ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമാണെന്നും നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കണമെന്നും ഓള്‍ ഇന്ത്യ കോ ഓര്‍ഡിനേഷന്‍കമ്മിറ്റി ഓഫ് വര്‍ക്കിങ് വിമന്‍ (All India Coordination Committee of Working Women- AICCWW - CITU), The Women's Sub-Committee of Centre of Indian Trade Unions (CITU) എന്നീ സംഘടനകൾ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ബോളിവുഡ് അടക്കമുള്ള മറ്റ് ഭാഷകളിലെ സിനിമാമേഖലകളിലും ഇത്തരം കമ്മിറ്റികള്‍ അടിയന്തരമായി നിയോഗിക്കുക, ലൈംഗികാതിക്രമവും ലിംഗവിവേചനവും തടയാന്‍ സിനിമ- ടെലിവിഷന്‍ വ്യവസായത്തില്‍ കേന്ദ്ര സർക്കാർ മാതൃകാ പെരുമാറ്റച്ചട്ടം കൊണ്ടുവരിക, ലൈംഗികാക്രമണ- ബലാത്സംഗ കേസുകളുടെ വിചാരണക്കും നീതി ഉറപ്പാക്കുന്നതിനും ഫാസ്റ്റ് ട്രാക്ക് കോടതികളുടെ അതിവേഗ പ്രവര്‍ത്തനം ഉറപ്പാക്കുക, ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടുവച്ചു.
കേരളത്തിലെ സിനിമാ വ്യവസായത്തിലുള്ള തൊഴിലന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉറപ്പിനെയും സ്വാഗതം ചെയ്യുന്നു. നീതിക്കായി പോരാടുന്ന അതിജീവിത നടിക്കും മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന വിവേചനവും ലൈംഗികാതിക്രമങ്ങളും പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച Women in Cinema Collective (WCC)- നും അഭിനന്ദനം.
മുതിര്‍ന്ന അഭിനേതാക്കളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും സാങ്കേതിക വിദഗ്ധരും അടക്കമുള്ള 50 സ്ത്രീപുരുഷന്മാരുടെ മൊഴികള്‍ വിശദമായി രേഖപ്പെടുത്തിയുള്ള സമഗ്ര റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ ഹേമ കമ്മിറ്റി കഠിനപ്രയത്‌നം നടത്തിയിട്ടുണ്ട്. ഇരകള്‍ക്ക് തങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നതിനാല്‍ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കുന്നതില്‍ കമ്മിറ്റിക്കു മുന്നില്‍നിരവധി വെല്ലുവിളികളുണ്ടായിരുന്നു. അതിനാല്‍, റിപ്പോര്‍ട്ട് തയാറാക്കാന്‍ രണ്ടു വര്‍ഷമെടുത്തു. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്റ്റാറ്റ്യൂട്ടറി ബോഡികളുടെയും ജുഷീഡ്യറിയുടെയും ഇടപെടലുകൾ മൂലവും റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണം പിന്നെയും വൈകി.
സിനിമയുടെ എല്ലാ മേഖലകളിലുമുള്ള സ്ത്രീകള്‍, തങ്ങളുടെ കരിയര്‍ തുടങ്ങുന്നതുമുതല്‍ ലൈംഗികതയുടെ പേരിലുള്ള ചൂഷണങ്ങളും ആക്രമണങ്ങളും ഭയപ്പെടുത്തലുകളുമെല്ലാം നേരിടുന്നതായി റിപ്പോര്‍ട്ട് പറയുന്നു. പ്രതിഫലത്തിന്റെ പേരിലുള്ള ലിംഗവിവേചനം, ടോയ്‌ലറ്റുകളും വസ്ത്രം മാറാനുള്ള മുറികളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സാഹചര്യം, പരാതി പരിഹാര സംവിധാനങ്ങളുടെ അഭാവം, തൊഴില്‍ കരാറുകളുടെ അഭാവം തുടങ്ങിയവയും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.
