ഹിന്ദുത്വയുടെ കാലത്തെ അംബേദ്​കർ

ചാതുർവർണ്യാധിഷ്ഠിത ഹിന്ദുമതത്തെയും അതിന്റെ ധർമശാസ്ത്രങ്ങളെയും സംബന്ധിച്ച അംബേദ്കറുടെ പഠനങ്ങളും ജാതി ഉന്മൂലനത്തിനായുള്ള ഇടപെടലുകളും മുമ്പെന്നത്തെക്കാളും പ്രസകതമാണ്​.

ഹിന്ദുത്വം രാഷ്ട്രീയാധികാരം കയ്യാളുകയും വിശാല ഹിന്ദുവിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളിൽനിന്ന് സോഷ്യൽ എഞ്ചിനീയറിംഗിലൂടെ കീഴാള ജാതി സമൂഹങ്ങളെയെല്ലാം ഉദ്ഗ്രഥിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അത്യന്തം ആപൽക്കരമായ ചരിത്രസന്ദർഭത്തിലാണ് ഡോ. ബി.ആർ. അംബേദ്കറുടെ ജന്മദിനസ്മരണ കടന്നുപോകുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥയിൽ ജാതികളുടെ മേൽക്കീഴ് ബന്ധങ്ങൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. അത് മനസ്സിലാക്കി എല്ലാ ജാതികളെയും പ്രീണിപ്പിക്കുന്നതും മുസ്​ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ അവരെ തിരിച്ചുവിടുന്നതുമായ പ്രചാരണങ്ങളിലൂടെ വിശാലഹിന്ദുവിന്റെ ഏകോപനം സാധിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ സോഷ്യൽ എഞ്ചിനീയറിംഗിന്റെ അർത്ഥം.

ഈയൊരു സാഹചര്യത്തിലാണ്, ചാതുർവർണ്യാധിഷ്ഠിത ഹിന്ദുമതത്തെയും അതിന്റെ ധർമശാസ്ത്രങ്ങളെയും സംബന്ധിച്ച അംബേദ്കറുടെ പഠനങ്ങളും ജാതി ഉന്മൂലനത്തിനായുള്ള ഇടപെടലുകളും മുമ്പെന്നത്തെക്കാളും പ്രസകതമാവുന്നത്. അംബേദ്കറും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള മൗലികമായ യോജിപ്പിന്റെ മണ്ഡലവും ജാതിനിർമാർജ്ജനത്തെ സംബന്ധിച്ചായിരുന്നു.

ജാതിയുടെ സാമൂഹ്യ- സാമ്പത്തിക അടിസ്ഥാനമായ ഭൂബന്ധങ്ങളിൽ മാറ്റം വരുത്തിയും പ്രത്യുൽപാദനബന്ധങ്ങളിൽ ജാതി അതീതമായ സ്​ത്രീ- പുരുഷ ബന്ധങ്ങൾ വളർത്തിയെടുത്തുകൊണ്ടും മാത്രമേ ജാതി ഇല്ലാതാക്കാനാവൂ എന്ന നിലപാടാണ് അംബേദ്കറും കമ്യൂണിസ്റ്റുകാരും വെച്ചുപുലർത്തിയത്.
1936- ൽ അംബേദ്കർ എഴുതിയ ജാതി നിർമൂലനം എന്ന കൃതിയിൽ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുന്നു, സാമൂഹ്യപരിഷ്‌കാരവും രാഷ്ട്രീയ പരിഷ്‌കാരവും തമ്മിലുള്ള പരസ്പരബന്ധത്തെ അടിവരയിട്ട് പരിശോധിക്കുന്നു. സ്വർഗത്തിലേക്കുള്ള പാതയെന്നപോലെതന്നെ സാമൂഹ്യ പരിഷ്‌കരണത്തിലേക്കുള്ള പാതയും ഇന്ത്യയെ സംബന്ധിച്ച്​ ഏറെ വൈഷമ്യങ്ങളുള്ളതാണെന്ന് അടിവരയിട്ട് പറയുന്നുണ്ട്. രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറച്ച് സംസാരിക്കുന്ന പലരും സാമൂഹ്യ മർദ്ദനങ്ങളെയും അടിമത്വത്തെയും സംബന്ധിച്ച് മൗനം പാലിക്കുന്നവരാണെന്ന് കുറ്റപ്പെടുത്തുന്നു.

1892- ൽ അലഹബാദിൽ നടന്ന കോൺഗ്രസിന്റെ 8-ാം സമ്മേളനത്തിൽ ഡബ്ല്യു.സി.ബാനർജി നടത്തിയ അധ്യക്ഷപ്രസംഗം അദ്ദേഹം ജാതി നിർമൂലനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: ‘‘നമ്മുടെ സാമൂഹ്യസ്ഥിതികൾ പരിഷ്‌കരിക്കുന്നതുവരെ നാം രാഷ്ട്രീയ പരിഷ്‌ക്കാരത്തിനർഹരല്ല എന്നു വാദിക്കുന്നവരുണ്ട്. എന്നെ സംബന്ധിച്ച്​ അവരോട് ലേശവും യോജിപ്പില്ല. ഇവയ്ക്കു രണ്ടിനും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി എനിക്കു കാണാൻ സാധിക്കുന്നില്ല. നമ്മുടെ വിധവമാർ അവിവാഹിതരായി തുടരുന്നതുകൊണ്ടും ആ നാട്ടുകാരെ അപേക്ഷിച്ച്​ നമ്മുടെ പെൺകുട്ടികളെ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തുകൊടുക്കുന്നതുകൊണ്ടും നാം രാഷ്ട്രീയ പരിഷ്‌ക്കാരത്തിനർഹരല്ലാതെ വരുമോ? നമ്മുടെ ഭാര്യമാരും പുത്രിമാരും നമ്മോടൊപ്പം ചുറ്റിയടിച്ചു സവാരി ചെയ്ത്​ സുഹൃത്തുക്കളെ സന്ദർശിക്കാത്ത കാരണത്താൽ നാം അതിന്​ അർഹരല്ലാതാകുന്നോ?......''

