ജനാധിപത്യത്തെ
റദ്ദാക്കുന്ന ജാതിയും
ചെറുത്തുനിൽപ്പിന്റെ
അംബേദ്കർ വഴികളും

ഭരണകൂടത്തിന്റെ സർവ്വതല അധികാര പ്രയോഗങ്ങൾക്കിടയിലും പൗരർ നിസ്സഹായനായി നിൽക്കുമ്പോഴാണ് അവസാനത്തെ അഭയം ഭരണഘടനാ അവകാശമാകുന്നത്. അത് തിരിച്ചറിയണമെങ്കിൽ അംബേദ്കറെതന്നെ വായിക്കണം. അതിനുപുറത്തുള്ള ഏതൊരു വായനയും മറ്റൊരു തരത്തിൽ ആശയാധികാര വ്യവസ്ഥയുടെയും ബ്രാഹ്മണിക്കൽ മൂല്യബോധത്തിന്റെയും സാമ്പത്തിക മേൽക്കോയ്മയുടെയും പിൻബലത്തിൽ രൂപപ്പെട്ടതാണ്- ഇ.കെ. ദിനേശൻ എഴുതുന്നു. ഡോ. ബി.ആർ. അംബേദ്കർ മരിച്ചിട്ട് ഇന്ന് 69 വർഷം പിന്നിടുന്നു.

Indian Philosophy, Indian Revolution: On Caste and Politics (Divya Dwivedi, Shaj Mohan) എന്ന പുസ്തകത്തിൽ ഒരു വാചകമുണ്ട്:
‘ഇന്ത്യൻ സാഹചര്യത്തിൽ വിപ്ലവത്തിന് ഒരു അർത്ഥമേ ഉള്ളൂ, ജാതിവ്യവസ്ഥ അവസാനിപ്പിക്കുക. പൗരത്വം എന്ന പദത്തിന് ഒരു അർത്ഥമേയുള്ളൂ, ജാതിയും വംശവും ഉപേക്ഷിച്ച രാജ്യത്തെ ജനത’.

ഈയൊരു ഘട്ടത്തിലേക്ക് ഇന്ത്യൻ ജനാധിപത്യ സമൂഹത്തിന് ഉയർന്നുവരാൻ കഴിയാത്ത വിധം ജാതി ഇന്നും ശക്തമായി നിലനിൽക്കുകയാണ്. ആധുനിക ജനാധിപത്യ സമൂഹം എന്ന രീതിയിൽ ഇന്ത്യയിലുണ്ടായിട്ടുള്ള സാമൂഹ്യമനുഷ്യരുടെ വളർച്ച അസമത്വത്തെ പ്രത്യക്ഷത്തിൽ വിളംബരം ചെയ്യുന്നതാണ്. അതിൻ്റെ രാഷ്ട്രീയകാരണം, ജാതിയാണ്. പതിറ്റാണ്ടായി ഇന്ത്യയിൽ തുടർന്നുവരുന്ന പുരോഗമന രാഷ്ട്രീയ ദർശനങ്ങൾക്കും ജനാധിപത്യ ഭരണകൂടങ്ങൾക്കും ഈ അസമത്വത്തെ അവസാനിപ്പിക്കാൻ കഴിയുന്നില്ല. മാത്രമല്ല, ആധുനികാധികാരഘടനയുമായി ഒത്തുചേർന്ന് അവ ശക്തിപ്പെട്ടു എന്നതാണ് സമകാല ഇന്ത്യ തെളിയിക്കുന്നത്. ഈ ജനാധിപത്യവിരുദ്ധതയെ അവസാനിപ്പിക്കാൻ രാഷ്ട്രീയ വിപ്ലവത്തേക്കാൾ കൂടുതൽ സാമൂഹ്യ വിപ്ലവം അനിവാര്യമാണെന്ന് പതിറ്റാണ്ടുകൾക്കു മുമ്പ് ഡോ. ബി. ആർ. അംബേദ്കർ പ്രഖ്യാപിച്ചിട്ടുണ്ട്.

