മറക്കാതിരിക്കാം, അംബേദ്​കറുടെ നാല് മുന്നറിയിപ്പുകൾ

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനാപരമായ പരിമിതികളെ കുറിച്ച് ഭരണഘടനാ നിർമാണവേളയിൽ തന്നെ ഡോ. ബി ആർ അംബേദ്കർ ഉയർത്തിയ ആശങ്കകൾ എത്രത്തോളം പ്രവചനസ്വഭാവമുള്ളതാണെന്ന് തെളിയിക്കുന്നതാണ് വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ. പ്രത്യക്ഷത്തിൽ ഭരണഘടനയെ തള്ളാതെയും തകർക്കാതെയും തന്നെ ഭരണനിർവഹണത്തിലൂടെ ഭരണഘടനയെ അട്ടിമറിക്കുന്നത് സാർവത്രികമായ സമകാലിക രാഷ്ട്രീയ കാലാവസ്ഥയിൽ അംബേദ്കറുടെ നിരീക്ഷണങ്ങൾക്ക്, അദ്ദേഹത്തിന്റെ 132-ാം ജന്മദിനത്തിലും പ്രസക്തിയുണ്ട്​.

ന്ത്യയുടെ രാഷ്ട്രീയഭാവിയും സാമൂഹ്യജീവിതവുമായി ബന്ധപ്പെട്ട് ഭരണഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറുടെ പ്രവചന സ്വഭാവത്തോടെയുള്ള നിരീക്ഷണങ്ങൾ രാജ്യത്തിനുമുന്നിൽ അനുഭവയാഥാർത്ഥ്യങ്ങളായി നിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ 132-ാം ജന്മദിനം കടന്നുവരുന്നത്. ഭരണഘടനയുടെ നിലനിൽപ്, ജനാധിപത്യത്തിന്റെ ഭാവി, സ്വേച്ഛാധിപത്യത്തിനെതിരായ മുന്നറിയിപ്പ്, വർഗീയ ഭൂരിപക്ഷത്തിന് വഴിമാറുന്ന രാഷ്ട്രീയ ഭൂരിപക്ഷം എന്നീ നാല് മേഖലകളിൽ അദ്ദേഹം നൽകിയ മുന്നറിയിപ്പുകൾ ആവർത്തിച്ച് ഓർമിക്കേണ്ട രാഷ്ട്രീയസന്ദർഭമാണിത്. ഭരണഘടനാ അസംബ്ലിയിലെ അവസാന പ്രസംഗത്തിലാണ് അംബേദ്കർ മേൽപറഞ്ഞ ആദ്യ മൂന്ന് നിരീക്ഷണങ്ങളും നടത്തുന്നത്. രാഷ്ട്രീയ ഭൂരിപക്ഷത്തെ വിഴുങ്ങുന്ന സാമുദായിക ഭൂരിപക്ഷത്തിന്റെ അപകട സാധ്യതകളെ കുറിച്ച് അതിനും മുമ്പേ തന്നെ അംബേദ്കർ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.

ഭരണഘടനയുടെ നിലനിൽപ്

‘‘ജനങ്ങൾക്കുവേണ്ടി ജനങ്ങളാലുള്ള ജനങ്ങളുടെ ഒരു ഭരണകൂടം ഉണ്ടാകുമെന്ന അർത്ഥത്തിൽ 1950 ജനുവരി 26ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകും. എന്നാൽ അതിന്റെ ഭരണഘടനക്ക് എന്ത് സംഭവിക്കും എന്നത് എന്നെ അലട്ടുന്നുണ്ട്. ആ ഭരണഘടനയെ നിലനിർത്താൻ ഇന്ത്യക്ക് ആകുമോ, അതല്ല, ഒരിക്കൽ കൂടി ആ ഭരണഘടനയെ രാജ്യം നഷ്ടപ്പെടുത്തുമോ''.

സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച് പ്രവചന സ്വഭാവത്തോടെയുള്ള ചില നിരീക്ഷണങ്ങൾ നടത്തിയാണ് രണ്ടു വർഷവും 11 മാസവും 17 ദിവസവും നീണ്ട ഭരണഘടനാ അസംബ്ലിയിലെ ചർച്ചകൾ ഡോ. ബി. ആർ. അംബേദ്കർ ഉപസംഹരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പൊതുവിലും ഭരണഘടനയുടെ നിലനിൽപ്പും സാമൂഹ്യനീതിയുടെ വിതരണവും സംബന്ധിച്ച് സവിശേഷമായും സുപ്രധാനമായ ചില ആശങ്കകൾക്ക് 1949 നവംബർ 25ന് നടത്തിയ ആ പ്രസംഗത്തിൽ അംബേദ്കർ അടിവരയിട്ടു. ആധുനിക ലിബറൽ ജനാധിപത്യ മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ ഇന്ത്യൻ ഭരണഘടനയെ എത്ര കാലം ഈ രാജ്യത്തിന് സംരക്ഷിച്ച് നിർത്താൻ കഴിയുമെന്നതായിരുന്നു അംബേദ്കറുടെ പ്രധാനപ്പെട്ട ആശങ്ക. ആഭ്യന്തര ഭിന്നതകളും അനൈക്യവും അന്തഃച്ഛിദ്രവും രാജ്യത്തിന്റെ സ്വാതന്ത്ര്യം ഒരിക്കൽ കൂടി നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയായിരുന്നു ഈ പ്രവചന സ്വഭാവമുള്ള പ്രസംഗത്തിൽ അംബേദ്കർ ആവർത്തിച്ചത്.

ഭരണഘടന നടപ്പിൽവരുത്തിക്കൊണ്ടു തന്നെ അതിനെ അട്ടിമറിക്കാനുള്ള സാധ്യതകൾ അംബേദ്കർ മുന്നിൽ കണ്ടിരുന്നു. എത്ര നല്ല ഭരണഘടനയായാലും അത് നടപ്പിലാക്കുന്നവർ ഭരണഘടനാമൂല്യങ്ങൾ ഉൾക്കൊള്ളുന്നവരല്ലെങ്കിൽ അത് ഏറ്റവും മോശം ഭരണഘടനയാകുമെന്നും ഏത്ര മോശം ഭരണഘടനയും നല്ല ഭരണാധികാരികളിലൂടെ ഏറ്റവും മികച്ച ഭരണഘടനയാകുമെന്നും അംബേദ്കർ പറഞ്ഞു. സാങ്കേതിക അർത്ഥത്തിലല്ല, മറിച്ച് സത്താപരമായ ഉള്ളടക്കം പരിഗണിച്ചാവണം ഭരണഘടന പ്രാവർത്തികമാക്കേണ്ടതെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം അദ്ദേഹം വ്യക്തമാക്കി. ഭരണഘടനക്ക് ജീവൻ നൽകുന്നതും അതിനെ സചേതനമായ ഒരു പ്രതിഭാസമായി നിലനിർത്തുന്നതും ഭരണഘടനാ ധാർമികതയാണ്. ഭരണനിർവഹണം ഭരണഘടനാവിരുദ്ധമായി തീരാതിരിക്കാൻ ഭരണ നിർവഹണ സംവിധാനങ്ങൾ ഭരണഘടനാ ധാർമികതയിൽ അടിയുറച്ച് നിൽക്കണമെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്.

