എന്തുകൊണ്ട്​ അംബേദ്​കർ സ്വാധീനം ഇല്ലാതെ പോയി?

അംബേദ്കർക്ക് എന്തുകൊണ്ട് ഇന്ത്യയുടെ വികസന നയ രൂപീകരണത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നതാണ് പ്രസക്തമായ ചോദ്യം.

സ്വാതന്ത്ര്യാനന്തരം നാല് വികസന പരിപ്രേക്ഷ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. ഗാന്ധിജിയുടെ, അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ, ബി.ആർ.അംബേദ്കറുടെ, നെഹ്റുവിന്റെ. ഇതിൽ പുതുമ തീരെ ഇല്ലാതിരുന്നത് നെഹ്റുവി​ന്റേതായിരുന്നു. ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകത്തിൽ പറയുന്നത്, The objective is to catch up with the developed countries എന്നാണ്. ഇവിടത്തെ പ്രശ്നങ്ങൾ മനസിലാക്കിയിട്ടല്ല ഇത്തരമൊരു അഭിപ്രായം എന്ന്​ വ്യക്​തം. എന്നിരുന്നാലും നെഹ്റുവിന്റെ പരിപ്രേക്ഷ്യത്തിനാണ് അംഗീകാരം കിട്ടിയത്. അത് സ്വാഭാവികമാണ്. കാരണം, അധികാരത്തിൽ നിന്ന്​ വരുന്ന ആശയത്തിനും വിജ്ഞാനത്തിനുമാണ് അംഗീകാരം ലഭിക്കുക. അറിവും അധികാരവും വേർപെടുത്തി കാണാൻ കഴിയില്ല. Michel Foucault സിദ്ധാന്തം ആണത്. നെഹ്റു ദാർശനികനായ ആളായിരുന്നു. അദ്ദേഹം സാധാരണ രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. മികച്ച രാഷ്ട്രീയ നയതന്ത്രജ്ഞൻ ആയിരുന്നു. അതിൽ സംശയല്ല. പക്ഷേ, അംബേദ്കർക്ക് എന്തുകൊണ്ട് ഇന്ത്യയുടെ വികസന നയ രൂപീകരണത്തെ സ്വാധീനിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ദലിത്- ആദിവാസി സമൂഹങ്ങൾ TSP/SCP എന്നീ രണ്ട് ഫണ്ടുകളായി അരികുവൽക്കരിക്കപ്പെട്ടു. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഉയർന്നുവന്ന രണ്ടു വിഭാഗങ്ങളാണ് കുടികിടപ്പ്​, പുറംമ്പോക്ക് നിവാസികൾ. ഇത് പണ്ട് ഇല്ലായിരുന്നു. ഇവരെ സൃഷ്ടിച്ചതാണ്. ഫ്യൂഡൽ യജമാന്മാരിൽ നിന്ന് രാഷ്ട്രീയ തമ്പുരാക്കന്മാരിലേക്ക് അധികാരം കൈമാറിയപ്പോൾ സൃഷ്ടിക്കപ്പെട്ട രണ്ട് വിഭാഗങ്ങളാണ് കുടികിടപ്പുകാരും പുറമ്പോക്ക് നിവാസികളും. ഫ്യൂഡൽ തമ്പുരാക്കന്മാർ തന്നെയാണ് രാഷ്ട്രീയ തമ്പുരാക്കളായത്. അവർക്കത് കഴിയും. ദലിത് വിഭാഗത്തിൽ നിന്ന് ഒരു ഇ.എം.എസിന്, അമത്യസെന്നിന്​ ഉയർന്നു വരാൻ പറ്റില്ല. ഒരു ദലിത് അമർത്യാസെൻ ഒരിക്കലും സാധ്യമല്ല. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന എല്ലാവരും propertied class- ൽ നിന്നും കുടുംബങ്ങളിൽ നിന്നും വന്നവരാണ്. അവർക്കത് സാധിക്കും.

The Dalit Women's Self Respect Yatra begins in Kurukshetra / Photo: Thenmozhi Soundararajan, Wikimedia Commons