ഡബ്ല്യു.സി.ബാനർജി

ഇന്ത്യയുടെ ദേശീയപ്രസ്ഥാനത്തിൽ പിടിമുറുക്കിയ യാഥാസ്ഥിതിക ബോധം എത്ര കടുപ്പമേറിയതായിരുന്നുവെന്നാണ് കോൺഗ്രസ് അധ്യക്ഷന്റെ ഈ പ്രസംഗം കാണിക്കുന്നത്.

സംഘപരിവാറും ന്യൂനപക്ഷവും

സഹസ്രാബ്ദങ്ങളായി ബ്രാഹ്​മണാധികാരത്തിലധിഷ്ഠിതമായ ചാതുർവർണ്യമൂല്യങ്ങൾ ഇന്ത്യൻ സമൂഹത്തെയാകെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. ‘ചാതുർവർണ്യം മയാസൃഷ്ടം' എന്ന് കൃഷ്ണനെക്കൊണ്ട് ഗീതയിൽ പറയിപ്പിച്ച്​, ജാതി ഉച്ചനീചത്വങ്ങളെ ദൈവഹിതമെന്ന നിലയിൽ സാധൂകരിച്ചെടുത്തത് ഇന്ത്യൻ വൈദിക മേധാവിത്വമാണ്. ശുദ്ധാശുദ്ധങ്ങളുടേതായ ധർമ്മശാസ്ത്രവും അതിന്റെ പ്രയോഗരൂപമായ ജാതിവ്യവസ്ഥയും സ്വാർത്ഥതൽപരരായ വൈദികരുടെ സൃഷ്ടിയാണെന്ന് സ്വാമി വിവേകാനന്ദനെപോലൊരു ഹിന്ദു സന്യാസി പോലും സമ്മതിക്കുന്നുണ്ട്.

ശൂദ്രരെയും പഞ്ചമരെയും സ്ത്രീകളെയുമെല്ലാം നീചജന്മങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് ബ്രാഹ്​മണാധികാരം മർദ്ദിത ജനതയെ വേർതിരിച്ച് എന്നും അടിമകളാക്കി നിർത്തിയിട്ടുള്ളത്.
നാടുവാഴിത്വത്തിന്റെ പ്രത്യയശാസ്ത്രം എന്നതിലുപരി ചാതുർവർണ്യത്തെ ഇന്ത്യൻ ഭരണവർഗങ്ങളുടെ അധീശത്വഘടനയെ നിർണയിക്കുന്ന നിർണായക സത്തയായി കൊളോണിയൽ ശക്തികൾ പരിവർത്തനപ്പെടുത്തുകയായിരുന്നു. ബ്രാഹ്​മണമൂല്യങ്ങളെ ഒരു ഏകോപനശക്തിയായി ഉപയോഗപ്പെടുത്തി ഹിന്ദുമതത്തിനകത്തെ ജാതിവൈവിധ്യങ്ങളെ മറികടക്കാനാണ് എല്ലാകാലത്തും ഇന്ത്യൻ ഭരണവർഗങ്ങൾ ശ്രമിച്ചിട്ടുള്ളത്. അതിനെതിരായ ശൂദ്രകലാപങ്ങളെയെല്ലാം അതിനിഷ്ഠൂരമായി അടിച്ചമർത്തിയാണ് ബ്രാഹ്​മണമൂല്യങ്ങളിലധിഷ്ഠിതമായ ഹൈന്ദവതയുടെ ഏകോപനം അതാത് കാലഘട്ടങ്ങളിലെ ഇന്ത്യൻ ഭരണവർഗങ്ങൾ സാധിച്ചെടുത്തിട്ടുള്ളത്. ബുദ്ധ- ജൈന ദർശനങ്ങളെയും ജാതിഹിംസക്കെതിരായ ദലിത് മുന്നേറ്റങ്ങളെയും എല്ലാ കാലത്തും ഹിംസാത്മകമായി മർദ്ദിച്ചൊതുക്കിയ ചരിത്രമാണ് ഇന്ത്യൻ ഭരണവർഗങ്ങൾക്കുള്ളത്. ഇപ്പോൾ ഇന്ത്യൻ ഭരണവർഗങ്ങൾ സമ്പൂർണമായി ഹിന്ദുത്വവുമായി വിലയിച്ചു കഴിഞ്ഞിരിക്കുകയാണ്.

എം.എസ്. ഗോൾവൾക്കർ

ചരിത്രത്തെയും മധ്യകാലിക ബ്രാഹ്​മണാധികാരത്തെയും തങ്ങൾക്കാവശ്യമായ രീതിയിൽ ദുർവ്യാഖ്യാനിക്കാനും സാധൂകരിക്കാനുമാണ് ഭരണവർഗ ബുദ്ധിജീവികൾ മിനക്കെട്ടിട്ടുള്ളത്. സംവരണത്തെയും ഭരണഘടനയിലെ ദലിത് പരിരക്ഷാ വ്യവസ്ഥകളെയുമെല്ലാം ഇന്ത്യൻ ജനതയുടെ വിഭജനത്തിനുള്ള വർഗീയതയായിട്ടാണ് വിചാരധാരയിൽ ഗോൾവാൾക്കർ വിമർശിച്ചിട്ടുള്ളത്. ന്യൂനപക്ഷാവകാശങ്ങളെപോലെ ദലിതുകൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷാ വ്യവസ്ഥകളെയും എന്നും സംഘപരിവാർ എതിർത്തുപോന്നിട്ടുണ്ട്. ഇന്നിപ്പോൾ ഹിന്ദുത്വത്തിന്റെ ഭൂരിപക്ഷ വോട്ടുബാങ്കിലേക്ക് പിന്നാക്കക്കാരെയും പട്ടികജാതി- പട്ടികവർഗക്കാരെയും ഏകോപിപ്പിച്ചെടുക്കാനുള്ള കുത്സിത നീക്കങ്ങളാണ്​ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്.