അന്നത്തെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയും അതിനെ നിലനിർത്തുന്ന കേന്ദ്രീകൃത ഭരണകൂടവും വിവിധ ഭാഷാ ദേശീയതകളും വളർന്നു. അത് ഭരണവർഗത്തിന്റെ കരുത്തിൽ ആന്തരികമായി ശക്തിപ്പെട്ടു. കേന്ദ്രീകൃത ഭരണത്തിനുള്ളിൽ പൗരരുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും പണ്ടൊന്നുമില്ലാത്തവിധം അധികാര വ്യവസ്ഥയ്ക്കുള്ളിൽ സൂക്ഷ്മവിചാരണങ്ങൾക്ക് വിധേയമായി. ഒടുവിൽ വ്യക്തിസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള ‘സഞ്ചാർ സാഥി ആപ്’ പോലെയുള്ള പരീക്ഷണങ്ങൾക്ക് ഭരണകൂടം വഴിയൊരുക്കുന്നു.

ഈ സാഹചര്യത്തിലാണ് ജനാധിപത്യത്തെ കുറിച്ചും ഭരണഘടനാ അവകാശങ്ങളെ കുറിച്ചും ഓരോ വ്യക്തികളും അറിവുള്ളവരാകേണ്ടത്. അത്തരം അറിവിൻ്റെ അവകാശബോധങ്ങൾ ഇന്ത്യയിലെ ജാതിയാൽ പുറന്തള്ളപ്പെട്ട മനുഷ്യരിൽ അധികാരബോധം ഉണ്ടാകണമെങ്കിൽ ഈ കാലത്തും നാം വായിക്കേണ്ടത് ഡോ. ബി ആർ അംബേദ്കറെ തന്നെയാണ്.

അംബേദ്കർ ചിന്തയുടെ സംവാദമണ്ഡലം അത്രമാത്രം ജനാധിപത്യപരവും സമത്വത്തിൽ അധിഷ്ടിതവുമാണ്. നിലവിലെ സാഹചര്യത്തിൽ അത് ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുമായും ആശയാധികാരവുമായും ഏറ്റുമുട്ടുന്ന പ്രത്യയശാസ്ത്രമാണ്. അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആശയപരമായ വഴി തെളിയിക്കുന്നുണ്ട് അംബേദ്ക്കർ ചിന്തകൾ. അതുകൊണ്ട് അംബേദ്കറെ ആര്, എങ്ങനെ വായിക്കണം എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്.

അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആശയപരമായ വഴി തെളിയിക്കുന്നുണ്ട് അംബേദ്ക്കർ ചിന്തകൾ.
അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജനാധിപത്യാവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ആശയപരമായ വഴി തെളിയിക്കുന്നുണ്ട് അംബേദ്ക്കർ ചിന്തകൾ.

മറിച്ച്, ജനാധിപത്യത്തെ കൂടുതൽ ജനകീയവൽക്കരിക്കാൻ, അസമത്വങ്ങളുടെ അടിസ്ഥാന കാരണങ്ങളെ അതിൻ്റെ ആരംഭകാലം മുതലുള്ള അധീശത്വ മേലാളഘടനയിൽ നിന്ന് പൊളിച്ചടുക്കാനും നാം അംബേദക്കറെ വായിക്കണം. ബഹുസ്വര ഇന്ത്യയിൽ ജീവിക്കുന്ന ഇടത്തെ തിരിച്ചറിയാനുള്ള വഴി കൂടി അംബേദ്കർ തുറന്നുവച്ചിട്ടുണ്ട്. അതാണ് ഓരോ ഇന്ത്യക്കാർക്കും ഭരണഘടന നൽകുന്ന ഉറപ്പ്. അതിനും മുകളിലാണ് ജാതിയുമായി ബന്ധപ്പെട്ട ശക്തി നിലനിൽക്കുന്നത്. അവിടെയാണ് ആധുനിക മനുഷ്യൻ നേടിയ അറിവും ജ്ഞാനവും ഏത് മനുഷ്യത്വബോധത്തെയാണ് അഭിമുഖീകരിക്കുന്നതെന്ന ചോദ്യം ഉയർന്നു വരുന്നത്.

സവർണ്ണ മനുഷ്യരിലെ ജാതിബോധം ഒരിക്കലും അവരിലെ ജ്ഞാനബോധത്തെ സാമൂഹ്യമായി വികസിപ്പിക്കാനോ സംവാദാത്മകമായി പ്രയോജനപ്പെടുത്താനോ അനുവദിക്കുന്നില്ല. കാരണം, ജാതി അവരിൽ പ്രത്യക്ഷത്തിൽ അധികാരമായി നിലനിൽക്കുന്നതാണ്. ആ പ്രിവിലേജ് ജാതിയാൽ നിർമ്മിക്കപ്പെട്ടതാണെന്ന് അവർക്കുറപ്പുണ്ട്. ഈ സവർണതയാണ് സമകാലത്ത് രാജ്യത്തെ ജനാധിപത്യ അവകാശങ്ങളെ റദ്ദ് ചെയ്യുന്നത്. അതുവഴി പ്രിവലേജ് രാഷ്ട്രീയം സൂക്ഷ്മവും സ്ഥൂലവുമായ ഇടങ്ങളിൽ സവർണ്ണേതര പൗരരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നു.

