധിയുണ്ട്. ആ ഗാന്ധിയെക്കൂടി തങ്ങളുടെ ആശയപ്രചാരണത്തിനും തങ്ങളുടെ മേൽക്കോയ്മയ്ക്കും ഉപയോഗിക്കണമെന്ന താത്പര്യമാണത്. ജാതിമേൽക്കോയ്മയുടെ അജണ്ടയ്ക്ക് ഇന്ത്യൻ ജനതയുടെ അബോധത്തിലെ ആ അവ്യക്ത ഭാഗത്തെക്കൂടി ഉപയോഗിക്കുന്നതിന്റെ ഭാഗമായി മാത്രമേ സംഘപരിവാറിന്റെ ഗാന്ധി സ്‌നേഹത്തെ കാണാൻ സാധിക്കൂ.’’

വളരെ സ്വാഭാവികമായി നടന്ന സംഭവങ്ങളെ വളച്ചൊടിച്ച്, തങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചാണ് സംഘപരിവാർ ദ്വീപ് ജനതയ്ക്കുമേൽ ഗാന്ധി വിരോധം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ദ്വീപിൽ അപ്രഖ്യാപിത ശരീഅത്ത് നിയമം നടപ്പിലുണ്ടെന്ന വലതുപക്ഷ പ്രചാരണത്തിനെതിരെയും ദ്വീപുകാരുടെ ഗാന്ധി വിരോധമെന്ന പുതിയ ആരോപണത്തെക്കുറിച്ചും ദ്വീപിലെ ഒരേയൊരു പ്രസിദ്ധീകരണമായ ലക്ഷദ്വീപ് ഡയറി എഴുതി: ‘‘ഇറക്കാൻ കഴിയാതെ തിരിച്ചുപോയ ഗാന്ധിപ്രതിമ കവരത്തിയിലേക്ക് തിരിച്ചെത്തിയതായി ഞങ്ങൾക്കറിയാൻ സാധിച്ചിട്ടില്ല. അന്നത്തെ അഡ്മിനിസ്‌ട്രേറ്റർ ദാദു തന്റെ ആത്മീയ ഗുരുവായ ബാബാ രാംദേവിനെ ദ്വീപിൽ കൊണ്ടുവരികയും അദ്ദേഹത്തിന്റെ നിർദേശ പ്രകാരം സ്‌കൂളുകളിലും പൊതുജനങ്ങൾക്കും യോഗ ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിരുന്നു. അത് ദ്വീപുകാർ സ്വാഗതം ചെയ്യുകയാണുണ്ടായത്. എന്നാൽ ഹിന്ദുത്വ ആശയങ്ങൾ കുത്തിനിറച്ച ഒരു പുസ്തകം വിദ്യാലയങ്ങളിൽ വിതരണം ചെയ്യുകയും കുട്ടികൾ തമ്മിൽ തമ്മിൽ കാണുമ്പോൾ ‘ഓം..' എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോഴാണ് ദ്വീപ് ജനത എതിർപ്പ് പ്രകടിപ്പിച്ചത്. അങ്ങനെയാണെങ്കിൽ ഞങ്ങളുടെ കുട്ടികളെ സൂളിലേക്ക് വിടുന്നില്ല എന്ന് ദ്വീപുകാർ തീരുമാനിച്ചതോടെയാണ് കാര്യങ്ങൾക്ക് മാറ്റം വന്നത്. ഗാന്ധിപ്രതിമ കൊണ്ടുവന്ന് സ്ഥാപിച്ച് ആഴ്ചയിൽ ഒരു ദിവസം പുഷ്പാർച്ചന നടത്തണമെന്നും പറഞ്ഞിരുന്നു. ഇത് വരും തലമുറ ബിംബാരാധനയായി തെറ്റിദ്ധരിക്കുമോ എന്ന ആശങ്ക ഖാസി പ്രകടിപ്പിച്ചിരുന്നു. ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിൽ അന്നും ഇന്നും ദ്വീപുകാർ എതിരല്ല. എന്നാൽ യഥാർത്ഥത്തിൽ കടൽക്ഷോഭം കാരണം ഭാരമുള്ള പ്രതിമ ഇറക്കാൻ കഴിയാതെ തിരികെ കൊണ്ടുപോവുകയായിരുന്നു. അടുത്ത റിപ്പബ്ലിക് ദിനത്തിൽ സ്ഥാപിക്കണമെന്ന ഉദ്ദേശ്യത്തോടെ അഡ്മിനിസ്‌ട്രേഷൻ ഒരു ശില്പിയെ വൻകരയിൽ നിന്ന് കൊണ്ടുവന്ന് ഗാന്ധിപ്രതിമ ഉണ്ടാക്കിച്ചതായി അറിയുന്നു. തൊട്ടടുത്ത വർഷം റിപ്ലബ്ലിക് ദിനത്തിന് അത് പ്രദർശിപ്പിക്കുകയുമുണ്ടായി. എന്നാൽ പ്രതിമക്ക് ഗാന്ധിയോട് രൂപസാദൃശ്യം കുറവായിരുന്നു. പലരും അക്കാര്യം സൂചിപ്പിച്ചിരുന്നു. ഗാന്ധിജിയുടെ രൂപസാദൃശ്യമില്ലാത്തതിനെ തുടർന്ന് അത് സ്ഥാപിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു.’’