സുരേഷ്‌ സോണിയെ പോലുള്ള ബി.ജെ.പി നേതാക്കളും ഭയ്യാജി ജോഷിയെപോലുള്ള ആർ.എസ്.എസ് തലവന്മാരും ജാതിവ്യവസ്ഥയെ സംബന്ധിച്ചും അതിന്റെ ഉത്ഭവത്തെ സംബന്ധിച്ചും പുതിയ ചരിത്രവ്യാഖ്യാനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇന്ത്യയിൽ തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടേതുമായ ജാതിവ്യവസ്ഥക്ക് തുടക്കമിട്ടത് മുഗളഭരണവും മാംസഭുക്കുകളായ മുസ്​ലിംകളുമാണെന്നാണ് ഈ ഫാഷിസ്റ്റ് പണ്ഡിതന്മാർ എഴുതിവിടുന്നത്. ഗോമാംസപ്രിയരായ മുസ്​ലിംകളാണുപോലും ഹിന്ദു സമുദായത്തിൽ നിന്ന് പശു വധത്തിനും അവയുടെ തൊലിയുരിക്കാനും അവശിഷ്ടങ്ങൾ മറവുചെയ്യാനും ആളുകളെ നിർബന്ധിച്ചത്. ഹിന്ദു സംസ്കാരം അശുദ്ധമായി കരുതുന്ന ചർമ കർമവൃത്തി ചെയ്യുന്നവർ അങ്ങനെ അയിത്തജാതിക്കാരായി മാറി എന്നാണ് ചരിത്രവിരുദ്ധമായി ആർ.എസ്.എസ് പണ്ഡിതന്മാർ വാദിക്കുന്നത്.

സുരേഷ് സോണി, ഭയ്യാജി ജോഷി

മുഗളഭരണത്തിന് സഹസ്രാബ്ധങ്ങൾക്കുമുമ്പുതന്നെ ഇന്ത്യയിൽ ജാതി വ്യവസ്ഥയും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുർവർണ്യവുമെല്ലാം നിലനിന്നിരുന്നുവല്ലോ. ഒരു ജനതയുടെ ചരിത്രബോധത്തെയാകെ വെല്ലുവിളിച്ചാണ് ജാതി വ്യവസ്ഥ മുഗളഭരണ സൃഷ്ടിയാണെന്ന് വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരകന്മാർ എഴുതിവിടുന്നത്. ഇന്ത്യൻ സമൂഹത്തെയാകെ അടിമപ്പെടുത്തിയത് ചാതുർവർണ്യ മൂല്യങ്ങളും കൊളോണിയൽ മൂല്യങ്ങളും സംയോജിച്ചുണ്ടായ ബ്രാഹ്​മണ ജാതിരാഷ്ട്രീയമാണ്. ഇന്ത്യൻ ജന്മിത്വത്തിന്റെ ഒരു ഘടനാവിശേഷം എന്ന നിലയിലാണ് ജാതി വ്യവസ്ഥ ഉത്ഭവിച്ചതും നിലനിന്നുപോന്നതുമെന്ന ചരിത്രപരവും വസ്തുനിഷ്ഠവുമായ യാഥാർത്ഥ്യത്തെയാണ് ഹിന്ദുത്വയും മറ്റ് സ്വത്വരാഷ്ട്രീയവാദികളും ഒരേ പോലെ കാണാൻ വിസമ്മതിക്കുന്നത്.

ദലിതരു​ടെ പരിമിത​ പ്രാതിനിധ്യം

രോഹിത്​ വെമുലയുടെ ആത്മബലി നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളെയും സാമൂഹ്യജീവിതത്തെയും വരിഞ്ഞുമുറുക്കിയിരിക്കുന്ന സവർണജാതി വ്യവസ്ഥയുടെ നിഷ്ഠൂരതകളിലേക്കാണ് വിരൽചൂണ്ടിയത്. അതൊരു പരാജിതന്റെ പിന്മടക്കമായി ജനാധിപത്യവാദികൾ കാണുന്നില്ല. ഹീനവും നീചവും കാലഹരണപ്പെട്ടതുമായ ഒരു മൂല്യവ്യവസ്ഥക്കെതിരെയുള്ള, പരാജയപ്പെടാൻ പാടില്ലാത്ത പോരാട്ടത്തിന്റെ അനുസ്യൂതിയാണ് രോഹിത്​ വെമുലയുടെ ആത്മബലി സന്ദേശിക്കുന്നത്.

