നെഹ്റു കുടുംബവും കോൺഗ്രസും തങ്ങളുടെ സ്വന്തം മണ്ഡലങ്ങളായി കരുതിവന്നിരുന്ന യു.പിയിലെ അമേഥിയും റായ് ബറേലിയും ഇതാദ്യമായി പാർട്ടിയുടെ മുന്നിൽ വലിയ ചോദ്യചിഹ്നങ്ങളായി നിൽക്കുകയാണ്, ഇത്തവണ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കോൺഗ്രസ് പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥാനാർഥ പട്ടികയിലും ഇരു മണ്ഡലങ്ങളിലെയും സസ്‌പെൻസ് നിലനിർത്തിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെയായിരിക്കുമോ അമേഥിയിലും റായ്ബറേലിയിലും മത്സരിക്കുക?
മുമ്പ് ഒരു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ഈ മണ്ഡലങ്ങളുടെ കാര്യത്തിൽ കോൺഗ്രസിന് ഇത്ര വലിയ ആലോചനകൾ നടത്തേണ്ടിവന്നിട്ടില്ല. 2019-ൽആദ്യ സ്ഥാനാർഥിപട്ടികയിൽ തന്നെ രാഹുലിന്റെയും സോണിയയുടെയും പേരുണ്ടായിരുന്നു. ഇരു മണ്ഡലങ്ങളിലെയും ജയത്തിൽ പാർട്ടിക്ക് ഒരുവിധ സംശയവുമുണ്ടായിരുന്നില്ല. എന്നാൽ, അമേഥിയിൽ രാഹുലിനെതിരെ ബി.ജെ.പിയുടെ സ്മൃതി ഇറാനി അട്ടിമറി ജയം നേടിയത്, പാർട്ടിയുടെ കണ്ണുതുറപ്പിക്കാൻ പോന്ന യാഥാർഥ്യമായിരുന്നു. അതായത്, നെഹ്റു കുടുംബപൈതൃകത്തിന്റെ വൈകാരികത ജനങ്ങൾക്കുമുന്നിൽ വിളമ്പി എല്ലാ കാലവും ഈസിയായി തെരഞ്ഞെടുക്കപ്പെടാം എന്ന ആത്മവിശ്വാസത്തിന് തോൽവി സംഭവിക്കാം എന്ന പാഠം.
നെഹ്റു കുടുംബത്തിന്റെ ചോദ്യം ചെയ്യപ്പെടാത്ത മണ്ഡലം എന്ന ഖ്യാതിയുള്ള അമേഥി 2019-ൽ സ്മൃതി ഇറാനിയെയാണ് തെരഞ്ഞെടുത്തത്. രാഹുൽഗാന്ധിയുടെ ഞെട്ടിപ്പിക്കുന്ന തോൽവിയോടെ. രാഹുൽ ഇന്നലെ വയനാട്ടിൽ പത്രിക നൽകി. പ്രിയങ്കയോടൊപ്പം എത്തി ആവേശകരമായ റോഡ് ഷോയുടെ അകമ്പടിയോടെ തന്നെ. എന്നാൽ, മുമ്പ് മൂന്നു തവണ വിജയിച്ച അമേഥി ഒഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
റായ്ബറേലിയിലെ സിറ്റിങ് എം.പി സോണിയാ ഗാന്ധിയാണ്. യു.പിയിൽ കഴിഞ്ഞ തവണ കോൺഗ്രസിനു ലഭിച്ച ഏക സീറ്റ്. സോണിയ രാജസ്ഥാനിൽനിന്ന് രാജ്യസഭാംഗമായയോടെ പ്രിയങ്കയുടെ പേര് ചർച്ചയിലുണ്ടെങ്കിലും പാർട്ടി മടിച്ചുനിൽക്കുകയാണ്. റായ്ബറേലിയിൽ പ്രിയങ്കയും അമേഥിയിൽ രാഹുലും മത്സരിക്കണമെന്ന ആഗ്രഹം ഇരു മണ്ഡലങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർ പരസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. മാത്രമല്ല, കോൺഗ്രസ് പ്രദേശ് ഇലക്ഷൻ കമ്മിറ്റിയും രാുഹലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകുകയും ചെയ്തു.