വളരെ സ്വാഭാവികമായി നടന്ന ഇത്തരം സംഭവങ്ങളെ വളച്ചൊടിച്ച്, തങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിച്ചാണ് സംഘപരിവാർ ദ്വീപ് ജനതയ്ക്കുമേൽ ഗാന്ധി വിരോധം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.

ലക്ഷദ്വീപിന്റെ കവാടം / ഫോ​ട്ടോ : ബിജു ഇബ്രാഹിം

""ദ്വീപ് ജനതയോട് കൂടിയാലോചിക്കാതെയും ദ്വീപ് ജനതയുടെ വികാരം മാനിക്കാതെയും നടപ്പിലാക്കാൻ ശ്രമിച്ച പരിഷ്‌ക്കാരങ്ങൾക്കെതിരെ സ്വാഭാവികമായും ജനം പ്രതിഷേധിച്ചിട്ടുണ്ട്. അതിന് രാജ്യത്താകെ വലിയ രീതിയിലുള്ള മാധ്യമ ശ്രദ്ധയും കിട്ടി. ആ പ്രതിഷേധത്തെയും പ്രതിരോധത്തെയും ഇപ്പോൾ അവർ ഇതുപോലുള്ള കള്ളങ്ങൾ പ്രചരിപ്പിച്ചാണ് പ്രതിരോധിക്കുന്നത്. അതുകൊണ്ടാണ് സംഘപരിവാർ അനുകൂല പത്രങ്ങൾ ദ്വീപുകാരുടെ ഗാന്ധി വിരോധം എന്ന രീതിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ലക്ഷദ്വീപ് ഉണ്ടായി ഇത്രയും കാലം ഇത് പോലൊരു പരാമർശം എവിടെയും കേട്ടിട്ടില്ല. എന്തിന് പ്രഫുൽ കെ. പട്ടേൽ വരുന്നതിന് മുമ്പ് ആറ് വർഷം ബി.ജെ.പി സർക്കാറിന്റെ കീഴിൽ തന്നെയായിരുന്നല്ലോ ലക്ഷദ്വീപ്, അന്നും രാജ്‌നാഥ് സിംഗ് ദ്വീപിൽ വന്നിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഒരു വാദം ഇപ്പോഴെവിടെ നിന്നാണ് വന്നത്. വൈക്കം സത്യാഗ്രഹത്തിന് ഗാന്ധി വരുന്നതറിഞ്ഞ് തോണി തുഴഞ്ഞു വന്ന് ഗാന്ധിയെ കണ്ടു മടങ്ങിയ ദ്വീപുകാരെ കുറിച്ചാണ് ഗാന്ധി പ്രതിമ വെക്കാൻ സമ്മതിക്കാത്തവർ എന്ന് പറയുന്നത്. രാജ്നാഥ് സിംഗ് ഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിൽ കവരത്തി ദ്വീപിൽ നിന്നും മറ്റു ദ്വീപിൽ നിന്നുമെല്ലാം ആളുകൾ പങ്കെടുത്തിട്ടുണ്ട്. ദ്വീപുകാരുടെ ഗാന്ധി സ്‌നേഹം ചോദ്യം ചെയ്യാൻ ഒരിക്കലും ആർക്കും സാധിക്കില്ല.'' പി‌.പി. മുഹമ്മദ് ഫൈസൽ എം.പി പറയുന്നു.