സിനിമാ വ്യവസായത്തിലെ ഏതാനും പുരുഷന്മാരുടെ നിയന്ത്രണത്തിൽ, ഫ്യൂഡല്‍ സ്വഭാവത്തിലുള്ള പ്രതിലോമകരമായ അധികാര ഘടനയുള്ളതായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്നവരെ നിയമവിരുദ്ധമായ വിലക്കുകള്‍ക്ക് ഇരയാക്കുന്നു.
വ്യവസായത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം കമ്മിറ്റി മുന്നോട്ടുവക്കുന്നുണ്ട്. ഒപ്പം, വെല്‍ഫെയര്‍ ഫണ്ട്, നിശ്ചിത കരാറുകള്‍, തുല്യമായ പ്രതിഫലം, തീരുമാനങ്ങളെടുക്കുന്ന സംവിധാനങ്ങളില്‍ ജന്‍ഡര്‍ ബാലന്‍സ് തുടങ്ങിയ നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവക്കുന്നു.
വിപുലമായ അര്‍ഥത്തില്‍, സ്ത്രീകള്‍ നിര്‍മിക്കുന്ന സിനിമയെ പിന്തുണക്കാനും സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതിക്കും വേണ്ടിയുള്ള സമഗ്ര ഫിലിം വര്‍ക്കേഴ്‌സ് പോളിസിക്കുവേണ്ടിയുള്ള നിര്‍ദേശങ്ങളാണ് കമ്മിറ്റിയുടേത്. എല്ലാതരം വിവേചനങ്ങളെയും നേരിടുന്നതിനനുയോജ്യമായ സമഗ്ര നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍, സിനിമാ വ്യവസായത്തിലുള്ളവരെയടക്കം ക്ഷണിച്ച് കോണ്‍ക്ലേവ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സംഘടനകള്‍ സ്വാഗതം ചെയ്തു. പോക്‌സോ അടക്കമുള്ള കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും സ്വാഗതാര്‍ഹമാണ്. ഈ കേസുകള്‍ കൈകാര്യം ചെയ്യാനും ഇപ്പോഴും നിശ്ശബ്ദരായിരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കാനും അതിവേഗ കോടതികള്‍ സ്ഥാപിക്കണം.
കേരളത്തില്‍ മാത്രമല്ല, ഇത്തരം ലൈംഗികചൂഷണങ്ങളും വിവേചനങ്ങളുമുള്ളത്. രാജ്യത്തെ സിനിമാ നിര്‍മാണ കേന്ദ്രങ്ങളിലെല്ലാമുണ്ട്. 'കാസ്റ്റിങ് കൗച്ചി'ന്റെ പേരില്‍ തങ്ങള്‍നേരിട്ട ലൈംഗികാതിക്രമങ്ങളെക്കുറിച്ച് മുമ്പ് നിരവധി ബോളിവുഡ് നടിമാര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. ഹൈദരാബാദില്‍ ഒരു തെലുങ്ക് സിനിമാ നടി, തനിക്കെതിരായ ചൂഷണത്തിനെതിരെ ഹൈദരാബാദില്‍ സ്വയം വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇത്തരം പരാതികളില്‍ അടിയന്തര നടപടികളെടുക്കാനും ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നയങ്ങള്‍ രൂപീകരിക്കാനും അതാതു സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ഥിക്കുന്നു.
സിനിമയിലെ സ്ത്രീകള്‍ക്ക് ഞങ്ങളുടെ ഐക്യദാര്‍ഢ്യം. ആണധികാര ഘടനയെ പൊളിച്ചെഴുതി ലിംഗനീതിയിലധിഷ്ഠിതമായ തൊഴിലിടം രൂപീകരിക്കാനും നീതിയുക്തമായ തൊഴില്‍ നയങ്ങള്‍ക്കുവേണ്ടിയുള്ളതും അടിച്ചമര്‍ത്തിയും പേടിപ്പിച്ചും നിശ്ശബ്ദരാക്കാനുള്ള സംസ്‌കാരത്തിനുമെതിരായ അവരുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായി AICCWW (CITU) കണ്‍വീനറും സി.ഐ.ടി.യു സെക്രട്ടറിയുമായ എ.ആര്‍. സിന്ധു പ്രസ്താവനയില്‍ അറിയിച്ചു.