എന്നാൽ, അണികളുടെ ആഗ്രഹം കൊണ്ടുമാത്രം ജയം ഉറപ്പിക്കാനാകില്ലെന്ന് 2019-ലെ അമേഥി തെളിയിക്കുന്നു. എന്നാൽ, മണ്ഡലത്തിലെ പ്രവർത്തകരുടെ സമ്മർദത്തെ തള്ളിക്കളയാനും പാർട്ടിക്കാകുന്നില്ല. ഈയൊരു പ്രതിസന്ധിയാണ് കോൺഗ്രസിനുള്ളത്.
സോണിയയുടെ മണ്ഡലമെന്ന നിലയ്ക്ക് റായ്ബറോലിയിൽ പ്രിയങ്കയുടെ സാന്നിധ്യമുണ്ടായിരുന്നുവെങ്കിലും തോൽവിക്കുശേഷം രാഹുൽ അമേഥിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അതുകൊണ്ടുതന്നെ അമേഥി എഴുതിത്തള്ളിയ ഒരു മണ്ഡലമായാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നത്. മാത്രമല്ല, സോണിയക്കും രാഹുലിനും ഒപ്പം പ്രിയങ്ക കൂടി പാർലമെന്റിലെത്തിയാൽ അത് കുടുംബാധിപത്യം എന്ന ബി.ജെ.പി ആക്ഷേപത്തിന് ശക്തി പകരുമെന്ന ഭീതിയുമുണ്ട്.
ഏപ്രിൽ അഞ്ചിനുചേരുന്ന കോൺഗ്രസ് ഇലക്ഷൻ കമ്മിറ്റിയിൽ തീരുമാനമാകുമെന്നാണ് പാർട്ടി നൽകുന്ന സൂചന. അഞ്ചാം ഘട്ടത്തിൽ, മെയ് 20-നാണ് അമേഥിയിലും റായ്ബറേലിയും ഇലക്ഷൻ. യു.പിയിൽ 17 മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് മത്സരിക്കും. അംറോഹയിൽ ബി.എസ്.പിയിൽനിന്ന് കോൺഗ്രസിലെത്തിയ ഡാനിഷ് അലി മത്സരിക്കും.
1967 മുതൽ നെഹ്‌റു കുടുംബത്തിനൊപ്പമാണ് അമേഥി. 1967-ലെ ആദ്യ തെരഞ്ഞെടുപ്പിൽ വിദ്യാധർ ബജ്പാലാണ് ജയിച്ചത്. 1977-ലെ ജനതാതരംഗത്തിൽ കോൺഗ്രസിലെ സഞ്ജയ് ഗാന്ധിയെ 75,844 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനതാപാർട്ടിയിലെ രവീന്ദ്ര പ്രതാപ് സിങ് തോൽപ്പിച്ചു. 1980-ൽ സഞ്ജയ് ഗാന്ധി 1,28,545 വോട്ടിന്റെ ഭൂരിപക്ഷത്തിന് രവീന്ദ്രപ്രതാപ് സിങ്ങിനെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. സഞ്ജയ് ഗാന്ധിയുടെ മരണശേഷം 1981-ൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധി 2,37,696 വോട്ടിന്റെ ഭൂരിപക്ഷത്തിന് ശരത് യാദവിനെ തോൽപ്പിച്ചു. തുടർന്ന് മൂന്നു തെരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധി തന്നെയാണ് ജയിച്ചത്. 1999-ലാണ് സോണിയ ഗാന്ധി അമേഥിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 2004 മുതൽ രാഹുൽ അമേഥിയിലെത്തി.
ഇന്ദിരാഗാന്ധിയെ മൂന്നു തവണ തെരഞ്ഞെടുത്ത റായ് ബറേലി, അതിനുമുമ്പ് 1952, 1957 ഇലക്ഷനുകളിൽ ഇന്ദിരയുടെ പങ്കാളി ഫിറോസ് ഗാന്ധിയെ ജയിപ്പിച്ചു. 1977-ൽ ജനതാപാർട്ടിയിലെ രാജ് നാരായണൻ ഇന്ദിരാഗാന്ധിയെ അട്ടിമറിച്ചു. 1980ലെ ഉപതെരഞ്ഞെടുപ്പിലും 1984-ലും നെഹ്‌റു കുടുംബാംഗമായ അരുൺ നെഹ്‌റുവാണ് ജയിച്ചത്. 1989, 1991 ഇലക്ഷനുകളിൽ മറ്റൊരു നെഹ്‌റു കുടുംബാംഗമായ ഷീല കൗൾ റായ്ബറേലിയിൽനിന്ന് പാർലമെന്റിലെത്തി.