ഗാന്ധി പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് എത്തിയ ദ്വീപിലെ ജനങ്ങൾ / Photo : Abdul Salam Lakshadweep

ഗാന്ധി പ്രതിമ ദ്വീപിൽ സ്ഥാപിക്കണമെന്ന ആവശ്യപ്പെട്ടുള്ള കവരത്തി വില്ലേജ് പഞ്ചായത്ത് ഇറക്കിയ പ്രമേയം കൂടി മറച്ചുപിടിച്ചാണ്, ഗാന്ധിയെ തുടക്കം മുതലെ സമ്പൂർണമായി നിരാകരിച്ച സംഘപരിവാർ ‘ഗാന്ധി സ്നേഹം' വിദ്വേഷത്തിലൂടെ പ്രചരിപ്പിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന ഈ സാഹചര്യത്തിലെങ്കിലും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ദ്വീപിലെ ഏറ്റവും അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കവരത്തി പഞ്ചായത്ത് ഐക്യക​ണ്​ഠ്യേന പ്രമേയം പാസാക്കിയിരുന്നു എന്നാണ് കവരത്തി വില്ലേജ് പഞ്ചായത്ത് ചെയർപേഴ്‌സൺ ടി.അബ്ദുൽ ഖാദർ ട്രൂകോപ്പി വെബ്സീനോട് പറഞ്ഞത്: ‘‘ഞങ്ങളുടെ കൂടെ ആവശ്യമായിരുന്നു രാഷ്ട്രപിതാവിന്റെ പ്രതിമ ഇവിടെ സ്ഥാപിക്കുക എന്നത്. അല്ലാതെ സംഘപരിവാർ രാഷ്ട്രീയ താൽപര്യത്തോടെ പ്രചരിപ്പിക്കുന്നതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല.’’

​​​​​​​ഗാന്ധി ആഹ്വാനം ചെയ്ത സമരങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നവർ പക്ഷെ ദ്വീപ് ജനതയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു. അവരെ രാജ്യദ്രോഹികളും മതദേഹങ്ങളും ഭീകരവാദികളുമാക്കുന്നു.

ഗാന്ധി ജയന്തിക്ക് ഒരു മാസം മുമ്പ് സെപ്തംബർ ഒൻപതിന് കവരത്തി പഞ്ചായത്ത് നടത്തിയ പഞ്ചായത്ത് ബോഡി മീറ്റിങ്ങിൽ, ഒക്ടോബർ രണ്ടിന് ലക്ഷദ്വീപിലേക്കുള്ള കവാടമായ കവരത്തിയിലെ പ്രധാന ജെട്ടിയുടെ പരിസരത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കാൻ ലക്ഷദ്വീപ് അഡ്മിനിട്രേറ്റർക്കു മേൽ സമ്മർദം ചെലുത്തണമെന്ന് പറഞ്ഞിരുന്നു. സാധാരണക്കാരിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്ന പഞ്ചായത്തി രാജ് സംവിധാനം വിഭാവനം ചെയ്യുകയും അതിനെ പ്രചോദിപ്പിക്കുകയും ചെയ്ത ഗാന്ധിയെ കുറിച്ചും മീറ്റിങ്ങിന്റെ പ്രമേയത്തിൽ പരാമർശമുണ്ട്. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തേണ്ട പരിപാടികളും മീറ്റിങ്ങിൽ ചർച്ച ചെയ്തു. ബോഡി മീറ്റിങ്ങിലെ തീരുമാനങ്ങൾ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ഡയറക്ടറെയും, അഡ്മിനിസ്‌ട്രേറ്ററെയും മറ്റും സെപ്തംബർ 16ന് നൽകിയ കത്തിലൂടെ അറിയിക്കുകയും ചെയ്തിരുന്നു.

1, കവരത്തിപഞ്ചായത്ത് യോഗത്തിലെ പ്രമേയം. 2, പഞ്ചായത്ത് യോഗ തീരുമാനങ്ങൾ ലക്ഷദ്വീപ് പഞ്ചായത്ത് ഡയരക്ടറേയും, അഡ്മിനിസ്‌ട്രേറ്ററേയും മറ്റും അറിയിച്ച് കൊണ്ടുള്ള കത്ത്.

ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത അനുഭവമുള്ളവരാണ്​ ദ്വീപ് ജനത. ഗാന്ധി ആഹ്വാനം ചെയ്ത സമരങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നവർ പക്ഷെ ദ്വീപ് ജനതയുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്നു. അവരെ രാജ്യദ്രോഹികളും മതദേഹങ്ങളും ഭീകരവാദികളുമാക്കുന്നു.