രോഹിത് വെമുല

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസരംഗത്ത് ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥാനം നാമമാത്രമാണ്. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ട് അടുക്കുമ്പോൾ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരും ദലിതരും ന്യൂനപക്ഷങ്ങളും അടങ്ങുന്നവരുടെ എണ്ണം സർവകലാശാല വിദ്യാഭ്യാസരംഗത്ത് ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ വളരെ പരിമിതമാണ്. എന്നാൽ 12- ശതമാനത്തോളം വരുന്ന സവർണ ജാതിക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുടെ 50-ശതമാനത്തോളം കയ്യടക്കിയിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തെ പട്ടികവർഗ പ്രാതിനിധ്യം നാലു ശതമാനമാണ്​, പട്ടികജാതിയുടേത് 13.5 ശതമാനവും മറ്റ് പിന്നാക്ക ജാതിയുടേത് 35 ശതമാനവുമാണ്​. മതാടിസ്ഥാനത്തിൽ പരിശോധിച്ചാൽ ഹിന്ദു മതത്തിൽപ്പെട്ടവരാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ 85 ശതമാനവും. മുസ്​ലിം- എട്ട്​, ക്രിസ്ത്യൻ- മൂന്ന്​ ശതമാനം വീതമാണ്​. ഈയൊരു പശ്ചാത്തലത്തിൽ രാജ്യത്ത് കൂടിവരുന്ന ദലിത് വിവേചനങ്ങളുടെയും ഹിംസയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രവും, ജനങ്ങൾക്കിടയിൽ എത്തിക്കേണ്ടിയിരിക്കുന്നു, ഹിന്ദുത്വത്തിന്റെ കപട പ്രചാരണങ്ങളെ തുറന്നുകാണിക്കാനായി.

ഹരിയാനയിൽ ഒരു ദലിത് കുടുംബത്തെ കൂട്ടത്തോടെ കൊന്നൊടുക്കാൻ മണ്ണെണ്ണയൊഴിച്ച് തീയിട്ടതും രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ വെന്തുമരിച്ചതും ‘ഡിജിറ്റൽ ഇന്ത്യ'യുടെ ക്രൂരമുഖത്തെയാണ് ലോകത്തിനുമുമ്പിൽ കാണിച്ചുകൊടുത്തത്. ആർ.എസ്.എസ് ഒത്താശയോടെയാണ് സവർണ രജപുത്രസംഘം ഹരിയാനയിലെ സുനാപേഡ് ഗ്രാമത്തിൽ നിഷ്ഠൂര കൂട്ടക്കൊല നടത്തിയത്. 11 മാസം മാത്രം പ്രായമുള്ള ദിവ്യയെന്ന കൈകുഞ്ഞും പ്രായമുള്ള വൈഭവ് എന്ന കുട്ടിയുമാണ് വെന്തെരിഞ്ഞത്. അവരുടെ അമ്മ രേഖ അത്യാസന്ന നിലയിലാണ്. ജാതി മത വർഗീയത എന്തുമാത്രം ക്രൂരവും ഹിംസാത്മകവുമാണെന്നാണ് സുൻപേഡ് സംഭവം വെളിവാക്കുന്നത്. പുലർച്ചെ വീട്ടിനകത്ത് എല്ലാവരും ഉറങ്ങുന്ന രണ്ടര മണിക്കാണ് സവർണജാതിസംഘം മണ്ണെണ്ണയൊഴിച്ച് ദലിത് കുടുംബത്തിനെ തീകൊളുത്തിയത്. മക്കളെയും വാരിയെടുത്ത് ഓടിരക്ഷപ്പെടാൻ പോലും കഴിയാത്തവിധം വീടിന്റെ വാതിൽ പുറമെനിന്ന് പൂട്ടിയാണ് ജാതിഭ്രാന്തന്മാർ തീകൊടുത്തത് എന്നത് ഈ സംഭവം എത്രത്തോളം ആസൂത്രിതമായിരുന്നു എന്നാണ് കാണിക്കുന്നത്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തോട് അക്കാലത്തെ കേന്ദ്രമന്ത്രി നടത്തിയ പ്രതികരണം മാനവികതയോടുതന്നെയുള്ള വെല്ലുവിളിയായിരുന്നു. കൊല്ലപ്പെട്ട കുട്ടികളെ പട്ടികളോടാണ് വി.കെ.സിംഗ് ഉപമിച്ചത്.

വി.കെ.സിംഗ്

കാറിനടിയിൽപെട്ട പട്ടികളായി ഗുജറാത്തിലെ വംശഹത്യാ ഇരകളെ വിശേഷിപ്പിച്ച പഴയ നരേന്ദ്രമോദിയുടെ അന്നത്തെ സഹമന്ത്രി ഇപ്പോൾ, ആരുടേയോ ഏറു കൊണ്ട പട്ടികളായിട്ടാണ് ഹരിയാനയിലെ കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചത്. സവർണജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആർ.എസ്.എസുകാർ ഇങ്ങനെയൊക്കെ പറയുന്നതിൽ ചരിത്രബോധമുള്ള ആർക്കും അൽഭുതം തോന്നേണ്ട ആവശ്യമില്ല. ചതുർവിധ വർണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദലിത് ജനവിഭാഗങ്ങളെ, മനുഷ്യരായിപോലും അംഗീകരിക്കാൻ വിസമ്മതിക്കുന്ന പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസിന്റേത്​. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രം അർത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ദലിതരും അയിത്ത ജാതിക്കാരും സ്ത്രീകളും ന്യൂനപക്ഷങ്ങളും യാതൊരു പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും അർഹരല്ല എന്നാണ്.