ജനാധിപത്യത്തിന്റെ ഭാവി

‘‘1950 ജനുവരി 26ന് നാം വൈരുദ്ധ്യങ്ങളുടെ ജീവിതത്തിലേക്ക് പ്രവേശിക്കും. രാഷ്ട്രീയത്തിൽ നമുക്ക് സമത്വം ഉണ്ടാകും, പക്ഷേ സാമൂഹ്യ സാമ്പത്തിക ജീവിതത്തിൽ അസമത്വം നിലനില്ക്കും. രാഷ്ട്രീയത്തിൽ ഒരു മനുഷ്യന് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം, അതുവഴി എല്ലാ മനുഷ്യർക്കും ഒരേ മൂല്യം എന്ന തത്വം നാം പിന്തുടരും. എന്നാൽ സാമൂഹ്യ- സാമ്പത്തിക ജീവിതത്തിൽ എല്ലാ മനുഷ്യനും ഒരേ മൂല്യമെന്ന തത്വം നിഷേധിക്കും. ഈ വൈരുദ്ധ്യം നിറഞ്ഞ ജീവിതം എത്ര കാലം നമുക്ക് തുടരാനാകും. ഈ വൈരുധ്യം അധിക നാൾ തുടരുന്നത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ അപകടത്തിലാക്കും. എത്രയും വേഗം ഇത് അവസാനിപ്പിക്കാനായില്ലെങ്കിൽ അസമത്വത്തിന് ഇരയാകുന്നവരുടെ രോഷം നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയെ തകർക്കും''

ഇന്ത്യൻ ജനാധിപത്യത്തിന്റെ ആന്തരിക ദൗർബല്യമാണ് അംബേദ്കർ വിശദീകരിക്കാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തെ കേവലം ഭരണകൂടരൂപമോ ഭരണനിർവഹണ തത്വമോ ആയി മാത്രമല്ല, മറിച്ച് സാഹോദര്യമെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ ജീവിതരീതിയും മൂല്യബോധവുമായാണ് അദ്ദേഹം പരിഗണിക്കുന്നത്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ, സാമ്പത്തിക ജനാധിപത്യവുമായി കണ്ണിചേർത്ത് മാത്രമേ ഇന്ത്യയിൽ ജനാധിപത്യത്തിന് അർത്ഥപൂർണമായ ഉള്ളടക്കം നൽകാനാവൂ എന്നായിരുന്നു അംബ്ദേകറുടെ കാഴ്ചപ്പാട്. രാഷ്ട്രീയ ജനാധിപത്യത്തെ സാമൂഹ്യ ജനാധിപത്യമായി പരിവർത്തിപ്പിച്ചാൽ മാത്രമേ നാം നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കഴിയൂവെന്ന് അദ്ദേഹം കരുതി.

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സങ്കൽപങ്ങളെ ജീവിത തത്വവും ജീവിതരീതിയുമായി മനസിലാക്കുന്നതാണ് സാമൂഹ്യ ജനാധിപത്യമെന്ന് അംബേദ്കർ വിശദീകരിച്ചു. ഈ മൂന്ന് സങ്കൽപങ്ങളെയും പരസ്പരബന്ധിതമായ ത്രിത്വമായി കാണമെന്നും ഒന്നിൽനിന്ന് മറ്റൊന്നിനെ വേർപെടുത്തുന്നത് ജനാധിപത്യത്തിന്റെ ആത്യന്തിക ലക്ഷ്യത്തെ തന്നെ അപകടപ്പെടുത്തുമെന്നും അംബേദ്കർ വ്യക്തമാക്കി. സമത്വമില്ലാത്ത സ്വാതന്ത്ര്യം oligarchy- യിലേക്ക് നയിക്കും. സ്വാതന്ത്ര്യമില്ലാത്ത സമത്വം വ്യക്തിവികാസത്തെ തടയും. സാഹോദര്യ മൂല്യമുക്തമായ സ്വാതന്ത്യവും സമത്വവും അർത്ഥശൂന്യമായ കേവല സങ്കൽപങ്ങളായി അവശേഷിക്കും. ഇതായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. ചുരുക്കത്തിൽ സാഹോദര്യമെന്ന സവിശേഷ മൂല്യം കൂടി ഉൾച്ചേരുന്നതിലൂടെ മാത്രമേ സ്വാതന്ത്ര്യം- സമത്വം എന്നീ ജനാധിപത്യ മൂല്യങ്ങൾക്ക് പ്രായോഗികപ്രാപ്തി കൈവരികയുള്ളൂവെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