""അടിസ്ഥാനപരമായി സംഘപരിവാർ മഹാത്മാഗാന്ധിയുടെ എതിർപക്ഷത്ത് നിന്നവരാണ്. സത്യത്തിൽ ഗാന്ധി മുന്നോട്ടുവെച്ച ആശയങ്ങളുടെ, മതസൗഹാർദാധിഷ്ടിതമായ മതവായനയുടെ സമ്പൂർണ നിരാകരണമാണ് 1923ലെ സവർക്കറുടെ ഹിന്ദുത്വം. വാളിന്റെ മതമാണ് സവർക്കറുടെ ഹിന്ദുമതം, അത് വിശ്വാസത്തിന്റെയല്ല എന്നാണ് ഗാന്ധി അതേക്കുറിച്ച് നടത്തിയ പ്രതികരണം. രണ്ട് 1939 ലെ WE or Our Nationhood Defined എന്ന ഗോൾവാക്കറുടെ പുസ്തകത്തിൽ ഇന്ത്യൻ മഹത്വത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സന്ദർഭത്തിൽ, ചന്ദ്രഗുപ്തൻ, കൗഡില്യൻ, ശിവജി, സി.വി രാമൻ, രവീന്ദ്രനാഥ ടാഗോർ, ലാൽബഹദൂർ ശാസ്ത്രി അങ്ങനെ ഇന്ത്യയിലെ എല്ലാ മഹാന്മാരുടെ പേരും പറയുന്നുണ്ട്. ആ പട്ടികയിൽ 75 പേര് പറയുന്നുണ്ട്. അതിൽ ഗാന്ധിയുടെ പേരില്ല. അതാണ് 1939ലെ സൈദ്ധാന്തിക കൃതികളുടെ സ്വഭാവം. സ്വാതന്ത്ര്യാനന്തരം ഇയാളുടെ പ്രഭാഷണങ്ങളെല്ലാം ചേർത്ത ബഞ്ച് ഓഫ് തോട്ട്സ് എന്ന പുസ്തകമുണ്ട്. അതിൽ ഗാന്ധിയുടെ പേരുപോലും പറയാതെ ‘ഹിന്ദു- മുസ്‌ലിം ഐക്യമില്ലാതെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞവൻ രാജ്യവഞ്ചകനാണ്’ എന്നാണ് പറയുന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഏറെക്കുറെ 1930കൾ മുതൽ പലതവണ നടത്തിയ വധശ്രമം. 1948 ജനുവരി 30ന് അഞ്ചാമത്തെ ശ്രമമാണ് വിജയകരമായി പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് 1950 ൽ ഗാന്ധിയൻ സോഷ്യലിസം എന്ന ഇന്ത്യൻ ജനതയുടെ ഓർമകളെ അവഹേളിക്കുന്ന ഒരു വിചിത്ര പൊളിറ്റിക്കൽ ടെർമിനോളജിയുമായി രംഗത്തുവന്നു. അതായത് തത്വത്തിലും പ്രയോഗത്തിലും ഗാന്ധിയെ നിരാകരിച്ചവർ തന്നെ 1950ൽ ഗാന്ധിയൻ സോഷ്യലിസം കൊണ്ടുവന്നു. അത് പെട്ടെന്ന് പിൻവലിച്ചു. 1966ൽ നെഹ്റുവിനെ ഉപേക്ഷിക്കാൻ വേണ്ടി അവർ ചെയ്ത കാര്യം ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്ത്രി ആരാണെന്ന് ചോദിച്ച് ലാൽ ബഹദൂർ ശാസ്ത്രിയെന്നു ഉത്തരം പറഞ്ഞു, നെഹ്റുവിനെ തള്ളി. 2003ലാണ് ഗാന്ധിയുടെ ചിത്രത്തിന് മുമ്പിൽ പാർലമെന്റിൽ സവർക്കറുടെ പടം വെച്ചത്, പിന്നീട് ഈ അടുത്ത കാലത്ത് ഗാന്ധി സങ്കല്പയാത്ര, സ്വച്ഛഭാരത്... അങ്ങനെ എന്തല്ലാം. അതായത് മതസൗഹാർദം ഉൾപ്പെടെയുള്ള ഗാന്ധിയുടെ മൗലിക ആശയങ്ങൾ മാറ്റിയിട്ട് ഗാന്ധിയെ ഉപരിതലത്തിലുള്ള ഒരു സാധനമാക്കി അവർ മാറ്റി''- കെ.ഇ.എൻ പറയുന്നു.