സവർണ്ണത കൈയ്യടക്കിയ ഈ അധികാരം ഇന്ത്യൻ ജനത അനുഭവിച്ചുവന്ന ജനാധിപത്യ അവകാശങ്ങളെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് അതിവേഗം വളർന്നത് ഈ പതിറ്റാണ്ടിനിടയിലാണ്. അവിടെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും സവർണ്ണവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന ഭീതി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. തീവ്ര തിരഞ്ഞെടുപ്പ് പരിഷ്കരണ പ്രവർത്തനങ്ങൾ സ്വന്തം രാജ്യത്ത് പൗരരുടെ ജന്മാവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്. ഇതിനെതിരായ ഏതൊരു പോരാട്ടത്തിനും സാധാരണ പൗരർക്കുള്ള ആശ്രയം ഭരണഘടനയാണ്. ഭരണഘടനക്കുള്ളിലെ അവകാശങ്ങളെ കുറിച്ചുള്ള ഏതൊരു നിരീക്ഷണവും അംബേദ്കറുടെ ജനാധിപത്യ മൂല്യബോധത്തിൽ അടിയുറച്ചു നിൽക്കുന്നതാണ്. അതു പൂർണ്ണമായും ജനാധിപത്യപരമാണ്. ഭരണകൂടത്തിന്റെ സർവ്വതല അധികാര പ്രയോഗങ്ങൾക്കിടയിലും പൗരർ നിസ്സഹായനായി നിൽക്കുമ്പോഴാണ് അവസാനത്തെ അഭയം ഭരണഘടനാ അവകാശമാകുന്നത്. അത് തിരിച്ചറിയണമെങ്കിൽ അംബേദ്കറെതന്നെ വായിക്കണം. അതിനുപുറത്തുള്ള ഏതൊരു വായനയും മറ്റൊരു തരത്തിൽ ആശയാധികാര വ്യവസ്ഥയുടെയും ബ്രാഹ്മണിക്കൽ മൂല്യബോധത്തിന്റെയും സാമ്പത്തിക മേൽക്കോയ്മയുടെയും പിൻബലത്തിൽ രൂപപ്പെട്ടതാണ്. അതിനെ തങ്ങളുടെ ‘സ്വയംഭൂ’ അധികാരമായി സംരക്ഷിക്കുന്ന മനുഷ്യരുടെയെല്ലാം അന്തർധാരയായി പ്രവർത്തിക്കുന്നത് മേൽജാതി ഘടനയാണ്. അതുകൊണ്ടാണ് പുരോഗമന മനുഷ്യരുടെ പുറത്തെ വിപ്ലവബോധത്തെ അകത്തെ പുണൂൽ റദ്ദ് ചെയ്യുന്നത്. അങ്ങനെ സവർണ്ണ ജാതി മനുഷ്യരിലെ പുരോഗമന രാഷ്ട്രീയം തകരുകയും ഉള്ളിൽ നിലനിൽക്കുന്ന ജാതീയത അധികാരമായി പുറത്തുവരികയും ചെയ്യുന്നു.

ഭരണകൂടത്തിന്റെ സർവ്വതല അധികാര പ്രയോഗങ്ങൾക്കിടയിലും പൗരർ നിസ്സഹായനായി നിൽക്കുമ്പോഴാണ് അവസാനത്തെ അഭയം  ഭരണഘടനാ അവകാശമാകുന്നത്. അത്  തിരിച്ചറിയണമെങ്കിൽ അംബേദ്കറെതന്നെ വായിക്കണം.
ഭരണകൂടത്തിന്റെ സർവ്വതല അധികാര പ്രയോഗങ്ങൾക്കിടയിലും പൗരർ നിസ്സഹായനായി നിൽക്കുമ്പോഴാണ് അവസാനത്തെ അഭയം ഭരണഘടനാ അവകാശമാകുന്നത്. അത് തിരിച്ചറിയണമെങ്കിൽ അംബേദ്കറെതന്നെ വായിക്കണം.