ദലിതർക്കെതിരായ അക്രമം വർധിക്കുന്നു

നരേന്ദ്രമോദി ഭരണത്തിനുകീഴിൽ ന്യൂനപക്ഷ മതസമൂഹങ്ങൾ മാത്രമല്ല, ദലിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഇക്കാലയളവിൽ പുറത്തുവന്ന ദേശീയ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോ റിപ്പോർട്ട് നൽകുന്ന സൂചന രാജ്യമെമ്പാടും ദലിത് ജനസമൂഹങ്ങൾക്കെതിരായ അതിക്രമങ്ങൾ അഭൂതപൂർവ്വമായ തോതിൽ വർദ്ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014-ൽ മാത്രം 58,515 കേസുകളാണ് ദലിതർക്കെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട്​ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ 68.6 ശതമാനവും പട്ടികജാതിക്കാർക്കെതിരെ 19 ശതമാനവും അതിക്രമം വർദ്ധിച്ചതായി എൻ.സി.ആർ.ബി റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2016-ൽ ഗോരക്ഷാ ഗുണ്ടകൾ ആക്രമിച്ച ഉനയിലെ ദളിതർ

ഹരിയാനയിൽ ദലിത് അതിക്രമങ്ങളുടെ എണ്ണത്തിൽ 245 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാത്രം വിവിധ ആക്രമണങ്ങളിൽ 90 ദലിതർ കൊല ചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടർനടപടികൾ ഉണ്ടാകുന്നില്ല. സവർണ ജാതിബോധത്തിന് കീഴ്‌പെട്ട് പ്രവർത്തിക്കുന്ന പോലീസും കുറ്റാന്വേഷണ ഏജൻസികളും കൃത്യമായ തെളിവുകളേയോ സാക്ഷികളേയോ കോടതിക്കുമുമ്പിൽ എത്തിക്കുന്നില്ല എന്നതാണ് രോഷജനകമായ വസ്തുത. 1955-ൽ ദലിതർക്കുനേരെയുള്ള അക്രമസംഭവങ്ങളിൽ കേവലം 150 കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന സ്ഥാനത്തിപ്പോൾ ഇന്ത്യയിൽ അത് 1.38 ലക്ഷമായി ഉയർന്നിരിക്കുകയാണ്. 2014-വരെയുള്ള കണക്കുകൾ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എസ്.സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളിൽ 47,604 കേസുകളാണ് 2014-ൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകൾ 2013-ൽ രജിസ്റ്റർ ചെയ്ത സ്ഥാനത്താണ് ഈ വർദ്ധനവ്. പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ 6793 കുറ്റകൃത്യങ്ങൾ 2013-ൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ 2014-ൽ ഇത് 11,451 ആയി വർദ്ധിച്ചു. ഈ കണക്കുകൾ യഥാർത്ഥത്തിൽ രാജ്യത്ത് നടന്ന, ദലിതുകൾക്കെതിരായ എല്ലാ അതിക്രമങ്ങളും ഉൾപ്പെടുന്നതല്ല. എത്രയോ ദലിത് പീഢനങ്ങളും അക്രമങ്ങളും കേസാകാതെ പോകുന്നുണ്ട്​. വിവര വിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങൾ പുറംലോകം അറിയുന്നില്ല. കാരണം, അവിടെ സവർണ ജാതിക്കാർ പറയുന്നതേ മാധ്യമങ്ങൾ വാർത്തയാക്കൂ. സവർണ ജാതിക്കാർക്ക് അഹിതമായതൊന്നും കേസാക്കാറുമില്ല.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദലിത് പീഢനവും വിവേചനവും നിലനിൽക്കുന്ന സംസ്ഥാനമാണ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമീഷൻ മുമ്പ് ചൂണ്ടിക്കാണിച്ചത്, ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദലിതർക്ക് സാമൂഹ്യഭൃഷ്ട് മൂലം നാടുവിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, മോദി ഭരണം ഗുജറാത്തിൽ അരക്ഷിതരും നിരാലംബരുമാക്കിയത് ദലിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോദി ഭരണത്തിൻ കീഴിൽ പട്ടികജാതി- പട്ടികവർഗ അതിക്രമം തടയൽ നിയമമനുസരിച്ച് ദലിത് അതിക്രമങ്ങളിൽ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. എടുക്കുന്ന കേസുകളിൽ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി ശിക്ഷാനടപടികൾക്ക് വിധേയമാകുന്നത്.

ഒരു ഗു​ജറാത്ത്​ ‘മോഡൽ’

അഹമ്മദാബാദ് ഉൾപ്പെടെയുള്ള ഗുജറാത്തിലെ മിക്ക ജില്ലകളിലും ദലിതർക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. അഹമ്മദാബാദ് സിറ്റിയിൽ നിന്ന്​ 100 കിലോമീറ്റർ മാത്രം അകലെയുള്ള ഗൽസാന ഗ്രാമത്തിലെ അഞ്ചു ക്ഷേത്രങ്ങളിൽ ദലിതർക്ക് പ്രവേശിക്കാൻ അനുമതി ഇല്ലാത്തതിനെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരിൽ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളിൽ നിന്ന് ബി.ജെ.പിയുടെ സഹായത്തോടെ സവർണർ സാമൂഹ്യഭൃഷ്ട് കൽപിച്ച് പുറത്താക്കുകയാണ് ചെയ്തത്. ‘സ്വച്ഛ്ഭാരത് അഭിയാൻ' പാടി നടക്കുന്ന നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തിൽ ദലിതരെ തോട്ടിപ്പണിക്കാരാക്കി ആദർശവൽക്കരിക്കുകയാണ് സംഘപരിവാർ ചെയ്തത്. ബി.ജെ.പിയുടെ ഹിന്ദുത്വ മാതൃകയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ ദലിതരുടെ ജീവിതാവസ്ഥ അതീവ ഭീകരമാണ്.

വിവേചനവും അടിമത്വവും പേറുന്നവരാണ് അധഃസ്ഥിത ജനത.
ദലിതരായവർ ചെയ്യുന്ന തോട്ടിപ്പണി അവർക്ക് ആത്മീയാനുഭവം നൽകുന്ന ധർമ്മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാൻ പോലും നരേന്ദ്ര മോദിക്ക് മടിയുണ്ടായില്ല. മോദിയുടെ വാക്കുകൾ നോക്കൂ: ‘‘സ്വന്തം ജീവിതം നിലനിർത്താൻ വേണ്ടി മാത്രമാണ് അവർ ഈ ജോലി ചെയ്യുന്നതെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെയാണെങ്കിൽ തലമുറകളായി അവർ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല. ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങൾക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങൾ ഈ ജോലി ചെയ്യണമെന്ന് ആർക്കെങ്കിലും ഉൾവിളി ഉണ്ടായിട്ടുണ്ടാവണം; ദൈവം അവരിൽ അർപ്പിച്ചതുകൊണ്ടാണ് അവർ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവർത്തനമാണ്.''

ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങൾ പുലർത്തുന്ന ഒരാൾ രാജ്യം ഭരിക്കുമ്പോൾ ദലിതുകൾക്ക് എവിടെനിന്നാണ് സാമൂഹ്യസുരക്ഷയും സാമൂഹ്യനീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവർ മനുഷ്യവിസർജ്ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായി തന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് നരേന്ദ്രമോദി ചെയ്തിട്ടുള്ളതെന്ന കാര്യം സമർത്ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനമനുസരിച്ച്, ഗുജറാത്തിൽ 12,000-ലേറെ പേർ തോട്ടിപ്പണിക്കാരായുണ്ട്.

നരേന്ദ്ര മോദി

ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന ദലിതർക്കെതിരായ അതിക്രമങ്ങൾക്കുപിറകിൽ ആർ.എസ്.എസ് ആണെന്ന കാര്യം നിരവധി തവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അയിത്തവും ഗോവധവും വിഷയമാക്കി മുസ്​ലിംകൾക്കും ദലിർക്കുമെതിരെ കൂട്ടക്കൊലകൾ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കം വർഷങ്ങളായി സംഘപരിവാർ സംഘടനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. യു.പിയിൽ ദാദ്രി സംഭവത്തിന്റെ ഞെട്ടലടങ്ങുന്നതിനുമുമ്പാണ് കാൺപൂരിനടുത്ത് ഹോപ്പിയാപ്പൂരിൽ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ച വൃദ്ധനായ ദലിതനെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നത്.

2002-ൽ ഹരിയാനയിൽ അഞ്ചു ദലിതരെ അവർ ചെയ്യാത്ത കുറ്റം ചുമത്തിയാണ് തല്ലിക്കൊന്നത്. ചത്ത പശുവിന്റെ തൊലി ഉരിയുന്ന ജോലി ചെയ്യുന്ന ദലിതർ ഗോഹത്യ നടത്തി എന്ന കിംവദന്തി പ്രചരിപ്പിച്ചാണ് പ്രാദേശിക വി.എച്ച്.പി-ശിവസേന പ്രവർത്തകർ അവരെ തല്ലിക്കൊന്നത്. ഭരണകൂട സംവിധാനങ്ങളുടെ മൂക്കിനുതാഴെ നിന്നാണ് സംഘപരിവാർ പ്രവർത്തകർ ഈ നരഹത്യ നടത്തിയത്. ആ സംഭവത്തെക്കുറിച്ച് അന്നത്തെ ഇന്ത്യൻ എക്​സ്​പ്രസ്​ പത്രം പ്രസിദ്ധീകരിച്ച വാർത്ത ഷംസുൾ ഇസ്​ലാം ഒരു ലേഖനത്തിൽ ഉദ്ധരിച്ച് ചേർത്തിരിക്കുന്നത് നോക്കൂ: ‘‘തലസ്ഥാനത്തിനും രണ്ട് മണിക്കൂറിന് താഴെ മാത്രം അകലെയുള്ള ബജ്ജാർ ജില്ലയിലെ ദുലേന പോലീസ് ഔട്ട്‌പോസ്റ്റിന് പുറത്തുണ്ടായ രംഗമാണിത്. റോഡിൽ രകതച്ചാലുകളും പുകയുന്ന ചാരത്തിന്റെ കൂമ്പാരവും. കഴിഞ്ഞ രാത്രി ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള അഞ്ച് ദലിതരെ അടിച്ചുകൊല്ലുകയും അവരിൽ രണ്ട് പേരെ ദഹിപ്പിക്കുകയും ചെയ്ത ഇടമാണിത്. നിരവധി വർഷങ്ങളായി ചെയ്തുകൊണ്ടിരുന്നതാണ് അവർ ചെയ്തത്. വിൽക്കാൻ വേണ്ടി ചത്ത പശുക്കളുടെ തൊലിയുരിയുന്ന പണിയാണിത്. ഇപ്രാവശ്യം അത് ജീവനുള്ളതാണെന്ന് ആരോ കിംവദന്തി പരത്തി. അങ്ങനെ ദസറ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഒരാൾക്കൂട്ടം ആ ദലിതർ അഭയം തേടിയ പോലീസ് ഔട്ട്‌പോസ്റ്റിൽ നിന്ന്​ വലിച്ചിറക്കി, ‘ഗോമാതാ കീ ജയ്' എന്നാേക്രാശിച്ച്​ അവരെ അടിച്ചുകൊന്നു. സിറ്റി മജിസ്​ട്രേറ്റും കൗൺസിലറുടെ ഭർത്താവും ബ്ലോക്ക് ഡവലപ്പ്‌മെൻറ്​ ഓഫീസറും കുറഞ്ഞത് 50 പോലീസുകാരും കണ്ടുനിൽക്കെയായിരുന്നു ഇതുണ്ടായത്. അജ്ഞാതരായ ആളുകൾക്കെതിരെ ഒരു പ്രഥമ റിപ്പോർട്ടും ഫയൽ ചെയ്തു. കുറ്റവാളികൾക്കെതിരെ ഒരു നടപടിയുമെടുക്കരുതെന്നാവശ്യപ്പെട്ട്​വി.എച്ച്.പിയുടെയും ശിവസേനയുടെയും പ്രാദേശിക നേതൃത്വം ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി.''