സ്വേച്ഛാധിപത്യത്തിന് വഴിയൊരുക്കുന്ന ഭക്തിയും വീരാരാധനയും

‘‘നമ്മുടെ സ്വാതന്ത്ര്യം ഒരു വ്യക്തിയ്ക്കും അടിയറ വെയ്ക്കരുത്. എത്ര മഹാനായാലും ഭരണഘടനാസ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള അവരുടെ അധികാരത്തിൽ വിശ്വസിക്കുകയും ചെയ്യരുത്. ഒരു പുരുഷായുസ് മുഴുവൻ രാജ്യത്തിനുവേണ്ടി ത്യജിച്ചവരോട് നന്ദി കാണിക്കുന്നതിൽ തെറ്റില്ല. പക്ഷേ അതിനും ഒരു പരിധി വേണം. ഭക്തിയ്ക്കും വീരാരാധനക്കും രാഷ്ട്രീയത്തിൽ മറ്റേതൊരു രാജ്യത്തേക്കാളും നിർണായകസ്ഥാനമുള്ള ഇന്ത്യ ഇക്കാര്യത്തിൽ ജാഗ്രത കാണിക്കണം. മതത്തിലും വിശ്വാസത്തിലും ഭക്തി മോക്ഷത്തിലേക്കുള്ള പാതയായിരിക്കാം എന്നാൽ വീരാരാധനയും ഭക്തിയും രാഷ്ട്രീയത്തിൽ അധപതനത്തിലേക്കും സ്വേച്ഛാധിപത്യത്തിലേക്കുമുള്ള വഴിയായിരിക്കുമെന്ന് ഉറപ്പാണ്''.

ഭരണഘടനാ അസംബ്ലിയിലെ ചർച്ച ഉപസംഹരിച്ച് നടത്തിയ അവസാന പ്രസംഗത്തിലാണ് ഭക്തിയും വീരാരാധനയും ഏകാധിപത്യത്തിന് വഴിയൊരുക്കുന്നതിനെ കരുതിയിരിക്കാൻ അംബേദ്കർ പറയുന്നത്. ജനാധിപത്യം പൂർണാർത്ഥത്തിൽ നടപ്പാക്കാൻ ഇന്ത്യയുടെ മണ്ണ് പാകമായിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു അംബേദ്കർക്ക്​. നമ്മുടെ ജനാധിപത്യ പരീക്ഷണങ്ങൾ വഴിതെറ്റിപ്പോകാനുള്ള സാധ്യതകൾ അദ്ദേഹം ആവർത്തിച്ചുപറഞ്ഞു. ബാഹ്യരൂപത്തിൽ ജനാധിപത്യമായി നിലനിൽക്കെ തന്നെ ഏകാധിപത്യത്തിലേക്കുള്ള ഒരു വഴി അതിലടങ്ങിയിട്ടുണ്ടെന്നുതന്നെയായയിരുന്നു അംബേദ്കറുടെ പക്ഷം. ഇന്ത്യയുടെ സാമൂഹ്യ- രാഷ്ട്രീയ സവിശേഷതകൾ ഏകാധിപത്യത്തിന് വഴിയൊരുക്കുമെന്ന് അംബേദ്കർ മുന്നറിയിപ്പു നൽകി. എത്ര മഹാനായാലും എന്ത് വ്യക്തിവൈശിഷ്ട്യങ്ങളുണ്ടങ്കിലും രാജ്യത്തിന്റെ സ്വാതന്ത്ര്യം ആരുടെ മുന്നിലും അടിയറ വെയ്ക്കരുതെന്ന് അദ്ദേഹം ആവർത്തിച്ചു പറഞ്ഞു.