ഇന്ത്യ വളരുകയാണെന്നും ജനത ജനാധിപത്യവൽക്കരിക്കപ്പെടുകയാണെന്നും വിശ്വസിക്കുന്നവരാണ് നാം. എന്നാൽ ഇടത്, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ പാർട്ടികളിൽ ജാതിയുമായി ബന്ധപ്പെട്ട സംവാദങ്ങളിൽ ബ്രാഹ്മണിക്കൽ ഐഡിയോളജിയാണ് ശക്തം. അവരിൽ ദീർഘകാലങ്ങളായി പ്രവർത്തിക്കുന്ന പുരോഗമന രാഷ്ട്രീയമൂല്യബോധം ജാതിബോധത്തിന് കീഴെയാണ് നിലനിൽക്കുന്നത്. മതേതര ജനാധിപത്യത്തെ കുറിച്ച് പറയുമ്പോഴും അവരിലെപേരിനൊപ്പം നിൽക്കുന്ന സവർണ്ണത അതിനെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

ഇത് എന്തുകൊണ്ട് സംഭവിച്ചു എന്നതിന് കൃത്യമായ ഉത്തരമുണ്ട്. ശ്രേണീബന്ധിതമായ ജാതി വ്യവസ്ഥയും അതിൽ നിന്ന് രൂപപ്പെട്ട പൗരോഹിത്യവും ശക്തമായ ആശയാടിത്തറയിലാണ് നിലനിൽക്കുന്നത്. മനുസ്മൃതിയെ മുൻനിർത്തി ഭാരതീയത മഹത്തരമാകുന്നത് അതുകൊണ്ടാണ്. അതൊരു നിയമം കൂടിയാണ്. ആ നിയമത്തിനുള്ളിൽ ചിട്ടപ്പെടുത്തിയ ഘടനാരൂപം ബ്രാഹ്മണരുടെ അധികാരങ്ങളെയാണ് എക്കാലത്തും ശക്തിപ്പെടുത്തിയത്. ഇത് വർണ്ണ ജാതികൾക്ക് കീഴെയുള്ള മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. അതുകൊണ്ടായിരുന്നു മനുസ്മൃതി കത്തിക്കുക എന്നത് ഡോ. അംബേദ്കറെ സംബന്ധിച്ച് ഏറ്റവും വലിയ രാഷ്ട്രീയ വിപ്ലവമായത്. അതിൻ്റെ രാഷ്ട്രീയ പ്രാധാന്യത്തെ തിരിച്ചറിയുമ്പോഴാണ് എങ്ങനെയാണ് അദ്ദേഹത്തെ വായിക്കേണ്ടത് എന്ന ചോദ്യം ഒരേ സമയത്ത് അപ്രസക്തവും പ്രസക്തവുമാകുന്നത്.

ഇന്ത്യൻ സാമൂഹ്യവസ്ഥയിലെ അസമത്വങ്ങളെ സൃഷ്ടിച്ചത് സാമ്പത്തിക വിവേചനം മാത്രമല്ല, അതിനേക്കാൾ ശക്തമാണ് ജാതീയ വേർതിരിവുകൾ. ഈ വിവേചനം തുല്യത, സമത്വം തുടങ്ങിയ മഹത്തായ മാനവിക മൂല്യങ്ങളെ റദ്ദ് ചെയ്യുന്നതാണ്. ഇന്ത്യക്കാർക്ക് ഒരു വിഷയത്തിൽ പൊതുവായി തീരുമാനമെടുക്കാൻ കഴിയാത്ത വിധം ജാതിയാല്‍ നിർമ്മിക്കപ്പെട്ട അധികാരം, ഭരണഘടനാപരമായ ജനാധിപത്യത്തെ അംഗീകരിക്കുന്നതിൽ തടസ്സം നിൽക്കുന്നു. അങ്ങനെയാണ് മതേതരത്വത്തെ അധികാരത്തിന്റെ പിൻബലത്തിൽ ജനാധിപത്യ ഭരണകൂടത്തിന് മറികടക്കാൻ കഴിയുന്നത്. പുതിയ പാർലമെൻറ് പ്രവേശനകാലത്ത് അതിൻ്റെ പ്രച്ഛന്നത നാം കണ്ടതാണ്.