മാർക്​സ്​ മാനുഷിക ധർമ്മങ്ങളെ രണ്ടായി തിരിക്കുന്നു. ഒന്ന്; അനിമൽ ഫംഗ്​ഷൻസ്​. ഇതിൽ പൊതുവെ എല്ലാ ജീവജാലങ്ങളിലും നടക്കുന്നതുപോലെ ഉപഭോഗം, സന്താനോൽപാദനം എന്നിവയാണ് ഉണ്ടാകുക. രണ്ടാമത് ധിഷണാപരമായ ധർമ്മം. അത് വളരണമെങ്കിൽ വായിക്കണം, ചിന്തിക്കണം. അതിന് വേലയൊഴിഞ്ഞ സമയം വേണം. 13- 14 മണിക്കൂർ ജോലി ചെയ്യേണ്ട വ്യക്തികൾക്ക്, അതിന് നിർബന്ധിതരാവുന്നവർക്ക് വായിക്കാനും ചിന്തിക്കാനും അവസരം ഇല്ല. അതുകൊണ്ടാണ് ‘Socially necessary labour time’ എന്ന ആശയം മാർക്​സ്​ മുന്നോട്ട് വയ്ക്കുന്നത്. അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളിൽ നിന്ന് ധൈഷണികരായ ആളുകൾ ഉയർന്നു വന്നിട്ടില്ല. ശാസ്ത്രജ്ഞരായിട്ടില്ല. ഇന്ത്യയിൽ ദലിത്​ പ്രസിഡൻറും ദലിത്​ ചീഫ്​ ജസ്​റ്റിസും ഉണ്ടായി. എന്നാൽ, പ്രമുഖ ശാസ്ത്രജ്ഞൻ ഇല്ല. സാ​​ങ്കേതിക വിദഗ്​ധൻ ഇല്ല. സർഗാത്​മകതയുള്ള എഴുത്തുകാർ ഇല്ല. ആദം സ്​മിത്ത്​ ഇതിനെക്കുറിച്ച് ‘തിയറി ഓഫ്​ മോറൽ സെൻറിമെൻറ്​സ്​’ എന്ന കൃതിയിൽ പറഞ്ഞത് reflect and speculate എന്നാണ്. ഇതുവരെ ചെയ്ത കാര്യങ്ങളെ കുറിച്ച് റിഫ്ലക്റ്റ് ചെയ്യുകയും സ്പെക്യുലേറ്റ് ചെയ്യുകയും വേണം. അത്തരം വ്യക്തികൾക്കും സാമൂഹിക വിഭാഗങ്ങൾക്കും മാത്രമേ വികസിക്കാനാവൂ. മാർക്​സ്​ വൈരുധ്യാത്മകതയുടെ അർത്ഥത്തിലാണ് പ്രോപ്പർട്ടിയെ കണ്ടത്. ഒരാൾക്ക് പ്രോപ്പർട്ടി വേണമെങ്കിൽ മറ്റൊരുത്തനെ ദരിദ്രനാക്കണം. എല്ലാവർക്കും സ്വത്തവകാശം ഭരണഘടനയിൽ പറയുന്നതാണ്. അതുകൊണ്ട്​, സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം പോലെ സാർവത്രിക സ്വത്തവകാശവും അംഗീകരിക്കപ്പെടണം. കീഴാള വിഭാഗങ്ങൾ ഈ ആവശ്യങ്ങൾ ഉയർത്തണം. അത് ഇന്ത്യയിൽ മാത്രമല്ല, മറ്റു ആഫ്രിക്കൻ രാജ്യങ്ങളിലും ഉയർന്നുവരണം.