ഫോ​ട്ടോ : ബിജു ഇബ്രാഹിം

സർക്കാറിന്റെ കയ്യിലുള്ള എല്ലാ സ്ഥലങ്ങളിലും ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിൽ ലക്ഷദ്വീപുകാർക്കോ ഇന്ത്യൻ ജനതയ്ക്കോ എതിർപ്പുണ്ടാവില്ല എന്നതാണ് വസ്തുത, ദ്വീപുകാർ ഇപ്പോഴെതിർക്കുന്നത് ദ്വീപുകാരുടെ ഭൂമി തട്ടിയെടുക്കുന്ന കോർപറേറ്റ് കൊള്ളയ്ക്കെതിരെയാണ്. ഗതാഗത തടസമൊന്നുമില്ലാതെ, ലക്ഷദ്വീപ് ജനത സമരം ചെയ്യുന്നത് ഗാന്ധി പ്രതിമ വയ്ക്കുന്നതിന് എതിരെയല്ല ലക്ഷദ്വീപിലെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെയാണ്.

""ഒരു ബലപ്രയോഗവും കൂടാതെയാണ് മഹാത്മയുടെ പ്രതിമ കവരത്തിയിൽ സ്ഥാപിച്ചത്. ലക്ഷദ്വീപിൽ മഹാത്മാ ഗാന്ധിയുടെ പേരിൽ ചെത്ത്‌ലത്തിനടുത്ത് നാട്ടുകാർ ബാപ്പുജിയുടെ പേരിട്ട് വിളിക്കുന്ന ഒരു ഗാന്ധി ദ്വീപ് ഉണ്ട്, റോഡുകൾ ഉണ്ട്, അന്ത്രോത്തിലെ പഴയ പ്രീഡിഗ്രി കോളേജുണ്ട്, ഇന്നത്തെ പ്ലസ്ടുവിന്റെ പേരും മഹാത്മായുടേതുതന്നെയാണ്. എന്നാൽ ഇന്ന് ബാപ്പുവിനോടും, ദേശത്തോടും കൂറ് തെളിയിക്കേണ്ട അവസ്ഥയിലാണ് ഞങ്ങൾ. ഒരേ സമയം ആടിനോടൊപ്പവും, ആടിനെ കൊന്നിട്ട്, അതേ ആടിന്റെ പേരിൽ ആഘോഷം നടത്തുന്ന പുലിയോടൊപ്പവും നിൽകേണ്ട ഗതികെട്ട അവസ്ഥ ഭീകരമാണ്. രണ്ടിലും കാലു വെച്ചില്ലെങ്കിൽ ദ്വീപുകാരന് ഫ്രീയായി തീവ്രവാദ ചാപ്പയും കിട്ടും. ബാപ്പുജിയെ കൊന്നവരുടെയും, ബ്രിട്ടീഷുകാരന് ഇന്ത്യയെ ഒറ്റു കൊടുത്തവരുടെയും പിൻതലമുറ ദ്വീപുകാർക്ക് രാജ്യസ്‌നേഹത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയാണ്'', കവരത്തി സ്വദേശി സാബിത്ത് ട്രൂകോപ്പി വെബ്‌സീനോട് പറഞ്ഞു.

കെ.ഇ.എൻ.