ദാദ്രിയിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലാക്ക്

ദലിത്​ വിരുദ്ധ പ്രത്യയശാസ്​ത്രം

സവർക്കറുടെ ‘ഹിന്ദുത്വ'യും ഗോൾവാൾക്കറുടെ ‘വീ ഓർ ഔവർ നാഷണൽഹുഡ് ഡിഫൈൻഡും' ‘വിചാരധാര’യുമെല്ലാം ദലിത് വിരുദ്ധമായ ചാതുർവർണ്യ പ്രത്യയശാസ്ത്രത്തെയാണ് പിൻപറ്റുന്നത്. ഹിന്ദുയിസം സവർണജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട ഒരു കൊളോണിയൽ ബ്രാഹ്​മണ്യപ്രത്യയശാസ്ത്രമാണെന്ന് സവർക്കർ മനുസ്മൃതിയെ സ്തുതിച്ച്​‘ഹിന്ദുത്വ'യിൽ വ്യക്തമാക്കിയിട്ടുണ്ട്. മനുസ്മൃതിയെ വിശുദ്ധവും പവിത്രവുമായ ധർമ്മശാസ്ത്ര പ്രഘോഷണമായിട്ടാണ് സവർക്കർ കണ്ടിട്ടുള്ളത്. ശൂദ്രരെയും സ്ത്രീകളെയും നീചജന്മങ്ങളായി കാണുന്ന വർണാശ്രമ ധർമങ്ങളെ ഹിന്ദുനിയമങ്ങളായിട്ടാണ് സവർക്കർ അത്യന്തം ആവേശത്തോടെ വ്യാഖ്യാനിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അഭിപ്രായം നോക്കൂ: ‘‘വേദങ്ങൾ കഴിഞ്ഞാൽ നമ്മുടെ ഹിന്ദുരാഷ്ട്രത്തിന് ഏറ്റവും ആരാധ്യമായ മനുസ്മൃതി പ്രാചീനകാലം മുതൽ നമ്മുടെ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തകളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി തീർന്നു. നൂറ്റാണ്ടുകളായി നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദിവ്യവുമായ മുന്നേറ്റത്തിന്റെ നടപടിക്രമമായി ഈ ഗ്രന്ഥം നിലനിന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗങ്ങളിലും മനുസ്മൃതിയിൽ അധിഷ്ഠിതമായ നിയമങ്ങൾ പിന്തുടരുന്നു. ഇന്ന് മനുസ്മൃതി ഹിന്ദുനിയമമാണ്.’’( വുമൺ ഇൻ മനുസ്മൃതി, ഇൻ സവർക്കർ സമാഗർ- കലക്ഷൻ ഓഫ് സവർക്കേഴ്‌സ് റൈറ്റിംഗ്‌സ് ഇൻ ഹിന്ദി).

ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ഭരണഘടനക്ക് അന്തിമരൂപം നൽകുമ്പോൾ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ അത്യന്തം അസന്തുഷ്ടി പ്രകടിപ്പിക്കുകയും മനുസ്മൃതിയെ ആദരിക്കാത്ത ഭരണഘടനയെക്കുറിച്ച് പരാതിപ്പെട്ട്​ ഇങ്ങനെ എഴുതുകയും ചെയ്തു: ‘‘നമ്മുടെ ഭരണഘടനയിൽ പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് ഒരു പരാമർശവുമില്ല. സ്പാർട്ടയിലെ ലിക്കർഹസിനും പേർഷ്യയിലെ സോലോനും വളരെ മുമ്പാണ് മനുവിന്റെ നിയമങ്ങൾ എഴുതപ്പെട്ടത്. ഇന്നും ലോകത്തിന്റെ ആദരവ് ഉദ്ദീപിപ്പിക്കുന്ന മനുസ്മൃതി, സ്വതസിദ്ധമായി അനുസരണയും വിധേയത്വവും പിടിച്ചുപറ്റുന്നു. എന്നാൽ, നമ്മുടെ ഭരണഘടനാപണ്ഡിതന്മാർക്ക് അത് തികച്ചും നിരർത്ഥകമാണ്.’’

ചുരുക്കിപ്പറഞ്ഞാൽ ആർ.എസ്.എസ് മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ആധുനിക ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി കിട്ടാവുന്ന അവസരങ്ങളെയെല്ലാം ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് മനുസ്മൃതി അനുശാസിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോഴാണ് സംഘപരിവാറിന്റെ ദലിത് വിരുദ്ധതയുടെ ആഴവും ഭീകരതയും മനസ്സിലാവുക. ചാതുർവർണ്യത്തിലെ ക്ഷത്രിയനും വൈശ്യനും ശൂദ്രനും അടങ്ങുന്ന ത്രൈവർണകർ യഥാക്രമം ബ്രഹ്​മാവിന്റെ വായ, കരം, തുടകൾ എന്നിവയിൽ നിന്ന്​ ഉൽഭവിച്ചുവെന്നും അധമനായ ശൂദ്രൻ പാദങ്ങളിൽ നിന്ന് ഉൽഭവിച്ചുവെന്നുമാണ് മനു എഴുതിവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ത്രൈവർണികരെ അതീവ വിനയത്തോടെ സേവിക്കുക മാത്രമാണ് വിരാട് പുരുഷൻ ശൂദ്രന് നിഷ്‌കർഷിച്ചിട്ടുള്ള ഏക ധർമം.

ജീവിതം അവകാശപ്പെടാനോ അനുഭവിക്കാനോ ശൂദ്രർക്ക്​ മനുസ്മൃതി അനുവാദം നൽകുന്നില്ല. സവർണസേവമാത്രമാണ് അവരുടെ ഏക തൊഴിൽ. ദ്വിജരെ ആക്ഷേപിച്ചാൽ ശൂദ്രരുടെ നാവ് പിഴുതെടുക്കണം. ദ്വിജരുടെ ജാതിയോ പേരോ ധിക്കാരപൂർവ്വം പറയുന്ന ശൂദ്രരുടെ തൊണ്ടയിൽ പത്തംഗുലം നീളമുള്ള പഴുപ്പിച്ച ഇരുമ്പാണി കുത്തിയിറക്കണം എന്നാണ് മനു ഉദാരപൂർവ്വം അനുശാസിച്ചത്! ബ്രാഹ്​മരുടെ ചുമതലകളെക്കുറിച്ച് ശൂദ്രർ മിണ്ടിപ്പോയാൽ വായിലും ചെവിയിലും തിളച്ച എണ്ണ തന്നെ ഒഴിക്കണം. ഉയർന്ന ജാതിക്കാരനെ ക്ഷതപ്പെടുത്തുന്ന ഏത് പ്രവർത്തിക്കും അവയവം തന്നെ ഛേദിച്ചുകളയുന്ന ശിക്ഷയാണ് മനു കല്പിച്ചിട്ടുള്ളത്. മനുസ്മൃതി അനുശാസിക്കുന്ന ധർമ്മശാസ്ത്രമാണ് ഇന്ത്യയിൽ ജാതി അടിമത്വത്തെ ദൃഢീകരിച്ച് നിർത്തുന്നത്. അധഃസ്ഥിത വിരുദ്ധമായ ധർമ്മശാസ്ത്രസിദ്ധാന്തങ്ങളാണ് ആർ.എസ്.എസിന്റെ വീക്ഷണമെന്നതുകൊണ്ടാണ് ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന ദലിത് വിരുദ്ധ ആക്രമണങ്ങളിൽ അവർ പ്രധാന പങ്കാളികളായി തീരുന്നത്.

ബെൽച്ചി, പരാസ്ബീഗ, പിപ്ര, നാരായൺപൂർ, ലക്ഷ്മൺപൂർ ബാത്ത തുടങ്ങി ഇന്ത്യയിൽ നടന്ന ദലിത് ഹിംസകളിലും കൂട്ടക്കൊലകളിലും സവർണജാതി സംഘങ്ങൾക്ക്​ ഉ​ത്തേജനമായത്​ ആർ.എസ്.എസായിരുന്നു. ലക്ഷ്മൺപൂർ ബാത്തയിൽ ബീഹാറിലെ ഭൂമിഹാർ ജാതിയിൽ പെട്ടവർ ദലിതർക്കുനേരെ നടത്തിയ കൂട്ടക്കൊല ഇന്ത്യൻ രാഷ്ട്രീയത്തിൽ വിവാദപരമായി ചർച്ച ചെയ്യപ്പെട്ടതാണ്. കൂട്ടക്കൊലകൾക്കു നേതൃത്വം കൊടുത്ത രൺബീർസേനക്ക് ഒത്താശ ചെയ്​തത്​ ആർ.എസ്.എസ് നേതാക്കളായിരുന്നു. ഫ്രണ്ട്‌ലൈൻ വാരിക ബി.ജെ.പി നേതാവ് ഗോവിന്ദാചാര്യയുമായി അക്കാലത്ത് നടത്തിയ ഒരു അഭിമുഖത്തിൽ രൺവീർസേനയുടെ പ്രവർത്തനങ്ങളെ ന്യായീകരിക്കുകയായിരുന്നു. ദലിതരെയും പിന്നാക്ക ജാതിക്കാരെയും മനുഷ്യരായി പരിഗണിക്കാത്ത സവർണബോധമാണ് ആർ.എസ്.എസ്- ബി.ജെ.പി നേതാക്കളിൽ ഭൂരിപക്ഷത്തെയും നയിക്കുന്നത്.

വി.പി.സിംഗ് സർക്കാർ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ സംഘപരിവാർ സംഘടനകൾ സവർണപക്ഷത്തുനിന്ന് അതിനെതിരായി രംഗത്തുവരികയുണ്ടായല്ലോ. ജനസംഖ്യയിൽ 52 ശതമാനം വരുന്ന പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന 27 ശതമാനം സംവരണം നൽകുന്നതിന് സവർണ സമൂഹങ്ങളിലെ യുവാക്കളെ തെരുവിലിറക്കി ആത്മാഹുതി നാടകങ്ങൾ കളിച്ച് എതിർക്കുകയാണ് ബി.ജെ.പി ചെയ്തത്. ന്യൂനപക്ഷങ്ങളെ മാത്രമല്ല ദലിതുകളെയും പിന്നാക്കക്കാരെയും ചാതുർവർണ്യ പ്രത്യയശാസ്ത്രം ഭരിക്കുന്ന സംഘപരിവാറിനെ സംബന്ധിച്ച്​ അനഭിമതരാണ്. ഗോൾവാൾക്കർ വിചാരധാരയിൽ വ്യകതമാക്കിയിട്ടുള്ളത് താഴ്ന്നജാതിക്കാരായി ജനിക്കുന്നവർ കഴിഞ്ഞ ജന്മത്തിൽ ദുഷ്‌കൃത്യം ചെയ്തവരാണെന്നാണ്. നായാടി മുതൽ നമ്പൂതിരി വരെയുള്ള വിശാല ഹിന്ദു ഐക്യം സ്വപ്നം കണ്ടുകഴിയുന്നവർ സംഘപരിവാറിന്റെ ദലിത് - പിന്നാക്ക വിരുദ്ധ നിലപാടുകളെക്കുറിച്ച് അജ്ഞത നടിക്കുകയാണ്.

Comments