ജനാധിപത്യത്തിൽ ജനങ്ങൾ മാസ്​റ്റേഴ്​സ്​ ആവുന്നില്ല. തെരഞ്ഞെടുപ്പിലൂടെ ഏകാധിപതികളെ അധികാരത്തിലേറ്റുന്നവരാണ് ജനങ്ങൾ. ജനം വോട്ടുചെയ്യാനുള്ള മൃഗങ്ങൾ മാത്രമായി മാറുന്നു. അവർക്ക് വോ​ട്ടേ വേണ്ടു. കീഴാള വിഭാഗങ്ങളെയും അങ്ങനെയാണ്​ കാണുന്നത്​. പല മഹാസഭകളും വരുന്നുണ്ട്. അതിലെ നേതാക്കൾക്ക് സ്ഥാനമാനങ്ങൾ നൽകി സംതൃപ്തിപ്പെടുത്തുന്നു. അപ്പോൾ ഈ മഹാസഭ നേതാക്കൾക്കും സുഖം. അവർക്ക് വേറെ ഒന്നും ചെയ്യേണ്ട കാര്യം ഇല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ സാധാരണ കാണുന്ന അവലോകനം, ദലിത് വോട്ടുകൾ എവിടെപ്പോയി, ആദിവാസി വോട്ടുകൾ എവിടെപ്പോയി, പിന്നാക്ക വോട്ടുകൾ എവിടെപ്പോയി എന്നൊക്കെയാണ്. വോട്ട് എവിടെപ്പോയി എന്നല്ല ചോദ്യം.
ഇന്ത്യ ഒരു കമ്പോള സമ്പദ് വ്യവസ്ഥയാണ്. കമ്പോളം സെക്യുലർ ആണ്​ എന്നതാണ്​ അതിന്റെ പ്രത്യേകത. Market is the most secularising social institution എന്ന് ആദ്യം പറഞ്ഞത് മാർക്​സും ഏംഗൽസും ആണ്. 1848 ൽ എഴുതിയ കമ്യൂണിസ്​റ്റ്​ മാനിഫെസ്​റ്റോയിൽ രണ്ട് കാര്യങ്ങൾ അടിവരയിടുന്നു. ഒന്ന്, ഉൽപാദന ഘടകങ്ങളുടെ പരമാവധി വളർച്ച ഉണ്ടാകുന്നത് ഒരു കമ്പോള സമ്പദ് വ്യവസ്ഥയിലാണ്. രണ്ട്, market is a secularising institution. നമ്മൾ കമ്പോളത്തിൽ ചെന്നാലും നല്ലൊരു ആശുപത്രിയിൽ ചെന്നാലും ജാതിയും മതവും ചോദിക്കില്ല. വാങ്ങൽ ശേഷി ഉണ്ടോ എന്ന് മാത്രമാണ് കമ്പോളത്തിന് അറിയേണ്ടത്. ഈ വാങ്ങൽ ശേഷി മോഷ്ടിച്ച് കിട്ടിയതാണോ ജോലി ചെയ്ത് കിട്ടിയതാണോ എന്ന ചോദ്യം ഇല്ല. പഴയ സമ്പ്രദായത്തിൽ ഉൽപാദകന്റെ സ്വത്വം ആയിരുന്നു പ്രധാനം. ഇന്ന് ഉൽപന്നത്തിന്റെ ഗുണമേന്മ ആണ് പ്രധാനം. ഭരണഘടന നിലവിൽ വന്നശേഷം പരമ്പരാഗത തൊഴിൽ ചെയ്യണം എന്നില്ല. അവനവന്റെ വൈദഗ്ധ്യത്തിനും കഴിവിനും അനുസരിച്ച് ജോലിചെയ്യാം. ജനിച്ച സ്ഥലത്തു തന്നെ ജീവിക്കണം എന്ന് നിർബന്ധം ഇല്ല. സ്വന്തം ജാതിയിൽ നിന്ന് മാത്രമേ വിവാഹം കഴിക്കാൻ പറ്റൂ എന്ന് നിർബന്ധം ഇല്ല.

സ്വപ്നം കാണുന്നവർക്കേ വളരാൻ കഴിയൂ. ആഗ്രഹിക്കുന്നവർക്കേ പുരോഗമിക്കാൻ കഴിയൂ. ദർശനം വേണം, ആഗ്രഹം വേണം, സ്വപ്നം കാണാൻ കഴിയണം. ഇന്നിപ്പോൾ ഒരു ദലിതിന്​ ഏത് വൻ നഗരങ്ങളിൽ വേണമെങ്കിലും ബിസിനസ് നടത്താം. അവരെ പിടിച്ചു നിർത്തുന്ന ഘടകം സാമ്പത്തിക പരാധീനതയാണ്. ഇനി സമ്പത്തിനുവേണ്ടിയായിരിക്കണം അവകാശം ഉന്നയിക്കുന്നത്. വ്യക്തിക്കാണ് നമ്മുടെ ഭരണഘടന പ്രാധാന്യം കൊടുക്കുന്നത്. രാഷ്ട്രം എന്നത് പൗരന് അതീതമല്ല. ഭരണഘടനയെ സംരക്ഷിക്കുന്നത് ഗവൺമെൻറ്​ അല്ല, നീതിന്യായമാണ്. വ്യക്തിയുടെ ചിന്തയ്ക്ക് ആരും നിയന്ത്രണം ഏർപ്പെടുത്തരുത്. അത് നിയമ വിരുദ്ധമാണ്. ചിന്തയ്ക്ക്​ വിഘാതം സൃഷ്ടിക്കരുത്. ഒരു ചിന്ത എന്നു പറയുന്നത് കുറേ കൂടി സംഘർഷഭരിതമായ അവസ്ഥയിൽ നിന്നു വരുന്നതാണ്. അത് പരിശീലനത്തിൽ നിന്ന് വരുന്നതല്ല. കഠിനാധ്വാനം ചെയ്യുന്നതിലും കാര്യമായ അർത്ഥമില്ല. കാരണം കഠിനാധ്വാനം ചെയ്യുന്നവരാണ് ഏറ്റവും വലിയ ധനികരാകേണ്ടിയിരുന്നത്​ എങ്കിൽ ആഫ്രോ- അമേരിക്കൻസും ഇന്ത്യയിലെ ദലിതരും ആയിരുന്നു സമ്പന്നരാകേണ്ടത്. 15 - 17 മണിക്കൂർ അവർ കഠിനാധ്വാനം ചെയ്യുന്നു. ഇത്ര കഠിനാധ്വാനത്തിനു പകരം, അതു ലഘൂകരിച്ച്​ ധാരാളം ഫ്രീ ടൈം കണ്ടെത്തുകയാണ് വേണ്ടത്. നമ്മളിൽ ഓരോരുത്തരിലും ഒരു ഭ്രാന്തനുണ്ട്, ഒരു ഭ്രാന്തിയുണ്ട്. ആ ഭ്രാന്തനും ഭ്രാന്തിക്കും സ്വതന്ത്രമായിട്ട് വിഹരിക്കാൻ കുറച്ച് സമയം കൊടുക്കണം. സർഗാത്മതയ്ക്കും ചിന്തയ്ക്കും വേണ്ടി വിനിയോഗിക്കാൻ സഹായിക്കുന്നത് ഈ സമയമാണ്.