കെ.ഇ.എൻ പറയുന്നു: ""മുസ്​ലിം ജനത ഭൂരിപക്ഷമുള്ള കശ്മീർ, ലക്ഷദ്വീപ് പോലുള്ള ഇടങ്ങളെ ഒരു മിനി പാക്കിസ്ഥാനാണെന്നാണ് വിചാരധാരയിൽ പരാമർശിക്കുന്നത്. അങ്ങനെയൊരു മുസ്‌ലിം അപരത്വം സൃഷ്ടിക്കുകയാണ് ഇപ്പോൾ സംഘപരിവാർ. ജാതിമേൽക്കോയ്മയെന്ന് പറയുന്നത് തന്നെ അപരകേന്ദ്രീകൃതമായി നിലനിൽക്കുന്ന ഒരു മർദക സാമൂഹ്യ സംവിധാനമാണ്. അതുകൊണ്ട് തന്നെ അവർക്ക് പ്രതിമ സ്ഥാപിക്കുക, സ്ഥാപിക്കാതിരിക്കുക എന്നതിനേക്കാൾ പ്രധാനം ഈ പ്രതിമയുടെ പേരിൽ അവർ നേരത്തെ തന്നെ നിർമിച്ചുവെച്ച അപരവിദ്വേഷത്തെ കുറേക്കൂടി സജീവമാക്കുക എന്നതാണ്. ഇന്നവർ പലതരത്തിൽ കേരളത്തിലും ലക്ഷദ്വീപിലും ഇന്ത്യയിലുമൊക്കെ നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ട്. ആധിപത്യപ്രതിസന്ധിയുണ്ട്. അത് മറച്ചുവെക്കാനുള്ള എക്കാലത്തെയും ഭരണകൂടത്തിന്റെ ചില തന്ത്രങ്ങളാണിത്. കോർപ്പറേറ്റ് വംശീയ താൽപര്യങ്ങളുടെ കേന്ദ്രമായി ലക്ഷദ്വീപിനെ മാറ്റാനുള്ള അജണ്ടയായ്ക്കെതിരെ വമ്പിച്ച പ്രക്ഷോഭമാണ് അവിടെയുണ്ടായത്.അതിൽ സംഘപരിവാർ പതറിപ്പോയിരുന്നു. അതിനെ അതിജീവിക്കാൻ അവർ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിലൊന്നാണ് സത്യത്തിൽ ഈ പ്രതിമവിവാദം. ദ്വീപിലെ ജനതയെ സംബന്ധിച്ച്​ അവരുടെ ജീവൽപ്രശ്നമാണ് പ്രധാനം. ഇന്ത്യൻ മാധ്യമങ്ങളുടെ ഒരു പൊതുരീതി, ഏതെങ്കിലും ഒരു സമരം വരുമ്പോൾ അതിന്റെ തുടക്കത്തിൽ വാർത്തയുടെ ആഘോഷമുണ്ടാകും. അതുകഴിഞ്ഞാൽ പതുക്കെ പതുക്കെ വാർത്ത കുറയും. പിന്നെ പുതിയ പ്രശ്നം വരുമ്പോൾ വാർത്ത അതിന്റെ പിറകേ പോകും. ഇപ്പോൾ കർഷക സമരം മൂന്നൂറ് ദിവസം കഴിഞ്ഞു. അത് ഗംഭീര സമരമാണ്. ആ സമരത്തെക്കുറിച്ച് ആദ്യകാലം വന്ന വാർത്തകളും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്തകളും നോക്കൂ. ഒടുവിൽ വാർത്തകൾ വന്നത് വാഹനമിടിച്ചുകയറ്റി ആളെക്കൊന്നപ്പോഴല്ലേ. അതായത് നമ്മുടെ നാട്ടിലുണ്ടാവുന്ന ജനകീയ പ്രതിരോധങ്ങളെ അത്ഭുതമായിട്ടോ കൗതുകമായിട്ടോ അല്ലെങ്കിൽ ഒരു പ്രതിസന്ധിയുടെ സമയത്തോ അടയാളപ്പെടുത്തുകയല്ലാതെ അതിന് വലിയ പ്രാധാന്യം കിട്ടാതെ പോകുന്നുണ്ട്.

ലക്ഷദ്വീപിൽ പ്രത്യക്ഷ സമരം നടന്നപ്പോൾ വാർത്തകളൊക്കെ വന്നു. സർക്കാർ അവരുടെ നിലപാടൊന്നും പിൻവലിച്ചിട്ടില്ല. ജനങ്ങൾ അവരുടെ പ്രതിരോധവും പിൻവലിച്ചിട്ടില്ല. പക്ഷേ അത് മറ്റ് പുതിയ പ്രശ്നങ്ങൾ വരുമ്പോൾ മാധ്യമങ്ങൾ മറ്റ് വിഷയങ്ങളിലേക്ക് പോകുന്നു. അങ്ങനെയൊരു അന്തരീക്ഷമുണ്ട്. ആ അന്തരീക്ഷത്തിൽ ഈ പ്രതിമവരുമ്പോൾ അതിന് വലിയ വാർത്താപ്രാധാന്യം ലഭിക്കും. കുറച്ചുകഴിഞ്ഞാൽ അതിനും പ്രാധാന്യം ഉണ്ടാവില്ല.''


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അലി ഹെെദർ

ട്രൂകോപ്പി സീനിയർ ഔട്ട്പുട്ട് എഡിറ്റർ

Comments