രാഷ്ട്രീയ ഭൂരിപക്ഷത്തെ വിഴുങ്ങുന്ന വർഗീയ ഭൂരിപക്ഷം

‘‘ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഭൂരിപക്ഷതാൽപര്യത്തിന് അനുസരിച്ച് ഭരിക്കാനുള്ള ഒരു ദൈവദത്താധികാര സങ്കൽപം ഇന്ത്യൻ ദേശീയത വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവിടെ ന്യൂനപക്ഷങ്ങളുടെ അധികാര പങ്കാളിത്തത്തിനുള്ള ഏത് ആവശ്യവും വർഗീയമായി മുദ്രകുത്തപ്പെടുകയും ഭൂരിപക്ഷത്തിന്റെ അധികാരക്കുത്തക ദേശീയതയായി വ്യാഖ്യാനിക്കുകുയും ചെയ്യും.''

1947 മാർച്ച് 24ന് മൗലികാവകാശങ്ങൾക്കും ന്യൂനപക്ഷാവകാശങ്ങൾക്കുമുള്ള ഭരണഘടനാ ഉപസമിതിക്ക് നൽകിയ കത്തിലാണ് ന്യൂനപക്ഷങ്ങളുടെ അധികാര പങ്കാളിത്തം സംബന്ധിച്ച മേൽപറഞ്ഞ പ്രസ്താവന അംബേദ്കർ നടത്തുന്നത്. അധികാര പങ്കാളിത്തമില്ലാത്ത എല്ലാ ജനസമൂഹങ്ങളെയും ചേർത്താണ് അദ്ദേഹം ന്യൂനപക്ഷം എന്നുവിളിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിൽ ന്യൂനപക്ഷങ്ങളുടെ അധികാരപങ്കാളിത്തം സ്വാഭാവികമായി സംഭവിക്കില്ലെന്നായിരുന്നു അംബേദ്കറുടെ പക്ഷം. ജനാധിപത്യം പ്രായോഗിക തലത്തിലെത്തുമ്പോൾ രാഷ്ട്രീയ ഭൂരിപക്ഷം സാമുദായിക ഭൂരിപക്ഷമായി മാറുമെന്നും ന്യൂനപക്ഷങ്ങൾ ഇന്ത്യയുടെ ഭരണപങ്കാളിത്തത്തിൽ നിന്ന് ജനാധിപത്യപരമായി തന്നെ പുറന്തള്ളപ്പെടുമെന്നുമായിരുന്നു അംബേദ്കറുടെ ആശങ്ക.

പാർലമെന്ററി ജനാധിപത്യം അടിസ്ഥാന രാഷ്ട്രീയമൂല്യവും ഭരണകൂട രൂപവുമായി സ്വീകരിക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ മൗലികമായ വൈരുദ്ധ്യത്തെ അംബേദ്കർ അഭിസംബോധന ചെയ്യുന്നുണ്ട്. അത് രാഷ്ട്രീയ ഭൂരിപക്ഷത്തെ അപ്രസക്തമാക്കുന്ന വർഗീയ ഭൂരിപക്ഷമാണ്. വർഗീയ ഭൂരിപക്ഷവും രാഷ്ട്രീയ ഭൂരിപക്ഷവും തമ്മിലുള്ള വ്യത്യാസവും അംബേദ്കർ വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ ഭൂരിപക്ഷം താൽകാലികവും പരിവർത്തന സാധ്യതയുള്ളതുമാണ്. അത് അഴിച്ചുപണിയാനും നിർമിക്കാനും കഴിയും. അതിൽ ആർക്കും എപ്പോഴും പ്രവേശന സാധ്യതയുണ്ട്. എന്നാൽ സാമുദായിക വർഗീയ ഭൂരിപക്ഷം അതിൽ ജനിച്ചുവീഴുന്നവരിലൂടെ നിലവിൽ വരുന്നതാണ്. അത് പരിവർത്തന വിധേയമോ എല്ലാവർക്കും പ്രവേശനം ലഭിക്കുന്നതോ ആയ വ്യവസ്ഥയല്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനാധിപത്യത്തിൽ ഭൂരിപക്ഷ സമഗ്രാധിപത്യത്തിനുള്ള സാധ്യത മറി കടക്കാനുള്ള മാർഗങ്ങൾ ഭരണഘടനാപരമായി തന്നെ വ്യവസ്ഥ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

1945 മെയ് മാസത്തിൽ ആൾ ഇന്ത്യാ ഷെഡ്യൂൾഡ് കാസ്റ്റ്‌സ് ഫെഡറേഷന്റെ സമ്മേളനത്തിൽ ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നുണ്ട്. മാത്രമല്ല ഈ പ്രശ്‌നം മറികടക്കാനും ന്യൂനപക്ഷങ്ങളെ കൂടി ഉൾക്കൊള്ളാനുമുള്ള ഒരു രാഷ്ട്രീയപദ്ധതിയും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ട്. നിയമനിർമാണ കാര്യനിർവഹണ വിഭാഗത്തിൽ ഏതെങ്കിലും ഒരു സമുദായത്തിനുള്ള പരമാവധി പങ്കാളിത്തം 40 ശതമാനമായി വ്യവസ്ഥ ചെയ്യണണെന്ന് അദ്ദേഹം വാദിച്ചു. ഭൂരിപക്ഷ സമുദായം 40 ശതമാനത്തിന് മുകളിലുണ്ടെങ്കിലും അവശേഷിക്കുന്ന സീറ്റുകൾ ന്യൂനപക്ഷങ്ങൾക്കായി മാറ്റിവെയ്ക്കണം. ന്യൂനപക്ഷങ്ങൾ യോജിച്ചാൽ ഭൂരിപക്ഷത്തെ ഭരണത്തിൽനിന്ന് പുറത്താക്കാൻ കഴിയും എന്നതായിരുന്നു ഈ ഫോർമുലയുടെ അടിസ്ഥാനം. നിയമനിർമാണ സഭകളുടെ കാര്യത്തിൽ മാത്രമല്ല, കാര്യനിർവഹണ വിഭാഗത്തിലും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പാക്കാൻ പാർലമെന്ററി വ്യവസ്ഥയിലൂടെ സാധ്യമല്ലെന്ന് അദ്ദേഹം കരുതി. പ്രധാനമന്ത്രിയും കാബിനറ്റും പാർലമെൻറ്​ ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥ (proportional representation) യിൽ ഏക കൈമാറ്റ വോട്ടിലൂടെ (Single Transferable Vote) തെരഞ്ഞെടുക്കണമെന്ന് അംബേദ്കർ നിർദേശിച്ചു. അങ്ങനെയായാൽ ന്യൂനപക്ഷങ്ങൾക്കുകൂടി സർക്കാരിൽ പ്രാതിനിധ്യമുണ്ടാകുമെന്നായിരുന്നു അംബേദ്കറുടെ കണക്കുകൂട്ടൽ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘടനാപരമായ പരിമിതികളെ കുറിച്ച് ഭരണഘടനാ നിർമാണവേളയിൽ തന്നെ ഡോ. ബി ആർ അംബേദ്കർ ഉയർത്തിയ ആശങ്കകൾ എത്രത്തോളം പ്രവചനസ്വഭാവമുള്ളതാണെന്ന് തെളിയിക്കുന്നതാണ് വർത്തമാന ഇന്ത്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ. പ്രത്യക്ഷത്തിൽ ഭരണഘടനയെ തള്ളാതെയും തകർക്കാതെയും തന്നെ ഭരണനിർവഹണത്തിലൂടെ ഭരണഘടനയെ അട്ടിമറിക്കുന്നത് സാർവത്രികമായ സമകാലിക രാഷ്ട്രീയ കാലാവസ്ഥയിൽ അംബേദ്കറുടെ നിരീക്ഷണങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്.

Comments