ഇന്ന് വികസനത്തെ പുതിയ പരിപ്രേക്ഷ്യത്തിൽ കാണേണ്ടതുണ്ട്. ഗവൺമെൻറിന്​ വികസനം കൊണ്ടുവരേണ്ട അനിവാര്യത ഇല്ല. വികസനവും ക്ഷേമ പ്രവർത്തനങ്ങളും ഗവൺമെൻറ്​ നടപ്പിലാക്കിയത് പാർശ്വവത്ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളെ ഭയപ്പെടുത്താനാണ്. അതിലൂടെ അവരിങ്ങനെ ഒരു ആശ്രയത്വം സൃഷ്ടിക്കും. സമ്പന്നരുടെ കാര്യത്തിൽ ഗവൺമെൻറ്​ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല?. മലയാളം മീഡിയം സ്കൂളിൽ കുട്ടികളെ അയക്കണം അല്ലെങ്കിൽ ഇംഗ്ലീഷ് പഠിക്കരുത് എന്നൊക്കെ സമ്പന്നരോട് സർക്കാർ ആവശ്യപ്പെടാറില്ല. അവർക്ക് സ്വാതന്ത്ര്യം ഉണ്ട്, കാരണം അവർ സമ്പന്നരാണ്. ടാറ്റായും ബിർളയും തങ്ങൾക്ക് നീതി കിട്ടുന്നില്ല എന്ന് പരാതിപ്പെടാറില്ല. പക്ഷേ പരാതിപ്പെടുന്നത് വാളയാറിലെ അമ്മയാണ്. അവരുടെ മക്കളെ കൊന്നു, അവർക്ക് നീതി ലഭിക്കുന്നില്ല. അവർക്ക് നീതി ലഭിക്കാത്തതിൽ ഒരു അതിശയവും ഇല്ല. നീതി അവർക്കുള്ളതല്ല. നീതിന്യായ വ്യവസ്ഥപോലും പലപ്പോഴും നീതിയുടെ വ്യവസ്ഥയല്ല; മറിച്ച് ന്യായത്തിൻറെ വ്യവസ്ഥയാണ്. ന്യായം നോക്കി തന്റെ മുന്നിലുള്ള വസ്തുതകളെ പരിശോധിച്ച് തീരുമാനം എടുക്കുകയാണ്. കീഴാള വിഭാഗങ്ങൾ ഇന്ന് മനസിലാക്കേണ്ട കാര്യമുണ്ട്. അവർക്ക് കുറേ അധികാരം കിട്ടിയതു കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കൊളോണിയൽ കാലഘട്ടത്തിൽ തുടങ്ങിയതാണ് കീഴാള വിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിധ്യവും, പങ്കാളിത്തവും. ഭരണഘടന വന്നശേഷം വിവിധ മേഖലകളിൽ പ്രാതിനിധ്യവും പങ്കാളിത്തവും വ്യാപകമായി. അധികാരവൽക്കരണമോ അധികാരമോ അല്ല ദളിതർക്ക് വേണ്ടത്. പകരം ശാക്തീകരണമാണ്. ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാമ്പത്തിക ശക്തിയാണ്. പല മത- സാമുദായിക നേതാക്കൾക്കും ഒരു പഞ്ചായത്ത് അംഗത്തിന്റെ അധികാരം ഇല്ല. പക്ഷേ അവരുടെ സാമ്പത്തിക ശക്തി മൂലം ഇന്ത്യൻ പ്രസിഡന്റും, മുഖ്യമന്ത്രിമാരും അവരെ ചെന്നുകാണും.