ഭരണഘടനയും അതിനുള്ളിൽ ജനാധിപത്യവും നിലനിൽക്കെ ഒരു രാഷ്ട്രം മതകേന്ദ്രീകൃത സ്വഭാവത്തിലേക്ക് മാറുന്നത് മേൽ ജാതി അധികാരത്തിലൂടെയാണ്. അത്രയും ദൃഢീകരിക്കപ്പെട്ടിട്ടുണ്ട് അധികാരത്തിനുള്ളിലെ ജാതിയത. ഇതിനെയാണ് അംബേദ്കർ മരണംവരെ വിമർശിച്ചതും പ്രതിരോധിച്ചതും. ഈ വിമർശനത്തിന്റെ രാഷ്ട്രീയം തുല്യതയേയും സമത്വത്തെയും ചേർത്തുപിടിക്കുമ്പോൾ അത് ബ്രാഹ്മണിക്കൽ തിയറിക്ക് എതിരാകുന്നത് ജാതിവ്യവസ്ഥയെ എതിർക്കുന്നതുകൊണ്ടാണ്. അങ്ങനെ വരുമ്പോൾ അംബേദ്ക്കറെ ആദ്യവും ആഴത്തിലും വായിക്കേണ്ടത് ഇന്ത്യയിലെ ദലിത്, മർദ്ദിത മതന്യൂനപക്ഷങ്ങൾ തന്നെയാണ്. കാരണം, അവരാണ് നിലവിലെ സാഹചര്യത്തിൽ അപരവൽക്കരണത്തിനും പൗരത്വ നിഷേധത്വത്തിനും ഇരകളാകുന്നത്.

ഇന്ത്യക്കാർക്ക് ഒരു വിഷയത്തിൽ പൊതുവായി തീരുമാനമെടുക്കാൻ കഴിയാത്ത വിധം ജാതിയാല്‍ നിർമ്മിക്കപ്പെട്ട അധികാരം, ഭരണഘടനാപരമായ ജനാധിപത്യത്തെ  അംഗീകരിക്കുന്നതിൽ തടസ്സം നിൽക്കുന്നു.
ഇന്ത്യക്കാർക്ക് ഒരു വിഷയത്തിൽ പൊതുവായി തീരുമാനമെടുക്കാൻ കഴിയാത്ത വിധം ജാതിയാല്‍ നിർമ്മിക്കപ്പെട്ട അധികാരം, ഭരണഘടനാപരമായ ജനാധിപത്യത്തെ അംഗീകരിക്കുന്നതിൽ തടസ്സം നിൽക്കുന്നു.

സ്വാതന്ത്രാനന്തരം ഇന്ത്യയിൽ രൂപപ്പെട്ടുവന്ന അധികാരവർഗ്ഗവും അതിൻ്റെ കർതൃത്വ രൂപീകരണവും ജനാധിപത്യ പരിസരങ്ങളിൽ നിന്നാണ് ശക്തിപ്പെട്ടുവന്നത്. അപ്പോഴും അവിടെ നിന്നും പുറന്തള്ളപ്പെട്ടുപോയത് ദലിതരും പിന്നാക്ക വിഭാഗങ്ങളുമാണ്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു? ആ ചോദ്യത്തിന് പ്രസക്തിയില്ലാത്ത വിധം ഇന്ത്യയിലെ വിവിധ ദേശസമൂഹങ്ങളിൽ കൂടിയും കുറഞ്ഞും ജാതിവ്യവസ്ഥ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് മറ്റൊരുതരത്തിൽ ഹിന്ദുത്വ അധികാര ഘടനയുടെ പ്രഖ്യാപിത നയം കൂടിയാണ്. എന്നാൽ ഈ സാഹചര്യത്തെ മറികടക്കാൻ കഴിയാത്ത വിധം പ്രത്യക്ഷത്തിൽ ജാതി പറയാത്ത കോൺഗ്രസ്, ഇടത്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഏതെങ്കിലും അർത്ഥത്തിലുള്ള പ്രതിരോധത്തെയൊ ബദൽ രാഷ്ട്രീയത്തെയൊ അവതരിപ്പിക്കാൻ കഴിയുന്നില്ല. അതിനുകാരണം, ഇന്ത്യൻ പൊതുബോധത്തിൽ ഹിന്ദുത്വം നേടിയിട്ടുള്ള ആശയാധികാരമാണ്. അത് കീഴ്ത്തട്ട് മനുഷ്യരെ പോലും സ്വാധീനിച്ചു.