അധികാര വികേന്ദ്രീകരണം എന്ന് പറയുന്നത് ഭരണപരമായ അധികാരത്തി​ന്റെ
വികേന്ദ്രീകരണമാണ്, ശക്തി സമ്പത്തിൽ നിന്ന്​ വരുന്നതാണ്. ഒരു ശക്തനെ എല്ലാവർക്കും ആവശ്യം ഉണ്ടാകും. ശാരീരിക ശക്തി ആയാലും ഭൗതിക ശക്തി ആയാലും. കീഴാള വിഭാഗങ്ങൾ ഇത്തരത്തിലുള്ള ആശയത്തിന്റെ
അടിസ്ഥാനത്തിൽ സാമ്പത്തികമായി ശക്തരാവുക എന്ന പുതിയ പരിപ്രേക്ഷ്യം ഉയർത്തേണ്ടതുണ്ട്.

‘Atrocities against Dalits' എന്ന പുസ്തകത്തിൽ നാഷനൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോയുടെ വിവരങ്ങൾ വെച്ച് എഴുതിയ തൊറാട്ടിന്റെ ഒരു ലേഖനത്തിൽ, ദരിദ്രർക്കെതിരായ അതിക്രമം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി പറയുന്നു. ദലിത് വിഭാഗങ്ങളു‌ടെ പ്രാതിനിധ്യവും പങ്കാളിത്തവും വിവിധ തലങ്ങളിൽ വർധിച്ചു കൊണ്ടിരിക്കുന്ന അവസരത്തിലാണ് അവർക്കെതിരായ അതിക്രമം കൂടുന്നത്. ഏറിയ പങ്കും പൊലീസ്​ ​എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്യാറില്ല. അതിനാൽ, കേസ് കോടതിയിലും എത്തില്ല. കീഴാളർക്ക് പങ്കാളിത്തവും പ്രാതിനിധ്യവും ഉള്ള മേഖലകളാണ് സിവിൽ സർവീസ്​, പൊലീസ്​, സബോർഡിനേറ്റ്​ ജുഡീഷ്യറി എന്നിവ. എന്നിട്ടും ഒരു മാറ്റവുമുണ്ടാകുന്നില്ല.

ഇന്ന് ആവശ്യം പ്രാതിനിധ്യവും പങ്കാളിത്തവുമല്ല, പകരം ശക്തിയാണ്; സാമ്പത്തികമായ ശക്തി. കൂടുതൽ ബിസിനസ്​, വ്യവസായ, അക്കാദമിക സംരംഭകർ ഉണ്ടാകണം. മാതാ അമൃതാനന്ദമയിയും വെള്ളാപ്പള്ളി നടേ‍ശനും ഒക്കെ ശക്തിയുള്ളത് അവർ നിയന്ത്രിക്കുന്ന മെഡിക്കൽ കോളേജുകൾ, എൻജിനീയറിംഗ് കോളേജുകൾ, ബിസിനസ്​ എന്നിവയിൽ നിന്നാണ്​. ശക്തിയെ ശക്തി കൊണ്ട് നേരിടുന്ന പ്രത്യയശാസ്ത്രത്തിന്റെ സാംഗത്യം വർദ്ധിച്ചു വരികയാണ്. ഈ അർത്ഥത്തിലായിരിക്കണം നമ്മൾ ഇതിനേ കാണേണ്ടത്. ഈയൊരു തത്വശാസ്ത്രപരമായിട്ടുള്ള പരിപ്രേക്ഷ്യം വികസിപ്പിച്ചെടുക്കുന്നതിൽ ബൗദ്ധികതയ്ക്കു വലിയ പങ്കുണ്ട്. ഇന്ത്യയിൽ ഒരു കീഴാള ബൗദ്ധിക കൗണ്ടർ കൾചർ വളർത്തിയെടുക്കേണ്ടതുണ്ട്. അത് പഠിച്ചും, ചിന്തിച്ചും കൊണ്ടായിരിക്കണം. ഇത്തരത്തിലുള്ള ഒരു തത്വം വളർത്തിയെടുക്കാൻ ഇന്നത്തെ കാലഘട്ടത്തെ ഗവേഷകർക്കും അവർ നേതൃത്വം കൊടുക്കുന്ന ഗവേഷക കൂട്ടായ്മകൾക്കും, ഗവേഷണ സ്ഥാപനങ്ങൾക്കും കഴിയും എന്നാണ് പ്രതീക്ഷ.

(2020 ജൂലൈ ഒന്നിന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേർഷൻ)

Comments