അയോധ്യയിലെ ക്ഷേത്രമായും രാമനായും പുരോഗമന മനുഷ്യൻ്റെ അകത്തുപോലും ഹിന്ദുത്വ ആശയാധികാരഘടന ബലപ്പെട്ടു നിൽക്കുകയാണ്. ഇതിനുള്ളിലെ ജാതിഅധിശ്വത്വഘടനയെ തിരിച്ചറിയാത്ത വിധം പുരോഗമന മനുഷ്യൻ്റെ വീടിനുള്ളിൽ തന്നെ മേൽജാതി അനുകൂല ബോധം ശക്തിപ്പെട്ടു കഴിഞ്ഞു. അതുകൊണ്ടാണ് ഹിന്ദുത്വം അതിവേഗം കേരളത്തിൽ രാഷ്ട്രീയ വളർച്ച നേടുന്നത്. ഇത്തരം ഘട്ടങ്ങളിൽ സവർണ്ണ ഹിന്ദുത്വവും അവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവും രണ്ടല്ല, ഒന്നാണ് എന്ന് അറിയിക്കാനുള്ള പ്രാപ്തി പോലും കേരളത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇത്തരം രാഷ്ടീയാവസ്ഥയെ മർദ്ദിത മതന്യൂനപക്ഷങ്ങളുടെ ഏകീകരണങ്ങൾ കൊണ്ടൊ ശക്തികൊണ്ടോ മറികടക്കാൻ കഴിയുന്നതല്ല. കാരണം, ജാതിചിന്ത നൂറ്റാണ്ടുകളായി ഇന്ത്യൻ പൊതുബോധത്തിൽ അലിഞ്ഞു ചേർന്നുകിടക്കുന്നതാണ്. അവിടെ അടിത്തട്ടു മനുഷ്യരുടെ സാമൂഹിക ഐക്യം രാഷ്ട്രീയമായി ഉയർത്തിക്കൊണ്ടുവരാൻ ഹിന്ദുത്വ ശക്തികൾ തയ്യാറല്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.

നമുക്ക് മുമ്പിൽ പുതിയ മനുഷ്യനും പുതിയ ലോകവും വളരുകയാണ്. അപ്പോഴും മനുഷ്യത്വം എന്നത് ജാതികൊണ്ടും വർണ്ണം കൊണ്ടും നിശ്ചയിക്കുന്നവിധം ഇന്ത്യൻ സാമൂഹികാവസ്ഥ ശക്തിപ്പെടുകയാണ്. അതിനെതിരെയുള്ള ചെറുത്തുനിൽപ്പിന്റെ ആശയം അംബേദ്കറിലാണ് എത്തിനിൽക്കുക. അത് തെളിയിക്കുന്നുണ്ട് അംബേദ്ക്കറിൻ്റെ നിരീക്ഷണം.

‘ഇന്ത്യയിൽ വിപ്ലവം കൊണ്ടുവരിക എന്ന ആശയത്തെ ഏറെ സംശയത്തോടെ നോക്കിക്കൊണ്ടിരുന്ന അംബേദ്കർ ഇങ്ങനെയാണ് സോഷ്യലിസ്റ്റുകളോട് പ്രതികരിച്ചത് - വിപ്ലവം നേടിയെടുത്തതിനുശേഷം ജാതി- വർഗ്ഗ വിവേചനമില്ലാതെ തങ്ങളെല്ലാവരും തുല്യരായി പരിഗണിക്കപ്പെടുമെന്ന ഉറപ്പില്ലാതെ ഒരു മനുഷ്യനും തുല്യ സ്വത്തുക്കൾക്ക് വേണ്ടിയുള്ള വിപ്ലവത്തിൽ പങ്കുചേരുകയില്ല. കേവലം വാചാടോപങ്ങൾ അല്ലാതെ സോഷ്യലിസത്തെ യാഥാർത്ഥവൽക്കരിക്കണമെന്ന ശക്തമായ ആഗ്രഹം സോഷ്യലിസ്റ്റുകൾക്കുണ്ടെങ്കിൽ അവർ സാമൂഹിക പരിഷ്കരണമെന്നത് അടിസ്ഥാനപരമായി നടപ്പിലാക്കേണ്ട കാര്യമാണെന്ന് അംഗീകരിക്കേണ്ടതുണ്ട്’- ‘Dr Ambedkar and Untouchability: Analysing and Fighting Caste’ (Christophe Jaffrelot- ബുക്ക് പ്ലസ്).

അംബേദ്ക്കറെ മുൻനിർത്തി ഇത്തരം വിശകലങ്ങൾകൂടി വായിക്കേണ്ടതുണ്ട്. അപ്പോഴാണ് നമ്മൾ തുല്യതയ്ക്കും ഒപ്പം മനുഷ്യപക്ഷത്തും ആവുക.


Summary: Ek Dineshan writes about Ambedkar’s paths of resistance against caste on Mahaparinirvan Diwas


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments